ജിന്ന് ബാധ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ മന്ത്രവാദിയുടെ മര്‍ദനമേറ്റു കരുനാഗപ്പള്ളി സ്വദേശിനി ഹസീന മരണപ്പെടുകയുണ്ടായി. കുപ്പിയിലേക്ക് ഊതിച്ച് ജിന്നിനെ പുറത്തെത്തിക്കുമെന്നു പറഞ്ഞ് കാലുകള്‍ മടക്കിക്കെട്ടി കമഴ്ത്തികിടത്തിയ ഹസീനയുടെ ദേഹത്ത് കയറിയിരുന്ന് മുടിപിടിച്ച് വലിക്കുകയും പുറത്ത് മുട്ടുകൊണ്ട് കുത്തുകയും ചെയ്തിരുന്നു. ആഴ്ച്ചകളോളം ഇത് തുടരുകയും ആന്തരാവയവങ്ങള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും വയറ്റില്‍ ഒന്നര ലിറ്ററില്‍ അധികം രക്തം കെട്ടിക്കിടന്നിരുന്നുവെന്നുമാണ് പോസ്റ്റ് മോര്‍ട്ടം റിപ്പേര്‍ട്ട്. അഞ്ചു ലക്ഷം രൂപയാണ് മന്ത്രവാദി വീട്ടുക്കാരില്‍ നിന്നും കൈപറ്റിയത്.
കൊല്ലം മുതിരപറമ്പ് സ്വദേശിനി 16കാരിയെ ദേഹത്ത് മാതാവിന്റെ പ്രേതം പ്രവേശിച്ചിട്ടുണ്ടെന്നും മന്ത്രവാദത്തിലൂടെ സുഖപ്പെടുത്താമെന്നും. പറഞ്ഞ് തമിഴ് നാട്ടിലെ തിരുനെല്‍വേലിയിലെത്തിച്ചു. അല്‍പ്പം ദിവസം കഴിഞ്ഞ് പെണ്‍കുട്ടിയെ പനി ബാധിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍ കുറിച്ചു നല്കിയ മുരുന്ന് വാങ്ങിക്കുകയോ ടെസ്റ്റുകള്‍ നടത്തുകയോ ചെയ്തില്ല. പകരം മന്ത്രവാദിയെ ആശ്രയിക്കുകയായിരുന്നു. അഞ്ചു ദിവസം കഴിഞ്ഞ് പെണ്‍കുട്ടി മരണമടയുകയും ചെയ്തു. ന്യൂമോണിയാണ് മരണകാരണമെന്നും ദിവസങ്ങളോളം ആഹാരം കഴിച്ചിരുന്നില്ലെന്നും ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
മലപ്പുറം പൊന്നാനിയില്‍ ഹര്‍സാന എന്ന സ്ത്രീ മന്ത്രവാദത്തിനിടെ മരണപ്പെട്ടു. ആറുമാസം ഗര്‍ഭിണിയായ സ്ത്രീക്ക് അതുമായി ബന്ധപ്പെട്ട അസ്വസ്ഥതകളുണ്ടായിരുന്നെന്നും ഇതിനെ ജിന്ന് കയറിയതാണെന്ന് പറഞ്ഞ് ഭര്‍ത്താവും വീട്ടുക്കാരും ചേര്‍ന്ന് മന്ത്രവാദിയുടെ അടുത്ത് കൊണ്ട് പോകുകയായിരുന്നുവെന്ന് യുവതിയുടെ കുടുംബങ്ങള്‍ ആരോപിച്ചു.
മന്ത്രവാദത്തിന്റെ പേരില്‍ ജീവന് നഷ്ടപ്പെടുത്തേണ്ടി വന്ന ചില ഉദാഹരണങ്ങളാണ് മുകളില്‍ സൂചിപ്പിച്ചത്. ദുര്‍മന്ത്രവാദം,ചികിത്സാ നിഷേധം തുടങ്ങിയ കാരണങ്ങളാല്‍ സംസ്ഥാനത്ത് നടന്ന ഇത്തരം സംഭവങ്ങളുടെ പശ്ചാതലത്തില്‍ നിയമനിര്‍മാണം നടത്താനിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. അന്തവിശ്വാസത്തിന്റെ പേരില്‍ ശരീരത്തില്‍ ആപത്തുണ്ടാക്കുന്ന വിധം നടത്തുന്ന ആചാരങ്ങള്‍ കുറ്റകരമാക്കാനാണ് നടപടികാളാരംഭിച്ചത്. ലംഘിക്കുന്നവര്‍ക്ക് ഏഴു വര്‍ഷം വരെ തടവും 50000 രൂപ പിഴയും ശുപാര്‍ശ ചെയ്യുന്നുണ്ട്. അമാനുഷിക ശക്തി അവകാശപ്പെട്ട് ശാസ്ത്രീയമായ അടിത്തറയില്ലാത്ത അന്ധവിശ്വാസം പ്രചരിപ്പിച്ച് സാധാരണക്കാരെ ചൂഷണം ചെയ്യുന്നതിനെ തടയുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ശരീരത്തിന് ആപത്തുണ്ടാക്കാത്ത മതപരമായ ആചാരങ്ങള്‍ നിയമത്തിന്റെ പരിധിയില്‍ വരില്ല. ഇസ്ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ അനുവദിക്കപ്പെട്ട ചികിത്സാരീതികള്‍ ഇതിന്റെ പേരില്‍ സംശയത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്നുണ്ട്.അതിനെ കുറിച്ചുള്ള വിശദീകരണമാണ് താഴെ നടത്തുന്നത്.
