മുസ്ലിംകള് തീവ്രവാദികളായിരിക്കല്‍ ആരുടെ ആവശ്യമാണ്?
കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളില്‍ മുസ്ലിമിനെക്കുറിച്ചുള്ള പൊതുബോധം ചര്‍ച്ച ചെയ്യപ്പെടേണ്ടതിന്റെ ആവശ്യകത സമീപ കാലത്ത് വര്‍ധിച്ചു വരികയാണ്. വിദ്യഭ്യാസം, ആരോഗ്യം, വികസനം തുടങ്ങി എല്ലാ മേഖലകളിലും ഉന്നതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുമ്പോഴും കേരളത്തിന്റെ മതേതര സാമൂഹികതയുടെ അടിത്തറ അനുദിനം ഇളകി പൊളിഞ്ഞുകൊണ്ടിരിക്കുന്നുവെന് നത് വിസ്മരിക്കാനാവില്ല. എന്തൊക്കെ പ്രശ്നങ്ങള്‍ തല പൊക്കുമ്പോഴും അതിലെ മുസ്ലിം പങ്കാളിത്തം ഉയര്‍ത്തിക്കാട്ടുകയും ആ പ്രശ്നങ്ങളെ മുസ്ലിമിന്റെ മതത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന സംഘപരിവാര്‍ അജണ്ട കേരളവും ഏറ്റെടുക്കുന്ന അതിദയനീയമായ അവസ്ഥയാണ് നിലവിലുള്ളത്. ഏറ്റവും അവസാനം ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന് ഹോളിഡേയെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ ശ്രദ്ധിക്കുക. നിയമ ലംഘനം നടത്തി പിടിക്കപ്പെട്ട ഹോട്ടലുകളുടെ മുസ്ലിം പേരുകളിലേക്കാണ് മാധ്യമങ്ങളുടെ ക്യാമറകണ്ണുകള്‍ ആദ്യം പാഞ്ഞു ചെന്നത്. സോഷ്യല്‍ മീഡിയ ഇതേറ്റെടുത്ത് ആഘോഷിക്കുകയും ചെയ്തു. ഭക്ഷ്യ വിഷബാധയുടെ പ്രശ്നമേറ്റെടുത്ത് കേരളത്തിലെ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും അതിന്റെ കാരണങ്ങളെ പ്രശ്നവല്‍ക്കരിക്കുന്നതിന് പകരം ആ ഭക്ഷണസാധനങ്ങളുടെ മതവും ജാതിയും തിരയുന്നതാണ് നാം കണ്ടത്.
മലയാളിയുടെ പൊതുബോധങ്ങളില്‍ പ്രത്യേകിച്ചും സമീപ കാലങ്ങളില്‍ ഉയര്‍ന്നു വന്ന മുസ്ലിം വിഷയങ്ങളില്‍ ഇസ്ലാമോഫോബിയ കുത്തിനിറക്കുന്നതില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്ക് ചെറുതൊന്നുമല്ല. വളരെ അപ്രസക്തമായ വിഷയങ്ങളെപ്പോലും അന്തിച്ചര്‍ച്ചകളില്‍ ഇസ്ലാമിന്റെ നിറം കൊടുത്ത് അവതരിക്കുകയും അവ പൊതു സമൂഹം ഏറ്റെടുത്ത് ഇസ്ലാമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചെയ്യുന്ന പ്രവണത ഏറി