2019 March-April Hihgligts Shabdam Magazine ലേഖനം

ജല വിനിയോഗത്തിന്‍റെ ഇസ് ലാമിക ദര്‍ശനം

 

മാനവരേ, ഇനി വരും തലമുറ നമുക്കൊന്നും മാപ്പുതരില്ലിതിന്‍ വണ്ണം മുന്നോട്ട് പോയാല്‍ മടിക്കാതെ, മറക്കാതെ മനസ്സു വെച്ചൊന്നിച്ചാല്‍ മെനഞ്ഞെടുത്തുടന്‍ ജലം സംരക്ഷിക്കണം”
ജീവജലത്തിന്‍റെ സുസ്ഥിര ഉപയോഗത്തിന്, വിവേകപൂര്‍ണ്ണമായ ജലസംരക്ഷണ യജ്ഞത്തിന് നാം കരുത്ത് പകരണമെന്നും ജലത്തിന്‍റെ അനിയന്ത്രിതമായ ദുര്‍വിനിയോഗം സമൂഹ വ്യവസ്ഥയില്‍ കനത്ത പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്നും ജോണ്‍സണ്‍ മുല്ലശ്ശേരിയുടെ കവിതയിലെ വരികളില്‍ അടിവരയിട്ടു പറയുന്നു.
പ്രകൃതിയുടെ വരദാനവും ജീവന്‍റെ ഉറവിടവുമായ ജല സംരക്ഷണത്തിന്‍റെ പ്രാധാന്യം വിളിച്ചോതി ഓരോ തുള്ളി ജലവും സൂക്ഷിച്ച് വിനിയോഗിക്കണമെന്ന് ഓര്‍മ്മപ്പെടുത്തി വീണ്ടുമൊരു ജല ദിനം നമ്മിലേക്ക് ആഗതമാക്കുമ്പോള്‍ ആഗോള തലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പ്രതിസന്ധി അനുഭവിക്കുന്നത് ജല ത്തിന്‍റെ കാര്യത്തിലാണെന്ന വസ്തുത നാം തിരച്ചറിയേണ്ടതുണ്ട്. 1992-ല്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ ചേര്‍ന്ന യുഎന്‍ സമ്മേളനമായിരുന്നു 1993 മുതല്‍ ജലദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തത്. ജലം സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെ സംബന്ധിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യം ഉയര്‍ത്തിപ്പിടിച്ചതാണ് ഇത്തരത്തിലുള്ളൊരു പ്രഖ്യാപനത്തിന് യു എന്നിനെ പ്രേരപ്പിച്ചത്. ലോകജനങ്ങളുടെ മുഴുവന്‍ അവകാശമായ ദാഹ ജലമില്ലാതെ 120 കോടി ജനത ഉഴറുന്ന ജീവിതാവസ്ഥയെ അഭിമുഖികരിക്കുന്നുണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യമാണ്.
2050 ആവുമ്പോഴേക്കും ലോക ജനതയില്‍ പകുതിയോളം കുടിവെള്ള ക്ഷാമം നേരിടുമെന്നാണ് വിദഗ്ദ്ധരുടെ പഠനങ്ങളില്‍ തെളിഞ്ഞത്. എന്നിട്ടു പോലും യുഎന്നിന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ കുറ്റകരമായ അനാസ്ഥയും നിഷ്ക്രിയത്തവുമാണ് ലോകരാഷ്ട്രങ്ങള്‍ വെച്ചുപുലര്‍ത്തുന്നത്. കടുത്ത ജലക്ഷാമം കാരണമായി പ്രതിസന്ധിയിലാഴ്ന്ന രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം മുന്‍പന്തിയിലാണെന്ന വസ്തുത നാം മറക്കരുത്.