ആത്മീയം ഭൗതികം എന്നീ രണ്ട് ഘടകങ്ങളുടെ അസന്തുലിതാവസ്ഥക്കാണ് രോഗം എന്ന് പറയുന്നത്. ശാരീരികം, ആത്മീയം, എന്നീ രണ്ട് വിധമാണ് രോഗങ്ങള്‍. പിഴവുകള്‍ തീര്‍ത്ത് സന്തുലിതാവസ്ഥയിലേക്ക് രോഗിയെ തിരിച്ചുകൊണ്ടുവരുന്ന പ്രക്രിയയാണ് ചികിത്സ. ശാരീരിക ചികിത്സാരീതിയും, ആത്മീയ ചികിത്സാ രീതിയും ഇതിന് അവലംബിക്കാവുന്നതാണ്.
ഗുളിക, കഷായം, ഇഞ്ചക്ഷന്, എന്നിവ ശരീരത്തിനകത്തും തൈലം, ഓല്മെന്റ് ശരീരത്തിന്റെ ബാഹ്യഭാഗത്തു പുരട്ടിയും നടത്തുന്ന ചികിത്സാരീതിക്കു പുറമേ രോഗബാധിത ഭാഗങ്ങള്‍ മുറിച്ച് മാറ്റി പകരം വെച്ചും അല്ലാതെയും നടത്തുന്ന ചികിത്സാരീതിയും വ്യാപകമാണ്. പരമ്പരാഗത ചികിത്സാരീതി അനുകരിക്കുന്നതിനു പുറമേ നിരന്തര ഗവേഷണ പരീക്ഷണങ്ങളിലൂടെ പുതിയ ചികിത്സാരീതികള്‍ അനുദിനം വര്‍ദ്ധിച്ചു വരികയും അത്തരം കേന്ദ്രങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്.
രോഗ കാരണങ്ങള്‍ നീക്കി ആരോഗ്യം വീണ്ടെടുക്കാന്‍ സ്രഷ്ടാവായ അള്ളാഹുവിന്റെ നാമങ്ങളും വചനങ്ങളും ഉപയോഗിച്ച് നടത്തുന്നരീതിയാണ് അസ്മാഉം ത്വല്‍സമാത്തും. ഗവേഷണ പടുക്കളായ നിരവധി പണ്ഡിതന്മാര് അവരുടെ ഗ്രന്ഥങ്ങളില്‍ വിവരിച്ച രീതിയാണിത്. രോഗശമനം നല്‍കുന്നതിന് ഖുര്‍ആനെ നാം ഇറക്കി (ഇസ്റാഅ് 28) എന്ന ഖുര്‍ആന്‍ വാക്യം ഈ രീതിയിലേക്ക് സൂചന നല്‍കുന്നുണ്ട്.
ഭൗതിക പദാര്‍ത്ഥങ്ങളില്‍ ഗവേഷണം നടത്തി അവയുടെ ഗുണ ഗണങ്ങള്‍ തിരിച്ചറഞ്ഞ് മെഡിക്കല്‍ രംഗം പരിപോഷിപ്പിച്ചപ്പോള്‍ ആയത്തുകളുടെയും അസ്മാഉകളുടെയും രഹസ്യങ്ങള്‍ കണ്ടെത്തി പ്രാചീന കാലത്ത് രചിക്കപ്പെട്ട ഗ്രന്ഥങ്ങളെ ആധാരമാക്കി ഗവേഷണ സമ്പ്രദായം നിലനില്‍ക്കാത്തതും, പാഠ്യവിഷയമായി കലാലയങ്ങളില്‍ ഈ വിജ്ഞാന ശാഖ പഠിപ്പിക്കപ്പെടാത്തതും ഈ ചികിത്സാരീതിയെ മുരടിപ്പിക്കുകയാണ്. ഈ രംഗത്ത് ബിരുദവും ബിരുദനന്തര ബിരുദവും പ്രയോഗകവല്ക്കരിക്കാത്തത് ഈ വിജ്ഞാന ശാഖയെ വ്യാജന്മാരുടെ മേച്ചില്‍ പുറമാക്കിമാറ്റിയിട്ടുണ്ട്. അറിവും അര്‍ഹതയും ഇല്ലാതെ ചികിത്സനടത്തുന്നവര്‍ ഉത്തമരുടെ വേഷത്തില്‍ പ്രത്യക്ഷപ്പെടുകകൂടി ചെയ്യുമ്പോള്‍ രംഗം കൂടുതല്‍ വഷളായിതീരുന്നു. മുകളില്‍ സൂചിപ്പിച്ച ഇരകളുടെ ഉദാഹരണങ്ങള്‍ ഇത്തരം അനര്‍ഹര്‍ വിഷയം കൈകാര്യം ചെയ്തത് മൂലമാണ് ഉണ്ടായിതീരുന്നത്. ഇവരുടെ ചെയ്തികള്‍ വിശുദ്ധമതത്തെ പൊതു സമൂഹത്തിനിടയില്‍ തെറ്റിദ്ധരിപ്പിക്കാനെ ഉപകരിക്കൂ. പ്രാപ്തരായവരെ കണ്ടെത്തുന്നതിനുള്ള പ്രയാസം വ്യാജന്മാര്ക്ക് കൂടുതല്‍ അവസരം നല്‍കുന്നുണ്ട്.കിട്ടിയ അവസരം സ്വാര്‍ത്ഥ താല്പര്യത്തിന് വേണ്ടി ഉപയോഗപ്പെടുത്താനാണ് അവരില്‍ പലരും ശ്രമിക്കുന്നത്.
