ഇമാം ബുഖാരി(റ): അറിവിന്‍റെ കൃത്യത
2010 November-December അനുസ്മരണം ആത്മിയം ചരിത്ര വായന ഹദീസ്

ഇമാം ബുഖാരി(റ): അറിവിന്‍റെ കൃത്യത

roads-wallpapers_HD_1280x800 തിരുനബിയുടെ ഒരു വാമൊഴിയുണ്ടെന്നറിഞ്ഞ് പുറപ്പെട്ടതാണദ്ദേഹം. കഷ്ടപ്പാടുകളും പ്രതികൂല കാലാവസ്ഥയും സഹിച്ച് നബി(സ)യുടെ ഹദീസ് പഠിച്ചു പകര്‍ത്തുക എന്ന ഒരേയൊരു ലക്ഷ്യവുമായി മരുഭൂമികളും ഘോരവനങ്ങളും താണ്ടി അവസാനം തന്‍റെ ദാഹശമനത്തിനുള്ള തെളിനീരുറവയുടെയടുത്തെത്തി. എത്തിയ ഉടനെ ഒരു കാഴ്ച കണ്ട അദ്ദേഹം ഒരു വാക്കു പോലും പറയാതെ തിരിച്ചു പോരുകയായിരുന്നു. രാവും പകലും കഷ്ടപ്പെട്ട് ഒരു കാര്യം നേടാന്‍ ഉദ്ദേശ്യ സ്ഥാനത്തെത്തിയപ്പോള്‍ ഉദ്ദിഷ്ട കാര്യം ഉപേക്ഷിച്ച് തിരിച്ചുപോന്നതിന്‍റെ കാര്യം വളരെ ലളിതമായിരുന്നു. ഹദീസ് അന്വേഷിച്ച് അവിടെയെത്തിയപ്പോള്‍, ആ ഹദീസ് മനപ്പാഠമുള്ള മനുഷ്യന്‍ ഒരു ആടിനെ പച്ചില കാട്ടി വിളിക്കുന്നുണ്ടായിരുന്നു. ഇല കണ്ട് അയാളുടെ അടുത്തേക്ക് ആട് ചെന്നപ്പോള്‍ ആ ഇല നല്‍കാതെ ആടിനെ പറ്റിച്ച കാരണത്താലായിരുന്നു അദ്ദേഹം അവിടെ നിന്ന് തിരിച്ചു പോന്നത്. ആടിനെ പറ്റിച്ച അയാളുടെ ഹദീസ് നിവേദനത്തിലും വഞ്ചനയുണ്ടായേക്കുമോ എന്ന വളരെ ചെറിയൊരു സംശയത്താലായിരുന്നു അദ്ദേഹം അവിടെ നിന്നും ഹദീസ് സ്വീകരിക്കാതെ മടങ്ങിയത്. ഇമാം ബുഖാരി(റ) വിനെക്കുറിച്ചാണ് പറഞ്ഞുവരുന്നതെന്നറിയാത്തവരുണ്ടാകില്ലെന്നുറപ്പാണ്. അങ്ങേയറ്റത്തെ ത്യാഗങ്ങളും പ്രയാസങ്ങളും സഹിക്കുന്നതോടൊപ്പം തന്നെ സൂക്ഷ്മതയുടെ ആഴക്കടലിലൂടെ സഞ്ചരിച്ചായിരുന്നു ഇമാം ബുഖാരിയുടെ ഹദീസ് ക്രോഡീകരണം. നബി ജീവിത ചരിത്രങ്ങളും, തിരുമൊഴികളും അന്വേഷിച്ച് അതിന്‍റെ എല്ലാ തലങ്ങളും സമഗ്രമായ പഠനത്തിലൂടെ സംശയത്തിന്‍റെ ഒരു തരി പോലും ബാക്കി വെക്കാതെ നബിജീവിതത്തിന്‍റെ യഥാര്‍ത്ഥ ആദര്‍ശങ്ങളും തിരു വാക്യങ്ങളുടെ വ്യാഖ്യാനങ്ങളും ഖുര്‍ആന്‍ വ്യാകരണവും അതിലടങ്ങിയിരിക്കുന്ന വൈചിത്ര്യവും അത്ഭുതവും ലോകത്തിനു തുറന്നുവച്ചു കൊടുത്ത് ഇസ്ലാമിക ശരീഅത്തിന്‍റെ ജ്ഞാന പര്‍വ്വമായുയര്‍ന്ന മഹാ പണ്ഡിതനാണ് ഇമാം ബുഖാരി(റ). ഇസ്ലാമിക ലോകത്തെ മറ്റു പണ്ഡിതരില്‍ നിന്നും വിഭിന്നമായിരുന്ന ബുഖാരി(റ) ചെറുപ്പം മുതല്‍ക്കു തന്നെ ലോക പണ്ഡിതന്മാര്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും വിസ്മയം പടര്‍ത്തിയിരുന്നു. അദ്ദേഹത്തിന്‍റെ ജീവിതത്തിലേക്കൊന്നു കണ്ണോടിച്ചാല്‍ ഇസ്ലാമികാധ്യാപനങ്ങളും അവയുടെ പ്രമാണങ്ങളും ലോകത്തേക്ക് കൊണ്ടുവന്ന ഒരു മനുഷ്യന്‍റെ വിസ്മയകരമായ ചരിത്രമാവും ദര്‍ശിക്കാനാവുക. ഹിജ്റ 194 ശവ്വാല്‍ 13ന് വെള്ളിയാഴ്ച ജുമുഅക്ക് ശേഷം ബുഖാറയിലെ പ്രശസ്തനായ വ്യാപാരി ഇസ്മായിലിന്‍റെ മകനായിട്ടാണ് ഇമാം ബുഖാരി എന്നറിയപ്പെടുന്ന അബു അബ്ദുല്ലാഹി മുഹമ്മദ് ബ്നു ഇസ്മാഈല്‍ (റ)ന്‍റെ ജനനം. പിതാവിന്‍റെ വ്യാപാര പുഷ്ടിയില്‍ സന്പന്നതയുടെ മടിത്തട്ടിലായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. സന്പദ്സമൃദ്ധിയില്‍ ബുദ്ധിമുട്ടിന്‍റെയോ പ്രയാസങ്ങളുടെയോ ഒരു നാന്പ് പോലും ആ കുട്ടിയെ സ്പര്‍ശിച്ചില്ല. തന്‍റെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള എല്ലാവിധ സൗകര്യങ്ങളും, സന്പത്തുമെല്ലാം അല്ലാഹു സുലഭമാക്കിയപ്പോള്‍ സന്തോഷത്തോടെയും ആഹ്ലാദത്തോടെയും മുന്നോട്ട് പോകുന്പോഴാണ് സന്പത്തും വ്യാപാരവും അവര്‍ക്ക് മുന്നിലേക്കെറിഞ്ഞു കൊടുത്ത് ഉപ്പ ഇസ്മാഈല്‍ അല്ലാഹുവിന്‍റെ വിളിക്കുത്തരം നല്‍കിയത്. പിച്ച വെക്കുന്ന കാലമായപ്പോഴേക്ക് പിതാവിനെ നഷ്ടപ്പെട്ട ഇമാം ബുഖാരി (റ) വിന് തന്‍റെ ഉമ്മയിലുണ്ടായ ആത്മവിശ്വാസം ജീവിത കടന്പകളെ മറികടക്കാന്‍ സഹായകമായി. ഒരേ സമയം ഉമ്മയുടെ സ്ഥാനം നിലനിര്‍ത്തുന്നതോടൊപ്പം തന്നെ പിതാവിന്‍റെ സ്ഥാനത്ത് നില്‍ക്കാനുള്ള അത്ഭുത ശേഷിയും കൈവരിച്ചു. ഉമ്മ കാരണം പിതൃത്വത്തിന്‍റെ അഭാവം ആ മകനില്‍ അനാഥത്വത്തിന്‍റെ ആശങ്കകളോ കഷ്ടതകളോ ഉടലെടുത്തില്ല. വാര്‍ധക്യത്തില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ട് തന്‍റെ, ചെറിയ കുട്ടിയടങ്ങുന്ന കുടുംബ ഭാരം തലയിലായിട്ടു പോലും ഒട്ടും തളരാതെ, ജീവിതം തകര്‍ച്ചയില്‍ കലാശിക്കാതെ മുന്നോട്ട് കൊണ്ട് പോയത് ഒരു പക്ഷേ, ഇമാം ബുഖാരിയുടെ മഹാത്മ്യം കൊണ്ടായിരിക്കാം. മകന്‍റെ വളര്‍ച്ചയുടെ ഘടകങ്ങളെ ദീര്‍ഘവീക്ഷണം ചെയ്ത് അതിനനുസരിച്ചുള്ള പെരുമാറ്റങ്ങളും ജീവിതവും മകന് മുന്പില്‍ തുറന്ന് വെച്ച് ബുഖാരിയെ വളര്‍ത്തിയ ആ ഉമ്മ തന്നെയായിരുന്നു അദ്ദേഹത്തിന്‍റെ പിന്നീടുള്ള കാലത്തെ വൈജ്ഞാനിക മാര്‍ഗങ്ങളിലൂടെയുള്ള നീണ്ട യാത്രകളുടെയും സമൂഹത്തിന്‍റെ മനസുകളെ പിടിച്ചെടുത്ത ഗ്രന്ഥങ്ങളുടെ രചനയുടെയും, ഉയര്‍ച്ചയുടെയുമെല്ലാം പ്രചോദനം. അങ്ങനെ ഉമ്മയുടെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ നാഥനില്ലാത്ത ആ കുടുംബം മുന്നോട്ട് പോയിക്കൊണ്ടിരിക്കെയാണ്, ഉമ്മയുടെ സ്വപ്നങ്ങളില്‍ ഇരുട്ട് പരത്തി ആ വീട്ടില്‍ അന്ധകാരത്തിന്‍റെ ഒരിതള്‍ വിരിയിച്ച് കൊണ്ട് മകന്‍റെ കാഴ്ച നഷ്ടപ്പെട്ടത്. തന്‍റെ ഭാവി ഭാസുരതക്ക് തുണയാകുമെന്ന് സ്വപ്നം നട്ടു വളര്‍ത്തിയിരുന്ന ആ ഉമ്മയുടെ മനസിന്‍റെയുള്ളില്‍ ഭയപ്പാടിന്‍റെ ഒരു കൊള്ളിയാന്‍ മിന്നി. പക്ഷെ അവിടെയും ആ വിധവയായ മാതാവ് പതറിയില്ല. ഭര്‍ത്താവ് ഇസ്മായീല്‍, തനിക്കു സമ്മാനിച്ച വിശ്വാസത്തിന്‍റെ നിഗൂഢമായ അര്‍ത്ഥതലങ്ങളും പൊരുളുകളും ഹൃദയത്തിലുറപ്പിച്ച അചഞ്ചലമായ വിശ്വാസവും അല്ലാഹുവിന്‍റെ കാരുണ്യത്തിന്‍റെ അഗാതതയും കാഠിന്യവുമെല്ലാം മനസ്സിലുള്‍ക്കൊണ്ട ആ സ്ത്രീ പിടയുന്ന മനസ്സോടെ തന്‍റെ സങ്കടം അല്ലാഹുവിലേല്‍പ്പിക്കുകയായിരുന്നു. കരയുന്ന കണ്ണുകളോടെ ഇരുകരങ്ങളുമുയര്‍ത്തി ആ സ്ത്രീ മകന്‍റെ കാഴ്ച തിരിച്ച് കിട്ടാന്‍ മനമുരുകി പ്രാര്‍ത്ഥിച്ചു. പിതാവ് നട്ട് മുളപ്പിച്ച് വിരിഞ്ഞ ആത്മീയതയുടെ തണലില്‍ ജീവിക്കുന്ന ആ വീട്ടുകാരുടെ മനസിലെ വേദന അല്ലാഹു കേള്‍ക്കാതിരുന്നില്ല. അന്ന് രാത്രി ആ സ്ത്രീ ഉറങ്ങിക്കൊണ്ടിരിക്കുന്പോള്‍ ഒരു സ്വപനം കാണുകയാണ്. ഒരു സുന്ദരനായ മനുഷ്യന്‍ വന്ന് പറയുകയാണ്. “”ഓ പെണ്ണേ, നീ കരഞ്ഞ് തളര്‍ന്നില്ലേ; നിന്‍റെ കരച്ചില്‍ കാരണം, അല്ലാഹു നിന്‍റെ മകന്‍റെ കാഴ്ച ശക്തി തിരിച്ച് നല്‍കിയിരിക്കുന്നു”. ബഹുമാനപ്പെട്ട ഹസ്രത്ത് ഇബ്റാഹീം നബി (അ) ആയിരുന്നു ആ സ്വപ്ന ദര്‍ശി. നേരം പുലര്‍ന്നപ്പോള്‍, തന്‍റെ സ്വപ്നം സത്യമായി പുലര്‍ന്നപ്പോള്‍ തന്‍റെ ഭാവി സ്വപ്നങ്ങള്‍ വീണ്ടും തളിരിടുകയായിരുന്നു. വിദ്യാഭ്യാസം തികഞ്ഞ വിജ്ഞാന ദാഹിയായിരുന്നു ഇമാം ബുഖാരി. വിജഞാന സന്പാദനത്തിന് എന്ത് കഷ്ടതയും പ്രയാസങ്ങളും സഹിക്കാനും തയ്യാറായിരുന്ന അദ്ധേഹത്തിന്‍റെ ഓര്‍മ ശക്തിയും, ഹദീസുകളും മറ്റും മനസിലാക്കാനുള്ള ഗ്രഹണ ശേഷിയും ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. സന്പത്തും വിജഞാനത്തോടുള്ള ദാഹവും ബുദ്ധിശക്തിയുമെല്ലാ#ം ഒരുമിച്ച് കൂടിയപ്പോള്‍ പഠനവും സമൃദ്ധമായി. ശൈഖ് മുഹമ്മദുബനു സലാം, അബ്ദുള്ളാഹിബ്നു മുഹമ്മദ് അല്‍ മുസ്നദി, ഇബ്റാഹീമുബ്നു അശ്അബ്, മുഹമ്മദുബ്നു യൂസുഫ് എന്നിവരുടെ കീഴിലായിരുന്നു അദ്ധേഹത്തിന്‍റെ പ്രാഥമിക വിദ്യാസം.അഞ്ചു വര്‍ഷം നീണ്ട തന്‍റെ പ്രാഥമിക വിദ്യാഭ്യാസത്തിനിടയില്‍ പത്ത് വയസ്സായപ്പോഴേക്ക് തന്നെ ഇബ്നുമുബാറകിന്‍റെ ഒരു ഹദീസ് ശേഖരം മഹാന്‍ മന:പ്പാഠമാക്കിക്കഴിഞ്ഞിരുന്നു. കേട്ടതെന്തും മനസില്‍ പതിഞ്ഞിരുന്ന ഇമാം ബുഖാരിയുടെ ബുദ്ധിവൈഭവവും ഓര്‍മശക്തിയും തന്‍റെ ഉസ്താതുമാരെയെല്ലാം അന്പരപ്പിക്കുന്നതായിരുന്നു. തന്‍റെ പ്രാഥമിക പഠന ശേഷം ഹിജ്റ 205 ലാണ് അദ്ധേഹം ആദ്യമായി ഹദീസ് പാഠശാലയില്‍ ചേരുന്നത്. പഠനകാലത്ത് തന്നെ പല അത്ഭുത സംഭവങ്ങളും അദ്ധേഹത്തിന്‍റെ ക്ലാസുകളില്‍ അരങ്ങേറിയിട്ടുണ്ട്. തീര്‍ത്തും വിത്യസ്ഥമായ ശൈലിയിലൂടെയായിരുന്നു ഇമാമിന്‍റെ പഠനം. ഒരു ഹദീസ് കിട്ടിയാല്‍ ഉദ്ധരിക്കുന്നവരുടെയും ഉദ്ധരിക്കപ്പെടുന്നവരുടെയും ചരിത്രവും, പരന്പരയും, സ്വഭാവവും, ജീവിതരീതിയുമെല്ലാം വ്യക്തമായി മനസ്സിലാക്കിക്കൊണ്ടാണ് ആ ഹദീസ് മനസില്‍ ഉറപ്പിക്കുന്നത്. അത് കൊണ്ട് തന്നെ ഹദീസ് ലോകത്തും അല്ലാതെയുമായി