ഭൂമിയിലെ ജല സ്രോതസുകളില്‍ 97%വും ഉപ്പു കലര്‍ന്നതാണ്. ബാക്കി വെറും 3% മാത്രമേ ശുദ്ധജലമുള്ളൂ. അതില്‍ തന്നെ മൂന്നില്‍ രണ്ടു ഭാഗവും മഞ്ഞു മലകളില്‍ ഘനീഭവിച്ച് കുടുങ്ങിക്കിടക്കുകയാണ്. ശേഷിക്കുന്ന ഒരു ശതമാനത്തില്‍ ദുര്‍വിനിയോഗവും അശാസ്ത്രീയ ഉപയോഗവും കാരണമായി ജലം പാഴാക്കപ്പെടുമ്പോള്‍ മനുഷ്യജീവിതത്തില്‍ ജലത്തിന്‍റെ ആവശ്യകതയെ കുറിച്ച് നാം ബോധവാന്‍മാരാകേണ്ടതുണ്ട്. മനുഷ്യശരീരത്തെ സംബന്ധിച്ചുള്ള ബൃഹത്തായ പഠനങ്ങളനുസരിച്ച് ശരീരത്തിലെ വെള്ളത്തിന്‍റെ തോത് 50%ത്തിലധികം കുറഞ്ഞാല്‍ മരണം വരെ സംഭവിക്കുമെന്ന് മനസ്സിലാകുന്നു.
അടുത്ത 20 വര്‍ഷത്തിനിടക്ക് ലോക ജനസംഖ്യ 6.4 ബില്യണില്‍ നിന്ന് 7.2 ബില്യണായി ഉയരുമെന്ന് പ്രവചിക്കുമ്പോള്‍ ലോകം ഇന്ന് അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി ജനസംഖ്യയുടെ വളര്‍ച്ചക്കനുസരിച്ച് ശുദ്ധ ജലത്തിന്‍റെ ലഭ്യതിയിലുള്ള ആശങ്കയാണ്. 1995-ല്‍ ലോകബാങ്കിന്‍റെ വൈസ്പ്രസിഡന്‍റായിരുന്ന ഇസ്മായീല്‍ സറാഗെര്‍ഡ് പറയുന്നു: ‘ഇനിയൊരു ലോക മഹായുദ്ധമുണ്ടാവുകയാണെങ്കില്‍ അത് ജലത്തിന് വേണ്ടിയായിരിക്കും’. ഇതിനകം തന്നെ ലോകത്ത് ജലപ്രശ്നം അശാന്തിയുടെ ഉറവിടമായി രൂപാന്തരപ്പെട്ടിട്ടുണ്ട്. മിക്കോജ് നദിയുടെ പേരില്‍ തയ്ലാന്‍റും കംബോസിയും മ്യാന്മാറും ലാവോസും കലഹങ്ങള്‍ നടത്തിയപ്പോള്‍ യുഫ്രട്ടീസ് നദിയുടെ പേരില്‍ ഇറാഖും സിറിയയും ഇറാനും നൈല്‍ നദിയുടെ പേരില്‍ ഈജിപ്തും സുഡാനും ഗംഗ, ബ്രഹ്മപുത്ര നദികളുടെ പേരില്‍ ഇന്ത്യയും നേപ്പാളും ബംഗ്ലാദേശും, ജോര്‍ദാന്‍ നദിയുടെ പേരില്‍ ഇസ്രയേലും ലബ്നാനും, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ പേരില്‍ തമിഴ്നാടും കേരളവും തമ്മിലുള്ള അതിദാരുണമായ കൊമ്പു കോര്‍ക്കലുകള്‍ക്ക് നാം സാക്ഷിയായവരാണ്.
സമൃദ്ധമായ ജീവജലം ദൈവികാനുഗ്രമായി മതിവരുവോളം കനിഞ്ഞ് നല്‍കിയിട്ടും ജല ദൗര്‍ലഭ്യം അനുഭവിക്കുന്നതിന്‍റെ കാരണങ്ങളെ സംബദ്ധിച്ച് കൃത്യമായ വീണ്ടു വിചാരങ്ങളിലേക്ക് നാം പാകപ്പെടേണ്ടതും പരിഹാര മാര്‍ഗങ്ങളിലേക്ക് അതിവേഗം സഞ്ചരിക്കേണ്ടതുണ്ട്. വനനശീകരണം, വയലോലകള്‍ നികത്തല്‍, വനവല്‍ക്കരണം, മണല്‍ വാരല്‍, ഫാക്ടറികളിലെ മാലിന്യം, അന്തരീക്ഷത്തില്‍ വരുന്ന മാറ്റങ്ങള്‍, മൂല്യം കുറഞ്ഞ ജലത്തെ വ്യവസായ വല്‍കരിക്കല്‍, അന്തരീക്ഷ മലിനീകരണം തുടങ്ങിയവയാണ് ജലക്ഷാമത്തിനുള്ള മൂല കാരണങ്ങളായി എണ്ണപ്പെടുന്നത്.