അസ്മാഅ്
അല്ലാഹുവിന്റെ വിശുദ്ധനാമങ്ങള്‍ (അസ്മാഉല്‍ ഹുസ്ന)കൊണ്ടുള്ള ഒരു ചികിത്സാരീതിയാണിത്. ഓരോ ഇസ്മിന്റെയും പ്രത്യേകതകളും വ്യത്യാസങ്ങളും ഉപയോഗ രീതികളും മനസ്സിലാക്കി അള്ളാഹുവിനോട് തേടുന്ന ഈ രീതി യഥേഷ്ടം ആര്‍ക്കും ഉപയോക്കാവുന്നതല്ല. പ്രധാനപ്പെട്ട പലകടമ്പകളും കടന്നിരിക്കല്‍ ഇതിന് അത്യാവശ്യമാണ്. അര്രിയാളത്തുല് കുബ്റാ എന്ന പേരിലുള്ള മുശാഹദായാണ് അതിപ്രധാന രിയാളയായി ഇമാമുമാര്‍ രേഖപ്പെടുത്തിയത്. ഇതിന്റെ രൂപം പണ്ഡിതന്മാര് വിവിധ രൂപത്തില്‍ വിശദീകരിച്ചിട്ടുണ്ട്. അസ്മാഉല്‍ ഹുസ്നയിലെ 99നാമങ്ങളില്‍ ഓരോന്നും ഒരു ലക്ഷം വീതം 99ലക്ഷം ചൊല്ലി തീര്‍ക്കണം. പുറമേ ലാഇലാഹ ഇല്ലാഹ് എന്ന ദിക്ര് ഒരു ലക്ഷം ഇതിന് മുമ്പും ശേഷവും ഏതാനും ദിവസം നോമ്പ് എടുക്കണമെന്ന് ചില പണ്ഡിന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യാ സലാം എന്ന ഇസ്മ് നിശ്ചിതയെണ്ണം ചൊല്ലി പൂര്‍ത്തിയാക്കലോട് കൂടി ഉപ്പ,് മാംസാഹരങ്ങള്‍ വര്‍ജിക്കുക, നോമ്പനുഷ്ടിക്കുക എന്ന രീതിയും ചില പണ്ഡിതന്മാര് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇമാം ഗസ്സാലി (റ)യുടെ അല്‍ അക്സ്വിദുല് ഹുസ്ന, അല്ലാമായൂസുഫുന്നബ്ഹാനി (റ)യുടെ സആദാത്തുദ്ദാറൈന് അടക്ക മുള്ള ഗ്രന്ഥങ്ങളില്‍ രിയാളയുടെ വിശദീകരണങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ കടമ്പ കടക്കുന്നതോടെ മലക്കൂത്തിയായ കശ്ഫും മുശാഹദയും പ്രത്യേക ഇലാഹീയായ്യ സഹായവും അവര്‍ക്ക് വരദാനമായി അള്ളാഹു നല്‍കും. ഈ കഴിവ് മുഖേനേചികില്സിക്കുന്നത് ഇസ്ലാം അംഗീകരിച്ചതാണ.് (കശ്ഫുജുനൂന്,മുഖദ്ദിമ-ഇബ്നുഖല്ദൂന്)
തല്‍സമാത്ത്
അഴിക്കാന്‍ കഴിക്കാത്ത കുരുക്ക് എന്നര്‍ത്ഥമുള്ള ത്വില്ലസ്മ് എന്ന ഗ്രീക്ക് പദത്തിന്റെ ബഹുവചനമായ ത്വല്ലിസ്മാത്ത് ലോപിച്ചതാണ് തല്‍സമാത്ത് എന്ന പദം. മുസല്ല്വത്വ് എന്ന അറബി പദം തലതിരിച്ചതാണ് ത്വില്ലസ്മ് എന്നും അഭിപ്രായമുണ്ട്.
ഉദ്ദേശിച്ച കാര്യങ്ങള്‍ നേടിയെടുക്കാന്‍ അഭൗതികശക്തികളെ ഭൗതികശക്തികളുമായി ബന്ധിപ്പിക്കുന്ന രീതികള്‍ പ്രതിപാധിക്കുന്ന വിജ്ഞാന ശാഖയാണിത്. ഉപരിലോകത്തെ ആത്മാക്കളെ സ്വാധീനിച്ച് നിശ്ചിത സമയത്ത് പ്രകൃതിയെ ഇണക്കുന്ന ഈ രീതിയില്‍ രിയാള വീട്ടല്‍ നിര്‍ബന്ധമില്ല. ഈ രീതി ഇസ്ലാം അംഗീകരിച്ചതാണ്.
ഈ രീതിയില്‍ ചികിത്സിക്കുന്നവരെ പലരും അസ്മാഉകാര്‍ എന്ന് തെറ്റായി പരിചയപ്പെടുത്താറുണ്ട്. അസ്മാഇന് മുകളില്‍ വിശദീകരിച്ച വിശുദ്ധത തല്സമാത്വ് ചെയ്യുന്നവര്‍ക്ക് ഉണ്ടാവണമെന്നില്ല. അതിനാല്‍ അള്ളാഹുവിനെ ഭയപ്പെട്ടു വിശുദ്ധജീവിതം നയിക്കുന്നവരെ മാത്രമേ ഇതിനു വേണ്ടി നാം സമീപിക്കാവൂ. അല്ലാത്തവര്‍ കാര്യംസാധിക്കാന്‍ വേണ്ടി അസ്മാഅ് എന്ന വ്യാജേന സിഹ്റ് ചെയ്യാന്‍ സാധ്യതയുണ്ട്.
ജിന്ന് ചികിത്സ
മനുഷ്യ വര്‍ഗത്തെ പോലെ ഒരു സൃഷ്ടിയാണ് ജിന്ന് വിഭാഗം. തീയില്‍ നിന്നാണ് അവയുടെ ഉല്പത്തി. ജിന്നുകളില്‍ സത്യവിശ്വാസികളും അവിശ്വാസികളും ഉണ്ട്. അവരിലെ അവിശ്വാസികള്‍ക്ക് ശൈത്വാന് എന്ന് പറയുന്നു. ശൈത്വാന് മനുഷ്യരുടെ ശത്രക്കളാണ്. ജിന്നുകള്‍ മുഴുവന്‍ മനുഷ്യ ശത്രുക്കളല്ല. ജിന്നിനെ തൃപ്തിപെടുത്തി സഹായം നേടിയെടുക്കുക, സ്വമേധയാ വഴങ്ങുകയും വേണ്ടസഹായങ്ങള്‍ ചെയ്തുകൊടുക്കുയും ചെയ്യുക. എന്നീ രണ്ട് വിധമാണ് ജിന്ന് മുഖേനെ ലഭിക്കുന്ന സഹായങ്ങള്‍. അള്ളാഹുവിന്റെ സാമീപ്യം നേടിയവര്‍ക്കാണ് ഇതിലെ ഒന്നാമിനം ലഭിക്കുക. ജിന്നുകള്‍ക്ക് മനുഷ്യശരീരത്തില്‍ പ്രവേശിക്കാനാകുമെന്ന് നിരവധി ഹദീസുകളില്‍ വന്നിട്ടുണ്ട്. അവരില്‍ വൈദ്യം അറിയുന്നവരും അല്ലാത്തവരുമുണ്ട്..
ജിന്ന് ബാധയുള്ളവര്‍ മഹാത്മാവോ സിദ്ധനോ ആവണമെന്നില്ല. തഖ്വ ഇല്ലാത്തവര്‍ക്ക് പോലും ജിന്ന് ബാധിക്കും.അതുകൊണ്ട് ജിന്നിന്റെ സാധീനം ഉപയോഗപ്പെടുത്തി സാമ്പത്തികമായും വിശ്വാസ പരമായും ജനങ്ങളെ ചൂഷണം ചെയ്യുന്നവരെ കരുതിയിരിക്കണം.
ജിന്ന് കൂടിയവരെ പരിധിവിട്ട് ആദരിക്കുകയും തങ്ങളുടെ ആവശ്യങ്ങള്‍ക്ക് അവരെ സമീപിക്കുകയും ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ടത് അത്തരം ജിന്ന് ബാധയുള്ളവര്‍ പറയുന്ന കാര്യങ്ങള്‍ മുഴുവന്‍ സത്യമാവണമെന്നില്ല. ശറഇനു വിരുദ്ധമായവ അവര്‍ കല്പിച്ചാല് അതിനു വഴങ്ങാന്‍ പാടില്ല. ഭാവിയെ കുറിച്ച് അവരോട് അന്വേഷിക്കുകയോ അവര്‍ പറഞ്ഞത് വിശ്വസിക്കുകയോ ചെയ്യരുത്. അവര്‍ മനുഷ്യരെകാള്‍ സഞ്ചാരയോഗ്യരും കണ്ടറിവുള്ളവരുമായതിനാല് നമ്മുടെ ശ്രദ്ധയില്പെട്ടിട്ടില്ലാത്ത മുമ്പ് സംഭവിച്ചതും നിലവില്‍ സംഭവിക്കുന്നതുമായ കാര്യങ്ങള്‍ അവരുടെ ദൃഷ്ടിയില് പതിഞ്ഞിട്ടുണ്ടാകും. ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അവരെ ഉപയോഗപ്പെടുത്താവുന്നതുമാണ്.
പിശാച് ബാധ
പിശാച് ബാധയേറ്റവര്‍ തുടക്കത്തില്‍ ശാരീരിക രോഗം ബാധിച്ചവരെ പോലെയാണ് പ്രകടിപ്പിക്കുക. മാനസിക രോഗികളെ പ്പോലെ പലതും വിളിച്ചു പറയുകയും ഗോഷ്ടികള്‍ കാണിക്കുകയും ചെയ്യും. ആധുനിക വൈദ്യശാസ്ത്രത്തിനു ചികിത്സിച്ചു ബേധമാക്കാന്‍ കഴിയാത്ത രോഗങ്ങളാണിത്. ആത്മീയ രോഗമായതുകൊണ്ട് ആത്മീയ ചികിത്സാരീതി തന്നെ ഇതിന് അവലംഭിക്കണം.
മനുഷ്യന്റെ മുഖ്യ ശത്രുവായ പിശാചിനോടുള്ള പ്രതിരോധമായതു കൊണ്ട് ആയുധം മൂര്ച്ചയുള്ളതാവുകയും ഉപയോഗിക്കുന്നവന് ആരോഗ്യവാനായിരിക്കുകയും വേണം. അതിന് മനസ്സും നാവും ഏകോപിപ്പിച്ചു ദിക്റുകളും പ്രാര്‍ത്ഥനകളുമായി പൂര്‍ണമായി അല്ലാഹുവിലേക്ക് അഭയം പ്രാപിക്കണം.
ഇത്തരം ആളുകളെയാണ് ഇതിനു വേണ്ടി സമീപിക്കാവൂ. അല്ലാത്തവരെ സമീപിച്ചാല്‍ മുകളില്‍ സൂചിപ്പിച്ച അനുഭവങ്ങള്‍ക്ക് സാധ്യതയുണ്ട്.
പിശാചിനെ ശരീരത്തില്‍ നിന്ന് പുറത്തക്കാന്‍ തഖ്വകൊണ്ട് മൂര്‍ച്ച കൂടിയ ചികിത്സാരിക്ക് അനായാസം സാധിക്കും. അവന്റെ ഒരു വാക്കോ ഒരു ബിസ്മിയോ തന്നെ അതിനു ധാരാളമാണ്.
തിരുനബി(സ്വ)യുടെ സന്നിധിയില്‍ ഹാജറാക്കപ്പെട്ട രോഗിയില്‍ നിന്ന് പിശാചിനെ ഇറക്കുന്നതിന് “അല്ലാഹുവിന്റെ ശത്രു നീ പുറത്ത് പോ ഞാന്‍ അല്ലഹുവിന്റെ ദൂതനാണ്”. എന്ന വാക്കാണ് അവിടുന്ന് ഉപയോഗിച്ചത്.
പിശാച് ബാധയെ പാടേ നിഷേധിക്കുന്ന നവീന വാദികളുടെ ആചാര്യന് ഇബ്നു തൈമിയ്യ പിശാച് ബാധയേറ്റ് അബോധാവസ്ഥയിലായ രോഗിയെ ചികിത്സിക്കാന്‍ തന്റെ പ്രതിനിധിയെ അയച്ച സംഭവം അദ്ദേഹത്തിന്റെ ശിഷ്യന് ഇബ്നു ഖയ്യിം തന്റെ കിതാബില്‍ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്.
ഗുരു ഇബ്നുതൈമിയ്യ അയച്ച ദൂതന് രോഗിയോട് പറഞ്ഞു: നിന്നോട് ശൈഖ് കല്പ്പിക്കുന്നു. ഒഴിഞ്ഞുപോവുക, ഇത് നിനക്ക് യോജിച്ചതല്ല എന്ന് പറയുമ്പോള്‍ രോഗിയില്‍ നിന്ന് പിശാച് ഒഴിഞ്ഞു പോവുകയും ബോധം തെളിയുകയും ചെയ്യുമായിരുന്നു. പിശാച് കൂടുതല്‍ ധിക്കാരിയായി ഒഴിഞ്ഞു പോകാതിരുന്നാല്‍ ശൈഖ് അടിക്കും. ഞാനത് പലതവണ കണ്ടിട്ടുണ്ട്. രോഗി സ്വബോധം വീണ്ടെടുക്കുമ്പോള്‍ അടിക്കൊണ്ട വേദന തോന്നുകയില്ല.