ചരിത്രത്തില്‍ അഗാധമായ ജ്ഞാനം അദ്ധേഹത്തിനുണ്ടായിരുന്നു. ദാഖിലിയുടെ അടുക്കല്‍ നിന്നുള്ള പഠന ശേഷം, ഇമാം തന്‍റെ കുടുംബത്തോടൊപ്പം വിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ പോയി. തിരിച്ച് വരുന്പോള്‍ ഹദീസ് ശേഖരണത്തിനായി അവിടെ തങ്ങി ഒപ്പമുള്ളവരെ നാട്ടിലേക്ക് പറഞ്ഞയച്ചു. അങ്ങനെ ഹദീസ് ലോകത്തേക്കുള്ള പടികള്‍ കയറിക്കൊണ്ടിരുന്ന ഇമാം ബുഖാരി (റ) 18ാം വയസില്‍ തന്‍റെ ആദ്യ രചന “”ഖളിയ്യസ്സ്വഹാബ വത്താബിഈന്‍” സമൂഹത്തിന് സമര്‍പ്പിച്ചു. വിസ്മയം നിറഞ്ഞ യാത്രകള്‍ ദിവസം കൂടുംതോറും വിജ്ഞാനത്തോടുള്ള തന്‍റെ ദാഹം കൂടിക്കൂടി വന്ന ബുഖാരി(റ) തന്‍റെ വിജഞാന സന്പാദ്യത്തിന്‍റെ വര്‍ധനവിനും തന്നിലുള്ള വിജഞാനത്തിന്‍റെ മാറ്റ് വര്‍ധിപ്പിക്കാനും ഗുരുക്കന്‍മാരെയും പണ്ഡിതന്‍മാരെയും തേടിയുള്ള യാത്രകളെ ആശ്രയിച്ചു . അങ്ങനെ ഹിജ്റ 210ന് മക്കയിലേക്കുള്ള തീര്‍ത്ഥയാത്രയോടെ, വിജ്ഞാനത്തിന്‍റെ വന്‍ മരങ്ങള്‍ തേടിയുള്ള യാത്രകള്‍ക്ക് തുടക്കമായി. പിന്നീട് യാത്രകള്‍ തന്നെയായിരുന്നു ബുഖാരിയുടെ ജീവിതം. മഹാരഥന്‍മാരായ പല പണ്ഡിതന്‍മാരെയും കണ്ടുമുട്ടി. ഹദീസ് ജ്ഞാനത്തിന്‍റെയും ഖുര്‍ആനിക തത്വശാസ്ത്രത്തിന്‍റെ അങ്ങേതല വരെയുള്ള മുഴുവന്‍ വിജ്ഞാനവും നുകരുന്പോഴും പലയിടത്തും ശിഷ്യന്‍ ഗുരുവാകുന്ന വിസ്മയ ദൃശ്യങ്ങളായിരുന്നു. ഈ യാത്രയിലൂടെ ഭാഷാനൈപുണ്യം നേടി വൈവിധ്യമായ ഭാഷാ ഘടനാ രംഗത്തെ അര്‍ത്ഥവ്യതിയാനങ്ങളെ പറ്റി വ്യക്തമായ ബോധം ബുഖാരി (റ)വിന് കരസ്ഥമായി. തന്‍റെ മുന്നോട്ടുള്ള ഹദീസ് പഠനത്തെയും ഗ്രന്ഥരചനയെയും ഇത് കൂടുതല്‍ ഓജസുറ്റതാക്കി. ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകി, ആരാധനയിലും, വൈജ്ഞാനിക രംഗത്തും, വ്യാപാര രംഗത്തുമെല്ലാം മുന്പിലായിരുന്ന ഇമാം ബുഖാരി കായിക രംഗത്തും ഒട്ടും പിറകിലായിരുന്നില്ല. അന്പെയ്ത്തില്‍ വളരെ നിപുണനായിരുന്നുവദ്ധേഹം. തന്‍റെ ജീവിതത്തില്‍ ആകെ രണ്ട് തവണ മാത്രമാണ് അദ്ധേഹത്തിന് ഉന്നം