മനുഷ്യ ജീവിതത്തിന്‍റെ ഗതിനിര്‍ണ്ണയിക്കുന്നതില്‍ അതുല്യമായ സ്വാധീനം ചെലുത്തുന്ന ഒന്നാണ് വിദ്യാഭ്യാസം. സംസ്കാരികവും മാനുഷികവുമായ അവന്‍റെ വളര്‍ച്ചക്ക് അത്യന്താപേക്ഷികമായ അറിവ് ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേക്ക് കൈമാറപ്പെടുന്ന മാനവിക മൂല്യങ്ങളടങ്ങിയ വിജ്ഞാനത്തില്‍ നിന്നുരുവം കൊണ്ടതാണ്. കാട്ടാളനെ സമ്പൂര്‍ണ്ണ മനുഷ്യനാക്കി മാറ്റുന്നതിലൂടെ മനുഷ്യസമൂഹത്തില്‍ അത് വഹിക്കുന്ന പങ്ക് വിജയം കൈവരിക്കുകയും ചെയ്യുന്നു. അസാന്മാര്‍ഗികതയില്‍ ലയിച്ച മനുഷ്യനെ സാംസ്കാരിക പ്രഭയുടെ തിരികൊളുത്തി തിന്മയുടെ വഴികളെ വിദ്യഭ്യാസം നിഷ്ഫലമാക്കുകയും ചെയ്യുന്നുണ്ട്. ‘ആരാണോ ഒരു വിദ്യാലയം തുറക്കുന്നത് അതുവഴി അയാള്‍ ഒരു കാരാഗ്രഹം അടക്കുന്നു’ എന്ന റൂസ്സോയുടെ വാക്കുകളും വിരല്‍ ചൂണ്ടുന്നത് ഈ ആശയതലങ്ങളിലേക്കാണ്. ചുരുക്കത്തില്‍, മനുഷ്യ ജീവിതത്തിന്‍റെ നിഖില മേഖലകളെ വിജ്ഞാനം സ്വാധീനിക്കുകയും, വിവേകത്തിലും ധാര്‍മ്മികതയിലും മനുഷ്യനെ ജീവിക്കാന്‍ സഹായിക്കുകയും ചെയ്യുന്ന ഒരമൂല്യ സമ്പത്താണ് വിജ്ഞാനമെന്ന് മനസ്സിലാക്കാം.
വൈജ്ഞാനികമായ പ്രാധാന്യത്തിന്‍റെ പരമ്പരാഗത ലക്ഷ്യത്തെ കുറിച്ചാണ് ഇതുവരെ പറഞ്ഞത്. എന്നാലിന്ന് നടമാടുന്ന സംഭവവികാസങ്ങള്‍ നവയുഗത്തിലതിന്‍റെ പ്രാധാന്യത്തെ കളങ്കപ്പെടുത്തുകയാണ് ചെയ്യുന്നത്. വിദ്യാഭ്യാസമെന്ന ഉല്‍കൃഷ്ട പ്രക്രിയയുടെ അന്തസത്ത തന്നെ ചോര്‍ത്തിക്കളയുന്ന വിധത്തില്‍ ഇത്തരം ദുശ്ചെയ്തികള്‍ രൂപാന്തരപ്പെട്ടിരിക്കുന്നു. സര്‍ഗാത്മകതയും ധാര്‍മിക ചിന്തയും പുശ്പിച്ചിരുന്ന ഗതകാല സാഹചര്യങ്ങളില്‍ നിന്ന് ആഭാസങ്ങളുടെ ലോകത്തേക്കാണ് കലാലയമുറ്റങ്ങള്‍ക്കിന്ന് ഗതിമാറ്റം സംഭവിച്ചിരിക്കുന്നത്. ഇതരജീവികളില്‍ നിന്നും മനുഷ്യനെ വ്യത്യസ്തനാക്കുന്ന ചിന്താശേഷിയും, വിവേകവും കൈമോശം സംഭവിച്ച് മൃഗീയമായി പരിണമിച്ചിരിക്കുകയാണ് നവതലമുറയില്‍. മുന്‍കാലങ്ങളില്‍ നമ്മുടെ സാങ്കല്‍പത്തില്‍ മാത്രമായി വിദേശരാജ്യങ്ങളില്‍ നടന്നിരുന്ന അക്രമങ്ങളിന്ന് നമുക്കിടയിലെ വിദ്യാര്‍ത്ഥികളില്‍ വരെ പ്രകടമാകുന്നുണ്ട്. ഇതുവഴി നമ്മുടെ രാജ്യത്ത് ആസന്നമായിരിക്കുന്ന സാംസ്കാരിക ദുരന്തത്തിന്‍റെ ആഴം മനസ്സിലാക്കാന്‍ കഴിയും. വിദ്യാര്‍ത്ഥികളുടെ ബുദ്ധിശ്യൂനതയില്‍ പ്രകടമാകുന്ന നിരവധി സംഭവങ്ങള്‍ നിരന്തരം നമുക്കിടയിലൂടെ കടന്നു പോകുന്നുണ്ട്. ഹരിയാനയിലെ സ്വാമി വിവേകാനന്ദ സ്കൂളില്‍ അച്ചടക്ക നടപടി സ്വീകരിച്ചതിന് പ്രിന്‍സിപ്പാലിനെ വെടിവെച്ച് കൊന്നതും, ഗുരുഗ്രാത്തിലെ സ്വകാര്യ പരീക്ഷ മാറ്റി വെപ്പിക്കാനായി വിദ്യാര്‍ത്ഥിയെ സഹപാഠി കൊലപ്പെടുത്തിയതും, സ്കൂള്‍ നേരത്തെ അടയ്ക്കുന്നതിന് വേണ്ടി സീനിയര്‍ വിദ്യാര്‍ത്ഥിനി ഒന്നാം ക്ലാസുകാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ചതുമെല്ലാം ഈ ശ്രേണിയില്‍ ഉള്‍പ്പെടുത്താവുന്ന ചിലതാണ്.
അധികാരമുറപ്പിക്കാന്‍ സംസ്കാരവും പാരമ്പര്യവും പിഴുതെറിയുകയെന്ന അധിനിവേശ ശക്തികളുടെ ഗൂഢതന്ത്രങ്ങളില്‍ നിന്നാണ് വിദ്യാഭ്യാസത്തിന്‍റെ സ്വാഭാവികതയില്‍ രൂപമാറ്റം ഉടലെടുക്കുന്നത്. പിന്നീടുണ്ടായ അപചയങ്ങള്‍ അതിന്‍റെ പരിപൂര്‍ണ്ണതയിലേക്കായിരുന്നു. കേവലം പണം വാരിക്കൂട്ടുക അതിനു വേണ്ടി ഏതൊരു ഹീനമായ പദ്ധതികളും കൈകൊള്ളുക തുടങ്ങിയവയാണ് നന്മ നിറഞ്ഞ വിദ്യഭ്യാസ കാഴ്ച്ചപ്പാടുകള്‍ക്ക് മാറ്റം വരുത്തിയത്. വിദ്യാഭ്യാസത്തെ കീറിമുറിച്ച് ചന്തച്ചരക്കാക്കുമ്പോള്‍ ധാര്‍മികതയുടെ അംശങ്ങള്‍ അവരെ വിട്ടൊഴിഞ്ഞു പോവുകയാണുണ്ടായത്. കച്ചവട താല്‍പര്യവും മാറിയ സാഹചര്യവും മാത്രമല്ല ഈ അപചയത്തിന് ആക്കം കൂട്ടിയത്. നവയുഗത്തിലെ അധ്യാപകരും എന്തിനും പ്രശ്നങ്ങളുണ്ടെന്ന് വാദിച്ച് ഓത്തുപള്ളി തുടങ്ങി സംസ്ക്കാരം വളര്‍ത്തുന്ന വിജ്ഞാന കേന്ദ്രങ്ങള്‍ക്ക് തീവ്രവാദം ചുമത്തുന്നവരും ഇതിന്‍റെ പ്രതികളാണ്. വിജ്ഞാനത്തിന് തടസം സൃഷ്ടിക്കുന്നതില്‍ തീവ്രപരമായ പല നോട്ടങ്ങളും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ശിഷ്യരെ പാകപ്പെടുത്തുന്നതില്‍ അധ്യാപകരുടെ സ്വാധീനം വലുതാണ.് എന്നാല്‍ അതിന്നുണ്ടാവുന്നില്ല എന്നതും വിജ്ഞാനത്തിന്‍റെ വിജയ വഴികള്‍ക്ക് തടസ്സം നില്‍ക്കുന്നുണ്ട്.
