2017 July-Aug Hihgligts Shabdam Magazine ആത്മിയം ഖുര്‍ആന്‍ മതം വായന സാഹിത്യം

ഇബ്രാഹിമീ മില്ലത്ത്, സമർപ്പണത്തിന്‍റെ നേർസാക്ഷ്യം

സമ്പൂര്‍ണ്ണ സമര്‍പ്പണത്തിലൂന്നിയ ഊര്‍വ്വരമായ ആത്മീയതയാണ് ഇസ്ലാമിന്‍റെ അന്തസത്ത. സര്‍വ്വ ശക്തനും സര്‍വ്വജ്ഞാനിയുമായ നാഥനു മുമ്പില്‍ സമ്പൂര്‍ണ്ണ സമര്‍പ്പിതനായി വിശ്വാസിയെ മാറ്റിയെടുക്കലാണ് ഇസ്ലാമിലെ ആരാധനകളുടെയും അനുഷ്ഠാങ്ങളുടെയും ലക്ഷ്യം. മതം താല്‍പ്പര്യപ്പെടുന്ന ഈ വിധേയത്വത്തിന്‍റെ പ്രായോഗിക അനുഷ്ഠാനരൂപങ്ങളാണ് നമസ്കാരവും സക്കാത്തും വ്രതവും ഹജ്ജുമെല്ലാം.
പൈശാചിക ദുര്‍ബോധനങ്ങള്‍ അരങ്ങു തകര്‍ക്കുമ്പോള്‍ ഏത് വിശ്വാസിയുടെ ആത്മാവും ക്ലാവു പിടിക്കും. പാപപങ്കിലമായ ആത്മാവിന്‍റെ ഈ കറകളെ കഴുകിക്കളഞ്ഞ് വെണ്‍മയാര്‍ന്ന വിശുദ്ധിയിലേക്ക് നയിക്കുന്നത് മതം നിഷ്കര്‍ഷിക്കുന്ന ആരാധനാനുഷ്ഠാനങ്ങളിലെ സജീവ സാന്നിധ്യമാണ്. എന്നാല്‍ ഈ അനുഷ്ഠാനങ്ങളില്‍ സ്രഷ്ടാവിനോടുള്ള ശാരീരികവും മാനസികവും സാമ്പത്തികവുമായ വിധേയത്വത്തിന്‍റെ മൂര്‍ത്ത രൂപങ്ങളെല്ലാം ഒന്നായിറങ്ങുന്ന സുന്ദര കര്‍മ്മമാണ് ഹജ്ജ്. അഥവാ, അല്ലാഹുവിലുള്ള സമ്പൂര്‍ണ്ണ സമര്‍പ്പണത്തിലൂടെ ആത്മീയാനുരാഗത്തിന്‍റെ മധുപാനം നുകരാന്‍ വന്നെത്തിയ അതിഥികളാണ് അറഫയില്‍ സംഗമിക്കുന്ന ഹാജിമാര്‍.
മഹിതമായ വിശ്വാസത്തിന്‍റെ ദീപ്തിയും പവിത്രമായ പാരമ്പര്യത്തിന്‍റെ പ്രഖ്യാപനവും നടത്തിയാണ് ഓരോ ദുല്‍ഹിജ്ജ മാസവും കടന്നു വരുന്നത്. അര്‍പ്പണത്തിന്‍റെ മാതൃകകളായ ഇബ്റാഹീം നബിയുടെയും മകന്‍ ഇസ്മാഈല്‍ നബിയുടെയും പത്നി ഹാജറാ ബീവിയുടെയും സഹന ചരിത്രത്തിന്‍റെ ഭാഗമാവുകയാണ് ഹജ്ജിലൂടെ ഓരോ തീര്‍ത്ഥാടകനും. വര്‍ഗവും വര്‍ണ്ണവും ഭാഷയും മറന്ന് മനുഷ്യരെല്ലാം ഒന്നാണെന്ന ആത്യന്തിക പ്രഖ്യാപനം നടത്തുന്ന അറഫയുടെ താഴ്വര, ബീവി ഹാജറയുടെ ആകുലതകള്‍ സമ്മാനിച്ച നെട്ടോട്ടത്തിന്‍റെ സ്മരണ പുതുക്കുന്ന സ്വഫാ മര്‍വ്വ, പൈശാചിക പരിവേശത്തെ കല്ലെറിഞ്ഞ് തോല്‍പ്പിക്കുന്ന മിന, ഇങ്ങനെ ഇബ്റാഹീമീ കുടുംബത്തിന്‍റെ ത്യാഗോജ്ജ്വല ഓര്‍മ്മകളുടെ സ്മരണയാണ് ഹജ്ജ് വിശ്വാസികള്‍ക്ക് പകര്‍ന്നു നല്‍കുന്നത്.
