ഇബ്നു സീനയുടെ പരീക്ഷണശാല രണ്ടു ആടുകളെ വ്യത്യസ്ത കൂടുകളില്‍ അടച്ചിരിക്കുന്നു. കൃത്യമായ പരിചരണവും ഒരേ അളവില്‍ ഭക്ഷണവും നല്കി അദ്ദേഹം അവയെ പരിപാലിച്ചു പോന്നു. അതിനിടയില്‍ ഒരാടിനു മാത്രം കാണാവുന്ന തരത്തില്‍ മറ്റൊരു കൂടു കൂടി സ്ഥാപിച്ചു. അതിലൊരു ചെന്നായയെ ഇട്ടു. എന്നിട്ട് നിരീക്ഷണം തുടര്‍ന്നു. ദിനങ്ങള്‍ കൊഴിഞ്ഞു വീഴുന്നതിനനുസരിച്ച് ചെന്നായയെ കാണുന്ന ആട് അസ്വസ്ഥനായി ആരോഗ്യം ക്ഷയിച്ച് മെലിഞ്ഞൊട്ടി ചത്തു പോയി. തത്സമയം മറ്റേ ആട് തടിച്ചുകൊഴുത്ത് പൂര്‍ണ്ണ ആരോഗ്യവാനായി നിന്നു. അകാരണമായ ഭയവും സമ്മര്‍ദ്ദവും ഉത്കണ്ഡയും ഒരു ജീവിതത്തെ എങ്ങനെ ബാധിക്കുമെന്നുള്ളതാണ് ഈ പരീക്ഷണത്തിലൂടെ അദ്ദേഹം സമര്‍ത്ഥിച്ചത്. മാനസികാരോഗ്യക്കുറവ് ആധുനിക കാലഘട്ടത്തില്‍ മനുഷ്യജീവിതത്തെ ഏറെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്. മനുഷ്യരില്‍ ഭൂരിഭാഗവുമിന്ന് വിവിധ മാനസികപ്രശ്നങ്ങള്‍ക്ക് അടിമപ്പെട്ടിരിക്കുകയാണ്. എന്നാല്‍ പലരും തങ്ങള്‍ എത്തിനില്‍ക്കുന്ന മാനസികാവസ്ഥയെ തിരിച്ചറിയുന്നില്ല. ഇവയെക്കുറിച്ചുള്ള അജ്ഞതയാണ് ഈ സ്ഥിതി വിശേഷത്തിന്റെ പ്രധാന ഹേതു.
എന്താണ് മാനസികാരോഗ്യം?
ഒരു മനുഷ്യന്റെ ജീവിതത്തിന് ഏറെ അനിവാര്യമായ ഘടകമാണ് ആരോഗ്യമെന്നത്. സ്വൈര്യ ജീവിതത്തിനും അതിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും സഹായകമായത്. ആരോഗ്യമെന്നത് യഥാര്‍ത്ഥത്തില്‍ രോഗമില്ലാത്ത അവസ്ഥ മാത്രമല്ല, ശാരീരികവും മാനസികവും ആത്മീയവുമായ ക്ഷേമംകൂടിയാണ്. ലോകാരോഗ്യ സംഘടന മാനസികാ രോഗ്യത്തെ നിര്‍വചിക്കുന്നത് ഇങ്ങനെയാണ്: ‘മാനസികാരോഗ്യമെന്നാല്‍ ഒരു വ്യക്തി സ്വന്തം കഴിവുകളെ തിരിച്ചറിഞ്ഞും സാധാരണ ജീവിത ക്ലേശങ്ങളെ ക്രിയാത്മകമായി നേരിട്ടും ജനസമൂഹത്തിനു ഫലപ്രദമായ രീതിയില്‍ പ്രവര്‍ത്തിക്കുകയെന്നതാണ്.’ അഥവാ ഒരു മനുഷ്യന് മാനസിക സംഘര്‍ഷങ്ങളെ അതിജീവിച്ച് യഥാസമയം തനിക്കും സമൂഹത്തിനും വേണ്ടി സംഭാവന നല്കുകയെന്നര്ത്ഥം. കാര്യങ്ങള്‍ കൃത്യമായി അതാതു സമയത്ത് മനസ്സിലാക്കാന്‍ സാധിക്കുക, വികാരങ്ങളെ സന്ദര്‍ഭോചിതമായി നിയന്ത്രിക്കാനാവുക എന്നിവ മാനസ്സികാരോഗ്യത്തിന്റെ ലക്ഷണമാണ്. മാനസികാരോഗ്യവും ശാരീരികാരോഗ്യവും തമ്മില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുണ്ട്. ഒരു തലത്തിലുണ്ടാകുന്ന അപാകത മറുഭാഗത്ത് വലിയ പ്രതിഫലനമുണ്ടാക്കും. അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന് പറയുന്നു: ‘നമ്മുടെ സമ്മര്‍ദവും ഭയവുമെല്ലാം ശാരീരികാരോഗ്യത്തെയും മനോനിലയെയും വളരെ ആഴത്തില്‍ ബാധിക്കും. തലവേദന, പേശിവേദന, നെഞ്ച്വേദന, ക്ഷീണം, ഉറക്കമില്ലായ്മ, സമൂഹത്തില്‍ നിന്നും പിന് വലിയുന്ന അവസ്ഥ, സംസാരിക്കാന്‍ താല്പര്യമില്ലായ്മ തുടങ്ങിയവ ഇതിനെ തുടര്‍ന്നുണ്ടാകും’.ലോകരോഗ്യ സംഘടനയുടെ നിരീക്ഷണവും സമാനമാണ്. മാനസിക പ്രശ്നങ്ങളില്‍ നിന്നുള്ള മുക്തി ജീവിത ശൈലി ജന്യരോഗങ്ങള്‍ ഉള്ളവരുടെ രോഗശമനത്തിന് അനിവാര്യ ഘടകമാണ്.
