ആധുനിക കേരളീയ പണ്ഡിതന്മാര്ക്കിടയിലെ വ്യത്യസ്ഥനും ജനകീയനുമായ ഒരു വ്യക്തിത്വമാണ് ശൈഖുല്‍ ഹദീസ് നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്ലിയാര്. പൊതു സമൂഹം ഒന്നടങ്കം കൊതിക്കുന്നതും ഗഹനവുമായ ഗ്രന്ഥങ്ങള്‍ സന്ദര്‍ഭോചിതമായി ശൈഖുല്‍ ഹദീസ് രചിച്ചു. വിഖ്യാത ഹദീസ് ഗ്രന്ഥമായ മിശ്ക്കാത്തിന്, ശാഫീഈ മദ്ഹബനുസരിച്ചുള്ള ഒരു വ്യാഖ്യാന ഗ്രന്ഥം ലോകത്ത് തന്നെ ഇല്ലാത്ത ഒരു സാഹചര്യത്തിലാണ് എട്ട് വാള്യങ്ങളിലായി പരന്നുകിടക്കുന്ന മിര്‍ആത്ത് എന്ന ബൃഹത്തായ ഗ്രന്ഥം തയ്യാറക്കുന്നതും സ്വന്തം ചിലവില്‍ പ്രസിദ്ധീകരിക്കുന്നതും. അതുപോലെ തന്നെ മതങ്ങളെക്കുറിച്ച് വ്യാപകമായ പഠനം നടക്കുകയും കൃത്യമായ മാര്‍ഗ ദര്‍ശനം ലഭിക്കുന്ന ഒരു ഗ്രന്ഥം ലഭ്യമാവാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് “മതങ്ങളിലൂടെ ഒരു പഠന പര്യടനം’ എന്ന കൃതി രചിക്കുന്നത്. മത ജാതി ഭേദമന്യേ മതങ്ങളെക്കുറിച്ച് പഠനം നടത്തുന്നവര്‍ക്കെല്ലാം ഒരു ആമുഖ വായനയായി ഈ ഗ്രന്ഥം. നിഷ്പക്ഷമായും ആധികാരികമായും മതങ്ങളെ ഇഴകീറി പരിശോധിച്ച ഈ ഗ്രന്ഥം മലയാള വായനാലോകം നെഞ്ചേറ്റുകയായിരുന്നു. 1991 കാലത്തെ കേന്ദ്രമന്ത്രി മന്‍മോഹന്‍സിംഗ് രാജ്യത്ത് പുത്തന്‍ സാമ്പത്തിക നയം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സാമ്പത്തിക നിയമങ്ങളും നയങ്ങളും സംവാദങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരുന്നു. ഇസ്ലാമിക സമ്പത് വ്യവസ്ഥയെക്കുറിച്ചും അതിന്റെ വൈവിധ്യത്തെക്കുറിച്ചും ബഹുഭൂരിപക്ഷ സമൂഹത്തിനും കേട്ടറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലോകരാഷ്ട്രങ്ങളിലെ സാമ്പത്തിക നയങ്ങള്‍ മാറിമറിഞ്ഞ് കൊണ്ടിരിക്കുമ്പോഴും യാതൊരു മാറ്റത്തിരിത്തലുമില്ലാതെ വ്യത്യസ്ഥത പുലര്‍ത്തിയിരുന്ന ഇസ്ലാമിക സമ്പത് വ്യവസ്ഥ പല ബുദ്ധിജീവികളെയും വല്ലാതെ ആകര്‍ഷിച്ചിരുന്നു. എന്നാല്‍ മലയാളിയുടെ വായന ലോകത്ത്, പ്രസ്തുത വിഷയത്തില്‍ ഒരു പുസ്തകം പോലും ലഭ്യമാകാതിരുന്ന സാഹചര്യത്തിലാണ് ശൈഖുല്‍ ഹദീസ് നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്ലിയാരുടെ ‘ഇസ്ലാമിക സാമ്പത്തിക നിയമങ്ങള്‍’ എന്ന പുസ്തകം രചിക്കപ്പെടുന്നതും, 1992 ല്‍ പ്രഥമ പതിപ്പ് പ്രസിദ്ധീകരിക്കപ്പെടുന്നതും. അതോടൊപ്പം തന്നെ ഇസ്ലാം വിരുദ്ധ ശക്തികള്‍ കാലങ്ങളായി നടത്തിവന്ന ആരോപണങ്ങളുടെ അടിവേരറുക്കുന്നതുമായിമാറി പ്രസ്തുത ഗ്രന്ഥം. ഷെയര്‍ ബിസിനസ്, വാടക, വായ്പ, വസിയ്യത്, ജാമ്യം തുടങ്ങിയ സമ്പത്തുമായി ബന്ധപ്പെട്ട മുഴുവന്‍ വിഷയങ്ങളും ആധികാരികമായി വിലയിരുത്തുന്ന കൃതിയാണിത്. ഈ വിഷയങ്ങളില്‍ പലതും ഭാഗികമായി പഠനം നടത്തപ്പെട്ടതാണെങ്കിലും ഒരേ ചട്ടക്കൂടില്‍ ഒതുങ്ങിയെന്നതാണ് ഈ കൃതിയുടെ പ്രധാന സവിശേഷത. സാമ്പത്തിക സിദ്ധാന്തങ്ങള്‍ പ്രത്യേകിച്ച് അന്യഭാഷാഗ്രന്ഥങ്ങളെ അവലംബിച്ച് രചിക്കുന്ന കൃതികള്‍ പലപ്പോഴും ദുര്‍ഗ്രാഹ്യമായിരിക്കും. എന്നാല്‍ സരളവും സാരവത്തുമായ ഉദാഹരണങ്ങള്‍ നിരത്തികൊണ്ടാണ് നെല്ലിക്കുത്ത് ഇസാമാഈല്‍ മുസ്ലിയാര് ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത്. ഉസ്താദിന്റെ ക്ലാസുകളിലും പ്രഭാഷണങ്ങളിലുമൊക്കെ കാണാറുള്ള തനദ് ശൈലിയില്‍ തന്നെയാണ് ഈ കൃതിയും. ആദ്യം നിയമം പറയും ശേഷം ഉദാഹരണം എന്ന രീതിയില്‍ പ്രയോഗിക്കുമ്പോള്‍ പലപ്പോഴും തന്റെ വിശാലമായ അനുഭവ സമ്പത്തും പ്രാദേശിക ബന്ധങ്ങളും പ്രയോഗിക്കപ്പെടാറുണ്ട്.
