2018 May-June Hihgligts Shabdam Magazine സ്മരണ

നിസാമുദ്ദീന്‍ ഔലിയ

അധ്യാത്മിക ജീവിതാന്വേഷണത്തിന്‍റെ ഭാരതീയ ചിത്രമാണ് ശൈഖ് നിസാമുദ്ദീന്‍(റ) വിലൂടെ വായിക്കപ്പെടുന്നത്. സൂഫീ ലോകത്തെ ജ്വലിക്കുന്ന ഇന്ത്യന്‍ സാന്നിധ്യം എന്നാണ് മുസ്ലിം ലോകത്ത് ശൈഖ് നിസാമുദ്ദീന്‍ ബദായൂനി(റ) യുടെ ഖ്യാതി. ഹനഫീ മദ്ഹബിനെ പിന്തുടര്‍ന്ന് ജീവിച്ചിരുന്ന മഹാന്‍ ഹിജ്റ636 ല്‍ ഉത്തര്‍പ്രദേശിലെ ബദായൂന്‍ നഗരത്തില്‍ ജനിച്ചു. ചെറുപ്രായത്തില്‍തന്നെ പിതാവ് മരണമടഞ്ഞതിനെത്തുടര്‍ന്ന് മാതാവിന്‍റെ സംരക്ഷണത്തിലാണ് വളര്‍ന്നത്. ജ്ഞാന സമ്പാദനത്തിലും പരിശീലനത്തിലും ചെറുപ്രായത്തിലേ ജിജ്ഞാസ പുലര്‍ത്തിപ്പോന്നു. പണ്ഡിതനും ഭക്തനുമായിരുന്ന ശൈഖ് അലാഉദ്ദീന്‍(റ) വില്‍ നിന്ന് കര്‍മ്മശാസ്ത്രം(ഫിഖ്ഹ്) അടിസ്ഥാന ശാസ്ത്രം(ഉസൂല്‍) വ്യാകരണശാസ്ത്രം എന്നിവ പഠിച്ചതിനു ശേഷം ഈ ജ്ഞാനകുതുകി ഡല്‍ഹിയിലേക്കുയാത്ര തിരിച്ചു. പതിനഞ്ച് വയസ്സ് പിന്നിടുന്ന കൗമാര പ്രായത്തിലായിരുന്നു ഈ യാത്ര. വിശ്രുത പണ്ഡിതരുടെ ശിക്ഷണത്തില്‍ അവിടെ വച്ച് ആഴമേറിയ ജ്ഞാനങ്ങള്‍ സ്വായത്തമാക്കി. ശൈഖ് സൈനുദ്ദീന്‍ ഖവാറസ്മി(റ), ശൈഖ് കമാലുദ്ദീന്‍ മുഹമ്മദുസ്സാഇദ്(റ) എന്നിവര്‍ അവിടുത്തെ ഗുരുനാഥന്‍മാരായിരുന്നു.
