സലീക്ക് ഇഹ്സാന്‍ മേപ്പാടി
ഒരു സമൂഹത്തിന്റെ സുസ്ഥിരമായ നിലനില്‍പ്പിനും ആരോഗ്യപരമായ ജീവിത സഞ്ചാരത്തിനും അത്യന്താപേക്ഷിതമായ ഘടകമാണ് കുടുംബം. ഒരു വ്യക്തിയെ സംബന്ധിച്ച് അവനെ ക്രിയാത്മകമായി വാര്‍ത്തെടുക്കുന്ന അടിസ്ഥാന യൂണിറ്റ്. ഓരോ മനുഷ്യന്റെയും പ്രഥമ പാഠശാലയായി ഇതിനെ കാണക്കാക്കാവുന്നതാണ്. ഒരു സാംസ്കാരിക പ്രക്രിയയാണ് ഈ സംവിധാനത്തിലൂടെ നടക്കുന്നത്. സ്വഭാവം രൂപീകരിക്കപ്പെടുന്നതും മാനുഷികമായ പാഠങ്ങള്‍ സ്വായത്തമാക്കുന്നതും തുടങ്ങി മര്‍മ പ്രധാനമായ നിരവധി ഗുണഗണങ്ങള്‍ കുടുംബ പശ്ചാത്തലത്തിലൂടെ ഉരുവാക്കപ്പെടുന്നുണ്ട്. ഇത്തരം വലിയ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റപ്പെടാനുള്ളത് കൊണ്ട് തന്നെ സര്‍വ്വ സമ്പൂര്‍ണ്ണവും സമാധാനന്തരീക്ഷവുമുള്ള കുടുംബങ്ങള്‍ അനിവാര്യമാണ്. അതിനാകട്ടെ ക്രിയാത്മകമായ രക്ഷിതാക്കളും വേണം. ഓരോ വ്യക്തിയുടെയും രക്ഷാകര്‍ത്താവിന് അനിര്‍വചനീയമായ സ്ഥാനമാണുള്ളത്. അവന്റെ ഓരോ ചലനങ്ങളിലും രക്ഷിതാവിന്റെ വലിയ സ്വാധീനം നമുക്ക് കാണാനാകും. അതിനാല്‍ തന്നെ രക്ഷകര്‍ത്താവ് എന്ന പദത്തിനെ അന്വര്‍ത്ഥമാക്കുന്ന രൂപത്തില്‍ ഓരോ രക്ഷിതാവും ഒരു കുട്ടിയുടെ ജനനം മുതല്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കേണ്ടതുണ്ട്. എല്ലാ മേഖലയിലും കൃത്യമായ നിലപാടുകള്‍ ഉള്ള വിശുദ്ധ ഇസ്ലാമിന് ഈ വിഷയത്തിലും വ്യക്തമായ കാഴ്ച്ചപ്പാടുണ്ട്. പുതിയ കാലത്തെ രക്ഷാകര്‍തൃത്വം വളരെ വെല്ലുവിളി നിറഞ്ഞതാണ്. ദിനംപ്രതി വളര്‍ന്നും വിശാലമായും കൊണ്ടിരിക്കുന്ന സാമൂഹികസ്ഥിതി വിലയിരുത്തുകയും അതിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ ഉപകാരപ്രദമായ രീതിയില്‍ തങ്ങളുടെ ശിക്ഷണത്തില്‍ കൊണ്ടുവരാനും രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികള്‍ വഴി തെറ്റാന്‍ യാതൊരു പ്രയാസവുമില്ലാത്ത ഈ കാലത്ത് ധാര്‍മ്മിക മൂല്യങ്ങള്‍ അവര്‍ക്ക് പകര്‍ന്ന് നല്‍കലാണ് പ്രധാനം. കല്ലുകളും മനുഷ്യരും ഇന്ധനമായി ഉപയോഗിക്കുന്ന നരകത്തില്‍ നിന്ന് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും സൂക്ഷിക്കണമെന്ന ഖുര്‍ആനിന്റെ മുന്നറിയിപ്പ് ഓരോ വ്യക്തിയിലും നിലനില്‍ക്കുന്ന ഗാര്‍ഹിക ഉത്തരവാദിത്വത്തിന്റെ പ്രസക്തിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എല്ലാവര്ക്കും ഓരോ ഉത്തരവാദിത്തങ്ങളുണ്ട്. അവയെ തീര്‍ച്ചയായും ചോദ്യം ചെയ്യപ്പെടും. അത് കൊണ്ട് കേവല കടമ നിര്‍വ്വഹിക്കല്‍ എന്നതിനപ്പുറം വളരെ ഗൗരവമായി കണക്കിലെടുക്കേണ്ട ഒന്നുകൂടിയാണ് രക്ഷാകര്‍തൃത്വം ഉള്‍പ്പെടുന്ന ഉത്തരവാദിത്വങ്ങള്‍.
