2022 march-april Hihgligts Latest Shabdam Magazine ആരോഗ്യം നിരൂപണം പഠനം ഫീച്ചര്‍ വീക്ഷണം സമകാലികം സംസ്കാരം സാമൂഹികം

സ്വവര്‍ഗരതി സംസ്കാരമായതെങ്ങനെ ?

ജാസിര്‍ മൂത്തേടം

പുതിയ കാലത്ത് സ്വവര്‍ഗാനുരാഗികള്‍ക്കുള്ള സ്വീകാര്യത ലോകത്ത് വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. കേവല യുക്തിയുടെയും മനുഷ്യാവകാശത്തിന്‍റെയും പേര് പറഞ്ഞ് ഈ വൃത്തികേടിന് പൊതുജനങ്ങളില്‍ നിന്ന് അംഗീകാരം നേടിയെടുക്കാനുള്ള ശ്രമങ്ങളിലാണ് ലിബറല്‍ ചിന്താഗതിക്കാര്‍. ഇതിനായി മുറവിളി കൂട്ടുന്നവരുടെ സംഘടനകളും കൂട്ടായ്മകളും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സജീവമാവുകയാണ്. നമ്മുടെ ഗ്രാമങ്ങളിലും സ്വവര്‍ഗാനുരാഗത്തിന്‍റെ അലയൊലികള്‍ കേട്ടുതുടങ്ങിയിട്ടുണ്ട്. 1989ല്‍ ഡെന്‍മാര്‍ക്കിലാണ് സ്വവര്‍ഗ വിവാഹം ആദ്യമായി നിയമമാക്കിയത്. പിന്നീട് നോര്‍വ്വെ, സ്വീഡന്‍, ഐസ്ലാന്‍ഡ്, ഫിന്‍ലാന്‍ഡ്, പോര്‍ച്ചുഗല്‍, സ്പെയ്ന്‍, അര്‍ജന്‍റീന, ബ്രസീല്‍, അമേരിക്കയിലെ ഇരുപതിലേറെ സ്റ്റേറ്റുകള്‍ തുടങ്ങി ഒട്ടനവധി രാജ്യങ്ങള്‍ സ്വവര്‍ഗ രതിയും വിവാഹവും നിയമപരമായി അനുവദിച്ചു. പടിഞ്ഞാറന്‍ നാടുകളിലെന്ന പോലെ നമ്മുടെ ഇന്ത്യയിലും സ്വവര്‍ഗ വിവാഹം നിയമപരമായി അംഗീകരിച്ചു. സ്വതന്ത്ര ലൈംഗികത അംഗീകരിക്കുന്ന 127-ാമത്തെ രാജ്യമായി ഇന്ത്യ മാറി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് പ്രകാരം സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമായിരുന്നു. ഇന്ന് അതെല്ലാം എടുത്ത് കളയപ്പെട്ടിരിക്കുന്നു. പഴയ കാലങ്ങളില്‍ നിന്ന് വിഭിന്നമായി സ്വവര്‍ഗ ലൈംഗികതക്ക് വേണ്ടി മുറവിളി കൂട്ടുന്നവരുടെ എണ്ണവും വര്‍ധിച്ചു കൊണ്ടേയിരിക്കുന്നു.
സ്വവര്‍ഗരതി പ്രകൃതി വിരുദ്ധമാണ്. മനുഷ്യ വര്‍ഗത്തിന്‍റെ നിലനില്‍പിനെ തന്നെ അത് തകര്‍ത്തുകളയും. മനുഷ്യനടങ്ങുന്ന മുഴുവന്‍ ജീവജാലങ്ങളെയും ഇണകളായിട്ടാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഇണകളായി സൃഷ്ടിക്കപ്പെട്ടതിന്‍റെ പ്രധാന ലക്ഷ്യം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനും ഇണ ചേരാനുമാണ്. അതിലൂടെ ജീവി വര്‍ഗം നിലനില്‍ക്കുന്നു. സ്വവര്‍ഗരതി അസ്വാഭാവികവും പ്രകൃതി വിരുദ്ധവുമായാണ് വര്‍ത്തിക്കുന്നത്. അത് മനുഷ്യ വിരുദ്ധതയിലേക്ക് നയിക്കുന്നു. കുടുംബ സംവിധാനത്തെ പാടെ ഇല്ലാതാക്കുന്നു. മക്കളില്ലാത്ത ഒരു ലോകത്തെ സൃഷ്ടിക്കുന്നു. ദമ്പതികള്‍ക്കിടയില്‍ ബന്ധങ്ങള്‍ ദൃഢപ്പെടുത്തുന്നതില്‍ മക്കള്‍ക്ക് പ്രധാന പങ്കുണ്ട്. പിരിയേണ്ട പല സാഹചര്യങ്ങളിലും മക്കളെയോര്‍ത്ത് മക്കളുടെ ഭാവിയോര്‍ത്ത് ദൃഢപ്പെടുന്നു.
