2013 November-December നബി സാമൂഹികം ഹദീസ്

കുടുംബ ജീവിതത്തിന്‍റെ പ്രവാചക മാതൃക

KUDUMB

 

മനുഷ്യകുലത്തിന് മുഴുവന്‍ മാതൃകായോഗ്യവും അനുകരണീയവുമായ ജീവിതമായിരുന്നു തിരുനബി(സ) തങ്ങളുടേത്. ഒരു കുടുംബനാഥനെന്ന നിലയില്‍ വഹിക്കേണ്ടി വരുന്ന എല്ലാ ചുമതലകളും പദവികളും സന്പൂര്‍ണ്ണമായ രൂപത്തില്‍ തന്നെ നറവേറ്റാന്‍ നബി(സ)ക്ക് സാധിച്ചു. ഭാര്യമാര്‍ക്കിടയില്‍ നീതിമാനായ ഭര്‍ത്താവായും മക്കള്‍ക്കും പേരമക്കള്‍ക്കുമിടയില്‍ സ്നേഹവത്സലനായ പിതാവായും കാരുണ്യവാനായ പിതാമഹനായും എങ്ങനെ വര്‍ത്തിക്കാമെന്നതിന്‍റെ മഹനീയ മാതൃകകള്‍ റസൂലുല്ലാഹി(സ)യുടെ കുടുംബജീവിതത്തില്‍ നിന്നും ധാരാളം വായിച്ചെടുക്കാം. ഒരു കുടുംബനാഥനെന്ന നിലയില്‍ അനുഭവിക്കേണ്ടി വരുന്ന സുഖദു:ഖങ്ങളും വൈഷമ്യങ്ങളുമെല്ലാം ഇണങ്ങിച്ചേര്‍ന്നതായിരുന്നു തിരുനബി(സ)യുടെ കുടുംബജീവിതം. അത്തരം ഘട്ടങ്ങളെയെല്ലാം യുക്തിസഹമായി സമീപിക്കാനും കൈകാര്യം ചെയ്യാനും മുത്തുനബി(സ)ക്ക് സാധിച്ചുവെന്നതാണ് അവിടുത്തെ കുടംബജീവിതത്തെ വ്യതിരക്തമാക്കുന്നത്.
ഇരുപത്തിയഞ്ചാമത്തെ വയസ്സിലാണ് റസൂല്‍(സ) വിവാഹിതനാവുന്നത്. തുടര്‍ന്ന്, വഫാത്ത് വരെ അവിടുത്തെ വൈവാഹിക ജീവിതത്തിന്‍റെ ഓരോ ചലനവും ഏതൊരു ഭാര്യ ഭര്‍ത്താവിനും അനുകരണീയമാം വിധമായിരുന്നു. വൈവാഹിക ജീവിതം വിജയകരവും സന്തുഷ്ടവുമാക്കിത്തീര്‍ക്കാനുള്ള പ്രായോഗികമാര്‍ഗങ്ങളും നിര്‍ദേശങ്ങളും അവിടുത്തെ ജീവിതത്തിലുടനീളം വായിച്ചെടുക്കാം.
വൈവാഹിക ജീവിതത്തിന്‍റെ കെട്ടുറപ്പും ഭദ്രതയും പരസ്പര സ്നേഹത്തിലും വിശ്വാസത്തിലുമാണ്. അതു കൊണ്ട് തന്നെ ഭാര്യമാരുമായി സ്നേഹത്തില്‍ വര്‍ത്തിക്കാനും മാന്യമായി പെരുമാറാനും നബി(സ) പഠിപ്പിച്ചിരുന്നു. ഖുര്‍ആന്‍ പറയുന്നു.””ഭാര്യമാരുമായി നിങ്ങള്‍ സഹവര്‍തിത്വത്തില്‍ കഴിയുക.'” മറ്റൊരിക്കല്‍ നബി(സ്വ) പറഞ്ഞു. “നിങ്ങളില്‍ ഉത്തമര്‍ ഭാര്യമാര്‍ക്ക ഗുണം ചെയ്യുന്നവരാകുന്നു.” നിസ്സാര വിഷയങ്ങള്‍ക്കു പോലും ഭാര്യമാരുടെ മേല്‍ ആക്ഷേപം ചൊരിയുകയും മര്‍ദ്ദിക്കുകയും ചെയ്യുന്ന ഭര്‍ത്താക്കന്മാര്‍ക്ക് മുത്തുനബിയുടെ കുടുംബജീവിതത്തില്‍ നിന്ന് ഏറെ പകര്‍ത്താനുണ്ട്. മഹതിയായ ആഇശ(റ) പറയുന്നു. നബി(സ്വ) ഒരിക്കല്‍ പോലും അവിടുത്തെ ഭാര്യയേയോ അടിമയേയോ അടിച്ചിട്ടില്ല.