ചരിത്രത്തിലൂടെ
ഭയത്തോടെയായിരുന്നു സമൂഹം മാനസിക രോഗങ്ങളെ വീക്ഷിച്ചിരുന്നത്. ചരിത്രത്തിലുടനീളം വ്യത്യസ്ത സംസ്കാരങ്ങളിലുള്ളവര്‍ വ്യത്യസ്തമോ അസാധാരണമോ ആയ സ്വഭാവങ്ങളെ പിശാചുക്കളുടെയും ബാഹ്യ ആത്മ ശക്തികളുടെയും വിഷവസ്തുക്കളുടെയും പ്രവര്‍ത്തനഫലമായാണ് കണ്ടിരുന്നത്. മാനസികപ്രശ്നങ്ങളുടെ വിഷയത്തിലും സമാന സ്ഥിതിയായിരുന്നു. പിന്നീട് മതപരമായ സംഘര്‍ഷങ്ങള്‍ എന്ന നിലയിലേക്കും ഇത് വികസിച്ചു വന്നു. അമേരിക്കന്‍ ചരിത്രത്തില്‍ മാനസിക രോഗികള്‍ മതപരമായി ശിക്ഷിക്കപ്പെടുമെന്ന് കരുതപ്പെട്ടിരുന്നു. 1700 കള്‍ വരെ അമേരിക്കന്‍ ജനതയില്‍ ഈ വിശ്വാസം നിലനിന്നതായി കാണാം. ഗ്രീക്കുകാരും റോമക്കാരും മാനസിക രോഗികള്‍ക്ക് വലിയ സാമൂഹിക പ്രശ്നങ്ങള്‍ ഉണ്ടാക്കാനും തങ്ങളുടെ ശരീരത്തെയും സമ്പത്തിനെയും ഉപദ്രവിക്കാനും നശിപ്പിക്കാനും കഴിവുണ്ടെന്ന് വിശ്വസിച്ചിരുന്നു. അതിനാല്‍ തന്നെ ഭ്രാന്തന്മാരെ പരിപാലിക്കാന്‍ രക്ഷിതാക്കള്‍ക്ക് പ്രത്യേക വ്യവസ്ഥ അക്കാലത്ത് ഏര്‍പ്പെടുത്തിയിരുന്നു. ഗുരുതരമായി മാനസിക വൈകല്യമുള്ളവരെ ബന്ധുക്കളുടെ ഉത്തരവാദിത്വത്തില്‍ വീട്ടില്‍ തടഞ്ഞുവെക്കുകയായിരുന്നു രീതി. അല്ലാത്തവരെ ദുരാത്മാക്കള്‍ ശരീരത്തില്‍ നിന്ന് പുറത്ത് പോകാന്‍ വേണ്ടി അലഞ്ഞുതിരിയാന്‍ അനുവദിച്ചിരുന്നു. ചില സംസ്കാരങ്ങളില്‍ ഇത്തരം രോഗികളെ ട്രെഫിനേഷന്‍ എന്ന ചികിത്സാരീതിക്ക് വിധേയമാക്കിയിരുന്നു. മനോരോഗമുള്ളവരുടെ ശരീരത്തില്‍ നിന്നും ദുരാത്മാക്കള്‍ പറത്തുകടക്കാന്‍ വ്യക്തിയുടെ തലയില്‍ ദ്വാരം തുരന്നുള്ള ചികിത്സാ രീതിയായിരുന്നു ‘ട്രെഫിനേഷന്‍’. പെറുവിലെ ‘ഇറന്കി’ സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് ഈ രീതിയില്‍ ചികിത്സക്ക് വിധേയമായവരുടെ തലയോട്ടികള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ജര്‍മ്മനി പോലെയുള്ള രാജ്യങ്ങളില്‍ ചില പുരോഹിത വിഭാഗങ്ങള്‍ മാനസിക പ്രശ്നങ്ങള്‍ അനുഭവിക്കുന്ന സ്ത്രീകളെ മന്ത്രവാദികളായി ചിത്രീകരിച്ചിരുന്നു. പിന്നീട് ആ സ്ത്രീകളെ ക്രൂരമായി പീഡനത്തിന് വിധേയമാക്കി കൂട്ടഹത്യ നടത്തുകയാണ് ചെയ്തത്. ചില നാടോടി, ഗോത്ര വിശ്വാസങ്ങളും ഇതിനെ സംബന്ധിച്ച് നിലനിന്നിരുന്നു. മാനസികാസ്വാസ്ഥ്യമുള്ള വ്യക്തി തലയില്‍ ചന്ദ്ര കിരണങ്ങള്‍ തട്ടി ഉറങ്ങുന്നതാണ് ക്രമരഹിതമായ പെരുമാറ്റങ്ങള്‍ക്ക് കാരണമെന്നായിരുന്നുവത്. ഇതേ സമയം ഹിപ്പോക്രാറ്റിനെ പോലുള്ള ചിന്തകര്‍ മാനസിക പ്രശ്നത്തിന്റെ യഥാര്‍ത്ഥ കാരണങ്ങളെ കണ്ടെത്താന്‍ ശ്രമിച്ചിരുന്നു. മനുഷ്യന്റെ പിത്തരസങ്ങളിലുള്ള വ്യതിയാനമാണ് മാനസിക പ്രശ്ങ്ങള്ക്കിടയാക്കുന്നത് എന്നാണ് അദ്ദേഹം നിരീക്ഷിച്ചത്. സ്പെയിനില്‍ ഇസ്ലാമിന്റെ സ്വാധീനത്തില്‍ ഗ്രാനഡ (1365), വലന്‍സിയ (1407), സര്‍ഗോസ (1425), സെവില്ലെ (1436) എന്നിവിടങ്ങളില്‍ ഇത്തരം രോഗികള്‍ക്കായി പ്രത്യേക ആശുപത്രികള്‍ വികസിപ്പിച്ചിരുന്നു. എന്നാല്‍ കാലക്രമേണ ഇത്തരത്തില്‍ മാനസികരോഗികള്‍ക്കായി സംവിധാനിക്കപ്പെട്ട അഭയകേന്ദ്രങ്ങള്‍ അവര്‍ക്ക് നരക തുല്യമായി പരിണമിക്കുകയാണുണ്ടായത്. ലണ്ടനില്‍ 1247 ല്‍ സ്ഥാപിതമായ ബെഡ്ലാം അത്തരത്തിലൊന്നായിരുന്നു. 1403 ആയപ്പോഴേക്കും ഈ സ്ഥാപനത്തില്‍ കൂടുതല്‍ അന്തേവാസികളെ താമസിപ്പിക്കാന്‍ തുടങ്ങി. പക്ഷെ അവിടെയുള്ള ജീവിതം വളരെ ശോചനീയാവസ്ഥയിലായിരുന്നു. അന്തേവാസികള്‍ ചങ്ങലയില്‍ ബന്ധിക്കപ്പെട്ട് വൃത്തികെട്ട അവസ്ഥയിലാണ് ജീവിക്കേണ്ടി വന്നത്. ചില നഗരങ്ങളില്‍ ‘ഭ്രാന്തന് ഗോപുരങ്ങള്‍’ തന്നെ നിലവിലുണ്ടായിരുന്നു. അതിലെ ‘നാന് തുര്വെ’ ഇരുട്ടറകളിലായിരുന്നു മാനസിക രോഗികളെ അടച്ചിരുന്നത്. യഥാര്‍ത്ഥത്തില്‍ മാനസിക പ്രശ്നങ്ങള്‍ക്ക് വേണ്ടിയുള്ള ചികിത്സയും സംരക്ഷണ നടപടികളും മധ്യകാലഘട്ടത്തിലും അതിന്റെ അവസാനത്തിലുമെല്ലാം പരിതാപകരമായിരുന്നുവെന്ന് സാരം. പതിനെട്ടാം നൂറ്റാണ്ട് വരെ ഈ സ്ഥിതി തുടര്‍ന്നു പോന്നു.
