Haris kizhissery
ട്രെന്റുകള്‍ക്ക് പിറകെയാണ് ലോകം ഇന്ന് സഞ്ചരിക്കുന്നത്. നിത്യജീവിതത്തിന്റെ സമസ്ത മേഖലകളിലും ഈ ആരവം നമുക്ക് കാണാനാകും. അതിന്ന് വായനാ മണ്ഡലങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. ‘അപ് മാര്‍കറ്റ് ഫിഷന്’ എന്ന രീതിയില്‍ പുതിയ കാറ്റഗറി തന്നെ രൂപപ്പെട്ടിരിക്കുകയാണ്. വലിയ ജനപ്രീതി ലഭിച്ച് കൊണ്ടിരിക്കുന്ന ഈ വിഭാഗം സാഹിത്യത്തോടൊപ്പം ജനകീയമായി താല്പര്യമുണര്ത്തുന്ന രചനാ രീതിയെ സ്വീകരിച്ച് കൊണ്ട് കഥാപാത്രാവിഷ്കാരത്തിനും പ്രമേയത്തിനും ഒരു പോലെ പ്രാധാന്യം നല്കുന്ന നോവലുകളായാണ് ഇവകളെ പൊതുവെ വീക്ഷിക്കപ്പെടുന്നത്. സോഷ്യല്‍ മീഡിയകളിലും വായനാലോകത്തും വലിയ സ്വീകാര്യതയാണ് ഇതിന് ലഭിക്കുന്നത്. വിശേഷിച്ചും യുവതീയുവാക്കള്‍ക്കിടയില്‍ ഇതിന്റെ വ്യാപനം വളരെ വലുതാണ്. ഈ കാറ്റഗറിയില്‍ നിന്നും സമീപകാലത്ത് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ലഭിച്ച രണ്ടു പുസ്തകങ്ങളാണ് ബിനീഷ് പുതുപ്പണത്തിന്റെ ‘പ്രേമനഗരവും’ നിമ്ന വിജയിയുടെ ‘ഏറ്റവും പ്രിയപ്പെട്ട എന്നോടും’. നവ വായനാലോകത്തിന്റെ സ്പന്ദനങ്ങളെ തിരിച്ചറിഞ്ഞ് സ്വരുക്കൂട്ടിയ അക്ഷര ലോകങ്ങള്‍, സ്ത്രീ മനസ്സുകളുടെ ഉള്ളകങ്ങളിലെ വേപഥുകളും സ്വപ്നങ്ങളും വേണ്ടുവോളം പകര്‍ത്താന്‍ സാധിച്ചത്, ഒറ്റയിരുപ്പില്‍ ഏതൊരു വായനക്കാരനെയും പിടിച്ചിരുത്താന്‍ പര്യാപ്തമായത് തുടങ്ങി വ്യത്യസ്ത സ്തുതി പാഠങ്ങളാണ് പല കോണുകളില്‍ നിന്നും പുസ്തകങ്ങളെ കുറിച്ച് ഉയര്‍ന്നു വരുന്നത്. എന്നാല്‍ ഒരു രചനയെന്ന നിലയില്‍ ഇവ സമൂഹത്തിന് എന്ത് നല്‍കിയെന്ന മറുവായനക്കും ഇവിടെ പ്രസക്തിയുണ്ട്.
പ്രേമനഗരം = ലിബറല്‍ നിലം
പ്രശസ്ത ചിന്തകന്‍ ‘ടപ്പര്’ ഒരു ഉത്തമ ഗ്രന്ഥത്തെ വിശേഷിപ്പിക്കുന്നത് ‘എന്നെന്നും വിശ്വസിക്കാവുന്ന നല്ല ഒരു സുഹൃത്തായാണ്’. ‘പരിധിയില്ലാത്ത നന്മയുടെ ചക്രവാളമായാണ്’ ഗാന്ധിജി നല്ലൊരു കൃതിയെ നിരീക്ഷിക്കുന്നത്. ഇത്തരത്തില്‍ പുസ്തകത്തിന്റെ മഹത്വങ്ങളെ അടയാളപ്പെടുത്തുന്ന നിരവധി പ്രസ്താവനകള്‍ നമുക്ക് കാണാനാകും. ഓരോ പുസ്തകങ്ങളും ഒരുപാട് നന്മകളും ധാര്‍മിക ചിന്തകളുമാണ് പ്രദാനം ചെയ്യുന്നതെന്നാണ് ഇതിന്റെ കാരണം. വായനയെ സംബന്ധിച്ച് തലച്ചോറിലെ ന്യൂറോ പ്ലാസ്റ്റിസിറ്റി എന്ന പ്രതിഭാസത്തെ അടിസ്ഥാനമാക്കി ചില പഠനങ്ങള്‍ ശാസ്ത്രലോകത്ത് നടന്നിട്ടുണ്ട്. വായനാശീലരായ മനുഷ്യര്‍ക്ക് വ്യത്യസ്ത ജീവിത വീക്ഷണങ്ങളെ സ്വായത്തമാക്കാന്‍ കഴിയുമെന്നും അതിലൂടെ സ്വന്തം ജീവിതത്തിലെ ഓരോ തലത്തെയും വിജയകരമായി നേരിടാനാകുമെന്നുമാണ് ഇതില്‍ വിശദീകരിക്കുന്നത്. ഒരു മനുഷ്യന്റെ ജീവിതത്തില്‍ പുസ്തകങ്ങള്‍ അനിതരസാധാരണമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് സാരം. ഇവിടെയാണ് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍ സമൂഹത്തിന് എന്ത് നല്‍കുന്നുവെന്ന ചോദ്യത്തിന് പ്രാധാന്യം കൈവരുന്നത്. ഈ വീക്ഷണത്തിലൂടെ തികച്ചും പ്രതികൂലാത്മകമായ സന്ദേശമാണ് ബിനീഷ് പുതുപ്പണത്തിന്റെ ‘പ്രേമനഗരം’ സമൂഹത്തിന് നല്‍കുന്നത്. ഉള്ളടക്കത്തിന്റെ വ്യത്യസ്തതയും ആരും ഇതിവൃത്തമാക്കാത്ത വിഷയങ്ങളിലൂടെയുള്ള സഞ്ചാരമെന്നൊക്കെ ന്യായീകരിച്ചാലും ലിബറല്‍ ആശയധാരയുടെ ചട്ടുകമായാണ് പലയിടങ്ങളിലും ‘പ്രേമനഗരം’ വര്‍ത്തിക്കുന്നത്. നിലവിലെ സാമൂഹികക്രമത്തിന്റെ അടിവേരറുക്കുന്ന അവിഹിതത്തിന് പ്രണയത്തിന്റെ വിശുദ്ധ ചേല കെട്ടാനുള്ള ശ്രമമാണ് ഈ നോവലിലുടനീളം കാണാനാവുക. പുസ്തകത്തിന്റെ ആമുഖക്കുറിപ്പില്‍ ശ്രദ്ധിക്കാം. ഉപാധികളില്ലാത്ത സ്നേഹമുണ്ടോയെന്ന ചോദ്യത്തിന് അതില്‍ ഉത്തരം നല്കുന്നതിങ്ങനെയാണ്: ‘ഉണ്ട്, ഒരാള്‍ തന്നെ മറ്റൊരാളായിത്തീരുന്ന, അതുതന്നെ ലോകമായത്തീരുന്ന, രതി മറികടന്ന, ധൃതി അസ്തമിച്ച സ്നേഹം. പരസ്പരം ജീവവൈദ്യുതി കടത്തി നിരന്തരം പ്രകാശിപ്പിക്കുന്ന തേജോരവം. അതിന്റെ അന്വേഷണമാണ് പ്രേമനഗരം’. പിന്നീട് ആദ്യ അദ്ധ്യായത്തില്‍ വിവരിക്കുന്നത് കേന്ദ്ര കഥാപാത്രങ്ങളായ നീലുവിന്റെയും മാധവിന്റെയും ആഭാസങ്ങളെയാണ്. ഭര്‍തൃമതിയും പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന മകളുമുള്ള ഒരു വീട്ടമ്മയാണ് നാല്പത്തിമൂന്നുകാരിയായ നീലു. മാധവ് അവളെക്കാള്‍ 10 വയസ്സിന് ചെറുപ്പവും അവിവാഹിതനുമാണ്. ഇവര്‍ ഭര്‍ത്താവിനെ വഞ്ചിച്ച് ഭര്‍തൃ വീട്ടില്‍ കാമകേളികളിലേര്പ്പെടുകയാണ്. തുടര്‍ന്ന് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും രതിയിലേര്‍പ്പെടുന്നതും ആരും മടിക്കുന്ന രതിവൈകൃതങ്ങള്‍ ചെയ്യുന്നതുമാണ് വിശദീകരിക്കുന്നത്. എന്ത് വിശുദ്ധതയാണ് ഇതില്‍ ദര്‍ശിക്കാനാകുന്നത്?. നാല്പതുകടന്ന ഭര്‍തൃമതികളായ സ്ത്രീകള്‍ ഇത്തരം ബന്ധങ്ങളിലേര്പ്പെടുന്നതില് ഒരു അസ്വാഭാവികതയുമില്ല, അതും പ്രണയത്തിന്റെ മറ്റൊരു തലമാണെന്ന വെള്ള പൂശലാണ് ഇവിടെ ചെയ്യുന്നത്. അതിനെ സാധൂകരിക്കാനെന്നോണം സമൂഹത്തിലിന്ന് നിലനില്‍ക്കുന്ന നിയന്ത്രണങ്ങളെ പലയിടങ്ങളിലും വിമര്‍ശിക്കുന്നുമുണ്ട്. ‘നാല്പത് വയസ്സ് കഴിഞ്ഞ ഒരു സ്ത്രീ പ്രേമിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ അവളുടെ ഉദ്ധേശ്യശുദ്ധിയെ ആദ്യമേ സംശയിച്ചേക്കാം. സംശയം