വരുന്നുണ്ട്. വിപണികളാല് നിയന്ത്രിക്കപ്പെടുന്ന വാര്‍ത്താ ചാനലുകള്‍ക്ക് വിഷയ ദാരിദ്രമകറ്റാനുള്ള ഇരകളായി മുസ്ലിം സമുദായം മാറുന്നുവെന്നതാണ് സത്യം. മാധ്യമ ധര്‍മ്മം എന്നതിനപ്പുറം മറ്റു ചാനലുകളോട് കിടമത്സരം നടത്തി ഏറ്റവും സെന്സഷണലായ വാര്‍ത്തകള്‍ നല്കാന് വസ്തുതാ വിരുദ്ധമോ അര്‍ദ്ധസത്യങ്ങളോ ആയ വാര്‍ത്തകളെ പൊതു സമൂഹത്തില്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ കേരളത്തിന്റെ മതേതര സാമൂഹികതയുടെ കെട്ടുറപ്പിനെകൂടിയാണ് ദുര്‍ബലപ്പെടുത്തുന്നത്. ഒരു മുസ്ലിം പണ്ഡിതനോ അല്ലെങ്കില്‍ ഏതെങ്കിലുമൊരു മുസ്ലിം സമുദായ സംഘടനാ ഭാരവാഹിയോ ഉച്ചരിക്കുന്ന ചെറു വാചകങ്ങളെ പോലും വക്രീകരിച്ച് ബാക്കിയുള്ള വ്യാഖ്യാനങ്ങള്‍ സമൂഹത്തിന്റെ അഭിരുചിക്കനുസരിച്ച് പൂരിപ്പിക്കുന്നതാണ് ഇന്നത്തെ മാധ്യമങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. വാര്‍ത്താ റിപ്പോര്‍ട്ടിങ്ങിന്റെ സൂക്ഷ്മാംശങ്ങളില്‍ പോലും ഇസ്ലാമോഫോബിയയെ വളരെ ആസൂത്രിതമായി കടത്തിക്കൂട്ടുന്നതില്‍ മാതൃഭൂമിയെപ്പോലുള്ള മുഖ്യധാര മാധ്യമങ്ങളുടെ പങ്ക് ചെറുതല്ല. പ്രവാചക നിന്ദ അടക്കമുള്ള പല മുസ്ലിം വിരുദ്ധ നയങ്ങളും മാതൃഭൂമിയുടെ അച്ചടികളില്‍ നാം കണ്ടതാണ്. കേരളത്തിലെ ഫുട്ബോള്‍ ഭ്രാന്തന്മാരുടെ അമിതാവേശങ്ങളെയും അവയുടെ അപകടങ്ങളെയും കുറിച്ച് ഒരു മുസ്ലിം പണ്ഡിതന് തന്റെ അനുയായികള്‍ക്ക് നിര്‍ദ്ദേശം നല്കിയപ്പോള് അതിനെതിരെ വാളെടുത്ത് വെളിച്ചപ്പാടായവരാണ് കേരളത്തിലെ മാധ്യമങ്ങള്‍ മുഴുവന്‍. അദ്ദേഹം പറഞ്ഞതില്‍ വാസ്തവമുണ്ടെന്നു മനസ്സിലാക്കാന്‍ ലോകകപ്പ് തോല്വിയാനന്തരം ഫ്രാന്‍സിലും ബെല്‍ജിയത്തിലും നടന്ന കലാപങ്ങള്‍ വേണ്ടി വന്നു. നമ്മുടെ കേരളത്തില്‍ പോലും പലയിടത്തും ഒറ്റപ്പെട്ട ഫാന്‍ പോരുകള്‍ സംഘര്‍ഷങ്ങളിലേക്ക് നീങ്ങിയത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. എന്നിട്ടും മുസ്ലിംകളുടെ വാക്കുകള്‍ പ്രശ്നവല്ക്കരിക്കാന് കാത്തു നില്ക്കുന്ന മാധ്യമങ്ങള്‍ പിന്തുടരുന്നത് എന്ത് തരം നൈതികതയാണ്?