പത്തൊമ്പതാം നൂറ്റാണ്ടണ്ടണ്ടിണ്ടല് മാനസികാരോഗ്യത്തേയും, ആരോഗ്യത്തെയും ദുരാത്മാക്കളുടെ പ്രകടനമെന്നതിലേക്ക് വച്ച് കെട്ടുന്നതിന് വിരുദ്ധമായി അതിന്റെ കാര്യകാരണങ്ങള്‍ പഠിക്കാന്‍ ശാസ്ത്രജ്ഞരും സമൂഹവും തയ്യാറായി. ഒരുപാട് സ്ഥാപനങ്ങള്‍ സ്ഥാപിതമായി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ‘വില്ല്യം സ്വീറ്റ്സറാണ് മാനസിക ശുചിത്വം എന്ന പദം ആദ്യമായി ഉപയോഗിച്ചത് മാനസികാരോഗ്യം അനുകൂലാത്മകമായി പ്രോത്സാഹിപ്പിക്കുന്നതിന് ഇത് സഹായകമായിരുന്നു. അമേരിക്കന്‍ സൈക്യാട്രിക് അസോസിയേഷന്റെ സ്ഥാപകരിലൊരാളായ ‘ഐസക്റേ’ കൂടുതല്‍ വ്യക്തമാക്കി. ‘മനസ്സിന്റെ ഗുണങ്ങള്‍ വഷളാക്കാനും നശിപ്പിക്കാനും കണക്കു കൂട്ടിയ എല്ലാ സംഭവങ്ങള്‍, സ്വാധീനങ്ങള്‍ എന്നിവയില്‍ നിന്നും മനസ്സിനെ സംരക്ഷിക്കുന്ന കലയാണ് മാനസിക ശുചിത്വ’മെന്നതായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ക്ലിഫോള്ഡ് ബിയേഴ്സ് ‘മെന്റല്‍ ഹെല്‍ത്ത് അമേരിക്ക-നാഷണല്‍ കമ്മിറ്റി ഫോര്‍ മെന്റല്‍ ഹൈജീന്‍’ സ്ഥാപിച്ചു. 1968 ല്‍”A maind that found it self” എന്ന പേരില്‍ നിരവധി ഭ്രാന്താശുപത്രികളില്‍ രോഗിയായിരുന്ന തന്റെ വിവരണങ്ങള്‍ പ്രസിദ്ധീകരിച്ചതിനു ശേഷം യുണൈറ്റഡ് സ്റ്റേറ്റ്സിലെ ആദ്യത്തെ ഔട്ട് പേഷ്യന്റ് മാനസികാരോഗ്യ ക്ലിനിക്ക് അദ്ദേഹം തുറന്നു. 1970 കളുടെ തുടക്കം വരെ ഓരോരുത്തരുടെയും മനസ്സ് വ്യത്യസ്തമായതിനാല്‍ അവര്‍ക്കുണ്ടാകുന്ന രോഗങ്ങളും വ്യത്യസ്തമായിരിക്കുമെന്ന തെറ്റായ ധാരണ പ്രചരണത്തിലുണ്ടായിരുന്നു. 1970നു ശേഷം പുറത്തു വന്ന US, UK പ്രൊജക്ട് ആണ് ഈ ധാരണയെ തിരുത്തിയത്. അമേരിക്കയിലെയും ഇംഗ്ലണ്ടിലെയും മനോരോഗ വിദഗ്ധര്‍ മാനസിക രോഗനിര്‍ണയത്തില്‍ നടത്തുന്ന വലിയ വ്യത്യാസങ്ങളെ ഈ റിപ്പോര്‍ട്ടിലൂടെ പുറത്തു കൊണ്ടുവന്നു. ഇതേ തുടര്‍ന്ന് മനോരോഗങ്ങളെ കൃത്യമായി നിര്‍വചിക്കാനായി. രോഗി പ്രകടിപ്പിക്കുന്ന ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ രോഗങ്ങളെ വേര്‍തിരിച്ചെടുക്കാന്‍ സാധിച്ചു. ഇത് പുതിയ മരുന്നുകളുടെ കണ്ടെത്തലിലേക്ക് വഴിയൊരുക്കി. അതിലുമുപരി മനോരോഗം വന്നാല്‍ ജീവിതകാലം മുഴുവന്‍ ചികിത്സവേണം, ഇരുട്ടറകളില്‍ അടക്കണം തുടങ്ങിയ അബദ്ധങ്ങളെ തിരുത്തി. ആ സമയത്തും ഇന്ത്യയില്‍ മേഖലയില്‍ പുരോഗതിയൊന്നും കൈവരിച്ചില്ല. 1982ല്‍ കേന്ദ്ര സര്‍ക്കാര്‍ ഈ മേഖലയിലെ സ്ഥിതി മെച്ചപ്പെടുത്താന്‍ ദേശീയ മാനസികാരോഗ്യ പരിപാടി ആരംഭിച്ചു. എന്നാല്‍ ഇതിന് വേണ്ടത്ര ജനപിന്തുണയോ ധനസഹായമോ ലഭിച്ചില്ല. തുടര്‍ന്ന് 9-ാം പഞ്ചവത്സര പദ്ധതിയിലൂടെയാണ് ഈ മേഖലയില്‍ പറയാവുന്ന രീതിയില്‍ പുരോഗതിയുണ്ടായത്. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ നില്‍ക്കുമ്പോഴും രാജ്യത്ത് മാനസികാരോഗ്യ മേഖലയില്‍ ആവശ്യമായ രീതിയില്‍ സജ്ജീകരണങ്ങളും സംവിധാനങ്ങളുമായിട്ടില്ല എന്നു പറയേണ്ടിവരും.
പ്രധാന മാനസിക രോഗങ്ങള്‍
മാനസികാരോഗ്യമെന്ത്? ഏതൊക്കെയാണാ രോഗങ്ങള്‍? അതു ബാധിച്ചാല്‍ ചികിത്സയെങ്ങിനെ നടത്തണം? തുടങ്ങി പല വിഷയങ്ങളിലും സമൂഹം അജ്ഞരാണ്. ഒരു തരം ഭീതിയോടെയാണ് സമൂഹം നോക്കിക്കാണുന്നത്. പല വഴികളിലൂടെ ഒരു മനുഷ്യനില്‍ ഇന്ന് മാനസിക രോഗം ബാധിക്കുന്നുണ്ട്. ജീവശാസ്ത്രപരമായ ഘടകങ്ങളാണ് അതില്‍ പ്രധാനമായത്. നാഡി പ്രസരിണികളിലെ കുഴപ്പം (തലച്ചോറിലെ പരസ്പര ആശയവിനിമയത്തിന് സഹായിക്കുന്ന നാഡി ഞരമ്പുകളിലെ ചില പ്രത്യേക രാസ വസ്തുക്കളുടെ അസന്തുലിതാവസ്ഥ), ജനിതക ഘടകങ്ങള്‍ (പാരമ്പര്യം), തലച്ചോറിലെ തകരാറുകളും മുറിവുകളും തുടങ്ങിയവ ജീവശാസ്ത്രപരമായ കാരണങ്ങളില്‍ പെട്ടതാണ്. തൊഴിലില്ലായ്മ, കുടുംബ തകര്‍ച്ച, ദാരിദ്ര്യം എന്നീ സാമുഹിക പ്രശ്നങ്ങളും മാനസിക രോഗത്തിന് വഴിവെക്കുന്നുണ്ട്. മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗ ഫലമായും ഇത് സംഭവിക്കുന്നു. ജനങ്ങള്‍ പലപ്പോഴും ഭീതിതമായി കാണുന്ന രോഗങ്ങളോടൊപ്പം നാം നിസ്സാരമായി അവഗണിക്കുന്ന ചില പ്രശ്നങ്ങളും മാനസിക പ്രശ്നങ്ങളാകാറുണ്ട്. ഇത് പലപ്പോഴും നാം തിരിച്ചറിയുന്നില്ല. രോഗം മൂര്‍ച്ഛിച്ച് മരണത്തിലേക്ക് അഭയം തേടുമ്പോഴാണ് ഇതിന്റെ സത്യാവസ്ഥയെ നാം മനസ്സിലാക്കുന്നത്. കൃത്യമായ ഒരു അവബോധം ഈ മേഖലയില്‍ സമൂഹത്തിന് ഉടലെടുക്കേണ്ടതുണ്ട്. ചില പ്രധാന മാനസികരോഗങ്ങളെ നമുക്ക് പരിചയപ്പെടാം.
1. വിഷാദരോഗം: ലോകാരോഗ്യ സംഘടന ‘ന്യൂ ഏജ് കില്ലര്‍’ എന്ന് വിശേഷിപ്പിച്ച മാനസിക രോഗമാണ് വിഷാദ രോഗം. ഏതു പ്രായ പരിധിയിലുള്ളവര്‍ക്കും ഇത് വരാം. പുരുഷന്മാരില് 10% പേര്‍ക്ക് ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ രോഗം ബാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അടുത്തകാലത്തായി സ്ത്രീകളില്‍ ഇത് ക്രമാതീതമായി വര്‍ധിച്ചിരിക്കുന്നു. രണ്ടാഴ്ച്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന സ്ഥായിയായ വിഷാദം, ജോലിയും മറ്റുകാര്യങ്ങളും ചെയ്യാന്‍ താല്പര്യമില്ലായ്മ, കാരണമില്ലാതെയുള്ള ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ശ്രദ്ധക്കുറവ്, ലൈംഗിക താല്പര്യമില്ലായ്മ, അനാവശ്യമായ കുറ്റബോധം, നിരാശ, ആത്മഹത്യാ പ്രവണത എന്നിവയും ഉണ്ടാകാം. ഈ രോഗം മൂര്ച്ചിച്ചാല് രോഗി ഒന്നും മിണ്ടാതെ ഭക്ഷണമോ വെള്ളമോ കഴിക്കാതെ അന്തര്‍മുഖമായി ഇരിക്കുന്ന പ്രവണതയും ഉണ്ടാകും. ‘കാറ്ററ്റോനിയ’ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ജനിതകമായും വിഷാദരോഗം കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. തലച്ചോറിലെ സിറട്ടോണിന്, നോര് എപിനെഫ്രിന് തുടങ്ങിയ ചില രാസവസ്തുക്കളുടെ അളവ് ക്രമീകരിക്കാന്‍ സഹായിക്കുന്ന ഔഷധങ്ങളും മനസ്സിലെ ചിന്താവൈകല്യങ്ങളെ തുരത്താനുള്ള വൈജ്ഞാനിക പെരുമാറ്റ ചികിത്സയുമാണ് ഇതിന്റെ പ്രതിരോധം. ഗുരുതരമായ അവസ്ഥയില്‍ ഇ സി ടി യും സഹായകമാണ്.
