2017 March-April Hihgligts Shabdam Magazine വായന ശാസ്ത്രം

വൈദ്യലോകത്തെ വഴിവിട്ട ക്രിയകള്‍

കോട്ടും സൂട്ടും ധരിച്ച് ഡോക്ടറുടെ മുറിയിലേക്ക് പോയ KMSCL കമ്പനി ഉദ്യോഗസ്ഥരുടെ ഉദ്ദേശം മനസ്സിലായത് മരുന്നിന്‍റെ ലിസ്റ്റ് കയ്യില്‍ കിട്ടിയപ്പോഴാണ്, പ്രസ്തുത കമ്പനിയുടെ മരുന്നാണ് കിട്ടിയ ലിസ്റ്റിലധികവും. പനിയും ജലദോഷവും പിടിച്ച് കൃത്യസമയത്ത് ആശുപത്രി സന്ദര്‍ശിക്കാനായതു കൊണ്ട് മാധ്യമങ്ങളില്‍ വായിച്ചു മാത്രം പരിചയമുള്ള മരുന്നുകമ്പനികളുടെ മുന്നേറ്റ വഴികള്‍ കണ്ടാസ്വദിക്കാന്‍ സാധിച്ചു. ആരോഗ്യ പരിപാലകരെന്ന് അവകാശപ്പെടുന്ന ഡോക്ടര്‍മാര്‍ക്ക് കമ്മീഷന്‍ നല്‍കി മരുന്നു വിറ്റഴിക്കല്‍ കേന്ദ്രങ്ങള്‍ വെട്ടിപ്പിടിക്കുകയാണിവര്‍. വൈദ്യലോകത്തെ സേവകര്‍ ഒന്നടങ്കം ഇവരുടെ സ്വപ്ന സാക്ഷാല്‍ക്കാരത്തിനായി രോഗികളെ മുഴുവന്‍ ഇത്തരക്കാരുടെ മരുന്നുകള്‍ക്ക് ബലിയാടാക്കുകയാണ്. മരുന്നുകളുടെ ഗുണമോ ദോഷമോ കണക്കിലെടുക്കാതെ കിട്ടുന്ന നോട്ടുകെട്ടുകളുടെ വലിപ്പം മാത്രം നോക്കി അമിത സേവനം ചെയ്യാനും ആരോഗ്യ സംരക്ഷണശാലകളിന്ന് തയ്യാറാണ്. അതുകൊണ്ടു തന്നെ രോഗാണുക്കളുടെ കോശങ്ങള്‍ നിരന്തരം നിര്‍മ്മിച്ചെടുക്കാനുള്ള പോഷകാഹാരങ്ങള്‍ മാത്രമായി മാറിയിരിക്കുകയാണിന്നത്തെ മെഡിസിനുകള്‍. അതിനാല്‍, ഇന്ന് ആരോഗ്യമെന്ന ആശയത്തിന് സമൂഹത്തില്‍ ജീവിക്കാനുള്ള അവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്. അല്ലെങ്കില്‍ ഇതിന്‍റെ ജീവനെടുക്കാന്‍ തിടുക്കം കൂട്ടുകയാണിന്ന് പണക്കൊതി മൂത്ത ചിലര്‍.
വൈദ്യശാസ്ത്രം വളര്‍ച്ചയുടെ അത്യുന്നതിയില്‍ നില്‍ക്കുമ്പോഴും രോഗങ്ങളും രോഗാണുക്കളും ദിനംപ്രതി വര്‍ധിക്കുന്നതില്‍ വിഷം കലര്‍ത്തപ്പെട്ട ആഹാരപാനീയങ്ങള്‍ക്കുള്ള പങ്കിനെക്കാള്‍, വേദനാസംഹാരികളായും മറ്റും നിത്യമുപയോഗിക്കുന്ന മരുന്നുകള്‍ കാരണമാവുന്നുണ്ട്. ചെറുവേദനകളെ ശമിപ്പിക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ വലിയ വ്യഥകള്‍ക്ക് കാരണമാകുമ്പോള്‍ മാത്രമാണ് അത് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളും തത്ഫലമായുള്ള ദോഷങ്ങളെ കുറിച്ചും പഠനങ്ങള്‍ നടക്കുന്നതും പരിഹാരങ്ങള്‍ ചിന്തിക്കുന്നതും. അവസരങ്ങള്‍ മുതലെടുത്ത് വളര്‍ന്നു വരുന്ന ഇത്തരം മരുന്നുകളുടെ അമിതോപയോഗം മൂലം ശരീരം ക്ഷയിക്കുന്നതായും, എല്ലുകള്‍ക്ക് തേയ്മാനം സംഭവിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ധര്‍മ്മബോധവും മാനുഷിക പരിഗണയനകളും നഷ്ടപ്പെട്ടവരുടെ നിര്‍മ്മാണ വൈവിധ്യത്തിന്‍റെ ഫലമായി രൂപം കൊള്ളുന്ന ഇത്തരം മരുന്നു കമ്പനികളുടെ ലക്ഷ്യം ഏത് വിധേനയും സമൂഹത്തില്‍ ഇടം നേടുകയെന്നതുമാത്രമായി മാറിയിരിക്കുകയാണ്. രോഗികള്‍ക്ക് സാന്ത്വനവും ആശ്വാസവുമേകുകയെന്ന ലക്ഷ്യമിന്ന് നഷ്ടപ്പെട്ടിരിക്കുകയാണ്.
