2019 July-August Hihgligts Shabdam Magazine ലേഖനം

വിദ്യാഭ്യാസ രംഗം അപനിര്‍മാണങ്ങളെ ചെറുക്കാം

“ഒരു കുട്ടി
ഒരു അധ്യാപകന്‍,
ഒരു പുസ്തകം,
പിന്നെയൊരു പെന്‍.
ഇവയ്ക്കു ഈ ലോകം
മാറ്റിമറിക്കാന്‍ സാധിക്കും.”
-മലാല യൂസഫ് സായ്

1990-കളുടെ തുടക്കം മുതല്‍ പുരോഗമനപരമായ ചര്‍ച്ചയിടങ്ങളില്‍ കൂടുതല്‍ വ്യവഹരിക്കപ്പെട്ട പദം വിദ്യാഭ്യാസമായിരുന്നു. അങ്ങ് യുനെസ്കോയും യൂനിസെഫും മുതല്‍ ഗ്രാമങ്ങള്‍ക്കുള്ളിലെ ചെറുകിട ക്ലബ്ബുകള്‍ വരെ ആ ഒരു സംജ്ഞയുടെ ലക്ഷ്യപ്രാപ്തിയെ കുറിച്ചുള്ള ചര്‍ച്ചയുടെ ഭാഗഭാക്കായിരുന്നു.മനുഷ്യ നന്മക്കായി ഉടലെടുത്ത ലോകത്തിലെ എല്ലാ ദര്‍ശനങ്ങളും വിജ്ഞാന സമ്പാദനത്തിന്‍റെ പ്രാധാന്യത്തെ ഊന്നിപ്പറഞ്ഞിരുന്നു. അങ്ങനെ ഇരുപതാം നൂറ്റാണ്ടിന്‍റെ അന്ത്യത്തോട് കൂടെയാണ് ആധുനിക രീതിയിലുള്ള കാമ്പസ് സംവിധാനങ്ങളും ക്രമീകരണങ്ങളും കൈരളിയുടെ മണ്ണില്‍ ആരംഭം കുറിക്കുന്നത്. വിദ്യാഭ്യാസം ജനകീയവും അതിജീവനത്തിന്‍റെ ആവശ്യോപാധിയായും മാറിയിട്ട് നാളേറെയായി. അതുകൊണ്ട് തന്നെ എല്ലാ കാലത്തും അത് വളരുക തന്നെയായിരുന്നു. ഒരു ദശകം മുമ്പുവരെ പ്രാഥമിക വിദ്യാഭ്യാസം കൊണ്ട് മതിയാക്കിയവര്‍ പിന്നീട് പത്താം ക്ലാസ് വിജയത്തോടെ ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിക്കുന്ന പ്രവണതക്ക് മുന്‍തൂക്കം കൊടുക്കുന്നവരായി മാറി. ഇന്ന് അവരില്‍ ഭൂരിപക്ഷവും വിദ്യാഭ്യാസത്തിന്‍റെ തന്‍റെ സ്വാഭാവികാതിര്‍ത്തി ഹയര്‍സെക്കണ്ടറി, ബിരുദമൊക്കെയാക്കി വികസിപ്പിച്ചിരിക്കുന്നു. പൊതുബോധത്തിന്‍റെ വിദ്യാഭ്യാസത്തോടുള്ള മനോഭാവത്തില്‍ വന്ന പ്രശംസാവഹമായ പരിവര്‍ത്തനം തന്നെയായി ഇതിനെ കണക്കാക്കാം. എന്നാല്‍ കാലം മാറി. കോലവും ശീലവും മാറി. പനയോലകളില്‍ നാരായം കൊണ്ടെഴുതിയ പഴയ കാലമൊന്നും അക്ഷരം പഠിക്കാനെത്തുന്ന ബാല്യങ്ങള്‍ക്കോ എല്ലാം തികഞ്ഞ തിളക്കുന്ന യുവത്വത്തിനോ അറിയില്ല. പറഞ്ഞ് കൊടുക്കാനാളുമില്ല. പള്ളിക്കൂടങ്ങളും സഭാമഠങ്ങളും ഗുരുകുലങ്ങളും എഴുത്തുപള്ളികളുമൊക്കെ കേരളീയ സംസ്കൃതിയുടെ ചുവരെഴുത്തുകളില്‍ അന്നുമിന്നും സുവര്‍ണലിപികളില്‍ തന്നെയാണ്. അന്ന് വിദ്യ പകര്‍ന്ന എഴുത്തച്ഛന്‍മാര്‍ കാലാന്തരം മാഷന്മാരായി. പതിനാറാം നൂറ്റാണ്ടില്‍ തീരമിറങ്ങിയ പറങ്കികള്‍ പഠിപ്പിച്ച് തുടങ്ങിയ പശ്ചാത്യ വിജ്ഞാനത്തിന്‍റെ അത്ഭുത സ്വാധീനമാണോ എന്നറിയില്ല. വിദ്യ പഠിക്കാനെത്തിയവരില്‍ നിന്ന് ലഭിച്ച ‘സര്‍’ പദവിയില്‍ വരെ എത്തിയിരിക്കുന്നു ഗുരുക്കന്മാര്‍. വേദവും ഉപനിഷത്തും വൈദ്യവും ജ്യോതിഷവും കളരിയുമൊക്കെ പഠിപ്പിച്ച ഗുരുകുല കരിക്കുലം, ചിന്തിക്കുന്നതിനപ്പുറം മാറ്റങ്ങള്‍ സംഭവിക്കാവുന്ന ഹൈടെക് പാഠ്യവിഷയങ്ങളുടെ സിലബസ്സിലേക്ക് രൂപാന്തരം പ്രാപിച്ചു. ദേശഭാഷാ വ്യത്യാസമില്ലാതെ സംസ്കൃതിയും സാഹിതിയുമൊക്കെ കൈരളിയുടെ അച്ചടിക്കടലാസിലേക്ക് കടന്നുവന്നു. എന്നാല്‍ കാലക്രമേണ ആശങ്കാജനകമായ പരിവര്‍ത്തനങ്ങളും വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ കണ്ടുതുടങ്ങി. വിദ്യാഭ്യാസം എന്നാല്‍ വിവരശേഖരണമോ, അധ്യാപകന്‍ എന്നാല്‍ വിതരണക്കാരനെന്നോ പറയുന്ന നിര്‍വചനങ്ങളിലേക്ക് രംഗമാറ്റം സംഭവിച്ചിരിക്കുന്നു. ലക്ഷ്യമില്ലാത്ത വിദ്യാഭ്യാസ സമ്പ്രദായം ആര്‍ക്കോ വേണ്ടി ആരെയോ നിര്‍മ്മിക്കുകയാണ്.
