2011 March-April അനുസ്മരണം ആത്മിയം ചരിത്ര വായന

ജീലാനി(റ): മാതൃകാ പ്രബോധകന്‍

imagesgh

അഖിലലോക രക്ഷിതാവും അധിപനുമായ അല്ലാഹുവിന്‍റെ അധ്യാപനത്തെ ശിരസാവഹിക്കുകയും അക്ഷരാര്‍ത്ഥത്തില്‍ ജീവിതത്തിലൂടെ സാക്ഷാത്കരിക്കുകയുമായിരുന്നു ശൈഖ് ജീലാനി(റ) എന്ന അധ്യാത്മിക നക്ഷത്രം. ബാഗ്ദാദിലേക്ക് വിദ്യ അഭ്യസിക്കാന്‍ മാതാവ് മകനെ അയക്കുന്പോള്‍ പറഞ്ഞ കളവ് പറയരുത് എന്ന ആജ്ഞ അക്ഷരം പ്രതി അനുസരിക്കുകയും കൊള്ളസംഘത്തെയൊന്നാകെ ഇസ്ലാമിന്‍റെ ആശയതീരത്തേക്ക് വഴി നടത്തുകയായിരുന്നു ശൈഖ് ജീലാനി(റ). സ്വയം നന്നാവുകയും എന്നിട്ട് മറ്റുള്ളവരെ അതിന് പ്രോത്സാഹിപ്പിക്കുകയെന്ന ഇസ്ലാമികപ്രബോധന രീതിയുടെ ഏറ്റവും മനോഹരമായ ഉദാഹരണമായിരുന്നു ആധ്യാത്മിക പുരുഷനായ ശൈഖ് ജീലാനി(റ).
ബാഗ്ദാദാണ് ശൈഖ് അവര്‍കള്‍ നീണ്ട എഴുപത്തിമൂന്ന് വര്‍ഷം തന്‍റെ പ്രബോധന പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആസ്ഥാനമായി തെരഞ്ഞെടുത്തത്. ഇമാം ഗസ്സാലി (റ) ബാഗ്ദാദിനോട് വിടവാങ്ങിയ ദിവസമാണ് പതിനൊന്ന് വര്‍ഷത്തെ ഏകാന്തവാസം അവസാനിപ്പിച്ച് ശൈഖ് ജീലാനി(റ) ബാഗ്ദാദിലെത്തുന്നത്. അവിടെയെത്തിയ അദ്ദേഹം അവിശ്വാസം അശാന്തമാക്കിയ മനതലങ്ങളില്‍ വിശ്വാസത്തിന്‍റെ വെളിച്ചം പ്രസരിപ്പിച്ചു. പതിനെട്ടാം വയസ്സില്‍ ബാഗ്ദാദില്‍ പ്രവേശിച്ച ശൈഖവര്‍കള്‍ പ്രസ്തുത കാലത്തെ പ്രാപഞ്ചിക സുഖാഢംബരങ്ങളെ ത്യജിച്ച മഹാത്മാക്കളുടെ സമീപത്തെത്തി. ജീലാനി (റ) അവരെ സമീപിച്ച് ആത്മീയ പാഠങ്ങള്‍ നുകര്‍ന്നു.തദവസരം ശൈഖവര്‍കളെ അധ്യാത്മികതയുടെ കൊടുമുടിയിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഖാളീ അബൂ സഈദില്‍ മുബാറകില്‍ മുഖര്‍റമി(റ)തന്‍റെ മഹത്തായ മതപാഠശാലകള്‍ ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിയെ ഏല്‍പ്പിച്ചു. ഉസ്താദില്‍ നിന്ന് ശൈഖവര്‍കള്‍ അത് സ്വീകരിക്കുകയും ജനങ്ങള്‍ക്കാവശ്യമായ അറിവുകള്‍ പഠിപ്പിക്കാനും ആര്‍ജ്ജവത്തോടെ സന്നദ്ധനാവുകയും ചെയ്തു. തന്നിമിത്തം ജനസാഗരം കൊണ്ട് ആ വൈജ്ഞാനിക കേന്ദ്രം വീര്‍പ്പുമുട്ടി.
പ്രഭാഷണവൈഭവം
കോരിത്തരിപ്പിക്കുന്ന തന്‍റെ പ്രഭാഷണവൈഭവം കൊണ്ട് ലക്ഷകണക്കിന് ജനങ്ങളെ കൊടും തമസ്സില്‍ നിന്നും നിറവെളിച്ചത്തിലേക്ക് വഴിനടത്തി.പ്രഭാകിരണങ്ങളിലേക്ക് ആനയിച്ചു.