മലിനമാകുന്ന ജലം
മനുഷ്യന്‍റെ പ്രകൃതിയിലുള്ള കടന്നുകയറ്റം ജലത്തിന്‍റെ സ്രോതസ്സുകളെ മലിനമാക്കുകയും ജീവജലത്തിന്‍റെ സ്വഭാവിക മൂല്യങ്ങളെ കവര്‍ന്നെടുക്കുകയും ചെയ്തു. ഐക്യരാഷ്ട്ര സംഘടനയുടെ യുണെറ്റഡ് നാഷണല്‍ ഇന്‍വൈമെന്‍റ് ജലത്തിന്‍റെ വളര്‍ച്ചക്ക് കാരണമായി ചൂണ്ടിക്കാട്ടിയതില്‍ പ്രധാനപ്പെട്ടത് മലിനീകരണമായിരുന്നു. സംസ്ഥാനത്തെ 3606 ജല ഉറവിടങ്ങളില്‍ മലിനപ്പെടാത്തതായി 27% സ്രോതസുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളു. സുരക്ഷിതമായ ജലസൗകര്യം പൗരന്‍റെ അവകാശമായാണ് ഗണിക്കപ്പെടുന്നത്. വ്യവസായം, ജലസ്രോതസ്സുകള്‍ മലീമസപ്പെടുത്തുമ്പോള്‍ ജലത്തിന്‍റെ സൂക്ഷ്മ കണികകളില്‍ വിഷാംശങ്ങളുടെ അളവ് വര്‍ദ്ധിക്കുകയും ജലത്തിന് നിലനില്‍ക്കേണ്ടതായ സ്വാഭാവിക ഗുണ വിശേഷങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യുന്നു. ജലത്തിന്‍റെ സുസ്ഥിര നിലനില്‍പ്പിന്‍റെ ആവശ്യകതയെക്കുറിച്ച് അവബോധമില്ലാതെ സാമ്പത്തിക ചിന്തകള്‍ ഉള്‍വഹിച്ചുള്ള സ്വാര്‍ത്ഥ ചിന്തയാണ് പ്രകൃതിയുടെ വരദാനമായ ജീവജലത്തെ കടന്നാക്രമിക്കാന്‍ വ്യവസായ കുത്തകകളെ പ്രേരിപ്പിക്കുന്നത്. 2017ലെ ജലദിനത്തില്‍ ഉയര്‍ത്തിപ്പിടിച്ച പ്രമേയം തന്നെ ‘ജലം മലിനമാക്കരുതേ..’ എന്നായിരുന്നു.

ദുര്‍വ്യയം ചെയ്യപ്പെടുന്ന ജലം
അനിയന്ത്രിതവും അവിവേകപൂര്‍ണ്ണവുമായ ജനങ്ങളുടെ ജലദുര്‍വ്യയമായിരിക്കാം നാം ഇത്തരം ഒരു പരീക്ഷണം നേരിടാന്‍ കാരണമാക്കിയത്. ജീവജലത്തിന്‍റെ അവകാശം ധ്വംസിക്കപ്പെട്ട അനേകം ജീവിതങ്ങള്‍ സമൂഹത്തില്‍ ഉണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. വ്യവസായ കുത്തകകളുടെ ജലവിനിയോഗത്തെ സംബന്ധിച്ച് അത്ഭുതപ്പെടുത്തുന്ന കണക്കുകളാണ് നാം ശ്രവിക്കാറുള്ളത്.
