2014 March-April ആത്മിയം മതം ഹദീസ്

ഹിസാബിനു മുന്പൊരു ഫീഡ്ബാക്ക്

free-cool-blue-hand

ആഗോളതലങ്ങളില്‍ വന്‍കിട ബിസിനസ് സാമ്രാജ്യം പണിതുയര്‍ത്തിയ ബിസിനസ് സ്ഥാപനങ്ങളില്‍ മുതല്‍ കവലകളിലെ തട്ടുകടകളില്‍ വരെ വിറ്റുവരവിനെക്കുറിച്ചുള്ള ഗൗരവമായ കണക്കുകൂട്ടലുകള്‍ നടക്കാറുണ്ട്. കഴിഞ്ഞുപോയ ഒരു നിശ്ചിത കാലയളവിലെ കൊടുക്കല്‍ വാങ്ങലുകളെ കുറിച്ചും സ്ഥാപനത്തിന്‍റെ ജയാപജയങ്ങളെ കുറിച്ചുള്ള ഇത്തരം ചര്‍ച്ചകളും ചിന്തകളുമാണ് ഫീഡ്ബാക്ക് എന്ന പേരിലറിയപ്പെടുന്നത്. സ്ഥാപനത്തിന്‍റെ പിന്നിട്ട പാതകളെകുറിച്ചും കടന്നുവന്ന വഴികളെ കുറിച്ചും സജീവമായ ചര്‍ച്ചകള്‍ നടക്കുന്പോഴാണ് വിജയത്തിന്‍റെ വാതായനങ്ങള്‍ തുറക്കപ്പെടുന്നത്. ഇതിലൂടെ ഒരു സ്ഥാപനത്തിന്‍റെ മുന്നോട്ടുള്ള ഗമനത്തെക്കുറിച്ച് വ്യക്തമായ ധാരണകള്‍ രൂപപ്പെടുത്താന്‍ കഴിയും. ഫീഡ്ബാക്ക് സംഘടിപ്പിക്കാറുള്ളത് കച്ചവട സ്ഥാപനങ്ങള്‍ മാത്രമല്ല, ലോകത്തുള്ള രാഷ്ട്രീയ സാംസ്കാരിക, സാമൂഹ്യ, മതസംഘടനകള്‍ പോലും ഇത്തരത്തില്‍ ഫീഡ്ബാക്ക് നടത്താറുണ്ട്. ലക്ഷ്യത്തെക്കുറിച്ചുള്ള നിരന്തരമായ ഓര്‍മപ്പെടുത്തലുകളും ചവിട്ടിക്കയറിയ പടവുകളെ കുറിച്ചുള്ള കൃത്യമായ അപഗ്രഥനവും കൂടിച്ചേരുന്പോഴാണ് പുതിയ മാനങ്ങള്‍ കണ്ടെത്താനാവുക എന്ന് സാരം.
വ്യാപാരിയും കച്ചവടക്കാരനും കൃത്യമായ ഇടവേളകളില്‍ ഫീഡ്ബാക്ക് നടത്തുന്നത് തന്‍റെ കച്ചവടത്തിലെ ലാഭം പ്രതീക്ഷിച്ചും നഷ്ടം ഭയക്കുന്നതുകൊണ്ടുമാണ്.
നാം വസിക്കുന്ന ഈ ലോകം നശ്വരമാണ്. അനശ്വര ജീവിതത്തിലേക്കുള്ള യാത്രയാണിവിടെയുള്ള ജീവിതം. നമ്മുടെ ആയുസിന്‍റെ ഓരോ ഭാഗവും മണിക്കൂറുകളായും ദിനങ്ങളായും കൊഴിഞ്ഞുവീണുകൊണ്ടിരിക്കുകയാണ്. വെറും യാത്രക്കാരായ നാം നടന്നെത്തിയ ദൂരമൊന്നളക്കേണ്ടതുണ്ട്. ലക്ഷ്യത്തിലേക്കുള്ള നമ്മുടെ പ്രയാണത്തില്‍ താണ്ടിക്കടന്ന കാതങ്ങളിലേക്ക് തിരിഞ്ഞുനോട്ടം നടത്തുന്പോള്‍ മാത്രമേ നാം എവിടെയെത്തിയെന്ന് നമുക്ക് കൃത്യമായി ബോധ്യപ്പെടൂ, നാം എന്താണെന്ന് മനസിലാകൂ.
