ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുന്നു എന്നത് മതേതരത്വത്തിന്റെ ശവപ്പെട്ടിയില്‍ അടിക്കുന്ന അവസാന ആണിയായി വേണം കരുതാന്‍. ജനാധിപത്യം അനാഥമാക്കപ്പെട്ടതിന്റെ ആഘോഷമായിരുന്നു.ആഗസ്റ്റ് 5 ന് നടന്നത്.
– സച്ചിദാനന്ദന്‍
നീണ്ട കാത്തിരിപ്പിനവസാനമെന്നാണ് രാമക്ഷേത്ര ശിലാന്യാസത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത്. ആരുടെ, എന്തിനു വേണ്ടിയുള്ള കാത്തിരിപ്പ്? തുടക്കം മുതല്‍ ഇന്ത്യയെന്ന മഹത്തായ ആശയത്തിന്റെ ഒറ്റുകാരായി, ഒരിക്കലും ജനാധിപത്യത്തെയോ മതനിരപേക്ഷതെയെയോ അംഗീകരിക്കാത്ത, ആർ എസ് എസ് ന്റെ ഹിന്ദുരാഷ്ട്രമെന്ന ആഗ്രഹത്തിന്റെ സാക്ഷാത്കാരമാണിതെന്ന് ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും. 2013-ല്‍ അധികാരത്തില്‍ വരുമ്പോള്‍ പ്രധാനമായും മൂന്ന് വാഗ്ദാനങ്ങളായിരന്നു ബിജെപി മുമ്പോട്ട് വെച്ചത്. കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കുക, രാമക്ഷേത്രം നിര്‍മിക്കുക, എക സിവില്‍ കോഡ് എന്നിവയാണവ. ഹിന്ദു രാഷ്ട്രമെന്ന അത്യന്തികമായ ലക്ഷ്യത്തിലേക്കുള്ള ആസൂത്രിതമായ ചുവടു വെപ്പുകളാണിവ. അധികാരം നേടിയതു മുതല്‍ വളരെ വേഗത്തില്‍ ഹിന്ദുത്വ അജണ്ടകള്‍ നടപ്പിലാക്കി കൊണ്ടിരിക്കുകയാണവർ. ഏതിര്‍പ്പുകളെ നിഷ്‌കരുണം അടിച്ചമര്‍ത്തിയും അധികാരത്തിന്റെ ഇടനാഴികളില്‍ ഇഷ്ടകാരെ തിരുകിക്കയറ്റിയും ദേശീയത, മതം, ദേശ സ്‌നേഹം, ചരിത്രം, പാരമ്പര്യം എന്നിവക്കെല്ലാം ചരിത്ര വിരുദ്ധമായി പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കിയും അതിനനുസൃതമായ സാഹചര്യങ്ങളെ സൃഷ്ടിച്ചെടുക്കുകയുമാണ് ഇവര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. രാമക്ഷേത്രത്തിന്റെ ശിലാന്യാസത്തോടു കൂടി അത് ലക്ഷ്യത്തിലേക്കുള്ള ദൂരം ഏറെ പിന്നിട്ടിരിക്കുകയാണ്. പ്രധാനമന്ത്രി തന്നെ മതപുരോഹിതനായി ഭൂമിപൂജ നടത്തുമ്പോള്‍ ചിത്രം വ്യക്തമാവുന്നു. എല്ലാത്തിലുപരി ബാബരി മസ്ജിദ് തകർത്ത കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്ന എൽ കെ അദ്വാനിയും മുരളി മനോഹർ ജോഷിയും അടക്കമുള്ള മുപ്പത്തിരണ്ട് പേരെ തെളിവുകളുടെ അഭാവമെന്ന് വെള്ളപൂശൽ നടത്തി പ്രതിപ്പട്ടികയിൽ നിന്ന് പ്രത്യേക സി ബി ഐ കോടതി രക്ഷിച്ചെടുത്തിരിക്കുന്നത്.
