ഇസ്മാഈല്‍(അ) നബിയുടെ പരമ്പരയിലൂടെയാണ് സംസ്കാരസമ്പന്നരായ അറബികള്‍ ഉടലെടുക്കുന്നത്. വിഗ്രഹാരാധനകളും തിന്മകളുമൊക്കെ സര്‍വ്വ വ്യാപകമായിരുന്ന കാലത്ത് അതിലൊന്നും പെടാതെ തങ്ങളുടെ വിശ്വാസത്തില്‍ അടിയുറച്ച് നില്‍ക്കുകയും, വിഗ്രഹാരാധനക്ക് മുതിരാതെ മുന്‍പ്രവാചകന്മാരുടെ വിധിവിലക്കുകള്‍ മാനിച്ച് ജീവിച്ചുപോന്ന ചിലരുണ്ടായിരുന്നു. വേദങ്ങളില്‍ നിന്ന് പ്രവാചകന്‍റെ ആഗമനം മനസ്സിലാക്കി പ്രവാചകനെ അവര്‍ കാത്തിരുന്നു.
ഇരുണ്ടകാല ഘട്ടത്തിലെ അറബികളുടെ ചെയ്തികള്‍ മൃഗങ്ങളെപ്പോലും നാണിപ്പിക്കുന്നതായിരുന്നു. എന്നാല്‍ അറബികളില്‍ പൊതുവായ ചില നല്ല ഗുണങ്ങളുണ്ടായിരുന്നു. ആതിഥ്യ മര്യാദയില്‍ മുന്നിട്ടുനില്‍ക്കുന്നവരായിരുന്നു അറബികള്‍. അതിഥികള്‍ക്കായി സ്വന്തം ഒട്ടകത്തെ വരെ അറുക്കാന്‍ അറബികള്‍ സന്നദ്ധരായിരുന്നു. പക്ഷികളോടും മൃഗങ്ങളോടും അതിരറ്റ കാരുണ്യം കാണിക്കുന്നവരായിരുന്നു അവര്‍. പൊതുവെ അറബികള്‍ നിര്‍മ്മലഹൃദയരും ബുദ്ധിസാമര്‍ത്ഥ്യമുള്ളവരുമാണ്. അറബികളുടെ മറ്റൊരു സദ്ഗുണമാണ് സത്യസന്ധതയും കരാര്‍ പാലനവും. എന്തു വില കൊടുത്തും അവ നിലനിര്‍ത്താന്‍ അറബികള്‍ തയ്യാറാകും. ധീരതയിലും, ശൗര്യത്തിലും മറ്റെല്ലാ സമൂഹത്തെയും അറബികള്‍ മറികടന്നു. എന്തു സാഹസത്തിനും തയ്യാറാകുന്ന ധീരന്മാരായിരുന്നു അറബികള്‍. പ്രതിയോഗി എത്ര വലിയ ശക്തനാണെങ്കിലും സധൈര്യം പോര്‍ക്കളത്തിലിറങ്ങി പോരാടുമായിരുന്നവര്‍. ശത്രുവിനുമുന്നില്‍ തലകുനിക്കുന്നതിനേക്കാള്‍ സധൈര്യം പോരാടി വീരമൃത്യു വരിക്കുന്നതിനെ അവര്‍ മഹത്വമായി കണ്ടു.
