2022 October-November Shabdam Magazine ആത്മിയം നബി സ്മൃതി

ഇമാമു ദാരില്‍ ഹിജ്റ

ഫവാസ് മൂര്‍ക്കനാട്

കഴിഞ്ഞ 1460 വര്‍ഷത്തിനിടയില്‍ മുസ്ലിം സമൂഹം ചെയ്ത ഏറ്റവും പ്രധാനപ്പെട്ടതും വെല്ലുവിളിയുയര്‍ത്തിയതുമായ പ്രവര്‍ത്തനമെന്നത് ഇസ്ലാമിക കര്‍മ ശാസ്ത്ര നിയമത്തിന്‍റെ സമാഹരണവും ക്രോഡീകരണവുമാണ്. അതിനായി ഒരുപാട് പ്രഗത്ഭ വ്യക്തിത്വങ്ങള്‍ രംഗത്തു വന്നിട്ടുണ്ട്. അത്തരത്തില്‍ മുന്നോട്ടു വന്ന ഇസ്ലാമിക കര്‍മ ശാസ്ത്രത്തില്‍ അഗ്രഗണ്യരായിരുന്ന പ്രമുഖരില്‍ ഒരാളാണ് എട്ടാം നൂറ്റാണ്ടില്‍ മദീനയില്‍ ജീവിച്ചിരുന്ന മാലിക് ബ്നു അനസ് (റ). അബൂ അബ്ദില്ല മാലിക് ബിന്‍ അനസ് ബിന്‍ മാലിക് ബിന്‍ അബീ ആമിര്‍ എന്നാണ് പൂര്‍ണ നാമം. ഹിജ്റ വര്‍ഷം 93 ല്‍ മദീനയിലാണ് ജനനം. യമനിലാണ് അദ്ദേഹത്തിന്‍റെ കുടുംബം ആദ്യം താമസിച്ചിരുന്നത്. തുടര്‍ന്ന് ഉമര്‍ ബിന്‍ ഖത്താബിന്‍റെ കാലത്ത് പിതാമാഹന്‍ മദീനയിലേക്ക് താമസം മാറി. മദീനയില്‍ ജീവിച്ചിരുന്ന പ്രവാചകാനുയായികള്‍ക്ക് കീഴിലാണ് പിതാമഹനും പിതാവും മതവിദ്യഭ്യാസം നേടിയത്. അത്കൊണ്ട് തന്നെ ഇസ്ലാമിക അന്തരീക്ഷത്തിലാണ് ശൈശവക്കാലം മുതലേ ഇമാം മാലിക്(റ) വളര്‍ന്നത്. ഈ ശിക്ഷണത്തിന്‍റെ ഫലമായാണ് പിന്നീട് ദാറുല്‍ ഹിജ്റയിലെ ഇമാം എന്ന സ്ഥാനത്തേക്ക് അദ്ദേഹം ഉയര്‍ന്നു വന്നത്. വിഖ്യാത പണ്ഡിതനും ജ്ഞാനിയുമായിരുന്നു അദ്ദേഹത്തിന്‍റെ പിതാവ് അനസ് (റ) . പിതാവിന്‍റെ പ്രേരണയാലാണ് മാലിക് (റ) ഇസ്ലാമിക വൈജ്ഞാനിക മേഖലയിലേക്ക് തിരിയുന്നത്. ഏഴ് വര്‍ഷക്കാലം പ്രസിദ്ധ പണ്ഡിതന്‍ ഇബ്നു ഹര്‍മുഷിന്‍റെ ശിക്ഷണത്തില്‍ കഴിഞ്ഞു കൂടി. ദീര്‍ഘ കാല പഠനത്തിനു ശേഷം മദീനയിലെ ഏറ്റവും വലിയ പണ്ഡിതനായി ഇമാം മാലിക് (റ) മാറി. ഇസ്ലാമിക കര്‍മ്മ ശാസ്ത്രത്തില്‍ അഗാധ വിജ്ഞാനം കരസ്ഥമാക്കി ഒരുപാട് ശിഷ്യന്മാരെ വാര്‍ത്തെടുത്തു. അദ്ദേഹം ക്രോഡീകരിച്ച കര്‍മ്മ ശാസ്ത്ര വഴികള്‍ മാലികീ മദ്ഹബ് എന്ന പേരില്‍ അറിയപ്പെടുന്നു. ധൈഷണിക വീക്ഷണത്തോടെ ഖുര്‍ആനിലും ഹദീസിലും അദ്ദേഹം നടത്തിയ അഗാധ ഗവേഷണ ഫലമായി രൂപം കൊണ്ടതാണീ മദ്ഹബ്. വിശ്വപ്രസിദ്ധമായ നാല് മദ്ഹബുകളില്‍ കൂടുതല്‍ വിശ്വാസികളുള്ള രണ്ടാമത്തെതാണ് മാലികീ മദ്ഹബ് നിലകൊളളുന്നത്. പതിനാറാം വയസ്സില്‍ ഇമാം വൈജ്ഞാനിക സേവനം ആരംഭിച്ചു. നിരവധി പണ്ഡിതന്മാരില്‍ നിന്ന് വിദ്യ നുകര്‍ന്നു. ആറ് ദശകങ്ങള്‍ മദീനയിലെ മുഹദ്ദിസും മുഫ്തിയുമായിരുന്നു. ഫത്വ നല്‍കാന്‍ അര്‍ഹനാണെന്ന് എഴുപത് പണ്ഡിതന്മാര്‍ സാക്ഷ്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഫത്വ നല്‍കാന്‍ ആരംഭിച്ചത്. അതുവരെ ഫത്വ കൊടുക്കില്ലെന്ന് മഹാന്‍ പ്രഖ്യാപിച്ചു. ഇസ്ലാമിക കര്‍മ്മ ശാസ്ത്രത്തിലും ഹദീസ് മേഖലയിലും തുല്യതയില്ലാത്ത പണ്ഡിതനായി അദ്ദേഹം മാറി. ലക്ഷക്കണക്കിന് ഹദീസുകളറിയാവുന്ന ഇമാം ഒരു ലക്ഷം ഹദീസുകള്‍ സ്വന്തം കൈപ്പടയില്‍ രേഖപ്പെടുത്തി വെച്ചിരുന്നു. ഹദീസ് വിജ്ഞാനം ആഗ്രഹിക്കുന്നവര്‍ ഇമാം മാലികിനെ ആശ്രയിച്ചേ തീരൂ എന്ന് ഇമാം ശാഫിഈ പറഞ്ഞിട്ടുണ്ട്. ആ നൂറ്റാണ്ടിലെ ഹദീസ് പണ്ഡിതന്മാരില്‍ പ്രമുഖര്‍ മാലിക് (റ) യുടെ ശിഷ്യന്മാരില്‍ പെട്ടവരായിരുന്നു. അതില്‍ ഏറ്റവും പ്രധാനിയാണ് ഇമാം ശാഫിഈ (റ). ശാഫിഈ (റ) പറയുന്നു: “കര്‍മ്മ ശാസ്ത്ര ഹദീസുകള്‍ മുപ്പതെണ്ണം ഒഴികെയുളളതെല്ലാം അദ്ധേഹത്തില്‍ നിന്നാണ് ഞാന്‍ പഠിച്ചത്.” വിജ്ഞാനത്തെ അങ്ങേയറ്റം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്ത വ്യക്തിയായിരുന്നു മാലിക് (റ). കുളിച്ച് വൃത്തിയായി മുന്തിയ വസ്ത്രം ധരിച്ചും സുഗന്ധം ഉപയോഗിച്ചും മാത്രമാണ് ഹദീസ് ഓതിയിരുന്നത്. അശ്രദ്ധമായി ഹദീസ് കൈകാര്യം ചെയ്യല്‍ പ്രവാചകരോടുളള അനാദരവാണെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. ഒരിക്കല്‍ ഹദീസ് ക്ലാസില്‍ പതിനാറ് തവണ തേള്‍ കുത്തുകയും ശക്തമായ വിഷം ഇരച്ചു കയറി ശരീരം മഞ്ഞ നിറമാവുകയും ചെയ്തു. ഹദീസ് ക്ലാസിനിടയില്‍ അത് ശ്രദ്ധിച്ചാല്‍ അനാദരവാകുമോ എന്ന് ഭയന്ന് എല്ലാം അവസാനിച്ചതിന് ശേഷമാണ് ഇമാം ഗൗനിച്ചത്. പ്രവാചകന്‍ ഇഅ്തികാഫ് ഇരുന്ന സ്ഥലത്ത് മസ്ജിദുന്നബവിയില്‍ ആണ് ഇമാം മാലിക് (റ) ഇരുന്നിരുന്നത്. എല്ലാ അവസരങ്ങളിലും പരമാവധി പ്രവാചകരുടെ സുന്നത്ത് പ്രാവര്‍ത്തികമാക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഒരു കയ്യില്‍ ഖുര്‍ആനും മറ്റേ കയ്യില്‍ ഹദീസ് ഗ്രന്ഥവും പിടിച്ചു കൊണ്ട് അവയെ അടിസ്ഥാനമാക്കിയാണ് നിയമ വിധികള്‍ നടത്തിയിരുന്നത്. ഇമാം മാലിക് (റ)വിന്‍റെ ഫിഖ്ഹീ രീതി ശാസ്ത്രത്തിലെ പ്രധാനപ്പെട്ട ഒരു പ്രത്യേകത അദ്ദേഹം മദീനയിലെ ജനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഒരു മുഖ്യ സ്രോതസായി സ്വീകരിച്ചിരുന്നുവെന്നതാണ്. നിയമ നിര്‍വ്വഹണത്തിനായി ഫിഖ്ഹില്‍ പല സ്രോതസുകളും സ്വീകരിക്കാറുണ്ട്. ഖുര്‍ആനും തിരുസുന്നത്തുമാണ് പ്രധാനമായും പരിഗണിച്ചിരുന്നത്. ഇമാം മാലിക് (റ) നെ സംബന്ധിച്ചിടത്തോളം മദീനയിലെ ജനങ്ങളുടെ ജീവിതവും പ്രവര്‍ത്തനങ്ങളും വളരെ പ്രധാനപ്പെട്ട സ്രോതസായിരുന്നു. പ്രവാചകന്‍റെ കാലത്തെ മദീനയും തന്‍റെ കാലത്തെ മദീനയും തമ്മില്‍ വലിയ വ്യത്യാസങ്ങളൊന്നുമുണ്ടായിരുന്നില്ല എന്നാണ് ഇമാം മാലിക് (റ) ഇതിനു കാരണമായി പറഞ്ഞത്. ഇതര മുസ്ലിം രാഷ്ട്രങ്ങളിലുമൊക്കെ നടന്നിരുന്ന രാഷ്ട്രീയ സംഭവ വികാസങ്ങളൊന്നും മദീനയെ ബാധിച്ചിരുന്നില്ല. മാത്രമല്ല പ്രവാചകാനുരാഗികളില്‍ നിന്നാണ് മദീനക്കാര്‍ ഇസ്ലാം പഠിച്ചിരുന്നത്. അതിനാല്‍ തന്നെ ഖുര്‍ആനിലും ഹദീസിലും വിരുദ്ധമല്ലാത്ത ഒരു കാര്യം മദീനയിലെ എല്ലാവരും