പാരമ്പര്യ ഇസ്ലാമിനെ കുറിച്ച് കേരളം ചര്‍ച്ച ചെയ്യുന്ന നാളുകളിലാണ് എസ് എസ് എഫിന്‍റെ ഇരുപത്തിമൂന്നാമത് സാഹി ത്യോത്സവ് വിരുന്നെത്തുന്നത്. മതത്തിന്‍റെ പാരമ്പര്യമൂല്യങ്ങള്‍ കയ്യൊഴിഞ്ഞ് പുതിയ ചിന്താപദ്ധതികളുമായി രംഗപ്രവേശം ചെയ്തവര്‍ എത്തിനില്‍ക്കുന്ന പ്രതിസന്ധി ചെറുതല്ല. നാളിതുവരെയും പുരോഗമന ഇസ്ലാമിനെ തഴുകിത്തലോടിയിരുന്ന പൊതുധാരയിലെ ബുദ്ധിജീവികളും സാംസ്കാരിക പ്രവര്‍ത്തകരും പുതിയ സാഹചര്യത്തില്‍ സ്വയം തിരുത്തി ക്കൊണ്ടി രിക്കുന്നു. ആത്മീയ വിശുദ്ധിയില്‍ ജീവിത ത്തിന്‍റെ സായൂജ്യം കണ്ടെത്തിയിരുന്ന തലമുറകളെ തള്ളിപ്പറഞ്ഞും പ്രമാണങ്ങളെ ദുര്‍വ്യാഖ്യനിച്ചും ഇസ്ലാമിനെ പുതിയ കാലത്തിനനുസരിച്ച് പരിഷ്കരിക്കാനിറ ങ്ങിയവര്‍ക്ക് വന്നുഭവിച്ച ദുര്‍ഗതി ആരെയും ഇരുത്തിചിന്തിപ്പിക്കുന്നതാണ്. വഹാബിസ ത്തില്‍ നിന്ന് ഐഎസിലേക്ക് ആശയദൂരം തീരെയില്ലെന്ന് പൊതുസമൂഹം തീര്‍പ്പിലെ ത്തിയ കാലത്ത് മതത്തിന്‍റെ തനിമയെ പ്രകാശിപ്പിക്കുന്ന ഏതൊരു പ്രവര്‍ത്തനവും സാംസ്കാരികമായ ഉണര്‍വ്വിന്‍റെയും ആത്മീയ മായ നിര്‍വൃതികളുടെയും വീണ്ടെടുപ്പായി ചരിത്രം രേഖപ്പെടുത്തും. ഈയൊരു പശ്ചാത്ത ലത്തില്‍ നിന്നുകൊണ്ടാണ് എസ് എസ് എഫിന്‍റെ സാഹിത്യോത്സവുകള്‍ വിശകലന വിധേയമാക്കേണ്ടത്.
കലയുടെ ഇടം; സാഹിത്യത്തിന്‍റെയും
കല ആര്‍ക്കു വേണ്ടിയെന്നത് പോയ കാലത്തെ മലയാളികളുടെ സംവാദ വിഷയമാ യിരുന്നു. കല സമൂഹത്തിന് വേണ്ടിയോ അവനവനാത്മ സുഖത്തിനു വേണ്ടിയോ എന്ന ചര്‍ച്ച ഇന്നും പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല. പതിയെ പതിയെ സംവാദങ്ങളില്‍ നിന്ന് തര്‍ക്കങ്ങളിലേക്ക് നമ്മുടെ സാംസ്കാരിക ജീവിതങ്ങള്‍ ചുവടുമാറിയപ്പോള്‍ നമുക്ക് നഷ്ടമായത് ജ്ഞാനസമൃദ്ധിയുടെ അനന്തസാധ്യതകളാണ്. ആ നഷ്ടം ഇന്നും നികത്താനായിട്ടില്ലെന്നു മാത്രമല്ല, മോഷ്ടാവി നെയും ലൈംഗികത്തൊഴി ലാളികളെയും വരെ മലയാള സാഹിത്യത്തിന്‍റെ നടുമുറ്റത്തേക്ക് പരവതാനി വിരിച്ചു ആനയിക്കപ്പെടുന്ന അശ്ലീലവും ഇടയ്ക്കുണ്ടായി. മലയാളിയുടെ കപട സദാചാരബോധത്തിന്‍റെ അനുകൂലാവ സ്ഥകളെ ഉപയോഗപ്പെടുത്തുകയായിരുന്നു അവര്‍.
