സായാഹ്ന സൂര്യന് മടിച്ച് മടിച്ച് പടിഞ്ഞാറന്‍ ഗര്‍ത്തത്തിലേക്ക് കുമ്പിടാനൊരുങ്ങുന്നു. അതിന്റെ നനുത്ത രശ്മികള്‍ കൊണ്ട് അത് മദീനയെ ഒന്നാകെ തലോടി. പതിവിലേറെ മദീന ഇന്ന് സജീവമാണ്. മുത്ത് നബിയും സ്വഹാബത്തും ഒരു ദീര്‍ഘയാത്രക്ക് വട്ടം കൂട്ടുന്നു. മദീനയിലെ ഓരോ ഗൃഹങ്ങളും ഒരുക്കങ്ങളില്‍ വ്യാപൃതരാണ്. അതേ സമയം എങ്ങുനിന്നോ വന്ന ഒരു യുവാവ് മദീനയാകെ റോന്തുചുറ്റി ചുറ്റുപാടുകള്‍ നിരീക്ഷിച്ച് വന്ന വഴിയെ ഉള്‍വലിഞ്ഞു. അങ്ങനെ ആ സന്ധ്യാസമയം ഏതാണ്ട് അവസാനിക്കാറായി. പൊടുന്നനെ, രാത്രിയുടെ ഘനാന്ധകാരത്തിന് വിടവുകള്‍ വരുത്തി മാനത്ത് വെള്ളക്കീറുകള്‍ പ്രത്യക്ഷപ്പെട്ടു. മുപ്പതിനായിരത്തോളം വരുന്ന മുസ്ലിം പട്ടാളത്തിന്റെ വമ്പിച്ച പട യാത്രക്ക് തയ്യാറായി. ദീനിന്റെ സംരക്ഷണത്തിനായി തബൂക്കിലേക്ക് നീങ്ങുന്ന ജനസാഗരത്തെ നയിച്ച് അലിയ്യുബ്നു അബീത്വാലിബ്(റ) പതാകയേന്തി ചലിച്ചു തുടങ്ങി. എത്ര കുളിര്‍മ്മയേകുന്ന കാഴ്ച. ഈമാനിന്റെ കരുത്തില്‍ നിന്ന് നിര്ഗളിച്ചുണ്ടാകുന്ന ആ തക്ബീര്‍ ധ്വനികള്‍ ഭൂമി പിടിച്ച് കുലുക്കാന്‍ മാത്രം പോന്നവയായിരുന്നു. പന്ത്രണ്ട് മര്‍ഹല ദൂരം താണ്ടിക്കടന്നു വേണം തബൂക്കിലെത്തിച്ചേരാന്. ഉഷ്ണകാലമാണ്. ഇത്തരം വേളകളിലെ വേവുന്ന ചൂടിലാണ് ഇവിടത്തെ മിക്ക കായ്ക്കനികളും പഴുത്ത് പാകമാവുന്നത്. യാത്ര വളരെ ദുര്‍ഘടമാണ്. തലേന്നാള്‍ ഇവിടെയാകെ ചുറ്റിത്തിരിഞ്ഞ ആ യുവാവ് ഇന്നും വന്നിട്ടുണ്ട്. യാത്രക്കായി കയ്യില്‍ ഒന്നും കരുതിയിട്ടില്ല. പെട്ടെന്നയാള്‍ അവിടെ നിന്നും സ്ഥലം വിട്ടു. മദീന ആളൊഴിഞ്ഞ് നിശബ്ദതയിലേക്ക് കാലെടുത്തു വച്ചു. അയാളുടെ മുഖത്ത് വല്ലാത്ത ഭീതി പരക്കുന്നുണ്ടായിരുന്നു. ‘ഇനിയും എന്തിനാണ് ഞാനിങ്ങനെ താമസിക്കുന്നത് ?.
ഇപ്പോള്‍ തന്നെ പുറപ്പെട്ടാലോ, എന്നാല്‍ അവര്ക്കൊപ്പമെത്തിച്ചേരാന് കഴിയും, പക്ഷെ, യാതൊരു തയ്യാറെടുപ്പുകളും നടത്താതെ എങ്ങനെ പോകും, കഴിഞ്ഞ രാത്രി അവരോടൊപ്പം ഒരുങ്ങിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു’.