2. ബൈപോളര്‍ ഡിസോഡര്‍: ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഉന്മാദരോഗവും വിഷാദരോഗവും മാറിമാറിവരുന്ന അവസ്ഥയാണ് ബൈപോളര്‍ ഡിസോഡര്‍. അമിത സംസാരം, നിയന്ത്രണം വിട്ടുള്ള ആഹ്ലാദ പ്രകടനങ്ങള്‍, അനിയന്ത്രിതമായ ദേഷ്യം, അമിതമായ ഊര്‍ജ്ജ സ്വലത, അളവില്‍ കവിഞ്ഞ ഭക്തി എന്നിവയൊക്കെയാണ് ഉന്മാദരോഗത്തിന്റെ ലക്ഷണങ്ങള്‍. രോഗം കൂടുമ്പോള്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ പാട്ട്പാടുക, നൃത്തം ചെയ്യുക, അശ്ശീല സംസാരം നടത്തുക, ലൈംഗിക ചേഷ്ടകള്‍ കാട്ടുക, അക്രമാസക്തനാവുക തുടങ്ങിയ പ്രവൃത്തികളും രോഗിയില്‍ നിന്നുണ്ടായേക്കാം. വിഷാദരോഗത്തിന് കാരണമായ എല്ലാ കാര്യങ്ങളും ബൈപോളര്‍ രോഗത്തിനും വഴിവെക്കുന്നു. ഇതോടൊപ്പം തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാറുകളും മസ്തിഷ്കത്തിനേല്ക്കുന്ന ക്ഷതങ്ങളും ഈ അവസ്ഥയിലേക്ക് നയിക്കുന്നു. മനസ്സിന്റെ വൈകാരികാവസ്ഥ സ്ഥിരപ്പെടുത്തുന്ന ‘മൂഡ് സ്റ്റെബിലൈസര്‍’ ഔഷധങ്ങളാണ് പ്രധാനമായും ഇതിന്റെ ചികിത്സക്ക് ഉപയോഗിക്കുന്നത്.
3. പാനിക് ഡിസോഡര്‍: ഒരാളില്‍ കാര്യമായ സമ്മര്‍ദ്ദങ്ങളോ ശാരീരിക പ്രശ്നങ്ങളോ ഇല്ലാതെ തന്നെ പെട്ടെന്നുണ്ടാകുന്ന അമിതമായ ഉത്ക്കണ്ഠയും പരിഭ്രമവുമാണ് പാനിക് ഡിസോഡര്‍. പ്രത്യേകിച്ചൊരു കാരണവും കൂടാതെ ഉണ്ടാകുന്ന കഠിനമായ ഉത്ക്കണ്ഠയാണിത്. സമൂഹത്തിലെ 1.5% മുതല്‍ 4% വരെ പേര്‍ക്ക് ഇത് വരാം. നെഞ്ച് വേദനയുമായി ഡോക്ടറെ കാണാനെത്തുന്നവരില്‍ 30% ത്തോളം പേര്‍ക്ക് പാനിക് ഡിസോഡര്‍ ആണെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഹൃദ്രോഗത്തിന് സമാനമായ ലക്ഷണങ്ങള്‍ വന്ന് ‘ഇപ്പോള്‍ വീണ് മരിച്ചു പോകും’ എന്ന പ്രതീതിയിലേക്ക് ഇക്കൂട്ടരെത്തിച്ചേരുന്നു. സമയത്ത് ചികിത്സിക്കാതിരുന്നാല്‍ ഒറ്റക്ക് യാത്ര ചെയ്യാന്‍ പോലും ഭയക്കുന്ന മാനസികാവസ്ഥ ഇവരിലുണ്ടാകും. തലച്ചോറിലെ ഗാബീനോര് എപിനെഫ്രിന്, സിറടോണിന്‍ തുടങ്ങിയ രാസ പദാര്‍ത്ഥങ്ങളുടെ അളവിലുള്ള വ്യതിയാനമാണ് ഈ രോഗത്തിന് കാരണം. ചികിത്സിക്കാത്ത പക്ഷം ഇത് വിഷാദ രോഗം, ആത്മഹത്യ പ്രവണത, മദ്യാസക്തി എന്നിവയിലേക്ക് കൊണ്ടെത്തിക്കും. മസ്തിഷ്കത്തിലെ രാസവ്യതിയാനങ്ങള്‍ ക്രമീകരിക്കാനുള്ള ഔഷധങ്ങള്‍ ഭൗതിക പെരുമാറ്റ ചികിത്സ, റിലാക്സേഷന് വ്യായാമങ്ങള്‍ എന്നിവയാണ് ഇതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍.
4. സംശയരോഗം: ഗൗരവമേറിയ ഒരു മാനസിക രോഗമാണ് ഡെലൂഷണല്‍ ഡിസോര്‍ഡര്‍ അഥവാ സംശയരോഗം. നിത്യ ജീവിതത്തില്‍ സംഭവ്യമായ കാര്യങ്ങളോടനുബന്ധിച്ചുള്ള മിഥ്യാധാരണയാണ് ഈ രോഗത്തിന്റെ കാതല്‍. 1000 പേരില്‍ മൂന്ന് പേര്‍ക്കെങ്കിലും ഈ രോഗം വരാവുന്നതാണ്. അതു തന്നെ 25 മുതല്‍ 90 വയസ്സ് വരെയുള്ള ആര്‍ക്കുമാകാം. രോഗസാധ്യത കൂടുതല്‍ കണ്ട് വരുന്നത് സ്ത്രീകളിലാണ്. ഇണക്ക് മറ്റൊരാളുമായി അടുപ്പമുണ്ട്, അയല്‍വാസി തന്നെ കൊല്ലാന്‍ പദ്ധതിയിട്ടിരിക്കുന്നു- ഇങ്ങനെ പോകുന്നു സംശയങ്ങള്‍. ഒന്നിലധികം കാരണങ്ങള്‍ ഒരേ സമയം ഒരു വ്യക്തിയില്‍ സമ്മേളിക്കുമ്പോഴാണ് ഈ അസുഖം ആരംഭിക്കുന്നത്. സമൂഹത്തിലെ ഒറ്റപ്പെടല്‍, ശത്രുതയും അസൂയയും ഉണ്ടാക്കാവുന്ന സാഹചര്യങ്ങള്‍, ആത്മാഭിമാനം കുറക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്നീ അവസ്ഥകളിലെല്ലാം ഒരാളില്‍ സംശയരോഗം ഉണ്ടാകും. ഒന്നും നേടാന്‍ കഴിയാത്തവരിലും മറ്റുള്ളവരുടെ നിസ്സാര അഭിപ്രായപ്രകടനങ്ങളില്‍ പോലും കടുത്ത അസ്വസ്ഥത പ്രകടിപ്പിക്കുന്നവരിലും ഇതുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് മനോരോഗ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. മികച്ച ചികിത്സയിലൂടെ ഈ രോഗം സുഖപ്പെടുത്താവുന്നതാണ്. പ്രധാനമായും തലച്ചോറിലെ ഡോപ്പാമിന്‍ എന്ന ന്യൂറോട്രാസ്മിറ്ററിന്റെ അളവ് കുറക്കുന്ന ആന്റി സൈക്യാട്രിക്ക് ഔഷധങ്ങളാണ് ഈ ചികിത്സക്ക് ഉപയോഗിക്കുന്നത്. പക്ഷെ പരിചരണ നേരം അനുഭാവ പൂര്‍ണ്ണമായ പെരുമാറ്റത്തിലൂടെ രോഗിയുടെ വിശ്വാസം ആര്ജ്ജിച്ചെടുക്കാനാകണം. സംശയരോഗികളെ രോഗമുണ്ടെന്ന രീതിയില്‍ ചികിത്സ നടത്താനാകില്ല.