പുസ്തകത്തിലുടെനീളം കാണാന്‍ കഴിഞ്ഞൊരു പ്രത്യേകത എടുത്തു പറയേണ്ടിയിരിക്കുന്നു. ഒരു മുസ്ലിയാര് അതും കഴിഞ്ഞ നൂറ്റാണ്ടില്‍ ജീവിക്കുകയും വലിയ ഭൗതിക വിദ്യാഭ്യസത്തിനൊന്നും അവസരം ലഭിക്കുകയും ചെയ്യാത്ത ഒരാള്‍ എഴുതിയ കൃതിക്ക് അതിന്റെ യാതൊരു ലാഞ്ചനയും സംഭവിച്ചിട്ടില്ല. സ്പഷ്ടമായും ഗ്രാഹ്യമായും ഓരോന്നോരോന്നായി അവതരിപ്പിക്കുകയാണ് ശൈഖുല്‍ ഹദീസ്. അതുകൊണ്ട് തന്നെ ഏതൊരു മതക്കാരനും വിശ്വാസക്കാരനും ഉള്‍കൊള്ളാനും സ്വീകരിക്കാനും കഴിയുന്ന ഒരു രചനയായി ഈ പുസ്തകം മാറി. ഭൗതികമായും ബൗദ്ധികമായും ഉന്നതിയിലെന്നവകാശപ്പെടുന്ന നവയുഗ സമൂഹത്തിനും ഈ ഗ്രന്ഥം സ്വീകാര്യമാണ്. കാരണം, വിശ്വാസ കാര്യങ്ങളില്‍ പോലും യുക്തിയുടെ അളവ് കോല് ഉപയോഗിച്ച് കൊള്ളുകയും തള്ളുകയും ചെയ്യലാണല്ലോ അതിനൂതന യുഗത്തിലെ രീതി. അതുമുന്നില് കണ്ട് യുക്തിപരമായ തെളിവുകള്‍ നിരത്തിയാണ് ഈ ഗ്രന്ഥം മുന്നോട്ട് പോകുന്നത്. പുസ്തകത്തിന്റെ പ്രാരംഭഘട്ടത്തില്‍ പ്രവാചകന് (സ്വ) യുടെ മുമ്പും ശേഷവും ലോകത്തില്‍ നിലനിന്നിരുന്ന സാമ്പത്തിക വ്യവസ്ഥകളെ ഗ്രന്ഥക്കാരന് പരിചയപ്പെടുത്തുന്നുണ്ട്.. അരിസ്റ്റോട്ടിലിന്റെയും പ്ലാറ്റോയുടെയുമൊക്കെ സാമ്പത്തിക നയങ്ങളെ ലോകം വാഴ്ത്താറുണ്ടെങ്കിലും അവയുടെ പൊള്ളയായ വശം വ്യക്തമാക്കിത്തരുന്നുണ്ട് രചയിതാവ്. കുത്തക രാഷ്ട്രങ്ങളില്‍ നിലവിലുള്ളതും ഉണ്ടായിരുന്നതുമായ മുതലാളിത്ത വ്യവസ്ഥ ഗ്രന്ഥകാരന് ഇഴകീറി പരിശോധിക്കുന്നു. മുതലാളിത്തത്തിന്റെ ചൂഷണാത്മകതയെ പലരും വിമര്‍ശിക്കാറുണ്ടെങ്കിലും കമ്മ്യൂണിസ്റ്റ് വ്യവസ്ഥയെ എതിര്‍ക്കുന്നവര്‍ താരതമ്യേനെ കുറവാണ്.
