2015 may - june Uncategorized പഠനം മതം വായന വിദ്യഭ്യാസം സംസ്കാരം

ജ്ഞാന കൈമാറ്റം മുസ്‌ലിം നാഗരികതകളുടെ സംഭാവനകള്‍

ഇസ്‌ലാമിക ചരിത്രത്തിലെ ശോഭന അധ്യായം, ഉദാത്ത നാഗരികതയുടെയും സംസ്‌കാരത്തിന്‍റെയും കളിത്തൊട്ടില്‍, അജ്ഞതയുടെയും അന്ധകാരത്തിന്‍റെയും ഊഷരതയില്‍ നിന്ന്‌ വിജ്ഞാനത്തിന്‍റെയും പ്രകാശത്തിന്‍റെയും ശാദ്വല തീരത്തേക്ക്‌ യൂറോപ്പിനെ കൈ പിടിച്ചുയര്‍ത്തിയ മഹാരാജ്യം, വിശ്വോത്തര പണ്ഡിതന്മാരെയും പ്രതിഭാധനരായ ശാസ്‌ത്രജ്ഞന്മാരെയും സാഹിത്യ സാമ്രാട്ടുകളെയും ലോകത്തിന്‌ വരദാനമായി നല്‍കിയ ദേശം, ഇതൊക്കെയായിരുന്നു എട്ട്‌ ദശാബ്ദക്കാലം മുസ്‌ലിം ഭരണത്തിന്‍റെ ശോഭയിലൂടെ സ്‌പെയിന്‍ നേടിയെടുത്ത ഖ്യാതി. ബാഗ്‌ദാതിനോടും ദമസ്‌കസിനോടും കൈറോവിനോടും മത്സരിച്ചിരുന്ന കൊര്‍ഡോവയും ഗ്രാനഡയും ടോളിഡോയും പോലുള്ള മഹാ നഗരങ്ങള്‍, അല്‍ അസ്‌ഹറിനോടും നിസാമിയയോടും കിട പിടിക്കുന്ന സര്‍വ്വ-കലാ ശാലകള്‍, വാസ്‌തു ശില്‍പ്പ കലയിലെ വിസ്‌മയങ്ങളായ കൊര്‍ഡോവ മസ്‌ജിദ,്‌ അല്‍ ഹംറ രാജസൗധം, ഹംറാ കൊട്ടാരം, ഹൃത്തടങ്ങളെ പ്രകാശപുളകിതമാക്കിയ പാഠശാലകള്‍, ലൈബ്രറികള്‍, ആതുരാലയങ്ങള്‍, ലബോറട്ടറികള്‍, നിരീക്ഷണാലയങ്ങള്‍, വ്യവസായ ശാലകള്‍, ഐതിഹാസികവും അത്യുജ്ജലവുമായ സ്‌പെയിനിന്‍റെ ഓര്‍മ്മകള്‍ കുളിരണിയിക്കുന്നതായിരുന്നു.
ഇസ്‌ലാമിക പ്രഭാ കിരണത്തെ തക്‌ബീറിന്‍റെ മധുര ശബ്ദത്താല്‍ അന്തരീക്ഷമാകെ മാറ്റൊലി കൊള്ളിച്ച സമൂഹം ദശാബ്ദങ്ങള്‍ പ്രതാപത്തോടും അന്തസോടും ജീവിച്ച ശേഷം വിനോദങ്ങളിലും കളികളിലും മതി മറന്ന്‌ ഗാഢമായ നിദ്രയിലേക്ക്‌ അധഃപ്പതിച്ചിരിക്കുന്നു. വഴിയോരങ്ങളില്‍ നിസ്‌കരിക്കുന്ന യാത്രക്കാരനെ കണ്ടാല്‍ ആശ്ചര്യ പൂര്‍വ്വം നോക്കി നില്‍ക്കുന്ന സ്‌പെയിന്‍ നിവാസികളാണിന്നുള്ളത്‌. ഇസ്ലാമിനോടുള്ള അപരിചിതത്വം ആ രാജ്യത്തിന്‍റെ നാനാ തുറകളിലും കാണാം. ഹിജ്‌റ 91ല്‍ താരിഖ്‌ബ്‌നു സിയാദിന്‍റെ നേതൃത്വത്തില്‍ ഏഴായിരത്തോളം വരുന്ന സൈന്യത്തെ മൂസബ്‌നു