2017 May-June Hihgligts Shabdam Magazine അനുഷ്ഠാനം ആത്മിയം ഖുര്‍ആന്‍ നബി മതം വായന

ലൈലതുല്‍ ഖദ്ർ; ആയിരം മേനിയുള്ള ഒരു രാവ്

വിശ്രുത പണ്ഡിതന്‍ സൈനുദ്ദീന്‍ മഖ്ദൂമിന്‍റെ വിഖ്യാതമായ ‘ദഖാഇറുല്‍ ഇഖ്വാന്‍ ഫീ മവാഇള്വി ശഹ്രി റമളാന്‍’ എന്ന ചെറുഗ്രന്ഥത്തിലെ നാലാം അധ്യായം ചര്‍ച്ച ചെയ്യുന്നത് റമളാനിലെ അവസാന പത്തിന്‍റെ ശ്രേഷ്ടതകളും ഔന്നിത്യങ്ങളുമാണ്. പത്തോളം ഉപദേശങ്ങളായിട്ടാണ് (മവാഇള്) ഈ ചെറുകൃതിയിലെ അധ്യായങ്ങളെ വകഭേതപ്പെടുത്തിയിരിക്കുന്നത്. ലൈലതുല്‍ ഖദ്റിന്‍റെ മാഹാത്മ്യങ്ങള്‍ വിളിച്ചറിയിക്കുന്ന സൂറത്തുല്‍ ഖദ്റിലെ ഓരോ വാക്കുകളെക്കുറിച്ചും ആഴത്തിലുള്ള ചര്‍ച്ച നടത്തിയാണ് മഹാന്‍ ഈ അധ്യാത്തിലെ ചര്‍ച്ചയാരംഭിക്കുന്നത്. നാഥന്‍ പറയുന്നു: “നിശ്ചയം വിശുദ്ധ ഖുര്‍ആനിനെ നാം(പ്രബലാഭിപ്രായപ്രകാരം ലൗഹുല്‍ മഹ്ഫൂളില്‍ നിന്ന് ഒന്നാനാകാശത്തിലേക്ക്) അവതരിപ്പിച്ചത് ലൈലതുല്‍ ഖദ്റിലാണ്. ലൈലത്തുല്‍ ഖദ്റ് എന്താണെന്ന് അങ്ങേക്ക് അറിയിച്ച സംഗതി എന്താണ്? ലൈലതുല്‍ ഖദ്റ് (അതില്ലാത്ത) ആയിരം മാസങ്ങളെക്കാള്‍ ശ്രേഷ്ടമാണ്. മാലാഖമാരും ആത്മാവും (ജിബ്രീല്‍) ആ രാത്രിയില്‍ തങ്ങളുടെ നാഥന്‍റെ അനുവാദപ്രകാരം എല്ലാ കാര്യങ്ങള്‍ക്കും വേണ്ടി ഭൂലോകത്തേക്കിറങ്ങിവരും. സൂര്യോദയം വരെ ഈ രാത്രി രക്ഷയുടെ രാത്രിയാണ്”(സൂറത്തുല്‍ ഖദ്റ്, ആശയ വിവര്‍ത്തനം)
ഈ പുണ്യമാസത്തിലാണത്രെ ഖുര്‍ആനിനു മുമ്പേയുള്ള സകല ദൈവിക ഗ്രന്ഥങ്ങളും ഏടുകളും അവതരിപ്പിക്കപ്പെട്ടത്. സൈനുദ്ദീന്‍ മഖ്ദൂം(റ) പറയുന്നു: വിശുദ്ധ റമളാനിന്‍റെ ഒന്നാമത്തെ രാവിലാണ് ഖലീലുല്ലാഹി ഇബ്റാഹിം നബിയുടെ ഏട് അവതരിച്ചത്. അതിന്‍റെ എഴുന്നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം റമളാനില്‍ തന്നെ തിട്ടമല്ലാത്തൊരു രാത്രിയില്‍ തൗറാത്തും അവതീര്‍ണ്ണമായി. അതിന്‍റെയും അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു റമളാനിലെ പന്ത്രണ്ടാമത്തെ രാവില്‍ സബൂറും അതിന്‍റെ ആയിരത്തി ഒരുനൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം പതിനെട്ടാം രാവില്‍ ഇഞ്ചീലും ഭൂലോകത്ത് അവതരിച്ചു. ഇഞ്ചീലിന്‍റെ അറുനൂറ്റി ഇരുപത് വര്‍ഷം കഴിഞ്ഞ് മറ്റൊരു വിശുദ്ധ റമളാനിലെ പവിത്രമായ ഇരുപത്തി ഏഴാം രാവില്‍ വിശുദ്ധ ഖുര്‍ആനും സത്യവേദഗ്രന്ഥമായി അവതരിപ്പിക്കപ്പെട്ടു (ദഖാഇറുല്‍ ഇഖ്വാന്‍ 45). ഉദ്ദൃത സൂക്തത്തില്‍ നിന്ന് ഉത്ഭൂതമായ നിരവധി ചോദ്യങ്ങളും അവകള്‍ക്കുള്ള മറുപടികളുമായിട്ടാണ് ദഖാഇറുല്‍ ഇഖ്വാനിലെ പത്താം അധ്യായത്തിന് മഹാന്‍ തൂലിക ചലിപ്പിച്ചതെന്ന് വായനക്കാര്‍ക്ക് മനസ്സിലാക്കാം.