നമ്മെ നാം തന്നെ ഫീഡ്ബാക്ക് അല്ലെങ്കില്‍ ആത്മവിചാരണ നടത്തേണ്ടതുണ്ട്. വലിയൊരു വിചാരണയുടെ ദിനം വരാനിരിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നവരാണ് നാം. നാം ജീവിച്ചുതീര്‍ത്ത ആയുസിനെ കുറിച്ചും നാം ഉപയോഗിച്ച നമ്മുടെ ശരീരത്തെകുറിച്ചും പ്രവര്‍ത്തനത്തെകുറിച്ചുമെല്ലാം കൃത്യമായി വിചാരണ നടത്തപ്പെടുന്ന ദിനം. നാം കണ്ടതും കേട്ടതും ചിന്തിച്ചതുമെല്ലാം അന്ന് ചോദ്യം ചെയ്യപ്പെടും. ഒരുചാണ്‍ മീതെ കത്തിജ്വലിച്ചു നില്‍ക്കുന്ന സൂര്യനുതാഴെനിന്ന് കാല്‍ മുന്നോട്ടുവെക്കണമെങ്കില്‍ കൃത്യമായി മറുപടി പറഞ്ഞേതീരൂ. ‘വിചാരണ ചെയ്യപ്പെടുന്നതിനു മുന്പ് ആത്മവിചാരണ ചെയ്യുക’ എന്ന ഉമര്‍(റ)ന്‍റെ വാക്കുകള്‍ വിരല്‍ചൂണ്ടുന്നത് മഹ്ശറയിലെ ഹിസാബിനു മുന്പ് നാം ആത്മ വിചാരണ നടത്തേണ്ടിയിരിക്കുന്നു എന്നതിലേക്കാണ്.
ഹസനുല്‍ ബസ്വരി(റ) പറയുന്നു വിശ്വാസി ആത്മവിചാരണ നടത്തുന്നവനാണ്. ദുന്‍യാവില്‍ ആത്മ വിചാരണ നടത്തിയവര്‍ക്ക് ഖിയാമത്ത് നാളിലെ വിചാരണ ലഘുവാക്കപ്പെടും. ഈ ലോകത്ത് വിചാരണ നടത്താത്തവര്‍ക്ക് പരലോകത്തെ ഹിസാബ് കയ്പേറിയതായിരിക്കും.
കഴിഞ്ഞുപോയ മഹാന്‍മാര്‍ മുഴുവന്‍ ആത്മ വിചാരണ നടത്തിയവരായിരുന്നു. രണ്ടാം ഖലീഫ ഉമര്‍(റ) ഓരോ വാക്ക് പറഞ്ഞുകഴിഞ്ഞാലും ആ വാക്കിനെകുറിച്ച് ചിന്തിക്കുകയും അതിനേക്കാള്‍ ഗുണം നിറഞ്ഞ മറ്റൊരുവാക്ക് അതിനു പകരമാക്കാറുമുണ്ടായിരുന്നു. ജനം മുഴുവന്‍ നിദ്രയിലാണ്ടാല്‍ ഉമര്‍(റ) ചാട്ടവാറെടുത്ത് സ്വന്തം കാലില്‍ ശക്തമായി പ്രഹരിക്കുകയും ഇന്ന് നീ എന്ത് ചെയ്തു എന്ന് സ്വയം ശരീരത്തെ ചോദ്യം ചെയ്യാറുമുണ്ടായിരുന്നു.