പിതൃപരമ്പരയുടെ മഹത്വം
തിരുനബി(സ്വ) യുടെ ഇരുപത്തി ഒന്നാമത്തെ പിതാമഹനാണ് അദ്നാന്‍. അദ്നാന്‍, ഇസ്മാഈല്‍ നബി(അ)ന്‍റെ സന്താനപരമ്പരയില്‍ പെട്ട വ്യക്തിയുമാണ്. ഏറ്റവും മഹത്തരമായ പരമ്പരയിലാണ് തിരുനബി(സ്വ) പിറന്നത്. തിരുനബി(സ്വ) പറഞ്ഞു:അല്ലാഹു സൃഷ്ടികളെ പടച്ചു, അവരില്‍ ഏറ്റവും ഉത്തമര്‍ എന്നെ ആക്കുകയും ചെയ്തു. പിന്നീട് കുടുംബങ്ങളെ അല്ലാഹു തെരഞ്ഞെടുത്തു, ഏറ്റവും നല്ല കുടുംബത്തില്‍ എന്നെ ഉള്‍പ്പെടുത്തി. പിന്നീട് വംശങ്ങളെ തെരഞ്ഞെടുത്തു, ഏറ്റവും നല്ല വംശത്തില്‍ എന്നെ പെടുത്തുകയും ചെയ്തു. അവരില്‍ ഏറ്റവും നല്ല ശരീര പ്രകൃതി എന്‍റേതാണ്. ഏറ്റവും നല്ല ഭവനത്തിലുമാണ് പിറന്നത് (അഹ്മദ,് തിര്‍മിദി).
ഏറ്റവും സ്രേഷ്ടമായ കുടുംബത്തിലൂടെയാണ് തിരുനബി (സ്വ) പിറന്നത്. കേവലം കുടുംബ പാരമ്പര്യത്തിന്‍റെ പേരിലല്ല, മറിച്ച് തിരുനബി (സ്വ)യുടെ പിതാമഹന്മാരെല്ലാം സല്‍കര്‍മ്മങ്ങളിലും ധാര്‍മ്മികതയിലും എന്നും മുന്നിലായിരുന്നു. നബി(സ്വ)യുടെ പിതാമഹന്മാര്‍ ദൈവ നിഷേധികളോ ബഹുദൈവാ രാധകരോ ആയിരുന്നില്ല. ഖുറൈശി കുടുംബമാണ് തിരുനബിയുടേത്. തിരുനബി(സ്വ) പറഞ്ഞു. ഇബ്റാഹീം (അ) ന്‍റെ സന്താന പരമ്പരയില്‍ നിന്ന് ഇസ്മാഈലിനെ അല്ലാഹു തിരഞ്ഞെടുത്തു. ഇസ്മാഈല്‍ സന്തതികളില്‍ നിന്ന് ബനൂകിനാനയെയും, ബനൂകിനാനയില്‍ നിന്ന് ഖുറൈശികളേയും, ഖുറൈശികളില്‍ നിന്ന് ബനൂഹാശിമിനേയും തിരഞ്ഞെടുത്തു. ബനൂ ഹാശിമില്‍ നിന്ന് എന്നെയും തിരഞ്ഞെടുത്തു.
അബ്ദുല്‍ മുത്തലിബ്
ഖുറൈശീ കുടുംബത്തിലെ പ്രമുഖവ്യക്തിത്വമായിരുന്നു അബ്ദുല്‍ മുത്തലിബ്. ഇസ്മാഈല്‍ നബി(അ) ക്ക് അല്ലാഹു കനിഞ്ഞേകിയ സംസം കിണര്‍ ഖുസാഅക്കാര്‍ക്ക് ഭരണം നഷ്ടപ്പെട്ടപ്പോള്‍ അവര്‍ മണ്ണിട്ട് നികത്തുകയുണ്ടായി. പിന്നീട് സംസം കിണര്‍ പുന്ഃസ്ഥാപിച്ചത് അബ്ദുല്‍ മുത്തലിബാണ്. അതിശക്തമായ നേതൃപാടവത്തിനുടമയായിരുന്നു അദ്ദേഹം. പക്ഷികള്‍ക്കും, കാട്ടുമൃഗങ്ങള്‍ക്കും വരെ അദ്ദേഹം ഭക്ഷണം നല്‍കി. പാവങ്ങളുടെ കണ്ണീരൊപ്പാനും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും അബ്ദുല്‍ മുത്തലിബ് എന്നും മുന്നിലായിരുന്നു. പത്ത് ആണ്‍മക്കളും ആറ് പെണ്‍മക്കളുമാണ് അബ്ദുല്‍ മുത്തലിബിനുണ്ടായിരുന്നത്.