നുസൈന്‍ സ്‌പെയിനിലേക്ക്‌ അയക്കുകയും പറയത്തക ഏറ്റുമുട്ടലുകളൊന്നും കൂടാതെ നിശ്‌പ്രയാസം രാജ്യത്തിന്‍റെ ഓരോ ഭാഗങ്ങളും സ്വന്തം അധീനതയിലാക്കുകയും ചെയ്‌തു. അവസാനം നടന്ന ഘോരയുദ്ധങ്ങളില്‍ കൃസ്‌ത്യാനിയായ ഭരണാധികാരി റെഡറിക്ക്‌, പ്രസിദ്ധ സേനാധിപന്‍ തദ്‌മീറിന്‍റെ നേതൃത്വത്തില്‍ വലിയ സേനയെ ഒരുക്കി തയ്യാറായി നിന്നു. മുസ്‌ലിം പട്ടാളവും ശത്രു സൈന്യവും തമ്മില്‍ തുടരെ തുടരെ യുദ്ധങ്ങള്‍ ഉണ്ടായി. തുടര്‍ച്ചയായ പരാജയം നിമിത്തം വിശ്വാസം നഷ്ടപ്പെട്ട സേനാധിപന്‍ തദ്‌മീര്‍ റെഡറിക്ക്‌ രാജാവിനഴുതി. ഞാന്‍ ഏറ്റു മുട്ടുന്ന ജനത ആകാശത്തു നിന്നു ഇറങ്ങി വന്നവരോ ഭൂമിയില്‍ നിന്ന്‌ ഉണ്ടായവരോ എന്ന്‌ ദൈവത്തിനേ അറിയൂ. യുദ്ധങ്ങള്‍ക്കിടയിലും യുദ്ധാനന്തരവും താരിഖ്‌്‌ബ്‌നു സിയാദ്‌ അത്യുജ്ജല പ്രഭാഷണത്തിലൂടെ അര്‍പ്പണബോധവും മനക്കരുത്തും മുസ്‌ലിംകളില്‍ വര്‍ധിപ്പിച്ചു. ഒടുവില്‍ ഇസ്‌ലാമിക വിപ്ലവത്തിന്‌ നാന്ദി കുറിച്ചതു മുതല്‍ മുസ്‌ലിം ബൗദ്ധികതയുടെ സാനിധ്യം തീര്‍ത്ത അനുഗ്രഹങ്ങള്‍ ദര്‍ശിക്കാന്‍ സ്‌പെയിനിന്‌ പിന്നീടുള്ള കാലം സാധിച്ചു.
മുസ്‌ലിം സ്‌പെയിന്‍ പൂര്‍ണമായും ഇസ്‌ലാമിന്‍റെ കരങ്ങളിലായിരുന്നുവെങ്കിലും ഇതര മതവിഭാഗങ്ങള്‍ക്ക്‌ അര്‍ഹിക്കുന്ന പരിഗണനയും സ്വാതന്ത്രവും മുസ്‌ലിം രാജാക്കന്മാര്‍ നല്‍കി വന്നിരുന്നു. എട്ട്‌ ദശാബ്ദത്തിനിടയില്‍ സ്‌പെയിന്‍ സാക്ഷ്യം വഹിച്ച വിപ്ലവങ്ങളില്‍ ഏറിയതിനും സക്ഷിയായത്‌ കോര്‍ഡോവയായിരുന്നു. സ്‌പെയിനിലെ പുരാതന നഗരങ്ങളിലൊന്നാണ്‌ കോര്‍ഡോവ. ദീര്‍ഘകാലം സ്‌പെയിന്‍റെ തലസ്ഥാനം, പത്തു ദശ ലക്ഷം ജനങ്ങള്‍ തിങ്ങിത്താമസിച്ച ഈ മഹാനഗരത്തില്‍ 2600 മസ്‌ജിദുകളും 600 കുളിപ്പുരകളും രണ്ടു ലക്ഷം വീടുകളും എണ്‍പതിനായിരം കൊട്ടാരങ്ങളുമുണ്ടായിരുന്നു. വിജ്ഞാനത്തിന്‍റെയും വ്യവസായത്തിന്‍റെയും വാണിജ്യത്തിന്‍റെയും ആസ്ഥാനമായ കോര്‍ഡോവയെപ്പറ്റി ജവഹര്‍ലാല്‍ നെഹ്‌റു തന്‍റെ പുസ്‌തകത്തില്‍ എഴുതുകയുണ്ടായി.
