2018 September- October Hihgligts Shabdam Magazine നബി ലേഖനം

മണ്ണിന്‍റെ മണമറിഞ്ഞ പ്രവാചകന്‍

 

ജനങ്ങളുടെ അനിയന്ത്രിതമായ ഇടപെടലുകള്‍ കരയിലും കടലിലും നാശം വിതക്കുന്നു എന്ന ഖുര്‍ആനിക വചനം പുതിയ കാലത്ത് ഏറെ പ്രസക്തമാണ്. പ്രകൃതി ദുരന്തങ്ങളും അവയുടെ പ്രത്യാഘാതങ്ങളും ഇതുവരെ നാം വായിച്ചറിഞ്ഞതോ അല്ലെങ്കില്‍ കേട്ടറിഞ്ഞതോ ആയ സാങ്കല്‍പിക കഥകളായിരുന്നു ഇതുവരെ. എന്നാല്‍ ഇന്നങ്ങനെയല്ല. അനുഭവിച്ചറിഞ്ഞ യാഥാര്‍ത്ഥ്യങ്ങളാണ്. മറ്റുള്ളവരുടെ മുറ്റങ്ങളിലേക്ക് നോക്കി മിഴിച്ചു നിന്ന നമ്മുടെ അകത്തളങ്ങളിലേക്കും പ്രളയജലം ഇരച്ചു കയറി. ഉരുള്‍പൊട്ടലിന്‍റെ രൗദ്രഭാവത്തിനു മുമ്പില്‍ നാം നിസ്സാഹയരായി നിന്നു. ദുരിതാശ്വാസ ക്യാമ്പുകള്‍ ജനനിബിഡമായി. പറഞ്ഞു വരുന്നത് തകിടം മറിഞ്ഞ പ്രകൃതിയുടെ സന്തുലിതാവസ്ഥയെക്കുറിച്ചാണ്. മണ്ണും ജലവും വായുവും ആകാശവും പ്രതികാരമെന്നോണം മനുഷ്യനു മേല്‍ സംഹാര താണ്ഡവമാടുന്ന ദുരന്ത പ്രതിഭാസത്തെക്കുറിച്ചാണ്. ഈ അടുത്ത് ഇന്തോനേഷ്യയില്‍ ആയിരക്കണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമാകാന്‍ കാരണമായ വന്‍ ഭൂചലനത്തെ നാം വായിച്ചറിഞ്ഞതു പോലോത്ത പ്രകൃതി ദുരന്തങ്ങളുടെ കാരണമന്വേഷിക്കുമ്പോള്‍ പ്രതിക്കൂട്ടിലാകുന്നത് മനുഷ്യന്‍ തന്നെയാണ്. കാലത്തിനു മുന്നേ കുതിക്കാനുള്ള മനുഷ്യന്‍റെ ആര്‍ത്തി പൂണ്ട വ്യഗ്രതയാണ് പ്രപഞ്ചത്തെ ഇത്രമേല്‍ തകിടം മറിച്ചത്.
അശാസ്ത്രീയമായ കാഴ്ച്ചപ്പാടുകളും അനിയന്ത്രിതമായ പ്രകൃതി വിഭവ ചൂഷണങ്ങളുമാണ് പ്രകൃതി ദുരന്തങ്ങള്‍ക്ക് ആക്കം കൂട്ടിയതെന്ന് പഠനങ്ങള്‍ പറയുന്നു. മഴവെള്ളം ഊര്‍ന്നിറങ്ങേണ്ട ഇടങ്ങളിലെല്ലാം മനുഷ്യന്‍ കോണ്‍ഗ്രീറ്റ് വിരിച്ചപ്പോഴാണ് മഹാപ്രളയയങ്ങള്‍ രൂപം കൊണ്ടത്. വനനശീകരണവും വെള്ളത്തിന്‍റെ ബഫര്‍ സ്റ്റോക്കുകളായ തണ്ണീര്‍തടങ്ങളും പാടശേഖരങ്ങളും നികത്തിയതുമെല്ലാം ഈ ദുരന്തത്തിന് ആക്കം കൂട്ടി.
ഇനി കഴിഞ്ഞതോര്‍ത്ത് വിലപിച്ചിട്ടു കാര്യമില്ല. പ്രകൃതി സംരക്ഷണത്തിനു നമുക്ക് മാതൃകയുണ്ട്. ജീവിതത്തിന്‍റെ നിഖില മേഖലകളിലെന്ന പോലെ മുത്ത് നബിയാണ് മാതൃക. പ്രകൃതി സംരക്ഷണത്തെ വിശ്വാസത്തിന്‍റെ ഭാഗമായാണ് ഇസ്ലാം പരിചയപ്പെടുത്തുന്നത്. അന്ത്യനാള്‍ ആസന്നമായിരിക്കെ നിങ്ങളുടെ കൈവശം വൃക്ഷത്തൈ ഉണ്ടെങ്കില്‍ നിങ്ങളത് നടുവിന്‍ എന്ന നബി വചനം പരിസ്ഥിതി സംരക്ഷണത്തിന്‍റെ അനിവാര്യതയെയാണ് സൂചിപ്പിക്കുന്നത്. 