ഓരോ കുട്ടിയുടെയും ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള അതായത് ഒരു വ്യക്തിയുടെ ജീവിതാവസാനം വരെ അവന്റെ വ്യത്യസ്ത മേഖലകളില്‍ സ്വായത്തമാക്കേണ്ട സ്വഭാവ രൂപീകരണ പ്രക്രിയയാണ് ലക്ഷ്യമിടേണ്ടത്. ബഹുമാനം, വിനയം, സ്നേഹം തുടങ്ങിയ മനുഷ്യനെ പൂര്‍ണ്ണനാക്കുന്ന ഗുണങ്ങള്‍ ഓരോ വ്യക്തിയിലും ഉണ്ടാവേണ്ടതുണ്ട്. ശൈശവത്തിലാവുമ്പോള് അനുകരണം കുട്ടിയില്‍ വളരെ ശക്തമായിരിക്കും. ഈ സന്ദര്‍ഭത്തില്‍ കുട്ടി കേള്‍ക്കുന്ന ശബ്ദങ്ങള്‍, കാണുന്ന കാഴ്ചകള്‍ എന്നിവക്ക് ശിശുവില്‍ സ്വാധീനം ചെലുത്താനാവും. ഉമ്മയുടെ ഗര്‍ഭ പാത്രത്തില്‍ നിന്ന് ഭൂമിയിലേക്ക് പിറന്ന് വീഴുന്ന ശിശുവിന്റെ കാതുകളില്‍ പ്രപഞ്ച സ്രഷ്ടാവിന്റെ മഹത്തായ നാമങ്ങള്‍ കേള്‍പ്പിക്കുന്നതിലൂടെ ഇസ്ലാമിന്റെ അടിസ്ഥാനം പരിചയപ്പെടുത്താന്‍ സാധിക്കുന്നു.
നവജാത ശിശുവിന്റെ നാവില്‍ മധുരം നല്‍കുന്നതിലൂടെ മാധുര്യമുള്ള സ്വഭാവത്തിന് കുട്ടി ഉടമയാവുകയും ചെയ്യും. ഒരു കുട്ടിക്ക് പേര് നല്‍കുന്നതിലും അതീവ ശ്രദ്ധപുലര്‍ത്തണം. ഏതെങ്കിലും ചില വാക്കുകള്‍ ചേര്‍ത്ത് അര്‍ത്ഥശൂന്യമായ നാമകരണം നടത്തല്‍ അവിവേകമാണ്. ഇമാം മുസ്ലിം (റ) റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ പ്രവാചക തിരുമേനി (സ്വ) പറയുന്നു: “അള്ളാഹുവിന് ഏറ്റവും ഇഷ്ടമുള്ള പേരുകള്‍ അബ്ദുള്ള, അബ്ദുറഹ്മാന് എന്നിവയാണ്. പ്രവാചക സ്നേഹത്തിന്റെ ഭാഗമായി മുഹമ്മദ്, അഹ്മദ് തുടങ്ങിയ നാമങ്ങള്‍ ചേര്‍ക്കലും ഉത്തമമാണ്.” രണ്ടു വര്‍ഷം പൂര്‍ണമായി മുലപ്പാല്‍ നല്കാന് വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു കല്പ്പിക്കുന്നു. ഒരു കുട്ടിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് മതിയായ മുലപ്പാല്‍ ലഭിച്ചിരിക്കണം. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. മുലപ്പാലിന്റെ അഭാവം മൂലം ശാരീരികവും മാനസികവുമായ വൈകല്യങ്ങള്‍ക്ക് ഇരയായ മനുഷ്യര്‍ നിരവധിയാണ്. മാത്രമല്ല കുഞ്ഞും മാതാവും തമ്മിലുള്ള അതിരൂഢമായ ബന്ധം ഉറപ്പിക്കാനും ഇതിലൂടെ സാധിക്കും. മുലയൂട്ടുന്നത് മാതാവിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും എന്ന അബദ്ധ ധാരണ വെച്ചുപുലര്‍ത്തുന്ന പുതിയ സമൂഹത്തില്‍ നമ്മുടെ ഉമ്മമാര് തിരിച്ചറിവുള്ളവരായി മാറണം. ഒന്നിലധികം മക്കളുള്ളവര്‍ അവരില്‍ ചിലര്‍ക്ക് മുന്‍ഗണന നല്കാതിരിക്കണം. കാരണം അത് വലിയ വിപത്തിലാണ് പര്യവസാനിക്കുക. തങ്ങളെ അരികുവത്കരിക്കുകയാണെന്നും സ്നേഹം തഴയപ്പെടുകയാണെന്നുമുള്ള മുന്‍വിധിയില്‍ അഭിമാന ക്ഷതം സംഭവിക്കാന്‍ ഇത്തരം പെരുമാറ്റങ്ങള്‍ കാരണമാകും. ഇത് പലരിലും വ്യത്യസ്ത രീതിയിലാണ് പ്രതിഫലിക്കുക. അവരുടെ ഭാവി ജീവിതത്തെ തന്നെ ബാധിക്കുന്ന തരത്തില്‍ ഈ ചിന്ത വളരാനിടയാക്കും. തത്ഫലമായി സഹോദരങ്ങളോട് അസൂയയും മാതാപിതാക്കളോട് പകയും വളരാന്‍ ഇത് നിദാനമാകും. അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു മേഖലയാണിത്.