5.സവിശേഷ ഉത്ക്കണ്ഠ രോഗം: ഏതെങ്കിലും ഒരു സാഹചര്യത്തിലോ, ഒരു വസ്തുവിനെ കാണുമ്പോള്‍ മാത്രമോ കഠിനമായ ഉത്ക്കണ്ഠ തോന്നുന്ന അവസ്ഥയാണ് സവിശേഷ ഉത്ക്കണ്ഠ രോഗം. രക്തം പേടി, ഇരുട്ടത്ത് പുറത്തിറങ്ങാന്‍ മടി എന്നിവയൊക്കെ ഇതിന്റെ പല വകഭേദങ്ങളാണ്. സമൂഹത്തിലെ 10% പുരുഷന്മാര്ക്ക് ഈ പ്രശ്നം ഉണ്ടാകാം. ജനിതക ഘടകങ്ങള്‍, കുട്ടിക്കാലത്തെ ദുരനുഭവങ്ങള്‍, അബോധമനസ്സിലെ സംഘര്‍ഷങ്ങള്‍ എന്നിവയൊക്കെ ഇതിന് കാരണമാകും. ‘എക്സ്പോഷര്‍ വിത്ത് റെസ്പോണ്‍സ് പ്രിവെന്‍ഷന്‍’ പോലെയുള്ള മനശാസ്ത്ര ചികിത്സകള്‍, റിലാക്സേഷന് വ്യായാമങ്ങള്‍, കഠിനമായ ഉത്ക്കണ്ഠ കുറക്കാനുള്ള ഔഷധങ്ങള്‍ എന്നിവയാണ് ഇതിന്റെ ചികിത്സാ രീതി.
6. ഒ.സി.ഡി: ആവര്‍ത്തന സ്വഭാവമുള്ള ചിന്തകളും പ്രവൃത്തികളും പ്രധാന ലക്ഷണമായിട്ടുള്ള രോഗമാണ് ‘ഒബ്സെസ്റ്റീവ് കമ്പല്‍സീവ് ഡിംസാര്ഡര്’ ഇതില്‍ മനസ്സിലേക്ക് ആവര്‍ത്തിച്ചു കടന്ന് വരുന്ന അസ്വസ്ഥതയുളവാക്കുന്ന ചിന്തകള്‍, തോന്നലുകള്‍, ദൃശ്യങ്ങള്‍ തുടങ്ങിയവയാണ് ഒബ്സെസ്റ്റീവ് ഒരാള്‍ കൈ കഴുകിയതിന് ശേഷവും അതു ശരിയായില്ല എന്ന രീതിയില്‍ ആയാള്‍ ആ പ്രവര്‍ത്തി ആവര്‍ത്തിക്കുന്നത് ഇതിന്റെ ഉദാഹരണമാണ്. ഈ തോന്നലുകള്‍ മനസ്സിലേക്ക് കടന്ന് വരുമ്പോള്‍ രോഗികള്‍ക്ക് ഉണ്ടാകുന്ന കഠിനമായ ഉത്ക്കണ്ഠ മറികടക്കാന്‍ അയാള്‍ ചെയ്യുന്ന പ്രവര്‍ത്തികളെയാണ് ‘കംപല്‍സീവ്’ എന്ന് പറയുന്നത്. ഈ രോഗമുള്ളവരില്‍ 70% പേരിലും 25 വയസ്സിന് മുമ്പ്തന്നെ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത്. ചില രോഗങ്ങള്‍ തനിക്ക് ബാധിച്ചിട്ടുണ്ടോയെന്ന സംശയം, രക്തബന്ധുക്കള്‍ ഉള്‍പ്പെട്ട അസ്വഭാവിക ലൈംഗിക ചിന്തകള്‍, ചീത്ത വാക്കുകള്‍ പറയാനുള്ള അനുയന്ത്രിതമായ ത്വര എന്നിവ ഇതിന്റെ ഭാഗമായി ഉടലെടുക്കാറുണ്ട്. മസ്തിഷ്കത്തിലെ സിറടോണിന്‍, ഡോപ്പമിന്‍ എന്നീ രാസ പദാര്‍ത്ഥങ്ങളുടെ അളവിലെ വ്യതിയാനങ്ങള്‍, ജനിതക കാരണങ്ങള്‍, മസ്തിഷ്കത്തിലെ ചില മേഖലകളിലുള്ള വലിപ്പ വത്യാസങ്ങള്‍, കുട്ടിക്കാലത്തെ ദുരനുഭവങ്ങള്‍ തുടങ്ങിയവയാണ് ഈ രോഗത്തിന്റെ കാരണങ്ങള്‍. മസ്തിഷ്കത്തിലെ രാസ വ്യതിയാനങ്ങള്‍ പരിഹരിക്കാനുള്ള ഔഷധങ്ങളാണ് ഇതിന്റെ പ്രധാന ചികിത്സ.
7. സ്കീസോഫ്രീനിയ: സമൂഹത്തില്‍ ഇന്ന് വലിയ തോതില്‍ തെറ്റിദ്ധരിക്കപ്പെട്ട രോഗമാണ് സ്കീസോഫ്രീനിയ. പലരും ഇതിനെ ഒരു രോഗമായി കണക്കാക്കുന്നില്ല. മറിച്ച് ന്യൂനതയോടെ വളര്‍ത്തിയതിന്റെയോ സാമൂഹിക പ്രശ്നങ്ങളുടെയോ ഉത്പന്നമായിട്ടാണ് തെറ്റിദ്ധരിച്ചിരിക്കുന്നത്. അമാനുഷിക ശക്തിയുമായി ചിലര്‍ ഇതിനെ ഗണിക്കുന്നു. ചിന്തകളില്‍, പെരുമാറ്റങ്ങളില്‍, വികാരങ്ങളില്‍, പ്രവര്‍ത്തനശേഷിയില്‍ സംഭവിക്കുന്ന താളപ്പിഴയാണ് ഈ രോഗം. അനാവശ്യമായ ഭയം, സംശയങ്ങള്‍, പെരുമാറ്റ വൈകല്യങ്ങള്‍, തീവ്രമായ ഉത്ക്കണ്ഠ തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. തെറ്റായ കാര്യങ്ങള്‍ ശരിയാണെന്ന ഉറച്ച വിശ്വാസമാണ് ഈ രോഗികളിലുണ്ടാവുക. ആരോ തന്നെ കൊല്ലാന്‍ വരുന്നുണ്ടെന്നും തന്റെ ഭക്ഷണത്തില്‍ വീട്ടുകാര്‍ വിഷം കലര്‍ത്തിയിട്ടുണ്ടെന്നും ചില യന്ത്രങ്ങള്‍ ഉപയോഗിച്ച് ആരൊക്കെയോ തന്നെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുവെന്നുമെല്ലാം ഇവര്‍ വിശ്വസിക്കുന്നു. ചില നേരത്ത് ചെവിയില്‍ അശരീരികള്‍ മുഴങ്ങുന്നതായി അനുഭവപ്പെടുന്നു. രോഗം മൂര്‍ച്ഛിച്ചാല്‍ സംസാരത്തില്‍ പരസ്പരം ബന്ധമില്ലായ്മ, അന്തര്‍മുഖത, ഒന്നിനും താല്പര്യമില്ലായ്മ, സന്തോഷമില്ലായ്മ എന്നിവ ഈ രോഗികളില്‍ പ്രകടമാവുകയും ക്രമേണ ഇത് ഓര്‍മ്മ, ബുദ്ധി, ആസൂത്രണ ശേഷി, വിശകലന പാടവം എന്നീ സവിശേഷതകളെ തകരാറിലാക്കുന്നു. മസ്തിഷ്കത്തിലെ ഡോപമിന്‍ എന്ന രാസവസ്തുവിന്റെ അളവിലെ വ്യതിയാനവും ജനിതക പ്രശ്നവുമാണ് ഈ രോഗത്തിന് കാരണം. ഇന്ത്യയില്‍ ഒരു കോടിയിലധികം മനുഷ്യര്‍ ഈ അസുഖത്തിന് അടിമകളാണെന്നാണ് കണക്കുകള്‍ പറയുന്നത്. അഥവാ 100 പേരില്‍ ഒരാളുടെ ജീവിതത്തിലെങ്കിലും ഇത് ഏത് സമയത്തും ബാധിക്കാമെന്നര്ത്ഥം. ഡോപ്പമിന്റെ അളവ് ക്രമീകരിക്കാന്‍ സഹായിക്കുന്ന വിഭ്രാന്തി വിരുദ്ധ മരുന്നുകള്‍ ആണ് ഇതിന്റെ ചികിത്സക്ക് ഉപയോഗിക്കുന്നത്.