ഒരു രോഗിയെ ചികിത്സിച്ച സംഭവം ഇബ്നുതൈമിയ്യ പങ്കുവെച്ചത് ഇബ്നുഖയ്യിം ഇപ്രകാരം രേഖപ്പെടുത്തുന്നുണ്ട്.
പൈശാചികബാധയേറ്റ് അബോധാവസ്ഥയിലായ രോഗിയുടെ അരികില്‍വെച്ച് സൂറത്തുല്‍ മുഅ്മിനൂനിലെ 115-ാം സൂക്തം എന്ന ആയത്ത് ഓതി മന്ത്രിച്ചപ്പോള്‍ ശൈത്വാന് പറഞ്ഞു: ശബ്ദത്തില്‍ ഓതുക… ഞാന്‍ നല്ലൊരു വടിയെടുത്ത് രോഗിയെ അടിക്കാന്‍ തുടങ്ങി. രോഗി മരണമടയുമോ എന്ന് ഭയം ജനിപ്പിക്കും വിധം ശക്തമായിരുന്നു അടി. അടിക്കൊണ്ടതോടെ പിശാച് സംസാരിക്കാന്‍ തുടങ്ങി.
ഞാനിദ്ദേഹത്തെ ഇഷ്ടപ്പെടുന്നു. അതുകൊണ്ടാണ് ഞാന്‍ വിട്ടുപോവാത്ത്. അയാള്‍ നിങ്ങളെ ഇഷ്ടപ്പെടുന്നില്ല എന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ ഇദേഹത്തെ കൂട്ടി ഹജ്ജിന് പോകാനുദേശിക്കുന്നു എന്ന് പിശാച് പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു: ഇയാള്‍ നിന്നോടൊപ്പം ഹജ്ജിന് പോരുന്നില്ല. പിശാച്: എന്നാല്‍ നിങ്ങളോടുള്ള ബഹുമാനാര്‍ത്ഥം ഞാന്‍ ഇദേഹത്തെ വിട്ടുപോകാം.
അള്ളാഹുവിനേയും റസൂല്‍ (സ്വ)യേയും ഭയപ്പെട്ടതിന്റെ പേരില്‍ പോയാല്‍ മതി. പിശാച്: എന്നാല്‍ ഞാനിതാ പോകുന്നു. ഉടനെ എഴുന്നേറ്റ് നിന്ന രോഗി ഇരുവശങ്ങളിലേക്കും നോക്കാന്‍ തുടങ്ങി. എന്നെ ആരാണിവിടെ കൊണ്ടു വന്നത്? എന്തിനാണ് എന്നെ അടിക്കുന്നത്നിന്നെ ഇവിടെ കൊണ്ട് വന്നതും അടിച്ചതും ഒന്നും ഓര്‍മയില്ലേ? എന്ന ചോദ്യത്തിന് കഴിഞ്ഞതൊന്നും ഓര്‍മയില്ല എന്നായിരുന്നു മറുപടി.
ഈ ചികിത്സാരീതിയെ പ്രോത്സാഹിപ്പിക്കുകയും കൃത്യമായി വിവരിക്കുകയും പ്രവര്‍ത്തി പഥത്തില്‍ കൊണ്ടുവരികയും ചെയ്ത ഇബ്നു തൈമിയ്യയുടെ പിന്തലമുറക്കാര് തന്നെ ഇതിനെ അന്ധവിശ്വാസവും അനാചാരവുമായി മുദ്രക്കുത്തുന്നത് അല്പം ഖേദകരവും അവരുടെ നവീന മത സ്ഥാപകനെതിരെയുള്ള വെല്ലുവിളിയുമാണ്. ഇത്തരം ചികിത്സാരീതികളില്‍ രോഗിയുടെ ശരീരത്തില്‍ നിന്ന് പിശാച് പുറത്ത് പോകാന്‍ അടിക്കുന്നതിനെ ശാരീരീക പീഢനവും മനുഷ്യരഹിതമായ സമീപനവുമാണ് എന്ന പ്രചരിപ്പിച്ച് വാളെടുക്കുന്നവരുണ്ട്. ചികിത്സയെ കുറിച്ചും ചികിത്സാരീതികളെ കുറിച്ചുമുള്ള അജ്ഞതയാണ് അവരെ ഇതിലേക്കു നയിക്കുന്നത്. ചികിത്സക്ക് വേണ്ടി രോഗിയുടെ ശരീരത്തില്‍ മുറിവ് ഏല്‍പ്പിക്കുന്നതിന് മത ദൃഷ്ട്യ വിരോധമില്ല. നിങ്ങളുടെ ശരീരങ്ങളെ നാശത്തിലേക്ക് വലിച്ചിടരുത് എന്ന ഖുര്‍ആനിക വചനത്തിന്റെ പരിധിയല്‍ ഇത് വരുന്നുമില്ല. ആധുനിക ചികിത്സാരീതി ഇഞ്ചക്ഷന് വെക്കാന്‍ ശരീരത്തില്‍ സൂചി കുത്തിയിറക്കിന്നത് രോഗിയെ വേദനിപ്പിക്കുകയും രക്തമൊലിപ്പിക്കുയും ചൊയ്യുന്നുണ്ട്. ശസ്ത്രക്രിയ നടത്തുമ്പോള്‍ ശരീര ഭാഗങ്ങള്‍ കീറിമുറിക്കുന്നതും അവയവങ്ങള്‍ പലതും മാറ്റി കൃത്രിമ അവയവങ്ങള്‍ തുന്നിച്ചേര്‍ക്കുന്നതും സ്റ്റിച്ച് ഇടുന്നതും അസ്ഥികള്‍ പൊട്ടുന്ന അവസരത്തില്‍ മാംസഭാഗം കീറി കമ്പി വെക്കുന്നതും ഇതിന്റെ മുറിവ് ഉണങ്ങാന്‍ മാസങ്ങള്‍ സമയമെടുക്കുമെന്നിരിക്കെ ഇത്തരം രീതികള്‍ രോഗിയെ ഉപദ്രവിക്കലും ശാരീരിക പീഢനവും മനുഷ്യത്യരഹിത സാമീപനവുമാണെന്ന് ആരും പറയില്ല. കാരണം ഈ രീതികള്‍ അവലംഭിക്കാതെ അത്തരം രോഗങ്ങള്‍ സുഖപ്പെടുത്താന്‍ മറ്റുമാര്‍ഗങ്ങള്‍ ഇല്ല എന്നതാണ്.
ആത്മീയ ചികിത്സയില്‍ അനുവര്‍ത്തിക്കുന്ന രീതികളെ ദേഹോപ്രദവമായി വ്യാഖ്യാനിക്കുന്നവര്‍ ആധുനിക ചികിത്സയിലെ ഇത്തരം രീതികളെ കുറിച്ച് മുഖം തിരിഞ്ഞിരിക്കുന്നത് ശരിയല്ല.
രോഗിയില്‍ നിന്ന് രോഗകാരണം പൂര്‍ണമായി ഒഴിവാക്കാന്‍ അടിക്കുന്നതടക്കമുള്ള രീതികള്‍ സ്വീകരിക്കുന്നതിന്റെ ലക്ഷ്യം രോഗിയെ ഉപദ്രവിക്കലല്ല അത്യന്തികമായ രോഗശമനമാണ്. അടിയേറ്റ രോഗികള്‍ക്ക് രോഗം പൂര്‍ണമായി ഭേദമാക്കിയാല്‍ അടിയുടെ വേദന ഉള്‍പ്പെടെയുള്ള പ്രത്യാഗാതങ്ങള്‍ അവര്‍ക്ക് അനുഭവപ്പെട്ടതായി ഓര്‍മയെ ഉണ്ടാവില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. യുക്തിക്ക് മുകളില്‍ അജ്ഞതയല്ല ജ്ഞാനമാണ് പരിലസിക്കേണ്ടത്. അല്ലാത്ത പക്ഷം ഇത്തരം വിഷയങ്ങളെ ശരിയായി വിലയിരുത്താനാവില്ല.
മെഡിക്കല്‍ രംഗത്ത് പഠനം പൂര്‍ത്തിയാക്കാതെയും കേവലം പുസ്തകം വായിച്ച് ഡോക്ടര്‍ ചമയുന്ന വ്യാജ്യന്മാര് ശാസ്ത്രക്രിയ നടത്തിയാല്‍ ഫലമെന്തായിരിക്കും. ഇതു തന്നെയാണ് ആത്മീയ രംഗത്തെയും സ്ഥിതി. വ്യാജ ഡോക്ടര്‍മാര്‍ ചെയ്തു കൂട്ടുന്ന കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് മെഡിക്കല്‍ രംഗത്തെ പാടെ നിഷേധിക്കുകയും നിരോധിക്കുകയും ചെയ്യണമെന്ന് പറയുന്നത് അല്‍പ്പത്തരമാണ്. ആത്മിയ ചികിത്സയുടെ സ്ഥിതിയും തഥൈവ. ചികിത്സയെ കുറിച്ച് ഗഹനമായ പാഠമില്ലാതെ ഇറങ്ങി തിരിക്കുന്ന വ്യാജന്മാരെ അന്തമായി അനുസരിക്കുകയും മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്നത്. അബന്ധത്തില്‍ അകപ്പെടുത്തുകയും നമ്മുടെ നശീകരണത്തനു തന്നെ അത് കാരണമാകാനിടയുണ്ട്. ജീവന് വെക്കുമെന്ന ധാരണയില്‍ ഭാര്യയും മക്കളും ചേര്‍ന്ന് മലപ്പുറം കൊളത്തൂര്‍ അമ്പലപ്പടി സ്വദേശിയുടെ മൃതദേഹത്തിന് പ്രത്യേക മന്ത്രം ജപിച്ച് കാവലിരുന്നത് മൂന്ന് മാസമാണ്. ദൂര്‍ഗന്ധം വമിക്കാതിരിക്കാന്‍ മൃതദേഹത്തില്‍ സുഗന്ധദ്രവ്യങ്ങള്‍ പൂശിയിരുന്നു. ഏതോ മന്ത്രവാദിയുടെ നിര്‍ദ്ദേശമായിരുന്നു വീട്ടുകരെ ഇതിനു പ്രേരിപ്പിച്ചത് എന്നാണ് പറയപ്പെടുന്നത്.
