2019 January-Febrauary Hihgligts Shabdam Magazine ലേഖനം സ്മരണ

സാബിത്തുല്‍ ബുന്നാനി

അദ്ധ്യാത്മിക ലോകത്ത് ഉയര്‍ന്നു നില്‍ക്കുന്ന സാബിത്തുല്‍ ബുന്നാനി(റ) വ്യത്യസ്ഥവും മാതൃകാപരവുമായ ജീവിതത്തിനുടമയാണ്. വിശ്രമമില്ലാത്ത സുകൃതങ്ങളിലൂടെ നാഥന്‍റെ സാമീപ്യം നേടിയെടക്കുന്നതിലായിരുന്നു മഹാന്‍ ശ്രദ്ധിച്ചിരുന്നത്. സഅ്ലുബ്നു അസ്ലം എന്ന പണ്ഡിതന്‍ പറയുന്നു: ജനങ്ങള്‍ സുഖനിദ്ര പുല്‍കുന്ന പാതിരാ നേരങ്ങളില്‍ നിസ്കാരം കൊണ്ട് സജീവമാകുകയായിരുന്നു സാബിത്തുല്‍ ബുന്നാനി(റ). മുന്നൂറിലധികം റക്അത്തുകള്‍ ദിനംപ്രതി ഇത്തരത്തില്‍ പതിവാക്കുമായിരുന്നു. വിശ്രമമില്ലാത്ത രാവുകള്‍ കാരണം നീരുവന്ന പാദങ്ങള്‍ തടവി മഹാന്‍ വിനയാന്വിതനായി പറയുമായിരുന്നു: നബി(സ്വ)യുടെ യഥാര്‍ത്ഥ ആബിദുകള്‍ കഴിഞ്ഞുപോയി. എനിക്കവരെ തുടരാന്‍ കഴിയുന്നില്ലല്ലോ. ഇരുപാദങ്ങളും പരാതിപ്പെടും വരെ നിസ്ക്കാരത്തില്‍ മുഴുകിയ മുത്ത്നബി(സ്വ)യുടെ യഥാര്‍ത്ഥ ആശിഖുകള്‍ക്ക് ഇങ്ങനെ ആവാതിരിക്കാന്‍ കഴിയില്ലല്ലോ…? ഇടക്കിടെ മഹാനെസന്ദര്‍ശിച്ച് അനുഗ്രഹം തേടാറുള്ള ശുഹ്ബത്ത് എന്ന മഹാന്‍ പറയുന്നു: രാപ്പകലുകളില്‍ നിരന്തരം ഖുര്‍ആന്‍ പാരായണവും വ്രതാനുഷ്ടാനവും പതിവാക്കുകയായിരുന്ന സാബിത്ത്(റ). ശരീരത്തിന് വിശ്രമത്തിനു വേണ്ടി അല്‍പ സമയത്തെ മയക്കം മാത്രം. ഖബറും ഹിസാബും കത്തിജ്വലിക്കുന്ന സൂര്യനു താഴെയുള്ള നിര്‍ത്തവും നരകവും ഓര്‍ത്ത് തപിക്കുന്ന ഹൃദയം എങ്ങനെ ഗാഢനിദ്രയെ സ്വീകരിക്കും? അത്യന്തിക വിജയത്തിനു വേണ്ടി ഭൗതിക ലോകം ത്യജിച്ച് ധന്യജീവിതം നയിച്ച സാബിത്തുല്‍ ബുന്നാനി(റ) തന്‍റെ ഉറക്കത്തെ കുറിച്ച് ഇപ്രകാരം പങ്ക്വെക്കുന്നു. നാഥനില്‍ സദാ ഇബാദത്തുകള്‍ കൊണ്ട് ധന്യമാക്കിയ ഒരു മനുഷ്യന്‍ പറയുമായിരുന്നു: ഉറങ്ങിയുണര്‍ന്ന എനിക്ക് അല്‍പം കൂടി ഉറങ്ങാന്‍ തോന്നുമെങ്കിലും നാഥന്‍ എന്‍റെ കണ്ണുകളില്‍ നിന്ന് ഉറക്കത്തെ അടര്‍ത്തിയെടുത്തിരുന്നു. പിന്നെ ഞാനെങ്ങനെ ഉറങ്ങും. പിന്നീട് സാബിത്തുല്‍ ബുന്നാനി(റ)വിന്‍റെ ഈ പരാമര്‍ശം സ്വന്തത്തെ കുറിച്ച് തന്നെയാണെന്ന് ശിഷ്യ പ്രമുഖന്‍ ജഅ്ഫര്‍(റ) അഭിപ്രായപ്പെട്ടിട്ടുണ്ട്. ആരാധനയില്‍ മതിമറന്ന് മഹാന്‍ പറയുമായിരുന്നു. “രാവുകള്‍ നിസ്കാരം കൊണ്ട് ധന്യമാക്കുന്നതില്‍ പരം ഹൃദയത്തിന് മധുരം പകരുന്ന മറ്റൊന്നില്ല.” ഭൗതിക താല്‍പര്യങ്ങളെ വകഞ്ഞുമാറ്റി ആത്മീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ജീവിച്ചവരുടെ ചിന്തകള്‍ വിശാലമാകുന്നതിങ്ങനെയാണ്.