ആശുപത്രികളില്‍ നടക്കുന്നതും മറിച്ചൊന്നുമല്ല. ആരോഗ്യ സംരക്ഷണത്തിന്‍റെ പേരില്‍ കുത്തിവെക്കുന്ന മരുന്നുകള്‍ കൊണ്ട്, തങ്ങള്‍ മെഡിക്കല്‍ കാമ്പസുകളില്‍ ലക്ഷങ്ങള്‍ മുടക്കി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നടത്താന്‍ ശരീരങ്ങള്‍ നിര്‍മ്മിച്ചെടുക്കുകയാണ് ചിലരിന്ന്. ഇത്തരം അരുതായ്മകളിലൂടെ വന്നടിയുന്ന ശവശരീരങ്ങള്‍ കീറിമുറിച്ച് ശരീരഭാഗങ്ങള്‍ മുറിച്ച് വിറ്റ് പണം സമ്പാദിക്കുന്നവരും ഇവര്‍ക്കിടയിലുണ്ട്. ഇതിനാവശ്യമായ നിയമനടപടികളെ തങ്ങള്‍ക്കധീനപ്പെടുത്തുന്നതിലും ഇവര്‍ വിജയിക്കുന്നു. സര്‍ജ്ജറികള്‍ക്ക് വിധേയമാവുന്ന രോഗികളുടെ ആന്തരികാ അവയവങ്ങള്‍ നഷ്ടപ്പെടുന്നതായും വീണ്ടും സര്‍ജറികളിലേക്ക് എത്തിച്ചേരേണ്ട പ്രതിസന്ധികള്‍ ആവര്‍ത്തിക്കപ്പെടുന്നതായും കാണപ്പെടാറുണ്ട്.
ഗവണ്‍മെന്‍റ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ സേവന സമയം ഏറെയും ചിലവഴിക്കുന്നത് സ്വകാര്യ ചികിത്സാ മേഖലയിലാണ്. ആശുപത്രികള്‍ക്ക് ആവശ്യമായ സജ്ജീകരണങ്ങളോ ആരോഗ്യകരമായ ചികിത്സയോ ലഭിക്കാത്തതിനാല്‍ ഗവണ്‍മെന്‍റ് ആശുപത്രികളില്‍ ചികിത്സ തേടുന്നതില്‍ സമൂഹത്തിന്‍റെ പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്നു. വൃത്തിഹീനമായ ചുറ്റുപാടുകളെ ക്കൊണ്ട് സജ്ജീകരിക്കപ്പെട്ടതിനാല്‍ ഇന്ന് പല ഗവര്‍മെന്‍റ് ആശുപത്രികളിലും ചികിത്സക്കെത്തുന്ന രോഗികള്‍ക്ക് ഏറെ പ്രയാസങ്ങള്‍ നേരിടേണ്ടിവരുന്നു.. അതോടൊപ്പം രോഗാണുക്കളുടെ വ്യാപനത്തിനും ഈ ശുചിത്വമില്ലായ്മ കാരണമാവുന്നുണ്ട്. അതുകൊണ്ടുതന്നെ സ്വകാര്യ ആശുപത്രികളുടെ കൊള്ള ലാഭത്തിന് സാധാരണക്കാരടക്കം ഇന്ന് കീഴടങ്ങുകയാണ്.