പണ്ട് പട്ടണങ്ങളിലും ചന്തകളിലും നാം കണ്ടിരുന്നത് ‘വെളിച്ചെണ്ണ ഇവിടെ വില്‍ക്കപ്പെടും’ എന്ന ബോര്‍ഡായിരുന്നു. എന്നാലിന്ന് ബോര്‍ഡ് മാറി. ‘ശുദ്ധമായ വെളിച്ചെണ്ണ ഇവിടെ വില്‍ക്കപ്പെടുന്നു’ എന്നതിലേക്ക് ഒരു ‘ശുദ്ധി’കലശം നടത്തി. അതുപോലെ തന്നെയായി മാറിയിരിക്കുന്നു കലാലയങ്ങളിലെ മൂല്യാധിഷ്ടിത വിദ്യാഭ്യാസത്തിന്‍റെ അവസ്ഥ. പരി’ശുദ്ധമായ’ വിദ്യാഭ്യാസം നാമാവശേഷമായെന്ന തിരിച്ചറിവ് വന്ന സമൂഹത്തിന് മുന്നില്‍ ‘ക്വാളിറ്റി എഡ്യൂക്കേഷന്‍’ എന്ന് പ്രദര്‍ശിപ്പിക്കാന്‍ പ്രേരിതരാകുകയാണ് വിദ്യാഭ്യാസ സംരംഭങ്ങള്‍. പ്രത്യേകിച്ചും ഗുണമേന്മയുള്ള വിജ്ഞാനമെന്നത് കാലിക വിദ്യാഭ്യാസത്തിന്‍റെ പ്രധാന പരിഗണനയായി മാറിയ സാഹചര്യത്തില്‍. എന്നാല്‍ കുറച്ചു കാലങ്ങളായി ഇതിലും ഭീകരമായ പ്രതിസന്ധികളെ നേരിടുകയാണ് നവവിദ്യാഭ്യാസരംഗം.

പേടിക്കണം ഈ രക്ഷിതാക്കളെ!

“ഏപ്രില്‍, മെയ് മാസങ്ങള്‍ അഡ്മിഷന്‍ കാലമാണല്ലോ… പരാതിക്കാരില്‍ ചിലരെങ്കിലും അടുത്തുള്ള പ്രൈവറ്റ് സ്കൂളിലെ അഡ്മിഷനു ശുപാര്‍ശ ചോദിച്ചു വരുന്നവരാണ്. തൃശൂരില്‍ നിന്നുമുള്ള മലയാളി കന്യാസ്ത്രീകള്‍ വളരെ നന്നായി നടത്തിവരുന്ന അണ്‍ എയ്ഡഡ് സ്കൂളാണ് സെന്‍റ് മേരീസ്. ഇംഗ്ലീഷ് മീഡിയത്തോടുള്ള കടുത്ത അഭിനിവേശവും അവിടെയുള്ള അധ്യാപനത്തിന്‍റെ കര്‍ക്കശ രീതികളുമാവണം മാതാപിതാക്കളെ ഇങ്ങോട്ട് ആകര്‍ഷിച്ചിരുന്നത്. ഇന്നലെ കാണാന്‍ വന്ന ഒരു രക്ഷിതാവിന് എന്‍റെ ശുപാര്‍ശ കത്ത് കൂടിയേ തീരൂ. കഴിഞ്ഞ വര്‍ഷം അതേ സ്കൂളില്‍ വാര്‍ഷികാഘോഷത്തിന് മുഖ്യാതിഥിയായി ചെല്ലുമ്പോള്‍ പ്രിന്‍സിപ്പല്‍ എന്‍റെ ചെവിയില്‍ പറഞ്ഞതാണ് എനിക്കോര്‍മ്മ വന്നത്. മാഡം. അടുത്ത അഡ്മിഷന്‍ സമയമാവുമ്പോള്‍ ശുപാര്‍ശയൊന്നും പറയല്ലേട്ടോ, ഞങ്ങള് പ്യുവര്‍ മെറിറ്റി (ജൗൃല ങലൃശേ) ലാണ് അഡ്മിഷന്‍ കൊടുക്കുന്നത്. എല്‍ കെ ജി ക്കാരന് എന്ത് പ്യുവര്‍ മെറിറ്റ്(ജൗൃല ങലൃശേ) എന്ന് ഉള്ളില്‍ തികട്ടിവന്ന റിബലിസത്തെ ഉള്ളിലടക്കി, ഗവണ്‍മെന്‍റ് സ്കൂളുകളില്‍ മാത്രമേ ക്ഷണം സ്വീകരിച്ചു പോകൂ എന്ന തീരുമാനത്തില്‍ മാറ്റം വരുത്തിയതില്‍ ഖേദിച്ചതൊക്കെ ഓര്‍ത്തെടുക്കുമ്പോഴാണ് പരാതിക്കാരി എന്നെ വീണ്ടും വിളിക്കുന്നത്. ‘ യേന്‍ മാഡം, എതുമേ സൊല്ലമാട്ടീങ്ക്ളാ? എന്നുടെ കൊളന്തയോടെ വാഴ്ക്കൈ ഉങ്ക കൈയില്‍ താന്‍…’ ഞാന്‍ പറഞ്ഞാലും അഡ്മിഷന്‍ കിട്ടില്ല എന്നു പറഞ്ഞിട്ടും അവര് വിടുന്ന ലക്ഷണമില്ല. കൈയ്യിലിരുന്ന ബയോഡാറ്റയില്‍ ‘ഞലരീാാലിറലറ’ എന്നെഴുതി വാങ്ങിയിട്ടേ അവര് സമ്മതിച്ചുള്ളൂ.