ഇബ്റാഹീമീ മില്ലത്ത്
അല്ലാഹുവിന്‍റെ അത്യുല്‍കൃഷ്ടരായ മുര്‍സലീങ്ങളില്‍ പ്രധാനിയാണ് മഹാനായ ഇബ്റാഹീം നബി(അ). കല്‍ചീളുകള്‍ക്കു മുമ്പില്‍ ദിവ്യത്വത്തെ പണയപ്പെടുത്തി പൈശാചിക പ്രതിരോധം തീര്‍ത്ത ആദര്‍ശ ഗോഥയുടെ മഹാനായകനായ അദ്ധേഹം നൂഹ് നബിയുടെ څസാംچ എന്ന പുത്രന്‍റെ സന്താന പരമ്പരയില്‍ പെട്ടവരാണ്. ഇറാഖിലെ ബാബിലോണ്‍ എന്ന സ്ഥലത്തായിരുന്നു ജനനവും പ്രബോധനവും. പിതാവ് څതാറഖ്چ ഫലസ്തീനിലേക്കുള്ള യാത്രാമധ്യേ മരണപ്പെട്ടിരുന്നു.
അപലതയും ചപലതയും വന്നുചേരുന്ന ചെറുപ്രായത്തില്‍ തന്നെ ബിംബ- നക്ഷത്ര ആരാധനകളോട് രാജിയാവാതെ വേറിട്ടു നിന്നിരുന്ന വ്യക്തി പ്രഭാവമായിരുന്നു ഇബ്റാഹീം നബിയുടേത്. ചെറുപ്രായത്തില്‍ തന്നെ സുബോധവും പക്വതയും കൈവന്ന ഇബ്റാഹീം നബി(അ) ഏകനായ അല്ലാഹുവിന്‍റെ ദിവ്യത്വത്തെ സ്ഥാപിച്ചെടുക്കാന്‍ മുന്നോട്ടിറങ്ങി. ആദര്‍ശ നിഷ്ഠയില്‍ അല്‍പ്പം പോലും അലിവുകാണിക്കാത്ത അദ്ധേഹത്തിന് പ്രബോധന വഴികളില്‍ ഏറെ ക്ലേശങ്ങള്‍ സഹിക്കേണ്ടി വന്നു. ക്രൂരന്മാരായ ഭരണാധികാരികളുടെ ആക്രമണങ്ങളും, പരകോടി ദൈവങ്ങള്‍ക്കു മുമ്പില്‍ മുട്ടു മടക്കുന്ന സ്വന്ത ബന്ധുക്കളുടെ എതിര്‍പ്പുകളായിരുന്നു പ്രധാനമായും നേരിടേണ്ടിവന്നത്. മതത്തിന്‍റെ അദ്ധ്യാപനങ്ങളോട് പുറം തിരിഞ്ഞ് നില്‍ക്കുന്ന പിതൃവ്യനായ ആസറിന്‍റെ ഭീഷണിയും അക്രമണവുമായിരുന്നു ഇതില്‍ പ്രധാനം. അദ്ധേഹത്തിന്‍റെ വിശ്വാസാചാരങ്ങളോട് ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്ന അന്നത്തെ ഭരണാധികാരി നംറൂദ് പിതൃവ്യനോട് ചേര്‍ന്ന് അക്രമണങ്ങള്‍ക്ക് ആക്കം കൂട്ടിക്കൊണ്ടിരുന്നു. എന്നാല്‍ രാജവാഴ്ചയെയോ, അധികാര സ്വാധീനത്തെയോ കുടുംബമാഹാത്മ്യത്തെയോ ഭയപ്പെടാതെ, എവിടെയും കയറിച്ചെന്ന് സംവാദങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും അല്ലാഹുവന്‍റെ അസ്ഥിത്വത്തെ സ്ഥിരപ്പെടുത്താന്‍ സര്‍വ്വവും സമര്‍പ്പിച്ച് ഇബ്റാഹീം നബി(അ) മുന്നോട്ടിറങ്ങി.