കലയ്ക്കും സാഹിത്യത്തിനും സമൂഹ ത്തില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയുന്നുവെ ന്നതില്‍ പക്ഷാന്തരമില്ല. ലോകത്തിന്‍റെ ഗതി മാറ്റിവരച്ച പല വിപ്ലവങ്ങളുടെയും പ്രേരക ഘടകങ്ങളായി കലയും സാഹിത്യവുമു ണ്ടായിരുന്നു. കല ആത്മപ്രകാശനത്തിന്‍റെ ഉജ്വലാവിഷ്കാരങ്ങളെങ്കിലും അത് സമൂഹ ത്തോട് ഭാഷകള്‍ക്കതീതമായി സംവദിക്കു ന്നുണ്ട്. ക്രൗര്യം കൊണ്ട് ചരിത്രത്തെ വിറപ്പിച്ച പല ഏകഛത്രാധിപതികളും കലാകാ രന്‍മാരെയും എഴുത്തുകാരെയും വെച്ചു പൊറുപ്പിച്ചിരുന്നില്ല. കലയും സാഹിത്യവും ജീവിത ഗന്ധിയാവണം. സമൂഹത്തിന് ഒരു സന്ദേശവും നല്കാനില്ലാത്ത സൃഷ്ടികള്‍ വ്യര്‍ത്ഥവ്യായാമമാണ്. ഒരു തീപ്പൊരിയെങ്കിലും ചിതറിക്കാന്‍ കഴിയാത്ത ജഢകലകളുടെ ശ്മശാന ഭൂമിയിലാണ് ലൈംഗികത്തൊഴിലാ ളിയും മോഷ്ടാവും ഉയിര്‍പ്പു തേടുന്നത്.
കലയുടെ മതം: കലാകാരന്‍റെയും
ഏതെങ്കിലുമൊരു മതസമൂഹത്തിന്‍റെ സാംസ്കാരിക പരിസരത്ത് നിന്ന് രൂപപ്പെടുകയും അതേ സമൂഹത്തില്‍ വികാസപ്പെടുകയും കാലക്രമേണ പുറംലോകത്തേക്ക് പടര്‍ന്നുപന്ത ലിക്കുകയും ചെയ്തവയാണ് മിക്ക കലകളും. ഒരു കലയ്ക്കും ഒരു മതത്തിന്‍റേതു മാത്രമായി ഒതുങ്ങാന്‍ കഴിയില്ല. കലാകാരന്‍റെ മതം ഇന്ത്യന്‍ സാഹചര്യത്തിലെങ്കിലും ഒരു സമസ്യയാണ്. വിഖ്യാതചിത്രകാരന്‍ എം എഫ് ഹുസൈനെ തിരെയും, ഏറ്റവുമൊടുവില്‍ മുസ്ലിം പേരുള്ള ചില ചലചിത്രകാരന്‍മാര്‍ക്കെതിരെയും ഇന്ത്യയിലെ സംഘപരിവാരം ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ ഓര്‍ക്കുക. ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിച്ചു എന്നായിരുന്നു എം എഫ് ഹുസൈനെതിരായ ആക്ഷേപം. കമലാ സുരയ്യക്ക് എഴുത്തച്ഛന്‍ പുരസ്കാരം പ്രഖ്യാപിക്ക പ്പെട്ടപ്പോള്‍ പി. പരമേശ്വരന്‍ ഉന്നയിച്ച ആക്ഷേപവും സമാന സ്വഭാവമുളളതായിരുന്നു. കല മതാതീതമാണെന്നും അത് മനുഷ്യമനസ്സു കളെ ഒരുമിപ്പിക്കുമെന്നും നിരന്തരം ഓര്‍മ്മിപ്പിക്ക പ്പെടാറുള്ള, മഹത്തായ കലാ പാരമ്പര്യമുള്ള ഒരു രാജ്യത്തുപോലും ഇതാണവസ്ഥ. കലയുടെ സ്വഭാവവും കലാകാരന്‍റെ മതവും പ്രശ്നവല്‍ ക്കരിക്കപ്പെടുന്ന ഒരു സാമൂഹ്യാന്തരീക്ഷത്തില്‍ പരമ്പരാഗത കലകള്‍ എങ്ങനെ അതിജയി ക്കുമെന്ന ചോദ്യത്തിനുത്തരമാണ് മാപ്പിള കലകള്‍ ആര്‍ജിച്ച ജനപ്രീതിയും പൊതുസ്വീകാര്യതയും.
