2011 January-February നബി

തിരുനബി (സ്വ) സാധിച്ച സാമൂഹ്യവിപ്ലവം

Poornatha

സാമൂഹികതക്ക് അമിതപ്രാധാന്യം നല്‍കിയ മതമാണ് ഇസ്ലാം. ആകയാല്‍ സമൂഹത്തിന്‍റെ നിഖിലമേഖലകളിലും പ്രവാചകരുടെ സാന്നിദ്ധ്യം നാം അനുഭവിച്ചറിയുന്നു. ലോകത്ത് തിരുനബി (സ്വ) യുടെ അധ്യാപനങ്ങള്‍ സാധിച്ച പരിവര്‍ത്തനങ്ങള്‍ ബോധ്യപ്പെടണമെങ്കില്‍ നബി (സ്വ) ക്കു തൊട്ടുമുന്പുള്ള അറ്യേന്‍ സമൂഹത്തിന്‍റെ ചരിത്രാവസ്ഥകള്‍ മനസ്സിലാക്കണം. എങ്കിലേ നബി (സ്വ) യുടെ സന്ദേശങ്ങള്‍ സമൂഹത്തില്‍ വരുത്തിയ മാറ്റത്തിന്‍റെ ആഴവും പരപ്പും മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ. നിസ്സാരമായ കാരണങ്ങള്‍ക്ക് നൂറ്റാണ്ടുകളോളം പരസ്പരം പോരടിച്ച അറേബ്യന്‍ കാട്ടാളന്മാരെ ഒരു മാലയില്‍ കോര്‍ത്ത മുത്തുമണികളെപ്പോലെ സഹോദരന്മാരാക്കിമാറ്റിയത് ആ വിപ്ലവമായിരുന്നു. നബി (സ്വ) അറേബ്യയിലെ അപരിഷ്കൃതരായ കാട്ടാളജീവിതത്തിന്‍റെ വിവിധ രംഗങ്ങളില്‍ സാധിച്ച വിപ്ലവകരമായ മാറ്റങ്ങള്‍ പുതിയ ഒരു സമൂഹത്തിന് രൂപം നല്‍കി. ആ സാംസ്കാരികവിപ്ലവം അറ്യേയുടെ നാലതിര്‍ത്തിക്കുള്ളില്‍ ഒതുങ്ങാതെ ലോകത്തിന്‍റെ മുക്കുമൂലകളിലേക്ക് വ്യാപിച്ചു.
മക്കയില്‍ നിന്നാരംഭിച്ച ആ വിപ്ലവത്തെ തോമസ് കാര്‍ലൈല്‍ വരച്ചിടുന്നതിങ്ങനെ. അറബിദേശത്തിന് അത് ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കുള്ള പിറവിയായിരുന്നു. അത് മൂലമാണ് അറ്യേ ആദ്യം സജീവമായത്. പ്രപഞ്ചസൃഷ്ടി മുതല്‍ അതിന്‍റെ മരുസ്ഥലങ്ങളില്‍ ആരുമറിയാതെ അലഞ്ഞുനടന്ന ഇടയന്മാര്‍. അവര്‍ക്കിടയിലേക്ക് അവര്‍ക്ക് വിശ്വസിക്കാവുന്ന ഒരു വചനവുമായി ഒരു പ്രവാചക നായകന്‍ അയക്കപ്പെട്ടു. ശ്രദ്ധിക്കപ്പെടാതിരുന്നത് ആഗോളശ്രദ്ധ നേടുന്നു. ചെറുതായിരുന്നത് ഒരു ലോകത്തോളം വലുതായിരിക്കുന്നു. തുടര്‍ന്ന് ഒരു നൂറ്റാണ്ട് കൊണ്ട് അറ്യേ ഇങ്ങ് ഗ്രാനഡ വരെയും അങ്ങ് ഡല്‍ഹി വരെയും എത്തി. ഈ അറബികള്‍ മുഹമ്മദെന്ന ആ മനുഷ്യന്‍, ആ ഒരു നൂറ്റാണ്ട് ഇരുണ്ട് അഗണ്യമായ വെറും മണലു പോലുള്ള ഒരു ലോകത്ത് ഒരു തീപ്പൊരി, ഒറ്റ തീപ്പൊരി വീണ പോലെ. പക്ഷെ ആ ആശ്ചര്യം, ആ മണല്‍ പൊട്ടിത്തെറിക്കുന്ന വെടിമരുന്നായി ഡല്‍ഹി മുതല്‍ ഗ്രാനഡ വരെ വാനോളം കത്തിപ്പടരുന്നു. (ഛി വലൃീല െമിറ വലൃീ ംീൃവെശു)
മക്കയില്‍ ഇസ്ലാം പ്രചരിക്കുന്പോള്‍ സ്ത്രീകള്‍ നേരിട്ടിരുന്ന അവസ്ഥ ഭീതിതമായിരുന്നു. അന്ധകാരയുഗമെന്ന് വിശേഷിപ്പിക്കപ്പെട്ട ആറാം നൂറ്റാണ്ടില്‍, പിറന്നുവീണ കുഞ്ഞ് പെണ്ണാണെന്നറിഞ്ഞാല്‍ ജീവനോടെ കുഴിച്ച് മൂടപ്പെട്ടിരുന്ന കാലഘട്ടത്തില്‍ പ്രസ്തുത മരണക്കയത്തില്‍നിന്ന് അവളെ നെഞ്ചോട് ചേര്‍ത്ത തിരുനബി അവളെ കരളിന്‍റെ കഷ്ണമായാണ് പരിചയപ്പെടുത്തിയത്. തമസ്സു മുറ്റിയ ആ ചരിത്രസത്യത്തിലേക്കാണ് വിശുദ്ധഖുര്‍ആന്‍ സൂചിപ്പിക്കുന്നത്. അവരില്‍ ഒരാളോട് പെണ്‍കുട്ടി ജനിച്ചതായി സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടാല്‍ അവന്‍റെ മുഖം കറുത്തിരുണ്ടതാകുന്നു… അപമാനം സഹിച്ച് അതിനെ ജീവിക്കുവാന്‍ അനുവദിക്കണമോ അതല്ല അതിനെ മണ്ണില്‍ കുഴിച്ചുമൂടണമോ എന്നവന്‍ ശങ്കിച്ച് നില്‍ക്കുന്നു. (നഹ്ല് 58,59) ചളിപുരണ്ട് കിടന്നിരുന്ന സ്ത്രീയെ ഉയര്‍ത്തിക്കാണിച്ച് പ്രവാചകന്‍ പറഞ്ഞു “ഇഹലോകവസ്തുക്കളില്‍ ഉത്തമമായത് നല്ല സ്ത്രീകളാണ്.’
തിരുനബി(സ്വ) യുടെ സാമൂഹ്യവിപ്ലവമെന്നത് ഒരു ആവേശത്തിന്‍റെ തിരയിളക്കമായിരുന്നില്ല. മറിച്ച് മതപരവും ഭൗതികപരവും വിദ്യാഭാസപരവും സാമൂഹ്യവുമായ മുഴുവന്‍ ജീവിതമേഖലകളെയും ചൂഴ്ന്നുനില്‍ക്കുന്ന വ്യവസ്ഥാപിതമായൊരു സംവിധാനമാണത്. അതുകൊണ്ടാണ് പൂര്‍ണമായി മദ്യത്തിലും ലഹരിയിലും ലയിച്ചിരുന്ന ഒരു സമൂഹത്തെ പൂര്‍ണ്ണമായും മദ്യവിമുക്തരാക്കി എന്നുമാത്രമല്ല, മദ്യം കൈകൊണ്ട് തൊടുകപോലും ചെയ്യാത്തവരാക്കിമാറ്റാന്‍ നബി (സ്വ) ക്കു സാധിച്ചത്. അറ്യേന്‍ ജീവിതത്തിന്‍റെ ഒരു അവിഭാജ്യഘടകമായിരുന്നു മദ്യപാനം. മദ്യം നിരോധിച്ചു കൊണ്ടുള്ള ഖുര്‍ആനികവചനം അവതരിച്ചപ്പോള്‍ മദീനയിലെ തെരുവീഥികളിലൂടെ മദ്യം ചാലിട്ടൊഴുകി. ലോകത്തിലെ ഏറ്റവും വലിയ മദ്യനിരോധന പ്രസ്ഥാനമായി ഇസ്ലാം മാറി.
റോമാസാമ്രാജ്യത്തിന്‍റെയും ഗ്രീക്ക് നാഗരികതയുടെയും ആവേശമായിരുന്നു ചരിത്രപരമായി അടിമത്തവ്യവസ്ഥ. അടിമത്തസന്പ്രദായം ലഘൂകരിക്കുന്നതിന്ന് വേണ്ട നിര്‍ദ്ദേശങ്ങളാണ് അവിടുന്ന് മുന്നോട്ട് വെച്ചത്. കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രായശ്ചിത്തമായി അടിമത്വമോചനമാണ് ഇസ്ലാം നി.ഷ്കര്‍ശിച്ചത്. നീഗ്രോയായിരുന്ന ബിലാല്‍(റ) പള്ളിമിനാരത്തില്‍ നില്‍ക്കുന്നത് കാണുന്പോള്‍ ഉന്നതങ്ങള്‍ കീഴടക്കിയ ഒരടിമയുടെ ചിത്രമാണ് വ്യക്തമാകുന്നത്.
ഇസ്ലാമിനെക്കുറിച്ച് മൗലികമായ പഠനങ്ങള്‍ നടത്തിയ, ഫ്രഞ്ച് ചരിത്രകാരനും പ്രമുഖഓറിയന്‍റലിസ്റ്റുമായ വില്യം വാട്ട് ഗോമറി പ്രവാചകനെ വായിക്കുന്നതിങ്ങനെ, മുഹമ്മദിനെ സംബന്ധിച്ചിടത്തോളം മതമെന്നത് സ്വകാര്യ ഇടപാടായിരുന്നില്ല. താന്‍ ജീവിക്കുന്ന സാഹചര്യങ്ങളോട് സമഗ്രമായി പ്രതികരിക്കുന്ന വ്യക്തിത്വത്തിന്‍റെ പ്രകാശനമായിരുന്നു. മതമെന്നത് സ്വകാര്യമോ വ്യക്തിനിഷ്ഠമോ ആയ ഒരു കാര്യമായി മാത്രം പരിഗണിക്കുന്നവര്‍ക്ക് മുഹമ്മദിന്‍റെ ജീവിതം വിചിത്രമോ അപരിചിതമോ ആയി തോന്നാം. മതപരവും ധൈഷണികവുമായ അവസ്ഥകളോട് മാത്രമല്ല താന്‍ ജീവിച്ച കാലത്തിന്‍റെ സാമൂഹികവും രാഷ്ട്രീയവുമായ അവസ്ഥകളോടും പ്രതികരിക്കുകയായിരുന്നു മുഹമ്മദ്
സിദ്ധാന്തങ്ങള്‍ മാത്രം അവതരിപ്പിച്ചു നിര്‍ത്തുന്നതിന് പകരം സ്വന്തം ജീവിതത്തിലൂടെ പ്രയോഗവത്കരിച്ചു കാണിക്കുകയായിരുന്നു പ്രവാചകര്‍ (സ്വ). “സമൂഹത്തിന്‍റെ നേതാവ് അവരുടെ സേവകനാണ്’ എന്നു പഠിപ്പിച്ച തിരുനബി(സ്വ) ജീവിതത്തിലൂടെയാണ് മാതൃകകാട്ടിയത്. പ്രവാചകരുടെ ഒരു യാത്രവേളയില്‍ ഭക്ഷണത്തിനായി ഒരാള്‍ ആടിനെ അറക്കുവാനും മറ്റൊരാള്‍ തോല്‍ പൊളിക്കാനും സന്നദ്ധരായപ്പോള്‍ അവിടുന്ന് ഞാന്‍ നേതാവാണെന്ന നാട്യത്തില്‍ മാറിനില്‍ക്കുകയായിരുന്നില്ല. പകരം കാട്ടില്‍ പോയി വിറക് ശേഖരിച്ചുവന്നു തന്‍റെ ദൗത്യം നിര്‍വ്വഹിക്കുകയായിരുന്നു.
വിനയാന്വിതമായ സാമൂഹ്യജീവിതം
സദാചാരരഹിതമായ ജീവിതവ്യവസ്ഥ വാരിപ്പുല്‍കാന്‍ സാമൂഹ്യപരമായി യാതൊരു വിലക്കുമില്ലാതിരുന്ന അറ്യേയില്‍ അനാഥനായി ജനിച്ചുവളര്‍ന്ന തിരുനബി(സ്വ) അസാന്മാര്‍ഗികതകളോട് യാതൊരു ബന്ധവുമില്ലാതെയാണ് വളര്‍ന്നുവലുതായത്. സത്യം മാത്രം പറഞ്ഞിരുന്ന ആ ചെറുപ്പക്കാരനെ “അല്‍അമീന്‍’ എന്നായിരുന്നു അറബികള്‍ പോലും വിളിച്ചിരുന്നത്. തനിക്ക് വേണ്ടി എഴുന്നേറ്റുനില്‍ക്കുന്നത് പോലും ഇഷ്ടപ്പെടാത്ത തിരുനബി(സ്വ) അനുയായികളോട് വളരെ സ്നേഹത്തോടെയും കാരുണ്യത്തോടെയുമാണ് പെരുമാറിയിരുന്നത്. വീട്ടില്‍ കുടുംബാംഗങ്ങളോടും വേലക്കാരോടും താഴ്മയോടെ പെരുമാറുന്ന തിരുനബി(സ്വ) കഴിയുന്ന സേവനങ്ങള്‍ ചെയ്തുകൊടുക്കാനും മടി കാണിച്ചിരുന്നില്ല. സ്വന്തം ചെരിപ്പ് തുന്നി നന്നാക്കും, വീട്ടില്‍ ആടിനെ കറക്കും. ഭക്ഷണസുപ്രയിലെത്തിയാല്‍ മുന്നിലെത്തിയ ഭക്ഷണം മോശമെന്ന് പറയാറില്ല. ഇഷ്ടമുണ്ടെങ്കില്‍ ഭക്ഷിക്കും. ഇല്ലെങ്കില്‍ ഒഴിവാക്കും. വാഗ്ദത്തപാലനം ഒരു സാമൂഹ്യനേതാവിന്‍റെ ഒഴിച്ചുകൂടാനാവാത്ത ഗുണമാണ്. തന്നെ അമാനത്തായി ഏല്‍പ്പിച്ച മക്കക്കാരുടെ സ്വത്തുവകകള്‍ തിരിച്ചുനല്‍കാന്‍ അലി(റ) വിനെ ഏല്‍പ്പിച്ച് മദീനയിലേക്ക് ഹിജ്റ പുറപ്പെട്ട സംഭവം ഒരു പൂര്‍ണവിശ്വാസിയെ യാണ് നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്.
സമൂഹത്തിന്‍റെ സമസ്തമേഖലകളിലും തിരുനബിയുടെ വിശിഷ്ടസാന്നിധ്യം നാം അനുഭവിച്ചറിയുന്നു. . മുതലാളി തൊഴിലാളിബന്ധം സൗഹാര്‍ദ്ദപരമായിരിക്കണമെന്ന് നബി പഠിപ്പിക്കുന്നു. .എങ്കിലേ തൊഴില്‍മേഖല നല്ല രീതിയില്‍ പ്രവര്‍ത്തിക്കുകയുള്ളൂ. വേലക്കാരെ സഹോദരന്മാരായി കാണാനാണ് അവിടുന്ന് പഠിപ്പിച്ചത്. തിരുനബി (സ്വ) പറയുന്നു. “നിങ്ങളിലാര്‍ക്കെങ്കിലും തന്‍റെ വേലക്കാരന്‍ ഭക്ഷണം പാകം ചെയ്തു മുന്നിലെത്തിച്ചാല്‍ അവന്‍ അതിന്‍റെ ചൂടും പുകയും ഏറ്റുവാങ്ങിയവനായിരിക്കെഅവനെക്കൂടി തനിക്കൊപ്പമിരുത്തി ഭക്ഷിക്കണം. ഇനി ഭക്ഷണം കേവലം ചുണ്ടിലൊട്ടാന്‍ മാത്രം തുച്ഛമാണെങ്കില്‍ വേലക്കാരന്‍റെ കയ്യിലേക്ക് ഒന്നോ രണ്ടോ ചവക്കാനുള്ളത് വെച്ച് കൊടുത്തേക്കണം’.(മുസ്ലിം 1663) അതുല്യമായ മാതൃകയാണ് തിരുനബി(സ്വ). ആ വിശുദ്ധജീവിതത്തെ അടുത്തുനിന്ന് നോക്കുന്പോള്‍ വിനയാന്വിതമായ സാമൂഹ്യജീവിതം നമുക്ക് മുന്നില്‍ തെളിഞ്ഞുവരും പ്രവാചകര്‍ക്ക് നീണ്ട പത്ത് വര്‍ഷത്തെ സേവനമനുഷ്ഠിച്ച അനസ്(റ) ആ മഹത്ജീവിതത്തെ സാക്ഷ്യപ്പെടുത്തുന്നത് കാണുക, ഇത്രയും നീണ്ട ഒരു ദശാബ്ദത്തിനിടയില്‍ ഒരു പ്രാവശ്യം പോലും എന്നോട് ശകാരിക്കുകയോ നീരസപ്പെടുകയോ ചെയ്തിട്ടില്ല എന്ന് മാത്രമല്ല അനിഷ്ടകരമായ ഒരു വാക്കു പോലും പറഞ്ഞിട്ടില്ല.
നേതാവും അനുയായികളും തമ്മിലുള്ള ബന്ധം താറുമാറായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് ഇസ്ലാമികസാമ്രാജ്യത്തിന്‍റെ അധിപനായിരുന്ന തിരു നബി(സ്വ) യെ വായിക്കുന്പോള്‍ അതുല്യമായ ധാരാളം ജീവിതവിശേഷങ്ങള്‍ കണ്ടെത്താനാകും. സിംഹാസനത്തി ലിരുന്ന് അനുയായികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന രാജ കീയ സ്വഭാവം നബി തിരുമേനിക്കുണ്ടായിരുന്നില്ല. കഠിനാ ദ്ധ്വാനം ചെയ്യുന്ന അനുയായികളെ നോക്കി ആനന്ദം കൊള്ളുന്ന ആഢ്യനേതൃത്വത്തിന് പകരം അവരിലൊരാളായി മുന്നിട്ടിറങ്ങുകയായിരുന്നു പ്രവാചകര്‍(സ്വ). ഖന്തഖ് യുദ്ധത്തിന് കിടങ്ങ് കുഴിക്കുന്പോള്‍ തന്‍റെ നേതൃസ്ഥാനത്തെ അവഗണിച്ച് തൂന്പയും പിക്കാസുമെടുത്ത് കിടങ്ങിലേക്കിറങ്ങുന്ന തിരുനബി(സ്വ) യാണ് നമ്മുടെ മാതൃക
ഉന്നതമായ സാമൂഹ്യസ്വഭാവങ്ങളുടെ ഉടമയാണ് പ്രവാചകന്‍(സ്വ). ബന്ധങ്ങല്‍ ബന്ധനങ്ങളായി മാറിയ ആധുനിക ജീവിതപരിസരത്തില്‍ ആ വിശുദ്ധജീവിതത്തിലെ ഉന്നതമൂല്യങ്ങളിലേക്കുള്ള എത്തിനോട്ടം ആത്മീയോന്നതിക്ക് പ്രേരകമായിരിക്കും. സഹപ്രവര്‍ത്തകരെക്കുറിച്ച് എപ്പോഴും നല്ല ധാരണ വെച്ചു പുലര്‍ത്തുകയും അങ്ങനെചെയ്യാന്‍ കല്‍പ്പിക്കുകയും ചെയ്യുമായിരുന്നു. സഹപ്രവര്‍ത്തകരോ ടും കൂട്ടുകാരോടുമുള്ള പ്രവാചകരുടെ സമീപനം തീര്‍ത്തും മാതൃകാപരമായിരുന്നു. ആരെക്കുറിച്ചെങ്കിലും തെറ്റിദ്ധാര ണാജനകമായി സംസാരിച്ചാല്‍ തിരുമേനി അത് തിരുത്തു മായിരുന്നു. നബി (സ്വ) ആരെയും തെററിദ്ധരിക്കുകയോ തെററിദ്ധരിപ്പിക്കുകയോ ചെയ്യാറില്ല. ആര്‍ക്കെങ്കിലും വല്ല സംശയവും ഉണ്ടായാല്‍ ഉടനെ ശരിയായ വിശദീകരണം നല്‍കി സംശയം നീക്കുമായിരുന്നു. ആരുടെയെങ്കിലും വല്ല അപാകതകളും തിരുത്തുന്പോള്‍ മാന്യമായി തിരുത്തുമായിരുന്നു. ഹിജ്റവേളയില്‍ വിവാഹം ലക്ഷ്യമാക്കിയ ഒരു സ്വഹാബിയെ ഗുണദോഷിച്ചതും തഹജ്ജുദ് നിസ്കരിക്കാത്ത മറ്റൊരാളെ ഗുണദോഷിച്ചതും വ്യക്തമായ ഉദാഹരണങ്ങളാണ്. ഒരാളുടെയും രഹസ്യം അന്വേഷിക്കുകയില്ല. തന്‍റെ കൂട്ടുകാരെക്കുറിച്ച്  അന്വേഷണം നടത്തുമായിരുന്നു. അവിടുന്ന് പറഞ്ഞു. “ആരും എന്‍റെ സ്വഹാബികളെ ക്കുറിച്ച് മോശമായ ഒരു വാര്‍ത്തയും എന്‍റെയടുക്കല്‍ എത്തിക്കരുത്. കാരണം ഹൃദയത്തില്‍ മോശമായ വിചാരങ്ങളൊന്നുമില്ലാതെ മനസ്സംതൃപ്തിയോടു കൂടി നിങ്ങള്‍ക്കരികില്‍ വരാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.’ തിരുമേനിയോട് ആരെങ്കിലും സംസാരിക്കാന്‍ മുതിര്‍ന്നാല്‍ അവന്‍ സ്വയം പിരിഞ്ഞ് പോകുന്നത് വരെ തിരുമേനി ക്ഷമ പാലിക്കും. ആരെങ്കിലും വല്ലതും ആവശ്യപ്പെട്ടാല്‍ അത് നല്‍കി തിരിച്ചയക്കും. സാധിക്കാതെ വന്നാല്‍ സൗമ്യമായ വാക്കു പറഞ്ഞു സമാശ്വസിപ്പിച്ച് വിടും.
അവിടുത്തെ കൂട്ടുകാരില്‍ സിംഹഭാഗവും അഗതികളും ദരിദ്രരും ആയിരുന്നു. അഗതിസംരക്ഷണത്തിന് സ്വര്‍ഗ്ഗത്തിലെ സാമീപ്യമാണ് അവിടന്ന് വാഗ്ദാനം ചെയ്തത്. അവരുടെ കൂട്ടത്തില്‍ അടിമകളും തൊഴിലാളികളുമുണ്ടായിരുന്നു. പണക്കാര്‍ക്കും പ്രമാണിമാര്‍ക്കും തിരുമേനിയുടെ സമീപം പ്രത്യേക പരിഗണന ഉണ്ടായിരുന്നില്ല. വിധവകളുടെയും അഗതികളുടെയും വിളിക്ക് ഉത്തരം നല്‍കുമായിരുന്നു. പ്രവാചകത്വത്തിന്‍റെ ആരംഭത്തില്‍ ഖദീജബീവി നബി(സ്വ)യെ സ്വാന്തനിപ്പിക്കുന്ന വാക്കുകള്‍ തന്നെ അവിടുത്തെ സാമൂഹ്യസ്വഭാവങ്ങളെ വ്യക്തമാക്കുന്നതാണ്. “”താങ്കള്‍ താങ്കളുടെ ബന്ധുക്കളെ സ്നേഹിക്കുന്നു. അയല്‍ക്കാരുമായി സ്നേഹത്തില്‍ കഴിയുന്നു. ദരിദ്രര്‍ക്കു ദാനം നല്‍കുന്നു. അഗതികളെ സത്ക്കരിക്കുന്നു. താങ്കള്‍ വാക്കനുസരിച്ചാണ് നടക്കുന്നത് ” .
ദുസ്വഭാവം, ബഹളം വെക്കല്‍, അÇീലം പറയല്‍, ആക്ഷേപം ചൊരിയല്‍, അമിത ഫലിതം എന്നിവയൊന്നും പ്രവാചകരുടെ പെരുമാററത്തില്‍ ഒരിക്കലും കാണുമായിരുന്നില്ല. അപരിചിതരുടെ സംസാരത്തിലോ ചോദ്യത്തിലോ ഉണ്ടാകാവുന്ന സംസ്കാരശൂന്യതയില്‍ ക്ഷമ പാലിക്കുമായിരുന്നു. ഒരാളുടെ സംസാരം ഇടക്കു മുറിച്ചു കളയുകയില്ല. അതിരു വിട്ടാല്‍ നിരോധിക്കും, അല്ലെങ്കില്‍ എഴുന്നേററ് പോകും. ജനങ്ങളുടെ ചിരിയിലും അത്ഭുത പ്രകടനത്തിലും പങ്കുകൊള്ളുമായിരുന്നു.