എത്ര സ്വാഭാവികതയോടെയാണ് മലയാളി പൊതുബോധം ഇസ്ലാമോ ഫോബിക് ആയി മാറുന്നത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം ഇക്കഴിഞ്ഞ സംസ്ഥാന കലോത്സവത്തിലേക്ക് നോക്കിയാല്‍ മനസ്സിലാകും. തീവ്രവാദിയുടെ വേഷം മുസ്ലിമിന്റേതാകണമെന്ന സംഘപരിവാര്‍ അജണ്ട കൃത്യമായിതന്നെ നടപ്പിലാക്കിയിരിക്കുന്നു. ഒരു കുട്ടിയോട് നിങ്ങളൊരു തീവ്രവാദിയെ വരച്ചു തരാന്‍ ആവശ്യപ്പെട്ടു നോക്കൂ. അവന്റെ പുസ്തകത്തില്‍ തലപ്പാവണിഞ്ഞ, താടി നീട്ടിയ ഒരു തോക്ക് ധാരിയെയായിരിക്കും നിങ്ങള്‍ക്ക് കാണാനാവുക. കലോത്സവത്തിന്റെ സ്വാഗതഗാന വരികളോട് ഒരു തരിപോലും നീതി പുലര്‍ത്താത്ത ദൃശ്യാവിഷ്കാരമാണ് വേദിയില്‍ അരങ്ങേറിയത്. വിദ്യാര്‍ത്ഥികളുടെയും കാണികളുടെയും മനസ്സില്‍ സങ്കുചിതമായ രാഷ്ട്രീയ അജണ്ടകളെ തിരുകിക്കയറ്റാനുള്ള ഈ ശ്രമം നടന്നത് കേരളത്തിന്റെ മുഖ്യമന്ത്രി അടക്കമുള്ള ഉത്തരവാദിത്തപെട്ടവരുടെ കണ്മുന്നിലാണെന്നോര്ക്കണം. ബഹുസ്വരതയുടെ ആഘോഷങ്ങളായി മാറേണ്ട വിദ്യാര്‍ത്ഥി കലോത്സവങ്ങളില്‍ പോലും മുസ്ലിം വിരുദ്ധ അജണ്ടകള്‍ കടത്തിക്കൂട്ടാനുള്ള ശ്രമങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. കണ്മുന്നില് അരങ്ങേറുന്ന ഈ മുസ്ലിം വിരുദ്ധത വളരെ സ്വാഭാവികതയോടെ നോക്കിനിന്ന ഭരണകൂട പ്രതിനിധികളും, സ്വാഗത ഗാനത്തിന്റെ റിഹേഴ്സല്‍ കണ്ടിട്ടും ആസ്വാഭാവികമായതൊന്നും തോന്നാതിരുന്ന ഉത്തരവാദിത്തപ്പെട്ടവരും ഇസ്ലാമോഫോബിക് ആയി മാറിയ പൊതു സമൂഹത്തിന്റെ ഒരു ഭാഗമായിട്ടേ കണക്കാക്കാനാകൂ. കേരളത്തിന്റെ മതനിരപേക്ഷതയും ഫാസിസത്തിനെതിരെയുള്ള സന്ധിയില്ലാ സമരങ്ങളുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് കൊട്ടിഘോഷിച്ച് വോട്ട് വാങ്ങി ഭരണത്തിലേറിയ ഇടതുപക്ഷ പാര്‍ട്ടിയാണ് ഇത്തരം ഇസ്ലാമോഫോബിക് പ്രവര്‍ത്തനങ്ങളെ കയ്യും കെട്ടി നോക്കി നിസ്സംഗത പ്രകടിപ്പിക്കുന്നത്. മാത്രമല്ല, പലപ്പോഴും ഇടതുപക്ഷ അനുകൂലികളില്‍ നിന്നും പല സമയങ്ങളിലായി പുറത്തു ചാടിയ മുസ്ലിം വിരുദ്ധ വാചകങ്ങളും നയ നിലപാടുകളും നമ്മള് കേട്ടതാണ്. വിഴിഞ്ഞം സമരത്തിന്റെ പേരില്‍ മന്ത്രി അബ്ദുറഹ്മാന്റെ പേരില്‍ തന്നെ തീവ്രവാദിയുണ്ടെന്ന് കേരളത്തിലെ ഒരു വൈദികന് പച്ചക്ക് വര്‍ഗീയത വിളിച്ചു പറഞ്ഞപ്പോള്‍ എന്തായിരുന്നു ഇടതുപക്ഷത്തിന്റെ നിലപാട്? ഇതിന് തൊട്ട് മുമ്പ് മന്ത്രി റിയാസിനും കെടി ജലീലിനും തീവ്രവാദ ബന്ധമുണ്ടെന്ന് പി സി ജോര്‍ജ് അധിക്ഷേപിച്ചപ്പോള്‍ സര്‍ക്കാര്‍ എന്ത് നിലപാടാണ് കൈകൊണ്ടത്? തണുപ്പന്‍ പ്രതികരണങ്ങളല്ലാതെ ക്രിസ്ത്യന്‍ പാതിരിമാരുടെ വര്‍ഗീയ പ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് എന്നെങ്കിലും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടോ? കേരളത്തില്‍ ഏത് മുസ്ലിമിനെയും ആര്‍ക്കും തീവ്രവാദിയെന്ന് വിളിക്കാന്‍ കഴിയും വിധം ഇസ്ലാമോഫോബിയ വളര്‍ത്തിയതാരാണ്? മുസ്ലിം ജീവിതത്തെ മുഴുവന്‍ തീവ്രവാദത്തിന്റെ നിഴലില്‍ നിര്‍ത്തി വിചാരണയാരംഭിച്ചിട്ട് കുറച്ച് കാലങ്ങളായി. കേരളത്തില്‍ സമാധാനപരമായി നടന്ന പല മുസ്ലിം സാന്നിധ്യ സമരങ്ങളെയും ഇടതു സര്‍ക്കാര്‍ തന്നെ തീവ്രവാദ ചാപ്പ കുത്തി അടിച്ചമര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഗെയില്‍ സമരം, ദേശീയ പാത സമരം, ചെങ്ങറ സമരം തുടങ്ങി പല സന്ദര്‍ഭങ്ങളിലും ഇടതുപക്ഷം മുസ്ലിം സമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ ഭൂരിപക്ഷപ്രദേശങ്ങളില്‍ വേരുറപ്പിക്കാന്‍ അവര്‍ക്കും എതിര്‍ച്ചേരിയില്‍ കുറച്ച് മുസ്ലിം തീവ്രവാദികളെ വേണമായിരുന്നുവെന്ന് ചുരുക്കം. മുസ്ലിംകള് ഇവിടെ തീവ്രവാദികളായി നിലനില്‍ക്കേണ്ടത് പലരുടെയും ആവശ്യമാണ്. അതുകൊണ്ട് തന്നെയാണ് പലരും ഒളിഞ്ഞും തെളിഞ്ഞും കേരളത്തിന്റെ മതേതര ഭൂമിക്കു മുകളില്‍ മുസ്ലിം പേടിയുടെ കാര്‍മേഘങ്ങളെ വളര്‍ത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
അതിനാല്‍ മുസ്ലിമിന്റെ ഓരോ ചെറു ചലനങ്ങളെയും സൂക്ഷ്മമായി നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക് കുന്ന കാലത്ത് നാം കൂടുതല്‍ ജാഗ്രതയോടെ ജീവിക്കേണ്ടതുണ്ട്. ഏതു വിഷയവും ജനാധിപത്യ രീതിയില്‍ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുക. എന്തുമേതും മുസ്ലിം വിഷയമാക്കാതിരിക്കുക. പല പൊതു വിഷയങ്ങളിലും മുസ്ലിം ഇരവാദം സൃഷ്ടിച്ച് മാധ്യമങ്ങള്‍ക്ക് എല്ലിന് കഷ്ണമിട്ടു കൊടുക്കുന്നത് സമുദായത്തിന് ദോഷകരമായി ബാധിക്കും. പൊതു സമൂഹത്തിനു മുഴുവന്‍ എതിര്‍പ്പുള്ള വിഷയങ്ങളില്‍ ജനാധിപത്യപരമായി അവരുടെ കൂടെ നില്‍ക്കുകയും മുസ്ലിമിന്റെ ആദര്‍ശാശയങ്ങളെ ചോദ്യം ചെയ്യപ്പെടുന്ന വേളയില്‍ പ്രശ്നങ്ങള്‍ വഷളാകാത്ത രീതിയില്‍ നമ്മുടെ നിലപാട് പറയുകയുമാണ് വേണ്ടത്. ഒരു ബഹുസ്വരസമൂഹത്തില്‍ മുസ്ലിമിന് അന്തസ്സോടെ ജീവിക്കാനുള്ള എല്ലാ അവകാശങ്ങളും ഭരണഘടന അനുവദിച്ചു തരുന്നുണ്ട്. അതുകൊണ്ട് മുസ്ലിം സമുദായം തെറ്റിദ്ധരിപ്പിക്കപ്പെടാതെ നോക്കല്‍ മുസ്ലിമിന്റെ കൂടി ബാധ്യതയാണ്.
നജീബുല്ലാഹ് പനങ്ങാങ്ങര