ഒരു ടണ്‍ പേപ്പര്‍ ഉല്‍പാദിപ്പിക്കണമെങ്കില്‍ അറുപതിനായിരം മുതല്‍ ഒരുലക്ഷത്തിത്തൊണ്ണൂറായിരം വരെ ഗാലന്‍ വെള്ളമാണ് ആവശ്യമായി വരുന്നത്. ഒരു കോട്ടിന്‍ ബ്ലീച്ച് ചെയ്യുന്നതിന് 48000 മുതല്‍ 720000 വരെ ഗാലന്‍ വെള്ളം ആവശ്യമാണ്. ചെന്നൈ പട്ടണത്തില്‍ ഒരു ദിവസം ശുചിത്വ മുറികളില്‍ ഫ്ളഷ് ചെയ്ത് പോകുന്നത്ര വെള്ളം നീലഗിരിയിലെ പുലൂര്‍ ജില്ലയില്‍ ഒരു മാസം കൊണ്ട് ഉപയോഗിക്കുന്നില്ലത്രെ. ശരാശരി ഒരു ദിവസം കുടിക്കാന്‍ അഞ്ച് ലിറ്റര്‍, ഗാര്‍ഹികാവശ്യത്തിന് അമ്പത് ലിറ്റര്‍, മൃഗങ്ങള്‍ക്കും മറ്റും 40 ലിറ്റര്‍, കൃഷിക്ക് 1140 ലിറ്റര്‍ എന്നിങ്ങനെ 1295 ലിറ്റര്‍ വെള്ളമാണ് ആവശ്യമായി വരുന്നത്. എന്നാല്‍ നോര്‍ത്ത് അമേരിക്കയിലെയും ജപ്പാനിലെയും ജനവാസ പ്രദേശങ്ങളില്‍ ഒരു വ്യക്തിക്ക് തന്നെ പ്രതിദിനം 600 ലിറ്റര്‍ ജലം ആവശ്യമായി വരുന്നുണ്ട്. യൂറോപ്പിലേത് 250 മുതല്‍ 300 ലിറ്റര്‍ വരെയുമാണ്.

ജലത്തെ വ്യവസായവല്‍ക്കരിക്കപ്പെടുന്നു.
ജലം മലിനമാക്കുന്ന അവസ്ഥ സംജാതമായതു മുതല്‍ അതിന്‍റെ മൂല്യം നഷ്ടപ്പെടുകയും കമ്പോളത്തില്‍ നിന്ന് വില നല്‍കി മാത്രം വാങ്ങേണ്ടി വരികയും ചെയ്യുന്ന അവസ്ഥയുണ്ടാവുകയും ചെയ്തു. ഇന്ന് അമൂല്യമായ ജലം പ്രകൃതിയുടെ ഉടമസ്ഥതയിലുള്ളതാണെന്ന തത്വത്തില്‍ നിന്ന് ഏറെ അകന്ന് നില്‍ക്കുന്ന സ്ഥിതിവിശേഷണങ്ങളാണ് കണ്ടുവരുന്നത്. സാധരണക്കാരില്‍ നിന്ന് അന്യവല്‍ക്കരിക്കപ്പെട്ട ജലം ഇന്ന് വില്‍പ്പനച്ചരക്കായി രൂപാന്തരപ്പെട്ടിരിക്കുന്നു. ജല സ്രോതസ്സുകളുടെ അധിപന്‍മാരായി അന്താരാഷ്ട്ര കുത്തക കമ്പനികള്‍ ഇതിനകം തന്നെ രംഗ പ്രവേശനം ചെയ്തിട്ടുണ്ട്. ലോകത്ത് മരുന്ന് വ്യവസായം കഴിഞ്ഞാല്‍ ഏറ്റവുമധികം ഫലപ്രധമായി വളര്‍ന്ന പന്തലിക്കുന്ന ശൃംഖല ജല വിപണന വ്യവസായമാണ്.
അനാരോഗ്യകരമായ അനേകം കൃത്രിമ വസ്തുക്കളടങ്ങുന്ന ബിസ്ലേരി, പെപ്സി, കൊക്കകോള, പാര്‍ലെ തുടങ്ങിയ കമ്പനികളുടെ ആധിപത്യത്തിലാണ് ഇന്ത്യയിലെ ബോട്ടില്‍സ് വാട്ടറിന്‍റെ 65%വും കൈകാര്യം ചെയ്യുന്നത്. വാട്ടര്‍ ആന്‍റ് ജോബ് (വെള്ളവും ജോലിയും) എന്ന ഒരു സാമൂഹിക ചിന്ത തന്നെ ലോകത്ത് പടര്‍ന്ന് പന്തലിച്ചിട്ടുണ്ട്. വികസ്വര രാഷ്ട്രങ്ങള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും ദാരുണ പ്രതിസന്ധിയിലൊന്നുമാണ് ജലക്ഷാമം. യശെ (യൗൃലൗ ീള ശിറശമി മെേിറ ുീൃെേ)ന്‍റെ പഠനത്തില്‍ ജലപ്രതിസന്ധിക്ക് കാരണമായി അടയാളപ്പെടുത്തുന്നത്, കുടിവെള്ളം നിലവാരമില്ലാത്ത കച്ചവടച്ചരക്കായി മാറി എന്നതാണ്.