നൂറ്റാണ്ടുകളായി മണ്ണിട്ടു മൂടി നാമാവശേഷമായ സംസം കിണര്‍ പുനഃസ്ഥാപിക്കുമ്പോള്‍ ഹാരിസ് എന്ന പുത്രന്‍ മാത്രമാണുണ്ടായിരുന്നത്. സംസം കുഴിക്കാനായി വല്ലാതെ പാടുപെട്ടപ്പോള്‍ പലരും അദ്ദേഹത്തെ പരിഹസിച്ചു. പക്ഷെ അബ്ദുല്‍ മുത്തലിബിന് അല്ലാഹുവിങ്കല്‍ നിന്നുള്ള വ്യക്തമായ നിര്‍ദേശപ്രകാരമായിരുന്നു ഈ യജ്ഞത്തിന് മുതിര്‍ന്നത്. അങ്ങനെ സംസമിന്‍റെ പുനര്‍നിര്‍മാണം പൂര്‍ത്തിയായി. അതോടെ ഹാജിമാരും മക്കാ നിവാസികളും അനുഭവിച്ച ക്ഷാമത്തിനറുതിയായി.
സംസം കുഴിക്കുന്ന വേളയില്‍ പ്രയാസം നേരിട്ടപ്പോള്‍ അബ്ദുല്‍ മുത്തലിബ് ഒരു പ്രതിജ്ഞ ചെയ്തു, സംസമിന്‍റെ നിര്‍മാണം പൂര്‍ത്തിയായി തനിക്ക് പത്ത് ആണ്‍മക്കളുണ്ടായാല്‍ അവരില്‍ ഒരാളെ ബലിയറുക്കാമെന്ന്. അങ്ങിനെ അബ്ദുല്‍ മുത്തലിബിന് പത്ത് ആണ്‍മക്കളുണ്ടായി. അദ്ദേഹമവരെ വിളിച്ചു വരുത്തി, പത്തില്‍ ഒരാളെ ബലിനല്‍കാനുള്ള തന്‍റെ പ്രതിജ്ഞ അറിയിച്ചു. ആരെ അറുക്കണമെന്ന് നമുക്ക് നറുക്കിട്ട് തീരുമാനിക്കാം. നിങ്ങളെല്ലാവരും എന്‍റെ പ്രതിജ്ഞ പൂര്‍ത്തീകരിക്കാന്‍ സന്നദ്ധരാവണം. മക്കളെല്ലാം പിതാവിനോട് സമ്മതം മൂളി. നറുക്കിട്ടു. ചെറിയ പുത്രന്‍ അബ്ദുല്ലക്കാണ് നറുക്ക് ലഭിച്ചത്.