പിന്നീട് അറിവന്വേഷണയാത്ര അജൂദഇനിലേക്കുതിരിച്ചു. പൗരാണികകാലം മുതല്‍ തന്നെ ജ്ഞാനസമൃതിയുടെ ഈറ്റില്ലമായിരുന്നു അവിടം. പ്രസിദ്ധ സൂഫിപണ്ഡിതന്‍ ഫരീദുദ്ദീന്‍ മസ്ഊദ്(റ), ശൈഖ് അബുശ്ശകൂറുസ്സാലാമി എന്നിവരില്‍ നിന്ന് ആധ്യാത്മികലോകത്തെ അനശ്വര ജ്ഞാനങ്ങള്‍ നുകര്‍ന്നെടുത്തു. കുറഞ്ഞകാലം കൊണ്ട് സമ്പാദിച്ച ആഴമേറിയ അറിവ് അധ്യാത്മീക ലോകത്ത് ഗോവണിപ്പടികള്‍ കയറുന്നതിന് സഹായകമായി. ശൈഖ് ഫരീദുദ്ദീന്‍(റ) ആയിരുന്നു മാര്‍ഗദര്‍ശനം നല്‍കിയിരുന്നത്. ശിഷ്യന്‍റെ ആധ്യാത്മീകതയുടെ മധുനുകര്‍ന്ന് പടിപടിയായുള്ള ഉയര്‍ച്ച ഗരുവിനെ ഹര്‍ഷപുളകിതമാക്കി. ഗുരുവില്‍ നിന്ന് അസംഖ്യം ഇജാസത്തുകളും ഉപദേശങ്ങളും സ്വീകരിച്ച് അവിടുത്തെ നിര്‍ദേശപ്രകാരം ഡല്‍ഹിയിലേക്കുതിരിച്ചു. അവിടുത്തെ അനിയന്ത്രിതമായ സന്ദര്‍ശന പ്രവാഹം സ്വസ്ഥമായി ഇബാദത്തെടുക്കുന്നതിന് വിഘ്നം സൃഷ്ടിച്ചതുമൂലം ഏകാന്തവാസത്തിനൊരിടം തേടിയുള്ള അന്വേഷണം ബിഗ്യാസ്പൂരിലെത്തി. നാഥനെ കുറിച്ചുള്ള ചിന്തയിലും വിചാരത്തിലും നിസ്ക്കാരവും നോമ്പും അടക്കമുള്ള ആരാധനമുറകളുമായി അവിടെ കഴിച്ചുകൂട്ടി. മാര്‍ഗദര്‍ശിയും ഗുരുവുമായ ശൈഖ് ഫരീദുദ്ദീന്‍(റ) ന്‍റെ നിര്‍ദേശം ഖുര്‍ആന്‍ ഹൃദ്യയസ്ഥമാക്കുന്നതിനും വ്രതാനുഷ്ഠാനം പതിവാക്കുന്നതിനും പ്രേരണയേകി. ആധ്യാത്മിക ഔന്നിത്യത്തിന്‍റെ പാതിമാര്‍ഗമാണല്ലോ വ്രതം. നിത്യവ്രതം, ഖുര്‍ആന്‍മന:പാഠമാക്കല്‍ നാഥനെ ഓര്‍ക്കുന്ന ഹൃദയം, പരിത്യാഗജീവിതം, സല്‍സ്വഭാവം തുടങ്ങിയവ ആത്മീയതയുടെ ഔന്നിത്യങ്ങളിലേക്ക് ഉയര്‍ത്തുന്നതാണെന്ന് സൂഫിപണ്ഡിതന്മാര്‍ പഠിപ്പിക്കുന്നുണ്ട്. ഇവയെല്ലാം സമ്മേളിച്ച വിശിഷ്ട ജീവിതത്തിനുടമയായിരുന്നു ശൈഖ്(റ). നാഥനില്‍ ലയിച്ച് ജീവിതം മുഴുക്കെ അവന് ഇബാദത്തെടുക്കുന്നതില്‍ അതീവശ്രദ്ധ പുലര്‍ത്തിയിരുന്നു മഹാന്‍. പരിത്യാഗത്തിന്‍റെ മേലങ്കിയണിഞ്ഞ് രാത്രിമുഴുവന്‍ നിസ്കാരത്തിലും പകല്‍ വ്രതാനുഷ്ഠാനവുമായി കഴിച്ചുകൂട്ടുകയായിരുന്നു അവിടുന്ന്. വൈവാഹിക ജീവിതത്തിന്‍റെ മധു നുകരുകയോ സ്വന്തമായി വീടുപണിയുകയോ ചെയ്തിരുന്നില്ല. നാട്ടുപ്രമാണിമാരുടെയും രാജാക്കന്മാരുടെയും സന്ദര്‍ശനം മഹാനെ അസ്വസ്ഥപ്പെടുത്തികൊണ്ടിരുന്നു. മഹാന്‍റെ ജീവിതത്തില്‍ നിന്ന് ഇത്തരം ഒരനുഭവം വിശ്രുത പണ്ഡിതന്‍ കര്‍മാനി(റ) തന്‍റെ സിയറുല്‍ ഔലിയായില്‍ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്.