2020 ആകുമ്പോഴേക്കും 780 കോടി പുതിയ വൃക്ഷങ്ങള്‍ നട്ടുപ്പിടിപ്പിക്കണമെന്ന ഐക്യരാഷ്ട്ര സഭയുടെ തീരുമാനത്തെ ഇതിനോട് കൂട്ടിവായിക്കുമ്പോള്‍ കുറച്ചുകൂടി ബോധ്യപ്പെടും. തണല്‍ നല്‍കുന്ന ഇലന്തമരം മുറിക്കുന്ന അള്ളാഹു നരകത്തില്‍ തലക്കുത്തി വീഴ്ത്തുമെന്ന് തിരുവചനവും വിരല്‍ചൂണ്ടുന്നത് വൃക്ഷങ്ങള്‍ പ്രകൃതിയിലെ അഭിവാജ്യഘടകമാണ് എന്നതിലേക്കാണ്. പ്രകൃതിയേയും പരിസ്ഥിതി സംരക്ഷണത്തേയും കുറിച്ച് വ്യക്തമായ കാഴ്ച്ചപാടുകളാണ് പ്രവാചകര്‍ക്ക് ഉണ്ടായിരുന്നത് എന്നതിന് തിരുജീവിതം സുവ്യക്തമായ തെളിവാണ്. ഫലം കായ്ക്കുന്ന വൃക്ഷങ്ങള്‍ക്ക് ചുവട്ടിലും കെട്ടിനില്‍കുന്ന വെള്ളത്തിലും പൊതു വഴികളിലും മലമൂത്ര വിസര്‍ജനം നടത്തുന്നത് തടഞ്ഞുക്കൊണ്ടുള്ള അദ്ധ്യാപനങ്ങള്‍ പ്രവാചകരിലെ പ്രകൃതി സ്നേഹത്തെയാണ് തുറന്ന് കാണിക്കുന്നത്.
കൃഷിയെ വളരെ അധികം പ്രോത്സാഹിപ്പിച്ചിട്ടുണ്ട് മുത്ത് നബി(സ്വ). ഫലം നല്‍കുന്ന വല്ല വൃക്ഷമോ ചെടിയോ നട്ടുപിടിപ്പിക്കുകയും അവയെ പരിപാലിക്കുകയും ചെയ്തവനിക്ക് അതിരറ്റ പ്രതിഫലം വാഗ്ദാനം ചെയ്തുക്കൊണ്ടുള്ള എണ്ണമറ്റ ഹദീസുകള്‍ കാണാം. നെല്‍വയലുകള്‍ നമുക്ക് ഭക്ഷ്യ സുരക്ഷമാത്രമല്ല തൊഴില്‍ സുരക്ഷയും ജല സുരക്ഷയും തരുന്നു എന്നതിലപ്പുറം അപൂര്‍വ്വമായി ഉണ്ടായേക്കാവുന്ന പ്രളയ ജലത്തിന്‍റെ സംഹാര ശേഷിയെ പിടിച്ചുക്കെട്ടാന്‍ സഹായിക്കുന്നു എന്നും പഠനം തെളിയിക്കുന്നു.
മഹാപ്രളയത്തിന് ശേഷം കേരളത്തെ പിടികൂടാന്‍ പോകുന്നത് കൊടും വരള്‍ച്ചയാണെന്ന് കാലവസ്ഥനിരീക്ഷകര്‍ കണക്കുകൂട്ടുമ്പോള്‍ അതിന്‍റെ സാധ്യതകളെ തള്ളിക്കളയാനാവില്ല. ജലക്ഷാമത്തിന്‍റെ കാഠിന്യത്തെ തടയിടാന്‍ ശക്തമായ മുന്‍കരുതലുകള്‍ ആവശ്യമാണ്. ഒഴുകുന്ന നദിയാണെങ്കില്‍ പോലും അംഗസ്നാനം ചെയ്യുമ്പോഴാണെങ്കിലും അമിത വ്യയം അരുത് എന്ന് മരുഭൂമിയുടെ തീഷ്ണതിയില്‍ നിന്നും തിരുനബി നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. അത് ഓരോ ജീവിതായുസ്സിനുമുള്ള ജലത്തിന്‍റെ അമൂല്യതയെ കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണ്.
പ്രാണിയും പറവയും മൃഗങ്ങളും തുടങ്ങി മുഴുവന്‍ മനുഷ്യേതര ജീവികളും ഈ പ്രപഞ്ചത്തിന്‍റെ ഭാഗമാണെന്നും ഈ ഭൂമി അവരുടേതു കൂടിയാണെന്നും ഓര്‍മ്മപ്പെടുത്തുന്ന അനേകം സംഭവങ്ങള്‍ തിരുജീവിതത്തില്‍ ദര്‍ശിക്കാനാകും. പ്രയോജനാത്മകമായി പ്രകൃതിയെ മനുഷ്യന് വിധേയമാക്കി എന്ന സൃഷ്ടാവിന്‍റെ വാക്കുകള്‍ പ്രകൃതി അള്ളാഹു മനുഷ്യന് വിശ്വസിച്ച് ഏല്‍പ്പിച്ച സൂക്ഷിപ്പുസ്വത്താണെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അതുകൊണ്ട് തന്നെ ഈ സൂക്ഷിപ്പുസ്വത്തിനെ നാം നഷ്ടങ്ങള്‍ കൂടാതെ അടുത്ത തലമുറക്ക് കൈമാറേണ്ട ബാധ്യത നമുക്കുണ്ട്.

നജീബുല്ല പനങ്ങാങ്ങര

Leave a Reply

Your email address will not be published. Required fields are marked *