അഡ്മിഷനു വേണ്ടി ഈ കൊടുംചൂടില്‍ അലഞ്ഞു തിരിയുന്നതിന്‍റെ പെടാപ്പാടും ഇപ്പറയുന്ന സ്കൂളില്‍ മോള്‍ക്ക് അഡ്മിഷന്‍ കിട്ടിയില്ലെങ്കിലോ എന്ന ആകുലതയും ഒക്കെ അവര്‍ പറഞ്ഞു തീര്‍ത്തപ്പോള്‍ ഞാന്‍ ചോദിച്ചു: ‘എന്തിനാ ഇത്രയും കഷ്ടപ്പെടുന്നത്. അടുത്ത് തന്നെ ഒരു ഗവണ്‍മെന്‍റ് സ്കൂളും ഗവണ്‍മെന്‍റ് എയ്ഡഡ് സ്കൂളുകളും ഉണ്ടല്ലോ…?’ അവരുടെ മുഖം മാറി. മാഡത്തിനങ്ങനെയൊക്കെ പറയാം. വലിയ സ്കൂളില്‍ ഇംഗ്ലീഷ് മീഡിയത്തിലൊക്കെ പഠിച്ചിട്ടല്ലേ മാഡം ഈ നിലയിലെത്തിയത്. ഞങ്ങള്‍ക്ക് മക്കളെപ്പറ്റിയുള്ള ആധിയും അലച്ചിലും നിങ്ങള്‍ക്ക് ആര്‍ക്കും മനസ്സിലാവില്ല. ഞാന്‍ തര്‍ക്കിക്കാന്‍ നിന്നില്ല. അവര്‍ ഇറങ്ങിപ്പോവുമ്പോള്‍ ഇതുപോലെ ഒരു മൂന്നു വയസ്സുകാരിയെയും കൊണ്ട് അഡ്മിഷനു വേണ്ടി കാത്തുനിന്ന അമ്മയെയാണെനിക്ക് ഓര്‍മ്മ വന്നത്. കുഞ്ഞേച്ചി പഠിക്കുന്ന സ്കൂളില്‍ തന്നെ എന്നെ ചേര്‍ക്കാന്‍ പോവുമ്പോള്‍ സിസ്റ്റര്‍ പറഞ്ഞു: വയസു നാലാവണം. ഇവിടെ അഡ്മിഷന്‍ കിട്ടണമെങ്കില്. അമ്മ പിന്നെയും ഒരു വര്‍ഷം കാത്തിരുന്നു. ബെഞ്ചും ഡെസ്കുമുള്ള, ചൂരലുള്ള സിസ്റ്റേഴ്സ് പഠിപ്പിക്കുന്ന സ്കൂളില്‍ അഡ്മിഷന്‍ കിട്ടാന്‍. നാലാം വയസ്സില്‍ പോവുമ്പോള്‍ ‘സ്നേഹ സേന’ എന്നെഴുതിയിരിക്കുന്നത് ഉറക്കെ വായിക്കാന്‍ പറഞ്ഞു സിസ്റ്റര്‍. ഉറക്കെ വായിച്ചിട്ടും അഡ്മിഷന്‍ കിട്ടാത്ത എന്നെ പറ്റി അപ്പയും അമ്മയും പരിഭ്രമിച്ചില്ല. അങ്ങനെയാണ് തൊട്ടടുത്തുള്ള ദാറുസ്സലാം സ്കൂളില്‍ ഞാന്‍ ചേരുന്നത്. ഒരു ഗവണ്‍മെന്‍റ് എയ്ഡഡ് സ്കൂളായിരുന്നതിന്‍റെ പരിമിതികള്‍ നിറയെ ഉണ്ടായിരുന്നു അന്ന്. അപ്പയുടെ കൂട്ടുകാരൊക്കെ ഈ തീരുമാനത്തെ ചോദ്യം ചെയ്തു. ബെഞ്ചും ഡെസ്കുമില്ലാത്ത സ്കൂളില്‍ ഞങ്ങളൊക്കെ നിലത്തിരുന്ന് ആദ്യാക്ഷരങ്ങള്‍ പഠിച്ചു. നന്നായി പഠിച്ച് നാലിലെത്തിയാല്‍ ഡെസ്കില്‍ വെച്ചെഴുതുന്നത് സ്വപ്നം കണ്ടു പഠിച്ചു. ഡെസ്കുള്ള സ്കൂളില്‍ അഡ്മിഷന്‍ കിട്ടിയവര്‍ ഭാഗ്യവാന്മാരാണല്ലോ എന്നോര്‍ത്ത് അസൂയ പൂണ്ടു. എന്തായാലും ഇവിടെ നാലാം ക്ലാസ് വരെയേ ഉള്ളൂ. അത് കഴിഞ്ഞ് അടുത്തുള്ള ഗവണ്‍മെന്‍റ് എയ്ഡഡ് സ്കൂളില്‍ അഡ്മിഷന്‍ കിട്ടണം. മുമ്പ് അഡ്മിഷന്‍ നിഷേധിച്ച സ്കൂളിലെ കുട്ടികള്‍ക്കാണ് അവിടെ മുന്‍ഗണന. ഞാന്‍ പഠിക്കുന്ന സ്കൂളിലെ കുട്ടികള്‍ക്ക് അവിടെ പരിഗണന കുറവാണ്.കാരണം ഞങ്ങള്‍ ഇംഗ്ലീഷ് പഠിച്ചു തുടങ്ങുന്നത് നാലാം ക്ലാസിലാണ്. അവരൊക്കെ എല്‍ കെ ജി യിലും. ഒന്നില്‍ നിന്ന് രണ്ടിലേക്ക് ജയിക്കുമ്പോഴാണ് ആകെപ്പാടെ ഒരു മാറ്റം. ഡിപിഇപി വന്നു. പുസ്തകങ്ങള്‍ മഞ്ചാടിയും കുന്നിമണിയും മിന്നാമിന്നിയുമായി. ഞങ്ങള്‍ കവിതയെഴുതാനും കഥകള്‍ പറയാനും പരീക്ഷണങ്ങള്‍ ചെയ്യാനും തുടങ്ങി. പരീക്ഷയെ പേടിക്കാതെ ഞങ്ങള്‍ ആര്‍ത്തുല്ലസിച്ചു പഠിച്ചു. വിജൂന ടീച്ചറും, റംലത്ത് ടീച്ചറും, ഉമൈറത്ത് ടീച്ചറും ഒക്കെ ഞങ്ങളെ കലോത്സവങ്ങള്‍ക്കു കൊണ്ടുപോയി. ശാസ്ത്ര പ്രദര്‍ശനങ്ങളും ക്വിസ് കോമ്പറ്റീഷനുകളും ഒക്കെ പരിചയപ്പെടുത്തി തന്നത് ഇവരൊക്കെയാണ്. നാലാം ക്ലാസില്‍ എല്‍ എസ് എസ് സ്കോളര്‍ഷിപ്പ് കിട്ടിയപ്പോള്‍ ഞങ്ങളെ പറ്റി അഭിമാനം കൊണ്ട അധ്യാപകര്‍ തന്ന ഊര്‍ജം ചെറുതല്ല. ജില്ലാകലോത്സവത്തില്‍ കഥാകഥനത്തിന് സി ഗ്രേഡ് കിട്ടിയപ്പോഴും ‘മിടുക്കി’ എന്ന് പറഞ്ഞു അഭിനന്ദിച്ചതും ഇതേ ഗുരുദൂതന്മാരാണ്. അടുത്തുള്ള കര്‍ദിനാള്‍ സ്കൂളില്‍ അഡ്മിഷന്‍ കിട്ടി അവിടെ പത്താംതരം പൂര്‍ത്തിയാക്കുമ്പോള്‍ മനസ്സുനിറയെ ഇനി വലിയൊരു സ്കൂളില്‍ പോയി പഠിക്കണമെന്ന ആഗ്രഹമായിരുന്നു അന്ന്. ഇംഗ്ലീഷാണ് എല്ലാം എന്ന മിഥ്യാധാരണ.