പ്രബോധകന്‍റെ നാവിനും മഷിക്കും ഒരുത്തമനൂറ്റാണ്ടിന്‍റെ സംസ്ഥാപനത്തിന് സാധിക്കുമെന്നതിന്‍റെ നേര്‍സാക്ഷ്യമായിരുന്നു ശൈഖവര്‍കളുടെ പ്രൗഢമായ പ്രഭാഷണങ്ങളൊക്കെയും.പ്രഭാഷണകലയില്‍ നല്ല നൈപുണ്യമുള്ള ശൈഖവര്‍കളുടെ പ്രസംഗങ്ങള്‍ അത്യുജ്ജലവും ചരിത്രപ്രസിദ്ധവുമായിരുന്നു.ബഹ്ജത്തുല്‍ അസ്റാര്‍ ജീലാനി തങ്ങളുടെ പ്രസംഗങ്ങളെക്കുറിച്ച് അടയാളപ്പെടുത്തുന്നത് ഇങ്ങനെയാണ്.
അധ്യയനം നടത്താനും പ്രസംഗിക്കാനും ശൈഖവര്‍കള്‍ക്ക് സംശയല്യേമന്യേ ഉത്തരവ് ലഭിച്ചു.പ്രഥമപ്രഭാഷണത്തിനു അരങ്ങൊരുങ്ങിയത് ഹിജ്റ 521 ശവ്വാലിലാണ്.ആത്മീയതയുടെ പ്രഭ പ്രസരിച്ച അദ്ദേഹത്തിന്‍റെ പ്രസംഗങ്ങള്‍ ഔലിയാക്കളാലും മലക്കുകളാലും ധന്യമായിരുന്നു.വിശുദ്ധഖുര്‍ആനിനും തിരുസുന്നത്തിനും അനുഗുണമായിട്ടായിരുന്നു തന്‍റെ പ്രസംഗങ്ങള്‍ മുഴുവനും സത്യദീനുമായിട്ടകന്ന അധികമാളുകളെ നാഥനിലേക്കടുപ്പിക്കാനും ചഞ്ചലമാനസരെ അചഞ്ചലമാക്കാനും ശൈഖവര്‍കളുടെ പ്രസംഗം ഹേതുവായി.ലാഭലോഭഭോഗേഛകളില്‍ ബന്ധസ്ഥരായവരെ ബന്ധനമുക്തമാക്കി. മഹാനവര്‍കള്‍ മുഖേന അനേകം ഔലിയാക്കള്‍ പിറവിയെടുക്കുകയുണ്ടായി”(ബഹ്ജത്തുല്‍ അസ്റാര്‍)
പ്രബോധന മാര്‍ഗ്ഗത്തിലെ മറ്റൊരുചാലകശക്തിയാണ് മഷിക്കൂട്ടുകള്‍. രചനാരംഗത്തും ജീലാനിതങ്ങള്‍ തന്‍റെ കഴിവ് തെളിയിച്ചിരുന്നു. പ്രവാചകര്‍ക്കുശേഷം പരിശുദ്ധദീനിന്‍റെ പ്രബോധനവും പ്രചാരണവും സംരക്ഷണവും ഔലിയാഇല്‍ അര്‍പ്പിതമാണ്.നിര്‍മലമായ ജീവിതത്തിലൂടെ മതപ്രബോധനരംഗത്ത് ജ്വലിച്ചു നില്‍ക്കുന്ന മഹത്വുക്കളില്‍ പ്രമുഖ വ്യക്തിത്വമാണ് ശൈഖ് ജീലാനി(റ). ഇസ്ലാമിക ദര്‍ശനങ്ങള്‍ സന്പൂര്‍ണ്ണമായി ജീവിതത്തില്‍ പകര്‍ത്തുക വഴി അല്ലാഹുവിന്‍റെ പ്രത്യേക പ്രീതിക്കവര്‍ പാത്രമായി. പ്രവാചകര്‍ക്കും സ്വഹാബികള്‍ക്കും താബിഉകള്‍ക്കും ശേഷം ഇസ്ലാമിക പ്രബോധനരംഗത്ത് ഏറ്റവും തിളക്കമാര്‍ന്ന സാന്നിദ്ധ്യമായി നിറഞ്ഞുനിന്നവരായിരുന്നു മഹാനുഭാവന്‍.