ഭാര്യമാരുമൊത്ത് കളിതമാശകള്‍ പറയലും സന്തോഷം പങ്കിടലും നബി(സ്വ) തങ്ങളുടെ പതിവായിരുന്നു. റസൂല്‍ പറയുന്ന. “”സത്യവിശ്വാസിയുടെ എല്ലാ കളിയും നിനിഷ്ഫലമാണ്. മൂന്ന് കാര്യത്തിലൊഴികെ. കുതിര പരിശീലനം, അന്പെയ്ത്ത് പരിശീലനം, ഭാര്യമാരുമൊത്തുള്ള വിനോദം. ഇത് മനുഷ്യന് ബാധ്യതയും കര്‍ത്തവ്യവുമാണ്. ആഇശ(റ) “”ഞാന്‍ നബി(സ്വ) തങ്ങളോടു കൂടെ ഒരു യാത്ര പുറപ്പെട്ടു. ഞാനന്ന് ശരീരം തടിച്ചവളോ ഭാരമുള്ളവളോ ആയിരുന്നില്ല. തത്സമയം നബി(സ്വ) കൂടെയുള്ളവരോട് മുന്നില്‍ പോകുവാന്‍ കല്‍പിച്ചു. എന്നിട്ട് എന്നോട് പറഞ്ഞു. നമുക്കൊരു ഓട്ട മത്സരം നടത്തി നോക്കാം. അങ്ങനെ ഞാനും നബി(സ) തങ്ങളും കൂടി മത്സരം നടത്തി. തങ്ങളെ മറി കടന്ന് ഞാന്‍ മുന്നിലെത്തുകയും ചെയ്തു. റസൂലുല്ലാഹി മൗനം പാലിച്ചു. പിന്നീട് എന്‍റെ ശരീരം കുറച്ച് തടിച്ച അവസരത്തില്‍ വീണ്ടും നബി(സ്വ) തങ്ങളോടൊത്ത് ഒരു യാത്രക്ക് പുറപ്പെട്ടു. ഇത്തവണയും ഞങ്ങള്‍ ഓട്ട മത്സരത്തിലേര്‍പ്പെടുകയും റസൂലുല്ലാഹി(സ്വ) എന്നെക്കാള്‍ മുന്നിലെത്തുകയും ചെയ്തു. അവിടുന്ന് ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു. ഇത് മുന്പ് നീ എന്നെ തോല്‍പിച്ചതിന് പകരമാണ്””.
ഭാര്യമാരുടെ ഇഷ്ടങ്ങളേയും താല്‍പര്യങ്ങളേയും കണ്ടറിയാനും ഉചിതമാം വിധം അവ കൈകാര്യം ചെയ്യാനും തിരുനബി(സ്വ)ക്ക് സാധിച്ചിരുന്നു. ആഇശ(റ) പറയുന്നു “”ഞാന്‍ റസൂലുല്ലാഹി(സ്വ) യുടെ സമീപത്ത് വെച്ച് പാവകള്‍ കൊണ്ട് കളിക്കാറുണ്ടായിരുന്നു. എന്‍റെ കൂട്ടുകാരികളായ സ്ത്രീകളും എന്നോട് കൂടെയുണ്ടാവും. റസൂലുല്ലാഹി കടന്നു വന്നാല്‍ അവര്‍ മാറി നില്‍ക്കും. തത്സമയം നബി(സ്വ) തങ്ങളെ അവരെ എന്‍റെയടുക്കലേക്ക് തന്നെ തിരിച്ചു വിളിക്കും. അവര്‍ എന്നോട് കൂടെ കളിക്കുകയും ചെയ്യും.””
സ്വന്തം ഭാര്യമാര്‍ വിളിച്ചാല്‍ പരുക്കന്‍ സ്വഭാവത്തില്‍ മറുപടി പറയുന്ന ശൈലി റസൂലി(സ്വ)നുണ്ടായിരുന്നില്ല. വളരെ സൗമ്യതയോടും സ്നേഹത്തോടും കൂടിയായിരുന്നു ഭാര്യമാരുടെ വിളികള്‍ക്ക് പ്രവാചകര്‍(സ്വ) പ്രതികരിച്ചിരുന്നത്. ആഇശ(റ) പറയുന്നു. ”നബി(സ്വ)യുടെ ഭാര്യമാരില്‍ നിന്നോ അനുചരന്മാരില്‍ നിന്നോ ആരെങ്കിലും തങ്ങളെ വിളിച്ചാല്‍ ലബ്ബൈക്ക (ഞാന്‍ നിങ്ങളുടെ വിളിക്ക് ഉത്തരം നല്‍കുന്നു) എന്ന് പറയുമായിരുന്നു.”
