2014 May-June കാലികം പഠനം ശാസ്ത്രം സാമൂഹികം

സൈബര്‍ലോകം നമ്മെ വലയം ചെയ്യുന്നു

നമ്മുടെ സ്വത്ത് നമ്മുടെ സന്താനങ്ങളാണ്. അവരാണ് നാളെയുടെ വാഗ്ദാനങ്ങള്‍. മക്കളെ നന്നായി വളര്‍ത്തലാണ് രക്ഷിതാക്കളുടെ കടമ. കൗമാരം മാറ്റത്തിന്‍റെ ഘട്ടമാണ്. ഈ സമയത്താണ് അവരുടെ മനസ്സില്‍ പല ചിന്തകളും കടന്നുവരിക. കൂടുതല്‍ കരുതല്‍ വേണ്ട സമയമാണിത്. അവരുടെ കൗമാര ഘട്ടത്തെ മുതലെടുക്കാന്‍ വിരിച്ചു വെച്ച വലകളില്‍ ചെന്നു വീഴുന്നതിനെത്തൊട്ട് നാം ബോധവാന്മാരാകേണ്ടതുണ്ട്. പിഴച്ച കൂട്ടുകെട്ടിലേക്ക് ചേക്കേറാനുള്ള അവസരങ്ങളെയാണ് നാം ഇല്ലാതാക്കേണ്ടത്. ഇല്ലെങ്കില്‍ നമ്മുടെ മക്കള്‍ നമ്മുടേതല്ലാതായി മാറും. ദുഷിച്ച ശകാരത്തിന്‍റെയും ഭീഷണിയുടെയും തടങ്കല്‍ ജീവിതമാണ് നാമവര്‍ക്കു നല്‍കുന്നതെങ്കില്‍ ഒരു സ്വാതന്ത്രത്തിനായി അവര്‍ മുട്ടുന്ന വാതിലുകള്‍ ചിലപ്പോള്‍ ചതിക്കുഴികളായിരിക്കും.
ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍ക്കിംങ് സൈറ്റുകള്‍ അമിതപ്രചാരം ലഭിക്കുന്ന കാലഘട്ടത്തിലാണ് നാമിപ്പോള്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ നെറ്റ്വര്‍ക്കിംങ് സൈറ്റായ ഫേസ്ബുക്ക് ഉപയോഗിക്കാത്തവര്‍ വളരെ ചുരുക്കമാണ്. ഇത്തരം നെറ്റ്വര്‍ക്കുകളിലൂടെ അപരിചിതരുടെ ആശയങ്ങളും ചോയ്സുകളും നമ്മുടെ കുട്ടികളിലേക്ക് പകര്‍ന്നു നല്കുന്ന പ്രവണതയാണുള്ളത്. ഇത്തരം ഫ്രണ്ട്ഷിപ്പുകളാണ് നവതലമുറകളെ ചതിക്കുഴികളിലേക്ക് വലിച്ചിഴച്ചു കൊണ്ടിരിക്കുന്നു.
വാട്ട്സ്അപ്പ,് സ്കൈപ്പ് തുടങ്ങിയ ചാറ്റിംങ് സോഫ്റ്റ് വെയറുകളുടെ ചാറ്റ് റൂമുകളിലും കമ്മ്യൂണിറ്റി സൈറ്റുകളിലും പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് അത് അനാശാസ്യകരമായി വളരുകയും ചെയ്യുന്നു. വഴങ്ങുന്നില്ലെങ്കില്‍ അവരുടെ പേരും വിവരവും അവരുമായി നടത്തിയ ഓണ്‍ ലൈന്‍ ഇടപാടുകളും ചാറ്റിംങ് ടെക്സ്റ്റുകളും പരസ്യമാക്കുമെന്ന ഭീഷണിയും നടത്തും. എന്നിട്ടും വഴങ്ങുന്നില്ലെങ്കില്‍ അവരുടെ ചിത്രങ്ങള്‍ മോര്‍ഫിംങ് വഴി കൃത്രിമം കാണിച്ച് സൈറ്റുകളില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇത്രയുമാവുന്പോഴേക്ക് പല പെണ്‍കുട്ടികളും ഒരു തുണ്ടം കയറില്‍ ജീവിതം അവസാനിപ്പിക്കുന്നു.
ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ മല്ലൊരു ശതമാനവും ലൈംഗികച്ചുവയുള്ള പ്രോഗ്രാമുകള്‍ ക്കടിമകളാണെന്നതാണ് സത്യം. ഇന്‍റര്‍നെറ്റും മൊബൈലുമാണ് പോണോഗ്രാഫിയിലേക്കുള്ള വാതിലുകള്‍ കുട്ടികള്‍ക്കു മുന്നില്‍ മലര്‍ക്കെ തുറക്കുന്നത്. ലൈംഗികതയോടുള്ള അമിതമായ ത്വരയിലേക്ക് എത്തിച്ചേരുകയും പ്രകൃതി വിരുദ്ധമായി പ്രയോഗിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടമാണിത്. അങ്ങേയറ്റം വഴിവിട്ടതും തല തിരിഞ്ഞതുമായ ലൈംഗിക സമീപനത്തിലെത്തിയിരിക്കുന്നു. അതിനെ ഒരു മാനസിക വൈകല്ല്യമായി നമുക്ക് കണക്കാക്കാം. മാധ്യമങ്ങള്‍ക്കും വെബ്സൈറ്റുകള്‍ക്കും നല്‍കുന്ന വഴിവിട്ട സ്വാതന്ത്രമാണ് ഇത്തരം സാധ്യതകള്‍ക്ക് കാരണമാകുന്നത്. നമ്മുടെ ഇടയിലും ഇന്ന് വളര്‍ന്നു വരുന്ന ഇന്‍റര്‍നെറ്റിന്‍റെ ഉപയോഗം നമ്മുടെ സംസ്ക്കാരത്തെ പുതിയ ദിശയിലേക്ക് തിരിക്കുമെന്നുറപ്പാണ്.
ആധുനിക ലോകത്തെ ഒരു വിരല്‍തുന്പില്‍ ഒതുക്കി നിര്‍ത്തിക്കൊണ്ട് മനുഷ്യന്‍ സാങ്കേതിക വിദ്യയിലൂടെ കുതിപ്പ് തുടരുകയാണ്. കന്പ്യൂട്ടറും ഇന്‍റര്‍നെറ്റും വീട്ടില്‍ സ്ഥാനം പിടിച്ചതോടെ ഒരു ജനതയുടെ ജീവിതം അതിനു മുന്നില്‍ തളച്ചിട്ടിരിക്കുകയാണ്. വാട്ട്സ്അപ്പ്, ടാക്ക്റായ് തുടങ്ങിയ ചാറ്റിംങ് ടൂളുകള്‍ വഴി നടത്തുന്ന പ്രണയസംഭാഷങ്ങള്‍ കാലക്രമേണ പെണ്‍കുട്ടികളെ ഒളിച്ചോട്ടത്തിലേക്കും മറ്റു അനാശാസ്യ പ്രവര്‍ത്തനങ്ങളിലേക്കും വഴി നടത്തുന്നു.
കൗമാരക്കാരെ വേട്ടയാടാന്‍ വേണ്ടി ഇന്ന് ഉപയോഗിക്കുന്ന പ്രധാന ആയുധമാണ് ഇന്‍റര്‍നെറ്റ്. ആധുനിക വിനിമയോപാധികളില്‍ കൂടുതല്‍ പേര്‍ പരതുന്നതും ലൈംഗികമായ ആനന്ദത്തിനുള്ള സാധ്യതകളാണ്. വൈകുന്നേരങ്ങളില്‍ കുട്ടികള്‍ സ്ക്കൂള്‍ വിട്ട് നേരെ ഇന്‍റര്‍നെറ്റ് കഫേകളിലേക്കാണ് ചെന്നെത്തുന്നത്. അÇീല സൈറ്റുകളില്‍ കയറി നീല ചിത്രങ്ങള്‍ കാണുന്ന വിദ്യാര്‍ത്ഥികള്‍ ഇന്ന് ധാരാളമാണ്. വളരേയേറെ പ്രതീക്ഷകളോടു കൂടി വീട്ടില്‍ നിന്നും പറഞ്ഞയക്കുന്ന രക്ഷിതാക്കള്‍, എവിടേക്കാണ് തങ്ങളുടെ കുട്ടികള്‍ ചെന്നെത്തുന്നതെന്നോ അവരുടെ പഠന ചുറ്റുപാടുകളെ കുറിച്ചോ അന്വേഷിക്കുന്നില്ല. ഇത്തരത്തില്‍ വൈകുന്നേരങ്ങളില്‍ കഫേയില്‍ എത്തിപ്പെടുന്ന വിദ്യാര്‍ത്ഥിയെ കഫേ ജീവനക്കാര്‍ പ്രകൃതി വിരുദ്ധ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച വാര്‍ത്ത നാം ഈയിടെ പത്ര കോളങ്ങളിലൂടെ വായിച്ചറിഞ്ഞവരാണ്.