അയാള്‍ ചുറ്റും പരതി. ‘എന്നെപ്പോലെ യുദ്ധത്തിന് പോകാതെ വല്ലവനും ഇവിടെയാങ്ങാനും മറഞ്ഞിരിപ്പുണ്ടോ?’. ശരീര ദൗര്‍ബല്യം കാരണം ഇളവനുവദിക്കപ്പെട്ട ഒരാളുണ്ട്. ചില കപടന്മാരും. ഇവരുടെ സാന്നിധ്യം ഒഴിച്ചാല്‍ പിന്നെ പട്ടണം ശാന്തമായിക്കിടന്നു. ഈ രംഗം അയാളെ അസ്വസ്ഥനാക്കി. ‘യുദ്ധം കഴിഞ്ഞ് നബി തങ്ങള്‍ മടങ്ങി വരുമ്പോള്‍ എന്ത് പറഞ്ഞ് അവിടുത്തെ കോപത്തില്‍ നിന്നും രക്ഷപ്പെടും? കളവ് പറയാതെ ഇനി മറ്റു മാര്‍ഗ്ഗങ്ങളില്ല’. അയാള്‍ അവിടെ നിന്നും നടന്നുനീങ്ങി. ദിവസങ്ങള്‍ കൊഴിഞ്ഞുപോയിക്കൊണ്ടിരുന്നു. അതിനിടക്ക് അയാള്‍ പല ഉത്തരങ്ങളും മെനഞ്ഞെടുത്തു. അതിനുവേണ്ടി തന്റെ ബന്ധുക്കളുടെ ഭവനങ്ങളില്‍ അയാള്‍ കയറിയിറങ്ങി. പക്ഷേ അതുകൊണ്ടൊന്നും മനസ്സ് ശാന്തമാവുന്നില്ല. പല ചിന്തകള്‍ ആ ഹൃദയത്തെ വ്രണപ്പെടുത്തിക്കൊണ്ടിരുന്നു. അങ്ങനെ ദിവസങ്ങള്‍ കഴിഞ്ഞു. കൊടുങ്കാറ്റു പോലെ ആ വാര്‍ത്ത മദീനയിലാകെ അടിച്ചുവീശി. വിജയ ശ്രീലാളിതരായി മുത്തുനബിയും അനുചരരും തബൂക്കില്‍ നിന്നും മടങ്ങിയിരിക്കുന്നു. മദീനാ നിവാസികള്‍ പുളകം കൊണ്ടു. സര്‍വരും അല്ലാഹുവിന് സ്തോത്രങ്ങള്‍ അര്‍പ്പിച്ചു. വാര്‍ത്തയറിഞ്ഞ ആ യുവാവിന്റെ നെഞ്ചു പിടച്ചു. മെനഞ്ഞുണ്ടാക്കിയ കള്ളത്തരങ്ങളെല്ലാം ക്ഷണിക നേരം കൊണ്ട് നിര്‍വീര്യമായിപ്പോയി. ചിന്തിച്ചിരുന്ന് ഉറക്കമിളച്ച ആ രാത്രി ഒരു പക്ഷെ, വളരെ പെട്ടെന്ന് അവസാനിക്കുന്നതായി അയാള്‍ക്ക് അനുഭവപ്പെട്ടു. വലിയൊരു ഭീകരനെ പോലെ സൂര്യന് അയാളെ എത്തിനോക്കി. പട്ടണത്തിലെ ആള്പെരുമാറ്റം അയാള്‍ അറിഞ്ഞു. യോദ്ധാക്കള്‍ നാട്ടിലെത്തിയിട്ടുണ്ട്. പ്രഭാതത്തില്‍ തന്നെ മസ്ജിദുന്നബവി ജനനിബിഢമാണ്. നബി(സ്വ) തങ്ങള്‍ പള്ളിയിലുണ്ട്. ദീര്ഘയാത്രകള് ചെയ്ത് മടങ്ങിയെത്തിയാല്‍ നേരെ പള്ളിയില്‍ ചെന്നിരിക്കും. അവിടുത്തെ കാണാന്‍ വരുന്നവര്‍ക്ക് ഒരവസരമൊരുക്കുക, അതാണ് നബി തങ്ങള്‍ക്ക് ഇഷ്ടം. അയാള്‍ വീട് വിട്ടിറങ്ങി. പതിയെ മസ്ജിദുന്നബവിയിലേക്ക് നീങ്ങി. അയാളുടെ നെഞ്ചിടിപ്പിന് ഇപ്പോള്‍ നല്ല ശക്തിയുണ്ട്. പള്ളിയിലെത്തി. അപ്പോഴുണ്ട്, യുദ്ധത്തിന് പോകാത്ത എണ്‍പതില്‍ പരം കപടവാശ്വാസികള് നബിയോട് കാരണങ്ങള്‍ ബോധിപ്പിക്കാന്‍ വേണ്ടി തടിച്ചു കൂടിയിരുക്കുന്നു. അയാള്‍ തന്റെ ഊഴവും കാത്തിരുന്നു. കളവു പറയാന്‍ ആ നാവിന് കരുത്ത് നഷ്ടപ്പെട്ടു. ഓരോരുത്തരും തന്റെ നുണകള്‍ തിരുസവിധത്തില്‍ അവതരിപ്പിക്കുന്നു. ബാഹ്യമായി എല്ലാത്തിനും സമ്മതം മൂളി നബിതങ്ങള് അവര്‍ക്കുവേണ്ടി പൊറുക്കലിനെ തേടി, അവരുടെ രഹസ്യങ്ങളെ അള്ളാഹുവിലേക്കേല്പിച്ചുകൊണ്ടിരുന്നു.