എന്താണ് ഈ പുണ്യരാത്രിക്ക് ലൈലത്തുല്‍ ഖദ്റ് എന്ന നാമവിശേഷം നല്‍കപ്പെടാനുള്ള നിദാനം? മൂന്ന് മറുപടികളാണ് പണ്ഡിത ലോകത്തിനുള്ളത്. ഒന്ന്, ജനങ്ങളുടെ കാര്യങ്ങളും വസ്തുതകളും കണക്കാക്കപ്പെടുന്ന രാത്രിയായതിനാലാണ് കണക്കാക്കല്‍ എന്നര്‍ത്ഥം ദ്യോതിപ്പിക്കുന്ന ‘ഖദ്ര്‍’ എന്ന് നാമം വന്നു ചേര്‍ന്നത്. കാരണം മനുഷ്യന്‍റെ ജനനവും മരണവും ഭക്ഷണവും പാനീയവും തുടങ്ങി അടുത്ത ലൈലതുല്‍ ഖദ്ര്‍ വരെയുള്ള കാര്യങ്ങള്‍ തിട്ടപ്പെടുത്തി രേഖപ്പെടുത്തുന്ന രാത്രിയാണിത്. ഇസ്റാഫീല്‍(അ), മീകാഈല്‍(അ), അസ്റാഈല്‍(അ), ജിബ്രീല്‍(അ) എന്നീ നാല് മലക്കുകളെയാണ് നാഥന്‍ ഇതിനായി നിയോഗിച്ചിട്ടുള്ളത്. കാര്യങ്ങള്‍ തീരുമാനിക്കുക എന്നതിന് എഴുതി വെക്കാനായി നാഥന്‍ വ്യക്തമാക്കിക്കൊടുക്കുക എന്നേ അര്‍ത്ഥമുള്ളൂ എന്ന് സൈനുദ്ദീന്‍ മഖ്ദൂം(റ) സൂചിപ്പിക്കുന്നുണ്ട്. പുതുതായി നാഥന്‍ തീരുമാനിക്കുക എന്ന അര്‍ത്ഥ കല്‍പന ശരിയല്ല. കാരണം ആകാശ ഭൂമികളെയൊക്കെ സൃഷ്ടിക്കുന്നതിനു മുമ്പേ അനാദിയില്‍(അസലില്‍) അല്ലാഹു എല്ലാം തീരുമാനിച്ചു വെച്ചിട്ടുണ്ട്. ഖദ്റ് എന്ന് നാമകരണം ചെയ്യാനുള്ള കാരണമായി പണ്ഡിതന്മാര്‍ പറഞ്ഞ മറ്റൊന്ന് ആ രാത്രി ശ്രേഷ്ടമായ രാത്രിയാണെന്നതാണ്. കാരണം ഖദ്റ് എന്നതിന് ഔന്നിത്യം, പാവനത്വം, ഗാംഭീര്യം എന്നൊക്കെ അര്‍ത്ഥങ്ങളുണ്ട്. ഇടുക്കമുള്ള രാത്രി എന്നും അര്‍ത്ഥ കല്‍പന നടത്തിയ പണ്ഡിതന്മാരുണ്ട്. കാരണം ആ രാത്രി മാലാഖമാരുടെ ആധിക്യം മൂലം ഭൂലോകം ഒരു സൂചി വീഴാന്‍ പോലും സ്ഥലമില്ലാതെ ഞെരുങ്ങുമെന്നതാണ്.
