2017 March-April Hihgligts ആത്മിയം വായന

ശാഫിഈ (റ) വെളിച്ചം പരത്തിയ ജ്ഞാന ദീപം

ഞാനൊരു പ്രാവുവില്‍പ്പനക്കാരനാണ്. ഇന്ന് ഞാനൊരു പ്രാവിനെ വിറ്റു. പക്ഷേ വാങ്ങിയവന്‍ തീരെ കുറുകുന്നില്ല എന്ന് പറഞ്ഞ് ആ പ്രാവിനെ തിരിച്ചു തന്നു. തല്‍ക്ഷണം ഞാന്‍ പറഞ്ഞു. ആ പ്രാവ് ഇനി അതിന്‍റെ കുറുകല്‍ നിര്‍ത്തുകയില്ല. അല്ലെങ്കില്‍ ഞാനെന്‍റെ ഭാര്യയെ ത്വലാഖ് ചൊല്ലി. ഉടനെ മാലിക്(റ) പറഞ്ഞു: ഇനിയൊരു വഴിയുമില്ല. നിങ്ങളുടെ ഭാര്യയുടെ ത്വലാഖ് സംഭവിച്ചിരിക്കുന്നു. ഈ സമയം സദസ്സിലുണ്ടായിരുന്ന പതിനാല് വയസ്സുകാരനായ ശാഫിഈ(റ) ആഗതനോട് രഹസ്യമായി ചോദിച്ചു.’നിങ്ങളുടെ പ്രാവ് കുറുകുന്ന സമയമോ കുറുകാത്ത സമയമോ കൂടുതല്‍’. ആഗതന്‍ പറഞ്ഞു.’ കുറുകുന്ന സമയമാണ്’. ഇമാം പറഞ്ഞു. ‘ എങ്കില്‍ നിങ്ങളുടെ ത്വലാഖ് സംഭവിച്ചിട്ടില്ല’. ശാഫി ഇമാമിന്‍റെ ഈ പ്രതികരണം മാലിക്(റ) അറിഞ്ഞു. ആശ്ചര്യത്തോടെ ശിഷ്യനോട് വിശദീകരണം ചോദിച്ചു. ‘ ഗുരോ അവിടുന്നെനിക്ക് ഒരു ഹദീസ് പറഞ്ഞുതന്നിരുന്നല്ലോ? ഫാത്വിമ ബിന്‍ത് ഖൈസ് മുത്ത് നബി(സ്വ) തങ്ങളുടെ സന്നിധിയില്‍ വന്നു കൊണ്ട് ചോദിച്ചു. എന്നെ അബൂ ജഹ്മും മുആവിയയും കെട്ടന്വേഷിച്ചിരിക്കുന്നു ഈ സമയം നബി(സ്വ) തങ്ങള്‍ പറഞ്ഞു. മുആവിയ പടുദരിദ്രനാണ്. അബൂ ജഹമാണെങ്കില്‍ വടി തോളില്‍ നിന്ന് ഇറക്കി വെക്കുകയില്ല. പ്രസ്തുത ഹദീസില്‍ അബൂജഹ്മ് ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങുമ്പോഴും വിശ്രമിക്കുമ്പോഴും ഭാര്യയെ പ്രഹരിക്കാറില്ല. ഇതെല്ലാം അറിഞ്ഞിട്ടും മുത്ത് നബി(സ്വ) അബൂ ജഹ്മ് എപ്പോഴും ഭാര്യയെ പ്രഹരിക്കാനായി വടി തോളിലേറ്റി നടക്കുന്നയാളാണ് എന്ന പ്രയോഗമാണ് നടത്തിയത്. അഥവാ ഇത് അറബികളുടെ ശൈലിയാണ്. കൂടുതലായി സംഭവിക്കുന്ന കാര്യങ്ങളെ എപ്പോഴും സംഭവിക്കുന്ന കാര്യമായി പരിചയപ്പെടുത്തും. അതു പോലെയാണ് ഈ സഹോദരന്‍ ‘എന്‍റെ പ്രാവെപ്പോഴും കുറുകിക്കൊണ്ടിരിക്കും ഇല്ലായെങ്കില്‍ ഭാര്യയെ ത്വലാഖ് ചൊല്ലി’ എന്ന് പറഞ്ഞത്. ശാഫിഈ ഇമാമിന്‍റെ ഈ വിശദീകരണം കേട്ട ഇമാം മാലിക്(റ) ശിഷ്യനായ ശാഫിഈ ഇമാമിന്‍റെ അഗാധമായ പാണ്ഡിത്യവും ചിന്താശേഷിയും മനസ്സിലാക്കുകയും ഇജ്തിഹാദിനും ഫത്വക്കുമുള്ള അനുമതി നല്‍കുകയും ചെയ്തു.