എല്ലാവരും പോയിക്കഴിഞ്ഞു. അയാള്‍ ഭയത്തോടെ തിരുമുമ്പില്‍ ഹാജറായി. പതിഞ്ഞ സ്വരത്തില്‍ സലാം പറഞ്ഞു. മുത്ത് നബി ഒന്ന് പുഞ്ചിരിച്ചു. പക്ഷെ, ആ പൂമുഖത്ത് കോപാഗ്നിയുടെ ചെങ്കടല്‍ ആര്‍ത്തിരമ്പുന്നത് അയാള്‍ നേരില്‍ കണ്ടു. ‘കഅ്ബെ, എന്താണ് യുദ്ധത്തില്‍ ത്തില്‍ നിന്ന് നിന്നെ പിന്തിരിപ്പിച്ചത്?’ കഅ്ബിന്റെ കണ്ഠമിടറിയ നിമിഷം. വിയര്‍ത്തുകുളിച്ചു. നാലുപാടുനിന്നും കൂറേ കണ്ണുകള്‍ കഅ്ബിനെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു. കഅ്ബ് പ്രതിവചനം നല്കി. ‘അളളാഹുവിന്റെ ദൂതരെ, ഈ ഐഹികലോകത്തെ സ്നേഹിക്കുന്നവരുടെ മുമ്പിലാണ് ഞാനീ നില്ക്കുന്നതെങ്കില് പലതും പറഞ്ഞ് ഞാന്‍ രക്ഷപ്പെടുമായിരുന്നു. കുതന്ത്രങ്ങള്‍ എനിക്ക് നല്ല വശമുണ്ട്. പക്ഷെ, ഞാനിന്ന് അങ്ങയോട് കളവ് പറഞ്ഞാല്‍ നിങ്ങള്‍ പരസ്യമായി അതു തൃപതിപ്പെടുമെങ്കിലും അള്ളാഹുവിന്റെ അതിഭയാനകമായ കോപം എന്റെ മേല്‍ വര്‍ഷിക്കുമെന്നത് തീര്‍ച്ചയാണ്. ഇനി ഞാന്‍ സത്യം പറഞ്ഞാല്‍ ഞാന്‍ കുറ്റം ചെയ്തവനാകും. എന്നാലും എന്റെ രക്ഷിതാവ് എന്റെ മേല്‍ കരുണ ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അള്ളാഹുവിനെ സത്യം ചെയ്ത് ഞാന്‍ പറയുന്നു. നബിയെ എനിക്ക് യാതൊരു കാരണവുമുണ്ടായിരുന്നില്ല’. തങ്ങളുടെ പ്രതികരണവും കാത്ത് കഅ്ബ് തലയും താഴ്ത്തിയ്ങ്ങനെ നിന്നു. ‘നീ സത്യം പറഞ്ഞിരിക്കുന്നു. ഇപ്പോള്‍ പോവുക, നിന്റെ കാര്യത്തില്‍ അള്ളാഹു തീരുമാനമെടുക്കട്ടെ’. കഅ്ബ് തിരുസവിധത്തില്‍ നിന്നും ഇറങ്ങി നടന്നു. ബനു സലമ ഗോത്രത്തിലെ ചിലര്‍ സദസ്സില്‍ നിന്ന് എഴുന്നേറ്റ് കഅ്ബിനെ പിന്തുടര്ന്നു. ‘കഅ്ബെ, ഇതിനുമുമ്പ് നീ വല്ല തെറ്റും ചെയ്യുന്നതായി ഞങ്ങള്‍ ഓര്‍ക്കുന്നില്ല. മറ്റുള്ളവര്‍ കാരണം പറഞ്ഞപോലെ എന്തെങ്കിലും പറഞ്ഞ് നിനക്ക് രക്ഷപ്പെടാമായിരുന്നില്ലേ, നിന്റെ ദോഷങ്ങള്‍ പൊറുപ്പിക്കാനാണെങ്കില് നബിയുടെ ആ പ്രാര്‍ത്ഥന തന്നെ നിനക്ക് ധാരാളമായിരുന്നു’. കഅ്ബ് ഒന്നും മിണ്ടാതെ നടന്നു. അവര്‍ അതു തന്നെ ചോദിച്ച് വീണ്ടും പിന്തുടര്ന്നപ്പോള് ഒരു നിമിഷം കഅ്ബ് ചിന്തിച്ചു. ‘ഇപ്പോള്‍ തന്നെ നബിയെ സമീപിച്ച് ഇവര്‍ പറയുന്ന പോലെ മാറ്റിപ്പറഞ്ഞാലോ?, വേണ്ട എല്ലാം കണ്ടുകൊണ്ടിരിക്കുന്ന റബ്ബിന്റെ സാന്നിധ്യത്തില്‍ വെച്ച് എങ്ങനെയാണ് അവന്റെ ഹബീബിനോട് കളവു പറയുക?’