ലൈലതുല്‍ ഖദ്ര്‍ ആകാന്‍ സാധ്യതയുള്ള രാത്രിയേതാണെന്ന മറ്റൊരു പ്രസക്തമായ ചോദ്യവും പണ്ഡിതവരേണ്യരുടെ മറുപടികളുമാണ് ഈ അധ്യായത്തിന്‍റെ മുഖ്യമായൊരു ഭാഗവും. നാല്‍പതോളം അഭിപ്രായങ്ങള്‍ ഇക്കാര്യത്തില്‍ പണ്ഡിതലോകത്തുണ്ടത്രെ. അന്ത്യനാള്‍ വരെയും മുഴുവന്‍ റമളാനുകളിലെയും അവസാന പത്തില്‍ ഒറ്റപ്പെട്ട രാവുകളില്‍ ലൈലതുല്‍ ഖദ്റുണ്ടാകുമെന്നാണ് ഭൂരിപക്ഷ പണ്ഡിതന്മാരുടെയും അഭിപ്രായം. ഇമാം ശാഫിഈ(റ) വിന്‍റെ പ്രബലമായ നിരീക്ഷണം റമളാന്‍ ഇരുപത്തി ഒന്നിനോ മൂന്നിനോ ലൈലതുല്‍ ഖദ്റാണെന്നതാണ്. ഒന്നാം രാവാണെന്നതിന് ഇമാം ബുഖാരിയുടെയും മൂന്നാം രാവാണെന്നതിന് ഇമാം മുസ്ലിമിന്‍റെയും ഹദീസുകള്‍ ബലമേകുന്നുണ്ടെന്ന് ശാഫി(റ) സമര്‍ത്ഥിക്കുന്നുണ്ട്. ഇമാം മുഹമ്മദുബ്നു ഇസ്ഹാഖും ഈ അഭിപ്രായത്തില്‍ ശാഫി(റ) വിനോട് യോചിച്ചിട്ടുണ്ട്. സ്വഹാബിമുഖ്യന്മാരായ ഉമറുബ്നുല്‍ ഖത്താബ്(റ), ഇബ്നു അബ്ബാസ്(റ), ഉബയ്യിബ്നു കഅ്ബ്(റ) എന്നവരുടെയും മറ്റു ഭൂരിപക്ഷം പണ്ഡിതന്മാരുടെയും നിരീക്ഷണം ലൈലതുല്‍ ഖദ്ര്‍ റമളാന്‍ ഇരുപത്തി ഏഴാം രാവിലാണെന്നതാണ്. ഈ അഭിപ്രായത്തെ പ്രബലപ്പെടുത്തുന്ന മൂന്ന് ന്യായങ്ങള്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ തലവനായ ഇബ്നു അബ്ബാസ്(റ) സൂറത്തുല്‍ ഖദ്റിന്‍റെ വ്യാഖ്യാനത്തില്‍ നിരത്തുന്നുണ്ട്. ‘നാഥന് ഏറ്റവും ഇഷ്ടപ്പെട്ട എണ്ണം ഒറ്റയും ഒറ്റയുടെ കൂട്ടത്തില്‍ ഏഴുമാണ്. അല്ലാഹു ആകാശവും ഭൂമിയും ദിവസങ്ങളുമൊക്കെ സൃഷ്ടിച്ചത് ഏഴെണ്ണമായിട്ടാണ്’. സൂറത്തുല്‍ ഖദ്റില്‍ മുപ്പത് വാചകങ്ങളാണെന്നും ഇരുപത്തി ഏഴ് മുപ്പതില്‍ പെടുന്നുണ്ടെന്നുമാണ് ഇബ്നു അബ്ബാസ്(റ) വിന്‍റെ മറ്റൊരു നിരീക്ഷണം. തികച്ചും ന്യായമാക്കാവുന്ന മൂന്നാമതൊരു നിരീക്ഷണം കൂടി ഇബ്നു അബ്ബാസ്(റ) നല്‍കുന്നു. വിശുദ്ധ ഖുര്‍ആനിന്‍റെ ഗണിതപരമായ അര്‍ത്ഥ സൂചനകളിലേക്കു കൂടി വിരല്‍ ചൂണ്ടുന്നതാണ് അവസാനം ഉദ്ദരിച്ച ഈ രണ്ടു ന്യായീകരണങ്ങളെന്ന് ‘ദഖാഇറുല്‍ ഇഖ്വാന്‍’ ഒരാവര്‍ത്തി വായിക്കുന്നവര്‍ക്ക് ബോധ്യപ്പെടും. അറബിയില്‍ ലൈലതുല്‍ ഖദ്ര്‍ എന്നെഴുതാന്‍ ഒമ്പത് അക്ഷരങ്ങള്‍ ആവശ്യമായി വരുന്നു. സൂറത്തുല്‍ ഖദ്റിലാകട്ടെ നാഥന്‍ ലൈലതുല്‍ ഖദ്റെന്ന് മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചിട്ടുമുമുണ്ട്. ഒമ്പതിനെ മൂന്നിനോട് ഗുണിച്ചാല്‍ കിട്ടുന്ന ഉത്തരം ഇരുപത്തി ഏഴ് എന്നും! ഇതില്‍ നിന്നും ലൈലതുല്‍ ഖദ്റ് റമളാന്‍ ഇരുപത്തി ഏഴിനായിരിക്കാനാണ് കൂടുതല്‍ സാധ്യതയെന്ന മഹാന്‍റെ വ്യാഖ്യാനത്തോട് യോചിക്കാന്‍ കൂടുതല്‍ ചിന്തിക്കേണ്ടി വരുമെന്ന് തോന്നുന്നില്ല.