എന്നാല്‍ 1991 ല്‍ സോവിയറ്റ് യൂണിയന് തകര്‍ന്നതോടെ കമ്മ്യൂണിസത്തിന്റെ തനിനിറം ലോകത്തിന് ബോധ്യപ്പെട്ടു. ഇന്ത്യയുള്‍പ്പെടെയുള്ള മൂന്നാംലോക രാഷ്ട്രങ്ങള്‍ സ്വീകരിച്ച മിശ്രസമ്പത്ത് വ്യവസ്ഥയെ എല്ലാവരും പ്രശംസിക്കാറാണുള്ളത്. സാമ്പത്തിക ഏറ്റക്കുറച്ചിലുകള്‍ സാമൂഹിക നിലവാരത്തെ രൂപീകരിക്കുമെന്ന ഗ്രീക്ക് ചിന്തയെ എതിര്‍ത്ത് കൊണ്ട് രൂപപ്പെട്ട കൃസ്തുമതം പിന്നീട് മാറ്റത്തിനു വിധേയമായി. വേദ ഗ്രന്ഥം മാറ്റിമറിച്ചത് പോലെ തന്നെ സാമ്പത്തിക നിയമങ്ങളെയുമവര് തിരുത്തി. ആദ്യമാദ്യം പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും പക്ഷത്തായിരുന്ന മതത്തെ പുരോഹിതന്മാരും ദേവാലയങ്ങളും ചൂഷണോപാദിയാക്കി കുത്തക മുതലാളികളുടെ പക്ഷത്താക്കി തീര്‍ത്തു. ഇസ്ലാമിലെന്ന പോലെ പലിശയുടെ ഇടപാടുകള്‍ അഭിഷപ്തവും നികൃഷ്ടവുമായിട്ടായിരുന്നു ക്രിസ്തുമതവും ഗണിച്ചു പോന്നിരുന്നത്. എന്നാല്‍ പലിശപ്പണം കൊണ്ട് ജൂതര്‍ തടിച്ച് കൊഴുക്കുന്നത് കണ്ടപ്പോള്‍ പുരേഹിതന്മാര് പലരും മാറിച്ചിന്തിക്കുകയും പലിശക്ക് സമ്മതം മൂളുകയും ചെയ്തു. ഗ്രീക്ക് സാമ്പത്തിക നയത്തെ പലരും പുകഴ്ത്താറുണ്ടെങ്കിലും അതും പിഴവുകള്‍ നിറഞ്ഞതാണ്. ഇതില്‍ ഗഹനമായ പഠനം നടത്തിയ ഇമാം ഗസ്സാലിയെയും ഇമാം റാസിയെയും മുന്‍നിര്‍ത്തികൊണ്ടാണ് ഗ്രന്ഥകാരന് പൊള്ളത്തരം ചൂണ്ടികാണിക്കുന്നത്. മുതലാളിത്തത്തിന്റെയും പ്രഭുത്വത്തിന്റെയും കെണിവലകളില്‍ നിന്നും പാവപ്പെട്ടവനെ മോചിപ്പിക്കാന്‍ എന്ന പോരില്‍ ഉദയം കൊണ്ട കമ്മ്യൂണിസ്റ്റ് വ്യവസ്ഥക്കും പോരായ്മകള്‍ ഒരുപാടുണ്ട്. കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളെ ഭൂമിയിലെ സ്വര്‍ഗമായി കമ്മ്യൂണിസ്റ്റുകാര്‍ അവതരിപ്പിക്കുന്നുണ്ടെങ്കിലും അവിടങ്ങളില്‍ സംഭവിക്കുന്ന സാമ്പത്തികവും സാമൂഹികവുമായ പരിതാപങ്ങളെ ഗ്രന്ഥകാരന് എടുത്തുകാണിക്കുന്നു. ഇതിനായി കേരളാകൗമുദി, മാതൃഭൂമി തുടങ്ങിയ ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ ഉദ്ധരിക്കുന്നുണ്ട്. വ്യഭിചാരവും അവിഹിത ഗര്‍ഭ ധാരണവും ഗര്‍ഭച്ഛിദ്രവും ജാരസന്തതികളുടെ പെരുപ്പവുമെല്ലാം റഷ്യ ഉള്‍പ്പെടയുള്ള കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളില്‍ എത്രത്തോളമുണ്ടെന്നത് കാണിക്കാന്‍ ആധികാരിക റിപ്പോര്‍ട്ടിനെയാണ് ഗ്രന്ഥകാരന് അവലംബിക്കുന്നത്. സാമ്പത്തിക ഉന്നതി അവകാശപ്പെടുന്ന ചൈനയിലെ ഭരണത്തില്‍ കമ്മ്യൂണിസവും സോഷ്യലിസവും പരിണമിച്ച് ഏകാധിപത്യത്തിന്റെ സ്വരമായിട്ടുണ്ടെന്ന് പുസ്തകത്തില്‍ നിന്ന് വായിച്ചറിയാന്‍ സാധിക്കും. ഇവിടെ ന്യൂ ചീനാ വാര്‍ത്താ ഏജന്‍സിയെയാണു അവംലബിക്കുന്നത്. ചൈനീസ് ഏകാധിപത്യം അതിന്റെ മൂര്‍ധന്യാവസ്ഥയിലാണ് ഇന്നുള്ളത് .
