2018 September- October Hihgligts Shabdam Magazine ലേഖനം

ഇസ്ലാം പിന്തുണക്കുന്ന ആരോഗ്യലോകം

ഇതര ജീവികളില്‍ നിന്ന് മനുഷ്യനെ അല്ലാഹു ജീവിക്കാനുള്ള മാര്‍ഗ്ഗവും നിയമങ്ങളും പഠിപ്പിച്ച് വിത്യസ്തനാക്കുകയും, മാര്‍ഗദര്‍ശികളായ പ്രവാചകരെ നിയോഗിച്ചും വേദഗ്രന്ഥങ്ങള്‍ നല്‍കി സമ്പൂര്‍ണ്ണനാക്കുകയും ചെയ്തു. ആദം സന്തതികളെ നാം ബഹുമാനിച്ചിരിക്കുന്നു എന്ന ഖുര്‍ആനിക സന്ദേശം ഇത്തരം വായനകളും നല്‍കുന്നുണ്ട്. പക്ഷേ, മനുഷ്യന്‍ ഉല്‍കൃഷ്ടനും ഉന്നതനുമാവാന്‍ അല്ലാഹു കല്‍പ്പിച്ച വഴിയേ നടക്കണമെന്ന് മാത്രം. മനസ്സും ശരീരവും ഇഷ്ടാനുസരണം പ്രവര്‍ത്തിപ്പിക്കാന്‍ അല്ലാഹു മനുഷ്യനവസരം നല്‍കുന്നുണ്ട്. എന്നാല്‍, ആ അവസരം നേര്‍വഴിയില്‍ വിജയകരമാക്കുകയും ഇഹലോക പരലോക വിജയങ്ങള്‍ കരസ്ഥമാക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. വിശ്വാസത്തിന്‍റെയും കര്‍മ്മാനുഷ്ഠാനങ്ങളുടെയും ആത്യന്തികമായ ലക്ഷ്യം ശാശ്വതമായ പരലോക വിജയമാണ്. അതുകൊണ്ടുതന്നെ പരലോക മോക്ഷത്തിന് ഉതകുന്ന ഇസ്ലാമിന്‍റെ പാഠങ്ങള്‍ പ്രാവര്‍ത്തികമാക്കി മനുഷ്യന്‍ ഐഹിക ജീവിതത്തിലെ മൗലികമായ സദ്‌ഫലങ്ങളും കരസ്ഥമാക്കണം. വിശുദ്ധ ഖുര്‍ആനും സുന്നത്തും അനുസരിക്കുന്നതോടൊപ്പം അവ നല്‍കുന്ന ഭൗതിക നേട്ടങ്ങളെ കുറിച്ചും സൃഷ്ടികള്‍ക്ക് ബോധമുണ്ടാവണം. നിസ്കാരം, നോമ്പ് തുടങ്ങിയ കര്‍മ്മാനുഷ്ഠാനങ്ങള്‍ മുഖേന ലഭിക്കുന്ന ആരോഗ്യ സംബന്ധമായ നേട്ടങ്ങള്‍ ഇതില്‍ പെടുന്നു.
മനുഷ്യജീവിതത്തിലെ ഏറ്റവും അത്യാവശ്യമായ ഘടകമാണ് ആരോഗ്യം. മനുഷ്യന്‍റെ നിലനില്‍പ്പിനിത് അത്യാവശ്യമായതിനാല്‍ മറ്റു വിഷയങ്ങളിലുള്ളതുപ്പോലെ ഇതിലും ഇസ്ലാമിന് വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. ആധുനിക ശാസ്ത്രത്തെ വെല്ലുന്നതും, പൊളിച്ചെഴുതുന്നതുമാണ് ഇസ്ലാമിന്‍റെ പഠന, ശാസ്ത്രീയ, ചികിത്സാരീതികള്‍. ഇസ്ലാമിന്‍റെ ആരോഗ്യ പരിപാലനത്തിന് മനുഷ്യോല്‍പ്പത്തിയോളം പഴക്കമുണ്ടെന്നതും നാമിവിടെ ചേര്‍ത്തി വായിക്കേണ്ടിയിരിക്കുന്നു. ‘നിങ്ങള്‍ നോമ്പനുഷഠിക്കുക, ആരോഗ്യവാന്മാരാകാം’. എന്ന ഹദീസ് വായന നോമ്പനുഷ്ഠിക്കുന്നവന്‍ കേവലം പട്ടിണി കിടക്കുകയല്ല, മറിച്ച് വിശക്കുന്നവന്‍റെ വേദനയറിയലും ആരോഗ്യം നിലനിര്‍ത്തലുമാണെന്നതിലേക്കുള്ള സൂചനകള്‍ നല്‍കുന്നുണ്ട്. വ്രതത്തിലെന്ന പോലെ നിസ്കാരത്തിനും മറ്റുള്ള ഇസ്ലാമിക ആരാധനകള്‍ക്കും ഭൗതികവും പാരത്രികവുമായ നേട്ടങ്ങള്‍ കണ്ടെത്താനാവുന്നതാണ്.
