അറബിഭാഷ; ചരിത്രവും വര്‍ത്തമാനവും:
പുരാതന സെമിറ്റിക് ഭാഷകളില്‍ പ്രധാനമാണ് അറബി. സ്വതസിദ്ധമായ സാഹിത്യവശ്യതയും ചുരുങ്ങിയ വാക്കുകളിലൂടെ വിശാലമായ ആശയങ്ങള്‍ ഉള്‍കൊള്ളാനുള്ള കഴിവും അറബിയെ മറ്റുഭാഷകളില്‍ നിന്നും വ്യതിരിക്തമാക്കുന്നു. ലോകത്തിന്‍റെ തന്നെയും പ്രത്യേകിച്ച് അറേബ്യന്‍ ജനതയുടെയും സാമൂഹ്യ നവോത്ഥാന മണ്ഡലങ്ങളില്‍ ഗണ്യമായ സ്വാധീനം അറബി ഭാഷക്കുണ്ട്. അറേബ്യയും പരിസര പ്രദേശങ്ങളുമായിരുന്നു ആദ്യകാലത്ത് അറബിയുടെ മടിത്തട്ടായി പരിലസിച്ചിരുന്നത്. ആറാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ ഉടലെടുത്ത അറബി സാഹിത്യത്തിന്‍റെ സാഹിത്യ സന്പുഷ്ടതയും സൗകുമാര്യതയും ഇന്നും വിശ്രുതമാണ്. ഹമാസകള്‍, ഹിജാഅ്, മദ്ഹ്, റസാക്ക് തുടങ്ങി നിരവധി കവിതാ രൂപങ്ങള്‍ ഉടലെടുത്തു. വിശുദ്ധ ഖുര്‍ആനിന്‍റെ ആഗമനം അറബി ഭാഷയില്‍ പുത്തനുണര്‍വ്വുകള്‍ക്ക് വഴിതെളിയിച്ചു. തുടര്‍ന്ന് നിരവധി ഗ്രന്ഥങ്ങളും രചനകളും വ്യത്യസ്ത വിജ്ഞാന ശാഖകളില്‍ അറബി ഭാഷയില്‍ വിരചിതമായി. മധ്യകാല നൂറ്റാണ്ടില്‍ തത്വചിന്ത, കെമിസ്ട്രി, ആരോഗ്യശാസ്ത്രം തുടങ്ങിയ മേഖലകളില്‍ ഉടലെടുത്ത അറബി ഗ്രന്ഥങ്ങള്‍ യൂറോപ്യന്മാര്‍ക്കു പോലും അവലംബമായിരുന്നു. വൈജ്ഞാനിക മേഖലകളില്‍ അറബി ഭാഷയിലുണ്ടായ മുന്നേറ്റം അറബിയെ കൂടുതല്‍ ജനകീയവും പ്രസിദ്ധവുമാക്കിതീര്‍ത്തു.
പുതിയ കാലത്ത് അറബി ഭാഷയുടെ പ്രാധാന്യം അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. ഇരുപത്തി എട്ട് കോടിജനങ്ങളുടെ സംസാര ഭാഷയാണ് ഇന്ന് അറബി. പതിനാലോളം രാഷ്ട്രങ്ങളുടെ ഔദ്യോഗിക ഭാഷയും. കൂടാതെ ഐക്യരാഷ്ട്ര സഭയുടെ അംഗീകൃത ഭാഷകളില്‍ മുഖ്യസ്ഥാനം അറബിക്കുണ്ട്. പുരാതനമായ ഭാഷാശൈലികളില്‍ നിന്നും അറബി ഭാഷ ഇന്ന് ബഹുദൂരം മുന്നോട്ട് പോയിരിക്കുന്നു. ശാസ്ത്ര സാങ്കേതിക മേഖലയിലുണ്ടായ പുരോഗതിയും വളര്‍ച്ചയും അറബി ഭാഷയെയും സ്വാധീനിച്ചു. ശാസ്ത്രീയ പുരോഗതിക്കും കണ്ടെത്തലുകള്‍ക്കും അനുസൃതമായി പുതിയ പദങ്ങളും ശൈലികളും കണ്ടെത്തേണ്ടത് അനിവാര്യമായി തീര്‍ന്നു. ഇത്തരത്തില്‍ കടന്നു കൂടിയ പദങ്ങളാലും പുത്തന്‍ പ്രയോഗങ്ങളാലും സന്പുഷ്ടമാണ് ആധുനിക അറബി ഭാഷ. പുരാതനമായി ശീലിച്ചു പോരുന്ന വ്യാകരണ പഠനത്തിലൂടെ മാത്രം ആധുനിക അറബി കൈകാര്യം ചെയ്യാനാവില്ല.
അറബി ഭാഷയുടെ ജനകീയ വല്‍ക്കരണത്തിനും, വ്യാപനത്തിനും നിരവധി സംരംഭങ്ങള്‍ ഇന്ന് നടന്നു വരുന്നു. നിരവധി അറബി സാഹിത്യ പ്രസ്ഥാനങ്ങളും അക്കാഡമികളും ഇന്ന് നിലവില്‍ വന്നിട്ടുണ്ട്. റാബിത്വത്തുല്‍ അദബിയ്യയും, മദ്രസത്തുദീവാന്‍ അറബി ഭാഷാ അക്കാദമി കൈറോ, അറബി ശാസ്ത്ര സാഹിത്യ അക്കാദമി ശിറിയ തുടങ്ങിയവ അവയില്‍ ചിലതു മാത്രം. കൂടാതെ നിരവധി അറബി പത്രങ്ങളും മാഗസിനുകളും അറബി ഭാഷയില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇന്ന് പ്രസിദ്ധീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഇന്ത്യയിലും അറബി ഭാഷയുടെ വളര്‍ച്ചക്കായി വൈവിധ്യമാര്‍ന്ന പദ്ധതികള്‍ വിവിധ സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും കീഴില്‍ നടന്നു വരുന്നു. പ്രസിദ്ധീകരണ രംഗത്തെ മുന്നേറ്റം പ്രത്യേകം സ്മരണീയമാണ്. അല്‍ബയാന്‍, അല്‍റാഇദ്, അസ്സിയാഹ്, സൗത്തുല്‍ ജാമിഅ തുടങ്ങിയവ ഇന്ത്യയില്‍ നിന്നും പുറത്തിറങ്ങുന്ന പ്രധാന അറബി പത്രങ്ങളാണ്. പുതിയ രൂപത്തിലും ഭാവത്തിലും പ്രസിദ്ധീകരിക്കപ്പെടുന്ന പത്ര മാഗസിനുകള്‍ ആധുനിക അറബി ഭാഷയെ കൂടുതല്‍ ജനകീയ വല്‍ക്കരിക്കുന്നതില്‍ ഗണ്യമായ പങ്കുവഹിക്കുന്നു.