മത ദൃഷ്ട്യാ ഇതിനെ വീക്ഷിക്കുമ്പോള്‍ കടുത്ത കുറ്റമാണിത്. മരിച്ചവ്യക്തിയില് ചെയ്യപ്പെടേണ്ട സംസ്കരണ പ്രവര്‍ത്തനങ്ങളെ കുറിച്ച് കര്‍മശാസ്ത്ര പണ്ഡിതര്‍ അവരുടെ ഗ്രന്ഥത്തില്‍ സവിസ്തരം വിഷദീകരിച്ചിട്ടുണ്ട്. അത് മരണപ്പെട്ട വ്യക്തിയുടെ ആശ്രിതരുടെ മേല്‍ നിര്‍ബന്ധമായ കര്‍മവുമാണ്. അതിനു വിരുദ്ധമായി ചെയ്യുന്ന കാര്യങ്ങള്‍ കടുത്ത തെറ്റും മയ്യിത്തിനെ നിന്ദിക്കലുമാണ്.
മരണപ്പെട്ട വ്യക്തിക്ക് ജീവന് തിരിച്ചു കിട്ടുക എന്നത് തത്വത്തില്‍ സംഭവ്യമാണ്. അല്ലാഹുവിന് ഒരാള്‍ക്ക് ജീവന് തിരിച്ചു നല്കാന് ഉദ്ദേശ്യമുണ്ടെങ്കില്‍ അവന് നല്‍കും. അല്ലാഹു വിശുദ്ധഖുര്ആനില് സൂറത്തുല്‍ ബഖറ 259-ാം സുക്തത്തിലൂടെ മരിച്ച് 100 വര്‍ഷത്തിനു ശേഷം ജീവന് നല്കിയ സംഭവം വിശദീകരിക്കുന്നുണ്ട്. ‘ അപ്പോള്‍ അദ്ദേഹത്തെ മരിപ്പിച്ച് നൂറുവര്‍ഷം കിടത്തി പിന്നീട് പുനര്‍ ജീവിപ്പിച്ച് അല്ലാഹു ചോദിച്ചു താങ്കള്‍ എത്രകാലം ഇവിടെ കഴിച്ചുകൂട്ടി. അയാള്‍ മറുപടി നല്കി ഒരു ദിവസം അല്ലെങ്കില്‍ ഒരു ദിവസത്തിന്റെ ഏതാനും സമയം അവന് വ്യക്തമാക്കി അല്ല നൂറുകൊല്ലമാണ് താങ്കളിവിടെ കഴിഞ്ഞത്’ (ബഖറ-259)
പക്ഷെ അതിന് കാരണങ്ങളുമായി ബന്ധമില്ല. പ്രത്യേക കാരണങ്ങള്‍ വെച്ചിട്ടുമില്ല. അതു കൊണ്ട് മന്ത്രമുള്പ്പെടെയുള്ളവ ചെയ്ത് ജീവന് തിരിച്ചുകിട്ടുമെന്ന് ധരിച്ച് കാത്തിരിക്കുന്നത് തികച്ചും അജ്ഞതയും വിമര്ശനാത്മകവുമാണ്.
രോഗ ശമനത്തിന് പൂജാരി,സന്യാസി, സന്ന്യാസിനി, ജ്യോത്സന്മാര്, സേവാമാഠങ്ങളടക്കം സര്‍വ്വ ദുര്മന്തവാദികളുടെയും ഊരുചുറ്റി പൂജാകര്‍മങ്ങളും മന്ത്രഹോമങ്ങളുമുള്പ്പടെ അവര്‍ പൂജിക്കുന്ന പിശാചുക്കളുടെ നാമങ്ങള്‍ ജപിച്ച് കൊണ്ടുള്ള മന്ത്രങ്ങളും നിര്‍ദേശങ്ങളും സ്വീകരിച്ച് ശിര്‍ക്കിലേക്ക് വീഴുന്ന ചില വിവരദോശികള്‍ നമുക്കിടയിലുണ്ട്. ഇത്തരം പാമര വിഭാഗമാണ് നാട്ടില്‍ ഇത്തരക്കാര്‍ക്കു മാര്ക്കറ്റുണ്ടാക്കുന്നതും അവരെ സ്ഥിരപ്രതിഷ്ഠരാക്കുന്നതും. അല്ലാഹു ഒരിക്കലും പൊറുക്കാത്ത തെറ്റായ ശിര്‍ക്കിലേക്കാണ് ഇത്തരക്കാര്‍ ജനങ്ങളെ നയിക്കുന്നത്. അതു കൊണ്ട് അവരെ പാടെ വെടിയുകയും അകറ്റി നിര്‍ത്തുകയും വേണം.
ഇസ്മാഈല്‍ മുണ്ടക്കുളം