നാട്ടുകാര്‍ക്കെല്ലാം പ്രിയങ്കരനായ തന്‍റെ ചെറുമകന് നറുക്കു കിട്ടിയപ്പോള്‍ അബ്ദുല്‍ മുത്തലിബ് വല്ലാതെ സങ്കടപ്പെട്ടു. മറ്റുമക്കളോടില്ലാത്ത സ്നേഹവും, ആദരവും അബ്ദുല്ലയോടുണ്ടായിരുന്നു. അതീവ സൗന്ദര്യത്തിനുടമയായിരുന്നു അബ്ദുല്ല. സ്വഭാവ മഹിമയിലും, ജനങ്ങളോടുള്ള പെരുമാറ്റത്തിലും അത്യാകര്‍ഷകമായ വ്യക്തിത്വമായിരുന്നു അദ്ദേഹം. ഒടുവില്‍, അബ്ദുല്‍ മുത്തലിബ് അബ്ദുല്ലയെ അറുക്കാന്‍ തന്നെ തീരുമാനിച്ചു. അബ്ദുല്‍ മുത്തലിബ് ഖുറൈശീ കാരണവരാണ്. പ്രതിജ്ഞ ലംഘിക്കുകയില്ല. അബ്ദുല്ലയെ ബലിയറുക്കാന്‍ തീരുമാനിച്ച വാര്‍ത്തയറിഞ്ഞ് ദാറുന്നദ്വില്‍ ഇരിക്കുന്ന ഖുറൈശികള്‍ പ്രശ്നത്തില്‍ ഇടപ്പെട്ടു. മകനെ അറുക്കാന്‍ പാടില്ല. നിങ്ങള്‍ ഈ ബലിദാനം നടത്തിയാല്‍ നാട്ടില്‍ ബലിദാനം വ്യാപകമാകും. ഒടുവില്‍ അവര്‍ ഒരു തീരുമാനത്തിലെത്തി. അവരുടെ പ്രശ്ന പരിഹാരത്തിന് പുരോഹിതനെ സമീപിച്ചു. എല്ലാം കേട്ട പുരോഹിതന്‍ ചോദിച്ചു: ‘ഒരാളെ കൊന്നാല്‍ നിങ്ങള്‍ പരിഹാരമായി എന്താണ് നല്‍കാറുള്ളത്?. അബ്ദുല്‍ മുത്തലിബ് പറഞ്ഞു: ‘പത്തൊട്ടകങ്ങളെ’. പുരോഹിതന്‍ പറഞ്ഞു: എന്നാല്‍ നിങ്ങള്‍ പത്ത് ഒട്ടകങ്ങളെ സഘടിപ്പിക്കുക. എന്നിട്ട് അവക്കും അബ്ദുല്ലക്കുമിടയില്‍ നറുക്കിടുക. അബ്ദുല്ലക്കാണ് നറുക്ക് കിട്ടുന്നതെങ്കില്‍ വീണ്ടും പത്തൊട്ടകങ്ങള്‍ സംഘടിപ്പിച്ച് നറുക്കിടുക. ഇങ്ങനെ ഒട്ടകങ്ങള്‍ക്ക് നറുക്ക് വീഴുന്നത് വരെ പത്തു വീതം ഒട്ടകങ്ങളെ സംഘടിപ്പിച്ച് അവക്കിടയില്‍ നറുക്കിടുക.
പുരോഹിതന്‍ പറഞ്ഞതുപ്രകാരം പത്തൊട്ടകങ്ങളെ സംഘടിപ്പിച്ച് നറുക്കിട്ടു. നറുക്ക് വീണത് അബ്ദുല്ലക്ക്. വീണ്ടും നറുക്കിട്ടു. നറുക്ക് വീണതാകട്ടെ വീണ്ടും അബ്ദുല്ലയെ അറുക്കാനാണ്. അങ്ങനെ പത്താം തവണ നൂറ് ഒട്ടകങ്ങളെ മുന്‍നിര്‍ത്തി നറുക്കിട്ടപ്പോഴാണ് ഒട്ടകങ്ങള്‍ക്ക് നറുക്ക് ലഭിച്ചത്. സന്തോഷത്തോടെ മക്കാ നിവാസികളും അബ്ദുല്‍ മുത്തലിബും നൂറ് ഒട്ടകങ്ങളെ അറുത്ത് ദാനം ചെയ്തു.