സൃഷ്ടാവിനെ പേടിച്ച് ജീവിതം നയിച്ച സാബിത്തുല്‍ ബുന്നാനി(റ) ഓരോ നിമിഷവും ഇലാഹിലേക്കടുക്കാനുള്ള മാര്‍ഗ്ഗമാണ് കണ്ടെത്തിയത്. ദിക്റുകളും തസ്ബീഹുകളും കേട്ടാല്‍ കണ്‍തടങ്ങളില്‍ നിന്നും കണ്ണുനീര്‍ ധാര ധാരയായി ഒഴുകി താടിരോമങ്ങളിലൂടെ ഊര്‍ന്നിറങ്ങുമായിരുന്നു. നാഥനെ ഓര്‍ത്ത് ഇരുകണ്ണുകളുടെയും കാഴ്ച മങ്ങും വിധം കരയുമായിരുന്നു. ശരീരം ക്ഷീണിക്കും വിധം കരയുക അവിടുത്തെ പതിവായിരുന്നു. സാബിത്തുല്‍ ബുന്നാനിയുടെ കരച്ചിലിന്‍റെ ശക്തി കണ്ട് അനസ്(റ) ചോദിച്ചു: ആരംഭക്കനിയായ പൊന്നു മുസ്ത്വഫയുടെ നയനങ്ങളോട് നിങ്ങളുടെ കണ്ണുകളെ സാദൃശ്യപ്പെടുത്തുന്ന ഘടകം എന്താണ്? കാഴ്ച മങ്ങുവോളം കണ്ണുനീര്‍ ഉറ്റിക്കരയുമായിരുന്നു അവിടുന്ന്. സ്ഫുടം ചെയ്ത ഹൃദയം കണ്ണുനീര്‍ പെയ്തിറങ്ങുമ്പോഴാണല്ലോ സാധ്യമാവുന്നത്. ഇടക്കിടെ മഹാന്‍റെ സമക്ഷം ചെന്ന് അനുഗ്രഹം തേടാറുള്ള ജഅ്ഫറുബ്നു സുലൈമാന്‍(റ) എന്ന പണ്ഡിതന്‍ മഹാന്‍റെ കരച്ചിലിന്‍റെ അനുഭവം പങ്കുവെക്കുന്നുണ്ട്. കാഴ്ച മങ്ങിയതു കാരണം വിദഗ്ധ പരിശോധനക്ക് ഡോക്ടറെ സമീപിച്ചു സാബിത്തുല്‍ ബുന്നാനി(റ). പരിശോധന നടത്തിയതിന് ശേഷം ഡോക്ടര്‍ പറഞ്ഞു: ഓ മനുഷ്യാ… വിഷയം അല്‍പം ഗൗരവമാണ്. അധികരിച്ച കരച്ചില്‍ കാഴ്ചയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇനിയും നിയന്ത്രണവിധേയമാക്കിയില്ലെങ്കില്‍ പൂര്‍ണ അന്ധനായി മാറും. അതുകൊണ്ട് എനിക്ക് വേണ്ടിയെങ്കിലും കരയാതിരിക്കൂ. വാത്സല്യപൂര്‍വ്വമുള്ള ഡോക്ടറുടെ ഉപദേശത്തിനു മുന്നില്‍ തലകുനിച്ച മഹാന്‍റെ മറുപടി ആശ്ചര്യാജനകമായിരുന്നു. നിങ്ങള്‍ക്ക് എന്നോട് അനുകമ്പയും വാത്സല്യവുമുണ്ടെന്ന് എനിക്കറിയാം. ആരോഗ്യ സുരക്ഷക്ക് വേണ്ടിയാണ് നിങ്ങള്‍ പറയുന്നതെന്നുമറിയാം. പക്ഷെ, ഞാനെങ്ങനെ നാഥനെയോര്‍ത്ത് കരയാതിരിക്കും.