. കഅ്ബ് ആത്മസംയമനം പാലിച്ചു കൊണ്ട് അവരോട് ചോദിച്ചു. ഞാന്‍ മാത്രമാണോ അല്ലാഹുവിന്റെ റസൂലിനോട് ഇങ്ങനെ പറഞ്ഞത്? എന്നോട് മാത്രമാണോ റസൂല്‍ ഇങ്ങനെ സംസാരിച്ചത്? ‘അല്ല മറ്റു രണ്ടുപേര്‍ കൂടിയുണ്ട്. നിങ്ങളെ പോലെ വിഡ്ഢിത്തം പറഞ്ഞവര്‍, പക്ഷേ അവര്‍ താങ്കളെ പോലെ യുവാക്കളല്ല. വൃദ്ധന്മാരാണ്. മുറാറത്തുബിന് റാബിഅയും ഹിലാല്ബിന് ഉമയ്യയും’ അവരോട് റസൂല്‍ എന്താണ് പറഞ്ഞത്? താങ്കളോട് പറഞ്ഞ അതേ വാക്കുകള്‍ തന്നെ. അവര്‍ പിന്നെ അല്ലാഹുവിന്റെ റസൂലിനെ സമീപിച്ച് തിരുത്തി പറഞ്ഞോ? ഇല്ല അവര്‍ ഉറക്കെ കരഞ്ഞു കൊണ്ടിറങ്ങിപ്പോയി. വീട്ടില്‍ ഇപ്പോഴും കരഞ്ഞ് കൊണ്ടിരിക്കുകയാണ്. അപ്പോള്‍ ഞാന്‍ ഒറ്റക്കല്ല. രണ്ട് മഹാ വ്യക്തികള്‍ തന്നെ എനിക്ക് തുണയായുണ്ട്. ബദ്റില്‍ പങ്കെടുത്തവര്‍, സദ്വൃത്തര്‍, വിശ്വാസ പരമായി എത്രയോ ഉന്നതിയിലെത്തിയവര്‍. ബദ്റില്‍ പങ്കെടുത്തു എന്നത് തന്നെ മതി അവരുടെ ബഹുമതി തെളിയിക്കാന്‍. എന്നിട്ട് അവരും എന്നെ പോലെ ദുര്ബലരായിപ്പോയോ…! അവര്‍ ഒഴിയുന്ന മട്ടില്ല. പിന്നെയും പിന്നെയും അവര്‍ പറഞ്ഞ് കൊണ്ടിരുന്നു. കഅ്ബ് വന്നതോ വന്നു. ഇനിയെങ്കിലും തിരുനബിയുടെ അടുത്ത് ചെന്ന് എന്തെങ്കിലുമൊരു കാരണം പറയൂ… വെറുതെ റസൂലിന്റെ കോപവുമേറ്റ് നടക്കണോ? അവര്‍ പിന്നെയുമെന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. കഅ്ബിന് അവരോട് നീരസം തോന്നി. കുറ്റപ്പെടുത്തലുകള്‍, പ്രലോഭനങ്ങള്‍, ഉപദേശങ്ങള്‍. പക്ഷേ അതൊന്നും ചെയ്തു പോയ തെറ്റിനെ തിരുത്താനായിരുന്നില്ല. ആ തെറ്റ് മറച്ച് വെച്ച് പ്രവാചക സവിധത്തില്‍ കള്ളം പറഞ്ഞ് നല്ല പിള്ളയാവാത്തതിലുള്ള കുറ്റപ്പെടുത്തലായിരുന്നു. തെറ്റിനു പ്രേരിപ്പിക്കാനും ഇവിടെ ആളുകളോ..! കഅ്ബ് വീട്ടിലേക്ക് നടന്നു. എന്തു ചെയ്യണമെന്നറിയാതെ, വൈകാതെ മസ്ജിദുന്നബിവിയില് നിന്ന് ആ പ്രഖ്യാപനം മദീനയൊട്ടാകെ കൊടുങ്കാറ്റ് കണക്കെ ആഞ്ഞടിച്ചു. വാര്‍ത്ത കേട്ട കഅ്ബ് അമ്പരന്നു.
(തുടരും)
ശുറൈഫ് പാലക്കുളം
തുടര്‍ന്നു വായിക്കാന്‍