മേല്‍ സൂചിപ്പിച്ചതിലുമുപരി നിരവധി മാനസിക പ്രശ്നങ്ങള്‍ നമുക്ക് കാണാം. നിസ്സാരമെന്ന് സമൂഹം ഗണിക്കുന്നത് പോലും ഇതില്‍ ഉള്‍പ്പെടും. മദ്യാസക്തി, സൊമാറ്റോഫോം ഡിസോര്‍ഡര്‍, കുട്ടികളില്‍ കണ്ട് വരുന്ന പൈകാ രോഗം, അയവിറക്കല്‍ രോഗം, അനോറെക്സിയ നെര്‍വോസ ബുളീമിയ നെര്‍വോസ തുടങ്ങി മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികളുടെ മൂത്രമൊഴിക്കല്‍ സ്കൂളോഫോബിയ വരെ ഈ പട്ടികയില്‍ പെടുന്നതാണ്. ലോകത്ത് നൂറിലധികം ഇനങ്ങളില്‍ ഉള്‍ക്കൊള്ളിക്കുന്ന മാനസിക രോഗങ്ങളുണ്ടെന്നാണ് ലോകാരോഗ്യ സംഘടനകയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
നിലവിലെ സ്ഥിതി
ഒക്ടോബര്‍ 10 ലോക മാനസികാരോഗ്യ ദിനമായി നാം ആചരിക്കാറുണ്ട്. ലോകത്ത് ക്രമാതീതമായി വര്‍ധിച്ചുക്കൊണ്ടിരിക്കുന്ന മാനസിക പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് ബോധ്യം നല്‍കുക, മികച്ച രീതിയിലുള്ള മാനസികാരോഗ്യം കെട്ടിപ്പടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈ ദിനം ലോകം ആചരിക്കാറുള്ളത്.എല്ലാവര്ക്കും മാനസികാരോഗ്യം കൂടുതല്‍ നിക്ഷേപം കൂടുതല്‍ പ്രാപ്യം എന്നതായിരുന്നു 2021 ലെ പ്രമേയം. 2022ലിത് മാനസികാരോഗ്യം അസമത്വ കാലത്തെന്നായി.മാനസികാരോഗ്യവും അതിനു നേരിടുന്ന പ്രശ്നങ്ങളും ലോകത്തെ എങ്ങനെയെല്ലാം ബാധിക്കുന്നുവെന്നും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും കൃത്യമായ അവബോധം നല്‍കാനുള്ള ശ്രമങ്ങള്‍ ഇന്നു നടക്കുന്നുണ്ട്. 2020ല്‍ WHO പങ്കാളികളുമായി സഹകരിച്ച് എല്ലാവര്ക്കും മാനസികാരോഗ്യവും ക്ഷേമവും ഒരു ആഗോള മുന്‍ഗണന എന്ന ക്യാമ്പയിന് സംഘടിപ്പിച്ചത് ഇതിന്റെ ഭാഗമാണ്.ലോകാരോഗ്യ സംഘടനയുടെ ( WHO ) റിപ്പോര്‍ട്ട് പ്രകാരം അന്താരാഷ്ട്ര തലത്തില്‍ 8ല്‍ ഒരാള്‍ മാനസിക വിഭ്രാന്തിയുടെ ഇരയാണ്. എല്ലാ രാജ്യങ്ങളിലും ഏകദേശം 10% ത്തോളം പേര് പല തരത്തിലുള്ള മാനസിക പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരുണ്ട്. ഇവരിലെല്ലാവര്‍ക്കും ചികിത്സിക്കേണ്ടതരത്തില് തന്നെ രോഗമുണ്ട്. പക്ഷെ 10% ആളുകള്‍ക്കേ ശരിയായ ചികിത്സ ലഭിക്കുന്നുള്ളൂ. ലോകത്തിന്റെ ഭാവി വാഗ്ദാനങ്ങളായ യുവതയുടെയും സ്ഥിതി സമാനമാണ്. 10 നും 19 നും ഇടയില്‍ പ്രായമുള്ള 7 കൗമാരക്കാരില്‍ ഒരാള്‍ ഏതെങ്കിലും തരത്തിലുള്ള മാനസിക രോഗവുമായി ജീവിക്കുന്നു. 2019ല്‍ ലോകത്താകമാനം ആത്മഹത്യ ചെയ്തത് 7,03,000 പേരാണ്. ഇതിന് പ്രേരകമായതില്‍ മാനസിക പ്രശ്നവും മുന്‍പന്തിയില്‍ നില്ക്കുന്നു. ഇന്ത്യയിലെ സാഹചര്യവും ഇതില്‍ നിന്ന് വിഭിന്നമല്ല. ഇന്ത്യയിലെ മൊത്തം ജനസംഖ്യയില്‍ 70% പേര് പല തരത്തിലുള്ള മാനസിക പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരുണ്ട്. തകരുന്ന ഇന്ത്യയുടെ മാനസി കാവസ്ഥയാണ് ഇത് സൂചിപ്പിക്കുന്നത്. പ്രതിവര്‍ഷം ഇന്ത്യയില്‍ 2.25 ലക്ഷം പേര് അത്മഹത്യ ചെയ്യുന്നുവെന്നും അതിന് ഹേതുവാകുന്നതില്‍ മാനസികപ്രശ്നങ്ങല്ക്ക് വലിയ പങ്കുണ്ടെന്നും കൂട്ടിവായിക്കുമ്പോള്‍ ഇന്ത്യ ഈ മേഖലയില്‍ എത്തിച്ചേര്‍ന്നിരിക്കുന്ന ശോചനീയാവസ്ഥ മനസ്സിലാക്കാവുന്നതാണ്. കേരളത്തിലും മാനസിക വെല്ലുവിളി നേരിടുന്നവരുടെ എണ്ണം വിരളമല്ല. പ്രത്യക്ഷമായും പരോക്ഷമായും 50 ലക്ഷത്തോളം ആളുകള്‍ സംസ്ഥാനത്ത് മാനസിക പ്രശ്നത്തിന്റെ ദുരിതം പേറേണ്ടി വരുന്നുണ്ടെന്നാണ് ഏകാംഗ കമ്മീഷന് ങ.ഗ ജയരാജ് പറയുന്നത്. കോവിഡ് കാലത്തിന് ശേഷം മാനസികാരോഗ്യം താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയെന്ന റിപ്പോര്‍ട്ടും ഭീതിയുളവാക്കുന്നതാണ്.