ഇസ്ലാമിക പ്രബോധന വഴിയില്‍ മുന്നേറുമ്പോള്‍ ക്ലേശപൂര്‍ണ്ണമായ ഒരുപാട് പരീക്ഷണങ്ങളെ ഇബ്റാഹീംനബിക്ക് തരണം ചെയ്യേണ്ടി വന്നിട്ടുണ്ട്. പരിശുദ്ധ തൗഹീദിന്‍റെ വചനം സ്ഥിരപ്പെടുത്താന്‍ മുത്തുനബിയുടെ സമുദായമായ നമ്മോട് ഖുര്‍ആന്‍ നിര്‍ദ്ദേശിച്ച തന്ത്രപരമായ സാരോപദേശമായിരുന്നു ഇബ്റാഹിം നബിയും സ്വീകരിച്ചിരുന്നത്. അതിന്‍റെ ഭാഗമായിട്ടായിരുന്നു തന്‍റെ സമുദായം ആരാധിക്കുന്ന ബിംബങ്ങളെയും കല്ലുകളെയും തച്ചുടച്ച് വലിയെ ബിംബത്തെ ബാക്കിവെച്ച് അതിന്‍റെ കഴുത്തില്‍ മഴു തൂക്കിയിട്ടത്. ഈ ക്യത്യം നിര്‍വ്വഹിച്ച ഇബ്റാഹീം നബിയെ രാജാവ് നംറൂദ് ചോദ്യം ചെയതപ്പോള്‍ അദ്ധേഹം നല്‍കിയ മറുപടി ആ ജനതയെ ബിംബാരാധകളില്‍ നിന്നും അകറ്റാന്‍ പര്യാപ്തമായിരുന്നു. ഈ കൃത്യം നിര്‍വ്വഹിച്ചത് ആരാണെന്ന് വലിയ ബിംബത്തോട് ചോദിക്കാനായിരുന്നു അദ്ദേഹം നിര്‍ദ്ദേശിച്ചത്. സംസാരിക്കാനോ ചലിക്കാനോ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനോ ശേഷിയില്ലാത്ത ബിംബങ്ങളെ ആരാധിക്കുന്നതിലുള്ള നിരര്‍ത്ഥകതയെയായിരുന്നു ഇബ്റാഹീം നബി(അ) ആ സംഭവത്തിലൂടെ തന്‍റെ ജനതക്കു മുമ്പില്‍ സമര്‍ത്ഥിച്ചത്. പക്ഷേ തങ്ങളുടെ ദൈവങ്ങളെ തച്ചുടച്ച ഇബ്റാഹീം നബിയെ തീകുണ്ഡാരത്തിലിട്ട് കരിച്ചുകളയാനായിരുന്നു നംറൂദ് തീരുമാനിച്ചത്. څഹൈസീന്‍چ എന്നു പേരുള്ള തെമ്മാടിയുടെ അഭിപ്രായത്തെ ശരിവെച്ചുകൊണ്ടായിരുന്നു ഈ തീരുമാനം. ഇബ്റാഹീം നബിയെ കരിച്ചു കളയാനുള്ള വിറക് നേര്‍ച്ചായക്കല്‍ തങ്ങളനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്കും പ്രതിസന്ധികള്‍ക്കും പ്രിതിവിധിയായി നബിയെ കരിച്ചുകളയാനുള്ള വിറകുകള്‍ നേര്‍ച്ചയാക്കുകയെന്നത് പുണ്യകര്‍മ്മമായിട്ടു വരെ ആ ജനത കണ്ടിരുന്നു. മാസങ്ങള്‍ കൊണ്ട് ശേഖരിച്ചുണ്ടാക്കിയ വിറകുകള്‍ക്ക് തീ കൊളുത്തിയപ്പോള്‍ ഉപരിഭാഗത്തിലൂടെ പറക്കുന്ന പറവകള്‍ പോലും ചൂടേറ്റ് കരിഞ്ഞ് വീണിരുന്നു. ജ്വലിക്കുന്ന അഗ്നികുണ്ഡാരത്തിനടുത്തേക്ക് വരാന്‍ പോലും ഭയന്ന അവര്‍ ഇബ്റാഹീം നബിയെ കയറില്‍ ബന്ധിച്ച് ദൂരേക്ക് ഒരു തെറ്റമ്പുണ്ടാക്കി അതില്‍ പ്രതിഷ്ഠിക്കുകയായിരുന്നു. പക്ഷേ, ഏകനായ അല്ലാഹുവിലുള്ള അചഞ്ചലവിശ്വാസത്തിനു മുന്നില്‍ ശത്രുവ്യൂഹത്തിന്‍റെ തീ ജ്വാലകള്‍ തണുത്തുറയുകയായിരുന്നു. കത്തിയാളുന്ന തീയില്‍ അകപ്പെട്ടപ്പോഴും ആദര്‍ശ പ്രതിബദ്ധതയുടെ കരുത്ത് കാട്ടിയ ഇബ്റാഹീം നബിക്ക് തീ തന്നെയാണ് തണുപ്പും സമാധാനവും നല്‍കി സംരക്ഷിച്ചത്.
അധികാരത്തിന്‍റെ അഹന്തയില്‍ രാജ്യം ഭരിക്കുന്ന ഭരണാധിപന്മാരെയോ, ഏകനായ അല്ലാഹുവിന്‍റെ ആസ്ഥിക്യത്തെ ചോദ്യം ചെയ്യുന്നവരെയോ ഇബ്റാഹീം നബി ഒട്ടും ഭയപ്പെട്ടിരുന്നില്ല. ഭരണാധികാരികളുടെ അടുത്ത് ചെന്ന് തൗഹീദിനെ സ്ഥിരപ്പെടുത്താനും അതിലേക്ക് ക്ഷണിക്കാനും മുന്നോട്ടിറങ്ങിയിരുന്നു. ഏകനായ അല്ലാഹുവിന്‍റെ മാത്രം സവിശേഷതകളാണ് ജീവിപ്പിക്കലും മരിപ്പിക്കലുമെന്ന് ഒരിക്കല്‍ ഇബ്റാഹീം നബി നംറൂദിനടുക്കല്‍ വാദിച്ചു. പക്ഷേ, നംറൂദ് ഈ വാദഗതിയെ നേരിട്ടത് രണ്ട് പേരെ തന്‍റെ സന്നിധിയിലേക്ക് ക്ഷണിച്ച് ഒരാളെ വാളിനിരയാക്കുകയും മറ്റെയാളെ വെറുതെവിടുകയും ചെയ്തുകൊണ്ടായിരുന്നു. തല്‍ഫലം ഇബ്റാഹീം നബി പറഞ്ഞു. എങ്കില്‍ എന്‍റെ നാഥന്‍ കിഴക്ക് നിന്ന് കൊണ്ട് വരുന്ന സൂര്യനെ നീ പടിഞ്ഞാറില്‍ നിന്നും കൊണ്ട് വരിക. അപ്രതീക്ഷിതമായ ആ ചോദ്യത്തിനു മുന്നില്‍ ഉത്തരം മുട്ടിയ നംറൂദ് ഇബ്റാഹീം നബിക്ക് മുമ്പില്‍ അടിയറവ് പറഞ്ഞു. കത്തിജ്വലിക്കുന്ന തീ കുണ്ഡാരത്തില്‍ ഇബ്റാഹീം നബിക്ക് തണുപ്പേകിയ അല്ലാഹുവിന് സൂര്യനെ പടിഞ്ഞാറ് നിന്നും ഉദിപ്പിക്കാന്‍ പ്രയാസമില്ലെന്നു മനസ്സിലാക്കിയ നംറൂദ് മറുവാദമുന്നയിച്ചതുമില്ല.
അല്ലാഹുവിന്‍റെ പ്രവാചകരില്‍ അത്യുല്‍കൃഷ്ഠരായ മുത്ത് നബിയുടെ ഉത്തമസമുദായക്കാരായ നമ്മള്‍ ഇബ്റാഹീം നബിയുടെ പ്രബോധന മേഖലയോടും ശരീഅത്തിനോടും ഒട്ടിച്ചേര്‍ന്ന് നില്‍ക്കുന്നവരാണ്. ഇസ്ലാമിക വിശ്വാസ പ്രചാരണത്തെ സ്വന്തം കുടുംബത്തില്‍ നിന്നും ആരംഭിക്കാനാണ് രണ്ട് പ്രവാചകന്‍മാര്‍ക്കും നിര്‍ദ്ദേശമുള്ളത്. പ്രയാസങ്ങളിലും പ്രതിസന്ധികളിലും താങ്ങും തണലുമാകേണ്ട കുടുംബം തന്നെ എതിര്‍പ്പുകളും പരിഹാസങ്ങളുമായി മുന്നോട്ട് വരുമ്പോള്‍ ആര്‍ജ്ജിച്ചെടുക്കുന്ന ദൃഢവിശ്വാസം സാമൂഹിക സമീകരണത്തെ സുഗമമാക്കുമെന്ന അടിസ്ഥാന തത്ത്വമായിരുന്നു. ഇരു പ്രവാചകരിലൂടെയും അല്ലാഹു പഠിപ്പിച്ചത്.
ഹജ്ജ്-പുതുകാല പ്രസക്തി
വര്‍ഗ വര്‍ണ്ണ വൈജാത്യങ്ങളുടെ പേരില്‍ ചോര ചിന്തുന്നവര്‍ക്കു മുമ്പില്‍ ഹജ്ജ് നല്‍കുന്ന ചില വ്യക്തമായ സന്ദേശങ്ങളുണ്ട്. കരിമ്പട്ടു പുതച്ച കഅ്ബാലയത്തിനു ചുറ്റും കറുത്തവനോ വെളുത്തവനോ എന്ന വേര്‍ത്തിരിവില്ലാതെ ആത്യന്തികമായി മനുഷ്യരെല്ലാം ഒന്നാണെന്നതിനെ സൂചിപ്പിക്കുന്ന ത്വവാഫാണ് ഹജ്ജിലെ സമത്വത്തിന്‍റെ സ്വത്വരൂപം. നിങ്ങളെ ഞാന്‍ സൃഷ്ടിച്ചത് ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ്. പരസ്പരം വേര്‍തിരിച്ചറിയാന്‍ വേണ്ടി മാത്രമാണ് നിങ്ങളെ ഗോത്രങ്ങളും വര്‍ഗങ്ങളുമാക്കി തിരിച്ചത് എന്ന അല്ലാഹുവിന്‍റെ പ്രഖ്യാപനത്തിന്‍റെ പുലര്‍ച്ചയാണ് ഹജ്ജിലൂടെ ദര്‍ശിക്കാനാവുന്നത്. മിനയിലും മുസ്ദലിഫയിലും ഒരുമ്മപെറ്റ മക്കളെപ്പോലെ ഒരേ തമ്പിലെ വിരിപ്പില്‍ രാപാര്‍ക്കുന്ന വിശ്വാസികള്‍ പ്രഖ്യാപിക്കുന്നതല്ലേ വിശ്വമാനവസ്നേഹം. അതിലപ്പുറം നീചന്മാരുടെ പട്ടികയിലേക്ക് എഴുതിത്തള്ളുന്ന കറുപ്പും, സ്ത്രീത്വവും വൈദേശികതയും മേളിച്ച അപൂര്‍വ്വ വനിതയായ ഹാജറ ബീവിയുടെ നെട്ടോട്ടത്തിന്‍റെ സ്മരണയാണ് സ്വഫാ മര്‍വ്വ വിളിച്ചോതുന്നത്. വര്‍ണ്ണ കുലീന വൈജാത്യങ്ങളെ ഉച്ഛാടനം ചെയ്യാന്‍ പ്രഘോഷിക്കുന്ന മതസംഹിത ഇതില്‍ പരം ഏതുണ്ട്.
സ്രഷ്ടാവായ അല്ലാഹുവിന്‍റെ സര്‍വ്വാനുഗ്രഹങ്ങളും ആസ്വദിച്ച് അവന്‍റെ മതനിയമങ്ങള്‍ തിരസ്കരിച്ചു മുന്നേറുന്ന പുതുകാല വിശ്വാസി സമൂഹത്തിനു ഒരു മാത്യകാ ജീവിതപാഠമാണ് ഇബ്റാഹീമീ ചരിത്രം പകര്‍ന്നു നല്‍കുന്നത്. സൃഷ്ടിച്ച് പരിപാലിക്കുന്നവന്‍റെ മുമ്പില്‍ സമ്പൂര്‍ണ്ണവണക്കം കാണിച്ചാല്‍ മാത്രമേ ആത്യന്തികവിജയം നേടാനാവൂ എന്നതാണാ ചരിത്രത്തിന്‍റെ അകക്കാമ്പ്. കാലങ്ങളുടെ കാത്തിരിപ്പിനുശേഷം പിറന്ന കുഞ്ഞിനെ, കനിഞ്ഞുനല്‍കിയ നാഥനുതന്നെ ബലിസമര്‍പ്പിക്കാന്‍ സന്നദ്ധരാവുന്ന മഹാനായ ഇബ്റാഹീം നബിയും, തോറ്റുകൊടുക്കാത്ത ഈമാനിക പരിവേശത്തില്‍ അറുക്കാന്‍ തലവെച്ചുകൊടുക്കുന്ന ഇസ്മാഈല്‍ നബിയും, വിജന മരുഭൂമിയില്‍ പ്രിയ ഭര്‍ത്താവ് കൈകുഞ്ഞിനൊപ്പം ഇട്ടേച്ചു പോവുമ്പോഴും അല്ലാഹുവിന്‍റെ കല്‍പനയാണെങ്കില്‍ സംത്യപ്തയാണെന്നു വിളിച്ചു പറയുന്ന ഹാജറാ ബീവിയും പകര്‍ന്നു നല്‍കുന്ന ഈമാനിക പാഠങ്ങള്‍ തന്നെയല്ലേ നമ്മുടെ ജീവിതത്തിന്‍റെ ചാലകശക്തിയായി വര്‍ത്തിക്കേണ്ടത്.
ശഹീദ് കാവനൂര്‍

Leave a Reply

Your email address will not be published. Required fields are marked *