മാലിക്(റ)വിന്‍റെ വഫാത്ത് വരെയും ശാഫിഈ ഇമാമം അവിടുത്തെ ശിഷ്യനായി തുടരുകയും വഫാത്തിന് ശേഷം ബഗ്ദാദിലേക്ക് പോകുകയും ചെയ്തു. അവിടെ രണ്ട് വര്‍ഷം താമസിച്ചു. വിജ്ഞാനത്തിന്‍റെ പറുദീസയായിരുന്ന ബഗ്ദാദിലന്ന് അനേകം പണ്ഡിതന്മാര്‍ ഉണ്ടായിരുന്നു. അവര്‍ ശാഫിഈ ഇമാമിനെ സമീപിക്കുകയും വിജ്ഞാനം ശേഖരിക്കുകയും ചെയ്തു. സ്വന്തമായി മദ്ഹബുകള്‍ ഉണ്ടായിരുന്ന പലരും തങ്ങളുടെ മദ്ഹബുകളില്‍ നിന്ന് ശാഫിഈ മദ്ഹബിലേക്ക് മടങ്ങി. ബഗ്ദാദിലെ മുഅ്തസിലീ നേതാവായ ബിശ്റുല്‍ മരീസിയുമായി സംവാദം നടത്തിയതും ചരിത്രപ്രസിന്ധമാണ്. ഏത് സംവാദങ്ങളിലും താന്‍ ജയിക്കണമെന്ന ദുര്‍വാശി ഇമാമിന് തീരെയില്ലായിരുന്നു. ശത്രുവിന്‍റെ നാവിലൂടെയാണെങ്കിലും സത്യം വെളിപ്പെടണമെന്ന് ആഗ്രഹിച്ചു.
ധാരാളം ഗ്രന്ഥങ്ങള്‍ ബഗ്ദാദില്‍ വെച്ച് ഇമാം രചിച്ചു. ‘ആമാലി’, ‘മജ്മഉല്‍ കാഫി’, ‘ഉയൂനുല്‍ മസാഇല്‍’, ‘ബഹ്റുല്‍ മുഹീത്വ്’ എന്നിവ അവയില്‍ ചിലതാണ്. ഇവ ഖദീമായ ഗ്രന്ഥങ്ങള്‍ എന്നറിയപ്പെടുന്നു. പിന്നീട് മക്കയിലേക്ക് ഹജ്ജിന് വേണ്ടി പുറപ്പെട്ടു. ഹിജ്റ 198 ല്‍ ബഗ്ാദാദിലേക്ക് തന്നെ മടങ്ങുകയും ഒരു മാസം അവിടെ താമസിക്കുകയും ചെയ്തു. ഇമാം മൂസല്‍ കാളിം(റ)വിന്‍റെ വഫാത്തിന് ശേഷം മിസ്വ്റിലേക്ക് പോയി. അവിടെ വിജ്ഞാന പ്രസരണം ഏറ്റെടുത്തു. ഇവിടെ നിന്നും രചിച്ച ഗ്രന്ഥങ്ങളാണ് ജദീദായ ഗ്രന്ഥങ്ങള്‍. ഉമ്മ്, ഇംലാഅ്, മുഖ്തസ്വറാത്, ജാമിഉല്‍ കബീര്‍ തുടങ്ങിയവ ജദീദായ ഗ്രന്ഥങ്ങളാണ്.
ഒരിക്കല്‍ അബൂഹനീഫ(റ)വിന്‍റെ ശിഷ്യന്മാരായ മുഹമ്മദ് ബ്നുല്‍ ഹസന്‍(റ)വും, അബൂയൂസുഫ്(റ)വും പരീക്ഷണാര്‍ത്ഥം രാജസന്നിധിയില്‍ വെച്ച് ധാരാളം മസ്അലകള്‍ ശാഫിഈ ഇമാമിനോട് ചോദിച്ചു. ‘രണ്ട് പുരുഷന്മാര്‍ ഒരു സ്ത്രീയെ വിവാഹമാലോചിച്ചു. പക്ഷേ ഒരാള്‍ക്ക് അവള്‍ ഹലാലും മറ്റെയാള്‍ക്ക് മഹ്റമല്ലാതിരിക്കെ അവള്‍ ഹറാമായി. ഇതെങ്ങനെയാണ്?. ഇമാം മറുപടി പറഞ്ഞു.’ഒരാള്‍ക്ക് നേരെത്തെ നാല് ഭാര്യമാരുണ്ടായിരുന്നു. അത് കൊണ്ട് അവന്ന് ഇവള്‍ ഹറാമായി. മറുപടിയില്‍ അന്ധാളിച്ച അവര്‍ അടുത്ത ചോദ്യത്തിലേക്ക് കടന്നു. അഞ്ചു പേര്‍ വ്യഭിചരിച്ചു. അതില്‍ ഒന്നാമത്തെയാളെ കൊല്ലാനും രണ്ടാമത്തെയാളെ എറിഞ്ഞു കൊല്ലാനും മൂന്നാമത്തെയാളെ ഹദ്ദടിക്കാനും നാലാമത്തെയാളെ പകുതി ഹദ്ദടിക്കാനും അഞ്ചാമത്തെയാളെ വെറുതെ വിടാനും വിധിച്ചു. ഇതെങ്ങനെ വന്നു. ചോദ്യകര്‍ത്താക്കള്‍ സങ്കീര്‍ണ്ണത കൂട്ടി. ഇമാം മറുപടി പറഞ്ഞു. ‘ഒന്നാമത്തെയാള്‍ മുശ്രികാണ്. അയാള്‍ മുസ്ലിം സ്ത്രീയെ വ്യഭിചരിച്ചു.എന്നാല്‍ രണ്ടാമത്തെയാള്‍ വിവാഹിതനും മൂന്നാമത്തെയാള്‍ അവിവാഹിതനും നാലാമത്തെയാള്‍ അടിമയും അഞ്ചാമന്‍ ഭ്രാന്തനുമായിരുന്നു. ഇങ്ങനെ ധാരാളം മസ്അലകള്‍ പരീക്ഷണാര്‍ത്ഥം ഇരുവരും ചോദിച്ചു. എല്ലാത്തിനും കൃത്യമായി മറുപടി നല്‍കിയ ശേഷം രണ്ട് പേരോടും തിരിച്ച് ഓരോ ചോദ്യം ഇമാം ചോദിച്ചു. അവര്‍ക്ക് ഉത്തരം പറയാന്‍ സാധിച്ചില്ല. രാജാവ് ഇമാമിനോട് തന്നെ മറുപടി വിശദീകരിക്കാന്‍ ആവശ്യപ്പെട്ടു. ആ വിജ്ഞാനസാഗരത്തിന്‍റെ ആഴം കണക്കാക്കാന്‍ അവര്‍ക്ക് ഈ സംഭവം തന്നെ ധാരാളമായിരുന്നു.
ഹൃദയത്തില്‍ വിജ്ഞാനത്തിന്‍റെ വിത്തുമണികള്‍ മുളക്കുകയും പടര്‍ന്ന് പന്തലിക്കുകയും ചെയ്തു. തന്‍റെ ഓരോ അനക്കത്തിലും അടക്കത്തിലും വിജ്ഞാനത്തിന്‍റെ പ്രഭ നിറഞ്ഞു നിന്നു. അറിവ് പകരാന്‍ മാത്രമല്ല, പകര്‍ത്താനും കൂടിയുള്ളതാണ്. എങ്കില്‍ മാത്രമേ അറിവ് അലങ്കാരമായി മാറൂ. അതുകൊണ്ട് തന്നെ മഹാന്‍ അല്ലാഹുവിനെ ഭയന്നുകൊണ്ട് വ്യക്തി ജീവിതത്തെ സംശുദ്ധമായ പ്രവര്‍ത്തനങ്ങളെ കൊണ്ട് സമൃദ്ധമാക്കി. ഞാന്‍ നിനക്ക് തന്ന അറിവും ആരോഗ്യവും ആയുസ്സും നീ എന്തിന് ചിലവഴിച്ചു