സാമൂഹ്യജീവിതത്തില്‍ സഹനവും വിട്ടുവീഴ്ചയും ഒഴിച്ചുകൂടാനാവാത്ത വിശിഷ്ടഗുണങ്ങളാണ്. തിരുനബി(സ്വ)യുടെ ദൗത്യനിര്‍വ്വഹണത്തില്‍ പ്രബോധനരംഗത്ത് സാധിച്ച മഹാവിപ്ലവത്തിന് ഇത്തരം നിരവധി സംഭവങ്ങള്‍ കാരണമായിട്ടുണ്ട്. പ്രവാചകരുടെ ജീവിതത്തെ ഉപരിപ്ലവമായി വായിച്ചാല്‍ തന്നെ ഇത്തരം ധാരാളം അവസരങ്ങള്‍ കാണാനാവും. തന്നെ കൊല്ലാന്‍ വന്ന ജൂതന്‍റെ കാര്യത്തില്‍ അവിടുന്ന് കാണിച്ച സമീപനം വര്‍ത്തമാനകാലത്ത് പുനര്‍വായിക്കുന്നത് ഏത് വിശ്വാസിയെയാണ് ഉള്‍പുളകം കൊള്ളിക്കാതിരിക്കുക. തന്നോട് തെറ്റ് ചെയ്തവരോട് മാപ്പ് നല്‍കാന്‍ യാതൊരു മടിയും അവിടുന്ന് കാണിച്ചില്ല. ഉറങ്ങാന്‍ കൊടുത്ത വിരിപ്പില്‍ കാഷ്ഠിച്ച ജൂതനോട് യാതൊരു നടപടിയും സ്വീകരിക്കാതെ നബിതങ്ങള്‍ തന്‍റെ സ്വന്തം കൈകള്‍ കൊണ്ട് അത് വൃത്തിയാക്കുന്നു. മറ്റൊരവസരം, പള്ളിയില്‍ മൂത്രമൊഴിച്ച അഅ്റാബിയെ സ്വഹാബാക്കള്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞത് “”അദ്ദേഹത്തെ വെറുതെ വിടുക. മൂത്രമൊഴിക്കട്ടെ. മൂത്രം വീണിടത്ത് ഒരു തൊട്ടി വെള്ളമൊഴിക്കുക” എന്നാണ് .സാമൂഹികതയുടെ, വിട്ടുവീഴ്ചയുടെ അവിസ്മരണീയമായ ഒട്ടനവധി രംഗങ്ങളാണ് ആ ധന്യജീവിതം നമ്മുടെ മുന്നില്‍ വരച്ചിട്ടത്. തന്നെയും സഖാക്കളെയും സ്വന്തം നാട്ടില്‍ നില്‍ക്കാനനുവദിക്കാതെ മദീനയിലേക്ക് പലായനം ചെയ്യിച്ച ശത്രുക്കളോട് മക്കാവിജയദിനത്തില്‍ നബി(സ്വ) കാണിച്ച കാരുണ്യം ചരിത്രത്തില്‍ മാതൃകകളില്ലാത്തതാണ്.
മുഴുവന്‍ സാമൂഹ്യദുരാചാരങ്ങള്‍കക്കെതിരെയും തിരുനബി(സ്വ) ശക്തമായി ശബ്ദിച്ചു. കള്ള് കുടിക്കരുത്, പലിശ വാങ്ങരുത്, വ്യഭിചരിക്കരുത്, ചൂതുകളിക്കരുത്, ചൂഷണം ചെയ്യരുത്, പരിഹസിക്കരുത്, അസത്യം പറയരുത്. എന്നത് പോലെ സാമൂഹ്യനിര്‍മ്മിതിക്കാവശ്യമായ മുഴുവന്‍ കാര്യങ്ങളും തിരുമേനി നിയമമാക്കിവെച്ചു. ഏത് സമൂഹത്തിനും പ്രായോഗികവത്കരിക്കാന്‍ പറ്റുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് തിരുനബി(സ്വ) ലോകത്തിന് മുന്നില്‍ സമര്‍പ്പിച്ചത്. വലിയവരെ ബഹുമാനിക്കണം, ചെറിയവരെ സ്നേഹിക്കണം, പാവപ്പെട്ടവരെ സഹായിക്കണം,അനാഥകളെ സംരക്ഷിക്കണം, ഭാര്യയോട് മാന്യമായി പെരുമാറണം, മക്കളെ ലാളിക്കണം, അയല്‍വാസിയെ ആദരിക്കണം, അതിഥികളെ സത്കരിക്കണം, എന്നു തുടങ്ങിയ മാനുഷികതയുടെ അധ്യാപനങ്ങളാണ് അവിടന്ന് ലോകത്തിന് മുന്നില്‍ സമര്‍പ്പിച്ചത്. സാമൂഹികതയുടെ ഉത്തമനിദര്‍ശനങ്ങളാണ് തിരുനബി(സ്വ) സമൂഹത്തിനായി സമര്‍പ്പിച്ചത്. കണ്ടാല്‍ സലാം പറയുക, ക്ഷണിച്ചാല്‍ ക്ഷണം സ്വീകരിക്കുക, മരിച്ചാല്‍ അനുധാവനം ചെയ്യുക,തുടങ്ങി മുസ്ലിംകള്‍ പരസ്പരം ചെയ്യേണ്ട ബാധ്യതകള്‍ അതാണ് വ്യക്തമാക്കുന്നത്.
