2011 March-April മതം

ദൈവ സങ്കല്‍പം: ഇസ്ലാമിലും ക്രൈസ്തവതയിലും

Sankalpe Shabdam copy

സെമിറ്റിക് മതങ്ങളായ ഇസ്ലാമും ക്രിസ്ത്യാനിസവുമൊക്കെ ഏകദൈവ വിശ്വാസ മതങ്ങളായാണു അറിയപ്പെടുന്നത്. മുസ്ലിംകള്‍ അല്ലാഹുവെന്നും ക്രിസ്ത്യാനികള്‍ യഹോവയെന്നും വിശേഷിപ്പിക്കുന്ന ഏകനായ ഈ ദൈവമാണ് യഥാര്‍ത്ഥത്തില്‍ ആരാധനയര്‍പ്പിക്കപ്പെടേണ്ടവന്‍. ദൈവം മറ്റുള്ളവരുടെ സ്വാധീനത്തില്‍ നിന്നും സഹായത്തില്‍ നിന്നും മോചിതനായതു കൊണ്ടു തന്നെ സ്വന്തമായ നിലനില്‍പും, പങ്കുകാരില്ലാത്ത അസ്ഥിത്വവും ഉള്ളവനായിരിക്കണം. വ്യത്യസ്ഥ ഗുണവിശേഷങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരൊറ്റ അസ്ഥിത്വമുള്ളവനാണ് ഏകദൈവ വിശ്വാസ പ്രകാരമുള്ള ദൈവം. അതുകൊണ്ട് തന്നെ ദൈവത്തിന്‍റെ അസ്ഥിത്വത്തിന്‍റെ നിലനില്‍പിന് ദൈവമല്ലാത്ത മറ്റൊന്നിന്‍റെ സ്വാധീനമോ സാന്നിധ്യമോ ആവശ്യമില്ല. അതുപോലെ തന്നെ ദൈവികമായ വിശേഷണങ്ങള്‍ അതിന്‍റെ പൂര്‍ണ്ണതയോടെ ദൈവമല്ലാത്ത അവന്‍റെ സൃഷ്ടികളായ മറ്റൊന്നിലും ഉണ്ടാവാന്‍ പാടില്ല. ഇത്തരത്തില്‍ തികച്ചും അസ്ഥിത്വത്തിലും വിശേഷണങ്ങളിലും പങ്കുകാരില്ലാത്തവനാണ് ഏകദൈവ വിശ്വാസ പ്രകാരമുള്ള ദൈവം.
മുസ്ലിംകളുടെ വിശ്വാസ പ്രകാരമുള്ള അല്ലാഹു മുന്പു പറഞ്ഞതു പ്രകാരം അസ്ഥിത്വത്തിലും ഗുണവിശേഷങ്ങളിലും പങ്കുകാരില്ലാത്തവനാണ്. ബൈബിള്‍ പ്രകാരം ആദം മുതല്‍ മോശ വരെയും, ജീസസും പഠിപ്പിച്ചതും യഹോവ എന്നറിയപ്പെടുന്ന ഈ ഏകനായ അല്ലാഹുവിനെയാണ്. മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമായിട്ടുണ്ടെങ്കിലും ബൈബിള്‍ ഒരു തവണ വായിച്ചാല്‍ ഏകദൈവ വിശ്വാസത്തിന്‍റെ യഥാര്‍ത്ഥ രൂപം ഏറെക്കുറെ ബൈബിളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും. പക്ഷെ, യേശുവിന്‍റെ മരണശേഷമാണ് പാരന്പര്യ ഏകദൈവ വിശ്വാസത്തിന് പുതിയ രീതിയും വ്യാഖ്യാനവും നല്‍കപ്പെടുന്നത്. പ്രവാചകന്‍മാര്‍ പാരന്പര്യമായി പഠിപ്പിച്ച അസ്ഥിത്വത്തില്‍ ഏകത്വമുള്ള ദൈവത്തെ ത്രിയേകത്വത്തിന്‍റെ പുതിയ വ്യഖ്യാനങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുന്നത് ക്രിസ്തുവിന്‍റെ മരണ ശേഷം നടന്ന പൗരോഹിത്യത്തിന്‍റെ കടന്നാക്രമണം മൂലമാണ്. സ്വതന്ത്ര്യമായ അസ്ഥിത്വവും വ്യക്തിത്വവും പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ള ദൈത്തെയാണ് മുന്‍ പ്രവാചകന്മാര്‍ പഠിപ്പിച്ചതെങ്കില്‍ സ്വതന്ത്ര്യമായ അസ്തിത്വവും വ്യക്തിത്വവും പ്രവര്‍ത്തന സ്വാതന്ത്ര്യവുമുള്ള മൂന്ന് ആളത്വങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ത്രിയേകത്വം നിര്‍മ്മിക്കപ്പെട്ടത്. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് തുടങ്ങിയ മൂന്ന് വ്യത്യസ്തവും വ്യതിരിക്തവുമായ മൂന്ന് അസ്ഥിത്വങ്ങള്‍ കൂട്ടിച്ചേര്‍ത്ത ഏകദൈവത്തെയാണ് തോറയിലും ഇഞ്ചീലിലും ഏകദൈവമെന്ന് വിശേഷിപ്പിക്കപ്പെട്ടെതെന്നാണ് ത്രിയേകത്വ വാദികളുടെ വാദം.