ലൈലതുല്‍ ഖദ്റിന്‍റെ അടയാളമായി ഒരു റമളാനില്‍ മഹാനായ ഉസ്മാനുബ്നു അബില്‍ ആസ്(റ) തന്‍റെ അടിമയോട് പറഞ്ഞുവത്ര; ഈ വിശുദ്ധ മാസത്തില്‍ ഒരു രാത്രി കടലിലെ വെള്ളം മുഴുവന്‍ തെളിഞ്ഞ് ശുദ്ധമാകും. അപ്രകാരം നീ ദര്‍ശിച്ചാല്‍ എന്നെ വിവരമറിയിക്കുക. അടിമ അപ്രകാരം ചെയ്തു. കടലിനെ ഇപ്രകാരം കാണപ്പെട്ടത് റമളാന്‍ ഇരുപത്തി ഏഴിനായിരുന്നുവെന്ന് പണ്ഡിതന്മാര്‍ പഠിപ്പിക്കുന്നു. ഇരുപത്തി ഒമ്പതാം രാവിലായിരിക്കാനും കൂടുതല്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ പണ്ഡിതന്മാരുമുണ്ട്. ഈ വാദത്തിന് പണ്ഡിതന്മാരുടെ ന്യായവാദം റമളാന്‍ രാവുകളിലെ സല്‍ക്കര്‍മ്മങ്ങള്‍ക്ക് തിരശ്ശീലയിടുന്ന രാവാണ് ഇരുപത്തി ഒമ്പതെന്നതാണ്. അതിനാല്‍ ആ രാവിനാണ് കൂടുതല്‍ പവിത്രതയുള്ളതെന്ന് സൂചിപ്പിക്കുന്ന ഒരു ഹദീസ് ഇമാം മുസനിയും ഇബ്നുഖുസൈമയും ഉദ്ദരിച്ചിട്ടുമുണ്ട്; നബി(സ്വ) പറയുന്നു: ‘റമളാനിലെ അവസാന ദിനരാത്രങ്ങളില്‍ അതുവരെയും നാഥന്‍ നരകമോചനം നല്‍കിയവരുടെ എണ്ണത്തിനനുസരിച്ച് നാഥന്‍ നരകമോചനം നടത്തും’. മേല്‍ ഹദീസ് പ്രകാരം ലൈലതുല്‍ ഖദ്ര്‍ ഇരുപത്തി ഒമ്പതിനാകാനാണ് സാധ്യതയുള്ളതെന്ന് പ്രസ്തുത പക്ഷം പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്.
പണ്ഡിതന്മാരുടെ മുഴുവന്‍ അഭിപ്രായങ്ങളും ചേര്‍ത്തുവെച്ച് ആധ്യാത്മിക പണ്ഡിതന്മാര്‍ താഴെ പറഞ്ഞ അഭിപ്രായം ന്യായമാകാന്‍ കൂടുതല്‍ സാധ്യതയുണ്ട്. റമളാന്‍ ഒന്ന് ഞായറാഴ്ചയോ ബുധനാഴ്ചയോ ആണെങ്കില്‍ ലൈലതുല്‍ ഖദ്ര്‍ ഇരുപത്തി ഒമ്പതാം രാവിലും തിങ്കളാഴ്ചയെങ്കില്‍ ഇരുപത്തി ഒന്നാം രാവിലും ചൊവ്വാഴ്ച്ചയോ വെള്ളിയാഴ്ച്ചയോ ആണെങ്കില്‍ ഇരുപത്തി ഏഴാം രാവിലും വ്യാഴാഴ്ച്ചയെങ്കില്‍ ഇരുപത്തി അഞ്ചാം രാവിലും ശനിയാഴ്ച്ചയെങ്കില്‍ ഇരുപത്തി മൂന്നാം രാവിലുമായിരിക്കും ലൈലതുല്‍ ഖദ്റെന്നാണ് ഇമാം ഗസ്സാലി(റ) വിന്‍റെ നിരീക്ഷണം. ഈ അഭിപ്രായമനുസരിച്ച് ഗവേഷണം നടത്തി നോക്കിയ ശേഷം ഒരു ലൈലതുല്‍ ഖദ്റും എനിക്ക് നഷ്ടപ്പെട്ടിട്ടില്ല എന്ന് ഇമാം അബുല്‍ഹസന്‍(റ) പറഞ്ഞിട്ടുണ്ട്. ലൈലതുല്‍ ഖദ്റിനെ തിരിച്ചറിയാനുള്ള