മരണം വരെ ഭരണത്തില്‍ തുടരുന്നതിനായി നിയമ നിര്‍മാണം നടത്തിയിരിക്കുകയാണ് നിലവിലെ ഭരണാധികാരി ഷീ ജിന്‍ പിങ്ങ്. തങ്ങളുടെ സ്വേച്ഛാധിപത്യ താല്പര്യങ്ങള്ക്ക് വഴങ്ങാത്തവരെ അച്ചടക്ക രാഹിത്യത്തിന്റെ പേരുപറഞ്ഞ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിക്കൊണ്ടിരക്കുകയാണ്. പലരും അഴിമതി കുറ്റത്തിനാണ് നീക്കപ്പെട്ടതെന്ന് നെല്ലിക്കുത്ത് ഇസ്മായില്‍ മുസ്ലിയാര് ഈ കൃതിയില്‍ കാണിക്കുന്നു. മിശ്ര സമ്പത്ത് വ്യവസ്ഥ നടപ്പിലുള്ള ഇന്ത്യ അടക്കമുള്ള രാഷ്ട്രങ്ങളില്‍ നടക്കുന്നത് പഴയ രാജഭരണത്തിന്റെ പരിഷ്കൃത പതിപ്പാണെന്ന് ഗ്രന്ഥകാരന് പറയുന്നുണ്ട്. രാജാവിനേയും പ്രഭുക്കളെയും സ്വാധീനിച്ച് കാര്യങ്ങള്‍ സാധിക്കുന്ന കുത്തകകളെ നമുക്ക് എല്ലായിടത്തും കാണാം. ബോഫേഴ്സ് മുതല്‍ 2ജി വരെയുള്ള കുംഭകോണങ്ങള്‍ ഇതിനു മികച്ച ഉദാഹരണമാണ്. മിശ്ര സമ്പത്ത് വ്യവസ്ഥയുടെ ഫലമായി പണക്കാരന് വീണ്ടും പണക്കാരനാവുകയും സമ്പത്ത് കുമിഞ്ഞ് കൂടുകയുമാണെന്ന് നമുക്ക് വായിക്കാം. രാജ്യത്തിന്റെ വളര്‍ച്ചാ മുരടിപ്പിന്റെ പേരില്‍ ജനസംഖ്യ പെരുപ്പത്തെ കുറ്റപ്പെടുത്തുന്നവര്‍ക്ക് ചൈനയെ ചൂണ്ടി കാണിച്ചാണ് മറുപടി പറയുന്നത്. ലോകത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമായിട്ടും സാമ്പത്തികമായി അവര്‍ നമ്മെ എത്രത്തോളം പിന്നിലാക്കി. മനുഷ്യവിഭവശേഷി രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടവിധത്തില്‍ ഉപയോഗിക്കപ്പെടുത്തുന്നില്ല എന്നതാണ് നമ്മുടെ പരാജയത്തിന്റെ കാരണം. തുടര്‍ന്നുള്ള ഭാഗത്ത് ഇസ്ലാമിന്റെ സാമ്പത്തിക വീക്ഷണം കൃത്യമായി അവതരിപ്പിക്കുന്നു. ഒരു വ്യക്തിക്കോ പൊതുവെ രാഷ്ട്രത്തിന് മുഴുവനോ നഷ്ടമേല്പ്പിച്ചുകൊണ്ട് ധനം സമ്പാദിക്കുന്ന ഓരോ മാര്‍ഗവും തിരഞ്ഞു പിടിച്ചു നിയമ വിരുദ്ധമാക്കുന്നുണ്ട് ഇസ്ലാം. എളുപ്പത്തില്‍ ധനസമ്പാദനം സാധിക്കുന്ന മാര്‍ഗമായിട്ടും മദ്യവില്പനയും നിര്‍മാണവും വേശ്യവൃത്തി, നൃത്തം പോലുള്ള തൊഴിലുകളും ചുതാട്ടം, ലോട്ടറി, പലിശ, ഊഹക്കച്ചവടം, പൂഴ്ത്തിവെപ്പ് തുടങ്ങിയവുയും എന്ത് കൊണ്ട് ഇസ്ലാം എതിര്‍ക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്തുവെന്ന് ഗ്രന്ഥകാരന് വിശദീകരിക്കുന്നുണ്ട്. റവന്യൂ വരുമാനത്തിന്റെ പേരില്‍ ബീവറേജുകള്‍ നടത്തുന്ന ഗവണ്‍മന്റുകളെ ഏതാനും പേജുകളിലായി ഗ്രന്ഥകാരന് ചില കാര്യങ്ങള്‍ ഓര്‍മപ്പെടുത്തുന്നു. സമൂഹത്തെ വിഷം കുടിപ്പിക്കുകയും സ്വസ്ഥത നശിപ്പിക്കുകയും തെരുവിലിടുകയും ചെയ്യുന്ന മദ്യം, ആരാധനാലയ പരിസരത്തും വിദ്യാലയ പരിസരത്തും വില്‍ക്കരുതെന്നും ഔദ്യോഗിക കൃത്യനിര്‍വഹണ വേളയിലും വാഹനമോടിക്കുമ്പോഴും ഉപയോഗിക്കരുതെന്നും നിശ്കര്‍ഷിക്കുന്ന ഭരണകൂടം, സ്വന്തം കാര്മിത്വത്തല് മദ്യഷാപ്പ് നടത്തുന്നതിലെ സാംഗത്യത്തെ ചോദ്യം ചെയ്യുന്നുമുണ്ട്. ഈ ഭാഗം വായിച്ചാല്‍ ഭരണകൂടത്തിലെ അനങ്ങാപ്പാറകളുടെ തൊണ്ടവരണ്ടു പോകും. അത്രയും മൂര്‍ച്ചയുള്ള പദങ്ങളും ചോദ്യങ്ങളുമാണ് ഗ്രന്ഥകാരന് ഉന്നയിക്കുന്നത്. ജീവിതാവശ്യങ്ങള്‍ നേടിയെടുക്കുന്നതിനെ വിശുദ്ധമതം പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും ധൂര്‍ത്തിനെയും ആഢംബരത്തെയും ഒരു നിലക്കും വെച്ചു പൊറുപ്പിക്കില്ല. ഖലീഫ ഉമര്‍(റ)വിന്റെ ഭരണം വിശ്വവിഖ്യാതവും സര്‍വാംഗീകൃതവുമാണ്. രാഷ്ട്രപിതാവ് ഗാന്ധിജിയും മറ്റു ലോക നേതാക്കളും നടത്തിയ പുകഴ്ത്തലുകള്‍ നമുക്കറിയാം. ഖലീഫ ഉമര്‍(റ)വിന്റെയും രണ്ടാം ഉമര്‍ എന്നറിയപ്പെട്ട അബ്ദുല്‍ അസീസിന്റെയും ഭരണകാലത്ത് ഇസ്ലാമിക ഭരണകൂടത്തിന്റെ ശ്രമഫലമായി രൂപപ്പെട്ട സാമ്പാത്തിക സന്തുലിതാവസ്ഥയെ ഗ്രന്ഥകാരന് ഉദാഹരിക്കുന്നുണ്ട്. സാകാത്തും പെന്‍ഷനും സ്വീകരിക്കാന്‍ അര്‍ഹരായ അളുകളെ ഒരു ഭരണകൂടത്തിന് കീഴില്‍ തിരഞ്ഞിട്ട് കിട്ടിയില്ലെന്നു പറഞ്ഞാല്‍ എത്രത്തോളം സ്ഥിരവും സുത്യഹര്ഹവുമായിരുന്നു എന്ന് മനസ്സിലാക്കാം. ഇസ്ലാമിന്റെ ആഗമനത്തിന് ശേഷം വിപാടനം ചെയ്യപ്പെട്ട അടിമത്വ സമ്പ്രദായത്തിന്റെ പരിഷ്കൃത രൂപമാണ് ജന്മിത്വവും ഫ്യൂഡലിസവും. ഈ വിഷയങ്ങളില്‍ ഇസ്ലാമിന്റെ കാഴ്ചപ്പാട് വ്യക്തമാക്കുന്നതിന്റെ മുമ്പ് എന്താണ് ജന്മിത്തമെന്നും അതിന്റെ സവിശേഷതയും സ്വഭാവവുമെല്ലാം ഗ്രന്ഥകാരന് ചികയുന്നുണ്ട്. ജന്മിത്വത്തിന്റെ ആജന്മ ശത്രുകളായ സോഷ്യലിസ്റ്റുകള്‍ നല്കിയ നിര്‍വചനം സമൂഹത്തെ പ്രഭുക്കളെന്നും കുടിയാന്മാരെന്നും രണ്ടായി വേര്‍തിരിക്കുന്നു. ഇസ്ലാമിന്റെ കാഴ്ചപ്പാടുകള്‍ സുവ്യക്തമായി അവതരിപ്പിക്കുന്ന ഗ്രന്ഥകാരന്, ഭൂവുടമയും അയാളുടെ ഭൂമിയില്‍ കൃഷി ചെയ്യുന്ന കര്‍ഷകനും തമ്മില്‍ യാതൊരും വിധേയത്വവും ഇല്ല എന്ന് തെളിയിക്കുന്നു. ഇരുവരും സ്വന്ത്രരാണ്. ഇവിടെ ഒന്നെങ്കില്‍ പാട്ടം, അല്ലെങ്കില്‍ പങ്കുകൃഷി എന്നീ മാര്‍ഗങ്ങളാണ് ഇസ്ലാം മുന്നോട്ട് വെക്കുന്നത്. സ്വകാര്യ സ്വത്തുസംമ്പാദനത്തെ മതം പ്രോത്സാഹിപ്പിക്കുന്നുവെങ്കിലും അത് ചൂഷണത്തിന് വഴിവെക്കാതിരിക്കാന്‍ ഇസ്ലാം പ്രത്യേകം ശ്രദ്ധ നല്‍കിയിട്ടുണ്ട്. ലോകത്ത് ഇന്ന് നടക്കുന്ന യുദ്ധങ്ങളുടെ ലക്ഷ്യം ആയുധവ്യാപാരം ഉള്‍പ്പെടെയുള്ള സാമ്പത്തിക ചൂഷണങ്ങളാണെന്നും ഇസ്ലാമിക ചരിത്രത്തിലെ യുദ്ധങ്ങള്‍/ സമരങ്ങള്‍ പ്രതിരോധത്തിനോ, അല്ലെങ്കില്‍ സ്വതന്ത്രമായ ആദര്‍ശ പ്രചാരണത്തിനോ വേണ്ടിയായിരുന്നുവെന്നും ഈ പുസ്തകം കൃത്യമായി പറയുന്നു.
സകാത്തിനെ പരിചയപ്പെടുത്തുന്ന ഭഗത്ത് അതിന്റെ കര്‍മ ശാസ്ത്ര വശം വളരെ ആധികാരികമായി വിവരിക്കുന്നുണ്ട്. വെള്ളിയുടെയും സ്വര്‍ണത്തിന്റെയും പരിധി എത്രയാണെന്നും അവ മെട്രിക്ക് തൂക്കമനുസരിച്ച് എത്രയാണെന്നും ഇവിടെ നമുക്ക് പഠിക്കാം. ഇവിടെയും വളരെ മനേഹരമായ ഒരു ഉദാഹരണം നമുക്ക് കാണാന്‍ സാധിക്കും. ഇന്നും ലോകത്ത് പട്ടിണിയും ദാരിദ്ര്യവും നിലകൊള്ളുന്നത് നിത്യമായ സകാത്ത് സംവിധാനം ഇല്ലാത്തത് കൊണ്ടാണെന്ന ഈ ഭാഗം വായിക്കുമ്പോള്‍ ബോധ്യപ്പെടും. വര്‍ഷം തികയുമ്പോള്‍ സകാത്ത് നല്‍കാതെ റമളാനില്‍ വിതരണം ചെയ്യുന്നതുള്‍പ്പെടെ സാധാരണയായി നമുക്കിടയില്‍ സംഭവിക്കാറുള്ള ചില തെറ്റുകള്‍ എടുത്ത് കാണിക്കുകയും തിരുത്ത് നല്‍കുകയും ചെയ്തത് ശ്ലാഘനീയമാണ്.
നോട്ടിന്റെ സകാത്ത് ഒരു വിവാദ വിഷയമാണ്. അത് പരാമര്‍ഷിക്കുന്ന സ്ഥലത്ത്, എന്താണ് പണമെന്നും അത് പുറത്തിറങ്ങാനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയെന്നും സൈദ്ധാന്തികമായി നെല്ലിക്കുത്ത് ഇസാമാഈല്‍ മുസ്ലിയാര് പരിചയപ്പെടുത്തുന്നുണ്ട്. അതോടൊപ്പം നാണയ നിധി, ലോകബാങ്ക് എന്നിവയുടെ പ്രവര്‍ത്തനവും ആ വിഷയത്തിലെ ഇസ്ലാമിക കാഴ്ചപ്പാടും സ്പഷ്ടമായി അവതരിപ്പിക്കുന്നു. നല്ല ഒരു ചരിത്ര ബോധവുമുള്ള ആളായിരുന്നു നെല്ലിക്കുത്ത് ഉസ്താദ് എന്ന് ഈ പുസ്തകം വായിച്ചാല്‍ മനസ്സിലാകും. നാണയ വിനിമയത്തിന്റെ ചരിത്രവും വര്‍ത്തമാനവുമെല്ലാം അവതരിപ്പിച്ച രീതി വളരെ മനോഹരമായി. നാണയ മൂല്യത്തില്‍ സംഭവിച്ച ഏറ്റക്കുറച്ചിലുകള്‍ വര്‍ഷ സഹിതം ഉദ്ധരിച്ച ഭാഗം വളരെ ഇഷ്ടപ്പെട്ടു. ചരിത്ര പഠിതാക്കള്‍ക്കും ഇത് ഒരു റഫറന്‍സ് ആയി ഉപകരിക്കും. കടത്തിന്റെയും പ്രോവിഡന്റ് ഫണ്ടിന്റെയുമൊക്കെ സകാത്ത് പലപ്പോഴും സംശയം ജനിപ്പിക്കുന്നതാണ്. എന്താണ് പ്രോവിഡന്റ ഫണ്ട് എന്ന് വിസ്തരിച്ച ശേഷം അതിന്റെ മതകീയമായ വിധിയും ഉസ്താദ് പറഞ്ഞു തരുന്നുണ്ട്.
ധാന്യങ്ങള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും കാലികള്‍ക്കും മറ്റും നല്‍കേണ്ട സകാത്തിന്റെ തോത് നമുക്ക് മറ്റ് ഗ്രന്ഥങ്ങളില്‍ നിന്നും ലഭിച്ചേക്കാം. എന്നാല്‍, അവയുമായി ബന്ധപ്പെട്ട പഠനാര്‍ഹമായ വിശദീകരണം ഈ ചെറു പുസ്തകത്തില്‍ നിന്നാണ് ലഭിക്കുക. ചിലര്‍ ഹദീസുകളുടെ അടിസ്ഥാനത്തില്‍ പ്രവാചകന്റെ കാലത്തെ മുന്തിയ വിളകളായ മുന്തിരിയിലും കാരക്കയിലും സകാത്ത് നല്‍കുന്നത് പോലെ ഇന്ന് റബര്‍ പോലുള്ള വിളകളില്‍ സകാത്ത് നല്‍കണമെന്ന് വാദിക്കുന്നുണ്ട്. അതിനെല്ലാം 4 മദ്ഹബുകളുടെയും അടിസ്ഥാനത്തില്‍ മറുപടി നല്‍കുന്നുണ്ട് ഗ്രന്ഥകര്‍ത്താവ്. ഇസ്ലാമിന്റെ മാനവിക മുഖം എടുത്തു കാണിക്കുന്ന ഒരു കര്‍മമാണ് ഫിത്ര് സകാത്ത്. ഭൂരിപക്ഷം വിശ്വാസികളും അനുഷ്ഠിക്കാറുള്ള കര്‍മമാണെങ്കിലും അവയുടെ താത്വിക വശം നമ്മളാരും പഠിക്കാറില്ല, അല്ലെങ്കില്‍ ചിന്തിക്കാറില്ല. ലോക വിശ്വാസികളൊന്നടങ്കം പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ പാവപ്പെട്ടവന്റെയും അടുപ്പില്‍ തീ പുകക്കാന്‍ ഫിത്ര് സകാത്ത് വഴിയൊരുക്കുന്നു. സകാത്തിന്റെ അര്‍ഹരെ വിവരിക്കുന്ന ഭാഗം ഫത്ഹുല്‍ മുഈന്‍ പോലുള്ള ബൃഹത് ഗ്രന്ഥത്തില്‍ വിശദീകരിച്ചപോലെ അധികാരമായി വിശദീകരിച്ചു. എന്നാല്‍, അറബിയില്‍ നിന്നും മലയാളീകരിച്ചതിന്റെ പോറലൊന്നും ഏറ്റിട്ടുമില്ല.
സകാത്തിന്റെ വിതരണം വലിയൊരു വിവാദ വിഷയമാണ്. നൂതന ആശയക്കാരുടെ സംഘടിത സകാത്തെന്ന ആശയത്തിന്റെ കടക്കല്‍ കത്തി വെക്കുന്ന വരികളാണ് ഈ ചെറു പുസ്തകത്തില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. ഈ വിഷയത്തിലും സാധാരണ ജനങ്ങള്‍ക്ക് ഉണ്ടായേക്കാവുന്ന തെറ്റിധാരണയും സംശയങ്ങളുമെല്ലാം ശൈഖുല്‍ ഹദീസ് തീര്‍ത്തു തരുന്നുണ്ട്.