ഒരുപോലെ ചെയ്യുകയാണെങ്കില്‍ അത് ഫിഖ്ഹിന്‍റെ ഒരു മുഖ്യ സ്രോതസായി പരിഗണിക്കാം എന്നായിരുന്നു ഇമാം മാലികിന്‍റെ പക്ഷം. നാല് ഇമാമുമാരില്‍ ഇവര്‍ക്കു മാത്രമാണ് ഈ അഭിപ്രായമുളളത്. ഫിഖ്ഹിന്‍റെയും ഹദീസിന്‍റെയും പഠനം കൂടുതല്‍ എളുപ്പമാക്കുന്നതിനു വേണ്ടി ‘മുവത്വ’ എന്ന ഗ്രന്ഥം അദ്ദേഹം രചിക്കുകയുണ്ടായി. പ്രവാചക വചനങ്ങളെ ഒരു പുസ്തകത്തിലേക്ക് സമാഹരിക്കാനുളള ആദ്യ ശ്രമമായിരുന്നു ഇത്. വിഖ്യാതമായ ഈ ഹദീസ് സമാഹാരം ആദ്യ ഘട്ടം പതിനായിരം ഹദീസുകളടങ്ങിയതായിരുന്നു. ശേഷം അദ്ദേഹം തന്നെ വിചിന്തനം നടത്തുകയും പതിനായിരം ഹദീസുളളത് ചുരുക്കി 1714 ലേക്ക് പരിമിതിപ്പെടുത്തുകയും ചെയ്തു. മദീനയില്‍ അന്ന് ജീവിച്ചിരുന്ന പണ്ഡിതന്മാരില്‍ നിന്നും തെരഞ്ഞെടുത്ത പ്രധാനികളായ എഴുപതോളം പണ്ഡിതരെ പുസ്തകം കാണിക്കുകയും അവര്‍ അത് അംഗീകരിക്കുകയും ചെയ്തതിന് ശേഷമാണ് അതിന് ആ പേര് നല്‍കിയതെന്ന് ഇമാം മാലിക്(റ) പറയുന്നുണ്ട്.
‘അംഗീകരിക്കപ്പെട്ടു’ എന്നാണ് ‘മുവത്വ’ എന്നതിനര്‍ത്ഥം. മുവത്വ യഥാര്‍ത്ഥത്തില്‍ ഒരു നാഴികക്കല്ലായിരുന്നു. അതാണ് പിന്നീട് ഹദീസ് എന്ന വിജ്ഞാന ശാഖയുടെ വികാസത്തെ സഹായിച്ചത്. കര്‍മ ശാസ്ത്ര വിധികളോട് ബന്ധപ്പെടുത്തിക്കൊണ്ടുള്ള ആഖ്യാന ശൈലിയാണ് മുവത്വ സ്വീകരിച്ചിരുന്നത്. ഹദീസുകളോട് അനുബന്ധിച്ചുള്ള, അതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള സ്വഹാബത്തിന്‍റെ പ്രസ്താവനകളും അതില്‍ ഉള്‍പ്പെട്ടിരുന്നു. ഇമാം മാലിക് (റ)ന്‍റെ ഹദീസ് തെരഞ്ഞെടുപ്പുകള്‍ വളരെ സൂക്ഷ്മമായിരുന്നു. ഇമാം ബുഖാരിയുടെയും മുസ്ലിമിന്‍റെയും ഹദീസ് സമാഹാരങ്ങള്‍ക്കുള്ള തുല്യ പ്രാധാന്യം തന്നെയാണ് മുവത്വക്കുളളത്. ഖുര്‍ആന് ശേഷം മുവത്വയോളം ആധികാരികമായ മറ്റൊരു ഗ്രന്ഥമില്ലെന്ന് കര്‍മ ശാസ്ത്ര പണ്ഡിതനായ ഇമാം ശാഫിഈ (റ) പറഞ്ഞിട്ടുണ്ട്.