മുസ്ലിംകളും ക്രിസ്ത്യാനികളും അംഗീകരിക്കുന്ന ക്രിസ്തു (ഈസാ നബി) വോ മോശ (മൂസ) യോ മറ്റു പ്രവാചകന്മാരോ ഇത്തരമൊരു ഏകദൈവ വിശ്വാസത്തെ (തൗഹീദ്) തങ്ങളുടെ സമുദായത്തിന് പഠിപ്പിച്ചു കൊടുത്തിട്ടില്ല. മറിച്ച് ക്രിസ്തുവിനു ശേഷം വന്ന മതകാര്യങ്ങളില്‍ ആത്മാര്‍ത്ഥതയില്ലാത്ത പുരോഹിതന്മാരും യേശുവിന്‍റെ പ്രവാചകത്വമംഗീകരിക്കാത്ത ക്രിസ്തുവിന്‍റെ മതത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുമായ ജൂതന്മാരും കൂടിച്ചേര്‍ന്നാണ് ത്രിയേകത്വം മെനെഞ്ഞെടുത്തത്. മോക്ഷത്തിന്‍റെ മാര്‍ഗമായിട്ടാണ് ക്രിസ്ത്യാനികള്‍ ത്രിയേകത്വത്തെ കണക്കാക്കുന്നത്. യേശുവിന്‍റെ മുന്പ് യേശുവിനെ മനസ്സിലാകാതെ പോയ (അഥവാ ത്രിയേകത്വം മനസ്സിലാകാത്ത) അനേകം വിശ്വാസികള്‍ എങ്ങിനെ മോക്ഷം കരസ്ഥമാക്കുമെന്ന ചോദ്യത്തിന് ത്രിയേകത്വത്തിന്‍റെ വക്താക്കള്‍ക്ക് ഉത്തരമില്ല. ക്രിസ്തുവിന്‍റെ മതത്തിലും നിയമങ്ങളിലും മാറ്റത്തിരുത്തലുകള്‍ നടത്തിയ പൗലോസു പോലും ത്രിയേകത്വം ചിത്രീകരിച്ചിട്ടില്ല. എങ്കിലും യേശു, ദൈവത്തിന്‍റെ ജഢത്തിലായി നമുക്കു മുന്പില്‍ വെളിപ്പെട്ടതാണെന്ന ആശയവുമായി രംഗത്തുവന്നത് പൗലോസാണ്. യേശുവിനു ദൈവികമായൊരു പരിവേശം നല്‍കുന്നതില്‍ പൗലോസ് വലിയ പങ്കുവഹിച്ചിട്ടുണ്ട്. പൗലോസ് പറയുന്നു: ക്രിസ്തുയേശുവിന്‍റെ അതേ മനോഭാവമാണു നിങ്ങള്‍ക്കു വേണ്ടത് പ്രകൃത്യാ തന്നെ ദൈവമായിരുന്നിട്ടും ദൈവത്തോടു തനിക്കുള്ള തുല്യതയെ മുറുകെപ്പിടിച്ചു കൊണ്ടിരിക്കേണ്ട ഒരു കാര്യമായി അവന്‍ പരിഗണിച്ചില്ല. മറിച്ച് അവന്‍ സ്വയം ശൂന്യമാക്കി ദാസന്‍റെ പ്രകൃതി സ്വീകരിച്ചു മനുഷ്യരൂപത്തില്‍ കാണപ്പെട്ടു.(ഫിലിപ്പിയര്‍ 2,57)
അവന്‍ അദൃശ്യനായ ദൈവത്തിന്‍റെ പ്രതിരൂപമാണ് സര്‍വ്വ സൃഷ്ടിയിലും ആദ്യ ജാതന്‍”(കോളോസിയക്കാര്‍ 1:15)
