മുഹര്‍റം മാസത്തിലെ നോന്പാചരണത്തിന് പ്രത്യേക മഹത്വം കല്‍പിക്കപ്പെട്ടതാണ്. ചില ഹദീസുകള്‍ കാണുക. അബൂഹുറൈറ (റ)യില്‍ നിന്ന് നിവേദനം. നബി (സ്വ) പറഞ്ഞു: “”നിര്‍ബന്ധ നിസ്കാരങ്ങള്‍ കഴിഞ്ഞാല്‍ മഹത്വമുള്ളത് രാത്രിയിലെ നിന്നു നിസ്കാരമായത് പോലെ, റമളാന്‍ മാസത്തിലെ നോന്പ് കഴിഞ്ഞാല്‍ പിന്നെ ശ്രേഷ്ഠമായത് മുഹര്‍റം മാസത്തിലെ നോന്പാകുന്നു. (മുസ്ലിം, അബൂ ദാവൂദ്, ഇബ്നു മാജ, തിര്‍മുദി, നസാഈ).
അലി (റ) യില്‍ നിന്ന് നിവേദനം, നബി (സ്വ) പറഞ്ഞു. മുഹര്‍റം മാസത്തില്‍ നിങ്ങള്‍ നോന്പെടുക്കുക. മുഹര്‍റം, അല്ലാഹുവിന്‍റെ വിശിഷ്ട മാസമാകുന്നു. ആ മാസത്തില്‍ പലരുടെയും പശ്ചാതാപങ്ങള്‍ അവന്‍ സ്വീകരിക്കുന്നതാണ് (അഹ്മദ്, തിര്‍മിദി). അറഫ ദിവസത്തിലെ നോന്പ് നോറ്റവന് രണ്ട് കൊല്ലത്തെ കുറ്റങ്ങള്‍ പൊറുത്തു നല്‍കുന്പോള്‍ മുഹറത്തിലെ ഒരു ദിവസത്തെ നോന്പിന് മുപ്പതു ദിവസത്തിന്‍റെതിനു തുല്യമായ കൂലി കണക്കാക്കപ്പെടുന്നതാണ് (ഇബ്നു അബ്ബാസ്, ത്വബ്റാനി) മുഹര്‍റം മാസത്തിലെ അവിസ്മരണീയവും അതിവിശിഷ്ടവുമായ ദിവസമാകുന്നു ആശൂറാഅ്. മുഹര്‍റം പത്താണ് ആശൂറാഅ് കൊണ്ടുദ്ദേശ്യം.
മുഹര്‍റം ഒന്പതിലും പത്തിലും നോന്പെടുക്കല്‍ പ്രത്യേകം സുന്നത്താണ്. ചില നബി വചനങ്ങള്‍ ശ്രദ്ധിക്കുക, ഇബ്നു അബ്ബാസ് (റ) യില്‍ നി്ന്ന് നിവേദനം: നബി (സ്വ) മുഹര്‍റം പത്തിനു നോന്പെടുത്തിരുന്നു (ബുഖാരി, മുസ്ലിം). ഖതാദ (റ) പറയുന്നു, തിരുനബി (സ്വ) യോട് ആശൂറാഅ് വ്രതത്തെ പറ്റി ആരാഞ്ഞപ്പോള്‍ അവിടുന്ന് പറഞ്ഞു. അത് കഴിഞ്ഞ ഒരു കൊല്ലത്തെ പാപങ്ങള്‍ പൊറുപ്പിക്കുന്നതാണ്. ആശൂറാഈലെ വ്രതം വരാനിരിക്കുന്ന ഒരു വര്‍ഷത്തെ പാപങ്ങള്‍ക്ക് കൂടി പരിഹാരമാണെന്ന് ഞാന്‍ കരുതുന്നു (ഇബ്നു മാജ). നോന്പിന്‍റെ മഹത്വം നിറഞ്ഞ ദിനങ്ങളില്‍ പ്രധാനം റമളാന്‍ ദിനങ്ങളും മുഹര്‍റം പത്തുമാകുന്നു (ത്വബ്റാനി, ബൈഹഖി). മുഹര്‍റം ഒന്പതിന്‍റെ നോന്പിന് ആധാരമായ ഹദീസ് ഇങ്ങനെ ഉദ്ധരിക്കപ്പെടുന്നു. “”ഇബ്നു ബാസ്(റ) പറയുന്നു, നബി(സ്വ) പറഞ്ഞു. അടുത്ത വര്‍ഷം ഞാന്‍ ജീവിച്ചിരുന്നെങ്കില്‍ മുഹര്‍റം ഒന്പതിനും നോന്പ് നോല്‍ക്കും (മുസ്ലിം). പക്ഷേ, തിരുനബി വഫാതായി.
പതിനൊന്നിനും മഹത്വം
മുഹര്‍റം പതിനൊന്നിനും നോന്പ് സുന്നത്തുണ്ടെുന്നതാണ് സത്യം. ഇമാം ഇബ്നു ഹജറുല്‍ ഹൈതമി(റ) പറയുന്നു. “”മുഹര്‍റം പതിനൊന്നിനു കൂടി നോന്പ് നോല്‍ക്കല്‍ സുന്നത്താകുന്നു” (തുഹ്ഫ 3/45). ഇതിന് തെളിവായി ഉദ്ധരിക്കപ്പെടുന്ന ഹദീസ്. ഇബ്നു അബ്ബാസ് (റ) ല്‍ നിന്ന് നബി (സ്വ) പറഞ്ഞു, നിങ്ങള്‍ മുഹര്‍റം പത്തിനു വ്രതമെടുക്കുക. ജൂതന്മാരോട് എതിരാവാന്‍ ആശൂറാഇന്‍റെ മുന്പും പിന്പും ഓരോ ദിനങ്ങള്‍ കൂടി നോന്പ് പിടിക്കുക.(അഹ്മദ്)
മുഹറം പത്തിനു ഭാര്യ, സന്താനങ്ങളെ പ്രത്യേകം പരിഗണിക്കല്‍ പുണ്യമാണ്. സുഭിക്ഷമായ ഭക്ഷണം നല്‍കി അന്നു പുതുമ സൂക്ഷിക്കണം. നബി (സ്വ) പറഞ്ഞു. “”ആശൂറാഇന്‍റെ അന്ന് സ്വന്തം ഭാര്യ സന്താനങ്ങള്‍ക്ക് സുഭിക്ഷത സമ്മാനിക്കുന്നവന് ആ കൊല്ലം മുഴുവന്‍ ജീവിത വിശാലത അല്ലാഹു നല്‍കുന്നതാണ് (ബൈഹഖി). ഈ ഹദീസ് നിവേദനം ചെയ്ത മഹാന്മാര്‍ സ്വന്തം ജീവിതങ്ങളില്‍ ഇപ്പറഞ്ഞത് പ്രാവര്‍ത്തികമാക്കിയതിനാല്‍ ജീവിത വിശാലത കിട്ടിയതായി നിരവധി അനുഭവങ്ങളുണ്ട്. (കുര്‍ദി, ശര്‍വാനി)