അങ്ങനെയാണ് നഗരത്തിലെ പ്രശസ്തമായ സെന്‍റ് തെരേസാസ് സ്കൂളില്‍ അപ്ലിക്കേഷന്‍ കൊടുക്കുന്നത്. എല്ലാ വിഷയത്തിനും എപ്ലസ് കിട്ടിയിട്ടും ഇന്‍റര്‍വ്യൂ ദിവസം എന്‍റെ പേര് വിളിച്ചില്ല. വാതില്‍ക്കല്‍ നിന്ന സിസ്റ്റര്‍ അഡ്മിഷന്‍ തീര്‍ന്നു എന്നറിയിച്ചു. ഓടിക്കിതച്ച് പഠിച്ച സ്കൂളില്‍ നിറകണ്ണുകളോടെ എത്തുമ്പോള്‍ എന്നെ ഡിക്ഷ്ണറി തന്നു സ്വീകരിച്ചു എന്‍റെ അധ്യാപകര്‍. പണ്ട് അഡ്മിഷന്‍ കിട്ടാത്ത നാലുവയസ്സുകാരിയെ വിഷമിക്കണ്ട എന്നു പറഞ്ഞു കൊണ്ടു വന്നത് അമ്മയായിരുന്നെങ്കില്‍ ഇത്തവണ അപ്പയായിരുന്നു കൂടെ… തിരിഞ്ഞു നോക്കുമ്പോള്‍ കിട്ടാത്ത അഡ്മിഷനുകളാണ് എന്നെ ഞാനാക്കിയത്. കണ്ടീഷനുകളില്ലാതെ കൈനീട്ടി സ്വീകരിച്ച വിദ്യാലയങ്ങളാണ് എല്ലാവരെയും തുറന്ന മനസ്സോടെ സമീപിക്കാന്‍ എന്നെ പഠിപ്പിച്ചത്. നിലത്തിരുന്ന് ആദ്യാക്ഷരങ്ങള്‍ സ്ലെയിറ്റിലെഴുതി പഠിക്കുമ്പോള്‍ അടുത്തിരുന്ന അജാസിനെയും ശീതളിനെയും സഹായിക്കാന്‍ പറഞ്ഞ അന്നമ്മ ടീച്ചറാണ് സഹവര്‍ത്തിത്വത്തിന്‍റെ ബാലപാഠങ്ങള്‍ ചൊല്ലിത്തന്നത്. മാതൃഭാഷയിലൂടെ ഗണിതവും, ഭൗതിക ശാസ്ത്രവും, രസതന്ത്രവും മാത്രമല്ല, സ്നേഹിക്കാനും, പങ്കുവെക്കാനും, സമൂഹത്തിന് ഒരു മുതല്‍ക്കൂട്ടാവാനും ഒക്കെ ഞങ്ങളെ പഠിപ്പിച്ചു. വലിയ വലിയ സ്കൂളുകളും, ക്ലാസ്റൂം അഴുക്കായാലോ എന്നോര്‍ത്ത് കുഞ്ഞുങ്ങള്‍ ചോറുതിന്നരുതെന്നു പറയുന്ന അധ്യാപകരും, മൂത്രമൊഴിക്കാന്‍ ഇംഗ്ലീഷില്‍ അനുവാദം ചോദിക്കാന്‍ ഭയന്ന് യൂറിനറി ഇന്‍ഫെക്ഷന്‍ വരുന്ന കുരുന്നുകളും… ഇതിനൊക്കെ വേണ്ടിയാണോ, ഈ കൊടുവെയിലില്‍ നിങ്ങളുടെ ശുപാര്‍ശക്കായോടുന്നത്? കുഞ്ഞുങ്ങള്‍ ചിത്രശലഭങ്ങളല്ലേ… അവരുടെ ചിറകുകള്‍ കൂടുതല്‍ വര്‍ണ്ണാഭമാവട്ടെ… അവര് പാറിപ്പറന്നു നടക്കട്ടേ…”. പരീക്ഷാഫലങ്ങളുടെയും അഡ്മിഷനുകളുടെയും തിരക്കുപിടിച്ച സമയത്താണ് ഫേസ്ബുക്കിലെ ഇങ്ങനെയൊരു കുറിപ്പില്‍ കണ്ണുടക്കുന്നത്. ‘കിട്ടാത്ത അഡ്മിഷനുകളാണ് എന്നെ ഞാനാക്കിയത്’ എന്ന തലവാചകത്തോടെ തമിഴ്നാട്ടില്‍ അസിസ്റ്റന്‍റ് കലക്ടറായ സരയു മോഹനചന്ദ്രന്‍ പോസ്റ്റ് ചെയ്തതായിരുന്നു അത്. താന്‍ കടന്നുവന്ന പാതകളിലെ ഓര്‍മകളുടെ ഒരു ഫേസ്ബുക്ക് കുറിപ്പെന്നതിനപ്പുറം വിദ്യാഭ്യാസ ‘വര്‍ത്തമാന’ങ്ങളോട് ചിലത് പറഞ്ഞുവെക്കുകയാണ് കുറിപ്പ്.
തങ്ങളുടെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാനാണ് എല്ലാ മാതാപിതാക്കളുടെയും ആഗ്രഹം. എന്നാല്‍ അതിനായി ചിലര്‍ പേരും പെരുമയുമുള്ള സ്കൂളിലെ അഡ്മിഷനു പിന്നാലെയോടും. കിട്ടിയില്ലെങ്കില്‍ ശുപാര്‍ശക്ക് വേണ്ടി അധികാര സ്വാധീനങ്ങളുടെ കാല്‍ക്കല്‍ തന്നെ വീഴും. സ്പെഷ്യല്‍ ട്യൂഷനും പുറമെ ഹോംട്യൂഷനും കൊടുത്ത് പുസ്തകത്തിനു മുന്നില്‍ പിടിച്ചിരുത്തും. എല്ലാത്തിനും ചോദിക്കുന്ന പണം നല്‍കി സര്‍വം ചെയ്തു തീര്‍ത്ത ആത്മനിര്‍വൃതിയില്‍ വിരാജിക്കും. വേറെ ചിലരുണ്ട്. തനിക്ക് നഷ്ടമായ റാങ്കുകളും കരിയറും മക്കളിലൂടെ വീണ്ടെടുക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നവര്‍. അതിനുവേണ്ടി മക്കളുടെ താല്‍പര്യങ്ങളും സ്വപ്നങ്ങളും കഴിവുകളും കണ്ടില്ലെന്ന് നടിക്കും. അല്ലെങ്കില്‍ മുളയിലേ നുള്ളിക്കളയും. എസ്.എസ്.എല്‍.സിയില്‍ ഫുള്‍ എ പ്ലസ് നേടിക്കഴിഞ്ഞാല്‍ അത്തരം രക്ഷാകര്‍തൃദൗത്യത്തിന്‍റെ പ്രഥമഘട്ടം പൂര്‍ത്തിയായി. ഹയര്‍സെക്കണ്ടറിയും തഥൈവ. അത് കഴിഞ്ഞാല്‍ ഏത് കരിയര്‍ തെരഞ്ഞെടുക്കണമെന്നതും അവരുടെ നിര്‍ബന്ധം പോലിരിക്കും. ഇങ്ങിനെയുള്ള രക്ഷിതാക്കളുടെ ‘പുരോഗമന’മാണ് കേരളീയ വിദ്യാഭ്യാസരംഗത്തിന് കൂടുതല്‍ ആശങ്കാജനകമായ ഭീഷണി ഉയര്‍ത്തുന്നത് എന്ന് പറയാതെ വയ്യ. എന്തിനാണ് നാം മക്കളെയിങ്ങനെ വീര്‍പ്പുമുട്ടിക്കുന്നത്? കുട്ടിയുടെ ബൗദ്ധിക നിലവാരമളക്കാതെ താങ്ങാനാവാത്ത ഭാരം അവന്‍റെ മേല്‍ ചുമത്തുന്നത്? അമിതപ്രതീക്ഷ വെച്ച് പുലര്‍ത്തി മക്കളെ മാനസികമായി തളര്‍ത്തുന്നത്? എ പ്ലസ്സുകള്‍ വാരിക്കൂട്ടുന്ന പഠിപ്പികളായാല്‍ മതിയോ നമ്മുടെ മക്കള്‍?
ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റാ ലണ്ടിനില്‍ വെച്ച് ഒരിക്കല്‍ പറഞ്ഞത് പോലെ; നിങ്ങള്‍ മക്കളെ പണക്കാരനാകാന്‍ വേണ്ടി പഠിപ്പിക്കരുത്. സന്തോഷമുള്ള ജീവിതം കരസ്ഥമാക്കാന്‍ വേണ്ടി പഠിപ്പിക്കണം. എങ്കില്‍ അവര്‍ വസ്തുക്കളുടെ വിലയേക്കാള്‍ ഉപരി വസ്തുക്കളുടെ മൂല്യം തിരിച്ചറിയും. അവരെ പഠനം ആനന്ദകരമായ അനുഭവമാക്കി മാറ്റാന്‍ അനുവദിക്കൂ. അവരുടെ ഇടങ്ങളില്‍ അവര്‍ക്ക് സ്വാതന്ത്ര്യം നല്‍കൂ. അസന്മാര്‍ഗ്ഗികതയുടെ ആഴങ്ങളിലേക്കല്ലല്ലോ, അറിവനുഭവങ്ങളുടെ, അവബോധങ്ങളുടെ ആകാശത്തേക്കല്ലേ നമ്മളവരെ ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നത്.

വേലി തന്നെ വിള തിന്നുന്നു

അധ്യാപകന്‍ തന്നെ വിദ്യാര്‍ത്ഥിക്ക് പരീക്ഷയെഴുതിക്കൊടുത്ത ആള്‍മാറാട്ടത്തിന്‍റെ ‘പരീക്ഷ’ണ കഥ ഇക്കഴിഞ്ഞ മാസമാണ് നാം വായിച്ചത്. ഹയര്‍സെക്കണ്ടറി പരീക്ഷയുടെ മൂല്യനിര്‍ണയ സമയത്താണ് ഒരേ കൈയക്ഷരമുള്ള രണ്ട് പേപ്പറുകള്‍, മൂല്യനിര്‍ണയം നടത്തിയ അധ്യാപകന്‍റെ ശ്രദ്ധയില്‍ പെട്ടത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ മുക്കം നീലേശ്വരം ഹയര്‍സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പരീക്ഷയെഴുതിക്കൊടുത്തത് കണ്ടെത്തുകയായിരുന്നു. അന്വേഷണത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളുടേത് മാത്രമല്ലെന്നും മുപ്പതിലധികം പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ ഉത്തരപേപ്പറുകള്‍ അവരറിയാതെ തിരുത്തപ്പെട്ടുവെന്നും കണ്ടെത്തി. എങ്ങനെയാണ് സാക്ഷര കേരളത്തില്‍ ഇങ്ങനെയൊക്കെ സംഭവിച്ചത്? പ്രിന്‍സിപ്പലടക്കമുള്ള അധ്യാപകര്‍ ആള്‍മാറാട്ടത്തിന്ന് കൂട്ടുനിന്നെങ്കില്‍ എവിടെയാണ് അധ്യാപകരിലുണ്ടാകേണ്ട ധാര്‍മിക ഉത്തരവാദിത്വം കളഞ്ഞുപോയത്? അധ്യാപനം എന്നാല്‍ മാസാവസാനം സാലറി എക്കൗണ്ടിലെത്തുന്ന ഒരു ജോലി മാത്രമല്ല. ഒരു സാംസ്കാരിക കൈമാറ്റത്തിന്‍റെ ദൗത്യമണ്ഡലം കൂടിയാണ്. സിലബസ് തീര്‍ക്കലോ, വിദ്യാര്‍ത്ഥിയെ ജ്ഞാനസ്നാനം ചെയ്യിക്കലോ അല്ല, ഒരു വ്യക്തിത്വത്തെ ഉടച്ചുവാര്‍ക്കലാണ്. അവിടെ പ്രബുദ്ധമായൊരു തലമുറയുടെ പിറവിയുണ്ട്. തന്‍റെ ശിക്ഷണത്തിലൂടെ വിദ്യാര്‍ത്ഥി താന്‍ എന്തെല്ലാം മൂല്യങ്ങള്‍ നേടിയിരിക്കുന്നുവെന്ന് ചിന്തിക്കാന്‍ തുടങ്ങുമ്പോഴാണ് വിദ്യാര്‍ത്ഥിയുടെ പഠനം വിദ്യാഭ്യാസമാകുന്നതും വിദ്യാഭ്യാസം മൂല്യാധിഷ്ഠിതമാകുന്നതും. ഇതെല്ലാം അധ്യാപകര്‍ തന്നെ മറക്കുന്നതാണ് അതിശയോക്തി ജനിപ്പിക്കുന്നത്. അഭ്യസ്ഥവിദ്യരെന്നും സര്‍വ്വം തികഞ്ഞ ഗുരുക്കന്മാരെന്നും കരുതുന്നവര്‍ തന്നെ മൂല്യച്യുതിയുടെ പര്യായങ്ങളായി മാറുമ്പോഴാണ് അധ്യാപകരുടെ യോഗ്യതക്ക് അയാളുടെ വ്യക്തിത്വം, ഗുണസിദ്ധികള്‍ തുടങ്ങിയവ കൂടി പരിശോധനാ വിധേയമാക്കണം എന്ന ചിന്തക്ക് പ്രസക്തിയേറുന്നത്.
അതിനുപുറമെ ഭരണ സ്വാധീനത്തിന്‍റെ മറവില്‍ വിദ്യാഭ്യാസ മൂല്യങ്ങളെ മുച്ചൂടും അപഹരിക്കുന്ന രീതിയില്‍ മാനേജ്മെന്‍റ് താല്‍പര്യങ്ങളും മാറിയിരിക്കുന്നു. പരീക്ഷാഹാളില്‍ ചെയ്യാത്ത തെറ്റിന്‍റെ പേരില്‍ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന്‍റെ മനോവിഷമത്തില്‍ ഹാള്‍ വിട്ടു റൂമിലേക്കു പോയ ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ത്ഥിയുടെ ദുരവസ്ഥ നാം വായിച്ചറിഞ്ഞിട്ടുണ്ടാവും. വൈസ് പ്രിന്‍സിപ്പലും പി ആര്‍ ഒ യുമടക്കമുള്ളവര്‍ ചേര്‍ന്ന് ഇടിമുറിയില്‍ കൊണ്ടുപോയി മര്‍ദിക്കുകയും മരണത്തിലേക്ക് തള്ളിയിടുകയും ചെയ്ത വാര്‍ത്ത കേരള മന:സാക്ഷിയെ തെല്ലൊന്നുമല്ല പിടിച്ചുലച്ചത്. സഹപാഠികള്‍ക്കു പോലും ജിഷ്ണുവിന്‍റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുവാനോ, അവസാനമായി ഒരു നോക്ക് കാണുവാനോ ഉള്ള അവകാശത്തെ പോലും നിഷേധിക്കാന്‍ മാനേജ്മെന്‍റ് കാണിച്ച ധാര്‍ഷ്ട്യം തന്നെ കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാഫിയാ വിദ്യാഭ്യാസം എത്ര അപകടകരമായ വിധത്തില്‍ തഴച്ചു വളര്‍ന്നുവെന്ന് നമുക്ക് മുമ്പാകെ തെളിയിച്ചു തന്നതാണ്. അധ്യാപകരും മാനേജ്മെന്‍റും രാഷ്ട്രീയ സ്വാധീനങ്ങളുടെ പുകമറയ്ക്കുള്ളില്‍ നിന്ന് കാണിക്കുന്ന ചൂഷണങ്ങളുടെ പുതിയ വാര്‍ത്തകള്‍ ദിനേന പുറത്തുവരികയാണ്. മാനേജ്മെന്‍റ് ചൂതാട്ടങ്ങള്‍ക്ക് മുമ്പില്‍ അര്‍ഹതയുള്ളവര്‍ക്ക് തങ്ങളുടെ പ്രതീക്ഷകള്‍ മുഴുക്കെ നഷ്ടപ്പെടുകയാണ്. പാവപ്പെട്ടവന്‍റെ ഉന്നത വിദ്യാഭ്യാസം ഇന്നും ഒരു മരീചികയായി അവശേഷിക്കുന്നു. ഉന്നതവിദ്യാഭ്യാസം സ്വകാര്യനേട്ടമായി പരിഗണിച്ചോ എന്ന് ചില ഇന്‍റര്‍വ്യൂ പ്രവേശന രീതികള്‍ കണ്ടാല്‍ ചോദിച്ചുപോകും. മാര്‍ക്ക്ഷീറ്റ് കാണിച്ചാല്‍ യോഗ്യത പോരെന്ന് പറയും, മെറിറ്റ് സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ ഉയര്‍ന്ന യോഗ്യത വേണമെന്ന് പറയും. എല്ലാം തികഞ്ഞാല്‍ പിന്നെ പിറകെ വേണ്ടത് വീടിന്‍റെ ആധാരമോ, ബാങ്കില്‍ നിന്ന് ലോണോ ആയിരിക്കും. ഇങ്ങനെയായി മാറിയിരിക്കുന്നു ഇന്നത്തെ ചില ഇന്‍റര്‍വ്യൂഘട്ടങ്ങള്‍. അറിവിന്‍റെ ആഴമല്ല, കീഴയുടെ നറവാണ് അവര്‍ക്ക് പ്രധാനമെന്ന് ചുരുക്കം. അപ്പോഴും ഇത്തരം വിദ്യാഭ്യാസ വിപണിയില്‍ പണം വാരിയെറിയാന്‍ രക്ഷിതാക്കള്‍ തയ്യാറാകുന്നുവെന്നത് നിരാശാജനകമാണ്.

വിദ്യാഭ്യാസം വിപണിയിലേക്ക് വെക്കുമ്പോള്‍

‘വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം’ എന്നത് ‘വിദ്യ എന്നാല്‍ ധനം, ധനമാണ് പ്രധാനം’ എന്നൊക്കെ പരിവര്‍ത്തിപ്പിച്ചെടുത്ത ഒരു പുതിയ സ്ഥിതിഗതിയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. വിദ്യാഭ്യാസം ഒരു പൊതു ആവശ്യവും വ്യക്തിഗതമായ അവകാശവുമൊക്കെയായിരുന്നല്ലോ. എന്നാല്‍ ആ അവകാശത്തിനെയും അര്‍ഹതയെയും വിറ്റ് കാശാക്കാനും സ്വകാര്യ കുത്തകയാക്കാനും ഏതാനും ചിലര്‍ ഇന്നും പണിയെടുക്കുകയാണ്. അധികാരികളും അധ്യാപക ദാസ്യന്മാരും പിറകിലുള്ളപ്പോള്‍ ആ ദൗത്യം മുതലാളിത്ത വര്‍ഗത്തിന് സ്വതവേ അനായാസമാകുന്നു. അറിവെന്നത് മനുഷ്യന്‍റെ വിമോചനത്തിനോ അജ്ഞതകളകറ്റുന്നതിനോ സംസ്കൃതിയുടെ പുനര്‍ജനിക്കോ പ്രബുദ്ധരായ സമൂഹ നിര്‍മിതിക്കോ വേണ്ടിയാവുന്നില്ല. മുതലാളിമാര്‍ക്ക് ‘വിദഗ്ദന്മാരെ’ നിര്‍മിച്ചു നല്‍കുകയായിരിക്കുന്നു ഇന്നതിന്‍റെ ധര്‍മം. കച്ചവടവും തൊഴില്‍ പരിശീലനവുമായി മാത്രം വിദ്യാലയങ്ങള്‍ രൂപാന്തരപ്പെട്ടു. മൂലധനമിറക്കാതെ മുതലാളിമാര്‍ക്ക് ചെയ്യാവുന്ന ഏറ്റവും എളുപ്പമേറിയ വ്യാപാരശൃംഖലയായി വിദ്യാഭ്യാസം മാറ്റിയെഴുതപ്പെട്ടു. കൂടെ അക്ഷരം വിറ്റ് മൂല്യമാക്കുന്ന പുതിയ കാലത്തെ ഏറ്റവും വലിയ മാര്‍ക്കറ്റ് അവര്‍ കണ്ടുപിടിച്ചു. കാലാന്തരം സമൂഹത്തില്‍ തുടച്ചുനീക്കിയ ഗുരുകുല കാലത്തെ വരേണ്യവല്‍ക്കരണം ഇന്ന് പണാധിപത്യത്തിന്‍റെ മുന്നില്‍ തിരിച്ചുവരികയാണ്. വിദ്യാലയവും വിദ്യാഭ്യാസവും അവര്‍ക്കു തീറെഴുതിക്കൊടുക്കുകയാണ് ജനകീയ സര്‍ക്കാരുകള്‍. ദേശീയ നേതാക്കന്മാര്‍ ഇടപെട്ട് കൊണ്ടുവന്ന പല വിദ്യാഭ്യാസ നയങ്ങളൊക്കെയും ജലരേഖയാവുകയാണ് ചെയ്തത്. രണ്ടാം ലോക മഹായുദ്ധാനന്തരം സജീവമായ ആഗോളവല്‍ക്കരണത്തിന്‍റെയും സ്വകാര്യവല്‍ക്കരണത്തിന്‍റെയും ഫലങ്ങള്‍ ഇന്ത്യയിലെ വിദ്യാഭ്യാസ രംഗങ്ങളിലേക്കും കടന്നുവന്നു. അതിന്‍റെ ഭാഗമായി നിര്‍മിക്കപ്പെട്ട എല്ലാ കരാറുകളും വള്ളിപുള്ളി തെറ്റാതെ നമ്മുടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കാന്‍ തുടങ്ങി. 1985ല്‍ രാജീവ് ഗാന്ധി നടപ്പാക്കിയ നവ സാമ്പത്തിക നയ(ചലം ഋരീിീാശര ജീഹശര്യചഋജ)ത്തിന്‍റെ ഭാഗമായാണ് തൊട്ടടുത്ത വര്‍ഷം തന്നെ വിദ്യാഭ്യാസത്തിലും പരിഷ്ക്കരണങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടത്. ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്‍റെ അഴിച്ചുപണി ലക്ഷ്യമിട്ട് വിദ്യാഭ്യാസത്തെ കുറിച്ചുള്ള ദേശീയനയം (ചമശേീിമഹ ജീഹശര്യ ീി ഋറൗരമശേീിചജഋ) നടപ്പിലാക്കി. ഇതിന്‍റെ ഭാഗമായാണ് അക്കാദമിക് എക്സലന്‍സിന്‍റെ പരിശ്ചേദമായി നവോദയ സ്കൂളുകളൊക്കെ രംഗപ്രവേശനം ചെയ്തത്. വാസ്തവത്തില്‍ ഈ അഴിച്ചുപണി എന്തിനുവേണ്ടിയായിരുന്നു? ഉന്നത വിദ്യാഭ്യാസത്തിലേക്ക് സമ്പന്നന്‍റെ മക്കള്‍ മാത്രമാണ് കടന്നുവരുന്നതെന്നും അതുകൊണ്ട് അതിലേക്കുള്ള സര്‍ക്കാര്‍ സബ്സിഡികള്‍ കുറച്ചു കൊണ്ട് പ്രാഥമിക വിദ്യാഭ്യാസത്തിന് ചിലവഴിക്കണമെന്നുള്ള ലോകബാങ്കിന്‍റെ ആവശ്യം മൂലമായിരുന്നു അത്. പിന്നീട് പ്രാഥമിക മേഖലയില്‍ ഫണ്ടുകളൊന്നും എത്തിച്ചേര്‍ന്നിട്ടില്ല എന്നത് അത് തന്നെയാണ് വിളിച്ചുപറയുന്നത്.
കച്ചവടവല്‍ക്കരിക്കപ്പെടുന്ന ഏത് നയങ്ങള്‍ക്കു നേരയെും ആശയപരമായ ചെറുത്തുനില്‍പ്പ് തന്നെയാണ് തിരുത്താനുള്ള വഴി. അതിന് വിദ്യാലയമെന്നാല്‍ കമ്പോളമെന്നും വിജ്ഞാനമെന്നാല്‍ കച്ചവടച്ചരക്കെന്നും പാടിനടക്കുന്നവരുടെ പരിഷ്കരണങ്ങള്‍ പൊതുജനം പൂര്‍ണ്ണമായി കയ്യൊഴിയുകയാണ് വേണ്ടത്. കൂടുതല്‍ ഭീതിദായകമായ അന്തരീക്ഷങ്ങള്‍ വിദ്യാഭ്യാസ രംഗത്തേക്ക് പതുങ്ങി വന്നുകൊണ്ടിരിക്കുകയാണ്. സ്പോട്ട് അഡ്മിഷന്‍ എന്ന പാര്‍ട്ടി ക്വോട്ടയാണ് അതില്‍ പുതിയതെന്ന് വേണമെങ്കില്‍ പറയാം. ഓണ്‍ലൈന്‍ പ്രക്രിയക്കു പുറത്തെ സ്പോട്ട് അഡ്മിഷന്‍ എന്ന പ്രവേശനരീതി അട്ടിമറിച്ച് നേതാക്കള്‍ തങ്ങള്‍ക്കു പ്രിയപ്പെട്ടവരെ തിരുകിക്കയറ്റുന്ന സംവിധാനം. മെറിറ്റില്‍ പ്രവേശനം നേടി സീറ്റുകള്‍ നിറഞ്ഞാലും ഒഴിവുകള്‍ സൃഷ്ടിക്കാന്‍ സ്പോട്ട് അഡ്മിഷന്‍ വഴി സാധിക്കുന്നു. മൂന്നും നാലും തവണ അഡ്മിഷന്‍ നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്, രാഷ്ട്രീയ നേതാക്കന്മാരുടെ സന്തതസഹചാരികളെന്നതി. ലപ്പുറം യോഗ്യതയോ അര്‍ഹതയോ ഇല്ലെന്നതാണ് പരമ സത്യം.