അബ്ദുല്ലയുടെ വിവാഹം
അതീവ സുന്ദരനായിരുന്നു അബ്ദുല്ല(റ). പ്രവാചകത്വത്തിന്‍റെ വാഹകനായ അബ്ദുല്ലയില്‍ ആ പ്രകാശം പ്രകടമായിരുന്നു. മക്കയിലെ കാരണവരായ അബ്ദുല്‍ മുത്തലിബിന്‍റെ പൊന്നോമനയെന്ന നിലക്കും, ബലിദാനത്തില്‍ നിന്ന് രക്ഷപ്പെട്ട വ്യക്തി എന്ന നിലക്കും മക്കക്കാര്‍ക്കിടയില്‍ പ്രസിദ്ധനായ വ്യക്തിത്വമായിരുന്നു അബ്ദുല്ലയുടേത്. അബ്ദുല്ലയിലെ അതീവ സൗന്ദര്യവും സ്വഭാവ മഹിമയും കണ്ട് പല സ്ത്രീകളും അബ്ദുല്ലയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. പക്ഷെ, അബ്ദുല്ല അതിനൊന്നും ചെവികൊടുത്തില്ല. തനിക്ക് തന്‍റെ പിതാവ് നിര്‍ദ്ദേശിക്കുന്ന സ്ത്രീയെ വിവാഹം കഴിക്കാമെന്ന തീരുമാനത്തില്‍ അബ്ദുല്ല(റ) ഉറച്ചു നിന്നു.
ബനൂസഹ്റ ഗോത്രത്തില്‍ ജനിച്ച ആമിനാ(റ)ക്കാണ് അബ്ദുല്ലാ (റ)യുടെ പത്നിയാകാന്‍ ഭാഗ്യമുണ്ടായത്.. ഖുറൈശികളില്‍ ബനുല്‍മുത്തലിബുമായി നല്ല സഹവര്‍ത്തിത്വത്തിലായിരുന്നു ബനൂസഹ്റ ഗോത്രം. ജാഹിലിയ്യാ കാലഘട്ടത്തില്‍ തന്നെ നല്ല ജീവിത നിലവാരം പുലര്‍ത്തിയ ബനൂസഹ്റയില്‍ നിന്ന് പ്രമുഖരായ ധാരാളം സ്വഹാബികള്‍ ഉടലെടുത്തിട്ടുണ്ട്. സഅ്ദുബ്നു അബീ വഖാസ്(റ), അബ്ദുറഹ്മാനുബ്നു അൗഫ്(റ) എന്നിവര്‍ അവരില്‍ പ്രമുഖരാണ്. പുണ്യ ഭൂമിക്കടുത്ത് പിറന്ന ആമിന(റ) ചെറുപ്രായത്തില്‍ തന്നെ കഅ്ബയിലും, മഖാമുഇബ്റാഹീമിലും, സ്വഫയിലും, മര്‍വയിലുമൊക്കെ പോകാറുണ്ടായിരുന്നു. വിശുദ്ധ ഭവനത്തിനടുത്ത് പ്രതിഷ്ഠിച്ച ബിംബങ്ങളോടും അവയെ ആരാധിക്കുന്നതിനേയും ആമിനാ ബീവിക്ക് പണ്ടേ വെറുപ്പായിരുന്നു. ആമിനാ ബീവി(റ) വളര്‍ന്നു കൗമാരപ്രായത്തിലെത്തി. ജീവിത വിശുദ്ധിയിലും, സ്വഭാവ മഹിമയിലും തന്‍റെ മകള്‍ മുന്നിലാണെന്ന് പിതാവായ വഹബിന് വ്യക്തമായ ബോധമുണ്ടായിരുന്നു. അസാധാരണമായതെന്തോ തന്‍റെ മകളില്‍ അടങ്ങിയിട്ടുണ്ടെന്ന് വഹബിന് പലപ്പോഴും തോന്നിയിരുന്നു. വേദങ്ങള്‍ പ്രവചിച്ച വരാനിരിക്കുന്ന പ്രവാചകന്‍റെ മാതൃപദവി അലങ്കരിക്കാന്‍ ഭാഗ്യം ഉണ്ടാകണേയെന്ന് ആമിനാ ബീവി(റ) പലപ്പോഴും പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു.
വിവാഹപ്രായമെത്തിയ ആമിനാ ബീവി(റ) ക്ക് വിവാഹാലോചനകള്‍ പലതും വന്നുതുടങ്ങി. തന്‍റെ മകന്‍ അബ്ദുല്ലക്ക് ആമിനാ(റ) യെ വിവാഹം ചെയ്തു തരണമെന്ന് അബ്ദുല്‍ മുത്തലിബ് വഹബിനോട് ആവശ്യപ്പെട്ടു. വളരെ സന്തോഷപൂര്‍വ്വമാണ് വഹബ് ഈ വിവാഹാഭ്യര്‍ത്ഥന സ്വീകരിച്ചത്. പിതാവ് ആമിനാ ബീവി(റ) യെ വിളിച്ച് വിവരം പറഞ്ഞു. അബ്ദുല്ലയെക്കുറിച്ച് കേട്ടറിഞ്ഞതും പ്രവാചകത്വത്തെ വഹിക്കാനുള്ള തന്‍റെ ആഗ്രഹവും ഓര്‍ത്ത ആമിനാ ബീവി(റ) സന്തോഷപൂര്‍വ്വം സമ്മതം മൂളി.
വിവാഹ സുധിനമെത്തിയപ്പോള്‍ മക്കാനിവാസികള്‍ ഒന്നടങ്കം സന്തോഷത്തിലായിരുന്നു. എല്ലാ അര്‍ത്ഥത്തിലും പരസ്പരം ഇണങ്ങുന്ന ബന്ധം. ഇരു കുടുംബത്തിലേയും പ്രമുഖര്‍ ഒത്തു ചേര്‍ന്നു. അബ്ദുല്‍ മുത്തലിബ് ഖുതുബ നിര്‍വ്വഹിച്ചു. വഹബ് തന്‍റെ മകള്‍ ആമിനാ ബീവി(റ) യെ അബ്ദുല്ലക്ക് വിവാഹം ചെയ്തുകൊടുത്തു. നാട്ടാചാരമനുസരിച്ച് അബ്ദുല്ല(റ) മൂന്ന് ദിവസം വധുവിന്‍റെ വീട്ടില്‍ താമസിച്ച ശേഷം കഅ്ബയുടെ സമീപത്തുള്ള തന്‍റെ വീട്ടിലേക്ക് മണവാട്ടിയായ ആമിനാ ബീവി(റ) യെ കൊണ്ടു വന്നു.
അധികം വൈകാതെ അബ്ദുല്ലാക്ക് കച്ചവടയാത്ര പുറപ്പെടേണ്ടി വന്നു. സഹധര്‍മിണിയോടും കുടുംബത്തോടും യാത്ര ചോദിച്ച് അബ്ദുല്ല(റ) കച്ചവടസംഘത്തോടൊപ്പം ചേര്‍ന്ന് യാത്ര തിരിച്ചു. കച്ചവട സംഘം തങ്ങളുടെ ലക്ഷ്യ സ്ഥാനത്തെത്തി, ലക്ഷ്യം പൂര്‍ത്തീകരിച്ചു, തിരിച്ചുവരവാരംഭിച്ചു. യാത്രാ മദ്ധ്യേ വിശ്രമിച്ച അബ്ദുല്ല(റ) യാത്ര പുനരാരംഭിക്കാനൊരുങ്ങിയപ്പോള്‍ അതി ശക്തമായ പനി പിടിപ്പെട്ടു. കൂടെയുള്ളവര്‍ അബ്ദുല്ലയെ താങ്ങിയെടുത്ത് ഒട്ടകകട്ടിലിലിരുത്തി യാത്ര പുനരാരംഭിച്ചു.
