ഹൃദയസ്പര്‍ശിയായ പ്രഭാഷണം കേട്ടാണ് ആ സ്ത്രീ ഉസ്താദിന്റെ അടുക്കല്‍ വന്നത്. ഉസ്താദേ, ഞാനെന്റെ ആരാദനകളില്‍ ഒരു ശ്രദ്ധയും നല്‍കാറില്ല. നിസ്ക്കാരം ഖളാആക്കുന്നതിലോ മറ്റോ എനിക്കൊരു ഭയവുമില്ല. കല്ല്യാണവും മറ്റു പരിപാടികളും ഉള്ള ദിവസങ്ങളില്‍ ഞാന്‍ നിസ്ക്കാരങ്ങളെ കുറിച്ചോ മറ്റോ ചിന്തിക്കാറേയില്ല. അല്ലാത്ത ദിവസങ്ങളില്‍ അസ്വറിനോട് ചേര്‍ത്താണ് ഞാന്‍ ളുഹ്ര് നിസ്ക്കരിക്കാറ്. ഇങ്ങനെ നീളുന്നു അവളുടെ പരിഭവങ്ങള്‍.. നിസ്ക്കാരത്തെ അതിന്റെ സമയത്തെ വിട്ട് പിന്തിക്കുന്നവര്‍ ഇന്നു ധാരാളമാണ്. ചെറിയൊരു പരിപാടിയുടെയോ മറ്റോ പേരില്‍ നിസ്ക്കാരം ഖളാആക്കുന്നവര്‍ അതിന്റെ ഭയാനകതയെ കുറിച്ച് ചിന്തിക്കുന്നതേയില്ല. ശറഇയ്യായ കാരണങ്ങളൊന്നും ഇല്ലാതെ തന്നെ പലരും നിസ്കാരത്തെ അതിന്റെ നിശ്ചയിക്കപ്പെട്ട സമയത്തെയും വിട്ട് പിന്തിക്കുന്നു. കല്യാണത്തിരക്കുകളില്പെട്ട്് സ്ത്രീകള്‍ പലപ്പോഴും എല്ലാ നിസ്കാരവും കൂടി ഒരുമിച്ച് വീട്ടുന്നത് സര്‍വ്വസാധാരണമാണ്.
ഇസ്ലാമിലെ ഏറ്റവും ശ്രേഷ്ഠമായ ആരാധനയാണ് നിസ്കാരം. നിബന്ധനകളെല്ലാം പാലിച്ച്കൊണ്ട് ഓരോ നിസ്കാരവും നിര്‍ണിത സമയത്ത് തന്നെ നിര്‍വഹിക്കല്‍ എല്ലാ മുസ്ലിമിനും നിര്‍ബന്ധമാണ്. അല്ലാഹു പറയുന്നു: `നിശ്ചയം നിസ്കാരം സത്യവിശ്യാസികളുടെ മേല്‍ സമയബന്ധിതമായ ആരാധനയാവുന്നു. ഒരിക്കല്‍ നബി(സ)തങ്ങളോട് ചോദിക്കപ്പെട്ടു: ആരാധനയില്‍ ഏറ്റവും ശ്രേഷ്ഠമായത് ഏതാണ് നബിയേ, അവിടുന്ന് പറഞ്ഞു: നിസ്കാരം അതിന്റെ സമയത്ത് നിര്‍വ്വഹിക്കലാണ്.
പുരുഷന്മാര് പലപ്പോഴും പള്ളികളില്‍ പോയി നിസ്കരിക്കുമ്പോഴും സ്ത്രീകള്‍ കല്യാണ വീടുകളിലും മറ്റും വര്‍ത്തമാനത്തിലായി കഴിഞ്ഞ് കൂടി നിസ്കാരം നഷ്ടപ്പെടുത്താറുണ്ട്. നിസ്കാരത്തെ ഇത്തരത്തില്‍ പിന്തിപ്പിക്കുന്നത് വന്‍ കുറ്റമാണെന്ന് ഇസ്ലാം നമ്മെ പഠിപ്പിക്കുന്നുണ്ട്. ഖുര്‍ആന്‍ പറയുന്നു: `നിസ്കാരത്തെ തൊട്ട് അശ്രദ്ധരായവര്ക്കാര്ക്കാകുന്നു വൈല് എന്ന നരകം.
നമ്മുടെ മുന്‍ഗാമികള്‍ അവരുടെ നിസ്കാരത്തിലും മറ്റു ആരാധനാകര്‍മ്മങ്ങളിലും അതീവ ശ്രദ്ധ പുലര്‍ത്തിയവരായിരുന്നു. യാസീനും ഹദ്ദാദും മാലമൗലിദുകളെല്ലാം കഴിഞ്ഞകാല മുസ്്ലിം സഹോദരിമാരുടെ ദിനചര്യയായിരുന്നു. ഇശാ മഗ്രിബിനിടയിലുള്ള സമയം പൂര്‍ണ്ണമായും ഖുര്‍ആന്‍ പാരായണത്തിലും മഹത്തുക്കളുടെ മദ്ഹുകളും മൗലിദുകളും പാരായണം ചെയ്യാനും വിനിയോഗിച്ചവരായിരുന്നു. പക്ഷേ, ഇന്ന് ആ സ്ഥാനത്ത് സിനിമകളും സീരിയലുമെല്ലാം പലരുടെയും വീട്ടില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. ഇശാ മഗ്രിബിനിടയിലുള്ള സമയം ഖുര്‍ആന്‍ പാരായണത്തിന് ഉത്തമമായ സമയങ്ങളില്‍ പെട്ടതാണ്. മാത്രമല്ല, ആ സമയത്ത് ഖുര്‍ആന്‍ ഖത്മ് പൂര്‍ത്തീകരിക്കുന്നതിനും പ്രത്യേക ശ്രേഷ്ഠതയുണ്ട്. സഅദുബ്നു അബീവഖാസ്(റ)വിനെ തൊട്ട് ഉദ്ധരിക്കപ്പെടുന്നു `ഒരാളുടെ ഖത്മുല് ഖുര്‍ആന്‍ രാത്രിയുടെ ആദ്യത്തോട് യോജിച്ചു വന്നാല്‍ പ്രഭാതം വരെയും മലക്കുകള്‍ അവന് വേണ്ടി ദുആ ചെയ്യും. പകലിന്റെ ആദ്യത്തില്‍ ഖത്മുല്‍ഖുര്‍ആന്‍ അവസാനിച്ചാല്‍ വൈകുന്നേരം വരെയും മലക്കുകള്‍ അവന് വേണ്ടി ദുആ ചെയ്യും.
നമ്മുടെ പൂര്‍വ്വീകര്‍ മാലമൗലിദുകളും മഹത്തുക്കളുടെയും മഹതികളുടെയും പ്രകീര്ത്തനകാവ്യങ്ങളുമെല്ലാം അവരുടെ ജീവിതത്തില്‍ പതിവാക്കിയിരുന്നു. മൗലിദും മുഹ്യുദ്ദീന്‍ മാലയും മറ്റും അവര്‍ക്ക് മനഃപാഠമുണ്ടായിരുന്നു. മുഹ്യുദ്ദീന്‍ മാല പതിവാക്കുകയും പ്രസവവേദനക്കും മറ്റും നഫീസത്ത് മാല ചൊല്ലി ആശ്വാസം കണ്ടെത്തുകയും ചെയ്ത ഉമ്മമാര് നമുക്ക് മുമ്പ് കഴിഞ്ഞ്പോയിട്ടുണ്ട്. എന്നാല്‍ പുതിയ തലമുറക്ക് ഇതെല്ലാം അന്യമായിരിക്കുന്നു.
മൗലിദ് കിതാബുകളും ഏടുകളും പല വീടുകളില്‍ നിന്നും അപ്രത്യക്ഷമായിട്ടുണ്ട്. പുതിയ കാലത്തെ ചെറുപ്പക്കാര്‍ക്കോ കുട്ടികള്‍ക്കോ ഇതൊന്നും കേട്ടുകേള്‍വി പോലുമില്ലാതായിരിക്കുന്നു. നമുക്ക് മുമ്പേ പടിയിറങ്ങി പോയ പൂര്‍വ്വീകരുടെ പാത പിന്തുടരുന്നതില് നാം നന്നെ പരാജയപ്പെട്ടിരിക്കുന്നു. നിസ്ക്കാരം ഖളാആക്കുന്നത് ചിന്തിച്ചിട്ടു പോലുമില്ലാത്ത നമ്മുടെ മുന്‍ഗാമികളുടെ കാലിനടിയിലെ മണ്‍തരിയാവാന്‍ പോലും നമുക്ക് യോഗ്യതയില്ല. കാലത്തിന്റെ അതിപ്രസരം നമ്മുടെ പൈതൃകത്തെയും ആചാരങ്ങളെയും കാര്‍ന്നു തിന്നിരിക്കുന്നു. ഇതില്‍ നിന്നുള്ളൗരു മോചനത്തിന് നമ്മള് ആത്മാര്‍ത്ഥമായി നാഥനിലേക്ക് മടങ്ങേണ്ടതുണ്ട്.