സ്വന്തം ജീവിതത്തിലൂടെയും പെരുമാറ്റങ്ങളിലൂടെയും വിജ്ഞാനവും ധാര്‍മികതയും പകര്‍ന്നു നല്‍കിയാലേ വിദ്യാര്‍ത്ഥികളില്‍ മാറ്റം സൃഷ്ടിക്കാന്‍ സാധ്യമാവുകയുള്ളു. വിശിഷ്യ എന്തിനെയും അനുകരിക്കാന്‍ ശ്രമിക്കുന്ന നവതലമുറക്ക് ഇത് അത്യാവശ്യമാണ് . എന്നാല്‍ സഞ്ചരിക്കുന്ന ബ്യൂട്ടിപാര്‍ലറുകളാകാനുള്ള തീവ്രശ്രമത്തിലാണ് ചില അധ്യാപികമാര്‍. കിട്ടുന്നതെന്തും മുഖത്ത് വാരിത്തേച്ച് സൗന്ദര്യം മിനുക്കിയെടുക്കണമെന്ന ആഗ്രഹത്തില്‍ അഭിരമിക്കുന്ന ഇവര്‍ തെറ്റായ സന്ദേശങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍ക്കുന്നതെന്നതില്‍ സംശയമില്ല. സംസ്കാരത്തിന്‍റെ നെല്ലിപ്പടിപോലും ഈ സൗന്ദര്യമോഹികളില്‍ നിന്ന് ശിഷ്യര്‍ സ്വായത്തമാക്കുന്നില്ല. മറിച്ച്, മാറും വയറും ഭാഗികമായി തുറന്ന് കാണിച്ച് അംഗലാവണ്യത്തെ പ്രദര്‍ശിപ്പിക്കുന്നവര്‍ പുതിയ കുറ്റവാളികള്‍ക്ക് കളമൊരുക്കുകയാണ് ചെയ്യുന്നത്. സ്വന്തം അപാകതകളെ തിരുത്താന്‍ തുനിയാതെ ആധുനിക അധപതനമെന്ന് പരിതപിച്ചിട്ട് പിന്നെന്തു കാര്യം? ഭൗതിക വിദ്യഭ്യാസം വേണ്ടത്ര ആധുനികരില്‍ ഇളക്കം സൃഷ്ടിക്കാതിരുന്നപ്പോഴും ആശ്വാസമായി ഭവിച്ചിരുന്ന സാംസ്കാരിക കേന്ദ്രങ്ങളായ ഓതുപള്ളികളും മദ്രസകളും ഇന്ന് ആവശ്യമായ പ്രാധിനിത്യമില്ലാതെ ഉയരുകയാണെന്നതും ഖേദകരമായ വസ്തുതയാണ്. മതവിദ്യഭ്യാസം പകര്‍ന്നു നല്‍കി സന്താനങ്ങളുടെ സ്വഭാവം രൂപീകരിക്കുകയും, മാനവികപാഠങ്ങള്‍ പകര്‍ന്നു നല്‍കി സംസ്കാരം വളര്‍ത്തിയെടുക്കുകയാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്. ഇത്തരം ചിന്തകളില്‍ നിന്ന് മാറുകയും, വാര്‍ധക്യ കാലത്ത് താങ്ങും തണലുമായി വര്‍ത്തിക്കേണ്ടവരാണ് മക്കളെന്ന ബോധത്തില്‍ നിന്ന് മാതാപിതാക്കള്‍ മാറിയതിന്‍റെ പരിണിത ഫലമാണ് വര്‍ധിച്ചുവരുന്ന വൃദ്ധസദനങ്ങള്‍. എന്നാല്‍ പണം വാരികൂട്ടാനുള്ള തിരക്കിനിടയില്‍ സന്താനങ്ങളെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ അവര്‍ക്ക് സമയമില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
അറിവും അധ്യാപനവും ഇസ്ലാമിക സമീപനങ്ങളും