മദീനയിലെത്തിയ യാത്രാ സംഘം സ്വ കുടുംബമായ ബനൂനജ്ജാറിനെ അബ്ദുല്ല(റ) വിന്‍റെ ചികിത്സക്കായി ഏല്‍പ്പിച്ചു. യാത്രാ സംഘം മക്കയിലേക്ക് യാത്രയായി. എന്നാല്‍ നാള്‍ക്കുനാള്‍ അബ്ദുല്ല(റ) വിന്‍റെ സ്ഥിതി മോശമായി വന്നു. ബനൂനജ്ജാര്‍ സാധ്യമായ ചികിത്സകളൊക്കെ നടത്തിനോക്കി. പക്ഷെ ഒന്നും ഫലം ചെയ്തില്ല. യാത്രാ സംഘം മക്കയോടടുത്തെത്തി. കുടുംബങ്ങളെല്ലാം സന്തോഷപൂര്‍വ്വം കച്ചവട സംഘത്തെ സ്വീകരിക്കാന്‍ മുന്നോട്ടു വന്നു. അബ്ദുല്‍ മുത്തലിബും തന്‍റെ പ്രിയപ്പെട്ട മകനെ കാത്തിരുന്നു. പക്ഷെ, യാത്രാ സംഘത്തില്‍ തന്‍റെ മകനെ കാണാനില്ല. അബ്ദുല്‍ മുത്തലിബ് യാത്രാ സംഘത്തോട് വിവരം ആരാഞ്ഞു.
അബ്ദുല്ല ബനുനജ്ജാറിന്‍റെ അടുക്കല്‍ ചികിത്സയിലാണെന്ന് അറിഞ്ഞ അബ്ദുല്‍ മുത്തലിബ് സ്തംബ്ധനായി. പ്രിയതമനെ കാത്തിരിക്കുന്ന ആമിനയോട് താനെന്തു പറയും. അബ്ദുല്ലാക്ക് സുഖമില്ലെന്ന വിവരം അബ്ദുല്‍ മുത്തലിബ്, ആമിനാ ബീവി(റ) യെ അറിയിച്ചു. അബ്ദുല്ലയെ കൂട്ടിക്കൊണ്ടുവരാന്‍ അബ്ദുല്‍ മുത്തലിബ് മകന്‍ ഹാരിസിനെ മദീനയിലേക്കയച്ചു. പക്ഷെ, മദീനയിലെത്തും മുന്‍പേ അബ്ദൂല്ല മരണപ്പെട്ടിരുന്നു. മരണവാര്‍ത്തയറിഞ്ഞ ആമിനാ ബീവി(റ) നാഥന്‍റെ വിധിയില്‍ ക്ഷമ കൊണ്ട് ആശ്വാസം കണ്ടെത്തി.
അബ്ദുല്ല ആമിനാ ദമ്പതിമാരുടെ ദാമ്പത്യത്തിന് ദീര്‍ഘായുസ്സുണ്ടായില്ലെങ്കിലും പ്രവാചകത്വത്തിന്‍റെ വാഹകയായി ആമിനാ ബീവി(റ) മാറിയിരുന്നു. ഗര്‍ഭകാലത്ത് തനിക്ക് യാതൊരു വിഷമവും നേരിട്ടില്ല എന്ന് ആമിനാ ബീവി(റ) തന്നെ പറഞ്ഞിട്ടുണ്ട്. ആമിനാ ബീവി(റ) പറഞ്ഞു. ഗര്‍ഭം പൂര്‍ണമായപ്പോള്‍ എന്‍റെ അരികില്‍ ഒരാള്‍ വന്ന് ‘ഏകനായ അല്ലാഹുവിനെ മുന്‍നിര്‍ത്തി കൊണ്ട് എല്ലാ അസൂയാലുക്കളുടേയും തിന്മയില്‍ നിന്ന് ഞാനീ കുട്ടിയെ കാവലിനെ തേടുന്നു’ എന്ന് എന്നോട് പറയാന്‍ കല്‍പിച്ചു. ഞാനപ്രകാരം പറയുകയും ചെയ്തു. ഈ സ്വപ്നം ഞാന്‍ എന്‍റെ കൂട്ടുകാരികളോട് പറഞ്ഞു. അവര്‍ രക്ഷക്കായി ഒരു ഇരുമ്പു കഷ്ണം കഴുത്തിലണിയാന്‍ നിര്‍ദ്ദേശിച്ചു. ഞാനപ്രകാരം ചെയ്തെങ്കിലും അതു പൊട്ടിപ്പോയി. പിന്നെ ഞാനത് കെട്ടിയിട്ടില്ല.
