കവിത/അന്‍സാര്‍ കൊളത്തൂര്‍
ആളൊഴിഞ്ഞ
കസേരകള്‍ക്കിടയിലിരുന്ന്
ഒരു വൃദ്ധന്‍
നക്ഷത്രങ്ങളെണ്ണിക്കൊണ്ടിരുന്നു
കുന്തിരിക്കത്തിന്‍റെ
കറുത്ത ഗന്ധം കുടിച്ച്
അന്തരീക്ഷം ഭ്രാന്തമായിരിക്കുന്നു.
ആരോ വെച്ച റീത്തിലെ
വാടാറായ പൂവിലിരുന്ന്
രണ്ടീച്ചകള്‍ പ്രണയം പറഞ്ഞു
നരവീണു തുടങ്ങിയ
രണ്ടു പെണ്ണുങ്ങളപ്പോഴും
രാമായണത്തിലെ
അര്‍ത്ഥമറിയാത്ത വരികള്‍
ഉരുവിട്ടുകൊണ്ടിരുന്നു.
വാര്‍ദ്ധക്യത്തിന്‍റെ
അവസാന പടിയിലിരുന്ന് വൃദ്ധന്‍
നക്ഷത്രങ്ങളിലേക്ക്
രാപ്പാര്‍ക്കുകയാണ്
മാലാഖയുടെ ചിറകിനടിയില്‍
കണ്ണുകള്‍ കോര്‍ത്ത്
സ്വപ്നം പറഞ്ഞിരുന്ന രാത്രികള്‍…
അന്ന് മഴവറ്റിയ നിലാവില്‍
നിന്‍റെ പാദസരം
ചിലമ്പിക്കാതിരുന്നപ്പോള്‍ മാലാഖ
വെളിച്ചത്തിലേക്കു ചിറകടിച്ചകന്മ്പോയി
നീ ഏതോ മുല്ലമണമുള്ള താഴ്വരയിലേക്ക്
അണിഞ്ഞൊരുങ്ങി പോയതറിയാതെ
ഞാനപ്പോഴും നിഴലുകളില്‍ ഉറങ്ങാതിരുന്നു.
നീ ചിരി മതിയാക്കിയപ്പോഴും
ഏകാന്തതയിലേക്ക്
ചുഴിയിറങ്ങിയപ്പോഴും
മാലാഖയെ കൈകൊട്ടി വിളിക്കാന്‍
അരികില്‍ വന്നിരുന്നല്ലോ
അണഞ്ഞുപോയ കിനാവിലേക്ക്
വീണ്ടും അവര്‍ വരില്ലെന്ന്
നീ പറഞ്ഞു
അപ്പോഴും തിമിരം മുളച്ച ഇരുളോടെ
ഒരു ചിറകടിക്കായ് കാത്തിരുന്നു.
ഇപ്പോള്‍ നിന്‍റെ അടഞ്ഞ കണ്ണുകളിലെ
പുകമണത്തില്‍
മാലാഖയുടെ മണം ഞാനറിയുന്നു
എന്നില്‍ നിന്നും നിന്നിലേക്ക്
ഇനി ഹൃദയമിടിപ്പിന്‍റെ
നേര്‍ത്ത ദൂരമേയുള്ളു
വൃദ്ധന്‍ എഴുന്നേറ്റ് നക്ഷത്രം മറഞ്ഞ
കറുപ്പിലേക്ക് വേച്ച് വേച്ചു നടന്നു.