അബൂത്വല്‍ഹ(റ), സമൃദ്ധമായ ഒരു ഈന്തപ്പനത്തോട്ടമുണ്ടായിരുന്നു അദ്ദേഹത്തിന്. ആ നാട്ടുകാരെല്ലാം തോട്ടമുടമ ത്വല്‍ഹയെ അസൂയപ്പെടാറുണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹം നിസ്കരിക്കുന്പോള്‍ പഴുത്തുലഞ്ഞ തന്‍റെ ഈന്തപ്പനത്തോട്ടത്തില്‍ നിന്നും പറന്നെത്തിയ ഒരു കിളി നിസ്കാരത്തിലെ ഏകാഗ്രത മുറിച്ചു. അബൂത്വല്‍ഹ(റ) ഖേദിച്ചു. തന്‍റെ തോട്ടത്തിലെ കിളി തന്‍റെ നിസ്കാരത്തിനു ഭംഗം വരുത്തുകയോ? എനിക്കെന്തിനാണീ തോട്ടം?ചിന്തിച്ചു ചിന്തിച്ചു അദ്ദേഹം തോട്ടം മുഴുവന്‍ സ്വദഖ ചെയ്തു. ഒരിക്കല്‍ രണ്ടാം ഖലീഫ ഉമര്‍(റ)നെ അനസ്ബ്നു മാലിക്(റ) അനുഗമിച്ചു. ഉമര്‍(റ) മതില്‍ കടന്ന് ഒരു തോട്ടത്തിനുള്ളിലെത്തി. അനസ്(റ) മതിലിനിപ്പുറവും. അനസ്(റ) പറയുന്നു പിന്നെ കേട്ടത് ഇതായിരുന്നു. മതി ഉമര്‍, നീ അല്ലാഹുവിനെ ഭയപ്പെടുക, ഇല്ലെങ്കില്‍ എനിക്ക് നിന്നെ ശക്തിയായി ശിക്ഷിക്കേണ്ടിവരും. അഹ്നഫു ബ്നു ഖൈസ്(റ) നെ കുറിച്ച് ശിഷ്യന്‍മാരിലൊരാള്‍ പറയുന്നു. ഞാന്‍ അദ്ദേഹത്തോട് കൂടെയായിരുന്നു. അദ്ദേഹത്തിന്‍റെ രാത്രിയിലധികവും നിസ്കാരമായിരുന്നു. കുറെ കഴിഞ്ഞാല്‍ അദ്ദേഹം വിളക്കിനടുത്തു വരും. തന്‍റെ കൈവിരല്‍ ശക്തിയായി കത്തുന്ന തീനാളത്തില്‍ കാണിച്ച് ആത്മവിചാരണ നടത്തി ഓരോ പ്രവര്‍ത്തനത്തെയും അദ്ദേഹം ചോദ്യം ചെയ്യും.. ‘ഹുനൈഫെ, നീ എന്തിന് ഇങ്ങനെയൊക്കെ ചെയ്തു’.
പരലോകത്തെ ഹിസാബിനെയോര്‍ത്ത് ഭയചകിതരായവരായിരുന്നു മഹാന്‍മാര്‍. അതുല്യമായ ഈമാനിന്‍റെ ശക്തിയുണ്ടായിരുന്ന അബൂബക്കര്‍ സിദ്ദീഖ്(റ) പോലും ഹിസാബിനെ ഭയന്ന് ഞാന്‍ അടിച്ചുതിര്‍ക്കപ്പെട്ട് മൃഗങ്ങള്‍ തിന്നുന്ന മൃഗങ്ങള്‍ തിന്നുന്ന വൃക്ഷത്തിന്‍റെ ഇലകളായിരുന്നുവെങ്കില്‍ എന്ന് പറയാറുണ്ടായിരുന്നു. നേരിടാനൊരുങ്ങുന്ന വലിയ വിചാരണദിനത്തെ ഭയന്ന് അദ്ദേഹത്തിന്‍റെ ഹൃദയം കരിഞ്ഞുമണക്കാറുണ്ടായിരുന്നു എന്നും കാണാം. ഹിസാബിനെ ഭയമില്ലായിരുന്നെങ്കില്‍ ചുട്ട ആട്ടിന്‍കുട്ടിയെ ഞാന്‍ ഭക്ഷിക്കുമായിരുന്നു എന്ന് ഉമര്‍(റ) പറയാറുണ്ടായിരുന്നു. സ്വര്‍ഗം കൊണ്ട് സുവിശേഷമറിയിക്കപ്പെട്ട അബൂബകര്‍(റ) ഉമര്‍(റ) പോലും വിചാരണയെ എത്രമാത്രം ഭയപ്പെട്ടിരുന്നു എന്നാണിത് കാണിക്കുന്നത്. അപ്പോള്‍ നാം എത്ര ഭയപ്പെടണം.
