ശൈഖ് മുഹ്യുദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) യുടെ സദസ്സ്. സദസ്സിലുണ്ടായിരുന്ന ശൈഖ് അബുല്‍ അബ്ബാസ് ഖിള്ര്‍ബ്നു അബ്ദുള്ളാ ഹസനിക്ക് ഒരാഗ്രഹം. ശൈഖ് രിഫാഈ (റ)യെ സന്ദര്‍ശിക്കണം. എങ്കിലും തന്റെ ആഗ്രഹം പുറത്താരോടും പറഞ്ഞില്ല. അപ്പോള്‍ ശൈഖ് ജീലാനി(റ) ചോദിച്ചു: ‘ താങ്കള്‍ ശൈഖ് രിഫാഈ (റ)നെ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുണ്ടല്ലേ. ‘അതെ’ അദ്ദേഹം മറുപടി നല്കി. പിന്നീട് ശൈഖ് ജീലാനി (റ) അല്‍പ്പനേരം തലതാഴ്ത്തിയിരുന്നു. ശേഷം അദ്ദേഹത്തോട് പറഞ്ഞു: ‘ഓ ഖിള്ര്‍ ഇതാ ശൈഖ് അഹ്മദ്(റ)’ ശൈഖ് ജീലാനി(റ) ചൂണ്ടിക്കാണിച്ച സ്ഥലത്തുണ്ട് ഒരു വലിയ മഹാന് ഇരിക്കുന്നു. തനിക്കാണെങ്കില്‍ സ്ഥാന ചലനമൊട്ടും സംഭവിച്ചിട്ടുമില്ല. ശൈഖ് ഖിള്ര്‍ എഴുന്നേറ്റ് ചെന്ന് ആ മഹാനോട് സലാം പറഞ്ഞു: ഓ ഖിള്ര്‍ ഔലിയാക്കളുടെ നേതാവായ ശൈഖ് അബ്ദുല്‍ ഖാദിര്‍ (റ) നെ പോലുള്ളവരെ കണ്ട ശേഷം എന്നെ പോലുള്ളവരെ ആഗ്രഹിക്കുകയോ? അതില്‍ ഒരു കാര്യവുമില്ല. ഞാന്‍ തന്നെ ശൈഖ് ജീലാനി(റ) വിന്റെ പ്രജയാണ്. പെട്ടെന്ന് രിഫാഈ ശൈഖ്(റ) നെ കാണാതായി. അങ്ങനെ വര്‍ഷങ്ങള്‍ പിന്നിട്ടു.
ശൈഖ് ജീലാനി(റ) ന്റെ വഫാത്തിന് ശേഷം രിഫാഈ (റ)വിനെ കാണാന്‍ ഖിള്ര്‍ ഉമ്മു അബീദയില്‍ ചെന്നു. അവിടുത്തെ സദസ്സില്‍ ചെന്ന് തിരു മുഖം കണ്ടപ്പോള്‍ ശൈഖ് ജീലാനി(റ) ന്റെ സദസ്സില്‍ വെച്ച് കണ്ട അതേ മുഖം. ഒരു മാറ്റവുമില്ല. എന്നെ കണ്ടപാടെ ശൈഖ് രിഫാഈ (റ) പറഞ്ഞു: ‘ഓ ഖിള്ര്‍ നാം മുമ്പ് കണ്ടുമുട്ടിയതല്ലെ, പിന്നെ ഇങ്ങോട്ട് വരേണ്ടതില്ലായിരുന്നല്ലോ’
***
ഉമ്മു അബീദയില്‍ പെയിന്റ് ജോലിക്കാരനായ ഒരു യഹൂദി ഉണ്ടായിരുന്നു. ഭാര്യയും കുട്ടികളുമൊക്കെയായി കുടുംബ സമേതം വര്‍ഷങ്ങളായി ഉമ്മു അബീദയില്‍ താമസിച്ചു വരികയാണയാള്‍. ശിഷ്യന്മാര് ഒരിക്കല്‍ ആ യഹൂദിയെ കുറിച്ച് രിഫാഈ (റ)വിനെ ഉണര്‍ത്തി. അയാളെ കാണാനായി പിന്നെ ശൈഖവറുകളുടെ ശ്രമം മുഴുവനും. അന്വേഷിച്ച് അയാളെ കണ്ടെത്തുകയും സല്‍പാന്ഥാവിലേക്ക് ക്ഷണിക്കുകയും ചെയ്തു. ‘നിന്റെ ആയുസ്കാലം ഇത് വരെ നീ അശ്രദ്ധയിലായിരുന്നു. നിന്റെ വിശ്വാസത്തിന് വൈകല്യമുണ്ടായിരുന്നു. ഇപ്പോള്‍ താങ്കള്‍ നമ്മുടെ അയല്‍വാസിയാണ്. അയല്‍വാസിയുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കാനും സ്വന്തം ശരീരത്തിന് കാംക്ഷിക്കുന്നത് അയല്‍വാസിക്ക് കാംക്ഷിക്കാനും ഞങ്ങളുടെ നേതാവായ നബി(സ്വ) കല്‍പ്പിച്ചിരിക്കുന്നു. അല്ലാഹുവിങ്കല്‍ സ്വീകാര്യമായ മതം ഇസ്ലാം മാത്രമാണെന്ന് അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട്. അതിനാല്‍ നമ്മുടെ പുതിയ അയല്‍വാസിക്ക് പരിവര്‍ത്തനമുണ്ടാകണമെന്ന് നാം ആഗ്രഹിക്കുന്നു’ ഇത്രയും പറഞ്ഞ് ശൈഖ്(റ) മൗനം വീക്ഷിച്ചു.
ഉടനെ അയാള്‍ പറഞ്ഞു: ‘മഹാനരെ, അങ്ങെന്താണുദ്ദേശിക്കുന്നതെന്ന് തുറന്നു പറയൂ.. ഞാനത് നിറവേറ്റിക്കൊള്ളാം’. താങ്കള്‍ ‘അശ്ഹദു അല്ല്ലാഹിലാഹ ഇല്ലള്ളാഹ്’ എന്ന് പറഞ്ഞ് നമ്മോടൊപ്പം ചേരാനാണ് നാമാഗ്രഹിക്കുന്നതെന്ന് ശൈഖ്(റ) പറഞ്ഞു. അപ്പോള്‍ യഹൂദി പറഞ്ഞു: ‘ എനിക്ക് കുടുംബവും സന്താനങ്ങളും സ്വത്തുമൊക്കെയുണ്ട്. താങ്കള്‍ പറയും പ്രകാരം ഞാന്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ എന്റെ തറവാട്ടുകാര് എന്നോട് പിണങ്ങും മാത്രവുമല്ല, അവര്‍ എന്റെ സ്വത്ത് പിടിച്ചെടുത്ത് മക്കളെ എന്നില്‍ നിന്നകറ്റും, പിന്നെ ഞാന്‍ ജീവിക്കാന്‍ വകയില്ലാത്തവനായി മാറും്’. എങ്കില്‍ നീ രഹസ്യമായി വിശ്വാസം പുലര്‍ത്തുക. ബാഹ്യമായി പ്രകടിപ്പിക്കേണ്ടതില്ല എന്നാല്‍ പ്രശ്നമില്ലല്ലോ ശൈഖ് (റ) ഇത് നിര്‍ദേശിക്കേണ്ട താമസം അയാള്‍ ശൈഖ്(റ) നോട് കൈനീട്ടിത്തരാന് പറഞ്ഞു: അങ്ങനെ കൈ പിടിച്ച് ശഹാദത്ത് ചൊല്ലി മുസ്ലിമായി. തിരിച്ച് ടൗണിലേക്ക് പോയി. തന്റെ പതിവ് പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവുകയും ചെയ്തു. ശൈഖ് രിഫാഈ (റ) തങ്ങളുടെ ജീവിതകാലം മുഴുവന്‍ അയാള്‍ ശൈഖ്(റ) പറഞ്ഞ പ്രകാരം ജീവിച്ച് പോന്നു.