ചികിത്സിക്കേണ്ട മാനസികാതുരാലയങ്ങള്‍
മാനസികാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന ഘടകമാണ് മാനസികാതുരാലയങ്ങള്‍. അഉ ഒമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ ഇത്തരം സ്ഥാപനങ്ങള്‍ ബഗ്ദാദിലും അനുബന്ധ നാടുകളിലും പിറന്നിട്ടുണ്ടെന്നാണ് ചരിത്രം. തുടര്‍ന്ന് ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ലോകമെത്തി നില്ക്കുമ്പോള് പല രാജ്യങ്ങളും ഈ വിഷയത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയിലെ സ്ഥിതിക്കണക്കുകള്‍ അത്രകണ്ട് ആശാവഹമല്ല. മാനസികാരോഗ്യ രംഗത്ത് ചികിത്സാ സൗകര്യം, വിദഗ്ധരുടെ സേവനം തുടങ്ങിയവ തീരെ കുറവായ രാജ്യമാണ് ഇന്ത്യ. വിശിഷ്യാ കേരളീയ സാഹചര്യവും ഇതില്‍ നിന്നും വേറിട്ടതല്ല. സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍, സൈക്യാട്രിസ്റ്റ് നഴ്സ്, ഒക്കുപേഷണല്‍ തെറാപിസ്റ്റ് എന്നീ മേഖലയിലെല്ലാം കടുത്ത ആള് ക്ഷാമമാണ് സംസ്ഥാനത്ത് നേരിടുന്നത്. സൈക്യാട്രിസ്റ്റ് നഴ്സുമാരുടെ തസ്തിക പോലും ഇതുവരെ സൃഷ്ടിച്ചിട്ടില്ലായെന്നത് നിയമസഭാ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടായിരുന്നു. അസൗകര്യങ്ങളുടെ നിറവിലാണ് സംസ്ഥാനത്തെ പല മാനസികാതുരാലയങ്ങളും. ആവശ്യത്തിന് സ്റ്റാഫുകളില്ല. കേരള മെന്റല്‍ ഹെല്‍ത്ത് ആക്ട് പ്രകാരമുള്ള സ്റ്റാഫ് പാറ്റേണ്‍ പല സ്ഥാപനങ്ങളിലും ഇത് വരെ നടപ്പാക്കിയിട്ടില്ല. ജീവനക്കാര്‍ ഒഴിവുള്ള തസ്തികകളിലേക്ക് നിയമനം നടത്തണമെന്ന ആവശ്യത്തിനും പരിഹാരമായിട്ടില്ല. ചില സ്ഥാപനങ്ങളില്‍ രാത്രി സമയത്ത് ഡ്യൂട്ടിക്ക് ഒരു സ്റ്റാഫ് നഴ്സ് മാത്രമുള്ള സ്ഥിതിയാണുള്ളത്. അതുതന്നെ ഈ മേഖലയില്‍ പരിശീലനം സിദ്ധിച്ചവരല്ല. കേവലം നഴ്സിംഗ് കോഴ്സുകള്‍ പൂര്‍ത്തിയാക്കിയവരാണ് അവര്‍. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് നേരിടുന്ന മറ്റൊരു പ്രശ്നം. രോഗികളെ താമസിപ്പിക്കാന്‍ അനുയോജ്യമായ കെട്ടിടങ്ങളില്ല. നിലവിലെ കെട്ടിടങ്ങള്‍ അശാസ്ത്രീയമായ രീതിയില്‍ നിര്‍മ്മിച്ചതും. 2019ലെ കണക്ക് പ്രകാരം കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ 592 രോഗികളാണുള്ളത്. അവിടെ 474 പേരെ താമസിപ്പിക്കാനുള്ള സൗകര്യമേ ഉള്ളൂ. ഈ സ്ഥിതിയില്‍ രോഗികള്‍ ലഭ്യമായ സൗകര്യങ്ങളില്‍ ഞെരുങ്ങിക്കഴിയാന്‍ വിധിക്കപ്പെടുകയാണ്. 1500 രോഗികളെ താമസിപ്പിക്കേണ്ട ഗതികേടും ഈ കേന്ദ്രത്തിന് മുമ്പുണ്ടായിരുന്നു. കോടതി ഉത്തരവു പ്രകാരം എത്തുന്ന രോഗികള്‍ക്ക് റൂമില്‍ സുരക്ഷയും പ്രത്യേക സെല്ലും ഉറപ്പ് വരുത്തേണ്ടതുണ്ട്. എന്നാല്‍ ഇവരെ ഫോറന്‍സിക് വാര്‍ഡുകളിലെ സൈക്യാട്രിക് ബ്ലോക്കിലുള്ള ഇടുങ്ങിയ മുറികളില്‍ തള്ളുകയാണ്ചെയ്യാറ്. ഇത്തരത്തില്‍ ഫോറന്‍സിക് വാര്‍ഡുകളുടെ അശാസ്ത്രീയ നിര്‍മ്മിതിയും, ഒരേ സെല്ലില്‍ അടക്കലുമെല്ലാം ദൂരവ്യാപകമായ ഫലമാണ് സമൂഹത്തില്‍ സൃഷ്ടിക്കുന്നത്. ഒരു മാസം മുമ്പ് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ നടന്ന കൊലപാതകം ഇതിനുദാഹരണമാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലാബും മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ അത്യാവശ്യമാണ്. ഒരു ലാബ് ടെക്നീഷ്യനെ മാത്രം നിലനിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഒരുപാട് സ്ഥാപനങ്ങള്‍ ഇന്നു മുണ്ട്. രോഗികളുടെ പുനരധിവാസ പ്രവര്‍ത്തനത്തിനുള്ള സംവിധാനവും സംസ്ഥാനത്ത് ശുഷ്ക്ക മാണ്. 1984ല്‍ സ്ഥാപിതമായ ഇംഹാന്സാണ് പറയാവുന്ന രീതിയില്‍ മികച്ച് നില്‍ക്കുന്നത്. രോഗം മാറിയ ആളുകളെ ആത്മവിശ്വാസമുള്ളവരാക്കാനും അഭിമാനത്തോടെ ജീവിച്ച് മുഖ്യധാരയിലേക്കെത്തിക്കാനും മുഖ്യ പങ്ക് വഹിക്കുന്ന ഒന്നാണ് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍. അതിലെ ഈ മന്ദഗതി ആശങ്കപ്പെടുത്തുന്നതാണ്. അനിവാര്യമായ മാറ്റങ്ങളെ സ്വീകരിച്ച് അടിസ്ഥാന സൗകര്യങ്ങള്‍, ചികിത്സാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക എന്നതാണ് ഏക പരിഹാരം.
മാറേണ്ട സാമൂഹിക മനോഭാവം
ഇവിടെ കൊടും തണുപ്പാണ്
നട്ടുച്ചക്കും കുളിര്
കാറ്റുപോലും വീശാറില്ല,
ഇവിടെ വന്നാല്‍ ഞാന്‍
വാതോരാതെ വര്‍ത്തമാനം പറയാം
നീ ചുമ്മാതിരുന്നു കേട്ടാല്‍ മതി
പറഞ്ഞ് പറഞ്ഞ് രാവുകള്‍
പൂവുകള്‍ പോലെ പറന്നു പോകും
സൂര്യോദയങ്ങള്‍ ഉറഞ്ഞുപോകും
പകലിന്റെ ദയനീയത കുറഞ്ഞു പോകും
ഇവിടെ വ്യാകരണങ്ങളില്ല.
