2016 OCT NOV Hihgligts ആരോഗ്യം കാലികം പരിചയം പൊളിച്ചെഴുത്ത് വായന സംസ്കാരം

വിവേചനങ്ങളെ തോല്പിച്ച ഇസ്ലാം

ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ സലോമന്‍ സ്മിത്ത് എന്ന 28 കാരി യുവതി ദേഹമാസകലം മുറിവുകളേറ്റും, തല അടിച്ച് നുറുക്കിയും, കഴുത്ത് ഞെരിച്ചും അതി പൈശാചികാവസ്ഥയില്‍ കൊല്ലപ്പെട്ട് കിടക്കുന്നു. ബലാല്‍സംഗത്തിനിരയായതിന് ശേഷമാണ് ഈ വെളുത്ത വര്‍ഗക്കാരി കൊല്ലപ്പെട്ടതെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഉടനടി പുറത്തു വരുന്നു. കൊണ്ടു പിടിച്ച അന്വേഷണത്തിന്‍റെ ഫലമായി പോലീസ് ഘാതകരെ കണ്ടെത്തി. നീഗ്രോകള്‍ തിങ്ങി താമസിക്കുന്ന ഹാര്‍ലം പട്ടണത്തിലെ 13 നും 16 നും ഇടക്ക് പ്രായമുള്ള അഞ്ച് കാപ്പിരിക്കുട്ടികളായിരുന്നു പ്രതികള്‍. സ്ത്രീയെ ബലാല്‍സംഗം ചെയ്ത് കൊന്നതിലെ കുറ്റം ഓരോരുത്തരും സമ്മതിച്ച് കോടതി ശിക്ഷവിധിച്ചു. എന്നാല്‍ ഇതോടെ ഈ സംഭവത്തിന് സമാപ്തി യായില്ല. സലോമയെ ബലാല്‍ സംഗത്തിനിരയാക്കിയതും നിഷ്ഠൂരമായി കൊലചെയ്തതും താനാണെന്ന് കുറ്റസമ്മതം നടത്തി മാത്യാസ് റെയെസ് എന്നൊരാള്‍ സംഭവം നടന്ന് 13 വര്‍ഷത്തിന് ശേഷം രംഗപ്രവേശനം ചെയ്തു. ഇത് അമേരിക്കന്‍ നീതിപീഠത്തേയും അന്വേഷണ ഏജന്‍സിയേയും കുഴക്കി. പക്ഷേ, അപ്പോഴേക്കും പ്രിതകളായി പിടിക്കപ്പെട്ടവരുടെ ജീവിതം അമേരിക്കന്‍ നീതിന്യായ വ്യവസ്ഥിതി കാര്‍ന്ന് തിന്ന് കഴിഞ്ഞിരുന്നു.
വെള്ളക്കാരുടെ സമൂഹം കെട്ടിപ്പടുത്ത രാഷ്ടീയ സാമൂഹിക നീതിന്യായം കറുത്ത വര്‍ഗക്കാരോട് കാണിച്ച മുന്‍ വിധിക്കും പക്ഷപാതിത്വത്തിനുമുള്ള ചരിത്ര പരമായ പങ്കിനേയാണ് ഈസംഭവം അടിവരയിടുന്നത്. ഒരു സ്ത്രീ കൊലചെയ്യപ്പെട്ടെങ്കില്‍ ആ ക്രൂരഹത്യയുടെ പിന്നാമ്പുറങ്ങളില്‍ കറുത്ത നീഗ്രോയുടെ കരങ്ങളായിരിക്കുമെന്ന മുന്‍വിധി പ്രതിചേര്‍ത്തത് ബാല്യത്തിന്‍റെ ചപലത വിട്ട്മാറാത്ത അഞ്ച് കാപ്പിരിക്കുട്ടികളെയാണ്. നിരപരാധികളായ ഈ കുട്ടികള്‍ കുറ്റസമ്മതം നടത്താനുള്ള പ്രേരക ശക്തി തങ്ങളുടെ നിരപരാധിത്വം വെളുത്തവര്‍ അംഗീകരിക്കില്ലെന്ന ഉറച്ച വിശ്വാസമാണ്.
നീചനും നികൃഷ്ഠനും തൊലികറുത്തവനുമായ കാപ്പിരിക്ക് എന്തിനീ നീതിയുടെ സാന്ത്വനം എന്ന ദുഷിച്ച ചിന്താ ധാരണയാണ് അമേരിക്കയുടെ വര്‍ണ്ണ വെറിയുടെ ചരിത്രത്തെ ഇത്രമേല്‍ വികൃതമാക്കിയത്. വര്‍ത്തമാന കാല സംഭവവികാസങ്ങളിലും അനുദിനം സംവദിച്ചുകൊണ്ടിരിക്കുന്നത് കറുത്ത മനസ്സുമായി ജീവിക്കുന്ന വെളുത്ത വര്‍ഗക്കാരുടെ അതിക്രമങ്ങളാണ്. നിരായുധരായ കറുത്തവര്‍ഗക്കാരെ വെളുത്ത വര്‍ഗക്കാരായ പോലീസ് നിര്‍ലോഭം വെടിവെച്ചിടുന്നു, പോലീസിനെ അക്രമിക്കാന്‍ ആയുധമേന്തി നില്‍ക്കുന്നു എന്ന വാദമുയര്‍ത്തി വെടിയുതിര്‍ക്കുന്നു, മകന്‍റെ സ്കൂള്‍ ബസ് കാത്തിരുന്ന 43 കാരന്‍റെ കൈയ്യിലെ ചുരുട്ടിപ്പിടിച്ച പുസ്തകം തോക്കാണെന്ന് ആരോപിച്ച് നിറയൊഴിച്ച് കൊല്ലുന്നു. ഇങ്ങനെ തുടങ്ങി അനുദിനം അമേരിക്കയില്‍ നിന്നും കേട്ട് കൊണ്ടിരിക്കുന്നത് വെടിയുതിര്‍പ്പിന്‍റെയും അതിനെതിരെയുള്ള പ്രക്ഷോപത്തിന്‍റെയും നിലക്കാത്ത അലയൊലികളാണ്. ആഫ്രോ അമേരിക്കന്‍ വംശജനായി ജനിച്ച ബരാക് ഒബാമ അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടി പ്രസിഡണ്ട് സ്ഥാനത്തേക്ക് ഉപാസിക്കപ്പെടുകയുണ്ടായി. വെളുത്ത വര്‍ഗം കെട്ടിപ്പൊക്കിയ നിയമവ്യവസ്ഥിതിയുടെ അധിപനായി ഒരു കറുത്ത വര്‍ഗക്കാരന്‍ അവരോധിക്കപ്പെട്ടപ്പോള്‍ ആ ജനതയുടെ മനസ്സില്‍ രൂഢമൂലമായ കറുത്ത നിന്ദകള്‍ക്ക് അറുതി വരുമെന്ന് ലോകം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അധികാരത്തിന്‍റെ രണ്ടാം ഊഴവും കഴിഞ്ഞ് ഒബാമ പ്രസിഡണ്ട് പദവിയില്‍ നിന്ന് ഇറങ്ങിപ്പോരുന്നത് തന്‍റെ അധികാര സമയത്ത് സമൂലമായ മാറ്റം വരുത്താനായില്ല എന്ന് തിരിച്ചറിയുമ്പോഴാണ് അമേരിക്കന്‍ ജനതയില്‍ വര്‍ണ്ണ-വര്‍ഗ ബോധം എത്രത്തോളം പൂണ്ട് പിടിച്ചിട്ടുണ്ടെന്ന് മനസ്സിലാവുക.