അത്യന്തികമായി മക്കളുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാനാണ് ശ്രമിക്കേണ്ടണ്ടത്. ഓമനപ്പേരുകള്‍ നല്‍കുന്നത് നല്ലതാണ്. കരുണാര്‍ദ്രമായി കുഞ്ഞുങ്ങളെ സമീപിക്കാനാവണം. ലുഖ്മാനുല്‍ ഹകീം (റ) തന്റെ മക്കളെ യാ ബുനയ്യാ (ഓ കുഞ്ഞുമോനെ) എന്ന് മാത്രമായിരുന്നു അഭിസംബോധനം ചെയ്തിരുന്നത്. പത്ത് മക്കളുള്ള ഒരു സ്വഹാബി വര്യന് പ്രവാചകന് തന്റെ ചെറുമക്കളെ ചുംബിക്കുന്നത് കാണാനിടയായി. അദ്ദേഹം പറഞ്ഞു: “നബിയേ ഞാന്‍ എന്റെ മക്കളെ ഇതുവരെ ചുംബിച്ചിട്ടേ ഇല്ല”. അപ്പോള്‍ തിരുനബി (സ്വ) പറഞ്ഞു: “കരുണ നല്കാത്തവന് അത് ലഭിക്കുകയുമില്ല.” പുതിയ കാലത്ത് വൃദ്ധസദനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതിന് മക്കളെ മാത്രം പ്രതിക്കൂട്ടിലാക്കുന്നത് ശരിയല്ല. മക്കളോട് കരുണയില്ലാത്ത മാതാപിതാക്കളും ഇതിനു ഹേതു തന്നെയാണ്. അവരോട് സൗമ്യമായി സംസാരിക്കാനോ തലോടാനോ സ്നേഹത്തോടെ ഒരു നോട്ടമെങ്കിലും നല്‍കാനോ ശ്രദ്ധിക്കാത്ത മാതാപിതാക്കള്‍ മാറിചിന്തിക്കല്‍ അനിവാര്യമാണ്. അറിവാണല്ലൊ മനുഷ്യനെ മൂല്യമുള്ളവനാക്കുന്നത്. ആ അര്‍ത്ഥത്തില്‍ മക്കള്‍ക്ക് വിദ്യനുകരുന്നതിനുള്ള അവസരങ്ങള്‍ മാതാപിതാക്കള്‍ നല്‍കണം. ഭൗതികമായ അറിവുകളോടൊപ്പം ധാര്‍മികവും മതപരവുമായ അറിവുകള്‍ കൂടി അവര്‍ക്ക് ലഭിക്കണമെന്ന നിര്‍ബന്ധ ബുദ്ധി എല്ലാവര്ക്കും വേണം. അടിസ്ഥാനപരമായ ഇസ്ലാമിക അറിവുകളും പ്രവാചകരെയും അവര്‍ക്ക് പരിചയപ്പെടുത്തികൊടുക്കണം. എന്നാല്‍ കുട്ടികള്‍ക്ക് താങ്ങാന്‍ കഴിയാവുന്നതിലും അപ്പുറമുള്ള വിദ്യഭ്യാസത്തിന്റെ ഭാണ്ഡക്കെട്ട് അവരുടെ ചുമലില്‍ കയറ്റിവെക്കുന്നത് പുതിയകാലത്തെ മാറ്റേണ്ട പ്രവണതയാണ്. ചുമട്ടുതൊഴിലാളികളായി കനമുള്ള സ്കൂള്‍ബാഗും ചുമന്ന് നടുവൊടിയുന്ന നമ്മുടെ ഇളം തലമുറ നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. ഈ സന്ദര്‍ഭങ്ങളില്‍ രക്ഷിതാവ് ഒരു ഗൈഡായി പ്രവര്‍ത്തിക്കണം. കുട്ടികളെ സംബന്ധിച്ച് റോള്‍ മോഡല്‍ അവരുടെ മാതാപിതാക്കള്‍ തന്നെയാണ്. അതിനാല്‍ മാതാപിതാക്കള്‍ ഏറ്റവും നല്ല മാതൃകയാവാന്‍ ശ്രമിക്കണം. മാതാപിതാക്കള്‍ക്കിടയിലെ വഴക്കും തമ്മില്‍തല്ലും കണ്ട് വളരുന്ന ഒരു കുട്ടിക്ക് എങ്ങനെയാണ് നല്ല