ദൈവത്തിന്‍റെ പ്രതിരൂപമാണെന്നും അതിനോടൊപ്പം തന്നെ ദൈവത്തിന്‍റെ സൃഷ്ടികളില്‍ ആദ്യ ജാതനുമാണെന്നു പറയുകയും ചെയ്യുന്പോള്‍ തന്നെ യേശു ദൈവത്തിന്‍റെ വെറുമൊരു സൃഷ്ടിയാണെന്നു മനസ്സിലാക്കാന്‍ കഴിയും. കേവലമൊരു സൃഷ്ടിയായ യേശുവിനെയും സര്‍വ്വശക്തനായ ദൈവത്തെയും ദൈവത്തിന്‍റെ തന്നെ സൃഷ്ടിയായ പരിശുദ്ധാത്മാവിനെയും കൂട്ടിച്ചേര്‍ത്താണ് ത്രിയേകത്വം രൂപപ്പെടുത്തുന്നത്. യഹോവയായ യഥാര്‍ത്ഥ ദൈവത്തിന്‍റെ സത്തയിലേക്കെന്തിനാണ് സൃഷ്ടികളായ യേശുവിനെയും പരിശുദ്ധാത്മാവിനെയും കൂട്ടിച്ചേര്‍ക്കേണ്ടത് എന്നതിന്‍റെ യുക്തിയാണ് ഇവിടെ മനസ്സിലാകാത്തത്.
ദൈവത്തെ അറിയേണ്ടത് അടിച്ചേല്‍പ്പിക്കലിലൂടെയല്ല. മറിച്ച് ശരിയായ ചിന്തയിലൂടെയാണ് ഒരാള്‍ ദൈവാസ്ഥിത്വം മനസ്സിലാക്കേണ്ടത്. ഖുര്‍ആന്‍ അവിശ്വാസികളോട് കല്‍പിക്കുന്നതും ഇതാണ്. ഈ ലോകത്തിന്‍റെ സൃഷ്ടിപ്പും അതിന്‍റെ പരിപാലന സംവിധാനവും കാര്യക്ഷമതയും കെട്ടുറപ്പും ദര്‍ശിച്ച്, ചിന്തിച്ച് മനസ്സിലാക്കി അതിന്‍റെ പിന്നിലുള്ള സര്‍വ്വശക്തനായ ദൈവത്തെ കണ്ടെത്താനാണ് ഖുര്‍ആന്‍ കല്‍പിക്കുന്നത്. മുന്‍ധാരണകളൊന്നുമില്ലാത്ത ഒരു വ്യക്തി ഇത്തരമൊരു ചിന്തക്കൊരുങ്ങിയാല്‍ അവന്‍ ചെന്നെത്തുക ഇസ്ലാം കല്‍പിക്കുകയും മുസ്ലിംകള്‍ വിശ്വസിക്കുകയും ചെയ്യുന്ന തരത്തിലുള്ള ഒരു ഏകദൈവത്തിലേക്കായിരിക്കും. പ്രാഥമിക ചിന്തയില്‍ നിന്നൊരിക്കലും ഒരാള്‍ക്ക് ഈ പ്രപഞ്ചത്തിന്‍റെ നാഥന്‍ മൂന്ന് അസ്ഥിത്വങ്ങളില്‍ നിന്നുണ്ടായ ഏകദൈവമാണെന്ന് മനസ്സിലാക്കാന്‍ കഴിയില്ല. കാരണം ഇവിടെ ചിന്ത കേന്ദ്രീകരിക്കപ്പെടുന്നത് ഒരു ശക്തിയിലേക്കായിരിക്കും. മറിച്ച് ത്രിയേകത്വ പ്രകാരമുള്ള പിതാവിലേക്കും പുത്രനിലേക്കും പരിശുദ്ധാത്മാവിലേക്കും മനുഷ്യചിന്താ മണ്ഡലം