ക്രിസ്ത്യാനിസം മധ്യകാലത്തു വരെ പാപമായും ഗ്രീക്ക് തത്വചിന്തകള്‍ ചൂഷണമായും കണ്ടിരുന്ന കച്ചവടത്തിനെ ഇസ്ലാം മഹിതവല്ക്കരിച്ചു. എന്നാല്‍, ന്യായമായ ചില ഉപാധികളും നിബന്ധനകളും ഇസ്ലാം മുന്നോട്ട് വെച്ചിട്ടുണ്ട്. ഇതില്ലാത്ത പക്ഷം കച്ചവടം ചൂഷണമായി മാറും. ചരക്കില്‍ മായം ചേര്‍ക്കുന്നതും അത് പൂഴ്ത്തി വെക്കുന്നതുമൊക്കെ നിരോധിച്ച മതം, മാന്യമായ തൊഴിലായിട്ടാണ് കച്ചവടത്തെ പരിചയപ്പെടുത്തുന്നത്. അതോടൊപ്പം സമ്മാനക്കൂപ്പണ്‍, റിബേറ്റ്, ഓഫര്‍ പോലുള്ള സംശയങ്ങള്‍ക്ക് നിവാരണവും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
മദ്യത്തെ കുറിച്ച് പരാമര്‍ശിച്ച പോലെ തന്നെ സമൂഹത്തെ വരിഞ്ഞു മുറുക്കിയ മറ്റൊരു വിപത്താണ് ഷോടതി അഥവാ ലോട്ടറി. പകലന്തിയോളം അധ്വാനിച്ച് ലഭിക്കുന്ന വരുമാനം ഭാഗ്യപരീക്ഷണത്തിനായി വലിച്ചെറിയുന്നവര്‍ അനേകമാണ്. ഭരണകൂടങ്ങളുടെ കാര്‍മികത്വത്തിലാണ് പലപ്പോഴും ഇത് അരങ്ങേറുന്നത് എന്നതാണ് ദൗര്‍ഭാഗ്യം. ഇത്തരം ഇടപാടുകളില്‍ നിന്നും ലഭിക്കുന്ന വരുമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നുവെന്നത് വലിയൊരു പുകമറയാണെന്ന് ഗ്രന്ഥകാരന് സമര്‍ത്ഥിക്കുന്നുണ്ട്. സൂക്ഷമ ജീവിതം നയിക്കുന്നവര്‍ക്ക് പലപ്പോഴും സംശയം വരുന്ന ഭാഗങ്ങളായ ഇന്‍സ്റ്റാള്‍മെന്റ്, കമ്മീഷന്, ഏജന്‍സി, ഷെയര്‍ ബിസിനസ്, ബാങ്കിങ്, വായ്പ, ലോണ്‍, ജാമ്യം നില്ക്കല്, മരണ പത്രം (വസ്വിയ്യത്), ദാനം തുടങ്ങിയവ വിശദീകരിക്കുന്നുണ്ട്. തൊഴിലാളി വര്‍ഗത്തിന്റെ അവകാശങ്ങള്‍ വലിയ ചര്‍ച്ചയാണ് എക്കാലത്തും. എന്നാല്‍, ഇസ്ലാമിന്റെ തൊഴില്‍ നയങ്ങള്‍ ഇവിടെ പ്രതിപാദിക്കുന്നുണ്ട്. ദാരിദ്ര്യനിര്‍മാര്‍ജനത്തിനായി ഇസ്ലാം വിഭാവനം ചെയ്യുന്ന സകാത്ത് പോലെയുള്ള സംവിധാനങ്ങളുടെ മഹിമ ബോധ്യപ്പെടുന്ന അവതരണം നമുക്ക് കാണാം. പലപ്പോഴും കുഴക്കുന്ന ഒരു ചോദ്യമാണ് വീണുകിട്ടിയ മുതലിന്റെ കൈകാര്യം. അതിന്റെ ക്രത്യമായ കൈകാര്യക്രമം ഗ്രന്ഥത്തില്‍ ഉളക്കൊള്ളിച്ചിട്ടുണ്ട്. വഖ്ഫ് സ്വത്തും അതിന്റെ കൈകാര്യവും വലിയ ഒരു വിഷയമാണ്. പലപ്പോഴും വേണ്ട വിധത്തിലുള്ള സൂക്ഷമതയും കൃത്യതയും ഉത്തരവാദപ്പെട്ടവര്‍ പുലര്‍ത്താറില്ല. അവരുടെ കണ്ണ് തുറപ്പിക്കുന്ന ഭാഗങ്ങള്‍ നമുക്കിവിടെ വായിക്കാം. സമൂഹത്തെ ആകമാനം ഗ്രസിച്ച മറ്റൊരു സാമ്പത്തിക വിപത്താണ് പലിശ. ബാങ്കുകളുടെയും ബ്ലേഡ് മാഫിയകളുടെയും കൈപ്പിടിയില്‍ കിടന്ന് സാധു ജനങ്ങള്‍ ഞെരിഞ്ഞമരുകയാണ്. കടക്കെണിയും തന്മൂലമുള്ള ആത്മഹത്യയും നിരന്തരം നടന്നുകൊണ്ടിരിക്കുന്നുണ്ട്. പലിശയെ വെള്ള പൂശാനുള്ള ശ്രമത്തെ കണിശമായി ഖണ്ഡിക്കുന്നുണ്ട് ഈ പുസ്തകത്തില്‍. പ്രത്യേകിച്ച്, ഇസ്ലാം വ്യവസായപ്പലിശയെ അനുവദിക്കുന്നുവെന്ന വാദം പൊളിച്ചുകളയുകയും ചെയ്യുന്നു.