മാപ്പിള കലകള്‍
‘മാപ്പിള’ എന്ന പദം ദ്യോതിപ്പിക്കുന്ന മഹത്തായ ആശയമുണ്ട്. ആ പദത്തിന്‍റെ വ്യുല്‍പത്തിയുമായി ബന്ധപ്പെട്ട് അഭിപ്രായഭേദ ങ്ങളുണ്ടെങ്കിലും അത് മാന്യതയെയും അന്തസ്സിനെയും അടയാളപ്പെടുത്തുന്ന വിശേഷണമാണെന്നതില്‍ സന്ദേഹമില്ല.
മാപ്പിളകലകള്‍ എന്നത് മാപ്പിളമാരുടേത് മാത്രമായ കലകള്‍ എന്ന അര്‍ത്ഥത്തിലല്ല, അതിന്‍റെ പൈതൃക ത്തെയും സ്വഭാവത്തെയും പ്രതിഫലിപ്പിക്കുന്ന പ്രയോഗമായാണ് വായിക്കേണ്ടത്. മാപ്പിളകലകളില്‍ പ്രഥമഗണനീയം മാപ്പിളപ്പാട്ടുകളാണ്. മാപ്പിളപ്പാട്ടുകളില്‍ ആദ്യത്തേതായി കണ്ടെടുക്കപ്പെട്ട കൃതി മുഹ്യിദ്ദീന്‍ മാലയാണ്. ഒരു അധ്യാത്മിക പുരുഷന്‍റെ വാഴ്ത്തു പാട്ടുകള്‍ എന്ന നിലക്ക് അതിന് ആത്മീയമായ ഒരു തലമുണ്ടെങ്കിലും അത് പ്രസരിപ്പിക്കുന്ന ദാര്‍ശനിക സൗന്ദര്യവും ഭാഷാ സൗകുമാര്യതയും പൊതുമണ്ഡ ലത്തില്‍ പോലും ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട്ടെ ഒരു വേദിയില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് സുകുമാര്‍ അഴീക്കോട് നടത്തിയ പ്രഭാഷണത്തില്‍ മാലയുടെ ഭാഷാശുദ്ധിയെ വിശദീകരിച്ചതോര്‍ക്കുന്നു. അള്ളാ തിരുപേരും… എന്നാണ് മുഹ്യിദ്ദീന്‍ മാല തുടങ്ങുന്നത്. ‘തിരു’ എന്ന ശുദ്ധ മലയാളത്തോട് ‘നാമം’ എന്ന സംസ്കൃതം കൂട്ടിച്ചേര്‍ത്ത് പറയുന്നതാണ് മലയാളിയുടെ ശീലം. എന്നാല്‍ ‘തിരു’ എന്ന ശുദ്ധമല യാളത്തോട് ‘പേര്’ എന്ന മറ്റൊരു ശുദ്ധമലയാളവാക്ക് ചേര്‍ത്തുകൊണ്ട് ആരംഭിച്ച ഖാളീ മുഹമ്മദിന്‍റെ രചനാവൈഭവത്തെ കുറിച്ചാണ് അഴീക്കോട് വാചാലനായത്. വൈകിയാണെങ്കിലും പൊതുസമൂഹം മാലയും മൗലിദും വായിക്കാനും പഠിക്കാനും തുടങ്ങിയിരിക്കുന്നു. രിഫാഈ റാത്തീബും ശാദുലീ റാത്തീബും പോലെ സമുദായത്തിനകത്ത് മാത്രം നടന്നുവന്ന ചില അനുഷ്ഠാനങ്ങള്‍/ ആചാരങ്ങള്‍ ഫോക്ലോര്‍ പഠനത്തിന്‍റെ ഭാഗമായി മാറുന്നു; ഒപ്പം ദഫ്, അറബന പോലുള്ള പരമ്പരാഗത കലകള്‍ സ്കൂള്‍ കലോല്‍സവങ്ങളുള്‍പ്പെടെ പൊതുവേദികളില്‍ വലിയ ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കുന്നു. മാപ്പിള കലകള്‍ ആസ്വാദക വൈപുല്യത്തിന്‍റെ പുതിയ ആകാശങ്ങള്‍ തേടുന്ന കാലത്താണ് പാരമ്പര്യത്തനിമയോടും മൂല്യവിചാരങ്ങളോടും നീതി പുലര്‍ത്തി എസ് എസ് എഫ് സാഹിത്യോത്സവുകള്‍ കേരളീയ പരിസരത്ത് പുതിയ വിചാരപ്പെടലുകള്‍ക്ക് കാരണമാകുന്നത്.