നമ്മള് മലയാളികളുടെ രക്താണുവാണല്ലോ. വിവാഹം കഴിഞ്ഞ ഒരു പെണ്ണിന് മറ്റൊരു ബന്ധമുണ്ടെന്നറിഞ്ഞാല്‍ അവളുടെ ശരീരത്തെയാകെ ചൂഴ്ന്നു നോക്കുന്നു. ചിലപ്പോള്‍ ഓരോരോ അവയവത്തെയും കണ്ണ് കൊണ്ട് ഭോഗിക്കുന്നു’. പുരുഷന്മാരാണെങ്കില് കൂട്ടം കൂടി നില്ക്കുമ്പോള് പറയും: അവള്‍ക്ക് മതിയാവാഞ്ഞിട്ടാണ്. അവളുടെ മേനി കണ്ടാലറിഞ്ഞൂടെ ഉള്ളിലെ പൂതി. ഇതും പറഞ്ഞ് ഓരോ പുരുഷനും മൗനിയാകുകയും അവളുടെ മേനിയെ സങ്കല്പിച്ച് പുളകം കൊള്ളുകയും ചെയ്യും. സ്ത്രീകളാണെങ്കിലോ, ഓള്ക്ക് എന്തിന്റെ സൂക്കേടാ…. ഒന്നൂല്ലേലും ഒരു കുട്ടീടെ അമ്മയാണെന്നുള്ള വിചാരം വേണ്ടേ, ഭര്‍ത്താവ് ശരിക്കും അടക്കം കൊടുത്തില്ലേല് പെണ്ണുങ്ങള് കണ്ട വഴിക്ക് പോകും എന്ന് പറയും. പതിനാലോ പതിനഞ്ചോ വയസ്സുള്ള കുട്ടികളാണെങ്കിലോ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് മായാലോകം സൃഷ്ടിച്ച് അതില്‍ ഒരാഴ്ച താമസിക്കും. ഇതാണ് നമ്മുടെയൊക്കെ സാമൂഹ്യബോധം’. സമൂഹത്തിന്റെ ബോധങ്ങള്‍ അധമനിലങ്ങളില് അന്തിയുറങ്ങുകയാണെന്നും ഇത്തരം ബന്ധങ്ങള്‍ യാതൊരു വിധത്തിലുമുള്ള ആക്ഷേപങ്ങള്‍ക്ക് പാത്രീഭവിക്കേണ്ടതില്ലായെന്നുമുള്ള ചിന്താ നിര്‍മിതിക്കാണ് ഗ്രന്ഥകാരന് ശ്രമിക്കുന്നത്. മറ്റൊരിടത്ത് പ്രസ്താവിക്കുന്നു: ‘ഒരു അമ്മയായവളെ, ഭാര്യയായ സ്ത്രീയെ പ്രണയിച്ചുകൂടാ എന്നാണോ? മനസ്സ് ഇടക്കിടെ ചോദിച്ചു. അതിനെനിക്ക് ഒറ്റക്ക് ഉത്തരം കണ്ടെത്താനാവുമെന്ന് തോന്നുന്നില്ല. എന്തു കൊണ്ടെന്നാല്‍ നൂറ്റാണ്ടുകളായി ഘനീഭവിച്ച് കിടക്കുന്ന, പ്രണയത്തെ സംബന്ധിക്കുന്ന അധമബോധം പേറുന്നവരാണ് നമ്മള് മലയാളികള്‍. ഒരു ഭാര്യ മറ്റൊരാളുമായി പ്രണയത്തിലാണെന്നറിഞ്ഞാല് ഈ പറയുന്ന ഞാനും അങ്ങേയറ്റം സദാചാരവാദിയായി മാറും. പതിവ്രത എന്ന സംസ്കൃത പദം തന്നെ സദാചാരത്തിന്റെ ഏറ്റവും വലിയ അമ്പാണെന്ന് നമ്മുടെ സമൂഹം തിരിച്ചറിഞ്ഞിട്ടേയില്ല. ‘പതി’ എന്നാല്‍ ഭര്‍ത്താവ്, ‘വ്രത’ എന്നാല്‍ വ്രതമനുഷ്ഠിക്കുന്നവള്. ഭര്‍ത്താവിനെ മാത്രം, ഭര്‍ത്താവില്‍ മാത്രം മനസ്സും ശരീരവും ആത്മാവും അര്പ്പിക്കുന്നവളത്രെ പതിവ്രത. അങ്ങനെയാവുമ്പോള്‍ പതിവ്രത എന്ന ശബ്ദം തീര്‍ച്ചയായും ‘സതി’ എന്ന അനാചാരത്തിന്റെ അര്‍ത്ഥത്തെ ധ്വനിപ്പിക്കുന്നു. ഭര്‍ത്താവിനു വേണ്ടി മാത്രം എരിഞ്ഞുതീരുന്നവള് എന്തൊരു വൃത്തി കേടാണിത്’. ഭര്‍ത്താവിനോട് പുലര്‍ത്തുന്നത് അടിമത്തമാണെന്നും അത് ഉരുകിത്തീരലുമാണെന്നും ചിത്രീകരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. അവിഹിതത്തെ മഹത്വവത്കരിക്കാനാണ് ഈ ചിന്തകള്‍ നാമ്പെടുക്കുന്നത് എന്നോര്‍ക്കണം. ഭാര്യാ ഭര്ത്താക്കന്മാര് പരസ്പരം വിശ്വാസമുള്ളവരോ കടമയുള്ളവരോ ആകണമെന്നില്ല. പ്രണയമെന്ന പേരില്‍ കാമശമനത്തിന് ഭര്ത്താവല്ലാത്തവരുമായും രതിയിലേര്പ്പെടാമെന്ന പുഴുക്കുത്താണ് ഈ വരികളിലൂടെ അനാവൃതമാവുന്നത്. കഥാപാത്രങ്ങളുടെ ചിന്തകളായി ആവിഷ്കരിച്ച ഇത്തരം മലീമസമായ ആശയങ്ങള്‍ സമൂഹം ഇന്ന് വരെ കാത്തു സൂക്ഷിച്ച ധാര്മികതക്കെതിരെയുള്ള കൂരമ്പാണ്. യഥാര്‍ത്ഥത്തില്‍ സമൂഹത്തിന്റെ ആരോഗ്യപരമായ നിലനില്‍പ്പിനു തന്നെ വിഘാതമാകുന്ന, സകല സാമൂഹിക നന്മകളെയും കാര്‍ന്നു തിന്നുന്ന അര്‍ബുദമാണ് അവിഹിതം. എല്ലാ കാലവും പൊതു സമൂഹം ഇതിനെ മ്ലേച്ഛമായും അധാര്‍മികവും അസന്മാര്ഗ്ഗികവുമായാണ് കണക്കാക്കിയിട്ടുള്ളത്. വൈവാഹികം, കുടുംബം എന്നീ സാമൂഹിക സ്ഥാപനങ്ങള്‍ പ്രദാനം ചെയ്യുന്ന അടിസ്ഥാന ലക്ഷ്യങ്ങളുടെ നഗ്നമായ ലംഘനമാണിത്. വിദൂര ഫലമുളവാക്കുന്ന വലിയ പ്രത്യാഘാതങ്ങളാണ് ഈ പ്രവര്‍ത്തനം സൃഷ്ടിക്കുന്നത്. ബന്ധ വിച്ഛേദനം, കുടുംബ ശൈഥില്യം, കുട്ടികളോടുള്ള അനീതി തുടങ്ങിയവ ഇതില്‍ ചിലതു മാത്രമാണ്. രാജ്യത്തെ കുടുംബ ശൈഥില്യങ്ങളില്‍ നല്ലൊരു പങ്കും ഇന്ന് അവിഹിതത്തെ തുടര്‍ന്നാണുണ്ടാകുന്നത്. വിശിഷ്യാ കേരളത്തിന്റെ സ്ഥിതിയും മറിച്ചല്ല. അവിഹിതത്തെ തുടര്‍ന്ന് പല ബന്ധങ്ങളും വിവാഹ മോചനത്തിലേക്കെത്തിപ്പെടുകയാണ്. 2021 ലെ കണക്കനുസരിച്ച് രാജ്യത്തെ വിവാഹ മോചനക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ കേരളമാണ് മുന്നില്‍ നില്‍ക്കുന്നത്. സംസ്ഥാനത്തെ വിവിധ കോടതികളിലായി 1.4 ലക്ഷം കേസുകളാണ് ഇതു സംബന്ധിയായി തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നത്. ഇതില്‍ അനേകം കേസുകള്‍ അവിഹിതം കാരണമായുണ്ട്. താനുമായുള്ള ദാമ്പത്യ ബന്ധത്തില്‍ ഇണ തൃപ്തയല്ലായെന്നും അതു ലഭിക്കാന്‍ വേണ്ടി ബന്ധം നിലനില്‍ക്കെ മറ്റൊരാളില്‍ അഭയം പ്രാപിച്ചു എന്നറിയുന്ന ഏതൊരാളിലും അസ്വസ്ഥത നുരഞ്ഞു പൊന്തുന്നത് സ്വാഭാവികമാണ്. ആവശ്യമായ സന്തോഷവും സംരക്ഷണവും കൊടുത്തിട്ടും തന്നെ വഞ്ചിച്ചുവെന്ന ചിന്ത കടുത്ത അമര്‍ഷത്തിലേക്ക് പങ്കാളിയെ നയിക്കാന്‍ നിദാനമാകുന്നു. പിന്നീട് ഇത് വെറുപ്പിലേക്ക് കൂടുമാറി അവസാനം വിവാഹ മോചനത്തിലേക്കെത്തുകയാണ്. സ്ത്രീയുടെ വഴിവിട്ട ബന്ധങ്ങളില്‍ അതൃപ്തരായ കുടുംബവും ഈ സമയത്ത് മുഖം തിരിക്കുന്നു. ഇത്തരം കേസുകളില്‍ പലപ്പോഴും കാമുകന്മാരും കൈയൊഴിയുകയാണു പതിവ്. ഇവിടെ സ്ത്രീ സുരക്ഷിതയില്ലായ്മയുടെയും അസ്ഥിരതയുടെയും നിലയില്ലാക്കയത്തിലേക്കാണ് തള്ളപ്പെടുന്നത്. കാമുകന്മാര് സ്വീകരിക്കുന്നവര്‍ തന്നെ അല്പവര്ഷത്തിനകം ബന്ധം തകര്‍ന്ന് വേര്‍പിരിയുന്നതാണ് കാണുന്നത്. ചുരുക്കത്തില്‍ അവിഹിതം സ്ത്രീയെ ചൂഷണത്തിന്റെയും കാമത്തിന്റെയും വെറും കളിപ്പാവയാക്കുകയാണെന്നര്ത്ഥം. ‘ലിവിംഗ് ടുഗദര്‍’ ബന്ധങ്ങള്‍ പോലും മാന്യമായ ജീവിതം നയിക്കാനുള്ള സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പര്യാപ്തമല്ല. ഇത്തരം ബന്ധങ്ങള്‍ ലൈംഗീകാതിക്രമം വര്‍ധിക്കാന്‍ കാരണമാകുന്നു എന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെയും രാജസ്ഥാന് മനുഷ്യാവകാശ കമ്മീഷന്റെയും നിരീക്ഷണം നിലനില്‍ക്കെ അവിഹിതം മൂലമുണ്ടാകുന്ന ബന്ധങ്ങള്‍ക്ക് എത്ര ആയുസ്സുണ്ടാകുമെന്ന് ചിന്തിക്കാവുന്നതേയൊള്ളൂ. അവിഹിത ഫലമായുണ്ടാകുന്ന കുടുംബ ശൈഥില്യങ്ങള് കുട്ടികളെയും സാരമായി ബാധിക്കുന്നുണ്ട്. സംസ്ഥാന പോലീസ് കഴിഞ്ഞ 3 വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചു തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഇത് സവിസ്തരം പ്രതിപാതിക്കുന്നുണ്ട്. കുട്ടികളിലെ ആത്മഹത്യാ നിരക്ക് വര്‍ധിക്കാന്‍ പ്രധാന കാരണം കുടുംബ ബന്ധങ്ങളിലെ പ്രശ്നങ്ങളും അതിന്റെ ശൈഥിലീകരണവുമാണ്. ഓണ്‍ലൈന്‍ ഗെയിമുകള്‍, പ്രണയ നൈരാശ്യം തുടങ്ങിയവ ആത്മഹത്യക്ക് കാരണമായിട്ടുണ്ടെങ്കിലും അത് ചെറിയൊരു ശതമാനം മാത്രമാണ്. കേരളത്തതില്‍ ബാല്യകാല ആത്മഹത്യാ പ്രവണതകള്‍ വര്‍ധിക്കുന്നുവെന്ന് കുട്ടികളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി പ്രവര്‍ത്തിക്കുന്ന ‘ദിശ’ എന്ന സംഘടന 2020 ല്‍ നടത്തിയ പഠനത്തില്‍ സൂചിപ്പിക്കുന്നുണ്ട്. സംസ്ഥാനത്ത് 12 ലക്ഷത്തോളം വീടുകളില്‍ കുട്ടികള്‍ ഭയപ്പാടിലാണ് കഴിയുന്നതെന്നും ഇവര്‍ ഭയക്കുന്നത് മാതാപിതാക്കളെയാണെന്നുമുള്ള മറ്റൊരു പഠനവും അടുത്തിടെ പുറത്തു വരികയുണ്ടായി. അവിഹിതം മൂലം അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന കുടുംബ സാഹചര്യങ്ങളിലെ കുട്ടികളുടെ സ്ഥിതി ഈ കണക്കുകളുമായി കൂട്ടി വായിക്കുമ്പോള്‍ തന്നെ ദുരന്തമുഖം വ്യക്തമാണ്. കൂടുതല്‍ സംരക്ഷണവും ഊഷ്മളമായ സ്നേഹവും നിര്‍ബാധം ലഭിക്കേണ്ട കാലഘട്ടമാണ് ബാല്യകാലം. ഒരു കുട്ടിയെ മൂല്യബോധമുള്ള മനുഷ്യനായി പരിവര്‍ത്തിക്കാന്‍ ക്രിയാത്മകമായ പാരന്ിംഗ് ആവശ്യമാണ്. ഇത്തരം പ്രശ്നങ്ങള്‍ കുട്ടികളുടെ ലോലമനസ്സിനെ പ്രതികൂലമായി ബാധിക്കും. അവരെ കൂടുതല്‍ അന്തര്‍മുഖരാക്കും. അതിനാല്‍ ഈ സാഹചര്യങ്ങളിലേക്ക് നയിക്കുന്ന ആശയങ്ങളും ഗ്രന്ഥങ്ങളും നിരുത്സാഹപ്പെടുത്തേണ്ടതാണ്.
ഏറ്റവും പ്രിയപ്പെട്ട എന്നോട്
ആര്‍ക്കു വേണ്ടി?