നീങ്ങുകയില്ല. അതുകൊണ്ട് തന്നെ ബൗദ്ധികപരമായും യുക്തിപരമായും മൂന്നു അസ്ഥിത്വങ്ങളിലായിട്ടുള്ള ത്രിയേകത്വം വെറുമൊരു കെട്ടുകഥയാണെന്ന് മനസ്സിലാക്കാം. മുന്പ് സൂചിപ്പിച്ചതു പോലെ ബൈബിളിലെവിടെയും ത്രിയേകത്വത്തിന്‍റെ ലാഞ്ചന പോലും കാണാന്‍ കഴിയില്ല. ദൈവ പരാമര്‍ശങ്ങളെല്ലാം അവന്‍ ഏകനാണെന്ന രൂപത്തിലാണ്. ദൈവത്തെക്കുറിച്ച് പരാമര്‍ശിച്ചൊരിടത്തും ദൈവാസ്ഥിത്വത്തില്‍ വേറൊന്നിന് പങ്കുള്ളതായി കാണാന്‍ കഴിയില്ല. അവര്‍ ഏന്നോ മൂന്നെണ്ണം കൂടിയ ഒന്നാണ് നിങ്ങളുടെ ദൈവമെന്നോ ബൈബിള്‍ ഒരിടത്തും പരാമര്‍ശിച്ചിട്ടില്ല. ഖുര്‍ആനില്‍ ഹുവ (അവന്‍) എന്ന് പല പ്രാവശ്യം പ്രയോഗിച്ചതു പോലെ ബൈബിളിലും ധാരാളം പ്രയോഗിച്ചിട്ടുണ്ട്. ഇതു മുഴുവന്‍ മാറ്റിത്തിരുത്തുക എന്നുള്ളത് അസാധ്യമായത് കൊണ്ട് തന്നെ വളരെ തന്ത്രപരമായി അവന്‍ എന്നുള്ളതിന് ത്രിയേകത്വമെന്ന അര്‍ത്ഥ സങ്കല്‍പം നല്‍കിയത്. ദൈവത്തെ പറ്റി പഴയ നിയമം പറയുന്നതെന്താണെന്നു നമുക്കു വായിക്കാം.
ഈസായേ കേട്ടാലും, നമ്മുടെ ദൈവമായ കര്‍ത്താവത്രെ ഏക കര്‍ത്താവ്” (ആവര്‍ത്തനം 6:4) ദാവീദിന്‍റെ പ്രാര്‍ത്ഥനയില്‍ ദാവീദ് ദൈവത്തെ പുകഴ്ത്തുന്നത് അവന് പങ്കുകാരില്ലെന്ന് പറഞ്ഞാണ്. നിനക്കു സദൃശ്യനായി ആരുമില്ല, നീയല്ലാതെ മറ്റൊരു ദൈവവുമില്ല”(2 ശമുവേല്‍ 7:22) മഹാത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഏകനായിട്ടാണ് സങ്കീര്‍ത്തനം. (13:4) ദൈവത്തെ പരിചയപ്പെടുത്തുന്നത് ദൈവത്തിന് ജനനമോ മരണമോ ഇല്ല എന്നാണ് പഴയ നിയമം പഠിപ്പിക്കുന്നത് എന്നെന്നും ജീവിക്കുന്ന ജീവനുള്ള ദൈവം അവനാണ്” (ദാനിയേല്‍ 6:26). യേശുവിന്‍റെ കുരിശു മരണം മൂലം ദൈവം മരിക്കേണ്ടതല്ലേ? അല്ലെങ്കില്‍ പാതി ദൈവമാണെങ്കില്‍ ബൈബിളിന്‍റെ അധ്യാപന പ്രകാരം ആ ദൈവത്തെ നമുക്ക് കാണാന്‍ കഴിയില്ല. സര്‍വ്വശക്തന്‍, അവന്‍ നമുക്ക് അപ്രാപ്യമാണ്.(ഇയ്യോബ് 37:23) എന്നാണ് ബൈബിള്‍ പഠിപ്പിക്കുന്നത്. ദൈവമായ യേശുവിനെ എല്ലാവരും ദര്‍ശിച്ചില്ലേ? അപ്രാപ്യനായ ദൈവത്തെ പിടിച്ച് കുരിശിലേറ്റിയില്ലേ? പിതാവെന്ന യഹോവ മാത്രമാണ് ദൈവം. പുത്രനും പരിശുദ്ധാത്മാവിനും ദൈവികതയില്‍ ഒരു റോളുമില്ലെന്നാണ് ബൈബിള്‍ വിളിച്ചോതുന്നത്. ആ ഒരു കര്‍ത്താവിനെക്കുറിച്ചാണ് ബൈബിള്‍ ഇങ്ങനെ പറയുന്നത്  കര്‍ത്താവ് ഭൂമിയുടെ മുഴുവന്‍ രാജാവാകും, അ്ന്ന് ഒരു കര്‍ത്താവേ ഉണ്ടാകൂ; അവന് ഒരു നാമവും (സെഖര്യ 14:9) വ്യത്യസ്ത ഗുണവിശേഷങ്ങളോടെ ഇത്തരത്തിലാണ് ബൈബിള്‍ ദൈവത്തെ പരിചയപ്പെടുത്തുന്നത്. പഴയ നിയമത്തിലെവിടെയും തന്നെ ത്രിയേകത്വത്തിലേക്കൊരു സൂചന പോലും നല്‍കുന്നില്ല. മറിച്ച് ബഹുദൈവാരാധനയെ വിലക്കുകയാണ് ചെയ്യുന്നത്. ദിവ്യത്വമാരോപിക്കപ്പെട്ട യേശുവിനെപ്പോലും വേറൊരു ദൈവത്തോട് അപേക്ഷിക്കുകയും ദൈവത്തിന്‍റെ അധ്യാപനങ്ങള്‍ അനുയായികള്‍ക്ക് നല്‍കുകയും ചെയ്യുന്നതായി കാണാന്‍ കഴിയും. നിന്‍റെ ദൈവമായ കര്‍ത്താവ്” (മത്തായി 4:7) എന്നാണ് യേശു തന്നെ പരീക്ഷിക്കാന്‍ വന്ന പിശാചിനോട് പറയുന്നത് കര്‍ത്താവിനെയാണ് ഇവിടെ ദൈവമായി കണക്കാക്കുന്നത്. നിന്‍റെ ദൈവമാണ് ഞാനെന്ന് യേശു പറഞ്ഞിട്ടില്ല. പുതിയ നിയമത്തില്‍ യേശു പിതാവിനോട് പ്രാര്‍ത്ഥിക്കുന്നത് കാണാം. ദൈവമെന്തിനാണ് മറ്റുള്ളവരോട് അപേക്ഷിക്കുന്നത്? തന്നെ കുരിശിലേറ്റുന്ന സമയത്തും യേശു പിതാവിനെ വിളിച്ചലറിയതായി പുതിയ നിയമം പറയുന്നു? ഉയിര്‍ത്തെഴുന്നേറ്റെങ്കിലും ദൈവത്തിന് അല്‍പസമയം പാതി ജീവന്‍ നഷ്ടപ്പെട്ടെന്നു പറയുന്നതിലെ അനൗചിത്യം എത്രമാത്രമാണെന്ന് ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാക്കാം!
തങ്ങളുടെ വാദഗതികള്‍ സ്ഥിരീകരിക്കാന്‍ വ്യത്യസ്തമായ രീതിയില്‍ ത്രിയേകത്വത്തെ ക്രിസ്തീയ പണ്ഡിതന്മാര്‍ വ്യാഖ്യാനിക്കാറുണ്ട്. 1+1+1=3 എന്ന സിദ്ധാന്തത്തെ വളച്ചൊടിച്ച് 1ഃ1ഃ1=1 എന്ന ഗുണനത്രിയേകത്വമാണ് ഇവരുരടെ ഒരു വ്യാഖ്യാ നം. ഈ വ്യാഖ്യനം എത്രത്തോളം പൊള്ളത്തരമാണെന്ന് നമുക്ക് കാ ണാന്‍ കഴിയും. മൂന്ന് അസ്ഥിത്വങ്ങ ള്‍ ചേര്‍ന്ന ഒരസ്ഥിത്വമാണ് ദൈവമെന്ന് പറയുന്പോള്‍ മൂന്ന അസ്ഥിത്വങ്ങളെയും ചേര്‍ത്ത് പിടിക്കുകയാണ് വേണ്ടത്. മറിച്ച് ഒരു ദൈവത്തെ തന്നെ എടുത്ത് മറിച്ച് കളിക്കരുത്. ഇനി ഇവരുടെ ഗുണ സിദ്ധാന്തം അംഗീകരിച്ചാല്‍ തന്നെ മുപ്പത്തിമുക്കോടി ദൈവങ്ങളെ ആരാധിക്കുന്നവരുടെ ദൈവത്തെ ഗുണിച്ചാലും ഉത്തരം ഒന്ന് തന്നെയായിരിക്കും. ജലത്തിന്‍റെ മൂന്ന് അവസ്ഥകളായ ഖരം, ദ്രാവകം, വാതകം തുടങ്ങിയ മൂന്ന് അവസ്ഥയെപ്പോലയാണ് ത്രിയേകത്വമെന്ന രീതിയില്‍ ത്രിയേകത്വത്തെ തന്നെ വ്യാഖ്യാനിച്ചവരുണ്ട്. പക്ഷെ, വെള്ളത്തിന്‍റെ അവസ്ഥയെപ്പോലെയല്ല ദൈവം. വെള്ളത്തിന്‍റെ വ്യത്യസ്ത രൂപങ്ങളാണിവ. എല്ലാം വെള്ളം തന്നെയാണ്. ഇതില്‍ ഏതെങ്കിലുമൊരു അവസ്ഥ കൈവരിച്ചാല്‍ മറ്റു രണ്ടവസ്ഥകളുടെയും സാധുത ഇല്ലാതാകും. എന്നാല്‍ പുത്രനുണ്ടായാല്‍ പിതാവുണ്ടാകില്ലാ എന്നോ അല്ലെങ്കില്‍ പിതാവിന്‍റെ സാന്നിധ്യത്തില്‍ പുത്രനും പരിശുദ്ധാത്മാവും ഉണ്ടാകില്ലെന്നോ പറയാന്‍ ത്രിയേകത്വ വാദികള്‍ക്ക് കഴിയുമോ? വ്യൈുതി അതിന്‍റെ വ്യത്യസ്ത ഗുണങ്ങളായ പ്രകാശം, ചൂട്, ശബ്ദം എന്നിവ തരുന്നതു പോലെയാണ് ത്രിയേകത്വമെന്ന് പറയപ്പെടാറുണ്ട്. പക്ഷെ, ഇവിടെയും വ്യൈുതിയെ മാത്രമേ ദൈവത്തിന്‍റെ സ്ഥാനത്ത് നിര്‍ത്താന്‍ കഴിയൂ. കാരണം മറ്റുള്ളവ വ്യൈുതിയില്‍ നിന്നുണ്ടാകുന്നതാണ്. വ്യൈുതിയുടെ വിശേഷങ്ങളായിട്ടേ അതിനേ പരിഗണിക്കാന്‍ പറ്റൂ. ഒരു ത്രികോണത്തിലെ മൂന്ന് കോണുകളെപ്പോലെയാണെന്നും, ഒരാറ്റത്തിലെ ന്യൂട്രോണ്‍, പ്രോട്ടോണ്‍ പോലെയും, മനുഷ്യനില്‍ ശരീരം, മനസ്സ്, ആത്മാവ് എന്നതു പോലെയുമാണ് ത്രിയേകത്വമെന്നുമൊക്കെയുള്ള ബാലിശവും, യുക്തിഹീനവും, പ്രത്യക്ഷാ ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ ധാരാളം വ്യാഖ്യാനങ്ങള്‍ ത്രിയേകത്വത്തിന് നല്‍കപ്പെട്ടിട്ടുണ്ട്.