ഭാര്യമാരോടുള്ള കടമകളേയും കടപ്പാടുകളേയും കുറിച്ച് നബി(സ്വ) എപ്പോഴും ഉണര്‍ത്തിക്കൊണ്ടിരുന്നു. ഒരിക്കല്‍ ഒരു സ്വഹാബിവര്യന്‍ ചോദിച്ചു. “”അല്ലാഹുവിന്‍റെ റസൂലേ, ഞങ്ങളില്‍ ഒരാളുടെ ഭാര്യക്ക് ഭര്‍ത്താവില്‍ നിന്ന് ലഭിക്കാനുള്ള അവകാശങ്ങളെന്തൊക്കെയാണ്? അവിടുന്ന് പറഞ്ഞു നീ ഭക്ഷിച്ചാല്‍ അവളേയും ഭക്ഷിപ്പിക്കുക, നീ വസ്ത്രം ധരിച്ചാല്‍ അവളേയും ധരിപ്പിക്കുക, അവളുടെ മുഖത്തടിക്കരുത്, ചീത്ത പറയരുത്, പരസ്പരം പിണങ്ങിയാല്‍ കിടപ്പറയിലല്ലാതെ അവളെ വെടിയരുത്.””
വിശുദ്ധമായ പ്രവാചകജീവിതത്തില്‍ ഒരിക്കല്‍ പോലും ഭാര്യയെ അടിക്കുകയോ ചീത്ത പറയുകയോ ചെയ്യേണ്ടി വന്നിട്ടില്ല. അത്രയും മാതൃകാപരമായ സഹവര്‍തിത്വമായിരുന്നു പത്നിമാരോട് റസൂലുല്ലാഹി(സ്വ)ക്കുണ്ടായിരുന്നത്. ഒരു ഹദീസില്‍ ഇങ്ങനെ കാണാം. “”നിങ്ങളില്‍ ഈമാന്‍ പരിപൂര്‍ണമായവര്‍ സല്‍സ്വഭാവികളും ഭാര്യമാരോട് മാന്യമായി പെരുമാറുന്നവരുമാകുന്നു.””
ഭാര്യമാര്‍ക്കിടയില്‍ നീതി പുലര്‍ത്തുന്നതിലും സമത്വം പാലിക്കുന്നതിലും നബി(സ്വ) തങ്ങള്‍ അതീവശ്രദ്ധ പുലര്‍ത്തിയിരുന്നു. എല്ലാ ഭാര്യമാര്‍ക്കും അവരുടെ അവകാശങ്ങളും ആവശ്യങ്ങളും നിറവേറ്റിക്കൊടുത്തു. ഇബ്നു അബ്ബാസ്്്(റ) പറയുന്നു. “”ഒന്പത് ഭാര്യമാര്‍ ജീവിച്ചിരിപ്പുള്ള സന്ദര്‍ഭത്തിലാണ് റസൂലിന്‍റെ വഫാത്. അതില്‍ എട്ടു പേര്‍ക്ക് നബി(സ്വ) തങ്ങള്‍ വീതിച്ച് നല്‍കിയിരുന്നു””. ആഇശ(റ)യില്‍ നിന്ന് നിവേദനം “”സൗദ(റ) പ്രായമായപ്പോള്‍ പറഞ്ഞു തങ്ങളില്‍ നിന്നും എനിക്കുള്ള ദിവസം ഞാന്‍ ആഇശ(റ)ക്ക് നല്‍കിയിരിക്കുന്നു.”” തുടര്‍ന്ന് നബി(സ്വ) ആഇശ(റ)ക്ക് രണ്ട് ദിവസം നല്‍കി.
ഭാര്യമാരുടെ സ്നേഹിതകളുമായും ബന്ധുക്കളുമായും സൗഹൃദത്തിലും സ്നേഹത്തിലുമായിരുന്നു നബി(സ്വ) തങ്ങള്‍ വര്‍ത്തിച്ചിരുന്നത്. അനസ്(റ) പറയുന്നു. “”നബി തങ്ങള്‍ക്ക് വല്ല ഹദ്യയും നല്‍കപ്പെട്ടാല്‍ അവിടുന്ന് പറയും ഇത് ഇന്ന സ്ത്രീക്ക് നല്‍കുക.”” അവര്‍ ഖദീജ ബീവി(റ)യുടെ സ്നേഹിതയായിരുന്നു. പ്രഥമ പത്നി ഖദീജ(റ)യുടെ വിയോഗ ശേഷവും നബി തങ്ങള്‍ അവരെ സദാ അനുസ്മരിക്കുകയും അവരുടെ പേരില്‍ ആടിനെ അറുത്ത് സ്വദഖ ചെയ്യുകയും ചെയ്തിരുന്നു.
