2017 Jan-Feb Hihgligts ആത്മിയം നബി മതം വായന

നിലക്കാത്ത സ്നേഹവിളി

പ്രപഞ്ചത്തോളം വിശാലമാണ് സ്നേഹം. ആ സ്നേഹങ്ങളുടെയെല്ലാം നിലാവുകണ്ടവരായിരുന്നു അവര്‍. മുത്ത് നബിയുടെ മുഖദര്‍ശനം തേടി കാത്തിരുന്നവര്‍. മരണത്തിന്‍റെ മുള്‍വഴികളും ഭീതിയുടെ കഴുമരങ്ങളും ശത്രുവിന്‍റെ നരക തുല്യ പരീക്ഷണങ്ങളും അവരുടെ സ്നേഹത്തിനു മുന്നില്‍ തോറ്റു കുനിഞ്ഞു. പ്രിയ സഖാക്കളുടെ സ്നേഹാശ്ലേഷത്തോളം ആര്‍ക്കാണ് ലോകത്ത് പ്രണയിക്കാനാവുക?. ഒരിക്കല്‍ നബി(സ്വ) യുടെ സമീപത്ത് വന്ന് ഒരു സ്വഹാബി ചോദിച്ചു. അല്ലാഹുവിന്‍റെ തിരുദൂദരെ …എപ്പോഴാണ് അന്ത്യദിനം? ചോദ്യം കേട്ട ഉടനെ നബി (സ്വ) ചോദിച്ചു. നിങ്ങള്‍ എന്താണ് അതിന് വേണ്ടി ഒരുക്കിവെച്ചിട്ടുള്ളത്? സ്വഹാബി മറുപടു പറഞ്ഞു. ഒരുപാട് നിസ്കാരമോ നോമ്പോ സ്വദഖയോ ഒന്നും ഒരുക്കിവെച്ചിട്ടില്ല. പക്ഷേ അല്ലാഹുവിനെയും അവന്‍റെ റസൂലിനെയും ഞാന്‍ പ്രിയം വെക്കുന്നു. കേട്ടമാത്രയില്‍ നബി തങ്ങള്‍ പറഞ്ഞു. നിന്‍റെ ഇടം നീ പ്രിയം വെച്ചവരോട് കൂടെയാണ്. (ബുഖാരി മുസ്ലിം).
പരലോക വിജയത്തിന്‍റെ നിദാനമായാണ് അവര്‍ ഈ സ്നേഹത്തെ കരുതിവെച്ചത്. തിരുനബിസ്നേഹം തന്‍റെ വിശ്വാസത്തിന്‍റെ ഭാഗമാണെന്ന് വിശുദ്ധഖുര്‍ആനും തിരു സുന്നത്തും പഠിപ്പിക്കുന്നുണ്ട്. ഒരിക്കല്‍ ഉമര്‍(റ) നബി(സ്വ) യോട് പറഞ്ഞു. എന്‍റെ ശരീരം മാറ്റിനിര്‍ത്തിയാല്‍ എനിക്കേറ്റം പ്രിയം അങ്ങോടാണ്. അപ്പോള്‍ നബി(സ്വ) പറഞ്ഞു. നിങ്ങളില്‍ ഒരാളും അവന്‍റെ സ്വന്തം ശരീരത്തേക്കാള്‍ ഞാന്‍ അവന് പ്രിയമാകുന്നത് വരെ പൂര്‍ണ്ണ വിശ്വാസിയാവുകയില്ല. ഉമര്‍ (റ) പറഞ്ഞു. അങ്ങയുടെ മേല്‍ ഗ്രന്ഥമിറക്കിയവന്‍ തന്നെയാണ് സത്യം. എന്‍റെ ശരീരത്തേക്കാള്‍ എനിക്ക് പ്രിയം തങ്ങളാണ്. ഇത് കേട്ടപ്പോള്‍ നബി(സ്വ) പറഞ്ഞു. ഉമറേ ഇപ്പോള്‍ നീ പൂര്‍ണ്ണ വിശ്വാസിയായി.