അറിവിനും അധ്യാപനത്തിനും മഹനീയ സ്ഥാനം നല്‍കിയ മതമാണ് ഇസ്ലാംസലാം അറിവിന്‍റെ വഴിയിലേക്ക് പ്രവേശിച്ചവന്‍ വാസ്തവത്തില്‍ സ്വര്‍ഗീയ പാതയിലാണ്, അറിവ് തേടുന്നവന് മലക്കുകള്‍ ചിറക്‌താഴ്ത്തികൊടുക്കുമെന്നുള്ള പ്രവാചകാധ്യാപനങ്ങള്‍ വിജ്ഞാനത്തിന്‍റെ മഹത്വത്തിനെ വിളിച്ചറിയിക്കുന്നതാണ്. ഖുര്‍ആനിലും പ്രവാചക ചര്യകളിലും വിജ്ഞാനം നുകരുന്നതിന്‍റെ വിശുദ്ധിയെ പ്രസ്ഥാവിച്ച അനേകം വാക്യങ്ങളും കാണാം. ‘ഇവയില്‍ നിന്ന് സാരാംശം ഉള്‍കൊണ്ടിട്ടാവാം അലീ(റ)വിന്‍റെ അറിവിനോടുള്ള സമീപനം ലോകശ്രദ്ധയാകര്‍ഷിച്ചത്. അലീ (റ) പറയുന്നു: ഒരുത്തന്‍ അറിവു നുകരുന്നതിനായി ഒരു പദമെങ്കിലും എന്നിലേക്കു പകര്‍ന്നു നല്‍കിയാല്‍ ഞാനവന്‍റെ അടിമയാണ് അവന് താല്‍പര്യമുണ്ടെങ്കില്‍ വില്‍ക്കാം, അല്ലെങ്കില്‍ അടിമയായി നില നിര്‍ത്താം, അതിനും താല്‍പര്യമില്ലെങ്കില്‍ മോചിപ്പിക്കാം. ബദര്‍യുദ്ധാനന്തരം അരങ്ങേറിയ സംഭവ വികാസങ്ങളും സമാനമാണ്. ബന്ദികളാക്കിയവരെ വധിക്കണമെന്ന് ആവശ്യമുയര്‍ന്നപ്പോള്‍ മാനവിക സമീപനത്തിലുപരിയായി വിജ്ഞാനത്തിന്‍റെ പ്രധാന്യത്തെ പഠിപ്പിക്കുകയായിരുന്നു തിരുനബി(സ). പണമടച്ച് മോചിതരകാന്‍ കഴിയാത്ത വിദ്യസമ്പന്നര്‍ മദീനയിലെ നിരക്ഷരര്‍ക്ക് വിദ്യപകര്‍ന്ന് നല്‍കിയാല്‍ സംരക്ഷണമുണ്ടാകുമെന്ന നിലപാട് എത്ര സുന്ദരമാണ്. അധ്യാപനത്തിനും വ്യക്തമായ പാത അവിടുന്ന് കാണിച്ചുകൊടുത്തിട്ടുണ്ട്. ഓരോ സ്വഭാവ ഗുണങ്ങളെയും സ്വന്തം ജീവിതത്തിലൂടെയായിരുന്നു കാണിച്ചുകൊടുത്തത്. അതിനാല്‍ തന്നെയാണ് ആസുരതകളും അധര്‍മ്മവും കൊടിക്കുത്തി വാണിരുന്ന അന്ധകാരയുഗത്തില്‍ നിന്നും നക്ഷത്രതുല്ല്യരായി ആ സമൂഹത്തെ മാറ്റിയെടുക്കാന്‍ സാധിച്ചത്. ശത്രുക്കള്‍ പോലും അവിടുത്തെ സ്വഭാവത്തെ പുകഴ്ത്തിയിരുന്നുവെന്നും ഹുങ്കിന്‍റെ മേലങ്കിയാല്‍ നബിയാണെന്ന് അംഗീകരിക്കാനുള്ള വൈമനസ്യം മാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളുവെന്നതുമാണ് ചരിത്രം.
സര്‍ക്കാരും അനുബന്ധ ഉദ്യോഗസ്ഥരും അതിനുവേണ്ടി കാര്യക്ഷമമായ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ ശ്രദ്ധിക്കണം. അധ്യാപകര്‍ക്ക് മനശാസ്ത്രപരമായ പരിശീലനവും, വ്യക്തമായ മാര്‍ഗ്ഗ നിര്‍ദേശങ്ങളും നല്‍കണം. അതിനാല്‍ വിദ്യഭ്യാസ ലോകത്തെ മൂല്യ ശോഷണത്തില്‍ നിന്ന് സാംസ്കാരികതയിലേക്കുയരാന്‍ സമുഹം പുനര്‍വിചിന്തനത്തിന് തയ്യാറാകണം.
ഹാരിസ് മുഷ്താഖ് കിഴിശ്ശേരി