ആ ധന്യജീവിതത്തെ പുറമേ നിന്ന് വായിക്കാന്‍ ശ്രമിച്ച ജോണ്‍ ഡേവന്‍ ഫോര്‍ഡ് അല്‍പകാലം കൊണ്ട് തിരുനബി സാധിച്ച ആ മാനസികപരിവര്‍ത്ത നം കണ്ട് സായൂജ്യമടയുന്നു. ദൈവത്തിലേക്കുള്ള അതുല്യവും അത്യുന്നതവുമായ ലക്ഷ്യത്തിലെത്തുന്നതില്‍ നിന്ന് മനുഷ്യനെ തടയുന്ന അധമവിചാരങ്ങളെ വിപാടനം ചെയ്യുന്നതിനും മനുഷ്യനാല്‍ സാദ്ധ്യമല്ല. എന്നാല്‍ മുഹമ്മദാകട്ടെ, തന്‍റെ സ്നേഹമാര്‍ഗ്ഗമല്ലാതെ വേറെ യാതൊരായുധത്തിന്‍റെയും സഹായമില്ലാതെ, മരുഭുമിയുടെ കോണിലുള്ള വിരലുകൊണ്ടെണ്ണാന്‍ കഴിയുന്ന കുറച്ചാളുകളുടെ സഹായത്തോടെ അവയെ ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ചു. എന്നെന്നും നിലനില്‍ക്കുന്നതും അസാധാരണവുമായ ഇത്തരമൊരു മഹാസാമൂഹികവിപ്ലവം ഹ്രസ്വകാലയളവില്‍ ഇതുവരെ ആര്‍ക്കും തന്നെ നിര്‍വ്വഹിക്കാന്‍ സാധിച്ചിട്ടില്ല. നബി പ്രബോധനം ആരംഭിച്ചതുമുതല്‍ രണ്ടു നൂറ്റാണ്ടുകള്‍ പിന്നിടുന്നതിന് മുന്പേ അഖിലലോകരാലും പ്രകീര്‍ ത്തിക്കപ്പെടുംവിധം മൂന്നുഭുഖണ്ഡങ്ങളിലും ആധിപത്യം ചെലുത്തിക്കൊണ്ട് ഇസ്ലാം പ്രാബല്യം നേടി (മുീഹീഴ്യ ളീൃ ങൗവമാാമറ മിറ വേല ൂൗൃമി)
തിരുനബി(സ്വ)യെ ഒരു സാമൂഹികപരിഷ്കര്‍ത്താവായി മാത്രം മനസ്സിലാക്കുന്ന ചിലരുണ്ട്. യോദ്ധാവായും വിദ്യാഭാസവിചക്ഷണനായും സാമൂഹ്യപരിഷ്കര്‍ത്താവായും മറ്റുമുള്ള തൊലികളഞ്ഞ വാഗ്പ്രയോഗങ്ങളിലൂടെ മാത്രം പ്രവാചകനെ അവതരിപ്പിക്കുന്ന മതപരിഷ്കരണവാദികള്‍ യഥാര്‍ത്ഥത്തില്‍ ആ വിശുദ്ധജീവിതത്തിന്‍റെ ആശയതലങ്ങളെ വേണ്ടത്ര ഉള്‍ക്കൊണ്ടിട്ടില്ല..

Leave a Reply

Your email address will not be published. Required fields are marked *