ഇത് ഉമര്‍ (റ) വിന്‍റെ മാത്രം സ്വഭാവമല്ല. എല്ലാ സ്വഹാബത്തും അവരുടെ സ്വന്തം മാതാപിതാക്കളേക്കാളും സന്താനങ്ങളേക്കാളും സമ്പത്തിനേക്കാളും നബിയെ അതിരറ്റ് സ്നേഹിച്ചവരായിരുന്നു. ഉഹ്ദ് യുദ്ധത്തില്‍ പിതാവും ഭര്‍ത്താവും സഹോദരനും മരണപ്പെട്ട ഒരു അന്‍സ്വാരി വനിത ചോദിച്ചു. നബി തങ്ങള്‍ക്ക് എന്ത് പറ്റി? സ്വഹാബത്ത് പറഞ്ഞു. നല്ലത്, നബി തങ്ങള്‍ സുരക്ഷിതരാണ്. അപ്പോള്‍ ആ സ്ത്രീ പറഞ്ഞു. ഞാനൊന്ന് നബിയെ കാണട്ടെ. നബി (സ്വ)യെ കണ്ടപ്പോള്‍ സ്ത്രീ പറഞ്ഞു. അവിടുത്തേക്ക് ശേഷം എല്ലാ വിപത്തും ചെറുതാണ.് നബി തങ്ങളുടെ പ്രയാസവും സങ്കടവുമെല്ലാം സ്വയം വേദനയായി മനസ്സിലാക്കുന്നവരായിരുന്നു അവര്‍..
തിരു പ്രണയമായിരുന്നു സ്വഹാബത്തിന്‍റെ ജീവിതം. തിരുനബിക്ക് ഒരു മുള്ള് തറക്കുന്നതുവരെ അവര്‍ക്ക് അസഹ്യമായി. ഇത്രയധികം സ്നേഹം കാണിച്ച സ്വഹാബത്തിന് നബി(സ്വ)യുടെ വേര്‍പാട് സഹിക്കാന്‍ കഴിയുന്നതിനുമപ്പുറമായിരുന്നു. അത് കൊണ്ടാണ് ഉമര്‍(റ) വികാര തീക്ഷണതയില്‍ ഉറഞ്ഞു തുള്ളിയത്. നബി തങ്ങള്‍ക്ക് മരണമില്ലെന്ന വിശ്വാസമായിരുന്നു ഹേതു. നബി തങ്ങള്‍ ഇല്ലാത്ത മദീനയില്‍ ഞാനില്ല എന്ന് പറഞ്ഞ് ബിലാല്‍(റ) ശാമിലേക്ക് പോയി. അങ്ങനെയിരിക്കെ നബി തങ്ങള്‍ സ്വപ്നത്തില്‍ ചോദിച്ചു. ബിലാലേ എന്നോട് പിണക്കമാണോ? ഇനിയും എന്നെ സന്ദര്‍ശിക്കാന്‍ സമയം ആയിട്ടില്ലേ.? ഉടനെ ബിലാല്‍(റ) മദീനയിലേക്ക് പുറപ്പെട്ടു.
മദീനയിലെത്തി നബി തങ്ങളെ സിയാറത്ത് ചെയ്തു. കിട്ടിയ അവസരം പുന്നാരനബിയുടെ പേരക്കിടാങ്ങളായ ഹസന്‍, ഹുസൈന്‍ ഉപയോഗപ്പെടുത്തി. ബിലാല്‍(റ) വിനോട് ബാങ്ക് വിളിക്കാന്‍ ആവശ്യപ്പെട്ടു. ഒടുവില്‍ ബിലാല്‍(റ) ബാങ്ക് വിളിച്ചു. ആ ശബ്ദ മാധുര്യം മുത്ത് നബിയുടെ മദീനയിലേക്ക് ഒരു തവണകൂടി ക്ഷണിച്ചു. അവരോര്‍ത്തോര്‍ന്ന് വിങ്ങിപ്പൊട്ടി. (സുബുലുല്‍ ഹുദാ വറഷാദ്, താരീഖു ദിമഷ്ഖ്)
സ്വഹാബത്തിന്‍റെ പാത പിന്തുടര്‍ന്ന താബിഉകളും ആ സ്നേഹത്തിന്‍റെ സമുദ്രത്തില്‍ ഊളിയിട്ടവരായിരുന്നു. വളരെ ബഹുമാനത്തോട് കൂടി മാത്രമേ അവര്‍ തിരുനബിയെക്കുറിച്ച് പറയാറുള്ളൂ. മാലിക്ക്(റ) പറയുന്നു: സഈദ് ബ്നു മുസയ്യബിന്‍റെ അരികിലേക്ക് ഒരാള്‍ വന്ന് ഒരു ഹദീസ് ചോദിച്ചു. അപ്പോള്‍ അദ്ധേഹം കിടക്കുകയായിരുന്നു. മഹാനവര്‍കള്‍ എണീറ്റിരുന്നു. എന്നിട്ട് ഹദീസ് പറഞ്ഞു കൊടുത്തു. അപ്പോള്‍ ആ മനുഷ്യന്‍ പറഞ്ഞു. ഞാന്‍ നിങ്ങള്‍ പ്രയാസപ്പെടരുതെന്ന് ആഗ്രഹിച്ചിരുന്നു. അപ്പോള്‍ മഹാനവര്‍കള്‍ പറഞ്ഞു. കിടന്ന് കൊണ്ട് ഹദീസ് പറയലിനെ ഞാന്‍ വെറുക്കുന്നു.