സ്ക്കൂളില്‍ പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തമായൊരു റൂം ഒരുക്കി കൊടുക്കുന്ന രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. റൂമുകളില്‍ ഇന്‍റര്‍നെറ്റ് സൗകര്യം ഉണ്ടാവുന്പോള്‍ അവര്‍ വിദ്യാഭ്യാസപരമായി വളരെ മുന്നിലെത്തുമെന്ന വികലമായ ധാരണയാണ് രക്ഷിതാക്കളെ നയിക്കുന്നത്. അവരുടെ പഠനത്തിന് ഇതുവഴി പുരോഗതിയുണ്ടാവുമെന്ന് അവര്‍ വിശ്വസിക്കുന്നു. ഇതു കൊണ്ട് ഗുണമുണ്ടെങ്കിലും അതിലേറെ ദോഷവുമുണ്ട്. കേവലം വിനോദത്തിനു വേണ്ടി തുടങ്ങി ഇന്‍റര്‍നെറ്റ് ഉപയോക്താക്കള്‍ അതിന്‍റെ അടിമകളായി തീരുന്നു. നിരന്തരമായി അÇീലച്ചുവയുള്ള വീഡിയോകളും ചിത്രങ്ങളും കാണുക വഴി അത് അവരുടെ ജീവിതത്തെ തന്നെ തകിടം മറിക്കും എന്നതില്‍ സംശയമില്ല.
ഡോക്ടര്‍ വില്ല്യം മാര്‍വ്വല്‍ പറയുന്നുണ്ട്, ലോകത്ത് 86 % യുവാക്കളും അÇീല ചിത്രങ്ങള്‍ കാണുന്നവരാണ്. ഫെയ്സ്ബുക്ക് ഒരു രാജ്യമായി കണക്കാക്കിയാല്‍ ചൈനയും ഇന്ത്യയും കഴിഞ്ഞാല്‍, ലോകത്ത് ജനസംഖ്യയില്‍ അഞ്ചാം സ്ഥാനം ഫെയ്സിബുക്കിനാണ്.
ഇന്‍റര്‍നെറ്റിന്‍റെ നേരായ ഉപയോഗം സമൂഹത്തിന് വളരെ വിലപ്പെട്ടതാണ്. ഇന്‍റര്‍നെറ്റിനും മറ്റും സോഷ്യല്‍ മീഡിയകള്‍ക്കും മറ്റൊരുപാട് നല്ല വശങ്ങളുണ്ടെങ്കിലും അവയെ നേരായ രൂപത്തില്‍ ഉപയോഗപ്പെടുത്താന്‍ ഇന്നത്തെ യുവാക്കള്‍ക്ക് സാധിക്കുന്നില്ല. ഇവയുടെ ഉപയോഗത്തോക്കാളേറെ ദുരുപയോഗം ചെയ്യപ്പെടുന്നതിനാല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയാലേ കുട്ടികളുടെ ഭാവി സുരക്ഷിതമാവൂ.
നിഷ്കളങ്കരായ കുട്ടികളുടെ മനസ്സില്‍ ഏതുകാര്യവും പെട്ടെന്ന് വേരുപിടിക്കും. കുട്ടികളുടെ അടിസ്ഥാന സ്വഭാവ രൂപീകരണത്തില്‍ പ്രഥമ പാഠശാലയാവേണ്ട രക്ഷിതാക്കള്‍ ആധുനികതയുടെ കൂടെ ചേരാനുള്ള തിരക്കിലാവുന്പോള്‍ അവരുടെ പ്രഥമ പാഠം മാധ്യമലോകത്തെ അദൃശ്യ, ദൃശ്യങ്ങളില്‍ നിന്നും പ്രകടമാകുന്ന കാര്യങ്ങളില്‍ നിന്നാണ്.
നമ്മുടെ മക്കള്‍ വഴിതെറ്റിപ്പോകാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധയും പരിചരണവും കൂടിയേ തീരൂ. തെറ്റായ വഴിയില്‍ സഞ്ചരിക്കാനുള്ള പാതകളും വിദ്യകളും അവര്‍ക്ക് തുറന്നിട്ടുകൊടുത്താല്‍ നമ്മുടെ സന്താനങ്ങള്‍ നമുക്ക് നഷ്ടമാകും. വഴിവിട്ട സഞ്ചാരത്തിനുള്ള സ്രോതസ്സുകള്‍ പ്രസരിച്ച ഈ കാലത്ത് സ്നേഹച്ചിറകുകളുടെ ചൂടും കുളിരും നല്‍കി കൂട്ടിരുന്നേ മതിയാവൂ.

Leave a Reply

Your email address will not be published. Required fields are marked *