എല്ലാം തുറന്നും
തുറക്കാതെയും പറയാം
വരുമോ നീ…
പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ 2017 വരെ ചികിത്സയിലുണ്ടായിരുന്ന അഞ്ജന എന്ന യുവതിയുടെ വരികളാണിത്. സ്വന്തം ഡയറിയില്‍ കോറിയിട്ട ചിന്തകളില്‍ നിന്ന് ഒരേട്. അവഗണനയുടേയും, ഒറ്റപ്പെടലിന്റെയും തീര വേദന നിഴലിക്കുന്നതാണ് അവളുടെ ഓരോ വരികളും. പത്രപ്രവര്‍ത്തകനായ ഹംസ ആലുങ്ങലിന്റെ വിഭ്രാന്തിയുടെ ഇരകള്‍ എന്ന പുസ്തകത്തില്‍ അവരുടെ കഥ വിവരിക്കുന്നുണ്ട്. കേരളത്തിന്റെ മാനസിക നിലയെക്കുറിച്ചറിയാന്‍ നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹം ഈ ജീവിതമറിയുന്നത്. നന്നായി പഠിച്ചിരുന്ന, മനോഹരമായ കവിതകളെഴുതിയിരുന്ന അഞ്ജനയെ മാനസിക രോഗത്തിന്റെ പേരില്‍ ഒരു ബാധ്യതയായി കണ്ടാണ് കുടുംബം ഈ കേന്ദ്രത്തിലെത്തിച്ചത്. അവളുടെ അസുഖം കാരണം സഹോദരിയുടെ വിവാഹം നടക്കുന്നില്ല, സഹോദരന്മാരെ സുഹൃത്തുക്കള്‍ കളിയാക്കുന്നു, അച്ഛന്റെ സുഹൃത്തുക്കള്‍ക്കും മേലുദ്യോഗസ്ഥന്മാര്ക്കും മുമ്പില്‍ അരോചകമായ കാഴ്ചയാണ് എന്നിവയൊക്കെയാണ് ഇതിന് കാരണമായി വര്‍ത്തിച്ചത്. പിന്നീട് കാര്യമായ അന്വേഷണങ്ങള്‍ക്കോ, പരിചരണത്തിനോ ആ കുടുംബം തുനിഞ്ഞിട്ടില്ല. അതിനിടയില്‍ സഹോദരന് സംരക്ഷിക്കാമെന്ന വ്യാജേന കൊണ്ട് പോയി സ്വത്തുക്കള്‍ തട്ടിയെടുത്ത് വീണ്ടും ഈ കേന്ദ്രത്തിലേക്ക് തന്നെ നട തള്ളി. 2017ല്‍ മരിക്കുന്നത് വരെ ഈ സ്ഥിതിയിലായിരുന്നു അഞ്ജന. സ്വന്തം ജീവിതത്തില്‍ അനുഭവിച്ച ഏകാന്തതയുടേയും സ്നേഹമില്ലായ്മയുടേയും ആഴം അവരുടെ മറ്റൊരു കുറിപ്പില്‍ നിന്നും നമുക്ക് വായിച്ചെടുക്കാവുന്നതാണ്. ‘ജീവിതത്തില്‍ ഏറ്റവും വലിയ വേദന പ്രാണവേദനയാണെന്ന് നിങ്ങള്‍ കരുതുന്നുവോ? എങ്കില്‍ തെറ്റാണത്. പ്രിയപ്പെട്ടവരുടെ അവഗണനയാണത്. അവഗണനയേക്കാള്‍ വലിയ വേദനയില്ല. നിങ്ങള്‍ ഒരു ആപത്തില്‍ പെട്ടെന്ന് അറിഞ്ഞ് കണ്ടില്ലെന്ന് നടിക്കുകയോ വഴി മാറി നടക്കുകയോ ചെയ്യുന്നത് കൂടെപ്പിറപ്പല്ല, നൊന്ത് പെറ്റ അമ്മയാണെങ്കിലും അവര്‍ നിങ്ങളുടെ മിത്രമല്ല… ശത്രുവാണ്’. മാനസികരോഗമാണെന്ന് അറിയുന്നതോടെ ഒരു ഭീകരജീവിയെന്നോണമാണ് സമൂഹം വീക്ഷിക്കുന്നത്. കുടുംബത്തില്‍ നിന്ന്മുള്ള പോലുമുള്ള സമീപനം അത്തരത്തിലുള്ളതാണ്. കേരളത്തിലെ പല മനോരോഗ കേന്ദ്രങ്ങളിലും രോഗം പൂര്‍ണ്ണമായും സുഖപ്പെട്ടിട്ടും ഏറ്റെടുക്കാന്‍ ബന്ധുക്കളില്ലാത്തതിനാല്‍ രോഗികള്‍ക്ക് അവിടെത്തന്നെ തുടരേണ്ടി വരുന്ന സാഹചര്യമാണുള്ളത്. മാനസികരോഗമെന്ന് അറിയുമ്പോഴെക്കും ഭ്രാന്തിലേക്കും അതിന്റെ മൂര്ത്തീകരണത്തിലേക്കും വെച്ചുകെട്ടുന്ന പ്രവണതയും സമൂഹത്തിലുണ്ട്. അതിനാല്‍ തുടര്‍ന്നുള്ള പരിണിതികള്‍ ഭയപ്പെട്ട് യഥാവിധം ചികിത്സ നേടാന്‍ പലരും ശ്രമിക്കുന്നില്ല. ഇത് വലിയ ദുരന്തങ്ങളിലേക്കാണ് രോഗികളെ കൊണ്ടെത്തിക്കുന്നത്. എന്നാല്‍ മറുഭാഗത്ത് മനോരോഗത്തിനുള്ള ചികിത്സയെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുകയാണ് ചിലര്‍. ഈ പ്രവര്‍ത്തനവും രോഗികളെ ചികിത്സയില്‍ നിന്നും പിന്തിരിപ്പിക്കുന്നു. ഷോക്ക് തെറാപ്പിയാണ് തെറ്റായി ചിത്രീകരിക്കപ്പെടുന്ന പ്രധാന ചികിത്സ. 1990 കളോടെ അണ് മോഡിഫൈഡ് ഷോക്ക് തെറാപ്പി കോടതി നിരോധിച്ചിട്ടുണ്ട്. കടുത്ത വിഷാദരോഗം, തീവ്രമായ ആത്മഹത്യാ ചിന്ത, ഭക്ഷണമോ മരുന്നോ കഴിക്കാത്ത അവസ്ഥ, മാനസികരോഗങ്ങള്‍ക്കുള്ള മരുന്ന് ഫലപ്രദമല്ലാത്ത ഘട്ടം എന്നീ സാഹചര്യങ്ങളിലെല്ലാം ഫലപ്രദമായ പാര്‍ശ്വഫലങ്ങളില്ലാത്ത ചികിത്സയാണ് E.C.T വസ്തുതകളെ മുന്‍നിര്‍ത്തി മികച്ച മാനസികാരോഗ്യം നിര്‍മ്മിക്കാനാണ് ഓരോരുത്തരും സമയം വിനിയോഗിക്കേണ്ടത്.
മാനസികാരോഗ്യം നിലനിര്‍ത്താം
എങ്ങനെയെല്ലാം മാനസികാരോഗ്യം നിലനിര്ത്താമെന്നതന് പല മാര്‍ഗ്ഗങ്ങള്‍ വിദഗ്ധര്‍ നിര്‍ദേശിക്കുന്നുണ്ട്. അവയില്‍ ചിലത് നമുക്ക് പരിശോധിക്കാം.
1. നല്ല ഭക്ഷണം കഴിക്കുക.
2. കൃത്യമായ വ്യായാമത്തില്‍ ഏര്‍പ്പെടുക. അത് മനസ്സ് തുറന്ന് സംസാരിക്കാവുന്ന സുഹൃത്തുക്കള്‍, കുടുംബങ്ങള്‍ എന്നിവരോടൊപ്പമാകുന്നത് ഫലപ്രദമായിരിക്കും.
3. ലഹരിയുടെ ഉപയോഗം കുറക്കുക.
4. ജോലി പിരിമുറുക്കം മനസ്സിനെ തളര്‍ത്താതിരിക്കാന്‍ ശ്രദ്ധാലുവാകുക.
5. ഇഷ്ടപ്പെട്ട പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുക.
6. ബന്ധങ്ങള്‍ ഊഷ്മളമാക്കുക, തുറന്ന സംസാരങ്ങള്‍ക്ക് വഴി തുറക്കുക.
7. നന്നായി വിശ്രമിക്കുകയും ഉറക്കത്തിലേര്പ്പെടുകയും ചെയ്യുക. അഞ്ച് മണിക്കൂറെങ്കിലും ഓരോരുത്തരും ഉറങ്ങാന്‍ ശ്രമിക്കണം. അല്ലാത്തവരില്‍ മാനസികാരോഗ്യം കുറയുന്നതായാണ് പഠനങ്ങള്‍ വിശദീകരിക്കുന്നത്.
8. പ്രതിസന്ധികളെ ശുഭ വിശ്വാസത്തോടെ നേരിടുക, പ്രാര്‍ത്ഥന തുടങ്ങിയ ശാന്തി നല്കുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുക.
കൃത്യമായ അവബോധമാണ് മാനസികരോഗ്യ സംബന്ധിയായി നമ്മളിലുണ്ടാവേണ്ടത്. വിദഗ്ധരുടെ നിര്‍ദേശങ്ങളെ യഥാവിധം പാലിച്ച് നല്ല നാളേക്കായി ഓരോരുത്തരും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
ഹാരിസ് കിഴിശ്ശേരി