മാതൃകകള്‍ ലഭിക്കുന്നത്? അത് അസംഭവ്യമാണെന്നതില് സംശയമില്ല. വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ആത്മഹത്യകള്‍ വര്‍ധിച്ച് വരുന്ന ഒരു സാഹചര്യം നിലവിലുണ്ട്. സാമൂഹികമായ ഒറ്റപ്പെടലും ചെറുപ്രായത്തില്‍ തന്നെയുള്ള വിഷാദവും ഉത്കണ്ഡയും മൂലം മാനസിക പിരിമുറുക്കം അനുഭവിക്കുന്ന കുട്ടികള്‍ അവരുടെ രക്ഷിതാക്കളില്‍ നിന്ന് മതിയായ സാമീപ്യമോ ലാളനയോ ലഭിക്കാത്തവരാണ്. അത്യന്തികമായി അവരെ പരിഗണിക്കുക എന്നതാണ് പ്രധാനം. കുട്ടികളെ കേള്‍ക്കാന്‍ തയ്യാറാകണം. അവരുടെ ചെറിയ സന്തോഷങ്ങളില്‍ നമ്മള് പങ്ക് ചേരുകയും പരാജയങ്ങളിലും വിഷമ ഘട്ടത്തിലും അവരെ ചേര്‍ത്ത് പിടിക്കുകയും ചെയ്യണം. ലോകത്ത് ജനിക്കുന്ന ഏതൊരാളും പരിശുദ്ധനായിട്ടാണ് ജനിക്കുന്നത്, അവനെ ജൂതനും ക്രിസ്ത്യനുമെല്ലാമാക്കുന്നത് അവന്റെ രക്ഷിതാക്കളാണ്. തിരുനബി (സ്വ)യുടെ ഈ അധ്യാപനം വളരെ ഗൗരവമേറിയതാണ്. കാരണം നിരീശ്വര വാദവും യുക്തി വാദവും സമൂഹത്തില്‍ വളരെ ഭീകരമായ രൂപത്തില്‍ നിലനില്ക്കുമ്പോള് വിശുദ്ധ ഇസ്ലാമിനെ നമ്മുടെ മക്കള്‍ക്ക് മുറുകെ പിടിക്കാന്‍ കേവലമായ അടിസ്ഥാന വിദ്യ അഭ്യസിച്ചത് കൊണ്ട് മാത്രമാകുന്നില്ല. മറിച്ച് പക്വമായ അറിവ് നല്കി വ്യക്തമായ കാഴ്ചപാടുകള്‍ അവരില്‍ നിര്‍മിക്കാന്‍ രക്ഷിതാക്കളില്‍ നിന്നുള്ള നിര്‍ബന്ധ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. “ഒരു വ്യക്തി അവന്റെ കൂട്ടുകാരന്റെ മതത്തിലാണെന്ന” പ്രവാചക വചനമുണ്ട്. ഒരു വ്യക്തിയെ നന്മയിലേക്ക് നയിക്കാനും തിന്മയുടെ ചതിക്കുഴികളില്‍ വീഴ്ത്താനും സുഹൃത്ബന്ധം കാരണമാവുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ തന്റെ മക്കളുടെ കൂട്ടുകെട്ട് ഏതുരൂപത്തിലാണെന്ന് രക്ഷിതാക്കള്‍ നിരീക്ഷിക്കണം. തെറ്റായ സുഹൃത്ത് വലയത്തിനകത്താണെങ്കില് വളരെ വേഗത്തില്‍ ഇടപ്പെട്ട് ആ വലയം ഭേദിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. ലഹരികള്‍ക്ക് അടിമപ്പെടുന്ന 90 ശതമാനം വിദ്യാര്‍ത്ഥികളും സുഹൃത്തുക്കള്‍ മുഖേനയാണ് ഇതിലകപ്പെടുന്നത്. എല്ലാ അസാന്മാര്ഗിക പ്രവര്‍ത്തനങ്ങളിലേക്കും ഇത്തരം കൂട്ടുകാര്‍ ഇവനെ വലിച്ചിഴക്കും. ഇത്തരം സുഹൃത്തുക്കളെ മുളയിലെ നുള്ളിക്കളയണം. കാരണം അത് മുന്നോട്ട് പോകുന്തോറും സൗഹൃദത്തിന്റെ ആഴം വര്‍ധിക്കും. പിന്നീട് അടര്‍ത്തിമാറ്റാന്‍ സാധിക്കാത്ത രൂപത്തിലേക്ക് അത് ചെന്നെത്തുകയും ചെയ്യും. അതേ സമയം നല്ല സൗഹൃദങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. അത് കുട്ടിയുടെ നല്ല സാമൂഹ്യ ഇടപെടലിനും സ്വഭാവ രൂപീകരണത്തിനും പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്താനും സഹായിക്കും. കാരണം ഒരു നല്ല സൂഹൃത്ത് തെറ്റുകളെ നിരന്തരം തിരുത്തുകയാണ് ചെയ്യുന്നത്. വിദ്യാര്‍ത്ഥികളുടെ നല്ല കൂട്ടുകാരാകാന്‍ പുസ്തകങ്ങള്‍ക്ക് കഴിയും. മക്കളില്‍ വായനാശീലം വളര്‍ത്താനും രക്ഷിതാക്കള്‍ പ്രത്യേകം ശ്രമിക്കണമെന്നര്ത്ഥം. വ്യക്തിത്വ രൂപീകരണത്തിനും നൈസര്‍ഗിക വാസനകളുടെ വളര്‍ച്ചക്കും വായന ഉപകരിക്കും. ശൈശവത്തിലും കൗമാരത്തിലും ഒരേപോലെ സന്താനങ്ങളില്‍ ശ്രദ്ധ വേണം. കൗമാരഘട്ടത്തില്‍ പ്രത്യേകിച്ചും ഇത് അത്യന്താപേക്ഷിതമാണ്. ഈ പ്രായത്തിലാണ് കുട്ടികളില്‍ എടുത്തുച്ചാട്ടം, വൈകാരികതക്കനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള താത്പര്യം എന്നിവ കൂടുതലാവുന്നത്. മാതാപിതാക്കള്‍ക്കും മക്കള്‍ക്കും ഇടയില്‍ ഒരു സ്വകാര്യതയുടെ മൂടുപടം ആവശ്യമില്ല. അനാവശ്യമായ പ്രൈവസി തെറ്റായ രൂപത്തിലാണ് കുട്ടികള്‍ ഉപയോഗിക്കുന്നത്. ആവശ്യത്തിലധികം പണം, മറ്റു സൗകര്യങ്ങള്‍ നല്‍കുന്നത് അപകടമാണ്. സ്വന്തം മാതാവിനെയും പിതാവിനെയും സ്നേഹിക്കുന്നതിന് പകരം അവരുടെ സമ്പത്ത് മാത്രം ഇഷ്ടപ്പെടുന്ന മക്കളായി ഇത്തരത്തിലുള്ളവര്‍ മാറിയേക്കാം. ധാര്‍മ്മിക മൂല്യമുള്ള ഒരു ഭാവി ജനതയെ നിര്‍മ്മിക്കുന്നതിന്റെ തുടക്കം കുടുംബത്തില്‍ നിന്നാണ്. രക്ഷിതാക്കള്‍ അവരുടെ ഉത്തരവാദിത്വത്തിന്റെ ആഴം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണം. മരണശേഷം ഒരാള്‍ക്ക് ഉപകരിക്കുന്ന മൂന്ന് കാര്യങ്ങളില്‍ ഒന്ന് അവനു വേണ്ടി പ്രാര്‍ത്ഥിക്കുന്ന സ്വാലിഹായ സന്താനമാണെന്ന് മുത്ത് നബി(സ്വ) പറഞ്ഞിട്ടുണ്ട്. അത്തരത്തില്‍ ഒരു ഉയര്‍ന്ന നിലവാരത്തിലേക്ക് സ്വന്തം മക്കളെ എത്തിക്കുന്നതിനുള്ള ആസൂത്രിതമായ പ്രവര്‍ത്തനങ്ങളാണ് രക്ഷിതാക്കള്‍ ആവിഷ്കരിക്കേണ്ടത്.