മുഹ്യിദ്ദീന്‍
ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) മുഹ്യിദ്ദീന്‍ (മതപുനരുദ്ധാരകന്‍)എന്ന അപരനാമത്തില്‍ വിശ്രുതനായി. ജനങ്ങള്‍ക്കു ആത്മീയ ശിക്ഷണവും സംരക്ഷണവും നല്‍കിക്കൊണ്ട് ശൈഖവര്‍കള്‍ ബാഗ്ദാദില്‍ പരിലസിച്ചു. നെറികേടുകള്‍ നിറഞ്ഞ നാടുകളെ നേരിന്‍റെ നേര്‍വരയിലേക്ക് നടത്തിച്ചു.ആത്മീയലോകത്തിന്‍റെ അനന്തവിഹായസ്സിലേക്ക് ആനയിക്കാനുള്ള ആത്മീയത്രാണിയും പാണ്ഡിത്യവും പ്രാഗത്ഭ്യവുമുള്ളവരായിരുന്നു അധ്യാത്മികജ്യോതിസ്സ് ശൈഖ് ജീലാനി(റ).
ആത്മീയലോകത്തെ പ്രഭാവനായ ശൈഖ് ജീലാനിയുടെ ജീവിതം ഒരു ആദര്‍ശത്തിന്‍റെ സമര്‍പ്പണവും സമൂഹത്തിന്‍റെ സമുദ്ധാരണത്തിനും വേണ്ടി ഉഴിഞ്ഞുവെച്ചതായിരുന്നു. പ്രബോധകനുണ്ടായിരിക്കേണ്ടതും ഈ സവിശേഷതയാണ്. ആദര്‍ശാഭ്യുന്നതിക്കായി സകല ലൗകിക സുഖങ്ങളെയും തൃണവല്‍കരിച്ചും ത്യജിച്ചുമുള്ള ജീവിതം നയിച്ച്, സമൂഹത്തിനു വെള്ളിവെളിച്ചമേകുന്ന സ്വയം പ്രകാശിക്കുന്ന ഒരു വിളക്കായിമാറുകയായിരുന്നു മഹാന്‍.
ഇസ്ലാമിക പ്രബോധന രംഗത്ത് പുത്തനുണര്‍വ്വ് നല്‍കിയ സംഭവബഹുലമായ ജീവിതം നയിച്ച മുഹ്യിദ്ദീന്‍ ശൈഖ് അവര്‍കള്‍ പ്രബോധകന് മാതൃകയാണ്. ആത്മീയ ഭിഷഗ്വരനായ ശൈഖ് ജീലാനി(റ)ഇസ്ലാമിക ചരിത്രത്തിന്‍റെ ഗതിവിഗതികള്‍ നിയന്ത്രിച്ചവരായിരുന്നു. നിര്‍ജ്ജീവമായിത്തീര്‍ന്നിരുന്ന ഇസ്ലാമികരംഗം അത്യധികം സജീവമാക്കുകയും അസംഖ്യം മനുഷ്യരെ അവിശ്വാസത്തിന്‍റെയും അസാന്മാര്‍ഗികതയുടെയും നീര്‍ച്ചൂഴിയില്‍ നിന്നും രക്ഷപ്പെടുത്തുകയും ചെയ്തതുകൊണ്ടാണ് മുഹ്യിദ്ദീന്‍ എന്ന അപരാഭിധാനത്തില്‍ ശൈഖ് വിഖ്യാതനായത്.
പ്രബോധകന്‍ പ്രധാനമായും ആര്‍ജ്ജിച്ചെടുക്കേണ്ട ആയുധമാണ് അറിവുകള്‍. അത്കൊണ്ട് തന്നെ ജീലാനി(റ)നീണ്ട പഠനതപസ്യയിലൂടെ പതിമൂന്ന് വിജ്ഞാനശാഖകളില്‍ ആധികാരികമായി സംസാരിക്കാനും അധ്യാപനം നടത്താനും കഴിവാര്‍ജ്ജിച്ചു. അദ്വിതീയ പണ്ഡിത കേസരിയായിരുന്ന കഥാപുരുഷന്‍ ശാഫിഈ മദ്ഹബിലും ഹന്പലിമദ്ഹബിലും ഫത്വ കൊടുക്കാറുണ്ടായിരുന്നു.
കാതുകളോടെല്ല, മനസ്സുകളോടായിരുന്നു മഹാനവര്‍കളുടെ സംസാരം. പാപാധിക്യം കൊണ്ട് നൈരാശ്യവും അപകര്‍ഷതയും പൂണ്ട പാപഗ്രസ്തരെ നാശഗര്‍ത്തത്തില്‍ നിന്നും കൈപിടിച്ചുയര്‍ത്തുകയും അലസമാനസരെ ആരാധനകളില്‍ ഊര്‍ജ്ജസ്വലരാക്കുകയും ആരാധനാ കുതുകികളെ ഔല്‍കൃഷ്ടത്തിന്‍റെ പാരമ്യത്തിലെത്തിക്കുകയും ചെയ്യുന്നവയായിരുന്നു ശൈഖവര്‍കളുടെ ഊഷ്മളോപദേശങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *