2008 ലെ ആഗോള സാമ്പത്തിക മാന്ദ്യത്തെ അതിജീവിച്ച അപൂര്‍വ്വ സമ്പദ് വ്യവസ്ഥകളിലൊന്നായിരുന്നു ഇന്ത്യയുടേത്. കമ്പോളാധിഷ്ഠിത നയങ്ങളെ ശക്തമായി പിന്തുടരുമ്പോഴും മാന്ദ്യകാലത്ത് സുശക്തമായ പൊതുമേഖലാ ബേങ്കിംഗ് സംവിധാനത്തെ ഫലപ്രദമായി വിനിയോഗിക്കാനും സര്‍ക്കാര്‍ ചെലവുകള്‍ വര്‍ധിപ്പിച്ച് വിപണിയിലെ പണമൊഴുക്കിന് വലിയ വിഘാതമാകാതെ കാക്കാനും അന്നത്തെ യു പി എ സര്‍ക്കാറിന് സാധിച്ചിരുന്നു. സര്‍ക്കാറിന് വ്യക്തമായ കാഴ്ച്ചപ്പാട് ഉണ്ടായിരുന്നതുകൊണ്ടാണ് അത് സാധിച്ചത്. അത്തരമൊരു സമ്പദ് വ്യവസ്ഥയെ ആഘാതത്തിന്റെ ആഴം കണക്കാക്കാതെ നടപ്പാക്കിയ അനിയന്ത്രിതമായ തീരുമാനങ്ങള്‍ ഏതാണ്ട് തകര്‍ത്തു എന്നതാണ് 2014 മുതല്‍ ഇതുവരെയുള്ള നരേന്ദ്ര മോദി സര്‍ക്കാറിന്റെ നേട്ടം. സമ്പത്ത് വ്യവസ്ഥയുടെ തകര്‍ച്ചക്ക് മുഖ്യകാരണത്തിലൊന്നാണ് രാജ്യമിന്നുവരെ ദര്‍ശിക്കാത്ത അധികാര കേന്ദ്രീകരണമെന്ന് നിസ്സംശയം പറയാം. ഇക്കാര്യത്തില്‍ ധനമന്ത്രിക്ക് പോലും ഒന്നും ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണ് നിലവിലുള്ളത്. സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച നോട്ട് നിരോധിക്കല്‍ പോലുള്ള തീരുമാനങ്ങള്‍ അന്നത്തെ ധനമന്ത്രി അരുണ്‍ ജെയറ്റ്ലി അറിഞ്ഞത് അവസാന നിമിഷത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ഇത്തരമൊരു സാഹചര്യത്തില്‍ രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് വലിയതോതില്‍ ആപതിച്ചുവെന്നോ മാന്ദ്യത്തില്‍ നിന്ന് വേഗത്തില്‍ തിരിഞ്ഞ് നടക്കുകയാണ് രാജ്യമെന്നോ പ്രധാനമന്ത്രി അംഗീകരിച്ചിട്ടില്ല. 5 ലക്ഷം കോടി ഡോളര്‍ വലുപ്പമുള്ള സമ്പത്ത് വ്യവസ്ഥയാക്കാന്‍ കുതിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ വാദം. പരമാധികാരിയെ ഭയക്കുന്ന ധനമന്ത്രിയും അവരുടെ കീഴിലുള്ള ഉദ്യോഗസ്ഥരും പ്രതിസന്ധിയുടെ ആഴം ബോധ്യപ്പെടുത്തി രക്ഷാ മാര്‍ഗം കണ്ടെത്താനും തയ്യാറാകുന്നുമില്ല. റിസര്‍വ് ബേങ്കിന്റെ കരുതല്‍ ധനത്തില്‍ കൈവെക്കുക, കുത്തക കമ്പനികളുടെ നികുതി കുറച്ച് ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കുക എന്നീ നടപടികള്‍ സമ്പത്ത് വ്യവസ്ഥയെ നാശത്തിലേക്കേ കൊണ്ടെത്തിക്കൂ എന്നതാണ് സത്യം.
ഇന്ത്യയു സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ ഇനിയും കുറയുമെന്നുള്ള അന്താരാഷ്ട്ര നാണയനിധി (ഐ എം എഫ്)യുടെ മുന്നറിയിപ്പ് മറികടക്കാന്‍ കേന്ദ്രം കൊണ്ടു വന്ന സമ്പത്തിക ഉത്തേജന പ്രക്രിയകള്‍ നിര്‍ബന്ധമായും ഒഴിവാക്കണമെന്നും പകരം എളുപ്പമുള്ള ധനനയം കൊണ്ടുവരണമെന്നും (ഐ എം എഫ്) കഴിഞ്ഞ മാസം പുറത്തിറക്കിയ ഉപദേശ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
റാസിഖ് ചുങ്കത്തറ