മുത്വറിഫ്(റ) പറയുന്നു. മാലികീ ഇമാമിന്‍റെ അരികിലേക്ക് അരെങ്കിലും വന്നാല്‍ ആദ്യം അവിടുത്തെ അടിമസ്ത്രീ പുറത്തേക്ക് വരും. എന്നിട്ട് ചോദിക്കും. നിങ്ങള്‍ ഹദീസ് ആണോ, മസ്അലയാണോ ഉദ്ദേശിക്കുന്നത്? മസ്അലക്ക് വേണ്ടിയാണെന്നറിഞ്ഞാല്‍ പെട്ടെന്ന് ഇറങ്ങി വന്ന് മഹാവനവര്‍കള്‍ പറഞ്ഞ് കൊടുക്കും. ഹദീസിനാണ് വന്നതെന്നറിഞ്ഞാല്‍ കുളിച്ച് പുതിയ വസ്ത്രം ധരിച്ച് സുഗന്ധം പൂശി മേല്‍തട്ടവും തലപ്പാവും ധരിച്ച് ഒരു പ്രത്യേക ഇരിപ്പിടത്തില്‍ ഇരുന്ന് ഹദീസ് പറയും. ഹദീസ് പാരായണം കഴിയുന്നത് വരെ ഊദ് കത്തിക്കും.
അബ്ദുല്ലാഹി ബ്നു മുബാറക്(റ)പറയുന്നു. മാലിക്(റ) ഹദീസ് പറഞ്ഞ് കൊണ്ടിരിക്കുമ്പോള്‍ 16 തവണ ഒരു തേള്‍ മഹാനവര്‍കളെ കുത്തി. അവിടുത്തെ നിറം വല്ലാതെ മാറിവന്നു. മഹാനവര്‍കള്‍ ഹദീസ് പാരായണം അവസാനിപ്പിച്ചില്ല. സദസ്സ് പിരിഞ്ഞു. ഇതിന്‍റെ കാരണം ചോദിക്കപ്പെട്ടപ്പോള്‍ പറഞ്ഞു. തിരുനബിയുടെ ഹദീസിനോടുള്ള ബഹുമാനാര്‍ത്ഥമാണ് ഞാന്‍ ക്ഷമിച്ചു നിന്നത്.
നബി(സ്വ)യെ സ്നേഹിച്ച് അവിടുത്തെ വാനോളം പുകഴ്ത്തി പാപം പൊറുപ്പിക്കുകയും പാരത്രികവിജയം കരസ്ഥമാക്കുകയും ചെയ്തവരാണ് നമ്മുടെ മുന്‍ഗാമികള്‍ ഇമാം ബുസ്വീരി(റ) തന്‍റെ വിശ്വപ്രസിദ്ധമായ ഖസ്വീദത്തുല്‍ ബുര്‍ദയുടെ അവസാന ഭാഗത്ത് പറയുന്നു. ഭൗതിക നേതാക്കളുടെ സേവനത്തിലും പ്രശംസയിലുമായി സമയം പാഴാക്കിയ കാലത്ത് എന്നില്‍ നിന്ന് സംഭവിച്ചു പോയ തെറ്റുകുറ്റങ്ങള്‍ പൊറുത്ത് കിട്ടാന്‍ വേണ്ടിയാണ് ഞാനിപ്പോള്‍ നബിയെ സേവിക്കുന്നത്.
തിരുനബിയോടുള്ള സ്നേഹം ഒരിക്കലും വ്യഥയിലാവുകയില്ല. അവിടുത്തോടുള്ള സ്നേഹം ഇരുലോകത്തും ഫലം ചെയ്ത അനുഭവങ്ങള്‍ പണ്ഡിതന്മാര്‍ അവരുടെ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ശൈഖ് അബൂ മൂസ സുര്‍ഹൂനി(റ) പറയുന്നു. ഞാന്‍ നബി(സ്വ)യെ സ്വപ്നത്തില്‍ കണ്ടു. അപ്പോള്‍ ഞാന്‍ നബിയോട് അവിടുത്തെ ജന്മദിനം ആഘോഷിക്കുന്നതിനെ സംബന്ധിച്ച് പണ്ഡിതന്മാര്‍ പറഞ്ഞതെല്ലാം പറഞ്ഞു. അപ്പോള്‍ നബി(സ്വ) പറഞ്ഞു. ‘ആര് എന്നെ കൊണ്ട് സന്തോഷിച്ചോ അവരെ കൊണ്ട് ഞാന്‍ സന്തോഷിച്ചിരിക്കും’.