ഇതായിരുന്നു കോര്‍ഡോവ, അറബികളുടെ മഹാനഗരമായ ബാഗ്‌ദാദിനോടു പോലും കിടപിടിക്കുന്ന നഗരം. അതിന്‍റെ പ്രസക്തി യുറോപ്പിലെങ്ങും വ്യാപിച്ചിരുന്നു. പത്താം നൂറ്റാണ്ടിലെ ഒരു ജര്‍മന്‍ എഴുത്തുകാരന്‍ അതിനെ ലോകത്തിന്‍റെ അലങ്കാരം എന്നു പോലും വിളിക്കുകയുണ്ടായി.
മുസ്‌ലിംകള്‍ സ്‌പെയിന്‍ കീഴടക്കുമ്പോള്‍ കോത്തുകളുടെ ഭരണത്തിന്‍ കീഴിലായിരുന്നു കോര്‍ഡോവ. ഹി: 91(ക്രി. 721) ല്‍ താരിഖ്‌ ബ്‌നു സിയാദ്‌ ഇവിടവും തന്‍റെ അധീനതയിലാക്കി. ഇശ്‌ബീലിയയായിരുന്നു പ്രാരംഭത്തില്‍ മുസ്‌്‌ലിം സ്‌പെയിനിന്‍റെ ആസ്ഥാനം. ഉമവി ഖലീഫ സുലൈമാന്‍റെ കാലത്ത്‌ സ്‌പെയിനിലെ ഗവര്‍ണ്ണര്‍ സംഹു ബ്‌നു മാലിക്‌ ഖൗലാനി തലസ്ഥാനം കോര്‍ഡോവയിലേക്ക്‌ മാറ്റി. പിന്നീട്‌ നൂറ്റാണ്ടുകളോളം സ്‌പെയിനിന്‍റെ ആസ്ഥാനമായി കോര്‍ഡോവ പ്രവര്‍ത്തിച്ചു. ഹി 138 ല്‍ അബ്ദു റഹ്മാന്‍ അദ്ദാഖില്‍ സ്‌പെയിനില്‍ ഉമവി ഭരണം സ്ഥാപിച്ചതോടെ ഈ നഗരം പുരോഗതിയിലേക്ക്‌ കുതിച്ചു. ഉമവികള്‍ മൂന്ന്‌ ദശാബ്ദക്കാലം കോര്‍ഡോവ ഭരിച്ചു. പിന്നീട്‌ ബനൂ ഹമൂദ്‌, ബനൂ അബ്ബാദ്‌ , മുറാബിതുകള്‍, മുവഹിദുകള്‍ തുടങ്ങിയവര്‍ ഈ പട്ടണത്തിന്‍റെ അധിപന്മാരായി.
ഫെര്‍ഡിനാന്‍ഡിന്‍റെ ആധിപത്യത്തിന്‍ കീഴിലാകുന്നതു വരെ, 534 വര്‍ഷം മുസ്‌ലിംകളുടെ ഭരണത്തിന്‍ കീഴിലായിരുന്നു കോര്‍ഡോവ. ഒപ്പം ലോകത്തെ വികസിതനാഗരിക പട്ടണവും ഇരുപത്തിയൊന്നോളം മഹല്ലുകള്‍ ഉള്‍ക്കൊള്ളുന്ന മഹാ നഗരവുമായിരുന്നു.
ഖലീഫ ഹിശാമുല്‍ മുഅയ്യദിന്‍റെ കാലത്ത്‌ നടത്തപ്പെട്ട സര്‍വ്വേ അനുസരിച്ച്‌ കോര്‍ഡോവ പട്ടണത്തില്‍ മാത്രം രണ്ടര ലക്ഷത്തിലധികം വീടുകളും 80400 കടകളുമുണ്ടായിരുന്നു. അബ്ദുറഹ്‌മാന്‍ ദാഖിലിന്‍റെ കാലത്ത്‌ ഇവിടെ 490 മസ്‌ജിദുകളുണ്ടായിരുന്നു. പിന്നീടതു 1600 മസ്‌ജിദു വരെ ആയിത്തീര്‍ന്നു എന്ന്‌ ചരിത്ര ഗ്രന്ഥങ്ങളില്‍ (നഫ്‌ഹുത്തീബില്‍) രേഖപ്പെടുത്തിയതു കാണാം.
മുസ്‌ലിംകള്‍ നിര്‍മ്മിച്ച പടുകൂറ്റന്‍ കെട്ടിടങ്ങളും അതിമനോഹരമായ റോഡുകളും പാലങ്ങളും വ്യവസായ ശാലകളും മറ്റു സുഖ സൗകര്യങ്ങളും കോര്‍ഡോവയില്‍ തന്നെയായിരുന്നു കൂടുതലും. ഇവ വിവരിക്കാന്‍ പണ്ഡിതന്മാരും സാഹിത്യകാരന്മാരും അനേകം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌. വിഖ്യാത ചരിത്ര പണ്ഡിതന്‍ മകരി രചിച്ച നഫ്‌ഹുത്തീബിന്‍റെ ഒരു വാള്യം മുഴുവന്‍ കോര്‍ഡോവയുടെ ചരിത്ര യാഥാര്‍ത്യങ്ങളാണ്‌.
വൈജ്ഞാനിക രംഗത്ത്‌ കോര്‍ഡോവയുടെ സ്ഥാനം അദ്വീതീയമാണ്‌. മുസ്‌്‌ലിം സ്‌പെയിന്‍ രൂപം നല്‍കിയ വിശ്വവ്യാഖ്യാത വ്യക്തിത്വങ്ങളില്‍ അധികപേരും കോര്‍ഡോവയുമായി ബന്ധമുള്ളവരാണ്‌. പ്രമുഖ മുഫസ്സിറും സഹീഹ്‌ മുസ്‌്‌ലിമിന്‍റെ ശാരിഹുമായ അല്ലാമ ഖുര്‍ത്തുബി, കര്‍മ്മ ശാസ്‌ത്ര പണ്ഡിതനും ദാര്‍ശനികനുമായ ഇബ്‌നു റുഷ്‌ദ്‌, സാഹിരിയ്യ വിഭാഗത്തിന്‍റെ തലവന്‍ അല്ലാമാ ഇബ്‌നു ഹസ്‌മ്‌, പ്രസിദ്ധ വൈദ്യ ശാസ്‌ത്ര പണ്ഡിതനും സര്‍ജനുമായ അബുല്‍ ഖാസിം സഹ്‌റാവി തുടങ്ങിയവര്‍ വിജ്ഞാന ദീപ്‌തമാക്കിയതും അരങ്ങുവാണതും കോര്‍ഡോവയിലായിരുന്നു.
കോര്‍ഡോവയിലെ ലൈബ്രറികളും പ്രസിദ്ധമായതാണ്‌. നല്ല ലൈബ്രറികള്‍ ഇല്ലാത്ത ഒരു വീടു പോലും അവിടെ ഉണ്ടായിരുന്നില്ല. മുസ്‌ലിംകളുടെ വിജ്ഞാനത്തോടുള്ള ഒടുങ്ങാത്ത ദാഹവും ജിജ്ഞാസയും സാഹിത്യ അഭിരുചിയുമെല്ലാം മേളിച്ചതായിരുന്നു ലൈബ്രറി നിര്‍മ്മാണത്തിലെ രഹസ്യം. ഏതെങ്കിലും ഒരാളുടെ വീട്ടില്‍ മാറ്റാര്‍ക്കും ലഭ്യമാകാത്ത പുസ്‌തകമുണ്ടെന്നത്‌ അഭിമാനിക്കാന്‍ വകയുള്ളതായിരുന്നു അവര്‍ക്കിടയില്‍. പുസ്‌തകങ്ങളോടും അറിവിനോടും ആഗ്രഹം പ്രകടിപ്പിക്കാത്തവരെ സമൂഹം ഇഷ്ടപ്പെടുന്നില്ല എന്ന രീതിയിലായിരുന്നു സാഹചര്യം.