മറ്റൊരു അനുഭവം ജഅ്ഫര്‍(റ) നിവേദനം ചെയ്യുന്നു: “ഓരോ പള്ളികള്‍ കടക്കുമ്പോഴും അവിടെ വെച്ച് വിശുദ്ധ ഖുര്‍ആന്‍ ഖത്മ് തീര്‍ക്കുന്നതും അല്ലാഹുവിനെ ഓര്‍ത്ത് കരയുന്നതും പതിവാക്കിയിരുന്നു സാബിത്തുല്‍ ബന്നാനി(റ)”. നിശാം എന്നവര്‍ പറയുന്നു: സാബിത്തുല്‍ ബുന്നാനിയേക്കാളും രാത്രി നിസ്ക്കരിക്കുകയും ആരാധന കൊണ്ട് ഉറക്കമൊഴിക്കുകയും ചെയ്യുന്നയാളെ ഞാന്‍ കണ്ടിട്ടില്ല. തുടര്‍ന്ന് ഒരു അനുഭവം പങ്കുവെക്കുന്നു: ഞങ്ങള്‍ ഒരിക്കല്‍ മക്കയിലേക്ക് പുറപ്പെട്ടു. ദുഷ്ക്കരമായ വഴികള്‍ താണ്ടി വേണം അവിടെയെത്താന്‍. രാത്രിയില്‍ അത്ര സുഖകരമല്ല യാത്ര. വനങ്ങളും കുന്നുകളും നിറഞ്ഞു നില്‍ക്കുന്ന വഴി. കൂടാതെ സമുദ്രം പോലെ പരന്ന് കിടക്കുന്ന മരുഭൂമിയും. എല്ലാം ഭേദിച്ച് വേണം അവിടെയെത്താന്‍. ജ്വലിച്ച് നില്‍ക്കുന്ന സൂര്യന്‍റെ ചൂടേറ്റ് വാടിയ ഞങ്ങള്‍ വിശ്രമിക്കാന്‍. ഒരിടത്ത് ഇറങ്ങി. അല്‍പം മയങ്ങി ഞങ്ങള്‍ ശരീരത്തിന്‍റെ ക്ഷീണം അകറ്റുമ്പോള്‍ നിസ്ക്കാരപ്പായ വിരിച്ച് നാഥന് ഇബാദത്ത് എടുക്കുന്നതിലൂടെയായിരുന്നു സാബിത്തുല്‍ ബുന്നാനി(റ) വിശ്രമം കണ്ടെത്തിയത്. സഹയാത്രികന്‍ ഉണര്‍ന്നു നോക്കുമ്പോഴും നിസ്ക്കാരപ്പായയില്‍ ഇരുന്ന് കണ്ണുനീര്‍ ഒഴുക്കുന്ന ബുന്നാനിയെയാണ് കണ്ടത്. നാഥന്‍റെ ഭയാനകമായ ശിക്ഷയെ ഓര്‍ത്ത് ഹൃദയം നോവുന്നവര്‍ക്ക് വിശ്രമിക്കാന്‍ സമയമില്ലല്ലോ. നശ്വര ലോകത്തെ അമൂല്യമായ സമയങ്ങള്‍ ഉറങ്ങിത്തീര്‍ക്കാനുള്ളതല്ലല്ലോ. നാളേക്ക് സമ്പാദിക്കാനുള്ള കര്‍മ്മ ഭൂമിയാണിത്. ഇത് തിരിച്ചറിഞ്ഞ ധന്യജീവിതത്തിനുടമയായിരുന്നു ബുന്നാനി(റ). മഹാന്‍റെ സമീപത്ത് നിന്ന് ഉപദേശങ്ങള്‍ സ്വീകരിക്കാറുള്ള ഹുമൈദ്(റ) പറയുന്നു: ഞങ്ങള്‍ ഒരു ദിവസം അനസ് ബ്നു മാലിക്(റ)വിനെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങാന്‍ യാത്ര തിരിച്ചു. സാബിത്തുല്‍ ബുന്നാനി(റ)യും കൂടെയുണ്ട്. അതിനിടയില്‍ കാണുന്ന പള്ളികളിലെല്ലാം കയറി നിസ്ക്കരിച്ചതിന് ശേഷമാണ് യാത്ര മുന്നോട്ട് തുടരുക. അനസ്(റ) ഞങ്ങളെ കണ്ടയുടനെ ചോദിച്ചു: എവിടെ സാബിത്ത്? എവിടെ സാബിത്ത്? സാബിത്ത് അമൂല്യ വ്യക്തിത്വമാണ്. ഞാനവരെ ഇഷ്ടപ്പെടുന്നു.
കടഞ്ഞെടുത്ത ഹൃദയത്തിനുടമയായിരുന്നു സാബിത്ത്(റ). ഹൃദയസ്പര്‍ശിയായ നിരവധി ആത്മീയോപദേശങ്ങള്‍ മഹാന്‍റേതായി പണ്ഡിതന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സ്വിഫത്തുസ്സ്വഫ്വ എന്ന ഗ്രന്ഥത്തില്‍ ഇബ്നുല്‍ ജൗസി രേഖപ്പെടുത്തുന്നു: സാബിത്തുല്‍ ബുന്നാനിയുടെ ശിഷ്യപ്രമുഖന്‍ സലാമുബ്നു മിസ്കീന്‍(റ) പറഞ്ഞു. ഒരിക്കല്‍ ശൈഖ് സാബിത്ത്(റ) ഇപ്രകാരം ഉദ്ബോധനം നടത്തി: മുഅ്മിന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്ന പക്ഷം അവന്‍റെ ആവശ്യ പൂര്‍ത്തീകരണത്തിന് ജിബ്രീല്‍(അ)മിനെ ചുമതലപ്പെടുത്തും. തുടര്‍ന്ന് പറയും, ജിബ്രീല്‍.. നിങ്ങള്‍ അവന്‍റെ ദുആക്ക് വേഗം ഉത്തരം ചെയ്യരുത്. എന്‍റെ മുഅ്മിനായ അടിമയുടെ ശബ്ദം കേള്‍ക്കാന്‍ എനിക്ക് ഇഷ്ടമാണ്. വേഗം ഉത്തരം ചെയ്താല്‍ അവന്‍ ദുആ ചെയ്യുകയുമില്ല. അവന്‍റെ ശബ്ദം കേള്‍ക്കുകയുമില്ല. ദുര്‍മാര്‍ഗികള്‍ അല്ലാഹുവിനോട് ദുആ ചെയ്യുന്ന അവസരത്തില്‍ അല്ലാഹു ജിബ്രീല്‍(അ)മിനെ ഉത്തരം ചെയ്യാന്‍ ഏല്‍പിച്ചു കൊണ്ട് പറയും. ദുര്‍മാര്‍ഗികളുടെ ശബ്ദം കേള്‍ക്കുന്നത് എനിക്ക് ഇഷ്ടമില്ല. നിരന്തരം പ്രാര്‍ത്ഥന നടത്തി ഉത്തരം ലഭിക്കാതിരുന്നവര്‍ക്ക് സംതൃപ്തി പകരുന്ന ഹൃദ്യമായ ബോധനമാണിത്. ആത്മീയതയുടെ സര്‍വ്വ തലങ്ങളും കീഴടക്കിയ സാബിത്തുല്‍ ബുന്നാനി(റ) പതിവായി ചെല്ലുന്ന വിര്‍ദുകള്‍ക്ക് ഒരു മുടക്കവും