മണ്ണില്‍ മുളച്ചുപൊന്തിയ പുല്‍ച്ചെടികള്‍ പറിച്ചെടുത്ത് ഉമര്‍(റ) പറയാറുണ്ടായിരുന്നു. ഞാന്‍ ഈ ചെടിയായിരുന്നെങ്കില്‍ എന്ന്. ഞാന്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ലായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ, ആളുകള്‍ അറുത്ത് വേവിച്ച് ഭക്ഷിച്ച് കാഷ്ടമായി തള്ളുന്ന ഒരു ആട്ടിന്‍കുട്ടിയായിരുന്നെങ്കില്‍ ഞാന്‍… ഉമര്‍(റ)ന്‍റെ വാക്കുകളാണിത്. റബീഉബ്നു ഖൈസം(റ) ആത്മവിചാരണ നടത്തിയിരുന്നത് തന്‍റെ വീട്ടുമുറ്റത്ത് സ്വന്തമായി നിര്‍മിച്ച ഖബറിലിറങ്ങിയായിരുന്നു. തന്‍റെ ജീവിതത്തിനിടയില്‍ ആരോടെങ്കിലും ദ്യേപ്പെടുകയോ അധര്‍മ ചിന്തകള്‍ മനസില്‍ കടന്നു വരികയോ ചെയ്താല്‍ അദ്ദേഹം ആ ഖബറില്‍ ഇറങ്ങിക്കിടക്കും. ആത്മാവൊഴിഞ്ഞ ശരീരം ഖബറില്‍ കിടക്കുന്നതു പോലെ. ശേഷം ഇങ്ങനെ പറയും. നാഥാ എന്നെ ഭൂമിയിലേക്ക് തിരിച്ചു കൊണ്ടുപോവണം. എനിക്ക് എന്‍റെ ജീവിതം തിരുത്താനാണ്. ഞാന്‍ ഒരുപാട് തെറ്റുകള്‍ ചെയ്തുപോയി. അതെല്ലാം തിരുത്തി സന്മാര്‍ഗത്തിലധിഷ്ടിതമായ ഒരു പുതിയ ജീവിതം നയിക്കാന്‍ എനിക്ക് അവസരം തരണം.
കീഴടക്കാന്‍ കഴിയാത്ത ഈമാനുള്‍ക്കൊണ്ട സ്വഹാബികള്‍ രാത്രിയുടെ അന്ത്യയാമങ്ങളില്‍ കണ്ണീരൊലിപ്പിച്ച് പ്രാര്‍ത്ഥിച്ചത് സൃഷ്ടാവിന്‍റെ വിചാരണ ഓര്‍ത്തിട്ടായിരുന്നു. ചാട്ടവാര്‍ കൊണ്ട് അടിച്ചു പരുവത്തിലാക്കിയത്, ശക്തിയായി കത്തുന്ന തീനാളത്തിലേക്ക് കയ്യിട്ട് സ്വന്തത്തെ ചോദ്യം ചെയ്തത്, മരമായിരുന്നെങ്കില്‍, ചെടിയായിരുന്നെങ്കില്‍, മണ്ണായിരുന്നെങ്കില്‍ എന്നിങ്ങനെ വ്യാമോഹം പൂണ്ടത് എല്ലാം ഹിസാബിനെ ഭയന്നായിരുന്നു.
നാമും വിചാരണ ചെയ്യപ്പെടും, തീര്‍ച്ചയാണ്. നമ്മുടെ അടക്കവും അനക്കവും മൗനവും സംസാരവും ഉറക്കും ഉണര്‍വും തുടങ്ങി എല്ലാം വിചാരണ ചെയ്യപ്പെടും. വിചാരണ സുഗമമാവണമെങ്കില്‍ നാമിപ്പോള്‍ തന്നെ ഒരു ഫീഡ്ബാക്കിനു തയ്യാറാവുക. ഓരോ ദിനവും നമ്മുടെ ആയുസില്‍ നിന്ന് കൊഴിഞ്ഞു പോകുന്പോള്‍ നെഞ്ചത്ത് കൈവെച്ച് ചിന്തിക്കുക ഞാന്‍ എന്ത് നേടി എന്ന്.

Leave a Reply

Your email address will not be published. Required fields are marked *