കഴിഞ്ഞ സെപ്റ്റംബര്‍ 8 ന് തിരുവനന്തപുരത്തെ വൃദ്ധസദനത്തില്‍ വേറിട്ടൊരു ചടങ്ങ് സംഘടിപ്പിക്കപ്പെട്ടു. അന്തേവാസികള്‍ക്കൊപ്പം മക്കളും പേരക്കുട്ടികളും ഒരുമിക്കുന്ന സംഗമമായിരുന്നു ലക്ഷ്യം. മാതാപിതാക്കളെ കാണാന്‍ പേരക്കുട്ടികളുമായി എത്തണമെന്ന് മക്കള്‍ക്ക് അധികൃതര്‍ നേരത്തെ തന്നെ കത്തയച്ചിരുന്നുവെങ്കിലും എത്തിച്ചേര്‍ന്നത് 2 പേര്‍ മാത്രം. വൃദ്ധജനങ്ങളെ ഭാരമായി കാണുന്ന പുതുകാല സാമൂഹികമന:സ്ഥിതിയുടെ നേര്‍ സാക്ഷ്യമായി ഈ സംഗമം മാറിയെന്നത് യാഥാര്‍ത്ഥ്യം. സമൂഹത്തില്‍ പ്രായം ചെന്നവര്‍ നേരിടുന്ന അവഗണനകള്‍ അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. നര ബാധിച്ച് തുടങ്ങുന്നതോടെ ഉറ്റ ബന്ധുക്കള്‍ക്കു പോലും അധികപ്പറ്റായി മാറുകയാണവര്‍. വാര്‍ധക്യത്തെ ശാപമായി കാണുന്ന ഒരു സമൂഹത്തില്‍ വയോജനങ്ങള്‍ മാറ്റിനിര്‍ത്തപ്പെടേണ്ടവരായാണ് പരിഗണിക്കപ്പെടുന്നത്. പ്രായം കൂടുംതോറും സ്വന്തം മക്കള്‍ക്കുതന്നെ മാതാപിതാക്കള്‍ ബാധ്യതകളാകുന്നു. തങ്ങളുടെ ജീവിത-തൊഴില്‍ നിലവാരങ്ങളോട് യോജിക്കാത്തവര്‍ അപമാനമാണെന്ന് സ്വയം വിധിയെഴുതുന്നു. പഴഞ്ചനായി മുദ്ര കുത്തപ്പെട്ട് ശേഷിച്ച കാലം തീ തിന്നാന്‍ വിധിക്കപ്പെട്ടവരായി വൃദ്ധജനങ്ങളില്‍ നല്ലൊരു പങ്കും മാറുന്നതിങ്ങനെയാണ്. കഷ്ടപ്പെട്ടു വളര്‍ത്തിയ മക്കളില്‍ നിന്ന് നേരിടുന്ന യാതനകള്‍ അവര്‍ക്ക് ഭാരമാകാതെ കൂടുമാറ്റത്തിന് പ്രേരിപ്പിച്ചതും ഏറെ പേരെ.
വാര്‍ധക്യം ഏറെ കരുതല്‍ ആവശ്യപ്പെടുന്ന സമയമാണെന്നതാണ് യാഥാര്‍ത്ഥ്യം. ജീവിതം എത്രകണ്ട് ആസ്വദിച്ചവരാണെങ്കിലും നരബാധിച്ചുതുടങ്ങുന്നതോടെ മനസ്സും ശരീരവും തളരുകയാണ്. പരസഹായമില്ലാതെ അത്യാവശ്യകാര്യങ്ങള്‍ പോലും ചെയ്യാനാകാത്ത അവസ്ഥയിലേക്ക് ക്രമേണ അവരെത്തും. ജീവിതത്തിലെ ഇത്തരം യാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെടുമ്പോള്‍ തന്നെ കഷ്ടപ്പെട്ട് വളര്‍ത്തിയ സന്താനങ്ങളുടെ കരുതലും പരിഗണനയും സ്നേഹവുമെല്ലാം അവര്‍ പ്രതീക്ഷിക്കുമെന്നത് പരമമായ സത്യമാണ്. അത് കിട്ടാതെ വരുമ്പോള്‍ അവര്‍ എത്രത്തോളം വേദനിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ. മാതാപിതാക്കളെ അവഗണിക്കുകയും ദേഹോപദ്രവം ചെയ്യുക കൂടിയായാലോ. അവര്‍ അനുഭവിക്കുന്ന വേദനകള്‍ വിവരാണാതീതമാണെന്ന് ബോധ്യപ്പെടാന്‍ ചുറ്റുപാടിലേക്കൊന്ന് കണ്ണോടിച്ചാല്‍ മാത്രം മതി.
വാര്‍ധക്യം ശൈശവത്തിലേക്കുള്ള തിരിച്ച് പോക്കാണ്. പ്രായം കൂടിയവരുടെ സ്വഭാവം കുട്ടികളുടേത് പോലെയായിത്തീരുന്നു. ചില കാര്യങ്ങളില്‍ അവര്‍ വാശിപിടിക്കുന്നത് കാണാം. അവരുടെ ഇഷ്ടങ്ങളും ആവശ്യങ്ങളും നമ്മുടേതുമായി ഒരിക്കലും യോജിക്കുകയില്ല. ഈയൊരു സ്വഭാവം കുട്ടികളില്‍ നിന്നാകുമ്പോള്‍ ആസ്വദിക്കുന്നവര്‍ പ്രായം ചെന്നവരില്‍ നിന്നാകുമ്പോള്‍ അസഹ്യത കാണിക്കുന്നു. ന്യൂജനറേഷന്‍ സമൂഹമാകട്ടെ ജനറേഷന്‍ ഗ്യാപ് പറഞ്ഞ് അവരോട് സഹവസിക്കാന്‍ താല്‍പര്യപ്പെടുന്നേയില്ല. വൃദ്ധരുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ചിത്രീകരിക്കുന്ന ജൂഡ് ആന്‍റണി സംവിധാനം ചെയ്ത ‘ഒരു മുത്തശ്ശിക്കഥ’ എന്ന സിനിമ ഏറെ ശ്രദ്ധേയമാണ്. ‘മുത്തശ്ശിയോ അതെന്താ സാധനമെന്ന്’ ചോദിക്കുന്ന പുതുതലമുറയാണ് ഇന്നുള്ളതെന്ന് ആ സിനിമ പറഞ്ഞുവെക്കുന്നു.
എണ്ണം പെരുകുന്ന വൃദ്ധസദനങ്ങള്‍
പ്രായം ചെന്നവര്‍ക്ക് ഒടുവിലത്തെ അഭയ കേന്ദ്രമാകുകയാണ് വൃദ്ധസദനങ്ങള്‍. വൃദ്ധസദനത്തിലേക്കെത്തുന്നവരുടെ എണ്ണത്തില്‍ 70% വര്‍ധനയുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ വൃദ്ധസദനങ്ങള്‍ സ്ഥിതി ചെയ്യുന്നത് പ്രബുദ്ധ കേരളത്തിലാണ്. സര്‍ക്കാറിന്‍റെയും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്‍റെയും മേല്‍നോട്ടത്തിലുള്ള വൃദ്ധസദനങ്ങളുടെ എണ്ണം 5 വര്‍ഷം മുമ്പ് 520 ആയിരുന്നുവെങ്കില്‍ ഇന്ന് 613 ആയി വര്‍ധിച്ചിരിക്കുന്നു. ഇവയില്‍ സര്‍ക്കാര്‍ സംവിധാനത്തിനുകീഴില്‍ 16 എണ്ണവും ശേഷിക്കുന്നത് സന്നദ്ധസംഘടനകള്‍ക്ക് കീഴിലുമാണ്. കേരളത്തില്‍ നിലവില്‍ 60 വയസ്സ് കഴിഞ്ഞവരുടെ എണ്ണം 40 ലക്ഷത്തോളം വരും. കേരളീയരുടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുമ്പോള്‍ ഈ എണ്ണം ക്രമാതീതമായി ഉയരുമെന്ന് ചുരുക്കം. വൃദ്ധസദനങ്ങളില്‍ എത്തിയവരുടെ എണ്ണം 25000 മാത്രമല്ലെയുള്ളൂവെന്ന് ആശ്വസിക്കുന്നത് തന്നെ മൗഢ്യമാണ്. കാരണം ഇത്തരം കേന്ദ്രങ്ങളിലേക്കെത്തുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ധന ആരെയും ഞെട്ടിപ്പിക്കുന്നതാണ്. വൃദ്ധസദനങ്ങളില്‍ എത്തിയവര്‍ മാനസികമായി പാടെ തളര്‍ന്നുകഴിഞ്ഞിരിക്കുമെന്ന യാഥാര്‍ത്ഥ്യങ്ങളാണ് അവരെ പരിചരിക്കുന്നവരില്‍ നിന്നും ലഭിക്കുന്നത്. നിവൃത്തി കേടുകൊണ്ട് എത്തിച്ചേരുന്നവര്‍ മരണം പ്രതീക്ഷിച്ചാണ് കഴിയുന്നത്. തങ്ങളുടെ സൗഭാഗ്യങ്ങളിലേക്കിനി ഒരു തിരിച്ച് പോക്കില്ലെന്നറിയുന്നവര്‍ ജീവിതം എങ്ങനെ ആസ്വദിക്കാനാണ്. വൃദ്ധസദനങ്ങളിലെത്തിയവരില്‍ രണ്ടില്‍ കൂടുതല്‍ മക്കളുള്ളവരാണ് അധികവുമെന്ന് ആരെയും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. അറുന്നൂറില്‍ പരം വരുന്ന വൃദ്ധസദനങ്ങളില്‍ ബന്ധുക്കളില്‍ നിന്ന് പണം വാങ്ങി പരിചരണമേറ്റെടുക്കുന്ന കേന്ദ്രങ്ങള്‍ വിരലിലെണ്ണാവുന്നതേയുള്ളൂ. മറ്റുള്ളവയില്‍ വൃദ്ധരെ കൊണ്ടുചെന്നാക്കി പിന്നീട് മക്കളന്വേഷിക്കാത്ത അവസ്ഥയാണുള്ളത്. മരിച്ചാല്‍ പോലും ഏറ്റെടുക്കാന്‍ വരില്ലത്രെ. ‘നിങ്ങള്‍ സംസ്കരിച്ചോളൂ’ എന്ന മറുപടിയിലൊതുങ്ങുകയാണ് പൊക്കിള്‍കൊടി ബന്ധങ്ങള്‍ പോലും. മക്കളില്‍ നിന്ന് പരിചരണത്തിന് ഒന്നും ലഭിക്കാതെ വരുമ്പോള്‍ സര്‍ക്കാര്‍ നല്‍കുന്ന കേവലമായ തുകയിലാണ് അന്തേവാസികളുടെ ആരോഗ്യ-ഭക്ഷണ പരിചരണങ്ങളെല്ലാം നടന്നുപോകുന്നത്. സര്‍ക്കാറിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സദനങ്ങളില്‍ ഒരാള്‍ക്ക് 2000 രൂപ എന്ന തോതിലും ഇതരകേന്ദ്രങ്ങളില്‍ (ചുരുക്കം ചിലയിടങ്ങളില്‍ മാത്രം) 1100 രൂപ എന്ന തോതിലും സര്‍ക്കാറിനു കീഴില്‍ തുക ചിലവഴിക്കപ്പെടുന്നുണ്ട്. വൃദ്ധസദനങ്ങളിലേക്ക് ആട്ടിയോടിച്ചില്ലെങ്കിലും വീടിനകത്ത് കടുത്ത പീഡനങ്ങളും അവഗണനയുമേല്‍ക്കുന്നവര്‍ നിരവധിയാണ്. അവരുടെ സമ്പത്ത് മോഹിച്ചാണ് വീട്ടിനകത്തുവെച്ച് അതിക്രമങ്ങള്‍ തുടരുന്നത്. സമ്പത്തിനു വേണ്ടിയോ മറ്റോ മാതാപിതാക്കളെ കൊല ചെയ്യുന്നതിലേക്ക് വരെ കാര്യങ്ങളെത്തി. വൃദ്ധരായ മാതാപിതാക്കളെ തള്ളിക്കളയുന്നവര്‍ക്ക് ആറ് മാസം തടവും പതിനായിരം രൂപ പിഴയും വിധിക്കാനുള്ള നിയമനിര്‍മ്മാണങ്ങള്‍ വന്നുകഴിഞ്ഞു. സീനിയര്‍ സിറ്റിസണ്‍ ആക്ട് പോലോത്തവയിലൂടെ നിയമപരമായ സുരക്ഷിതത്വം വൃദ്ധര്‍ക്ക് ഉറപ്പുവരുത്താനാണ് ഭരണകൂടം ശ്രമിച്ച് കൊണ്ടിരിക്കുന്നത്. തങ്ങളുടെ സമ്പത്ത് ആട്ടിയോടിച്ച മക്കള്‍ക്ക് നല്‍കുന്നതിനുപകരം പൊതു ആവശ്യങ്ങള്‍ക്ക് നല്‍കാന്‍ ആവശ്യപ്പെടുന്നവരാണധികവും. ഈ ഫണ്ടുകള്‍ സമാഹരിക്കാനും വയോജന ക്ഷേമ ട്രസ്റ്റ് രൂപവല്‍ക്കരിച്ച് വയോജനങ്ങള്‍ക്കായി കൂടുതല്‍ ക്ഷേമകാര്യ പദ്ധതികള്‍ രൂപപ്പെടുത്താനുള്ള ആലോചനയിലുമാണ് ഭരണകൂടം. കൂട്ടുകുടുംബത്തില്‍ നിന്ന് അണുകുടുംബത്തിലേക്ക് സാമൂഹിക കുടുംബവ്യവസ്ഥിതി രൂപാന്തരം പ്രാപിക്കുമ്പോള്‍ നഷ്ടപ്പെടുന്ന മൂല്യങ്ങള്‍ ഏറെയാണ്. ജന്മം നല്‍കിയവരെപ്പോലും തള്ളിക്കളയാന്‍ തയ്യാറാകുന്ന തരത്തിലേക്ക് സമൂഹം മാറിയെന്നത് പരിതാപകരം തന്നെ.
ഇസ്ലാം പറയുന്നത്
വാര്‍ധക്യം അനുഗ്രഹമാണെന്നാണ് ഇസ്ലാമിന്‍റെ നിലപാട്. ആയുസ്സ് ദീര്‍ഘിക്കുകയും കര്‍മ്മം നന്നാക്കുകയും ചെയ്യുന്നവരാണ് ജനങ്ങളില്‍ ഉത്തമരെന്ന് മതം പഠിപ്പിക്കുന്നു. സര്‍വ്വ ഐശ്വര്യവും സമൂഹത്തില്‍ വാര്‍ധക്യം ബാധിച്ചവരോടൊപ്പമാണെന്ന ദര്‍ശനം എത്രകണ്ട് മാനവികവും സൗന്ദര്യാത്മകവുമാണെന്ന് നോക്കൂ. പ്രായം ചെന്നവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്നും വിധിവിലക്കുകളില്‍ അവര്‍ക്ക് മുന്തിയ പരിഗണന നല്‍കണമെന്നും ഇസ്ലാം പഠിപ്പിക്കുന്നുണ്ട്. അവരെ പ്രയാസപ്പെടുത്തുന്നവര്‍ക്ക് കഠിന ശിക്ഷയുണ്ടെന്നാണ് മതപക്ഷം. നിങ്ങളില്‍ വാര്‍ദ്ധക്യമെത്തിച്ചവരെ പരിചരിച്ച് സ്വര്‍ഗ്ഗം നേടണമെന്ന് ആഹ്വാനം ചെയ്യുന്ന പരിശുദ്ധ ഇസ്ലാം അവരോട് വെറുപ്പുളവാക്കുന്ന ‘ഛെ’ എന്ന വാക്കു പോലും പറയരുതെന്നും ബോധ്യപ്പെടുത്തുന്നു. വൃദ്ധജനങ്ങളെ പരിചരിക്കല്‍ സാമൂഹിക ബാധ്യത കൂടിയായാണ് പരിഗണിക്കപ്പെടുന്നത്. അശരര്‍ക്കും നിരാലംബര്‍ക്കും കാരുണ്യം ചൊരിയണമെന്ന പാരസ്പര്യത്തിന്‍റെ സ്നേഹമുഖത്തെയാണ് ഇസ്ലാം പ്രകശിപ്പിക്കുന്നത്. പ്രവാചക വചനം തന്നെ നോക്കൂ. ‘പ്രായം ചെന്നവരെ ആദരിക്കുന്ന പക്ഷം അവര്‍ക്ക് പ്രായമെത്തുമ്പോള്‍ അവരെ ആദരിക്കാന്‍ അള്ളാഹു ആളുകളെ ഏര്‍പ്പാടാക്കുന്നതാണ്’ (തുര്‍മുദി). വാര്‍ധക്യം ശാപമാണെന്ന പൊതുബോധത്തെ തിരുത്തിക്കുറിച്ച് അനുഗ്രഹമാണെന്ന് തീര്‍പ്പുപറയാന്‍ ഇസ്ലാമിനായിട്ടുണ്ട്.
വാര്‍ധക്യം എല്ലാവരെയും കാത്തിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുമ്പോള്‍ തീരാവുന്നതേയുള്ളൂ വൃദ്ധരോടുള്ള സര്‍വ്വ അവജ്ഞതയും.
എന്‍.എം ഇര്‍ഷാദ് എടവണ്ണപ്പാറ