നിരവധി അടയാളങ്ങളും പണ്ഡിതലോകം ചര്‍ച്ച ചെയ്തിട്ടുണ്ട്. മിതശീതോഷ്ണമായ അന്തരീക്ഷമായിരിക്കുമത്രെ ആ രാവിന്. മൂടിക്കെട്ടി നില്‍ക്കുന്ന മേഘങ്ങളോ മഴയോ കാറ്റോ ആകാശത്ത് കൊള്ളിയേറുകളോ അന്ന് ദര്‍ശിക്കാനാകില്ല. സൂര്യകിരണങ്ങള്‍ക്ക് രാവിലെ തെളിഞ്ഞ് വെളുത്ത നിറമായിരിക്കും. പ്രകാശ സൃഷ്ടികളായ മലക്കുകളുടെ ആധിക്യം കൊണ്ട് സൂര്യന് കണ്ണുതുളയ്ക്കുന്ന പ്രകാശമുണ്ടാകില്ല.(ദഖാഇറുല്‍ ഇഖ്വാന്‍ 47)
എന്തുകൊണ്ട് നാഥന്‍ ലൈലതുല്‍ ഖദ്റിനെക്കുറിച്ച് കൃത്യമായൊരു ദിവസം ഉറപ്പിച്ച് പറഞ്ഞില്ല എന്ന പ്രസക്തമായൊരു ചോദ്യവും പണ്ഡിതന്മാര്‍ അതിന് നല്‍കിയ മറുപടിയുമാണ് തുടര്‍ന്നു സൈനുദ്ദീന്‍ മഖ്ദൂം(റ) ചര്‍ച്ച ചെയ്യുന്നത്. മറ്റുപലതും ഇപ്രകാരം അല്ലാഹു മറച്ചു വെച്ചിട്ടുണ്ടെന്നും എല്ലാത്തിനും ഒരേ യുക്തി തന്നെയാണ് ദര്‍ശിക്കാവുന്നതെന്നും പണ്ഡിതന്മാര്‍ മറുപടി പറഞ്ഞിട്ടുണ്ട്. ഏത് സല്‍ക്കര്‍മ്മത്തിലാണ് നാഥന്‍റെ തൃപ്തി കൂടുതലുള്ളതെന്ന് അവന്‍ വ്യക്തമാക്കിയില്ല. കാരണം എല്ലാ സല്‍ക്കര്‍മ്മങ്ങളും ദാസന്മാര്‍ ചെയ്യണമെന്നു തന്നെ. ഇപ്രകാരം ഏത് തെമ്മാടിത്തത്തിലാണ് നാഥന്‍റെ കൂടുതല്‍ കോപമുള്ളതെന്നവന്‍ വ്യക്തമാക്കിയിട്ടില്ല. കാരണം എല്ലാം വിശ്വാസികള്‍ വര്‍ജ്ജിക്കണമെന്നു തന്നെ. ഇങ്ങനെ ജനങ്ങളുടെ കൂട്ടത്തില്‍ ആരാണ് ഔലിയാക്കളെന്നോ, ഏത് പ്രാര്‍ത്ഥനക്കാണ് ഉത്തരമുള്ളതെന്നോ, നാഥന്‍റെ ഇസ്മുല്‍ അഅ്ളം(ശ്രേഷ്ട നാമം) ഏതെന്നോ, ജുമുഅ ദിവസം പ്രാര്‍ത്ഥനക്ക് ഉത്തരം കിട്ടുന്ന ഒരു നിമിഷം ഏതാണെന്നോ, ‘സ്വലാത്തുല്‍ വുസ്വ്ത്വാ’, ഏതാണെന്നോ ജനങ്ങളുടെ തൗബ സ്വീകരിച്ചിട്ടുണ്ടോ ഇല്ലേ എന്നോ, എപ്പോഴാണ് മരിക്കുകയെന്നോ, അന്ത്യനാള്‍ എന്നാണെന്നോ, തുടങ്ങി നിരവധിയുണ്ട് അല്ലാഹു രഹസ്യം വെളിപ്പെടുത്താത്ത കാര്യങ്ങള്‍. ക്ലിപ്തമല്ലാത്തതിനാല്‍ എല്ലാത്തിനെയും കരുതിയിരിക്കണമെന്ന യുക്തിയാണ് നാഥന്‍ ഇവിടെയെല്ലാം സ്വീകരിച്ചിട്ടുള്ളത്. ഇതേ യുക്തി തന്നെയാണ് അല്ലാഹു ലൈലതുല്‍ ഖദ്റിന്‍റെ കാര്യത്തിലും സ്വീകരിച്ചതെന്ന് മറുപടി നല്‍കിയ പണ്ഡിതന്മാരുണ്ട്.