വിശുദ്ധ ഖുര്‍ആന്‍ മാനസികരോഗ്യത്തിന് സിദ്ധൗഷധമാണെന്നത് പോലെ ശരീരത്തിന്‍റെ പ്രതിരോധ ശക്തിയും ആരോഗ്യവും വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുന്നു. ഈ നിഗമനത്തിന് പിന്‍ബലമേകുന്നതാണ് മാനസികാരോഗ്യം ശാരീരികാരോഗ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്ന ആധുനിക ശാസ്ത്രത്തിന്‍റെ ഗവേഷണ ഫലങ്ങള്‍ തെളയിക്കുന്നത്. വേദഗ്രന്ഥം മനസ്സിലാക്കി ജീവിക്കുന്നതിലൂടെ പക്വതാപരമായ ദര്‍ശനങ്ങളും സമീപനങ്ങളും സ്വീകരിക്കാന്‍ അവനെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. മാനസികാവസ്ഥകള്‍ക്ക് വരുന്ന മാറ്റങ്ങളാണ് ആരോഗ്യപരവും അനാരോഗ്യപരവുമായ സാമൂഹ്യ സംവിധാനങ്ങള്‍ സൃഷ്ടിക്കുന്നത്. ഡ്യൂക്ക്(യു.എസ്) സര്‍വ്വകലാശാലയിലെ ഡോ: റെഡ്ഫോര്‍ഡ് വില്യംസിന്‍റെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ദേഷ്യം ഹൃദയ രോഗ ഹേദുവാകുന്നുവെന്നാണ്. ഹൃദയമിടിപ്പും താളവും താളപ്പിഴവും ശാസ്ത്രത്തെ വെല്ലുന്ന മട്ടില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നബി(സ) സമൂഹത്തെ ബോധ്യപ്പെടുത്തുന്നുണ്ട്. ‘കോപം വന്നാല്‍ അയാള്‍ വുളൂഅ് ചെയ്യട്ടെ’ (അബൂദാവൂദ്), നിങ്ങള്‍കാര്‍കെങ്കിലും നില്‍ക്കുന്ന അവസ്ഥയില്‍ കോപം വന്നാല്‍ അവന്‍ ഇരിക്കട്ടെ, എന്നിട്ടും കോപം അടങ്ങിയിട്ടിലെങ്കില്‍ അവന്‍ കിടക്കട്ടെ(തുര്‍മുദി) ഈ ഹദീസുവായനകള്‍ കോപത്തോടുള്ള ഇസ്ലാമിന്‍റെ ദീര്‍ഘവീക്ഷണങ്ങള്‍ മനസ്സിലാക്കി തരുന്നുണ്ട്.
മനുഷ്യന്‍ ഘടന കൊണ്ടും, ശാരീരിക പ്രവര്‍ത്തനശൈലി കൊണ്ടും ഉഷ്ണ പ്രദേശങ്ങളില്‍ വസികേണ്ടവനാണ്. തണുപ്പിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന രോമപടലം മനുഷ്യ ശരീരത്തില്‍ കുറവാണ്. മറിച്ച് ശരീരത്തെ ശീതീകരിച്ച് സൂക്ഷിക്കുവാന്‍ സഹായിക്കുന്ന 20 ലക്ഷത്തോളം സ്വോഭഗ്രന്ഥികള്‍ തൊക്കുകളില്‍ ക്രമീകരിച്ചിരിക്കുന്നു. നാഗരിക ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായമനുസരിച്ച് മനുഷ്യന്‍ ഉഷണ മേഖലയില്‍ നിന്നും ശൈത്യമേഖലക്ക് കുടിയേറിയതാണത്രെ. മിതോഷ്ണാവസ്ഥ പ്രകൃതിക്കും മനുഷ്യര്‍ക്കും വിരളമായി വീണുക്കുട്ടുന്ന ഒരു വരമാണ്. ആന്തരിക ശരീരോഷ്മാവ് നില്‍ക്കേണ്ടതുണ്ടിതിന്. ഉഷ്ണകാലാവസ്ഥയില്‍ തണുത്ത വെള്ളം കൊണ്ടും തണുത്ത കാലാവസ്ഥയില്‍ ചൂട് വെള്ളം കൊണ്ടും വൂളൂഅ് ചെയ്യുന്നത് മൂലം ശരീരോഷ്മാവ് ക്രമീകരിച്ച് വിപരീതാവസ്ഥകളെ അതിജീവിക്കുവാന്‍ ശരീരശാസ്ത്രപരമായി മനുഷ്യനെ ക്രമീകരിക്കുന്നു. വുളൂഇന്‍റെ അവയവങ്ങള്‍ ഒഴികെ ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിലെ ത്വക്കിലേക്കുള്ള രക്തപ്രവാഹം ക്രമീകരിക്കുന്നു. അതായത് ഈ ഭാഗത്തുള്ള സൂക്ഷ്മ ധമനികളിലേക്കുള്ള സിംപതിറ്റിക് നിയന്ത്രണം വുളൂഇന്‍റെ അവയവങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഉഷ്ണസമ്മര്‍ദ്ദം എന്ന അവസ്ഥയിലേക്ക് പോകുന്നു. വുളൂവിലുള്ള രഹസ്യം നമുക്കു ചിന്തിക്കാവുന്നതിലുമപ്പുറമാണെന്ന അര്‍ത്ഥത്തിലേക്ക് ഇതിനെ ചൂണ്ടിക്കാണിക്കാവുന്നതാണ്.
വളരെ ചെറിയ ഉദാഹരണങ്ങളിലൂടെ ഇസ്ലാമിക അദ്ധ്യാപനങ്ങള്‍ ശാസ്ത്രീയ ലോകത്തിന്‍റെ കമാനങ്ങള്‍ തുറന്നിട്ടിരിക്കുന്നതായി കാണാം. പേവിഷ ബാധക്കുള്ള മരുന്ന് മണ്ണിലെ സൂക്ഷ്മ ജീവികളാണെന്നും മൂത്രവും ഉമിനീരും ചേര്‍ന്നാല്‍ വിഷവാതകമായി രൂപാന്തരപ്പെടുന്നുവെന്നും ആധുനിക ശാസ്ത്രം കണ്ടുപിടിക്കുന്നതിനു മുമ്പ് തന്നെ നായ തൊട്ടാല്‍ മണ്ണുകലക്കിയ വെള്ളം കൊണ്ട് കഴുകണമെന്നും മൂത്രത്തില്‍ തുപ്പരുതെന്നും ലാളിത്യത്തോടെയും വളരെ ഗൗരവത്തോടെയും ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട്. ചായയോ കാപ്പിയോ പുകവലിയോ ഒഴിവാക്കിയാല്‍ ദീര്‍ഘായുസ്സുണ്ടാകുമെന്നും ജീവിതത്തിന് ഗുണമേന്മ വര്‍ദ്ധിക്കുമെന്നും തെളിയിക്കുന്ന പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ വുളൂഉം നിസ്ക്കാരവും ഇസ്ലാമിന്‍റെ മറ്റു കാഴ്ച്ചപ്പാടുകളും മനുഷ്യന്‍റെ ആരോഗ്യവുമായി എത്രത്തോളം ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് മനസ്സിലാക്കാവുന്നതാണ്.
അബ്ദുല്‍ ബാസിത്ത് പുഴക്കാട്ടിരി

Leave a Reply

Your email address will not be published. Required fields are marked *