ഇന്ന് ആരോഗ്യ സംരക്ഷണമെന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെടാതെ പോവുകയാണിവിടെ. ആരോഗ്യ സംരക്ഷണമേഖലയിലെ സേവകരും സേവനങ്ങളും ധാര്‍മ്മിക മൂല്യങ്ങള്‍ നഷ്ടപ്പെട്ട് പണത്തിനുപിന്നാലെ ഓടിയതിനാലും രോഗികളിലേക്ക് രോഗങ്ങള്‍ പകരാനുള്ള സാഹചര്യങ്ങളധികരിച്ചതിനാലും ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയാണിന്ന് നേരിടുന്നത്. വൈദിക ലോകത്തെ മനുഷ്യത്വവും മാനവികമൂല്യങ്ങളും കാത്തു സൂക്ഷിക്കുന്ന ഒരു പറ്റം പ്രവര്‍ത്തകര്‍ രൂപം കൊള്ളേണ്ടതിന്‍റെ ആവശ്യം അധികരിച്ചിരിക്കുന്നു. സഹജീവകളോട് സ്നേഹവും കാരുണ്യവുമുള്ള സേവകരും സമൂഹത്തില്‍ പടര്‍ന്നുപിടിക്കുന്ന അനാരോഗ്യ പ്രതിസന്ധികളെ തന്‍റെ ആത്മാവിന്‍റെ മുറിവായി കാണുന്ന പ്രവര്‍ത്തകരും രൂപം കൊണ്ടാല്‍ മാത്രമേ ഇവിടെ ഇനി ഒരു ആരോഗ്യവാനായ മനുഷ്യനെ കണ്ടെത്താന്‍ സാധിക്കുകയുള്ളൂ.

ഇസ്ലാമിക കാഴ്ചപ്പാടുകള്‍
രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ സൂക്ഷിക്കലാണെന്ന കാഴ്ച്ചപ്പാടാണ് ഇസ്ലാമിന്‍റേത്. അതിനാല്‍ ഇസ്ലാമിക കര്‍മങ്ങളില്‍ വൃത്തിക്ക് പ്രാധാന്യം നല്‍കുകയും ത്തിന്‍റെ പേരില്‍ അല്ലാഹുവിന് നന്ദിചെയ്യാനുമുള്ള കല്‍പ്പനയുമുണ്ട്. ഇന്ന് കണ്ടുവരുന്ന ഒട്ടുമിക്ക രോഗങ്ങള്‍ക്കും കാരണം വൃത്തിയില്ലായ്മയും മാനസിക സംഘര്‍ഷങ്ങളുമാണ്. അതില്‍ നിന്ന് മുക്തി നേടാനുള്ള വഴി ശാരീരികവും മാനസികവുമായ ശുദ്ധീകരണമാണ്. ‘വൃത്തി ഈമാന്‍റെ പകുതിയാണ്’ എന്ന, തിരു നബി (സ്വ) യുടെ വാക്കില്‍ നിന്ന് പരിശുദ്ധ ഇസ്ലാം വൃത്തിക്ക നല്‍കുന്ന് പ്രാധാന്യം വ്യക്തമാവുന്നുണ്ട്.
ചികിത്സക്ക് ഇസ്ലാം വളരെ പ്രാധാന്യം നല്‍കുന്നതായും അതിനെ പ്രോത്സാഹിപ്പിക്കുന്നതായും വ്യക്തമാണ്. തിരു നബി (സ്വ) യുടെ കാലത്തുതന്നെ അവിടുന്ന് ധാരാളം വൈദ്യ ചികിത്സകള്‍ സമൂഹത്തിന് പഠിപ്പിച്ചുകൊടുത്തിട്ടുള്ളതായി ഹദീസുകളില്‍ വ്യക്തമാവുന്നുണ്ട്. കരിഞ്ചീരകം, തേന്‍, സുന്നാമാക്കി, ഈത്തപ്പഴം തുടങ്ങിയവയുടെ ഔഷധ ഗുണങ്ങളെ പറ്റി പ്രവാചകര്‍ (സ്വ) പഠിപ്പിച്ചതും തിരുജീവിതത്തില്‍ പലവട്ടം കൊമ്പ് വെച്ച് ചികിത്സ നടത്തിയതും ഹദീസുകളില്‍ നിന്ന് കണ്ടെത്താന്‍ സാധിക്കും.