മഹാനെ സന്ദര്‍ശിച്ച് അനുഗ്രഹം തേടാന്‍ രാജാവ് ജലാലുദ്ദീന്‍ ഫൈറൂസുല്‍ ഖില്‍ജി പല തവണ ശ്രമിച്ചു. അവസരം ഒത്തുവന്നില്ല. മഹാനില്‍ നിന്ന് സന്ദര്‍ശനാനുമതി ലഭിച്ചില്ല. ഒരു ദിവസം അദ്ദേഹം ദൃഢം ചെയ്തു. ഇന്ന് ശൈഖിനെ സന്ദര്‍ശിക്കും, തീര്‍ച്ച. സമ്മതം ലഭിച്ചില്ലെങ്കില്‍ പോലും രാജാവ് തന്നെ സന്ദര്‍ശിക്കുമെന്ന് മനസ്സിലാക്കിയ മഹാന്‍ രാജാവ് എത്തുന്നതിന് മുമ്പ് ഡല്‍ഹിയില്‍ നിന്ന് അജ്ഉദനിലേക്ക് കടന്നു. ഇതിനോട് സമാനമായ ഒരനുഭവം അവിടെ ഭരണം നടത്തുന്ന അലാവുദ്ദീന്‍ മുഹമ്മദ് ശാഹുല്‍ഖില്‍ജിക്കും അനുഭവപെട്ടിട്ടുണ്ട്. അദ്ദേഹം മഹാനൊരു കത്തെഴുതി. അല്‍പം പ്രാധാന്യമര്‍ഹിക്കുന്ന ഉള്ളടക്കത്തോടെ പൊതു വിഷയങ്ങളില്‍ തന്‍റെ സാന്നിധ്യവും ഇടപെടലും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കത്ത്. എഴുത്തു വായിച്ചതിനു ശേഷം വിസമ്മത സ്വരത്തില്‍ ഇപ്രകാരം പ്രതികരിച്ചു. അധികാര പദത്തിലിരിക്കാന്‍ താല്‍പര്യപ്പെടാത്ത ഭരണാധികാരികള്‍ക്ക് ഇവകള്‍ സുവ്യക്തമായിരിക്കും.
നാഥന്‍റെ ഭൂമി പ്രവിശാലമാണ്. അനന്തരം നിരാശ പൂണ്ട രാജാവ് ശൈഖിന്‍റെ അരികിലേക്ക് മകനെ അയച്ച് പരാതി ബോധിപ്പിച്ചു. വിഷയത്തെക്കുറിച്ച് കൃത്യമായ വിശകലനം നല്‍കുന്നതിന് പരസ്പര ചര്‍ച്ച നടത്തുന്നതാണ് ഉചിതം എന്ന് തീരുമാനം പറഞ്ഞതിനു ശേഷം മകന്‍ ചര്‍ച്ചക്കുള്ള അനുമതി ആവശ്യപ്പെട്ടു. രാജ്യപുത്രന്‍റെ പ്രലോഭനങ്ങളിലും കീഴ്പ്പെടുത്തലിലും ശൈഖ്(റ) വശംവദനായിരുന്നില്ല. നിരാശപൂണ്ട രാജപുത്രന് മടങ്ങേണ്ടി വന്നു. തന്നെ സന്ദര്‍ശിക്കുന്നതിനുള്ള രാജാവിന്‍റെ ശ്രമം ഊര്‍ജിതമായതോടെ ശൈഖ്(റ) ഇപ്രകാരം പ്രഖ്യാപനം നടത്തി ‘രണ്ടു കതകുകളുള്ള വീടാണ് എന്‍റേത്. രാജാവ് ഒരു വാതിലിലൂടെ അകത്ത് കടക്കുന്ന പക്ഷം അടുത്തതിലൂടെ ഞാന്‍പുറത്ത് കടക്കും’. പണ്ഡിതരേയും ആത്മജ്ഞാനികളേയും മാത്രം കൊട്ടാരത്തിലേക്കു ക്ഷണിച്ചുവരുത്തി വിരുന്ന് നല്‍കുന്ന പതിവുണ്ടായിരുന്നു, രാജാവ് കുതുബുദ്ദീനുബ്നു