വ്യവസായ രംഗത്ത് പലിശ ഒരനിവാര്യ ഘടകമാണെന്നും ഒഴിച്ചു നിര്‍ത്തല്‍ അസാധ്യമാണെന്നുമുള്ള യുക്തിവാദികളുടെ വാദത്തിന് അക്കമിട്ട് മറുപടി പറയുന്നുണ്ട്. പലിശ രഹിത നിര്‍ത്തല്‍ അസാധ്യമാണെന്നുള്ള യുക്തവാദികളുടെ വാദത്തിന് അക്കമിട്ട് മറുപടി പറയുന്നുണ്ട്. പലിശ രഹിത ബാങ്കിംഗും ഇസ്ലാമിക് ബാങ്കിംഗും ഈ ലോകത്ത് ചര്‍ച്ചാവിഷയമാണ്. കേരളമടക്കമുള്ള പല സ്ഥലങ്ങളിലും ഇത് നടപ്പിലാക്കാന്‍ കൊണ്ടുപിടിച്ച ശ്രമം നടന്നുവരുന്നുണ്ട്. ചില അറേബ്യന്‍ രാജ്യങ്ങളില്‍ വന്നുകഴിഞ്ഞു. ഈയൊരു സമയത്ത് തദ്വിഷയത്തില് പഠനം നടത്തുന്നവര്‍ക്ക് ഏറെ പ്രയോജനപ്രദമാണ് കൃതി. ഇന്‍ഷുറന്‍സ് പരിരക്ഷ സമാനമായ രീതിയില്‍ വര്‍ണിക്കപ്പെടാറുണ്ട്. അവയുടെയും എങ്ങനെയാണ് ഇന്‍ഷുറന്‍സ് അന്യായമായി മാറുന്നത് എന്ന് ഒരോര്‍ത്തര്‍ക്കും മനസ്സിലാക്കിത്തരും ഈ പുസ്തകം. ഇസ്ലാമിലെ കൂട്ടുപ്രായശ്ചിത്തമാണ് ഇന്‍ഷുറന്‍സ് എന്ന വാദത്തിലെ കാപട്യം തുറന്നു കാണിക്കുന്നതോടൊപ്പം ഇന്‍ഷുറന്‍സ് നടപ്പിലാക്കുമ്പോള്‍ പലപ്പോഴും സമൂഹത്തില്‍ അലംഭാവവും അശ്രദ്ധയും അപകടങ്ങളും വര്‍ധിക്കുകയും ചെയ്യുമെന്ന് ഉണര്‍ത്തുന്നുമുണ്ട്. മാത്രമല്ല, അവകാശികള്‍ പോളിസി ഹോള്‍ഡറുടെ മരണം കൊതിക്കുകയും ഒരു പക്ഷെ, കൊലപ്പെടുത്തുവാനുമൊക്കെ ഇത് വഴിവെക്കും. ബങ്കിംഗുമായും ഇന്‍ഷുറന്‍സുമായും ബന്ധപ്പെട്ട് ചില പ്രസക്തമായ ചോദ്യങ്ങള്‍ കൂട്ടിചേര്‍ക്കുകയും അവയുടെ കൃത്യമായ ഉത്തരങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്.
പെണ്ണായി പിറന്നവള്‍ക്ക് ജീവിക്കാന്‍ പോലും അവകാശം നിഷേധിക്കപ്പെട്ട യുഗത്തില്‍ ഉയര്‍ന്നു വന്ന ഇസ്ലാം, സ്ത്രീ ഉള്‍പ്പടെ ഓരോരുത്തര്‍ക്കും പര്യാപ്തമായ അനന്തരാവകാശം നിശ്ചയിച്ചിട്ടുണ്ട്. പുരുഷന് ഉള്ളതിന്റെ പകുതിയാണ് സ്ത്രീക്ക് ഇസ്ലാം അനുവദിക്കുന്നതെന്ന് പല ഇസ്ലാം വിരുദ്ധരും പുലമ്പാറുണ്ട്. എന്നാല്‍, സ്ത്രീയുടെ ജനനം മുതല്‍ മരണം വരെയുള്ള എല്ലാ കാര്യങ്ങളും പരുഷന്റെ ചുമലില്‍ ഏല്‍പ്പിച്ചിട്ടുണ്ട്. എന്നിട്ടും അവള്‍ക്ക് പകുതി അവകാശം വെച്ചു നീട്ടുകയാണ് ചെയ്തത്. സമാനമായ രീതിയില്‍ തന്നെ അനാഥ സന്താനങ്ങളുടെ (യതീം) അനന്തരവകാശം പലര്‍ക്കും ചെറിയ ആശങ്ക ജനിപ്പിക്കാറുണ്ട്. അതായത്, ഈ കുട്ടികളുടെ പരിചരണം പൊതു സമൂഹത്തിന്റെ കടമയാണ്. എന്നാല്‍, അവര്‍ക്കും പിതൃവ്യന്റെ സ്വത്തിന്റെ അവകാശം നല്കുകയായിരുന്നെങ്കില് തീര്‍ത്താല്‍ തീരാത്ത പ്രതിസന്ധികള്‍ ഉയരും. അപ്പോള്‍, ഇസ്ലാമിന്റെ അനന്തരാവകാശ രീതി എത്രത്തോളം സമഗ്രമാണെന്ന് മനസ്സിലാക്കാന്‍ നെല്ലിക്കുത്ത് ഉസ്താദിന്റെ പ്രസ്തുത പുസ്തകം പഠനവിധേയമാക്കിയാല്‍ മതി.
പലപ്പോയും ചില പണ്ഡിതന്മാര്ക്ക് പോലും ഓഹരി വെക്കല്‍ സംങ്കീര്ണമായി അനുഭവപ്പെടും. എന്നാല്‍, നെല്ലിക്കുത്ത് ഉസ്താദ് തയ്യാറാക്കിയ ചാര്‍ട്ട് പ്രയോജനപ്പെടുത്തിയാല്‍ പരസഹായം കൂടാതെ ആര്‍ക്കും മനസ്സിലാക്കാം. സമഗ്രതയുടെ മതമായ ഇസ്ലാമിന്റെ സാമ്പത്തിക നയങ്ങളറിയാന്‍ തുനിയുന്ന ഏതൊരാള്‍ക്കും ഉപകാരപ്പെടുന്ന ഒരു പുസ്തകമാണ് ശൈഖുല്‍ ഹദീസ് നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്ലിയാരുടെ ഇസ്ലാമിലെ സാമ്പത്തിക നിയമങ്ങള്‍. ഇതി മത വിശ്വാസക്കാരായ ഗവേഷകര്‍ക്ക് പോലും ഉപകാരപ്പെടുന്ന ഒരു റഫറന്‍സ് ഗ്രന്ഥമാണിത്
മന്‍സൂര്‍ പരപ്പന്‍പൊയില്‍