ഒരിക്കല്‍ കോര്‍ഡോവയിലെ പ്രമുഖ പണ്ഡിതന്‍ അല്ലാമ ഇബ്‌നു റുഷ്‌ദും ഇശ്‌ബീലിയയുടെ നേതാവ്‌ അബൂബക്കര്‍ ബ്‌നു സസഹറും തമ്മില്‍ കോര്‍ഡോവയോ ഇശ്‌ബീലിയയോ കുടുതല്‍ നല്ലത്‌ എന്ന വിഷയത്തില്‍ സംവാദം നടന്നു. അബൂബക്കര്‍ ബ്‌നു സഹറിന്‍റെ ഇശ്‌ബീലിയയുടെ മഹത്വങ്ങള്‍ കേട്ടു ഇബ്‌നു റുഷ്‌ദ്‌ പറഞ്ഞു; നിങ്ങളുടെ വിവരണത്തെപ്പറ്റി എനിക്കറിയില്ല, പക്ഷെ ഒരു കാര്യമെനിക്കറിയാം. ഇശ്‌ബീലിയയിലെ ഏതെങ്കിലും പണ്ഡിതന്‍ മരിച്ചാല്‍ അദ്ദേഹത്തിന്‍റെ ലൈബ്രറി കോര്‍ഡോവയില്‍ കൊണ്ടു പോയി വില്‍ക്കും. കോര്‍ഡോവയില്‍ ആരെങ്കിലും മരിച്ചാല്‍ അദ്ദേഹത്തിന്‍റെ വാദ്യോപകരണങ്ങള്‍ ഇശ്‌ബീലിയയില്‍ കൊണ്ടു പോയി വില്‍കാറാണുള്ളത്‌.
പുസ്‌തകങ്ങളെയും ലൈബ്രറികളെയും ഇത്രയധികം സ്‌നേഹച്ച കോര്‍ഡോവക്കാരുടെ വൈജ്ഞാനിക ജിജ്ഞാസയും സാഹിത്യ അഭിരുചിയും എത്രമാത്രമായിരുന്നു വെന്ന്‌ ഊഹിക്കാവുന്നതേയുള്ളൂ. കുട്ടികളും സ്‌ത്രീകളുമുള്‍പ്പെടെ കോര്‍ഡോവക്കാരില്‍ കാണുന്ന ഈ സാഹിത്യ അഭിരുചിയെപ്പറ്റി ചരിത്ര പണ്ഡിതന്മാര്‍ വിശദമായിത്തന്നെ എഴുതിയിട്ടുണ്ട്‌. ഈ വൈജ്ഞാനികാഭിരുചിയുടെ ഫലമായി കോര്‍ഡോവയിലെ ജനങ്ങള്‍ കുലീനതയിലും സദാചാര ബോധത്തിലും സല്‍സ്വഭാവത്തിലും നല്ല വേഷ വിധാനത്തിലും എപ്പോഴും മികച്ചു നിന്നു. സുഖ സൗകര്യങ്ങള്‍, പ്രകൃതി മനോഹാരിത, ശുദ്ധവാഴു, ജലം, പാര്‍ക്കുകള്‍ തുടങ്ങിയ ഉന്മേഷദായകമായ അന്തരീക്ഷമുണ്ടായിട്ടും ദുഷ്‌പ്രവര്‍ത്തികളില്‍ നിന്നും ദുരാചാരങ്ങളില്‍ നിന്നും അവര്‍ക്ക്‌ അകന്നു ജീവിക്കാന്‍ കഴിഞ്ഞു.
അത്യുന്നത നിലവാരം കാത്തു സൂക്ഷിക്കുന്ന ഇവിടുത്തെ ദര്‍സു ഗാഹുകളും മത-പഠന സ്ഥാപനങ്ങളും ലോക പ്രസിദ്ധമായിരുന്നു. മാത്രമല്ല ഗ്രാനഡയിലോ കോര്‍ഡോവയിലോ പോയി വിദ്യാഭ്യാസം നേടല്‍ കൃസ്‌ത്യന്‍ യൂറോപ്പിലെ രാജകുടുംബങ്ങള്‍ പോലും അഭിമാനമായിക്കണ്ടു. യൂണിവേഴ്‌സിറ്റികളും തലയുയര്‍ത്തി നില്‍ക്കുന്ന പള്ളി മിനാരങ്ങളും ഇസ്‌ലാമിന്‍റെ ചൈതന്യത്തെ കാത്തു സൂക്ഷിക്കാന്‍ പാകത്തിലുള്ളതുമായിരുന്നു.
എന്നാല്‍, ഇസ്‌ലാമിക ചരിത്രത്തിലെ ഇരുണ്ട ദിനമായിരുന്നു 1492 ജനുവരി 3, കാസ്റ്റെലിലെ രാജ്ഞി ഇസബെല്ലയുടെയും ആരഗോണിലെ രാജാവ്‌ ഫെര്‍ഡിനന്റിന്‍റെയും സംയുക്ത സേന ഗ്രാനഡയിലേക്ക്‌ ഇരച്ചു കയറിയ ദിനം. എട്ടു ശതാബ്ദക്കാലം നീണ്ടു നിന്ന മുസ്‌ലിം ഭരണത്തിന്‌ തിരശ്ശീല വീണ ദിനം. സ്‌പെയിന്‍ അധോഗതിയുടെ ആഴിയിലേക്ക്‌ നിലം പതിച്ച ദിനം. ചന്ദ്രനെപ്പോലെ കടം വാങ്ങിയ വെളിച്ചവുമായ്‌ അധികാരം പിടച്ചെടുത്തവര്‍ക്ക്‌ ഗ്രഹണം ബാധിച്ചു. പിന്നീട്‌ ഇന്നോളം ആ അന്ധകാരത്തില്‍ നിന്നും മോചനം നേടാന്‍ അവര്‍ക്ക്‌ കഴിഞ്ഞില്ല. ചരിത്രത്തിലെ ഇരുളടഞ്ഞ അനുഭവങ്ങളെയല്ലാതെ സ്‌പെയിനിന്‌ പിന്നീട്‌ ദര്‍ശിക്കേണ്ടി വന്നില്ല. മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന കൂട്ടക്കൊലകള്‍, ആയിരങ്ങളെ ജീവനോടെ കുഴിച്ചു മൂടല്‍,. പതിനായിരങ്ങളെ നാടുകടത്തല്‍ അങ്ങനെ പലതും അരങ്ങേറി. അനേകായിരം മുസ്‌ലിംകളെ നിര്‍ബന്ധപൂര്‍വ്വം മതപരിവര്‍ത്തനം ചെയ്യിപ്പിച്ചു, മസ്‌ജിദുകളുടെ മിനാരങ്ങളില്‍ നിന്ന്‌ ചര്‍ച്ച്‌ മണികള്‍ കേട്ടു തുടങ്ങി, അമൂല്യമായ ഗ്രന്ഥങ്ങള്‍ ചുട്ടു കരിക്കപ്പെട്ടു, ഇസ്‌ലാമിക ചിഹ്നങ്ങളും ചരിത്ര സ്‌മാരകങ്ങളും തച്ചുടക്കപ്പെട്ടു. തിരുവചനം ഉരുവിടുന്നവരുടെ അവശിഷ്ടം പോലുമില്ലാത്ത അവസ്ഥയായി. പാവനമായ മുസ്‌ലിം ഭരത്തിന്‍റെയും പണ്ഡിതന്മാരുടെയും തണലില്‍ കഴിഞ്ഞിരുന്ന സ്‌പെയിനിന്‍റെ ഓര്‍മകള്‍ ഇസ്‌ലാമിന്‍റെ വിപ്ലവഗോധയിലെ തീരാ നഷ്ടമായിരുന്നു. പുരാതന വസ്‌തു പ്രദര്‍ശന കേന്ദ്രങ്ങളില്‍ പോലും കാഴ്‌ചക്കില്ലാത്ത വിധം തുടച്ചു നീക്കപ്പെട്ടിരിക്കുയാണ്‌ ഒരു വിശ്വ നാഗരികത. വിശ്വപണ്ഡിതരായ ഒട്ടനേകം ഇസ്‌ലാമിക ചരിത്രത്തിലെ പണ്ഡിത തേജസ്സുകള്‍ നിറഞ്ഞാടിയിരുന്നിടത്ത്‌ വിരളിലെണ്ണാവുന്നവരുടെ നാമം മാത്രമേ നമുക്കിന്നറിവുള്ളു. ബദലുകളില്ലാത്ത പണ്ഡിതന്മാരും അവരുടെ രചനയും സംഭാവനകളും നമുക്ക്‌ അന്യമായിരിക്കുന്നു. ഇനിയെന്നെങ്കിലുമൊരു സ്‌പെയിനും കോര്‍ഡോവയും വിരിയുമെന്ന്‌ പ്രത്യാശിക്കുന്നത്‌ അബദ്ധമാകാനേ വകയുള്ളു.

Leave a Reply

Your email address will not be published. Required fields are marked *