അബൂ ലഹബിന്‍റെ ശിക്ഷ പോലും ഇളവ് ചെയ്യപ്പെടാന്‍ തിരുനബി(സ്വ) കാരണക്കാരായിട്ടുണ്ട്. പുന്നാരനബിയുടെ ജനനവാര്‍ത്തയറിയിച്ച സുവൈബത്തുല്‍ അസ്ലമിയ്യയെ സന്തോഷം കാരണത്താല്‍ അബൂ ലഹബ് സ്വതന്ത്രയാക്കി. ഈ സന്തോഷ പ്രകടനത്താല്‍ എല്ലാ തിങ്കളാഴ്ചയും അദ്ധേഹത്തിന് ശിക്ഷ ലഘൂകരിക്കപ്പെടുന്നു. ഇമാം ഇബ്നുല്‍ ജസ്രി പറയുന്നു. ഖുര്‍ആന്‍ ശക്തിയായ ഭാഷയില്‍ അധിക്ഷേപിച്ച ഒരു കാഫിറായ വ്യക്തിക്ക് ഇത്രമാത്രം പ്രതിഫലം കിട്ടുന്നുണ്ടെങ്കില്‍ നബി(സ്വ) യുടെ ജന്മദിനത്തില്‍ സന്തോഷിക്കുകയും അതിന് വേണ്ടി എന്തും ചെലവഴിക്കുകയും ചെയ്യുന്ന ഏകദൈവവിശ്വാസിയായ ഒരു മുസ്ലിമിന് എന്തായിരിക്കും പ്രതിഫലം? കരുണക്കടലായ നാഥന്‍ അവനെ അവന്‍റെ പ്രവിശാലമായ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുക തന്നെ ചെയ്യും (അല്‍ മവാഹിബുല്ലദുനിയ്യ)
പണ്ഡിതന്മാര്‍ പറയുന്നു: ‘നബി തങ്ങള്‍ ഭൂജാതനായപ്പോള്‍, ആരാണീ നിസ്തുല്യനായ യതീമിനെ പരിപാലിക്കുക’ എന്ന് ചോദിക്കപ്പെട്ടു. അപ്പോള്‍ പക്ഷികള്‍ പറഞ്ഞു. അവിടുത്തെ മഹത്തരമായ പരിപാലനം ഞങ്ങള്‍ ഏറ്റെടുക്കാം. മൃഗങ്ങള്‍ പറഞ്ഞു. ഞങ്ങളാണ് അതുമായി ഏറ്റവും ബന്ധപ്പെട്ടത്. ഞങ്ങള്‍ അവിടുത്തെ എല്ലാ ബഹുമാനങ്ങളും കാത്തുസൂക്ഷിക്കാം. അപ്പോള്‍ അല്ലാഹുവിന്‍റെ ശക്തി വിളിച്ചു പറഞ്ഞു. ഓ…സൃഷ്ടികളെ… അല്ലാഹു അവന്‍റെ മുന്‍വിധി പ്രകാരം ഹലീമ(റ)ക്കാണ് അതിനുള്ള ഭാഗ്യം നല്‍കിയിട്ടുള്ളത്.
മുത്ത് നബി(സ്വ)യോടുള്ള മിണ്ടാപ്രാണികള്‍ക്കുള്ള സ്നേഹവും ബഹുമാനവും താല്‍പര്യവും വാക്കുകള്‍ക്കതീതമാണ്. തിരുനബി(സ്വ) ഹിജ്റ പോകുന്നതിനിടെ വിശ്രമിച്ച സൗര്‍ ഗുഹയെ വട്ടമിട്ട് പറന്ന പ്രാവും വല കെട്ടിയ ചിലന്തിയും തന്‍റെ നേതാവിനോടുള്ള കടമ മനസ്സിലാക്കി തന്‍റെ ദൗത്യം ഭംഗിയായി നിര്‍വ്വഹിച്ചു. മരങ്ങളും കല്ലുകളും മൃഗങ്ങളുമെല്ലാം കാണിച്ച ഈ ബഹുമാനത്തിന്‍റെ ഭാഷയാണ് വിശ്വാസികള്‍ മനസ്സുരുകി വിളിച്ചിരുത്തുന്ന മുത്ത് നബി സ്നേഹം.

ശഫീഖ് കക്കോവ്

Leave a Reply

Your email address will not be published. Required fields are marked *