തതനുസൃതം സദാസമയ സല്‍ക്കര്‍മ്മങ്ങളില്‍ വ്യാപൃതരായിരിക്കുന്ന മനുഷ്യരെ ചൂണ്ടിക്കാണിച്ച് അല്ലാഹു മലക്കുകളോട് അഭിമാനം പറയുമത്രെ. കാരണം മനുഷ്യ സൃഷ്ടിപ്പിനു മുന്നേ മലക്കുകള്‍ മനുഷ്യനെക്കുറിച്ച് രക്തച്ചൊരിച്ചിലുകാരും കുഴപ്പക്കാരുമായിട്ടായിരുന്നു കണ്ടിരുന്നത്. അന്ന് നാഥന്‍ മാലാഖമാരോട് പറഞ്ഞുവത്ര; “നിങ്ങള്‍ക്ക് മനസ്സിലായിട്ടില്ലാത്ത പലതും ഞാന്‍ അറിയുന്നവനാണെന്ന്”. പ്രസ്തുത ചോദ്യത്തിന് പ്രസക്തമായ മറ്റൊരു മറുപടിയും പണ്ഡിതന്മാര്‍ പറയുന്നു: ലൈലതുല്‍ ഖദ്ര്‍ എന്നാണെന്ന് നാഥന്‍ കൃത്യമായി പറഞ്ഞുതന്നാല്‍ നിര്‍ഭാഗ്യവശാല്‍ വിവരദോഷികള്‍ അന്നും തെറ്റുകുറ്റങ്ങള്‍ ചെയ്തേക്കാം. ആ രാത്രിയെങ്ങാനും അവര്‍ മനപ്പൂര്‍വ്വം തെറ്റു ചെയ്താല്‍ ഒരു തെറ്റിന് ആയിരമെന്ന തോതില്‍ അല്ലാഹുവിന് ശിക്ഷ നല്‍കേണ്ടി വരും. ശിക്ഷയുടെ കാര്യത്തില്‍ അല്ലാഹുവിന് അങ്ങനെയൊരു നടപടിയില്ല. കാരണം അവന്‍ നീതിമാനാണ്. നന്മയുടെ പ്രതിഫലം ഇരട്ടിയായി വര്‍ദ്ധിപ്പിക്കുന്നത് അവന്‍റെ പതിവാണ്. എന്നാല്‍ ന്യായമായ ശിക്ഷ മാത്രമെ അവന്‍ നല്‍കാറുള്ളൂ. ഇക്കാരണത്താലാണ് ലൈലതുല്‍ ഖദ്ര്‍ എന്നാണെന്നവന്‍ വ്യക്തമാക്കാതിരുന്നതെന്നാണ് ഒരു വിഭാഗം പണ്ഡിതന്മാരുടെ പക്ഷം.
മലക്കുകളുടെ ആഗമനത്തിന്‍റെ രൂപഭാവങ്ങള്‍ വിശദീകരിക്കുക അസാധ്യമാണ്. എങ്കിലും ആത്മീയതയുടെ മകുടോദാഹരണങ്ങളായ ആധ്യാത്മിക പണ്ഡിതന്മാര്‍ ചിലതൊക്കെ പറഞ്ഞതായി ദഖാഇറുല്‍ ഇഖ്വാനില്‍ ചര്‍ച്ചയുണ്ട്. മഹാന്‍ പറയുന്നു: ‘സിദ്റതുല്‍ മുന്‍തഹഃ’ എന്നാല്‍ ഇഹലോകത്തിനുമപ്പുറത്തുള്ള ഒരു വടവൃക്ഷമാണ്. ഏഴാനാകാശത്ത് ഭൗതിക ലോകത്തിന്‍റെയും പാരത്രിക ലോകത്തിന്‍റെയും അതിര്‍ത്തിയിലാണ് അതിന്‍റെ താഴ്വേരുള്ളത്. നാഥന്‍റെ കുര്‍സ്സിയ്യിന്‍റെ തൊട്ടു താഴെയാണ് അതിന്‍റെ ശിഖിരങ്ങള്‍ ചെന്നവസാനിക്കുന്നത്. ആ മരം മുഴുക്കെയും മാലാഖമാരാല്‍ നിബിഢമാണ്. അവരുടെ കൂടിയിരിപ്പു കേന്ദ്രമാണത്. എത്രയാണ് അവരുടെ എണ്ണമെന്ന് തിട്ടപ്പെടുത്താന്‍ അല്ലാഹുവിന് മാത്രമേ കഴിയൂ. ഏറ്റവും മുകളില്‍ മധ്യഭാഗത്താണത്രെ ജിബ്രീല്‍(അ) മിന്‍റെ ഇരിപ്പിടം. കൃപയും സമാധാനവും ശാന്തിയുമേകുന്ന മലക്കുകള്‍ മാത്രമാണാ വൃക്ഷത്തിലുണ്ടാവുക. ലൈലതുല്‍ ഖദ്റിന്‍റെ അന്ന് ജിബ്രീല്‍(അ) മിന്‍റെ കാര്‍മികത്വത്തില്‍ അവരൊക്കെയും കൂട്ടം കൂട്ടമായി ഭൂമിലോകത്തേക്കിറങ്ങി വരും. അന്ന് അവര്‍ക്കെല്ലാം കൂടി നാല് പതാകകളുണ്ടാകുമത്രെ. നാലിലും ശഹാദത്ത് കലിമ ഉല്ലേഖനം ചെയ്യപ്പെട്ടിരിക്കും. ലിവാഉല്‍ ഹംദ്(സ്തുതിയുടെ പതാക), ലിവാഉല്‍ മഗ്ഫിറത്ത്(പാപമോചനത്തിന്‍റെ പതാക), ലിവാഉര്‍റഹ്മത്(അനുഗ്രഹത്തിന്‍റെ പതാക), ലിവാഉല്‍ കറാമത്(ആദരണീയതയുടെ പതാക) എന്നീ നാല് നാമങ്ങളിലായിരിക്കുമത്രെ അവകള്‍ അറിയപ്പെടുന്നത്. പാപമോചനത്തിന്‍റെ പതാക അവര്‍ നാട്ടി വെയ്ക്കുന്ന് മുത്ത് നബി(സ്വ) യുടെ ഖബറിനു ചാരെയായിരിക്കും. പുന്നാര നബി അറിഞ്ഞിട്ടല്ലാതെ അന്ന് രാത്രി ഒരാള്‍ക്കും നാഥന്‍ പൊറുത്തു കൊടുക്കുകയില്ല. അനുഗ്രഹത്തിന്‍റെ പതാകയാകട്ടെ കഅ്ബയുടെ മുകളിലും ആദരണീയതയുടെ പതാക ബൈതുല്‍ മുഖദ്ദസിലെ ഒരു പാറക്കഷ്ണത്തിലും സ്തുതിയുടെ പതാക ആകാശഭൂമികള്‍ക്കിടയിലുള്ള ഏതോ ഒരനുഗ്രഹീത സ്ഥലത്തുമായിരിക്കും നാട്ടി വെക്കുന്നത്. നാലാമത്തേത് തൂരിസീനാ പര്‍വ്വതത്തിലായിരിക്കുമെന്ന് മറ്റൊരു ഉദ്ദരണയിലുണ്ട്.
ഭൂമിയിലിറങ്ങി ഇത്രയും കര്‍മ്മങ്ങള്‍ക്കു ശേഷം അവര്‍ ഭൂമയിലങ്ങിങ്ങായി അഷ്ടദിക്കുകളിലേക്കും സംഘങ്ങളായി വേര്‍പെട്ടു പോകും. പ്രസ്തുത രാവില്‍ ഭൂമിയിലുള്ള മുഴുവന്‍ വിശ്വാസി വിശ്വാസിനികള്‍ വസിക്കുന്ന ഒരോ ഗൃഹങ്ങളിലും കയറിച്ചെന്ന് അവര്‍ക്കായി അഭിവാദനമരുളുമത്രെ ഈ മാലാഖ സംഘങ്ങള്‍. ഇതര മതസ്ഥരുടെ ആരാധനാലയങ്ങളിലോ, വിഗ്രഹാരാധകരുടെയോ തീയാരാധകരുടെ വീടുകളിലൊന്നും മ്ലേഛവും അശുദ്ധിയുമായ വസ്തുക്കളുള്ള വീടുകളിലോ മണിനാദമുള്ള വീടുകളിലോ, മദ്യപാനിയുടെയോ, മദ്യവില്‍പനക്കാരന്‍റെയോ, കുടുബക്കാരുമായി ബന്ധവിഛേദനം നടത്തിയവന്‍റെയോ, പന്നിമാംസഭോജിയുടെയോ വീടുകളിലൊന്നും മാലാഖമാര്‍ കടക്കുകയില്ലത്രെ. മലക്കുകള്‍ ആഭിവാദനങ്ങളരുളി ഹസ്തദാനം ചെയ്യാത്ത വിശ്വാസികള്‍ അന്ന് രാത്രി നന്നേ കുറവായിരിക്കും. ആര്‍ക്കെങ്കിലും അന്നുരാത്രി ആത്മീയമായൊരു കണ്‍കുളിര്‍മയും തേങ്ങിക്കരച്ചിലും ഹൃദ്യമായൊരു രോമാഞ്ചവുമുണ്ടാവുകയാണെങ്കില്‍ മലക്കുകള്‍ അവനെ ഹസ്തദാനം നടത്തിയതിന് തെളിവാണതെന്ന് ആധ്യാത്മിക പണ്ഡിതന്മാര്‍ പറയുന്നു. ജിബ്രീല്‍(അ) മിന് പ്രകാശപൂരിതമായ രണ്ട് ചിറകുകളുണ്ടത്രെ. ലൈലതുല്‍ ഖദ്റിന്‍റെ അന്ന് അത് രണ്ടും ജിബ്രീല്‍(അ) വിടര്‍ത്തും. അതിന്‍റെ പ്രകാശം ഭൂമിയാകെ പ്രശോഭിതമാക്കാന്‍ പര്യാപ്തമായിരിക്കും. സുബ്ഹി സമയമായാല്‍ അവരോട് ഒരുമിച്ച് കൂടാനായി ജിബ്രീല്‍(അ) മിന്‍റെ ഉച്ചത്തിലുള്ള ആഹ്വാനമുണ്ടായിരിക്കും. എന്നിട്ടവരോടായി ചോദിക്കും: ഓ മലക്കുകളേ, ഇന്നു രാത്രി മുഹമ്മദ് നബി(സ്വ) യുടെ അനുചരന്മാരോട് നാഥന്‍ എങ്ങനെയാണ് വര്‍ത്തിച്ചതെന്നറിയുമോ? അല്ലാഹു അവരിലേക്ക് അനുഗ്രഹത്തിന്‍റെ ദൃഷ്ടിയോടെ നോക്കി. അവരുടെ പാപങ്ങള്‍ മുഴുവനും പൊറുത്തു കൊടുത്തു. തല്‍ക്ഷണം ജിബ്രീല്‍(അ) വാനലോകത്തേക്കു തന്നെ കയറിപ്പോവുകയും സൂര്യന്‍റെ മുന്നില്‍ ചെന്ന് തന്‍റെ രണ്ട് പ്രകാശച്ചിറകുകള്‍ വീണ്ടും വീശിവിടര്‍ത്തുകയും ചെയ്യും. ലൈലതുല്‍ ഖദ്റില്‍ മാത്രം വിടര്‍ത്തുന്ന രണ്ട് ചിറകുകളാണത്രെ അവകള്‍. അനുനിമിഷം മലക്കുകള്‍ ഓരോരുത്തരായി ആകാശത്തേക്ക് കയറും. മലക്കുകളുടെ പ്രകാശവും ജിബ്രീല്‍(അ) മിന്‍റെ ചിറകുകളുടെ പ്രകാശവും കൊണ്ട് പരിസരം മുഖരിതമാകും. അന്ന് പകല്‍ മുഴുവനും അവര്‍ വിശ്വാസികള്‍ക്കു വേണ്ടി പ്രാര്‍ത്ഥനയിലും അനുഗ്രഹതേട്ടത്തിലുമായിരിക്കും.(ദഖാഇറുല്‍ ഇഖ്വാന്‍ പേജ് 51)
വിശുദ്ധമായ ലൈലതുല്‍ ഖദ്റിന്‍റെ പവിത്രതകള്‍ മൂന്നോ നാലോ താളുകളില്‍ എഴുതിത്തീര്‍ക്കാവുന്നതിലുമപ്പുറത്താണ്. ഇമവെട്ടാതെ കണ്ണിലെണ്ണയൊഴിച്ച് ലൈലതുല്‍ ഖദ്റിനെ പ്രതീക്ഷിക്കാവുന്ന രാത്രികളെ സജീവമായിരിക്കാന്‍ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ദിക്റു കൊണ്ടും തസ്ബീഹു കൊണ്ടും അന്നു രാത്രി വിശ്വാസികളുടെ നാക്കുകള്‍ പച്ചപിടിക്കണം. ഖുര്‍ആന്‍ പാരായണവും സ്വലാത്തും കൊണ്ട് ആ രാത്രി സജ്ജമാവണം. മൂന്നു ദിവസത്തിലധികം സ്വന്തം കൂട്ടുകാരനോട് പിണങ്ങി നില്‍ക്കുന്നവര്‍ക്കും മദ്യപാനികള്‍ക്കും മാതാപിതാക്കളെ നോവിച്ചവര്‍ക്കും തുടങ്ങി ഈ രാത്രിയില്‍ ശാപമേറ്റുവാങ്ങുന്നവരില്‍ പെടാതിരിക്കാന്‍ നാം നിതാന്തജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. അങ്ങിനെയെങ്കില്‍ ലൈലതുല്‍ ഖദ്റെന്ന ഈ ധന്യരാത്രിയെ പുഷ്കലമാക്കാന്‍ പ്രയാസമേതുമില്ല

ഇസ്സുദ്ധീന്‍ പൂക്കോട്ടുചോല

Leave a Reply

Your email address will not be published. Required fields are marked *