അമേരിക്ക അഭിമുഖീകരിക്കുന്ന പ്രശ്നം വര്‍ണ്ണവെറിയും മിഥ്യാഭിമാനികളായ ഒരു ജനതയുടെ ഉറച്ച മനോഗതിയാണെങ്കില്‍ ഇന്ത്യയിലേക്ക് വരുമ്പോള്‍ ദുഷിച്ച് നാറിയ ജാതിവ്യവസ്ഥിതി സമ്മാനിച്ച അയിത്തസങ്കല്‍പ്പത്തിന്‍റെ കരാളഹസ്തങ്ങള്‍ ഒരു പ്രത്യേക വിഭാഗത്തെ വേട്ടയാടുന്ന നിരന്തര കാഴ്ച്ചകളായി മാറുന്നു. ‘ഹിന്ദുവായി ജനിച്ചു പക്ഷെ, ഞാന്‍ ഹിന്ദുവായി മരിക്കില്ല’ എന്ന് ശപഥം ചെയ്തത് ആധൂനിക ഇന്ത്യക്ക് വരദാനമായി ലഭിച്ച ബി ആര്‍ അംബേദ്കര്‍ എന്ന നേതവാണ്. സ്വതന്ത്ര ഇന്ത്യക്ക് ഒരു ലിഖിത ഭരണഘടന വേണമെന്ന നവരാഷ്ട്ര ശില്‍പികളുടെ മോഹം പൂവണിയിച്ച നിയമ വിശാരദനും പണ്ഡിതനും വാഗ്മിയുമായിരുന്ന അദ്ദേഹം ജാതീയതയുടെ പേരില്‍ ജീവിതത്തിലുടനീളം പീഡനങ്ങളും ആപമാനങ്ങളും നേരിടേണ്ടി വന്നു. ജാതീയത അംബേദ്കറുടെ ജീവിതത്തിലുടനീളം സമ്മാനിച്ച വരള്‍ച്ചയാണ് ഹിന്ദുവായി ജനിച്ചെങ്കിലും ഹിന്ദുവായി മരിക്കില്ലെന്ന് പ്രഖാപിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഇന്ത്യന്‍ ചരിത്രത്തില്‍ മാറ്റിവെക്കാനാവാത്ത അധ്യായമായിമാറിയ ഒരു മഹത് വ്യക്തിത്വത്തിന് ഹിന്ദുവിഭാഗത്തിന്‍റെ ജാതീയത സമ്മാനിച്ചത് ഇത്രമേല്‍ ദുരിതമാണെങ്കില്‍ ആ ജാതീവ്യവസ്ഥിതിയുടെ ദൂഷിച്ച മനസ്സില്‍ നിന്നും രാജ്യം ഇന്നും മുക്തമായിട്ടില്ലെന്നാണ് പുതിയ കാലം തെളിയിക്കുന്നത്. ഒരു ഭാഗത്ത് രോഹിത് വെമുലമാര്‍ ദളിതാനായതിന്‍റെ പേരില്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വരുമ്പോള്‍ മറ്റൊരു ഭാഗത്ത് കനയ്യകുമാറും ഉനയിലെ ദളിത് സമൂഹവും നിരന്തര പീഡനത്തിന്‍റെയും അതിനെതിരെയുള്ള പ്രക്ഷോഭങ്ങളുടേയും പ്രതീകമായി മാറുന്നു. ഇവിടെയാണ് ഇസ്ലാം പ്രതിനിധാനം ചെയ്യുന്ന മാനവിക ദര്‍ശനങ്ങളെക്കുറിച്ചും അത് ലോക ജനതയില്‍ സൃഷ്ടിക്കുന്ന മാറ്റത്തെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് പ്രസക്തിയേറുന്നത്.
ഇസ്ലാമിന്‍റെ സമത്വസങ്കല്‍പം
ഇസ്ലാം മാനവികതയുടെ പ്രത്യായ ശാസ്ത്രമാണ്. മുതലാളിത്വത്തിനും കമ്യുണിസത്തിനും മധ്യേ സവര്‍ണ്ണ-അവര്‍ണ്ണ ആധിപത്യങ്ങള്‍ക്കധീതമായി ചൂഷണത്തേയും വിധേയത്വത്തേയും നിരാകരിച്ച് നിറഭേതങ്ങളില്ലാതെ സമൂഹത്തിന്‍റെ നാനാതുറകളിലും മാനുഷിക ബന്ധത്തിന്‍റെ ഉദാത്തമായ ഉടമ്പടികളെ വിളക്കിച്ചേര്‍ക്കുന്ന മാര്‍ഗ്ഗ ദര്‍ശനമാണത്. സമ്പന്നരെ കൂടുതല്‍ സമ്പന്നരാക്കാനോ പാവങ്ങളെ ചൂഷണാധിപത്യങ്ങളിലൂടെ വരിഞ്ഞ്കെട്ടി അടിമകളാക്കാനോ ആ മതം അനുവദിക്കുന്നില്ല. ഇസ്ലാമിലെ സമത്വവും നീതിയും മുത്ത് നബി(സ്വ) കൃത്യമായി അനുചരന്മാരായ സ്വഹാബത്തില്‍ വളര്‍ത്തിയെടുക്കുന്നത് ചരിത്രത്തില്‍ നിന്നും നമുക്ക് വായിച്ചെടുക്കാനാവും. വെളുത്ത് ശോഭിച്ച് നില്‍ക്കുന്ന സല്‍മാനുല്‍ ഫാരിസ് (റ) വും കറുത്ത് കരുവാളിച്ച ബിലാല്‍ (റ) വും വര്‍ണ്ണ വെറിയുടെ രണ്ട് ധാരകളായിട്ടല്ല ഇസ്ലാമിക ചരിത്രത്തില്‍ ഇടം പിടിക്കുന്നത്. മറിച്ച്, ഒരു നാണയത്തിന്‍റെ ഇരുപുറമെന്നോണം സമത്വത്തിന്‍റെ സൗന്ദര്യം ആവോളം ആസ്വദിച്ച രണ്ട് പ്രതീകങ്ങളായിട്ടാണ്. ജീവിത വേളയില്‍ ഒരിക്കല്‍ അബൂദര്‍റുല്‍ ഖിഫാരി(റ) ബിലാല്‍ (റ)നെ വര്‍ണ്ണാധിക്ഷേപം നടത്തുകയുണ്ടായി. കറുത്തവനായതിന്‍റെ പേരില്‍ ഏല്‍ക്കേണ്ടി വന്ന ഈ പ്രഹസനം സഹിക്കവയ്യാതെ ബിലാല്‍ (റ) മുത്ത് നബിയോട് പരാതിപ്പെട്ടു. മുത്ത് നബി ക്ഷുഭിതനായി പറഞ്ഞു. അബൂദറ്ര്‍ നിങ്ങളുടെ ഹ്യദയാന്തരങ്ങളില്‍ ഇപ്പേഴും പഴയ ജാഹിലിയ്യത്തിന്‍റെ ശേഷിപ്പുകള്‍ അവശേഷിക്കുന്നുവോ..? മുത്ത് നബിയുടെ വാക്ക് തീക്കനല്‍ പോലെ ഹ്യദയത്തില്‍ പതിച്ച അബൂദറ്ര്‍(റ) ബിലാല്‍(റ) വരുന്ന വഴിയില്‍ കവിള്‍ മണ്ണോട് ചേര്‍ത്ത് കിടന്ന് മാപ്പിനായി ഇരന്ന് പറഞ്ഞു. ബിലാല്‍… അവിടുത്തെ പാദംകൊണ്ട് എന്‍റെ കവിളില്‍ ചവിട്ടി പ്രതികാരം ചെയ്താലേ ഞാനിവിടുന്ന് എഴുന്നേല്‍ക്കൂ അതുകൊണ്ടെന്‍റെ കവിളില്‍ ചവിട്ടൂ ബിലാല്‍…തല്‍ഫലം ബിലാല്‍ (റ) അബുദറ് ര്‍ (റ)നെ എഴുന്നേല്‍പ്പിച്ച് കവിളില്‍ ചുടു ചുംബനമര്‍പ്പിച്ച് പറഞ്ഞു. ഈ കവിളെനിക്ക് ചവിട്ടാനുള്ളതല്ല ചുംബിക്കാനുള്ളതാണ്. തന്‍റെ അനുചരര്‍ക്കിടയില്‍ രൂപംകൊണ്ട വര്‍ണ്ണ വെറിയെ എത്രകൃത്യമായാണ് മുത്ത്നബി ഇടപെട്ട് നിഷ്കാസനം ചെയ്യുന്നതെന്ന് പ്രസ്തുത സംഭവം വിവരിച്ചു തരുന്നുണ്ട്. കറുത്തിരുണ്ട ഇതേ ബിലാല്‍ (റ)നെത്തന്നെയാണ് പരിശുദ്ധ ഭവനത്തിന്‍റെ മുകളില്‍ കയറി ബാങ്ക് വിളിക്കാനേല്‍പ്പിച്ചിരുന്നതെന്ന് ചരിത്രപരമായ മറ്റൊരു വസ്തുതയാണ്.