സ്വയം അറിയുക, സ്നേഹിക്കുക എന്നത് മനുഷ്യ ജീവിതത്തെ സുന്ദരമാക്കുന്നതില്‍ നിര്‍ണായകമായ ഘടകമാണ്. ഓരോരുത്തരിലും ആത്മാഭിമാനം നിറക്കാനും അതു വഴി പല പ്രതിസന്ധികളെയും ക്രിയാത്മകമായി മറികടക്കാനും ഈ സ്വയം മനസ്സിലാക്കല്‍ ഉപയുക്തമാണ്. അന്തര്‍മുഖത പോലുള്ള മാനസിക ഉള്വലിവ ിന് ഇതു പരി ഹാരമാകുന്നു. സ്ഥൈര്യത്തോടെ ഓരോ പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കാന്‍ സാധിക്കുന്നു. അതിനാല്‍ സ്വയം സ്നേഹം (ലെഹള ഹീ്ല) ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും അത്യാവശ്യമാണ്. എന്നാല്‍ ഈ പ്രക്രിയ സ്വാര്‍ത്ഥതയിലേക്ക് ഇഴ ചേരാതെ സൂക്ഷിക്കേണ്ടതുണ്ട്. സ്വാര്‍ത്ഥതയും സ്വയം സ്നേഹവും തമ്മിലുള്ള അന്തരത്തിന് പ്രത്യക്ഷത്തില്‍ നൂലിഴ വ്യത്യാസമെ കാണാനാകുവെന്ന സാഹചര്യത്തില്‍ ഇത് പ്രത്യേകിച്ചും. പക്ഷെ, ചിലരിന്ന് സ്വാര്‍ത്ഥതയെ സ്വയം സ്നേഹമെന്നു തെറ്റിദ്ധരിക്കുകയാണ്. സ്വയം ഇഷ്ടങ്ങളേ വേണ്ടൂ, മാതാപിതാക്കളുടെ താല്പര്യങ്ങള്ക്കും ആകുലതക്കും ഒരു സ്ഥാനവും വേണ്ടായെന്ന സ്വാര്‍ത്ഥത കലര്‍ന്ന ചിന്തയാണ് അവരില്‍ നിന്നും ഉടലെടുക്കുന്നത്. ഇത്തരം സമാനമായ ആശയങ്ങളെ പുണര്‍ന്നാണ് നിമ്ന വിജയിയുടെ ‘ഏറ്റവും പ്രിയപ്പെട്ട എന്നോടും’ സമൂഹത്തോട് സംവദിക്കുന്നത്. ‘വീട്ടുകാരെന്നെ സ്നേഹിക്കണം, മനസ്സിലാക്കണം എന്ന വാശി ഇപ്പോള്‍ എനിക്കില്ല. എല്ലാവരെയും സന്തോഷപ്പെടുത്തി സ്വയം നഷ്ടപ്പെടുത്തി ജീവിക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ലെന്ന് എനിക്കറിയാം. എന്നെ മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിയുന്നില്ലെങ്കില്‍ ആ സ്നേഹം എനിക്കിനി വേണ്ട. ഇനി എന്റെ ജീവിതത്തില്‍ എന്ത് സംഭവിക്കണമെന്ന് ഞാന്‍ തന്നെ തീരുമാനിക്കും’ എന്ന കേന്ദ്ര കഥാപാത്രമായ അഥിതിയുടെ അവസാന ഭാഗത്തെ ആലോചനകള്‍ തീര്‍ത്തും ഈ സ്വാര്‍ത്ഥതയെ സ്വാംശീകരിച്ചിട്ടുള്ളതാണ്. സ്വന്തം സ്വഭാവത്തിലും ജീവിതരീതികളിലും എന്തെങ്കിലും പിഴവുകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് പുനരാലോചിക്കാതെ മുതിര്‍ന്നവരുടെ നിര്‍ദേശങ്ങളെ ‘തന്തവൈബ്, അപരിഷ്കൃതം’ വിളികളോടെ സമൂലമായി തിരസ്കരിക്കുന്ന ഒരു തലമുറയെ തെറ്റായ പാതയിലേക്കാണ് ഇതു നയിക്കുന്നത്. ഇതാണ് സ്വയം സ്നേഹം (self love) എന്ന് സ്വാര്‍ത്ഥതക്ക് മേമ്പൊടിയിടുന്നത് അതിന്റെ തനിമയില്‍ മായം ചേര്‍ക്കുന്നതാണ്. സ്വയം മനസ്സിലാക്കുകയും സ്നേഹിക്കുന്നതോടുമൊപ്പം മറ്റുള്ളവരെയും ചേര്‍ത്ത് പിടിക്കുന്ന മാനസിക നില കൈവരിക്കല്‍ കൂടിയാണ് സ്വയം സ്നേഹം. അവശരെയും അശരണരെയും ഉള്‍കൊള്ളാനുള്ള മനോഭാവമുണ്ടെങ്കിലേ ഒരു മനുഷ്യന് നല്ല വ്യക്തിത്വം രൂപപ്പെടുത്താനാകൂ. ഇത്തരം വ്യക്തികള്‍ക്കെ സ്വന്തം വ്യക്തിത്വത്തെ ശരിയായ വിധത്തില്‍ അറിയാനും സ്നേഹിക്കാനുമാകൂ. ഈ മനസ്ഥിതി രൂപപ്പെടുത്തുന്നതില്‍ കുടുംബത്തിനും വലിയ സ്വാധീനമുണ്ട്.