ഒരിക്കല്‍ ബനൂ ഇസ്റാഈലില്‍ പെട്ട ഒരു സ്ത്രീ മരണപ്പെട്ടപ്പോള്‍ മറമാടല്‍ ചടങ്ങിനിടയില്‍ അവളുടെ സഹോദരന്റെ പണക്കിഴി ഖബറില്‍ വീണു. ചടങ്ങുകള്‍ കഴിഞ്ഞ് എല്ലാവരും പോയതിനു ശേഷമാണ് അയാള്‍ക്കത് ഓര്‍മ്മ വന്നത്. അയാള്‍ വേഗം ഖബറിനടുത്തേക്കു വന്നു മണ്ണ് നീക്കാന്‍ തുടങ്ങി. പൂര്‍ണ്ണമായും മാന്തിയപ്പോള്‍ ഖബറില്‍ തീ ആളികത്തുന്ന കാഴ്ച്ചയാണ് അയാള്‍ക്ക് കാണാന്‍ കഴിഞ്ഞത്. പണക്കിഴി എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അയാളുടെ ശരീരത്തില്‍ തീ പൊള്ളി. അയാള്‍ വേഗം മണ്ണെടുത്ത് വാരിയിട്ട് തീയണക്കാന്‍ ശ്രമിച്ചു. തീയണക്കാനായില്ല. അയാള്‍ ദുഃഖിതനായി കരഞ്ഞുകൊണ്ട് ഉമ്മയുടെ അടുത്തേക്കോടി കാര്യം ബോധിപ്പിച്ചു. ഉമ്മാ എന്റെ സഹോദരിയെ കുറിച്ച് എനിക്കറിയണം. അവളെന്ത് പ്രവര്‍ത്തിയാണ് ജീവിതത്തില്‍ ചെയ്തത്. ഞാനവളുടെ ഖബറില്‍ തീ ആളികത്തുന്നതായി കണ്ടു. തല്‍ക്ഷണം ഉമ്മ കരഞ്ഞ് പറഞ്ഞു. നിന്റെ സഹോദരി നിസ്കാരത്തെ നിസ്സാരമായി കാണുന്നവളും അതിന്റെ സമയത്തെ തൊട്ട് പിന്തിപ്പിക്കുന്നവളുമായിരുന്നു. നിസ്കാരത്തെ സമയെത്തെയും വിട്ട് പിന്തിപ്പിക്കുന്നവര്ക്ക് മരണശേഷമുള്ള ശിക്ഷയുടെ ചിത്രമാണ് ഈ ഹദീസ് നമുക്ക് പറഞ്ഞ് തരുന്നത്. ശറഇയ്യായ കാരണങ്ങളില്ലാതെ ദിനേന നിസ്കാരത്തെ ഖളാആക്കുന്നവര്ക്കുള്ള പാഠമായിട്ടാണ് മുത്ത് നബി ഈ സംഭവത്തെ വിവരിക്കുന്നത്.
പൊഴിഞ്ഞ് വീഴുന്ന ഓരോ നിമിഷങ്ങളിലും നാഥന് കനിഞ്ഞുനല്കിയ അനുഗ്രഹത്തില്‍ ആറാടി, അല്ലാഹുവിനെ മറന്നാല്‍ അനുഭവിക്കേണ്ടിവരിക കഠിന കഠോരമായ ശിക്ഷയായിരിക്കുമെന്ന ബോധം നമുക്കുണ്ടായിരിക്കണം. അപ്പോള്‍ മാത്രമാണ് പാരത്രിക ലോകത്തെ വിജയികളായി നാം മാറുക.