തിരു പിറവിയും അത്ഭുതസംഭവങ്ങളും
റബീഉല്‍ അവ്വല്‍ പന്ത്രണ്ടാം ദിനം. സുബ്ഹിയോടടുത്ത സമയത്ത് ആമിനാ(റ) ക്ക് അസാധാരണമായ അനുഭവം. തന്‍റെ ഗര്‍ഭസ്ഥ ശിശുവിനെ പ്രസവിക്കാനുള്ള സമയമായി എന്ന് ആമിനാ ബീവി(റ) അറിഞ്ഞു. പ്രസവ ശുശ്രൂഷക്കായി അബ്ദുറഹ്മാനുബ്നു ഔഫിന്‍റെ മാതാവായ ശിഫയെ ക്ഷണിച്ചു. പ്രസവ ശുശ്രൂഷകള്‍ നടന്നു. ആമിനാ ബീവി കുഞ്ഞിന് ജന്മം നല്‍കി. മാതാവ് ആമിനാ ബീവിക്ക് സാധാരണ പ്രസവ സമയത്തുണ്ടാകുന്ന പ്രയാസങ്ങളൊന്നും അനുഭവപ്പെട്ടില്ല. ചേലാകര്‍മം ചെയ്യപ്പെട്ട നിലയില്‍, കൈകള്‍ നിലത്തൂന്നി ആകാശത്തേക്ക് തല ഉയര്‍ത്തി നില്‍ക്കുന്ന കുഞ്ഞിനെ കണ്ടവരൊക്കെ അത്ഭുതപ്പെട്ടു. സാധാരണ കുഞ്ഞുങ്ങള്‍ക്കുണ്ടാകാറുള്ള പൊക്കിള്‍ കൊടി, കുഞ്ഞിനില്ലായിരുന്നു.സുജൂദു ചെയ്ത രീതിയിലായിരുന്നു കുഞ്ഞിന്‍റെ ജനനം.
തിരുനബിയുടെ ജനന സമയത്ത് ധാരാളം അത്ഭുത സംഭവങ്ങള്‍ നടന്നിട്ടുണ്ട്. വിഗ്രഹാരാധകര്‍ കാലങ്ങളായി ആരാധിച്ചു പോന്നിരുന്ന ബിംബങ്ങളെല്ലാം തല കുത്തി മറിഞ്ഞു. തീയാരാധകര്‍ ആയിരം വര്‍ഷങ്ങളായി കെടാതെ സൂക്ഷിച്ചു പോന്ന അഗ്നി കുണ്ടാരം അണഞ്ഞു. കിസ്റാ പട്ടണം പ്രകംമ്പനം കൊണ്ടു. പ്രസവ സമയത്ത് ആമിനാ ബീവിയില്‍ നിന്ന് ഒരു പ്രകാശം പുറപ്പെടുകയും ആ പ്രകാശം ശാമിലെ ബുസ്റാ കൊട്ടാരത്തെ പ്രകാശിപ്പിക്കുകയും ചെയ്തു. ഈ മുന്നറിയിപ്പുകളെല്ലാം കാലാന്തരത്തില്‍ ഈ നാടുകളില്‍ ഇസ്ലാം പ്രചരിക്കും എന്നതിനുള്ള തെളിവുകളായിരുന്നു. അതപ്രകാരം തന്നെ പുലരുകയും ചെയ്തു.സത്യ പ്രകാശത്തിന്‍റെ പിറവിയില്‍ ബഹുദൈവാരാധകര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പുകളായിരുന്നു ഇവ….
നിയാസ് മുണ്ടമ്പ്ര