ആത്മീയ ചികിത്സയിലൂടെയും അവിടുന്ന് മാനസിക രോഗങ്ങളില്‍ നിന്ന് അനുയായികളെ മോചിപ്പിച്ചു. നിരന്തരമായ ദൈവീക സ്മരണയിലൂടെയും വ്രതം, നിസ്കാരം തുടങ്ങിയ ആരാധനകളിലൂടെയും ശാരീരികമായ ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയുമെന്നതില്‍ ആധുനിക ശാസ്ത്രം സാക്ഷിനില്‍ക്കുന്നുണ്ട്. അതില്‍ വിശുദ്ധ ഇസ്ലാം ആരോഗ്യമേഖലക്ക് വ്യക്തമായ പാത തുറന്നു നല്‍കുകയും, ആരോഗ്യവാനായി ജീവിക്കാന്‍ പറ്റുന്ന ചുറ്റുപാടുകള്‍ സൃഷ്ടിച്ചെടുക്കാന്‍ പ്രയത്നിക്കുകയും ചെയ്തു.
തിരുനബി (സ്വ) യുടെ ജീവിതത്തില്‍ രോഗികള്‍ക്ക് സേവനങ്ങള്‍ചെയ്തതായും കാണാന്‍ സാ ധിക്കും. നിരന്തരമായി തിരുനബി (സ്വ) നടന്നു പോകുന്ന പാതയില്‍ ചപ്പുചവറുകള്‍ വലിച്ചെറിഞ്ഞ ജൂതസ്ത്രീ രോഗശയ്യയില്‍ കിടന്നപ്പോള്‍ അവിടുന്ന് സന്ദര്‍ശിച്ചതായും പ്രാര്‍ത്ഥിച്ചതായും കാണാന്‍ സാധിക്കുന്നുണ്ട്. തിരുനബി (സ്വ)യുടെ ജീവിതത്തിലെ രോഗപരിപാലനത്തിന്‍റെ ഒരുദാഹരണം മാത്രമാണിത്. ഈ ചര്യ പിന്തുടര്‍ന്ന് പില്‍ക്കാലത്തു വന്ന ഒട്ടനേകം മഹത്തുക്കളുടെ ഇസ്ലാമിക ചരിത്രങ്ങളില്‍ രോഗ ശുശ്രൂഷയുടെ പ്രാധാന്യം പ്രകടമാക്കുന്നുണ്ട്. ഒരു നായക്ക് കുഷ്ഠരോഗം പിടിപെട്ടപ്പോള്‍ അതിനെ പിരിപാലിച്ച് പുണ്യം നേടിയ ശൈഖ് രിഫാഈ (റ) വിന്‍റെ ജീവിതം രോഗികളോട് മഹത്തുക്കളുടെ ഇടപെടലിന്‍റെ സമീപനം മനസ്സിലാക്കിത്തരുന്നു.
ആരോഗ്യമെന്ന അല്ലാഹുവിന്‍റെ മഹത്തായ അനുഗ്രഹം, അവ ആരാധനയുലൂടെയും നല്ല പ്രവര്‍ത്തനങ്ങളിലൂടെയുമാണ് വിനിയോഗിക്കേണ്ടത്. അതുകൊണ്ടുതന്നെ യുവത്വമെന്ന മഹത്തായ കാലഘട്ടം സാന്ത്വനത്തിനും സഹായസഹകരണങ്ങള്‍ക്കും വിനിയോഗിക്കുകയും നന്മകള്‍ ചെയ്തുതീര്‍ക്കാന്‍ മാറ്റിവെക്കുകയും ചെയ്യുക. ധാര്‍മ്മിക മൂല്യങ്ങലെ പിന്‍പറ്റി രോഗചികിത്സയുടെ വഴികളെ പണക്കൊതി മൂത്ത കൊള്ള സംഘങ്ങളില്‍ നിന്ന് സംരക്ഷിച്ച് അല്ലാഹുവില്‍ വിജയം കൈവരിക്കാനുള്ള സേവന മാര്‍ഗ്ഗമായി മാറ്റേണ്ട പാഠങ്ങളാണ് പുതുതലമുറക്ക് പകര്‍ന്ന് നല്‍കേണ്ടത്. ആരോഗ്യം തന്നില്‍ സുസ്ഥിരമായി നില്‍ക്കുന്നതില്‍ യാതൊരു ഉറപ്പും ഒരാളിലും വേണ്ട. അതിനാല്‍, രോഗികളെ പരിപാലിച്ച് തനിക്ക് രോഗാവസ്ഥ നേരിടുന്ന കാലത്ത് ചിലരെയെങ്കിലും തന്‍റെ പാത പിന്തുടര്‍ന്ന് വരാന്‍ പ്രാപ്തരാക്കുകയാണു ഓരോ വ്യക്തികളും ചെയ്യേണ്ടത്.
സാലിം നൈന മണ്ണഞ്ചേരി

Leave a Reply

Your email address will not be published. Required fields are marked *