1989ല്‍ യുവജന ആത്മഹത്യയെക്കുറിച്ച് തയ്യാറാക്കപ്പെട്ട റിപ്പോര്‍ട്ടില്‍ ആത്മഹത്യ ചെയ്യുന്നവരില്‍ മുപ്പത് ശതമാനവും സ്വവര്‍ഗാനുരാഗികളായ യുവാക്കളാണെന്ന് സൂചിപ്പിക്കുന്നു. 40 ശതമാനം ഒന്നുകില്‍ ആത്മഹത്യക്ക് ശ്രമിച്ചു, അല്ലെങ്കില്‍ ഗുരുതരമായി അതിനാഗ്രഹിക്കുന്നുവെന്നും പഠനം വ്യക്തമാക്കുന്നു. മാരകമായ നിരവധി രോഗങ്ങള്‍ക്കും സ്വവര്‍ഗരതി കാരണമാകുന്നുണ്ട്. അരിമ്പാറക്കും മറ്റ് നല്ല ട്യൂമറുകള്‍ക്കും ജനനേന്ദ്രിയത്തിലെ ക്യാന്‍സറുകള്‍ക്കും കാരണമാകുന്ന എച്ച് പി വി (ഹ്യൂമണ്‍ പാപ്പിലോമ വൈറസ്), ജനനേന്ദ്രിയ ഭാഗത്തുണ്ടാകുന്ന ഗോണേറിയ, ശരീരത്തിലുടനീളം പരക്കാവുന്ന സിഫിലിസ് (പറകിപ്പുണ്ണ്), ക്ലമീഡിയ അണുബാധ, ഗുദാര്‍ബുദം തുടങ്ങിയ അതിഭീകരമായ നിരവധി ലൈംഗിക രോഗങ്ങള്‍ക്ക് ഇത് കാരണമാകുന്നു.
ഇസ്ലാമിക നിലപാട്
വിവാഹേതരമായ എല്ലാ ലൈംഗിക ബന്ധങ്ങളെയും ഇസ്ലാം കര്‍ക്കശമായി നിരോധിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ സ്വവര്‍ഗരതിയെന്ന നീച കൃത്യത്തെ കടുത്ത ഭാഷയില്‍ എതിര്‍ക്കുകയും ശക്തമായ താക്കീത് നല്‍കുകയും ചെയ്തിട്ടുണ്ട്. സ്വവര്‍ഗാനുരാഗത്തിന്‍റെ പ്രതിരൂപികളായ ലൂത്വ് നബി (അ)ന്‍റെ പ്രബോധിത സമുദായമായ സമൂദികളുടെ ചരിത്രം വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. സ്വവര്‍ഗരതിയിലും മറ്റു നീച കൃത്യതത്തിലുമായി ജീവിതം നിത്യമാക്കിയ സമൂഹമായിരുന്നു അവര്‍. പലവിധ താക്കീത് നല്‍കിയിട്ടും ധിക്കരിച്ച അവരെ ചുട്ടുപഴുത്ത കല്ലുകള്‍ വര്‍ഷിപ്പിച്ച് നശിപ്പിക്കുകയും അവരുടെ ദേശത്തെ തലകീഴായി മറിക്കുകയും ചെയ്തു. ലൂത്വ് നബിയുടെ സമൂഹത്തെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു: നിങ്ങള്‍ക്ക് മുമ്പ് ഈ നീച കൃത്യം (സ്വവര്‍ഗരതി) മറ്റാരും ചെയ്തിട്ടില്ല. ഖുര്‍ആനില്‍ പല ഭാഗങ്ങളിലായി ഈ നീച കൃത്യത്തെ കുറിച്ച് പ്രതിപാദിക്കുന്നുമുണ്ട്. പ്രവാചകാധ്യപനങ്ങളും ഈ നീചകൃത്യത്തിന്‍റെ ഭയാനകത വിളിച്ചറിയിക്കുന്നുണ്ട്. നബി തങ്ങള്‍ പറയുന്നു: എന്‍റെ സമുദായത്തിന്‍റെ കാര്യത്തില്‍ ഞാനേറ്റവും ഭയപ്പെടുന്നത് ലൂത്വ് നബി (അ)ന്‍റെ സമുദായത്തിന്‍റെ ചെയ്തിയെയാണ് (തുര്‍മുദി, ഇബ്നു മാജ). മറ്റൊരു ഹദീസില്‍ നബി തങ്ങള്‍ ഇപ്രകാരം പറയുന്നു: നാലു വിഭാഗം ആളുകള്‍ക്ക് നേരം വെളുക്കുന്നതും വൈകുന്നേരമാകുന്നതും അല്ലാഹുവിന്‍റെ കോപത്തിലായിട്ടാണ്. സ്ത്രീകളെ പോലെ നടക്കുന്ന പുരുഷന്മാരും പുരുഷന്മാരെ പോലെ നടക്കുന്ന സ്ത്രീകളും കാമ പൂര്‍ത്തീകരണത്തിനായി മൃഗങ്ങളെ സമീപിക്കുന്നവരും പുരുഷന്മാരുമായി ലൈംഗീക ബന്ധം പുലര്‍ത്തുന്ന പുരുഷന്മാരുമാണവര്‍ (ഇമാം ബൈഹഖി). സ്ത്രീകള്‍ പരസ്പരം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനെക്കുറിച്ച് നബി തങ്ങള്‍ പറയുന്നു: സ്ത്രീകള്‍ക്കിടയിലുള്ള സിഹാഖ് (സ്ത്രീ സത്രീയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടല്‍) വ്യഭിചാരമാണ് (ത്വബ്റാനി). മുഴുവന്‍ കര്‍മ ശാസ്ത്ര മദ്ഹബുകളിലും സ്വവര്‍ഗ രതിയും അതിലേക്ക് കൊണ്ടെത്തിക്കുന്ന കാരണങ്ങളും ഗൗരവമായി ചര്‍ച്ച ചെയ്യുന്നുണ്ട്. സ്വവര്‍ഗരതിക്കാര്‍ക്ക് മതനിയമമനുസരിച്ച് നടപ്പിലാക്കേണ്ട ശിക്ഷാ ക്രമത്തില്‍ ചില അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും സ്വവര്‍ഗ രതി വന്‍ പാപങ്ങളില്‍ പെട്ടതാണെന്ന് പണ്ഡിതന്മാര്‍ ഏകാഭിപ്രായപ്പെട്ടിട്ടുണ്ട്. ശാഫിഈ മദ്ഹബ് പ്രകാരം വ്യഭിചാരത്തിന്‍റെ അതേ ശിക്ഷ അതായത് വിവാഹിതരാണെങ്കില്‍ എറിഞ്ഞ് കൊല്ലുകയും അവിവാഹിതരാണെങ്കില്‍ നൂറ് അടി നല്‍കി ഒരു വര്‍ഷത്തേക്ക് നാടുകടത്തുകയും വേണം.
മനുഷ്യരാരും പ്രകൃതിപരമായി സ്വവര്‍ഗാനുരാഗികളല്ലെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കുന്നു. യഥാര്‍ത്ഥത്തില്‍ അത് അധാര്‍മ്മികമാണ്, മനുഷ്യന്‍റെ നാണത്തെ അത് ഇല്ലാതാക്കുന്നു. സ്വവര്‍ഗരതിയിലേര്‍പ്പെട്ട ലൂത്വ് (അ)ന്‍റെ സമൂഹത്തോട് പ്രവാചകര്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: നിങ്ങളില്‍ വിവേകമുള്ള ഒരാളുമില്ലേ? (സൂറത്തുല്‍ ഹൂദ്). ഇതു തന്നെയാണ് എക്കാലവുമുള്ള സ്വവര്‍ഗാനുരാഗികളോട് ധാര്‍മ്മികതയു ള്ള മനുഷ്യത്വം കാത്തുസൂക്ഷിക്കുന്ന ജനങ്ങള്‍ക്ക് ചോദിക്കാനുള്ളത്. ഇത് മനസ്സിനെ മലിനമാക്കി ദുഷിച്ച സ്വഭാവത്തിലേക്ക് നയിക്കുന്നു. മാറ്റിയെടുക്കാനാവാത്ത ഒരു രോഗമല്ല സ്വവര്‍ഗരതി. കാരണം ഒരു മനുഷ്യനും ജന്മനാ സ്വവര്‍ഗാനുരാഗിയായി ജനിക്കുന്നില്ല. സാഹചര്യങ്ങള്‍ക്കടിമപ്പെട്ട് ആസ്വാദനത്തിന്‍റെ അതിപ്രസരണത്തില്‍ ലയിച്ച് കൃത്യമായി മാര്‍ഗദര്‍ശനമോ മതബോധമോ ലഭിക്കാത്തതാണ് പലരേയും ഈ വൃത്തിഹീനമായ കര്‍മ്മത്തിലേക്കെത്തിക്കുന്നത്. പ്രപഞ്ച നാഥന്‍റെ വിധിവിലക്കുകളെ നിരാകരിച്ച് ജീവിതം ആസ്വാദനമായിക്കണ്ട് ഭൗതിക ജീവിതത്തിനപ്പുറം മറ്റൊന്നില്ലെന്ന ചിന്താഗതിയാണ് ഇത്തരം പ്രവണതകള്‍ക്ക് അത്തരക്കാരെ പ്രേരിപ്പിക്കുന്നത്.
ഇസ്ലാമില്‍ ലൈംഗിക ബന്ധം സാധുവാകുന്നത് വിവാഹ ബന്ധത്തിലൂടെയാണ്. കുടുംബമെന്ന വ്യവസ്ഥിതിയുടെ സുസ്ഥിരമായ നിലനില്‍പ്പാണ് ഇസ്ലാം ലക്ഷ്യമിടുന്നത്. അതിന്‍റെ അടിത്തറയാണ് വിവാഹം. അത് സ്ത്രീയും പുരുഷനും തമ്മിലായിരിക്കണമെന്ന് മതം നിഷ്കര്‍ഷിക്കുന്നു. വ്യത്യസ്ത ലിംഗങ്ങളില്‍ പെട്ട് രണ്ട് പേര്‍ക്ക് മാത്രമേ ഇണ ചേരാന്‍ സാധിക്കുവെന്നും അവര്‍ ഇണ ചേരുമ്പോള്‍ മാത്രമാണ് സന്താന ലബ്ദി ഉണ്ടാവൂ എന്നുമുള്ള സത്യം മനുഷ്യന്‍റെ സാമാന്യ ബുദ്ധി നമ്മോട് പറഞ്ഞു കൊണ്ടേയിരിക്കുന്നുണ്ട്. പ്രകൃതി വിരുദ്ധ വികാരങ്ങള്‍ക്ക് മനസ്സിനെ കീഴ്പ്പെടുത്തിയവര്‍ക്ക് അത് മനസ്സിലാക്കാന്‍ സാധിക്കില്ല. സ്വവര്‍ഗ രതിയില്‍ ആര്‍മാദിക്കുന്നവര്‍ തങ്ങള്‍ ഈ ലോകത്ത് ജനിച്ചത് വിരുദ്ധ ലിംഗങ്ങള്‍ തമ്മിലുള്ള ഇണ ചേരലിലൂടെയായിരുന്നുവെന്ന് മറന്നു പോകുന്നു. പുരുഷനും സ്ത്രീയും തമ്മില്‍ ബലമുള്ള വിവാഹത്തിലൂടെ മാത്രം ഇണ ചേരുമ്പോള്‍ അത് പവിത്രമായ ലൈംഗിക ബന്ധമായി മാറുന്നു. അല്ലാത്തവയെല്ലാം മതം നിഷിദ്ധമായി കാണുന്നു. സ്വവര്‍ഗരതി പോലോത്തതിലേക്ക് പ്രേരണ നല്‍കിയേക്കാവുന്ന സാഹചര്യങ്ങളില്‍ നിന്ന് പോലും മാറി നില്‍ക്കാന്‍ മതം കല്‍പ്പിക്കുന്നു. മുസ്ലിം സ്ത്രീ അമുസ്ലിം സ്ത്രീയില്‍ നിന്നും വ്യഭിചാരിയോ പെണ്‍ മൈഥുനക്കാരിയോ ആയവളില്‍ നിന്നും മറ പാലിക്കാന്‍ ഇസ്ലാം നിഷ്കര്‍ഷിക്കുന്നു. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും മറ കൂടാതെ ഒരേ വിരിപ്പില്‍ നഗ്നരായി കിടക്കുന്നത് മതം നിഷിദ്ധമാക്കി. ഇതു കൊണ്ടെല്ലാം വിശുദ്ധ ഇസ്ലാം ലക്ഷ്യം വെക്കുന്നത് മനുഷ്യ വര്‍ഗത്തിന്‍റെ വേരു മുതല്‍ ഇല വരെയുള്ള നന്മയാണ്, മനുഷ്യകുലത്തിന്‍റെ നിലനില്‍പ്പിനെയാണ്, മാരക രോഗങ്ങളില്‍ നിന്നുള്ള മോചനമാണ്. ലൈംഗിക വേഴ്ചക്കപ്പുറം വിവാഹ ബന്ധം വിഭാവനം ചെയ്യുന്ന ചില മൂല്യങ്ങളുണ്ട്. ഉത്തരവാദിത്വങ്ങളും കടപ്പാടുകളുമുണ്ട്. പരസ്പര സ്നേഹവും വിശ്വാസവും ആ ബന്ധത്തെ ഭദ്രമാക്കുന്നു. സന്താനങ്ങളിലേക്കും പിന്‍തലമുറകളിലേക്കും ആ ബന്ധം വഴി തെളിയിക്കുന്നു. ഇതെല്ലാം സാധ്യമാവുക മത മൂല്യങ്ങള്‍ക്ക് വഴിപെട്ട് പ്രകൃതി വിരുദ്ധതയില്‍ നിന്ന് വിട്ട് നിന്ന് ജീവിതം നയിക്കുമ്പോള്‍ മാത്രമാണ്.

Leave a Reply

Your email address will not be published. Required fields are marked *