അലാവുദ്ദീന്‍ കില്‍ജിക്ക്. ശൈഖ്(റ) രാജാവിന്‍റെ സല്‍കാരങ്ങളിലൊന്നും പങ്കെടുത്തിരുന്നില്ല. പകരം തന്‍റെ സേവകനെ അയക്കുകയായിരുന്നു പതിവ്. ശൈഖിന്‍റെ അസാന്നിധ്യത്തില്‍ രോഷം പൂണ്ട് രാജാവ് ഇപ്രകാരം പ്രഖ്യാപിച്ചു. ‘ശൈഖ് അടുത്ത മാസം രാജസന്നിധിയില്‍ ഹാജറാവാത്ത പക്ഷം ക്ലേഷിക്കേണ്ടിവരുംڈ. ജനങ്ങള്‍പലരും ശൈഖ്(റ) വിന്‍റെ സമക്ഷം വന്ന് രാജകല്‍പന അറിയിച്ചു. രാജശിക്ഷയെ കുറിച്ച് ബോധ്യപ്പെടുത്തി. രാജകല്‍പനയില്‍ നിരാശനായില്ല. മുഖഭാവനങ്ങളിലോ കര്‍മ്മനിഷ്ടങ്ങളിലോ ഭയത്തിന്‍റെ ലാഞ്ചനപോലും അനുഭവപ്പെടാത്തവിധം ആത്മീയ കരുത്ത് സ്വായത്തമാക്കിയിരുന്ന മഹാന്‍ അടുത്തമാസം സല്‍കാര ദിവസത്തിന്‍റെ തലേ ദിവസം രാജാവ് വധിക്കപ്പെട്ടു.
മഹാന്‍റെ ജീവിതത്തെ മനോഹരമായി അവതരിപ്പിക്കുന്ന ഗ്രന്ഥങ്ങള്‍ നിരവധിയുണ്ട്. അതില്‍ വിഖ്യാതമാണ് അലിയ്യുബ്നു സുല്‍ത്താനുല്‍ കാരിയുടെ തൂലികയില്‍ വിരചിതമായ അല്‍ അസ്മാഉല്‍ ജനിയ്യ ഫീ അസ്മാഇല്‍ ഹനഫിയ്യ എന്ന ഗ്രന്ഥം. അതിലെ ശ്രദ്ധേയമായൊരു ഭാഗം ഇങ്ങനെ വായിക്കാം, ‘ശൈഖ്(റ) സര്‍വ്വ വിജ്ഞാനങ്ങളിലും നിപുണനായിരുന്നു. സൃഷ്ടികള്‍ക്ക് നാഥനിലേക്കടുക്കുവാനുള്ള വഴികള്‍ മഹാനില്‍ ആവരണം ചെയ്തിരുന്നു. ഭൗതിക ബന്ധങ്ങളെ വകഞ്ഞുമാറ്റി മുഴുസമയവും ആരാധനകൊണ്ട് ധന്യമാക്കിയ ജീവിതത്തിനുടമയായിരുന്നു മഹാന്‍. ഔന്നിത്യത്തിന്‍റെ സൗകുമാര്യതയില്‍ പരിലസിച്ച മഹാന്‍റെ അധരങ്ങളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും ഉതിര്‍ന്നുവരുന്നവ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുന്നതായിരുന്നു. ആത്മീയതയുടെ നിറതരിയായി മാതൃകാജീവിതം നയിച്ച ശൈഖ്(റ) ഹിജ്റ 725 89ാം വയസ്സില്‍ ലോകത്തോട് വിടപറഞ്ഞു. നാനാജാതി മത വിഭാങ്ങളുടെ ആശ്രയകേന്ദ്രമായി മഹാന്‍ ഡല്‍ഹിയില്‍ വിശ്രമംകൊള്ളുന്നു.

ഇസ്മാഈല്‍ മുണ്ടക്കുളം

Leave a Reply

Your email address will not be published. Required fields are marked *