അബലരുടെയും അവശരുടെയും അത്താണിയായി ജീവിച്ച മുത്ത്നബിയോട് ഒരിക്കല്‍ ചില ഖുറൈശി പ്രമുഖര്‍ വന്ന് വാഗ്ദാനം ചെയ്തു. ‘ഈ പള്ളിയുടെ ചെരുവില്‍ ഭവനരഹിതരായി ഉടുതുണിക്ക് മറുതുണിയില്ലാതെ കഴിയുന്ന തിണ്ണവാസികളെ അങ്ങ് മാറ്റിനിര്‍ത്തുകയാണെങ്കില്‍ ഞങ്ങള്‍ ഇസ്ലാമാശ്ലേഷിക്കാം.’ ഇസ്ലാമിക സല്‍പാന്ഥാവിലേക്ക് കൂടുതല്‍ ആളുകള്‍ പ്രവേശിക്കാനുള്ള മുത്ത് നബിയുടെ ഉത്ഘടമായ ആഗ്രഹം തല്‍ക്കാലത്തേക്ക് തിണ്ണവാസികളെ മാറ്റിനിര്‍ത്തിയാലോ എന്ന ചിന്ത നബിയില്‍ ഉടലെടുത്തു. തല്‍ഫലം അവരുടെ അഭിപ്രായം ചെവിക്കൊള്ളരുതെന്ന് മുത്ത് നബിയോട് അല്ലാഹു ഖുര്‍ആനിലൂടെ ഉദ്ബോധനം നടത്തിയത് ഇപ്രകാരമായിരുന്നു. ‘അല്ലാഹുവിന്‍റെ പ്രീതി കാംക്ഷിച്ച് പ്രഭാതത്തിലും പ്രദോശത്തിലും പ്രാര്‍ത്ഥനാ നിരതരാവുന്നവരുടെ കൂടെ അങ്ങയുടെ മനസ്സിനെ അടക്കിനിര്‍ത്തുക. ഐഹികലോകത്തിന്‍റെ ജീവിതാലങ്കാരം ലക്ഷ്യമാക്കി അങ്ങയുടെ കണ്ണുകള്‍ അവരെ വിട്ട് പോകാതിരിക്കട്ടെ (സൂറത്തുല്‍ കഹ്ഫ് )’അവഗണിക്കപ്പെട്ടവര്‍ക്കും അവമതിക്കപ്പെട്ടവര്‍ക്കും സാന്ത്വനത്തിന്‍റെ അഭയകേന്ദ്രമായി വര്‍ത്തിക്കാന്‍ ഉദ്ഘോഷിക്കുന്ന ഖുര്‍ആന്‍ പ്രതിനിധാനം ചെയ്യുന്നത് സാമൂഹിക സന്തുലിതത്വമല്ലാതെ മറ്റെന്താണ് ?
പടിഞ്ഞാറ് ഇസ്ലാമിനെ പുല്‍കുന്നു
വര്‍ണ്ണവെറിയുടെ ദുഷിച്ച ചിന്താകിരണങ്ങള്‍ പടിഞ്ഞാറിന്‍റെ ഭരണവ്യവസ്ഥിതിയെ ഗാഢമായി ഗ്രസിക്കുമ്പോഴും സമത്വതിന്‍റെയും നീതിയുടെയും ജീവിത മാതൃക വിഭാവനം ചെയ്യുന്ന ഇസ്ലാമിനെ ആശയപരമായി നേരിടാനാവാതെ വിപത്കരമായ ഒരു പ്രത്യയശാസ്ത്രമായി ചിത്രീകരിച്ച് കൊണ്ടിരിക്കുകയാണ്. 2001 സെപ്തംബര്‍ 11 ലെ വേള്‍ഡ് ട്രൈഡ് സെന്‍റര്‍ ആക്രമണം ഉയര്‍ത്തിക്കാട്ടി ഇസ്ലാം ഭീതി പടച്ചുവിട്ടാണ് ഇസ്ലാമിന്‍റെ ശോഭനമുഖം വലിച്ചുകീറാന്‍ പടിഞ്ഞാറ് നിരന്തരം ശ്രമിച്ചുപോന്നത്. എന്നാല്‍ സെപ്തംബര്‍ 11 ന് ശേഷം ഇസ്ലാം മാധ്യമങ്ങളിലൂടെ പരിഹസിക്കപ്പെടുകയും അധിക്ഷേപിക്കപ്പെടുകയും ചെയ്തെങ്കിലും ഇസ്ലാമിന്‍റെ യഥാര്‍ത്ഥ ആശയാടിത്തറ യഥാവിധം തിരിച്ചറിയുന്നവരുടെയും അതുവഴി ഇസ്ലാമിലേക്ക് ചേക്കേറുന്നവരുടെയും എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നതാണ് ലോകം ദര്‍ശിച്ച് കൊണ്ടിരിക്കുന്നത്. പാശ്ചാത്യ സമൂഹം നെയ്തു വെച്ച അസമത്വത്തിന്‍റെയും അരാചക സംസ്കാരത്തിന്‍റെയും കുത്തഴിഞ്ഞ ജീവിത വ്യവസ്ഥിതിയുടെയും പ്രതിഫലനമാണ് പലരെയും ഇസ്ലാമിലേക്ക് ആകര്‍ഷിച്ചത്.
നീഗ്രോ വര്‍ഗ്ഗക്കാരനായതിന്‍റെ പേരില്‍ ജീവിതത്തിലുടനീളം അക്രമണങ്ങള്‍ക്കും അവഗണനകള്‍ക്കുമിരയായി ഒടുക്കം ഇസ്ലാമിലേക്ക് കടന്നു വന്ന മാല്‍കം എക്സ് എന്ന പേരിലറിയപ്പെട്ടിരുന്ന അല്‍ ഹാജ് മാലിക് അല്‍ ശഹ്ബാസ് ഒരു നീഗ്രോയുടെ ജീവിതത്തുടിപ്പുകളെ തന്‍റെ ആത്മകഥയില്‍ ഹൃദയരക്തം കൊണ്ട് അടിവരയിടുന്നുണ്ട്. ‘വെള്ളക്കാര്‍ മൃഗങ്ങളെപ്പോലെ ഗുഹകളില്‍ ജീവിച്ചിരുന്ന കാലത്ത് കറുത്ത മനുഷ്യന്‍ മഹാസാമ്രാജ്യങ്ങളും സംസ്കാരങ്ങളും പടുത്തുയര്‍ത്തി. വെളുത്തമനുഷ്യനെന്ന പിശാചാകട്ടെ തന്‍റെ പൈശാചിക സ്വഭാവമനുസരിച്ച് ചരിത്രത്തിലുടനീളം വെള്ളക്കാരുടേതല്ലാത്ത എല്ലാ വര്‍ഗങ്ങളെയും കൊള്ളയും കൊലയും ബലാല്‍ക്കാരവും ചൂഷണവും കൊണ്ട് കീഴ്പ്പെടുത്തുകയായിരുന്നു’.
പുതിയമതം പുല്‍കിയ ശേഷമുള്ള മാല്‍കം എക്സിന്‍റെ ഹജ്ജ് യാത്രാനുഭവങ്ങള്‍ ഇസ്ലാം പ്രതിനിധാനം ചെയ്യുന്ന സാഹോദര്യത്തിന്‍റെയും സമത്വത്തിന്‍റെയും സൗന്ദര്യം വിളിച്ചോതുന്നുണ്ട്. ‘സാഹോദര്യത്തിന്‍റെ തെളിഞ്ഞ ചിത്രമായിരുന്നു ഹജ്ജ് യാത്രയിലുടനീളം എനിക്ക് അനുഭവേദ്യമായത്. രാജാവെന്നോ കര്‍ഷകനെന്നോ പണക്കാരനെന്നോ പാമരനെന്നോ ഭേദമന്യേ എല്ലാവരും ഒരേ വസ്ത്രത്തില്‍ ഒരൊറ്റ ലക്ഷ്യത്തിനായി കഅ്ബയെ പ്രദിക്ഷിണം ചെയ്യുന്നു. ഇവിടെ നിറത്തനിമയോ ജാതിമേന്മയോ ഒന്നും പരാമര്‍ശമര്‍ഹിക്കുന്നേയില്ല. വെളുത്തവരും കറുത്തവരും തവിട്ടുനിറമുള്ളവരുമെല്ലാം സഹോദരങ്ങള്‍, അല്ലാഹുവെന്ന ഒരേ ഒരുവന് ആരാധിക്കുന്നവര്‍’.
കറുത്ത വര്‍ഗക്കാരനെ പേപ്പട്ടിയെപ്പോലെ തെരുവോരങ്ങളില്‍ തല്ലക്കൊന്നിരുന്ന കാലസന്ധിയിലാണ് കൈക്കരുത്തിന്‍റെ ഇടിമുഴക്കം കൊണ്ട് മൂന്ന് തവണ ഹെവി വെയ്റ്റ് ബോക്സിംഗ് ചാമ്പ്യനായ കാഷ്യസ് ക്ലേ എന്ന മുഹമ്മദലി ഇസ്ലാം പുണരുന്നത്. കാരിരുമ്പിന്‍റെ കരുത്തുള്ള ആ ശരീരത്തില്‍ ഇസ്ലാം സന്നിവേശിച്ചപ്പോള്‍ താന്‍ ജീവിക്കുന്ന അനീതിയുടെയും വര്‍ണ്ണവെറിയുടെയും ലേകത്തോട് അദ്ദേഹം ശക്തമായി പ്രതികരിച്ച് തുടങ്ങി. കറുത്തവര്‍ഗക്കാരനായതിന്‍റെ പേരില്‍ കൊടിയ പീഡനങ്ങളേറ്റുവാങ്ങിയ മുഹമ്മദലി ഇസ്ലാം സമാധാനത്തിന്‍റെ മതമാണെന്നും മോചനപാതയാണെന്നും ലോകത്തോട് വിളിച്ചു പറഞ്ഞു. പുതിയ കാലത്ത് ഇസ്ലാമിലേക്കൊഴുകുന്നവരുടെ എണ്ണം അനവധിയാണ്. അടുത്തകാലത്തായി 14200 ബ്രിട്ടീഷുകാര്‍ ഇസ്ലാം ആശ്ലേഷിച്ചിട്ടുണ്ടെന്ന് യഹ്യാ ബട്ടിന്‍റെ പഠനം തെളിയിക്കുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലയറിന്‍റ ഭാര്യാസഹോദരി ലോറന്‍റ് ബൂത്ത് ബ്രിട്ടനില്‍ ഇസ്ലാമാശ്ലേഷിച്ച ഇക്കൂട്ടരില്‍ പ്രധാനിയാണ്. പ്രശസ്ത ജപ്പാനീസ് ഗുസ്തി താരം ആന്‍റോണിയോ ഇന്നോക്കി മുഹമ്മദ് ഹുസൈന്‍ എന്ന നാമധേയത്തില്‍ ഇസ്ലാം സ്വീകരിച്ചത്, തുടങ്ങി പ്രശസ്ത ഗായകനും ഗാനരചയിതാവുമായ എ ആര്‍ റഹ്മാന്‍, തമിഴ് സിനിമാ നടി മോണിക, കവിയത്രിയും എഴുത്തുകാരിയുമായ കമലാ സുരയ്യ ഇങ്ങനെ സമ്പന്ന വരേണ്യ വര്‍ഗത്തില്‍ പോലും ഇസ്ലാം പരിവര്‍ത്തനം സൃഷ്ടിച്ച് മുന്നേറുകയാണ്.
ഫലത്തില്‍ കറുത്തവരോടുള്ള അവഗണനയില്‍ പടുത്തുയര്‍ത്തിയ വെളുത്തസാമ്രാജത്വത്തില്‍ നിന്ന് വര്‍ഗമഹാത്മ്യ ബോധം ഉരുകിയൊലിച്ച് പോകണമെങ്കില്‍ മാല്‍കം എക്സ് പ്രസ്താവിച്ചത് പോലെ അമേരിക്ക ഇസ്ലാമിനെ പുല്‍കുകയേ നിര്‍വ്വാഹമൊള്ളൂ.

ശഹീദ് കാവനൂര്‍

Leave a Reply

Your email address will not be published. Required fields are marked *