ബാബരിയുടെ ചരിത്രം
1528 ലാണ് മുഗള്‍ ചക്രവര്‍ത്തിയായ ബാബറിന്റെ നിര്‍ദേശ പ്രകാരം മിര്‍ബായി ബാബരി മസ്ജിദ് നിര്‍മിക്കുന്നത്. 1800കളുടെ പകുതിയില്‍ പുരാതനമായ രാമക്ഷേത്രം തകര്‍ത്താണ് ബാബര്‍ പള്ളി പണിതതെന്നാരോപിച്ച് ചിലര്‍ രംഗത്തുവന്നു. അതിനെ തുടർന്ന് ഹിന്ദു – മുസ്ലിം സംഘര്‍ഷങ്ങള്‍ ഉടലെടുക്കുകയും ചെയ്തു. ക്ഷേത്രം തകര്‍ത്താണ് മസ്ജിദ് നിര്‍മിച്ചത് എന്ന് വാദിച്ചവര്‍ പിന്നീട് രാമന്‍ ജനിച്ച സ്ഥലത്താണ് ബാബരി നിര്‍മിച്ചത് എന്ന വാദത്തിലേക്ക് ചുവടു മാറ്റി. 1934 -ല്‍ പള്ളിക്കു നേരെ ആക്രമം നടത്തിയതിന് പ്രദേശത്തെ ഹിന്ദുക്കളിൽ ചിലര്‍ക്ക് കൂട്ട പിഴ ചുമത്തിയ ബ്രിട്ടീഷ് സര്‍ക്കാര്‍ പള്ളി കേടുപാട് തീര്‍ക്കുകയും ചെയ്തു. 1949 ഡിസംബര്‍ 22 ന്റെ രാത്രിയില്‍ ഒരു സംഘം മസ്ജിദിനകത്ത് അതിക്രമിച്ച് കയറി ശ്രീരാമ വിഗ്രഹം പ്രതിഷ്ഠിച്ചു. ആ വിഗ്രഹമെടുത്ത് സരയൂ നദിയില്‍ ഒഴുക്കണമൊയിരുന്നു പ്രധാനമന്ത്രി നെഹ്‌റു അന്ന് പറഞ്ഞത്. പക്ഷെ അക്കാലത്ത് യുപി ഭരിച്ചിരുന്ന കോൺഗ്രസ്സ് സര്‍ക്കാര്‍ അതിന് കൂട്ട് നില്‍ക്കുകയാണ് ചെയ്തത്. പിന്നീട് രാമക്ഷേത്രം ഒരു രാഷ്ട്രീയ അജണ്ടയായി സംഘപരിവാര്‍ വികസിപ്പിച്ചെടുക്കകയായിരുന്നു. ഹിന്ദുത്വ രാഷ്ട്രമെന്ന തങ്ങളുടെ സ്വപ്‌നത്തിന് വിള നിലമൊരുക്കാന്‍ ബാബരിയെ അവര്‍ തന്ത്രപരമായി വിനിയോഗിച്ചു. 1982 -ല്‍ വിശ്വ ഹിന്ദു പരിശത്ത് രാമജന്മ ഭൂമി പ്രസ്ഥാനം ആരംഭിച്ചു. ബാബരി നിരന്തരം വാര്‍ത്തയായി. 1990 കളോടെ പള്ളി തകര്‍ക്കാനുള്ള പ്രത്യക്ഷമായ ശ്രമങ്ങളാരംഭിച്ചു. 1996 ഡിസംബര്‍ ആറിന് മതേതര ഇന്ത്യയുടെ ഹദയം പിളർത്തി 450 വര്‍ഷത്തോളം ഇന്ത്യന്‍ മതേതരത്വത്തത്തിന്റെ പ്രതീകമായിരുന്ന ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടു. അതിനെ തുടര്‍ന്നുണ്ടായ ആസൂത്രിത വര്‍ഗീയ കലാപങ്ങളില്‍ ആയിരക്കണക്കിന് മുസ്ലികള്‍ കൊല്ലപ്പെട്ടു. പിന്നീട് നിയമപോരാട്ടത്തിന്റെ നാളുകളായിരുന്നു. ഒടുവില്‍ 2010-ല്‍ തര്‍ക്ക പ്രദേശം മൂന്നായി വിഭജിച്ച് അലഹബാദ് ഹൈക്കോടതിയുടെ ലക്നോ ബെഞ്ചിന്റെ വിധി വന്നു. ഈ വിധി അടുത്ത വര്‍ഷം സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഒടുവില്‍ 2019 -ല്‍ ബാബരി ധ്വംസനം നിയപരമായി തെറ്റായിരുന്നുവെന്നും എന്നാല്‍ ഭൂമി ഹിന്ദുക്കള്‍ക്ക് നല്‍കണമെും ക്ഷേത്രം നിര്‍മ്മിക്കാമെന്നും വിധിക്കുകയായിരുന്നു പരമോന്നത കോടതി. ഹിന്ദുത്വ അജണ്ടകള്‍ക്ക് നേരത്തെ തന്നെ വഴങ്ങി കൊടുത്ത ഭരണഘടനാ സ്ഥാപനങ്ങളുടെ പട്ടികയിലേക്ക് നടന്നടുക്കുന്ന നീതിപീഠത്തില്‍ നിന്ന് മതേതര ഇന്ത്യക്ക് ഇതില്‍ പരം നീതി പ്രതീക്ഷിക്കുവാന്‍ കഴിയുമായിരുന്നില്ല. ബാബരി തകർത്തത് നിയമപരമായി അതിക്രമമാണെന്നും പ്രതികൾ ശിക്ഷയർഹിക്കുന്നവരാണെന്നുമുള്ള സുപ്രീം കോടതിയുടെ വിധിന്യായത്തെ യഥാർത്ഥത്തിൽ പരിഹസിക്കുകയാണ് പ്രത്യേക സിബിഐ കോടതി വിധി.
പ്രധാന മന്ത്രിയില്‍ നിന്ന് പുരോഹിതനിലേക്ക്
കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ് ഒരു വര്‍ഷത്തിനിപ്പുറം മറ്റൊരു ആഗ്സ്റ്റ് 5 ന് ‘ഹിന്ദുത്വ റിപ്പബ്ലിക്കിന്റെ’ ശിലാന്യാസം നടക്കുമ്പോള്‍ ഭൂമി പൂജയിലെ പുരോഹിതനും തറക്കല്ലിടല്‍ കര്‍മത്തിന്റെ കാര്‍മികനുമായി മാറുകയായിരുന്നു പ്രധാനമന്തി. മതനിരപേക്ഷ ജനാധിപത്യമെന്നത് ഭരണ ഘടനയിലെ നിരർത്ഥകമായ പ്രയോഗമായി മാത്രമേ ഇനി കാണേണ്ടതുള്ളൂ എന്ന വ്യക്തമായ സന്ദേശമാണ് ഇതിലൂടെ നല്‍കപ്പെട്ടത്. അതിനെതിരെ വിരലോങ്ങിയവര്‍ക്ക് താക്കീതുകള്‍ നല്‍കപ്പെട്ടു കഴിഞ്ഞു. ഉദ്യോഗസ്ഥവൃന്ദവും പരമോന്നത കോടതിയടക്കമുള്ള ഭരണ ഘടനാ സ്ഥാപനങ്ങളും വര്‍ഗീയ ഹിന്ദുത്വ അജണ്ടകള്‍ക്ക് ഓശാന പാടുന്നവരായിക്കഴിഞ്ഞു. തങ്ങളുടെ ശത്രുക്കളായി പ്രഖ്യാപിക്കപ്പെട്ട വിഭാഗങ്ങളെ രാജ്യത്ത് നിന്ന് പുറത്താക്കാനു രണ്ടാം പൗരന്മാരാക്കി അപരവൽക്കരിക്കാനും ലക്ഷ്യമിട്ടുള്ള പൗരത്വ ഭേദഗതികള്‍ വന്നു കഴിഞ്ഞു. ഭരണഘടന തിരുത്തപ്പെടാതെ തന്നെ രാജ്യത്ത് തീവ്രഹിന്ദുത്വ പൊതു ബോധം വളര്‍ത്തി വർഗീയത കാര്യം നേടുന്നു വെന്നതാണ് ഏറ്റവും ഭീകരം.
ഭീകരമാവുന്ന മൗനം
1949 ല്‍ ബാബരി മസ്ജിദില്‍ ആക്രമിച്ചു കയറി വിഗ്രഹം പ്രതിഷ്ഠിച്ചപ്പോള്‍ അതെടുത്ത് സരയൂ നദിയിലൊഴുക്കിക്കളയാന്‍ കല്‍പ്പിച്ച പ്രധാമന്ത്രിയുണ്ടായിരുന്നു നമുക്ക്. 70 വര്‍ഷങ്ങള്‍ക്കിപ്പുറം ആ പള്ളി പൊളിച്ച് തല്‍സ്ഥാനത്ത് രാമക്ഷേത്രം പണിയുമ്പോള്‍ അതിനെതിരെ ഒരക്ഷരം ഉരിയാടാന്‍ ഇവിടെ പ്രതിപക്ഷം പോലും ഇല്ല എന്നതാണ് ദയനീയം. ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വാക്താക്കളാണെന്ന് അവകശപ്പെടുന്നവര്‍ പോലും രാമക്ഷേത്ര നിര്‍മാണത്തിന് ആശംസകളര്‍പ്പിക്കുമ്പോള്‍ രാജ്യത്തിന്റെ പൊതു ബോധം എത്രമേല്‍ മാറിക്കഴിഞ്ഞുവെന്ന് നമുക്ക് ഭയത്തോടെയല്ലാതെ മനസ്സില്ലാക്കാന്‍ സാധിക്കില്ല. ഭൂരിപക്ഷ ഹിന്ദുക്കളുടെ വോട്ടുകള്‍ നഷ്ടപ്പെടുമോ എന്ന ഭയമാണ് കോൺഗ്രസിനെ മൃദു ഹിന്ദുത്വ നിലപാടുകളിലേക്ക് നയിക്കുന്നതെന്ന് വ്യക്തമാണ്. പ്രതാപ ശാലികളും മതേതര വാദികളുമായ പൂര്‍വ്വകാല നേതാക്കളുടെ ചരിത്രം ആരാണിനി ഇവര്‍ക്ക് ഓര്‍മപ്പെടുത്തുക.
ഈ ഭരണഘടന വിഭാവനം ചെയ്യുന്ന സോഷ്യസ്റ്റ് ഡെമോക്രാറ്റിക്ക് സെക്കുലര്‍ റിപ്ലബിക്ക് മരിച്ചു കഴിഞ്ഞു. ഇനി ഹിന്ദുത്വ ഇന്ത്യയാണ്. ചരിത്രത്തില്‍ വിശ്വസിച്ച് നല്ല നാളെ പുലരുമെന്ന് പ്രതീക്ഷിക്കാനെ നമുക്ക് തരമുള്ളൂ
മുസ്ലിഹ് വടക്കുംമുറി