അപകടകരവും അനാരോഗ്യകരവുമായ വ്യവസായ മാലിന്യങ്ങളും രാസവളങ്ങളും ജലത്തിന്‍റെ ഘടനയെ സമൂലമായി ബാധിക്കുകയും ഭൗതിക ജീവിത സാഹചര്യങ്ങളില്‍ മനുഷ്യന്‍ അതിവേഗം ദിശ തെറ്റി സഞ്ചരിക്കുകയും ചെയ്തു. ജലമലിനീകരണം കാരണമായി സാംക്രമികവും മാരകവുമായ രോഗങ്ങള്‍ സമൂഹത്തില്‍ വേരോട്ടം നടത്തുകയും മരണത്തിന്‍റെയും നിത്യ വേദനയുടെയും നീറുന്ന നൊമ്പരങ്ങള്‍ക്ക് ഇരയാവാന്‍ മനുഷ്യജന്മങ്ങള്‍ വിധിക്കപ്പെടുകയും ചെയ്തു.
ബോധവല്‍ക്കരണത്തിന്‍റെ അനിവാര്യത
ആവാസവ്യവസ്ഥയുടെ തെറ്റായ വിനിയോഗമാണ് ജലത്തിന്‍റെ ദൗര്‍ലഭ്യത്തിനുള്ള മറ്റൊരു കാരണം. അനാവശ്യ ഉപയോഗം തടഞ്ഞ് വിവേകപൂര്‍ണമായ ജനകീയ ബോധവല്‍ക്കരണത്തിന് തദ്ദേശീയ തലം മുതല്‍ക്കേ ശ്രമങ്ങള്‍ കൈകൊള്ളേണ്ടതുണ്ട്. ജലസംരക്ഷണത്തിന്‍റെ ആവശ്യകത ബോധ്യപ്പെടുത്തി ചൂഷണാത്മക പ്രവര്‍ത്തന രീതികളെ സംബന്ധിച്ച് സമൂഹത്തെ വീണ്ടുവിചാരത്തിന് പാകപ്പെടുത്തേണ്ടതുണ്ട്. അനാരോഗ്യകരമായ കുപ്പിജല വിതരണങ്ങളെ വേരോടെ പിഴുതെറിയാനും വ്യവസായ കുത്തക കമ്പനികളുടെ ജനവിരുദ്ധമായ മലിനീകരണ നടപ്പുശീലങ്ങളെ അടിമുടി തുടച്ചുനീക്കുന്നതിനും അധികാരികള്‍ ആത്മാര്‍ത്ഥമായി മുന്നിട്ടിറങ്ങേണ്ടതുണ്ട്.
മാലിന്യങ്ങള്‍ പ്രകൃതിക്ക് ഇണങ്ങിയ രീതിയില്‍ സംസ്കരിക്കുന്നതിനുള്ള മാര്‍ഗങ്ങളെ വിപുലീകരിക്കുകയും ജല സ്രോതസുകളുടെ പുനരധിവാസത്തിന് ശക്തമായ മാര്‍ഗങ്ങളുണ്ടാക്കുകയും ചെയ്യേണ്ടതുണ്ട്.
ചെലവ് കുറഞ്ഞതും നവീനവുമായ മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തി ഫലപ്രദമായ ജലസേചനം നടത്തുക, വേസ്റ്റ് വാട്ടര്‍ ശുദ്ധീകരിച്ച് കാര്‍ഷിക വ്യവസായങ്ങള്‍ക്ക് ഉപയോഗിക്കുക, ജലമലിനീകരണം കര്‍ശനമായി തടയുക, പെയ്തിറങ്ങുന്ന ജലം സംരക്ഷിക്കുക, ജലചൂഷണത്തിനും അനിയന്ത്രിത ഉപയോഗത്തിനും എതിരെ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തുക തുടങ്ങി പ്രായോഗിക മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്.
ഇസ്ലാമില്‍ പരിഹാരമുണ്ട്
സമഗ്രമായ ഇസ്ലാമിക ദര്‍ശനത്തില്‍ ജലവിനിയോഗത്തെ സംബന്ധിച്ച് വ്യക്തമായും കൃത്യമായും പ്രതിപാദിക്കുന്നുണ്ട്. ജലത്തിന്‍റെ ദുര്‍വ്യയത്തിനെതിരെ ശക്തമായ താക്കീത് വിശുദ്ധ ഖുര്‍ആനിലൂടെ അള്ളാഹു നല്‍കുന്നുണ്ട്. ‘പ്രവാചകരേ.. അവരോട് ചോദിക്കുക, ഈ സുപ്രഭാതത്തില്‍ നിങ്ങളുടെ ജലത്തിന്‍റെ ഉറവയെങ്ങാനും വറ്റിപ്പോയാല്‍ പിന്നെ നിങ്ങള്‍ക്കിവിടെ ഒഴുകുന്ന ശുദ്ധജലം നല്‍കാന്‍ ആര്‍ക്ക് കഴിയും.’
നബിയുടെ നൂറും(പ്രകാശവും) തന്‍റെ സിംഹാസനവും(അര്‍ശും) കഴിഞ്ഞാല്‍ മൂന്നാമതായി അള്ളാഹു സൃഷ്ടിച്ചത് ജീവന്‍റെ ആധാരമായ ജലത്തെയാണ്. ഈ ജലത്തിന്‍റെ ഉപയോഗത്തെ സംബന്ധിച്ച് ഇസ്ലാം അതിര്‍വരമ്പുകള്‍ നിശ്ചയിച്ചിട്ടുണ്ട്. ‘നിങ്ങള്‍ നദിയില്‍ നിന്ന് അംഗസ്നാനം ചെയ്യുകയാണങ്കില്‍ പോലും അമിതമായി വെള്ളം ഉപയോഗിക്കരുതേ’ എന്നാണ് ഇസ്ലാമിക വീക്ഷണം. ഭാവിയിലേക്ക് ജലം കരുതലോടെ സൂക്ഷിക്കേണ്ടത് സമൂഹത്തിന്‍റെ കടമയാണെന്ന് വിശുദ്ധ ഖുര്‍ആനിലെ അല്‍ മുഅ്മിനൂന്‍ അദ്ധ്യായത്തിലൂടെ അള്ളാഹു ഉണര്‍ത്തുന്നു; ‘ആകാശത്തു നിന്ന് നാം നിശ്ചിത അളവില്‍ വെള്ളം ചൊരിയുകയും എന്നിട്ട് നാം അതിനെ ഭൂമിയില്‍ തങ്ങി നില്‍ക്കുന്നതാക്കുകയും ചെയ്തിരിക്കുന്നു’. അംഗസ്നാനം ചെയ്തു കൊണ്ടിരുന്ന സഅദ് ബ്നു അബീ വഖാസ് (റ)നോട് നബി(സ്വ) ചോദിച്ചു സഅദേ… ഇതെന്തു അമിതോപയോഗമാണ്? സഅദ് (റ) ആശ്ചര്യത്തോട് കൂടെ തിരിച്ച് ചോദിച്ചു. വുളൂഇലും അമിതപയോഗമോ? അതേ, നദിയില്‍ നിന്ന് വുളൂഅ് ചെയ്യുകയാണെങ്കില്‍ പോലും മിതവ്യയം കൈകൊള്ളണേ.
പ്രവാചകന്‍(സ്വ)യുടെ കാലഘട്ടത്തിനു ശേഷം ജലം ദുര്‍വിനിയോഗം നടത്തുന്ന സമൂഹത്തെ സംബന്ധിച്ച് തിരുനബി(സ്വ) പ്രവചിക്കുകയും വേദന പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇമാം അഹ്മദ്(റ) തന്‍റെ മുസ്നദെന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജനങ്ങള്‍ കുളിക്കാനുപയോഗിക്കുന്ന ജലാശയങ്ങളില്‍ മൂത്രമൊഴിച്ചു പോലും മലിനമാക്കരുതേ എന്ന പ്രവാചക വചനം ഇമാം അബൂ ഹുറൈറ (റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജലത്തിന്‍റെ അനാരോഗ്യകരമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ നബി(സ്വ) മുന്നറിയിപ്പ് നല്‍കുകയും സമുദായത്തെ ജല സംരക്ഷണയജ്ഞത്തിന് മുന്നിട്ടിറങ്ങാന്‍ പ്രേരിപ്പിച്ചുമുണ്ട്. ജലദൗര്‍ലഭ്യം പരിഹരിക്കുന്നതിന് പ്രവാചകന്‍ വെച്ചു പുലര്‍ത്തിയ മാതൃകാപരമായ ജലോപയോഗ രീതികള്‍ സമൂഹത്തിന് വലിയ തോതില്‍ സഹായകമാകും.
സുഹൈല്‍ കാഞ്ഞിരപ്പുഴ

Leave a Reply

Your email address will not be published. Required fields are marked *