ഇസ്ലാമിക വിശ്വാസ പ്രകാരമുള്ള മുതശാബിഹിനോട് സാദൃശ്യമാണ് ത്രിയേകത്വമെന്നും അത് മനസ്സിലാക്കാന്‍ ബുദ്ധിക്ക് സാധിക്കികിയില്ലെന്നും ഇവര്‍ വാദമുന്നയിക്കാറുണ്ട്. ഈ നിലപാട് തികച്ചും അബന്ധജഡിലമാണ്. ഒരു വസ്തുത ഉണ്ടെന്നും ആ വസ്തുതയുടെ യഥാര്‍ത്ഥ രൂപം എങ്ങിനെയെന്ന് വ്യക്തമാകാതിരിക്കുകയും ചെയ്യുന്പോഴാണ് അതിന് മുതശാബിഹ് എന്ന് പറയുന്നത്. ആത്മാവ് ഉണ്ടെന്ന് നാം വിശ്വസിക്കുന്നു. പക്ഷെ, അതിന്‍റെ രൂപം അറിയുന്നില്ല എന്നതു പോലെയാണിത്. ദൈവം ഉണ്ടെന്നും അവന്‍റെ ഏകത്വത്തിലും ഗുണവിശേഷണങ്ങളിലും വിശ്വസിക്കുന്നു. ആ ഏകന്‍റെ രൂപമാണ് നമുക്ക് അജ്ഞമായിട്ടുള്ളത്. എന്നാല്‍ ത്രിയേകത്വത്തിന്‍റെ അര്‍ത്ഥം തന്നെ മനസ്സിലാകുന്നില്ല എന്നിടത്തു നിന്നാണ് പ്രശ്നമുദിക്കുന്നത്.
പൗലോസവതരിപ്പിച്ച യേശുവിന്‍റെ ദൈവികതക്കൊപ്പം പരിശുദ്ധാത്മാവിനെയും കൂടി കൂട്ടിച്ചേര്‍ത്താണ് പൗലോസിന്‍റെ മരണ ശേഷം ത്രിയേകത്വം രൂപം കൊടുക്കപ്പെടുന്നത്. എ.ഡി 325 നാണ് നിസിന്‍ കൗണ്‍സില്‍ ത്രിയേകത്വം അംഗീകരിക്കുന്നത്. പൗലോസ് അതിന് മുന്പ് മരിച്ചിട്ടുണ്ട്. അന്നത്തെ ചക്രവര്‍ത്തി കോണ്‍സ്റ്റന്‍റൈന്‍ സൂര്യ ദേവനെ ആരാധിക്കുന്നുവനായിരുന്നു. അവരുടെ വിശ്വാസത്തിന്‍റെ സ്വാധീനവും അതു നിലനിന്നിരുന്ന ഗ്രീക്ക് ഐതിഹ്യങ്ങളിലെ അമാനുഷിക കഥാപാത്രങ്ങളുടെ സ്വാധീനവും ത്രിയേകത്വ വിശ്വാസത്തിന് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത നേടിക്കൊടുത്തു. ത്രിയേകത്വത്തിനെതിരെ അന്ന ത്തെ ചില നല്ലവരായ പുരോഹിതര്‍ രംഗത്തെത്തിയിരുന്നെങ്കിലും അത് അടിച്ചമര്‍ത്തപ്പെടുകയും പുരോഹിതരെ വധിക്കുകയും തടവിലിടുകയും ചെയ്യുകയാണുണ്ടായത്. ഇന്നും ത്രിയേകത്വത്തെ അംഗീകരിക്കാത്ത ന്യൂനപക്ഷം ക്രിസ്തീയ സമൂഹത്തിലുണ്ട്.
ത്രിയേകത്വ വാദത്തെ ശക്തമായി എതി ര്‍ക്കുകയും ഏകദൈവ വിശ്വാസത്തിന് അരക്കെട്ടുറപ്പിക്കുകയും ചെയ്ത ഖുര്‍ആനിന്‍റെ വചനങ്ങളില്‍ പോലും ത്രിയേകത്വമുണ്ടെന്ന് വാദിക്കുന്ന ക്രിസ്ത്യന്‍ പണ്ഡിതന്മാരെ നമുക്ക് കാണാന്‍ കഴിയും. ഖുര്‍ആനിന്‍റെ പേരില്‍ ത്രിയേകത്വം കെട്ടിയുണ്ടാക്കിയെങ്കില്‍ ബൈ ബിള്‍ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ ഇവര്‍ക്ക് ഒരു പ്രയാസവുമുണ്ടാകില്ലല്ലോ?

 

Leave a Reply

Your email address will not be published. Required fields are marked *