പിന്നീട് ശൈഖ്(റ) വിന്റെ വഫാത്തിനെ തുടര്‍ന്ന് ശൈഖ് അലി(റ) പിന്‍ഗാമിയായി വന്നപ്പോഴും ആ മനുഷ്യന് ഈ അവസ്ഥ തുടര്‍ന്നു. ആര്‍ക്കും അയാളുടെ യാഥാര്‍ത്ഥ വിശ്വാസം പിടികിട്ടിയിരുന്നില്ല. അങ്ങനെ ഇരിക്കേ, ശൈഖ് അലി (റ) അദ്ദേഹത്തെ ഒരു ജൂത മത വിശ്വാസിയായി കണക്കാക്കി. ഒരു ദിവസം ശൈഖ് അലി (റ) പ്രസ്തുത മനുഷ്യനെ വിളിച്ചുവരുത്തി അയാളോട് പറഞ്ഞു: ഹേ മനുഷ്യാ, ശൈഖ് രിഫാഈ (റ) വിശാല ഹൃദയനായ വ്യക്തിയായിരുന്നു എന്ന് താങ്കള്‍ക്ക് അറിവുള്ളതാണല്ലോ.. എല്ലാവരോടും ഇണങ്ങിക്കഴിയുന്ന പ്രകൃതിയായിരുന്നു അദ്ദേഹത്തിന്റേത്. അതിനാല്‍ മഹാന് താങ്കള്‍ക്കെതിരെ ഒന്നും പറഞ്ഞില്ല. എന്നാല്‍ ഞാനൊന്ന് പറയട്ടെ. താങ്കള്‍ ഒന്നുകില്‍ വിശ്വാസം പ്രകടമാക്കുക. അവിശ്വാസിയായി നമ്മുടെ അയല്‍ക്കാരനായി കൂടലിനെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.
ശൈഖ് അലി(റ) യുടെ ഈ വാക്കുകള്‍ കേട്ടതും നിയന്ത്രണം നഷ്ടപ്പെട്ട് പോയ ആ മനുഷ്യന് കരയാന്‍ തുടങ്ങി. അദ്ദേഹം ശൈഖ് അലി(റ) വിനോട് പറഞ്ഞു: ‘സയ്യിദരെ, ഞാന്‍ ശൈഖ് രിഫാഈ (റ) വില്‍ നിന്ന് ബൈഅത്ത് സ്വീകരിച്ചിട്ടുണ്ട്. നിങ്ങളെന്നെ അവഗണിച്ചാലും എനിക്ക് പ്രശ്നമില്ല അവിടുത്തോട് ചെയ്ത ബൈഅത്ത് പ്രകാരമാണ് ഞാനിന്ന് ജീവിക്കുന്നത്. അതിലുറച്ച് തന്നെ ഞാന്‍ മരിക്കുകയും ചെയ്യും.’ ശേഷം അദ്ദേഹം താനും രിഫാഈ ശൈഖ്(റ) വുമായി നടന്ന സംസാരം മുഴുവനും ശൈഖ് അലി(റ) വിന് വിശദീകരിച്ച് കൊടുത്തു. ഈ വാക്കുകള്‍ ശ്രവിച്ച് ശൈഖ് അലി(റ) വിന് സ്വയം നിയന്ത്രിക്കാനായില്ല. അദ്ദേഹം അയാളെ പോകാന്‍ അനുവദിച്ചു. അയാളാകട്ടെ തിരിച്ച് തന്റെ കുടുംബത്തിലെത്തി വിവരങ്ങള്‍ മുഴുവന്‍ അവരെ അറിയിക്കുകയും അവരോട് വിശ്വാസികളാവാന്‍ ഉപദേശിക്കുകയും ചെയ്തു. അങ്ങനെ ആ കുടുംബം മുഴുവന്‍ പരസ്യമായി ഇസ്ലാം സ്വീകരിച്ചു. രിഫാഈ ശൈഖ്(റ) വിന്റെ തന്ത്രപരമായ മതപ്രബോധനത്തിന്റെ ഉത്തമ മാതൃകയായി ഈ സംഭവം വിലയിരുത്തപ്പെടുന്നു.
***
ഒരു വെള്ളിയാഴ്ച്ച ദിവസം ശൈഖ് രിഫാഈ (റ) അല്‍പ്പമൊന്ന് ഉറങ്ങിപ്പോയി. തല്‍സമയം ഒരു പൂച്ച വന്ന് ശൈഖിന്റെ കുപ്പായ കൈയ്യിനു മുകളിലായി കയറി കിടത്തമാരംഭിച്ചു. കുറച്ച് സമയം കഴിഞ്ഞ് ശൈഖ്(റ) ഉണര്‍ന്നപ്പോള്‍ പൂച്ചയെ കണ്ടു. അത് ശാന്തമായി ഉറങ്ങുകയാണ്. ശൈഖിനാവട്ടെ കുപ്പായം വലിച്ചെടുക്കാന്‍ മനസ്സ് വന്നില്ല. ഒരു പൂച്ചയുടെ ഉറക്കത്തിന് ഭംഗം വരുത്തുന്നത് ആ മഹാമനുഷ്യന് ചിന്തിക്കാന്‍ കൂടി കഴിഞ്ഞില്ല. ശൈഖ് (റ) ഒരു കത്രിക കൊണ്ടു വരാന്‍ പറഞ്ഞു: പൂച്ചയെ ഉണര്‍ത്താതെ അത് കിടന്നതിന് ചുറ്റുമുള്ള ഭാഗങ്ങള്‍ വെട്ടിമാറ്റി. മുറിഞ്ഞ കുപ്പായവുമിട്ടാണ് മഹാനവറുകള്‍ അന്ന് പള്ളിയിലേക്ക് പോയത്. നിസ്കാരമെല്ലാം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ പൂച്ച സ്ഥലം വിട്ടിരുന്നു. അങ്ങനെ ആ പൂച്ച കിടന്നിരുന്ന തുണിയെടുത്ത് ശൈഖ്(റ) യാഥാഭാഗത്ത് തുന്നിപ്പിടിപ്പിച്ചു. ഒരു പൂച്ചക്ക് വേണ്ടി ഇങ്ങനെ ഷര്‍ട്ട് കീറേണ്ടിയിരുന്നോ എന്ന് ഭാര്യചോദിച്ചപ്പോള്‍ അതില്‍ അനുചിത്വമൊന്നുമില്ലായിരുന്നു എന്നും നന്മ മാത്രമേയുള്ളൂ എന്നുമായിരുന്നു ശൈഖവറുകളുടെ മറുപടി.
ജീവജാലങ്ങളോട് മുഴുവന്‍ അനുകമ്പയും സ്നേഹ കാരുണ്യങ്ങളും നിറഞ്ഞ ഒരു വലിയ മനസ്സുമായിയാണ് ശൈഖ് (റ) ജീവിച്ചിരുന്നത്.
ഒട്ടേറെ അത്ഭുതങ്ങള്‍ നിറഞ്ഞതായിരുന്നു ശൈഖ് രിഫാഈ (റ) വിന്റെ ജീവിതം ഹിജ്റ വര്‍ഷം 500 മുഹറം (ക്രിസ്തുവര്‍ഷം 1106 സെപ്തംബര്‍) മാസത്തില്‍ ബത്വാഇഹ് പ്രദേശത്തെ ഉമ്മു അബീദ എന്ന ഗ്രാമത്തിലെ ഹസന് എന്ന ഉള്‍പ്രദേശത്താണ് ശൈഖ് രിഫാഈ (റ) ജനിക്കുന്നത്.
സമുന്നത പണ്ഡിതനും ഖാരിഉമായിരുന്ന അബുല്‍ ഹസന് അലി(റ) വായിരുന്നു പിതാവ്. ഉമ്മുല്‍ ഫള്ല് ഫാത്തിമ അന്‍സ്വാരിയ്യ എന്നവരായിരുന്നു മാതാവ്.
അത്ഭുതങ്ങള്‍ നിറഞ്ഞതായിരുന്നു അവിടുത്തെ ബാല്യ ജീവിതം. മഹാന് തൊട്ടിലില്‍ വെച്ച് തന്നെ സംസാരിച്ചതും. തസ്ബീഹ് ചെല്ലിയതും മാതാവ് കേട്ടിരുന്നു. കൂട്ടുകാരായ സമപ്രായക്കാരെല്ലാം കളിച്ച് തിമര്‍ത്തു നടക്കുമ്പോള്‍ ആധ്യാത്മികതയിലേക്ക് തിരിഞ്ഞ മനസ്സുമായി സ്വസ്ഥമായി ഇബാദത്തിലായി കഴിഞ്ഞു കൂടി. മഹത്തുക്കളുടെ ഇടങ്ങളിലും വിജ്ഞാന സദസ്സുകളിലും സംബന്ധിക്കും. അവരോട് സംസാരിക്കുകയും കാര്യങ്ങള്‍ ഗ്രഹിക്കുകയും ചെയ്യുമായിരുന്നു.
ചെറുപ്പത്തിലെ പ്രിയ പിതാവ് വിടപറഞ്ഞു. പിന്നീട് ശൈഖ് മന്‍സ്വൂര്‍ (റ) ആയിരുന്നു ശൈഖിന്റെയും മാതാവിന്റെയും ജീവിത ചെലവുകള്‍ വഹിച്ചിരുന്നത്. ശൈഖ് (റ) വിന്റെ പ്രഥമ ഗുരുവും അദ്ദേഹം തന്നെ. നബി (സ്വ) യില്‍ നിന്ന് സ്വപ്നത്തിലൂടെ ലഭിച്ച നിര്‍ദേശമനുസരിച്ച് ശൈഖ് അഹ്മദിന് ഉന്നത വിദ്യഭ്യാസം നല്‍കണമെന്ന് ശൈഖ് മന്‍സ്വൂര്‍ (റ) തീരുമാനിക്കുകയും നബി (സ്വ)യുടെ നിര്‍ദേശപ്രകാരം തന്നെ ബസ്വറയിലെ വിശ്രുത ഖാരിഉം പണ്ഡിതനുമായിരുന്ന ശൈഖ് അബുല്‍ ഫള്ല് അലിയ്യുല്‍ ഖാരി വാസിത്വിയുടെ ദര്സില് ശൈഖ് അഹ്മദ് (റ) നെ ചേര്‍ക്കുകയും ചെയ്തു. മിടുക്കനായ വിദ്യാര്‍ത്ഥിയായിരുന്ന ശൈഖ് (റ). വളരെ പെട്ടെന്ന് തന്നെ ഖുര്‍ആന്‍ മുഴുവന്‍ ഹൃദിസ്ഥമാക്കി. ഖുര്‍ആന്‍ പാരായണ ശാസ്ത്രം, കര്‍മ്മശാസ്ത്രം, തത്വശാസ്ത്രം തുടങ്ങിയ മിക്ക വിജ്ഞാന ശാഖകളിലും കുറഞ്ഞ കാലം കൊണ്ട് സഹപാഠികളേക്കാള്‍ മുന്നിലെത്തി.
ശൈഖ് അബൂബക്കര്‍ അല്‍ വാസിത്വി, ശൈഖ് അബ്ദുല്‍ മലുഖുല് മര്നൂബി തുടങ്ങിയവരും അവിടുത്തെ ഗുരുക്കന്മാരില് പെടുന്നു. തഫ്സീര്‍, ഹദീസ്, ഫിഖ്ഹ്, തജ്വീദ്, ബദീഅ് പോലുള്ള വിജ്ഞാനങ്ങളില്‍ പ്രാവീണ്യം നേടിയ മഹനവറുകള്‍ തന്റെ ഗുരവര്യനായ അബുല്‍ ഫള്ല് അലിയ്യുല്‍ ഖാരിഇല്‍ നിന്ന് ഇജാസത്ത് (അധ്യപന- മാര്‍ഗ്ഗ ദര്‍ശന അനുമതി) നേടിയ ശേഷമാണ് ഔപചാരിക പഠന രംഗത്തോട് വിടപറഞ്ഞത്.
ആത്മീയ ലോകത്ത് പരിലസിക്കുന്നതോടൊപ്പം സഹജീവികള്‍ക്ക് കാരുണ്യം ചെയ്യുന്നതില്‍ മഹാന് ബദ്ധശ്രദ്ധ പുലര്‍ത്തി. അശരണര്ക്കൊപ്പവും അഗതികള്‍ക്കൊപ്പവും സമയം ചിലവഴിക്കാനായിരുന്നു മഹാന് ഇഷ്ടപ്പെട്ടിരുന്നത്. നിരാലംബര്‍ക്ക് അത്താണിയായിരുന്നു അവിടുന്ന്. സമൂഹം വെറുപ്പോടെ അകറ്റി നിര്‍ത്തിയിരുന്ന കുഷ്ട രോഗികളെ പരിചരിക്കാന്‍ അദ്ദേഹം മുന്നോട്ട് വന്നിരുന്നു. കുഷ്ടം ബാധിച്ച നായയെ നീണ്ട കാലം പരിചരിച്ച് മുറിവുണക്കിയ സംഭവം ഏറെ ശ്രദ്ധേയമാണ്. അതിനെ സംബന്ധിച്ച് ചോദ്യമുന്നയിച്ചവരോട് ആ ജീവിയെ പരിചരിക്കാതിരുന്നാല്‍ റബ്ബ് എന്നെ ശിക്ഷിക്കുമെന്ന് ഞാന്‍ ഭയക്കുന്നുവെന്നായിരുന്നു മറുപടി. മറ്റുള്ളവര്‍ക്കു വേണ്ടി സമര്‍പ്പിച്ച ധന്യാത്മക ജീവിതം ഏവര്‍ക്കും മാതൃകാ യോഗ്യമാണ്. ലോകമെമ്പാടും പരന്ന് കിടക്കുന്ന ‘ രിഫാഇയ്യ’ ത്വരീഖത്തിന്റെ സ്ഥാപക ഗുരു കൂടിയാണ് മഹാനവറുകള്‍. ഹിജ്റ 578 ജമാദുല്‍ഊല 12ന് വ്യഴാഴ്ച്ച ളുഹറിന്റെ സമയത്താണ് വഫാത്താകുന്നത്.
രോഗമൊന്നുമില്ലാത്ത സമയത്ത് തന്നെ തന്റെ വഫാത്തിന്റെ സമയത്തെ കുറിച്ച് പറയുകയും രോഗം കലശമായപ്പോള്‍ അവിടുന്ന് വുളൂ എടുത്ത് രണ്ട് റക്അത് നിസ്കരിച്ചു. ശേഷം ശഹാദത്ത് കലിമ ചൊല്ലി. ഇഹലോക വാസം വെടിഞ്ഞു. അവിടുത്തെ വഫാത്തിന്റെ ശേഷം ഏഴ് ശുഭ്ര വസ്ത്ര ധാരികള്‍ വരികയും ശൈഖ്(റ) വിനെ കുളിപ്പികയും ചെയ്തു. അവിടുത്തെ ജനാസയെ പച്ച വര്‍ണത്തിലുള്ള പക്ഷികള്‍ നാല് ഭാഗത്ത് നിന്നും ബറകത്തെടുക്കാന്‍ വേണ്ടി വലയം ചെയ്തിരുന്നു. ഇത് കണ്ട് ജനങ്ങള്‍ അത്ഭുതപ്പെട്ടപ്പോള്‍ ഈ സംഭവത്തിന് സാക്ഷികളായ എഴുന്നൂറോളം ജൂതന്മാരും ആയിരത്തോളം ക്രിസ്ത്യാനികളും ഇസ്ലാം ആശ്ലേഷിച്ചു.
ജനാസ നിസ്കാരത്തിന് ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്തു. പിതാമഹനായ യഹ്യുന്നജാരിയുടെ ഖബറിനടുത്ത് ഉമ്മുഅബീദയിലാണ് അവിടുത്തെ ഖബറടക്കിയത്.
സുല്‍ത്താനുല്‍ ആരിഫീന്‍ (ആത്മീയ ജ്ഞാനികളുടെ ചക്രവര്‍ത്തി) എന്ന പദവിയില്‍ നുറ്റാണ്ടുകള്‍ക്ക് ശേഷവും മഹാനവര്കള് വാഴ്ത്തപ്പെടുന്നു.
ഉവൈസ് ആലപ്പുഴ