പിഴച്ചിട്ടുള്ളത്. അത്രമേല്‍ കൃത്യതയാര്‍ന്ന കഴിവ് അന്പെയ്ത്തിലും ബുഖാരി സ്വായത്തമാക്കിയിരുന്നു. വിവാദങ്ങള്‍ക്കിടയിലും ചരിത്രത്തില്‍ ഉന്നതി കൈവരിച്ചവരാരും തന്നെ ഏതെങ്കിലുമൊരു വിവാദ ചുഴികളിലോ ആരോപണങ്ങളിലോ ഉള്‍പ്പെടാതിരുന്നിട്ടില്ല. അത് ചരിത്ര സത്യമാണ്. ഒരു ഭാഗത്ത് ഒരാള്‍ ഉന്നതികളിലേക്ക് പടവുകള്‍ കേറുന്പോള്‍, അതേ സമയം തന്നെ ഒരു ഭാഗത്ത് അതിന്‍റെ തുടര്‍ച്ചയെ ആഗ്രഹിക്കാത്ത ഒരു സംഭവമിതുവരെ നടന്നിട്ടില്ല. അതു പോലെ തന്നെ ബുഖാരി ഇമാമിന്‍റെ ഉയര്‍ച്ചയെയും മഹത്വത്തെയും ഇല്ലാതാക്കാനുള്ള ഗൂഡതന്ത്രങ്ങള്‍ അക്കാലത്തെ പണ്ഡിതന്‍മാര്‍ക്കിടയില്‍ പോലും നടന്നിട്ടുണ്ട്. ഹദീസിന്‍റെ കാര്യത്തില്‍ നേരും നെറിയും സ്ഥാപിക്കുകയും ഹദീസിന്‍റെ യതാര്‍ത്ഥത്തിലുള്ള കൈകാര്യത്തിന് വ്യവസ്ഥാപിത മാര്‍ഗങ്ങളും ബുഖാരി (റ) വിന്‍റെ നിസാരവല്‍ക്കരണത്തിന്‍റെ വഴികള്‍ പരതി. അങ്ങനെ തന്ത്രങ്ങളും, സൂത്രങ്ങളും ഉണ്ടാക്കിയെങ്കിലും എല്ലാം നിഷ്ഫലമാകുകയായിരുന്നു. ഒരിടത്ത് പത്ത് പണ്ഡിതന്‍മാര്‍ ബുഖാരി (റ) നെ അപലപിക്കാനുള്ള ഒരു തന്ത്രം മെനഞ്ഞു. പത്ത് പണ്ഡിതരില്‍ ഓരോരുത്തരും 10 വീതം ഹദീസുകള്‍ എടുത്ത് അതിന്‍റെ പരന്പരകളെ തീര്‍ത്തും വികലമാക്കിക്കൊണ്ട് ബുഖാരി ഇമാമിനെ ഒരു ചര്‍ച്ചക്കു വിളിച്ചു. അങ്ങനെ ഒരുപാട് ജനങ്ങള്‍ ഒരുമിച്ച് കൂടിയ അവിടെ വെച്ച്, ഓരോ പണ്ഡിതരും തങ്ങളുടെ കയ്യിലുള്ള വികലമാക്കപ്പെട്ട ഹദീസുകള്‍ ഓരോന്നും ബുഖാരി (റ) നെ വായിച്ച കേള്‍പ്പിച്ച് കൊണ്ട് ചോദിച്ചു. ഈ ഹദീസ് നിങ്ങള്‍ക്കറിയാമോ …? അങ്ങനെ എല്ലാ പണ്ഡിതരും തങ്ങളുടെ കയ്യിലുള്ള തെറ്റിക്കപ്പെട്ട ഹദീസുകള്‍ വായിച്ച് കേള്‍പ്പിച്ചു. എല്ലാത്തിനും ബുഖാരി (റ) ഇല്ല..ഇല്ല….എന്ന ഒരേ ഉത്തരമായിരുന്നു. ചുറ്റും കൂടിയ ജനങ്ങള്‍ അന്പരന്നു. വിജയ ഭാവത്തില്‍ നിന്ന ശത്രുക്കളുടെ കണക്ക് കൂട്ടലുകളെല്ലാം തെറ്റിച്ച് കൊണ്ട്, ബുഖാരി ഇമാമിന്‍റെ വ്യക്തമായ മറുപടിയിലൂടെ അവരുടെ കള്ളത്തരങ്ങളെല്ലാം വെളിച്ചത്തായി. ഇമാം ബുഖാരി അവര്‍ തെറ്റായി ഉദ്ധരിക്കപ്പെട്ട എല്ലാ ഹദീസുകളുടെയും ശരിയായ പരന്പരയോട് കൂടി അവര്‍ക്ക് പറഞ്ഞ് കേള്‍പ്പിച്ചപ്പോള്‍ അവിടെ ഒരുമിച്ച് കൂടിയ ജനങ്ങള്‍ക്ക് മുന്പില്‍ അവര്‍ ലജ്ജിച്ച് തല താഴ്ത്തി. ഇത്തരത്തിലുള്ള ഒരുപാട് അഗ്നി പരീക്ഷകള്‍ ബുഖാരിയെ തേടിയെത്തിയെങ്കിലും തന്‍റെ വിജ്ഞാനത്തിനും അള്ളാഹുവിലുള്ള അചഞ്ചലമായ വിശ്വാസത്തിനും മുന്പില്‍ അവര്‍ അലിഞ്ഞ് പോവുകയായിരുന്നു. തന്ത്രങ്ങളെല്ലാം നിഷ്ഫലമായപ്പോള്‍ പുതിയൊരു രീതി വലിച്ചിട്ടു. വിവാദങ്ങള്‍ പരത്തി ആ നാട്ടിലെ രാജാവിന്‍റെയടുക്കല്‍ ബുഖാരി (റ) നെ ക്കുറിച്ച് തെറ്റ#ിദ്ധാരണകള്‍ പറഞ്ഞപരത്തുക. അങ്ങനെ ഇല്ലാത്ത സംഭവങ്ങള്‍ കെട്ടിച്ചമച്ച് വിവാദമാക്കി ഓരോ നാട്ടില്‍ നിന്നും അദ്ധേഹത്തെ നാട് കടത്തപ്പെട്ടു. അവസാനം ബുഖാരി(റ) നാട്ടല്‍ തിരിച്ചെത്തി. നാട്ടില്‍, തന്നെ നല്ല സ്വീകരണത്തോടെ വരവേറ്റുവെങ്കിലും അല്‍പദിവസങ്ങള്‍ക്കു ശേഷം തന്നെ രാജാവിന്‍റെ താത്പര്യങ്ങള്‍ക്കനുസരിച്ച് നീങ്ങാത്തതിന് സ്വന്തം നാട്ടില്‍ നിന്നും അദ്ധേഹത്തെ നാട് കടത്തപ്പെട്ടു. രാജകൊട്ടാരത്തിലെ രാജകുമാരന്‍മാര്‍ക്ക#് മാത്രമായി പഠനം നടത്തണം എന്നതായിരുന്നു രാജാവിന്‍റെ കല്‍പ്പന. വിവേചനത്തിനും പക്ഷപാതത്തിനും തീര്‍ത്തും എതിരായിരുന്ന ബുഖാരി (റ) രാജാവിന്‍റെ ആ നീചമായ കല്‍പനയെ അല്‍പം പോലും വില വെച്ചില്ല. വിജ്ഞാനം അവിടെയുമിവിടെയും വിളന്പാനുള്ളതല്ല. പഠിക്കണമെങ്കില്‍ മറ്റുള്ള ശിഷ്യന്‍മാരെ പോലെ തന്നെ തന്‍റെയടുക്കല്‍ വന്ന് പഠിക്കാം എന്ന് നിസ്സങ്കോചം പറഞ്ഞ ഇമാം ബുഖാരിയുടെ ആദരങ്ങളെ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിച്ച് അവിടെ നിന്ന് ബേക്കണ്ടിലേക്കും തുടര്‍ന്ന് സമര്‍ക്കന്തിലെ ഖിര്‍ത്തങ്ക് ഗ്രാമത്തിലേക്കും നാട് കടത്തപ്പെട്ടു. പിന്നീട് ജീവിതാന്ത്യം വരെ അവിടെതന്നെയായിരുന്നു ഇമാം ബുഖാരി (റ)യുടെ ജീവിതം.

Leave a Reply

Your email address will not be published. Required fields are marked *