പ്രശസ്ത മനഃശാസ്ത്രജ്ഞനായ ബ്രാന്‍ഡന്‍ നിരീക്ഷിക്കുന്നതിങ്ങനെയാണ്: ‘സ്വയം സ്നേഹമുള്ളവര് ആത്മാഭിമാനമുള്ള വ്യക്തികളായിരിക്കും. ആത്മാഭിമാനമുള്ള ഒരു വ്യക്തിക്കെ ജീവിത പ്രശ്നങ്ങളെ നന്നായി കൈകാര്യം ചെയ്യാന്‍ കഴിയൂ. ആത്മാഭിമാനം അഥവാ സ്വയം മതിപ്പ് ഒരു വ്യക്തിയില്‍ സ്വയം രൂപപ്പെടുന്നതാണ്. കുടുംബമാണ് ഇതിന് ഏറ്റവും വലിയ പങ്ക് വഹിക്കുന്നത്’. അതിനാല്‍ കുടുംബത്തെ പാടെ അവഗണിക്കുകയെന്നത് ഉചിതായ സമീപനമല്ല. കുടുംബം നിര്‍ദേശിക്കുന്നതില്‍ അനുഗുണമായത് സ്വീകരിക്കുകയും അപാകതയുള്ളത് തിരുത്തുകയുമാണ് വേണ്ടത്. മറിച്ച്, ബന്ധം അറുത്തുമാറ്റുകയെന്നത് സ്വാര്‍ത്ഥതക്ക് പിന്നാലെയുള്ള സഞ്ചാരമാണ്. നോവലില്‍ കേന്ദ്ര കഥാപാത്രത്തിനെന്തേ കുടുംബത്തിനോടിത്ര തീരാ അമര്‍ഷമെന്ന് ന്യായമായും സംശയം തോന്നാം. ലിബറലിസത്തിന്റെ ആശയങ്ങളെ വിറ്റഴിക്കുകയാണ് ഈ വിരോധത്തിന് പിന്നിലൂടെ നോവലിസ്റ്റ് ചെയ്യുന്നത്. സ്വവര്‍ഗ ചിന്ത ആരിലും ഉടലെടുക്കാവുന്ന സ്വാഭാവിക മനഃസ്ഥിതിയാണെന്ന സാമാന്യവല്കരണത്തിനാണ് സംഭാഷണശകലങ്ങളിലൂടെ അവര്‍ ശ്രമിക്കുന്നത്. ‘കൗണ്‍സലിംഗ് കൊടുത്ത് നേരെയാക്കാന്‍ അവന് എന്ത് പ്രശ്നമാണുള്ളത്? ഇതൊരു രോഗമായാണ് നിങ്ങളിപ്പോഴും കാണുന്നത്. അത് കൊണ്ട് തന്നെയാണ് അവനിറങ്ങിപ്പോയത്. നിങ്ങളവനെ മനസ്സിലാക്കില്ലെന്നുറപ്പുള്ളത് കൊണ്ട്’. ‘ആണും പെണ്ണും കല്യാണം കഴിക്കുന്നത് മാത്രാണോ കുടുംബം? നിങ്ങളൊക്കെ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. അവന് പണ്ടേ അങ്ങനെയാണ്. അമ്മക്ക് ഒരു പുരുഷനോട് തോന്നുന്ന അതേ വികാരം അവന് മറ്റൊരു പുരുഷനോട് തോന്നുന്നു. അത്രേയുള്ളൂ….’ തുടങ്ങിയ അഥിതിയുടെ വാക്കുകള്‍ സ്വവര്‍ഗ പ്രണയെത്തെയും വിവാഹത്തെയും സാധാരണ പ്രവര്‍ത്തനങ്ങളുടെ ഏടുകളിലേക്ക് തുന്നിച്ചേര്‍ക്കുകയാണ്. അമ്മായിയുടെ മകന്റെ സ്വവര്‍ഗപ്രണയത്തെ ചോദ്യം ചെയ്ത കുടുംബത്തെ പ്രതിക്കൂട്ടില്‍ ക്രൂശിക്കുകയും ചെയ്യുന്നു. ‘അമ്മക്ക് എങ്ങനെയാണ് ഇങ്ങനെയൊക്കെ സംസാരിക്കാന്‍ തോന്നുന്നത്? നിങ്ങളിനി എന്ത് പറഞ്ഞാലും സത്യം സത്യമല്ലാതെ ആകില്ല. കണ്ണന് ഗേയാണ്. അവന് അങ്ങനെയേ ആകാന്‍ കഴിയൂ. അച്ഛനും അമ്മയ്ക്കുമൊക്കെ ഈ പുരോഗമനവും കമ്യൂണിസവുമൊക്കെ പുറത്തെ ആള്‍ക്കാരെ കാണിക്കാനുള്ളതാണോ? സ്വന്തം കുടുംബത്തില്‍ അങ്ങനെയൊന്ന് സംഭവിക്കുമ്പോള്‍ എന്ത് കൊണ്ടാണ് അംഗീകരിക്കാന്‍ കഴിയാത്തത്’ എന്ന വാക്കുകള്‍ ഈ വസ്തുതയെ സാധുകരിക്കുന്നുണ്ട്. ആധുനിക കാലത്ത് സമര്‍ത്ഥിക്കുന്നത് പോലെ അത്ര നിരുപദ്രവകരമായ പ്രവര്‍ത്തനമാണോ സ്വവര്‍ഗ പ്രണയങ്ങളും വിവാഹങ്ങളും? ‘അല്ലാ’ യെന്ന ഉത്തരത്തിലേക്ക് വേഗത്തില്‍ നമുക്കെത്തിച്ചേരാനാകും. കൗണ്‍സലിംഗും മതിയായ ചികിത്സയും ആവശ്യമായ തികഞ്ഞ മനോവൈകൃതമാണ് സ്വവര്‍ഗപ്രണയങ്ങള്‍. കുടുംബത്തകര്‍ച്ച, ലൈംഗികവും മാനസികവുമായ രോഗങ്ങള്‍ തുടങ്ങിയ വിദൂരഫലമുളവാക്കുന്ന പല പ്രത്യാഘാതങ്ങളും ഇത് സൃഷ്ടിക്കുന്നുണ്ട്. അപക്വമായ മാനസികാവസ്ഥയുടെ ഫലമായാണ് ഇത്തരം സ്വവര്‍ഗ പ്രണയങ്ങളും രതിയും ഉരുവാകുന്നത്. അന്തഃസ്രാവ വ്യവസ്ഥാ ഗവേഷകന് ഡോ: ഹരി ബെഞ്ചമിന്‍ പറയുന്നു: ‘സാമൂഹിക പരിഗണന നല്‍കേണ്ട ഒരു മനോവ്യതിയാനമാണ് സ്വവര്‍ഗലൈംഗിക വാദം. അത്തരം വ്യതിയാനങ്ങളെ ചൂഷണം ചെയ്യുകയാണ് സ്വവര്‍ഗലൈംഗിക വാദികള്‍’. തീര്‍ത്തും പ്രകൃതി വിരുദ്ധമാണ് ഈ പ്രവര്‍ത്തനം. എതിര് ലിംഗങ്ങള്‍ ഇണചേരുകയും സന്താനോല്പാദനത്തിലൂടെ വംശപരമ്പരയെ നിലനിര്‍ത്തുന്നതുമാണ് പ്രകൃതിയുടെ സ്വാഭാവിക രീതി. കാമശമനമെന്നതിലുപരി വിവാഹങ്ങളുടെ അടിസ്ഥാന ലക്ഷ്യവുമിതാണ്. എന്നാല്‍ ഘടകവിരുദ്ധമായാണ് സ്വവര്‍ഗപ്രണയങ്ങള്‍ വര്‍ത്തിക്കുന്നത്. മനുഷ്യസൃഷ്ടിപ്പും എതിര്‍ലിംഗങ്ങള്‍ തമ്മില്‍ ഇണചേരലിനെയാണ് സൂചിപ്പിക്കുന്നത്. മൃദുലവും മാംസളവുമായ സ്ത്രീ ശരീരവും ദൃഡവും പേശീനിര്‍മിതവുമായ പുരുഷ ശരീരവുമാണ് സംഗമിക്കേണ്ടത്. ഈ രീതിക്കേ മനുഷ്യന്റെ ലൈംഗിക വികാരത്തെ തീവ്രമായി ഉത്തേജിപ്പിക്കാനാകൂ. അല്ലാത്തവ ചുരുങ്ങിയ തിരതല്ലലില് അവസാനിക്കും. ഡേവിഡ് പാമാക്വേര്ട്ട്ര്, ആന്‍ഡ്രൂ എം മാറ്റിന്‍സണ്‍ എന്നിവര്‍ ചേര്‍ന്ന് 156 പുരുഷ ജോഡികളില്‍ നടത്തിയ പഠനം വിരല്‍ ചൂണ്ടുന്നത് ഈ യാഥാര്‍ത്ഥ്യത്തിലേക്കാണ്. സ്വവര്‍ഗരതിക്കാര്‍ തമ്മിലുള്ള ബന്ധത്തിന് ഏറെ ദൈര്ഘ്യമുണ്ടാകില്ലായെന്നും ചുരുങ്ങിയ കാലയളവില്‍ തന്നെ ആ ബന്ധം അവസാനിക്കുമെന്നുമാണ് അതില്‍ പ്രതിപാദിക്കുന്നത്. അഥവാ സ്വവര്‍ഗ പ്രണയവും വിവാഹവും പ്രകൃതിയോട് യോജിക്കാത്തതും ആയുസ്സ് കുറഞ്ഞതുമാണെന്ന് സാരം. യഥാര്‍ത്ഥത്തില്‍ ലൈംഗിക അരാജകത്വത്തിലേക്കാണ് സ്വവര്‍ഗപ്രണയം മനുഷ്യനെ നയിക്കുന്നത്. ബ്രിട്ടീഷ് ചരിത്രകാരന് അര്‍ണോള്‍ഡ് ടോയന്‍ബി നിരീക്ഷിക്കുന്നത് പോലെ ലൈംഗിക അരാചകത്വം നമ്മുടെ നാടിനെയും സമൂഹത്തെയും തകര്‍ക്കും. 2023 ല്‍ സ്വവര്‍ഗവിവാഹത്തിന് നിയമസാധുത നല്‍കണമെന്ന ആവശ്യത്തിനെ സുപ്രീം കോടതി നിരാകരിച്ചതും ഈ വസ്തുതകളുടെ അടിസ്ഥാനത്തിലാണ്. അതിനാല്‍ വലിയ ധാര്‍മിക തകര്‍ച്ചക്ക് ഹേതുവാകുന്ന ഇത്തരം നടപടികളെ പ്രോത്സാഹിപ്പിക്കുന്നത് ലാഘവത്തോടെ കാണാനാകില്ല. ‘നിങ്ങള്‍ക്ക് ഇന്ന് ആസ്വദിക്കാനും അനുഭവിക്കാനും കഴിയുന്ന ഒരു ആനന്ദവും ഒരു കാരണവശാലും നാളേക്കു മാറ്റി വെക്കരുത്’ എന്ന നാസ്തിക ദാര്‍ശികനായ ആന്‍ഡസ് ഹക്സ്സിന്റെ സിദ്ധാന്തത്തെ അരികുപിടിച്ച് വരുന്ന ഈ പ്രവണതകളെ പിന്താങ്ങുന്നത് തികഞ്ഞ വിവേകശ്യൂനതയാണ്.
Great 👍