നീതിയും സത്യവും അപ്രിയങ്ങളായി മാറുന്ന, ശക്തിക്കും വ്യക്തിക്കും അനുസരിച്ച് ശരിയും തെറ്റും നിര്‍വ്വചിക്കപ്പെടുന്ന ഒരു ഭരണമുഖത്താണ് നാം ജീവിക്കുന്നത്. ഡിഗ്രിക്ക് ഒന്നും രണ്ടും മാര്‍ക്ക് വാങ്ങി പി.എസ്.സി ക്ക് റാങ്ക് മേടിക്കുന്ന ‘പഠിപ്പിസ്റ്റു’കളുടെ കാലത്ത് ആ ഭരണമുഖങ്ങളോടും ചിലത് പറയാതെ വയ്യ. ബിസിനസ്സിലൂടെ കോടികള്‍ സമ്പാദിക്കുന്നവര്‍ മാത്രമല്ല, അന്നന്നത്തെ അധ്വാനത്തില്‍ നിന്ന് മിക്ക പങ്കും മക്കളുടെ പഠനത്തിലേക്ക് നീക്കി വെക്കുന്ന ഒരു സമൂഹവുമുണ്ടിവിടെ. മാനേജ്മെന്‍റിന് ഒത്താശ ചെയ്യുമ്പോഴും അധ്യാപകര്‍ക്ക് ശമ്പളപരിഷ്ക്കരണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോഴും അത്തരക്കാരെയും പരിഗണിക്കണം. എക്സ്പാന്‍ഷന്‍ (വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിപുലീകരണം), എക്സലന്‍സ് (ഗുണനിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍), ഇക്വിറ്റി (എല്ലാവര്‍ക്കും പഠിക്കുവാനുള്ള അവസരം), എംപ്ലോയബിലിറ്റി (തൊഴില്‍ശേഷി) തുടങ്ങിയ വിദ്യാഭ്യാസനയങ്ങളെല്ലാം ജനപ്രതിനിധി സര്‍ക്കാരുകള്‍ പേപ്പറിലൊതുക്കാതെ പ്രവര്‍ത്തിയിലും കാണിക്കണം. ഉത്തരപേപ്പറുകള്‍ വീട്ടിലൊളിപ്പിക്കുന്ന വിദ്യാര്‍ത്ഥിത്വത്തിന്‍റെ അധാര്‍മ്മികതക്ക് കൂട്ടുനില്‍ക്കുന്നവരാകരുത് ജനകീയ സര്‍ക്കാരുകള്‍.
അര്‍ഹതക്ക് നേരെയുള്ള പണാധിപത്യ ധ്വംസനങ്ങള്‍ കുഴിച്ചുമൂടണം. വിദ്യാഭ്യാസത്തെ പ്രാഥമികം, ഉന്നതം എന്ന അപകടം പിടിച്ച വര്‍ഗീകരണം ഒഴിവാക്കണം. വിദ്യാഭ്യാസ തുടര്‍പ്രക്രിയായ ഒന്നായി മാത്രം വിദ്യാഭ്യാസത്തെ കാണണം. ആധ്യാത്മിക മൂല്യങ്ങള്‍ കൂടി ഉള്‍പ്പെടുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന് മാത്രമെ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ കഴിയൂ എന്ന തിരിച്ചറിവ് അധികാരികള്‍ക്കുണ്ടാകണം. പാഠ്യ പദ്ധതികളില്‍ മൂല്യാധിഷ്ടിത വിദ്യാഭ്യാസത്തിനുതകുന്ന പാഠഭാഗങ്ങള്‍ ഉള്‍പെടുത്തേണ്ടത് ഗൗരവകരമായി ചിന്തിക്കണമെന്ന കോടതി നിര്‍ദ്ദേശം ഗവര്‍ണ്‍മെന്‍റുകള്‍ മുഖവിലക്കെടുക്കണം.
വിദ്യാര്‍ത്ഥി രാഷ്ട്രീയം കൊടുമ്പിരി കൊള്ളുന്ന കാലമാണിത്. സമീപകാലത്ത് ഒട്ടും ശുഭകരമല്ലാത്ത വാര്‍ത്തകളാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്. കേരളത്തിലെ പ്രഥമ കലാലയങ്ങളിലൊന്നായ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചതും, ഒരേ ചേരിയിലുള്ളവര്‍ തന്നെ പരസ്പരം അക്രമിച്ച് കുത്തിപ്പരിക്കേല്‍പിച്ചതും ഈയടുത്താണ്. വിപ്ലവം തോക്കിന്‍ കുഴലിലൂടെയോ കഠാരത്തുമ്പ് കൊണ്ടോ ആകരുത്. രക്തരഹിത വിപ്ലവങ്ങളാവട്ടെ വിദ്യാര്‍ത്ഥിരാഷ്ട്രീയങ്ങളുടെ അജണ്ട. ചരിത്രം സൃഷ്ടിച്ച പോരാട്ടങ്ങളുടെ കാമ്പസ് കാലങ്ങള്‍ തിരിച്ചു വരട്ടെ. ഊട്ടിയുറപ്പിച്ച സൗഹൃദവും സ്നേഹവും മത്സരാത്മക പഠനങ്ങളുടെ പഴയ കലാലയങ്ങളും കുട്ടിപ്രസ്ഥാനങ്ങളിലൂടെ പുനര്‍ജീവിക്കട്ടെ.
നമ്മുടെ വിദ്യാഭ്യാസ പ്രക്രിയകളുടെ വര്‍ത്തമാനം എങ്ങനെയൊക്കെയാണെന്ന് നമുക്ക് ബോധ്യപ്പെട്ടുകഴിഞ്ഞു. ഇനി മാറ്റങ്ങളുടെ പുതിയ പാതയിലേക്ക് വരാം. പരിഷ്ക്കരണങ്ങള്‍ക്ക് പകരം സംസ്കരണങ്ങള്‍ക്ക് നമുക്ക് മുന്‍തൂക്കം കൊടുക്കാം. സാര്‍വ്വലൗകികവും സാര്‍വ്വകാലികവുമായ അടിസ്ഥാനമൂല്യങ്ങള്‍ക്കും ധാര്‍മ്മിക സദാചാരങ്ങള്‍ക്കും പ്രാധാന്യം നല്‍കി അതിനെ അടിത്തറയാക്കിയുള്ള വിദ്യാഭ്യാസരീതിക്കാണ് നാം പരിശ്രമിക്കേണ്ടത്.
മൂല്യാധിഷ്ഠിത വിദ്യയും വിദ്യാലയങ്ങളുമാകട്ടെ വിദ്യാര്‍ത്ഥികളുടെ ലഹരി. കച്ചവടവല്‍ക്കരിക്കപ്പെടുന്ന വിദ്യാഭ്യാസ നയനിലപാടുകളും, അതിസമ്മര്‍ദ്ധങ്ങളുടെ എ പ്ലസ് പഠനങ്ങളും രക്തരൂക്ഷിതമായ കാമ്പസ് മുറ്റങ്ങളും കൈരളിയുടെ അക്ഷരഭൂമികയോട് വിടപറയട്ടെ. നിങ്ങള്‍ ലോകത്തില്‍ കാണണമെന്നാഗ്രഹിക്കുന്ന മാറ്റം നിങ്ങള്‍ തന്നെയാവട്ടെ എന്ന മഹാത്മാവിന്‍റെ വാക്കുകള്‍ കലാലയങ്ങളില്‍ പ്രതിധ്വനിക്കട്ടെ.

ജവാദ് വിളയൂര്‍

Leave a Reply

Your email address will not be published. Required fields are marked *