എന്ന റബ്ബിന്‍റെ ചോദ്യത്തിനു മുമ്പില്‍ പകച്ചുനില്‍ക്കാതെ മറുപടി പറയാന്‍ കഴിയണമെന്ന് ശാഫിഈ (റ) ചിന്തിച്ചു. ഓരോ ദിവസവും ഓരോ ഖത്മ് ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ഇമാം റമളാന്‍ മാസത്തില്‍ രണ്ട് ഖത്മ് വീതം ഓതാറുണ്ടായിരുന്നു. റഹ്മത്തിന്‍റെ ആയത്തുകള്‍ ഓതിയാല്‍ റഹ്മത്തിനെ ചോദിക്കുകയും ശിക്ഷയുടെ ആയത്തുകള്‍ ഓതിയാല്‍ ശിക്ഷയെ തൊട്ട് കാവല്‍ ചോദിക്കുകയും ചെയ്യുമായിരുന്നു. ഖുര്‍ആനിന്‍റെ താക്കീതുകള്‍ കേള്‍ക്കുമ്പോള്‍ ബോധം നഷ്ടപ്പെടുക പതിവായിരുന്നു. രാത്രിയെ മൂന്നായി ഭാഗിച്ച് അതില്‍ ഒരു ഭാഗം ഇല്‍മിനും ഒരു ഭാഗം നിസ്കാരത്തിനും ഒരു ഭാഗം ഉറങ്ങാനും ഉപയോഗിക്കും. ഒരിക്കല്‍ ശാഫിഈ (റ) പറഞ്ഞു. ഞാന്‍ പതിനാറ് വര്‍ഷമായി വയറ് നിറച്ചു ഭക്ഷണം കഴിച്ചിട്ടില്ല. കാരണം അത് ശരീരത്തിന് ഭാരവും ഹൃദയത്തിന് കാഠിന്യവും നല്‍കും. ബുദ്ധിശക്തിയെ മരവിപ്പിക്കുകയും ഉറക്കത്തെ വലിച്ചു കൊണ്ട് വരികയും ചെയ്യും. ദുനിയാവിനോട് തെല്ലുപ്രിയം പോലുമില്ലാത്ത മഹാന്‍ തന്‍റെ സന്നിധിയില്‍ എത്തുന്ന സമ്പത്ത് മുഴുവന്‍ പാവങ്ങള്‍ക്ക് ധര്‍മ്മം ചെയ്യും. ഒരിക്കല്‍ മക്കയില്‍ നിന്ന് യമനിലേക്ക് ചില ആവശ്യങ്ങള്‍ക്ക് വേണ്ടി യാത്ര പുറപ്പെട്ടു. മക്കയിലേക്ക് തിരിച്ചുവരുമ്പോള്‍ കയ്യില്‍ പതിനായിരം ദിര്‍ഹമുണ്ടായിരുന്നു. മക്കയില്‍ പ്രവേശിക്കുന്നതിന് മുമ്പ് അതിര്‍ത്തിയില്‍ ഒരു ടെന്‍റ് കെട്ടി വരുന്നവര്‍ക്കൊക്കെ അത് ദാനം ചെയ്തു. മറ്റൊരിക്കല്‍ സവാരിക്ക് വേണ്ടി മൃഗത്തിന്‍റെ പുറത്ത് കയറിയ ഇമാമിന്‍റെ കയ്യില്‍ നിന്ന് ചാട്ടവാര്‍ നിലത്ത് വീണു. ഒരാള്‍ അതെടുത്ത് കൊടുത്തപ്പോള്‍ അദ്ധേഹത്തിന് 50 സ്വര്‍ണ്ണനാണയം നല്‍കി. റബീഅ്(റ) പറഞ്ഞു: ഒരിക്കല്‍ ശാഫിഈ ഇമാം പറയുന്നത് ഞാന്‍ കേട്ടു. കഅ്ബയുടെ മുറ്റത്തിരിക്കുന്ന എന്‍റെ മുന്നിലേക്ക് അലിയ്യു ബ്നു അബീത്വാലിബ്(റ) കയറിവന്നു. ഞാന്‍ ധൃതിയില്‍ അങ്ങോട്ട് ഓടിയടുത്തു സലാം പറഞ്ഞു. ഹസ്തദാനം ചെയ്തു കെട്ടിപ്പിടിച്ചു. അവിടുത്തെ മോതിരം ഊരി എന്‍റെ കൈവിരലില്‍ ഇട്ടുതന്നു. നേരം പുലര്‍ന്നപ്പോള്‍ സ്വപ്ന വ്യാഖ്യാതാവിനെ സമീപിച്ചു കൊണ്ട് ഞാന്‍ സംഭവം വിവരിച്ചു കൊടുത്തു. അയാള്‍ പറഞ്ഞു. നിങ്ങള്‍ സന്തോഷിക്കുക. അലി(റ)വിനെ മസ്ജിദുല്‍ ഹറാമില്‍ വെച്ച് കാണല്‍ നരകമോചനത്തെയും ഹസ്തദാനം മഹ്ശറയിലെ രക്ഷയെയും കുറിക്കുന്നു. മോതിരം കൈമാറിയതിന്‍റെ രഹസ്യം അലി(റ)വിന്‍റെ പ്രശസ്തിയും കീര്‍ത്തിയും എത്തിയ എല്ലാ സ്ഥലങ്ങളിലും നിങ്ങളുടെ പ്രശസ്തിയും എത്തും എന്നതാണ്. ശിഷ്യനായ അഹ്മദുബ്നു ഹമ്പല്‍(റ) പറഞ്ഞു. നാല് പതിറ്റാണ്ടായി ഞാന്‍ ഒരു നിസ്കാരശേഷവും ശാഫിഈ ഇമാമിന് വേണ്ടി പ്രാര്‍ത്ഥിക്കാതിരുന്നിട്ടില്ല. ഇത് കേട്ട മകന്‍ ചോദിച്ചു. നിങ്ങള്‍ എന്നും പ്രാര്‍ത്ഥിക്കുന്ന ഈ ഇമാം ശാഫിഈ ആരാണ്. അഹ്മദു ബ്നു ഹമ്പല്‍(റ) പറഞ്ഞു. ഇമാം ശാഫിഈ ഈ പ്രപഞ്ചത്തിലെ സൂര്യനും ജനങ്ങളുടെ ആഫിയതുമാകുന്നു. ഇതിന് പകരം നില്‍ക്കാന്‍ വല്ലതുമുണ്ടോ മോനേ?
കുറഞ്ഞ ആയുസ്സ് മാത്രം ജീവിച്ച് വലിയ വിപ്ലവം തീര്‍ത്തശാഫിഈ ഇമാമിന് എന്നത്തെയും സ്ഥിതി പോലെ പല ശത്രുക്കളുമുണ്ടായിരുന്നു. തന്‍റെ അറിവും സാമര്‍ത്ഥ്യവും അസൂയാലുക്കള്‍ക്ക് തീരെ ദഹിച്ചില്ല. അങ്ങിനെയിരിക്കെ ഒരു നിര്‍ഭാഗ്യവാന്‍റെ പ്രഹരമേറ്റ് ഇമാമിന് പരിക്കേറ്റു. രോഗം ബാധിച്ച് കിടപ്പിലായി. ദിവസങ്ങള്‍ക്കകം ഇമാം ഈ ലോകത്തോട് വിടപറഞ്ഞു. രോഗം സന്ദര്‍ശിക്കാന്‍ ചെന്ന ഇമാം മുസനി(റ)വിനോട് തന്‍റെ വിയോഗ ദിനം സംജാതമായെന്നും തന്‍റെ ആത്മാവ് സ്വര്‍ഗത്തിലേക്കാണോ നരകത്തിലേക്കാണോ എന്ന് സങ്കടപ്പെടുകയും ചെയ്തു. എന്‍റെ പാപങ്ങള്‍ എത്ര വലുതാണെങ്കിലും നിന്‍റെ അഫ്വിനേക്കാള്‍ വലുതാവില്ലല്ലോ റബ്ബേ എന്നര്‍ത്ഥം വരുന്ന ഈരടികള്‍ പാടി. ചുറ്റുമുള്ളവരുടെ നയനങ്ങള്‍ അശ്രുകണങ്ങളാല്‍ കുതിര്‍ന്നു. തന്‍റെ ശിഷ്യരോടും കൂട്ടുകാരോടും യാത്രപറഞ്ഞ് ശഹാദത്ത് കലിമ ഉച്ചരിച്ചു കൊണ്ട് അല്ലാഹുവിന്‍റെ അനുഗ്രഹീത ലോകത്തേക്ക് പറന്നുയര്‍ന്നു. ഹിജ്റ 204 റജബ് അവസാന വെള്ളിയാഴ്ചയായിരുന്നു മഹാന്‍റെ വിയോഗം . അന്ന് അസ്വര്‍ നിസ്കാരശേഷം ഖുറാഫത്ത് എന്ന സ്ഥലത്ത് മറവ് ചെയ്തു.
മുബാറക് പുതുപൊന്നാനി

Leave a Reply

Your email address will not be published. Required fields are marked *