വരുത്തിയിരുന്നില്ല. ഇതേ മാതൃക മഹാന്‍റെ പിതാവിലും കണ്ടിരുന്നു. മരണ സന്നിധിയില്‍ ശഹാദത്ത് ചൊല്ലിക്കൊടുക്കുമ്പോള്‍ പിതാവ് പറഞ്ഞു: പൊന്നുമോനേ.. എന്നെ വിടൂ ഞാനെന്‍റെ വിര്‍ദ് ചൊല്ലിക്കൊണ്ടിരിക്കുകയാണ്. സാബിത്തുല്‍ ബുന്നാനി(റ)വിന്‍റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ശിഷ്യപ്രമുഖനായ ജസര്‍ എന്നവര്‍ പറയുന്നു; സാബിത്ത്(റ)വിന്‍റെ ജനാസയിറക്കാന്‍ മൂന്ന് പേര്‍ ഖബറിലേക്കിറങ്ങി. മൂടുപലക ശരിപ്പെടുത്തി വെക്കുന്നതിനിടയില്‍ ഒരു ഇഷ്ടിക താഴെ വീണു. എടുക്കാന്‍ കുനിഞ്ഞപ്പോള്‍ കണ്ട കാഴ്ച അത്ഭുതപ്പെടുത്തുന്നതായിരുന്നു. ‘മഹാന്‍ ഖബറില്‍ നിസ്ക്കരിക്കുന്നു”. ഖബറടക്കം പൂര്‍ത്തിയാക്കുന്നതിന് മുമ്പേ ഖബറില്‍ വെച്ച് നിസ്കരിക്കുന്ന കാഴ്ച ജനങ്ങളെ ആശ്ചര്യപ്പെടുത്തി. ഖബറടക്കം വേഗം പൂര്‍ത്തിയാക്കി നേരെ സാബിത് (റ)ന്‍റെ പുത്രിയെ സന്ദര്‍ശിച്ച് ചോദിച്ചു. ഇത്രയും മഹത്വം കിട്ടാന്‍ അദ്ദേഹം പതിവാക്കിയ കാര്യമെന്തായിരുന്നു. സംഭവങ്ങള്‍ കൃത്യമായി ചോദിച്ചറിഞ്ഞ മഹതി പറഞ്ഞു: ദിവസവും രാത്രി സമയങ്ങളില്‍ അമ്പത് റക്അത്ത് നിസ്കരിക്കുക പിതാവിന്‍റെ പതിവായിരുന്നു. അവസാനം, നിസ്കാര പായയിലിരുന്ന് ജ്വലിക്കുന്ന കണ്ണുകളോടെ ഇപ്രകാരം പ്രാര്‍ത്ഥിക്കും. അല്ലാഹുവേ… മരണശേഷം ഖബറില്‍ നിസ്കരിക്കാന്‍ നിന്‍റെ സൃഷ്ടികളില്‍ ആര്‍ക്കെങ്കിലും അവസരം നല്‍കുകായാണെങ്കില്‍ അതെനിക്കു തരണേ… എന്ന്. ആ പ്രാര്‍ത്ഥനയുടെ ഫലമാണ് നിങ്ങള്‍ കണ്ടത്. നാഥനില്‍ ലയിച്ച് സുന്ദരജീവിതം നയിച്ച ഇത്തരം മഹാന്മാരോടൊപ്പം നാഥന്‍ നമ്മെ സ്വര്‍ഗീയ പൂങ്കാവനത്തില്‍ ഒരുമിച്ചു കൂട്ടട്ടെ..
ഇസ്മായില്‍ മുണ്ടക്കുളം

Leave a Reply

Your email address will not be published. Required fields are marked *