ഒരു ഗൃഹനാഥന്‍ ഭാര്യയും മക്കളും പേരമക്കളും സേവകരുമെല്ലാമുള്‍ക്കൊള്ളുന്ന തന്‍റെ കുടുംബവുമായി എങ്ങനെ വര്‍ത്തിക്കണമെന്നതിന്‍റെ ഉത്തമ മാതൃക തിരുനബിയുടെ കുടുംബജീവിതത്തില്‍ ദര്‍ശിക്കാനാവും. ഹുസൈന്‍(റ) പറയുന്നു. “”ഞാനെന്‍റെ പിതാവിനോട് റസൂല്‍(സ്വ)യുടെ കുടംബജീവിതത്തെക്കുറിച്ച് ചോദിച്ചു . അദ്ദേഹം പറഞ്ഞു. നബി(സ്വ) വീട്ടില്‍ വന്നാല്‍ സമയം മൂന്നായി ഭാഗിക്കും. ഒരു ഭാഗം ഇബാദത്തിന്, ഒരു ഭാഗം വീട്ടുകാര്‍ക്ക്, ഒരു ഭാഗം സ്വന്തം ആവശ്യത്തിന്. സ്വന്തത്തിനുള്ള സമയത്തിന്‍റെ പകുതിയും ജനങ്ങളുടെ ക്ഷേമത്തിനായിരിക്കും വിനിയോഗിക്കുക.”
വീട്ടിലെത്തിയാല്‍ വീട്ടുകാര്യങ്ങളിലും ജോലികളിലും വ്യാപൃതനാവുക റസൂലിന്‍റെ പതിവായിരുന്നു. വീട്ടുജോലികളെല്ലാം ഭാര്യമാര്‍ നിര്‍വഹിക്കേണ്ടതാണെന്ന തെറ്റായ ധാരണ റസൂലുല്ലാഹി(സ്വ)ക്കുണ്ടായിരുന്നില്ല. സ്വന്തം കുടുംബക്കാര്‍ക്കൊപ്പം അവരുടെ തൊഴിലുകളില്‍ ഏര്‍പ്പെടുന്നതിലോ തന്‍റെ ആവശ്യങ്ങള്‍ സ്വയം നിറവേറ്റുന്നതിലോ റസൂല്‍ മടി കാണിച്ചിരുന്നില്ല. ആഇശ(റ) പറയുന്നു. “”നബി(സ്വ) തങ്ങള്‍ വീട്ടു ജോലികളില്‍ ഏര്‍പ്പെടാറുണ്ടായിരുന്നു. അവിടുന്ന് വസ്ത്രം അലക്കും, ആടിനെ കറക്കും, വസ്ത്രം തുന്നും,ചെരുപ്പ് നന്നാക്കും, ആവശ്യങ്ങള്‍ സ്വയം നിറവേറ്റും, വീട് അടിച്ച് വാരി വൃത്തിയാക്കും, ഒട്ടകത്തിന് തീറ്റ കൊടുക്കുകയും അതിനെ കറക്കുകയും ചെയ്യും, അങ്ങാടിയില്‍ നിന്നും സാധനങ്ങള്‍ ചുമന്ന് കൊണ്ടു വരും.”” അനസ്(റ) പറയുന്നു ഞാന്‍ ആഇശ(റ)യോട് ചോദിച്ചു. റസൂലുല്ലാഹി(സ്വ) വീട്ടിലെത്തിയാല്‍ എന്തായിരുന്നു ചെയ്തിരുന്നത്? ആഇശ(റ) പറഞ്ഞു. നബി(സ്വ)തങ്ങള്‍ തന്‍റെ കുടുംബത്തോടൊപ്പം അവരുടെ ജോലികളില്‍ ഏര്‍പ്പെടുമായിരുന്നു. നിസ്കാരത്തിന്‍റെ സമയമായാല്‍ അവിടുന്ന് നിസ്കാരത്തിനായി പുറപ്പെടും.
മക്കളോടും പേരമക്കളോടും സ്നേഹ വാത്സല്യത്തോടെയായിരുന്നു പെരുമാറിയിരുന്നത്. ഒരു പിതാവെന്ന നിലയില്‍ മക്കളോടുള്ള ബാധ്യതകളും കടമകളും പ്രവാചകന്‍ ഭംഗിയായി നിര്‍വഹിച്ചു. പെണ്‍മക്കളെയെല്ലാം അനുയോജ്യരായ ഭര്‍ത്താക്കന്മാരെ കൊണ്ട് തന്നെ വിവാഹം കഴിപ്പിച്ചയച്ചു. അവരുടെ സുഖവിവരങ്ങള്‍ അന്വേഷിക്കുന്നതിലും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുക്കുന്നതിലും നബി(സ്വ) ശ്രദ്ധാലുവായിരുന്നു. അതോടൊപ്പം തന്നെ അവരെ ആത്മീയ വഴിയില്‍ വളര്‍ത്തിക്കൊണ്ടു വരാനും നബി(സ്വ)തങ്ങള്‍ക്ക് സാധിച്ചു.
തന്‍റെ പേരമക്കളോട് അങ്ങേയറ്റത്തെ വാത്സല്യത്തോടെയും കരുണയോടും കൂടിയായിരുന്നു നബി(സ്വ) തങ്ങള്‍ പെരുമാറിയിരുന്നത്. അവരെ താലോലിക്കാനും അവരുടെ കളികളില്‍ ഏര്‍പ്പെടാനും സമയം കണ്ടെത്തി. ഇബ്്നു അബ്ബാസ്(റ) പറയുന്നു. റസൂലുല്ലാഹി ഹസന്‍(റ)വിനേയും ഹുസൈന്‍(റ)നെയും തിരുചുമലില്‍ ഏറ്റുമായിരുന്നു. അപ്പോള്‍ ഒരു വ്യക്തി പറഞ്ഞു. നിങ്ങള്‍ കയറിയിരിക്കുന്ന വാഹനം എത്ര പരിശുദ്ധം. ഇത് കേട്ട് നബി(സ്വ) പറഞ്ഞു. വാഹനപ്പുറത്തുള്ളവരും എത്ര ശ്രേഷ്ഠര്‍. അബ്ദുല്ലാഹിബ്നു ജഅ്ഫറുബ്നു അബീ ത്വാലിബ്(റ) പറയുന്നു. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയാല്‍ കുടുംബത്തില്‍ പെട്ട കുട്ടികളെ തിരുനബിയുടെ അടുക്കല്‍ കൊണ്ടു വരല്‍ പതിവായിരുന്നു. ഒരു ദിവസം നബി(സ്വ) യാത്ര കഴിഞ്ഞ് മടങ്ങി വന്നപ്പോള്‍ എന്നെയാണ് ആദ്യം കൊണ്ടു വന്നത്. ഉടനെ നബി(സ്വ) അവിടുത്തെ മുന്നിലായി എന്നെ ഒട്ടകപ്പുറത്തിരുത്തി. ശേഷം ഫാത്വിമ(റ)യുടെ ഒരു കുട്ടിയെ കൊണ്ടു വന്നു. അവനെ തന്‍റെ പിന്നില്‍ ഇരുത്തി. അങ്ങനെ ഞങ്ങള്‍ മൂവരും മദീനയിലേക്ക് പ്രവേശിച്ചു.
കുടുംബത്തില്‍ തന്‍റെ സേവകരായിരുന്ന അനുചരന്മാരോടും അടിമകളോടുമെല്ലാം വളരെ സ്നേഹത്തോടെയും സഹനത്തോടെയുമായിരുന്നു അവിടുന്ന് പെരുമാറിയിരുന്നത്. ഒരിക്കല്‍ പോലും ഒരു അടിമയെ അവിടുന്ന് അടിച്ചിട്ടില്ല. ഒരു സേവകനെപ്പോലും ശകാരിക്കുകയോ ചീത്ത പറയുകയോ ചെയ്യേണ്ടി വന്നിട്ടില്ല. അനസ്(റ) പറയുന്നു. “”തിരുനബി(സ്വ)ക്ക് പത്ത് കൊല്ലം ഞാന്‍ സേവനം ചെയ്തു. അതിനിടയില്‍ ഞാന്‍ ചെയ്ത ഒരു പ്രവൃത്തിയെപ്പറ്റി നീ എന്തിന് അത് ചെയ്തുവെന്നോ ഞാന്‍ ചെയ്യാതിരുന്നതിനെപ്പറ്റി നീ എന്തു കൊണ്ട് അതുപേക്ഷിച്ചുവെന്നോ ഒരിക്കല്‍ പോലും എന്നോട് ചോദിച്ചിട്ടില്ല.””

Leave a Reply

Your email address will not be published. Required fields are marked *