സാഹിത്യോത്സവ്
മത്സരങ്ങളുടെ കാലമാണിത്. ഏതു മാര്‍ഗത്തി ലൂടെയും ജയിക്കുകയെന്ന അനാരോഗ്യകരമായ പ്രവണത ശക്തിപ്പെട്ടുവരുന്നതിന്‍റെ വാര്‍ത്തകള്‍ കലാമത്സര വേദികളില്‍നിന്ന് പുറത്തുവരാറുണ്ട്. എസ് എസ് എഫ് സാഹിത്യോത്സവുകള്‍ സാമ്പ്രദായിക കലാമത്സരങ്ങള്‍ക്ക് തിരുത്തെഴുതിയതെങ്ങനെയെന്ന ചോദ്യത്തിന് കഴിഞ്ഞ ഇരുപത്തിരണ്ടു വര്‍ഷങ്ങളിലെ സാഹിത്യോത്സവുകളാണുത്തരം. ആകാംക്ഷയി ലാരംഭിക്കുകയും ആവേശങ്ങളില്‍ തുടരുകയും ചിലരുടെ ആര്‍പ്പുവിളികളിലും മറ്റു ചിലരുടെ കണ്ണീരിലുമൊടുങ്ങുകയും ചെയ്യുന്ന പതിവുരീതിയില്‍ നിന്ന് വ്യത്യസ്തമായി എല്ലാവരിലും സന്തോഷം ബാക്കിവെച്ചാണ് സാഹിത്യോത്സവ് അവസാനിക്കുന്നത്. മത്സരാര്‍ഥികളെയും ശ്രോതാക്കളെയും ആസ്വാദന ത്തിന്‍റെ ഗിരിഗോപുരങ്ങളിലെത്തിക്കുകയെന്ന പരിമിതമായ ലക്ഷ്യമല്ല സാഹിത്യോത്സവിനുള്ളത്. പ്രബോധനപരമായ ചില ഉത്തരവാദിത്തങ്ങള്‍ കൂടി നിര്‍വ്വഹിക്കുന്നുണ്ട് സാഹിത്യോത്സവ് വേദികള്‍.
സമൂഹത്തെ ഗുണപരമായി മാറ്റിയെടുക്കു ന്നതിന് സൃഷ്ടിപരമായ സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന ഒരു തലമുറയെ രൂപപ്പെടുത്തുകയാണ് സാഹിത്യോത്സവ് മുഖ്യമായി ലക്ഷ്യമിടുന്നത്. പ്രഭാഷകര്‍, എഴുത്തുകാര്‍, ചിത്രകാരന്മാര്‍, കവികള്‍… ഓരോരുത്തര്‍ക്കും ചെയ്യാവുന്ന പ്രബോധന ധര്‍മ്മങ്ങ ളിലേക്ക് അവരെ വഴിനടത്തുന്നതിനുള്ള ശ്രമമാണ് സാഹിത്യോത്സവ്.
സാഹിത്യോത്സവുകള്‍ കേരളീയ പൊതു മണ്ഡലത്തെ സ്വാധീനിച്ചതെങ്ങനെയെന്നതിന് സാക്ഷ്യം പറയാന്‍ സാഹിത്യോത്സവിലെ മത്സരാര്‍ ഥികള്‍ മാത്രമല്ല, സാഹിത്യോത്സവില്‍ മത്സരത്തിന്‍റെ വിധികര്‍ത്താക്കളായും അതിഥികളായും പങ്കെടുത്ത അനേകമനേകം ആളുകളുണ്ട്. കലയെ അതിന്‍റെ ധര്‍മ്മമറിഞ്ഞും മര്‍മ്മം നോക്കിയും പ്രയോഗിക്കാന്‍ പരിശീലിപ്പിക്കുന്ന മറ്റൊരു മത്സരവേദിയില്ല എന്നതാണ് സാഹിത്യോത്സവിനെ വേറിട്ടതാക്കുന്നത്.