ഇമാം മാലികിന്‍റെ ഹദീസ് സമാഹാരത്തിനുണ്ടായ സ്വാധീനം മൂലം അക്കാലത്തെ ഖലീഫയായിരുന്ന ഹാറൂന്‍ അല്‍ റഷീദ് അത് പ്രസിദ്ധീകരിക്കാനും അബ്ബാസിയ്യ സാമ്രാജ്യത്തിന്‍റെ ഔദ്യോഗിക ഗ്രന്ഥമാക്കാനും ആവശ്യപ്പെട്ടു. പ്രസിദ്ധിയോ പദവിയോ ആഗ്രഹിക്കാത്ത ഇമാം മാലിക്(റ) അത് നിരസിച്ചു. ഇസ്ലാമിക നിയമത്തിന്‍റെ ഒരു വ്യാഖ്യാനവും പൂര്‍ണമല്ല എന്നായിരുന്നു അദ്ദേഹത്തിന്‍റെ അഭിപ്രായം. അത്കൊണ്ട് തന്നെയാണ് ജയിലിലടക്കുമെന്ന് ഭീഷണിയുണ്ടായിട്ട് പോലും തന്‍റെ ഫിഖ്ഹ് സമാഹരണം ഔദ്യോഗികമാക്കാന്‍ അദ്ദേഹം വിസമ്മതിച്ചത്.
ഏറ്റവും ആദരിക്കപ്പെടുന്ന പണ്ഡിതനായിട്ട് പോലും ലാളിത്യവും വിനയവുമായിരുന്നു ഇമാം മാലിക് (റ)ന്‍റെ സ്വഭാവ മുദ്ര. പ്രവാചകരോടുളള അതിരറ്റ ആദരവും സ്നേഹവും ഹദീസുകളോടുള്ള ബഹുമാനവും കാരണമായി നടക്കുമ്പോള്‍ ഇമാം മാലിക് (റ) ഹദീസ് ഉച്ചരിക്കാറില്ല. ഹദീസ് പറയേണ്ട സന്ദര്‍ഭം വന്നാല്‍ ഇരുന്ന് കൊണ്ട് വളരെ ആദരവോട് കൂടെയാണ് ഹദീസ് ഉദ്ദരിച്ചിരുന്നത്. വുളൂഅ് ഇല്ലാതെയോ മോശം അവസ്ഥയിലോ അദ്ദേഹം ഹദീസ് ഉദ്ധരിച്ചിരുന്നില്ല. പ്രവാചക ചര്യകളോടുള്ള ആദരവാണ് അദ്ദേഹം വലിയ ഉന്നതിയിലെത്താന്‍ നിദാനം. പ്രവാചകര്‍ ജീവിച്ച മദീന നഗരത്തെ പോലും അദ്ദേഹം ആദരിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നു. മദീന നഗരത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ മൃഗത്തിന്‍റെ പുറത്ത് കയറി യാത്ര ചെയ്യാറില്ല. പ്രവാചകര്‍ (സ്വ) നടന്ന മണ്ണിലൂടെ അങ്ങനെ യാത്ര ചെയ്യാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല.
കഷ്ടപ്പാടിന്‍റെ തീച്ചൂളയിലായിരുന്നു അദ്ദേഹത്തിന്‍റെ ബാല്യകാലം അദ്ദേഹം ജീവിച്ച് തീര്‍ത്തത്. വിജ്ഞാന വഴികളില്‍ അവയൊന്നും ഒരു പ്രശ്നമായി ഇമാം മാലിക് (റ) കണ്ടിരുന്നില്ല. അറിവിലും ഓര്‍മ ശക്തിയിലും ഇമാം മാലിക് (റ) ഹിജാസിലെ ഏറ്റവും പ്രഗത്ഭനെന്ന ഖ്യാതി നേടി. പാണ്ഡിത്യത്തില്‍ താബിഈങ്ങള്‍ക്ക് ശേഷം ഇമാം മാലിക് തങ്ങള്‍ക്ക് തുല്യരായി ആരുമില്ലെന്ന് ശാഫിഈ (റ), സഹബീ എന്നിവര്‍ പറഞ്ഞിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *