2017 July-Aug Hihgligts Shabdam Magazine ആത്മിയം നബി മതം വായന

വഫാത്തുന്നബി ;കിനാവില്‍ കണ്ട കാഴ്ചകള്‍

ഹയാതീ ഖൈറുന്‍ ലകും.. വ മമാതീ ഖൈറുന്‍ ലകും..’ എന്‍റെ ജീവിതവും മരണവും നിങ്ങള്‍ക്ക് ഗുണമാണെന്നാണ് തിരുവചനം. എന്നാലും ആ പൂമുത്ത് ഭൂലോക വാസം വെടിഞ്ഞപ്പോഴുള്ള കണ്ണീരില്‍ കുതിര്‍ന്ന മദീനയുടെ പരിതസ്ഥിതി ചരിത്രത്താളുകളില്‍ ഉല്ലേഖനം ചെയ്യപ്പെട്ടു കിടക്കുന്നുണ്ട്. ചരിത്രം കരഞ്ഞ നിമിഷങ്ങളായിരുന്നുവത്.. തിരു വഫാത്തില്‍ വ്യസനിച്ച് ആര്‍ത്തനാദങ്ങളും ദീനരോദനങ്ങളും കൊണ്ട് മദീന മുഖരിതമായിരുന്നു. അര്‍ദ്ധബോധാവസ്ഥയില്‍ ഊരിപ്പിടിച്ച വാളുമായി ഉമറുബ്നുല്‍ ഖത്താബ്(റ) മദീനയാകെ റോന്തു ചുറ്റിയത്.. ‘എന്‍റെ ഹബീബ് മരിച്ചുവെന്നാരെങ്കിലും പറഞ്ഞാല്‍ അവന്‍റെ തല ഞാനറുക്കുമെ’ന്ന് ഭീഷണി മുഴക്കിയത്.. തിരുനിബിയുടെ വഫാത്തിന്‍റെ വാര്‍ത്ത കേട്ട് പലരും മരുമണലില്‍ ബോധമറ്റു വീണത്.. മരം കയറിയവര്‍ തലചുറ്റി നിലം പതിച്ചത്.. പലര്‍ക്കും ബുദ്ധിയുടെ വെളിവു തെറ്റിയത്.. ബാങ്കൊലി മുഴക്കുന്ന ബിലാലിന്‍റെ കണ്ഠമിടറിയത്.. പലരും കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചത്.. ഇങ്ങനെയെത്രയോ സംഭവങ്ങള്‍.. ഇത്രയൊക്കെയുണ്ടോയെന്ന് ചില അല്‍പബുദ്ധികള്‍ക്കെങ്കിലും തോന്നാതിരുന്നു കാണില്ല.
ഇരുലോകത്തും രക്ഷകരായ മുത്ത് നബി വഫാത്തായപ്പോള്‍ ഇത്രയൊന്നുമല്ല, ഇതിലുമപ്പുറം ഇനിയും നാമറിയാത്ത പലതുമുണ്ട്. ചരിത്രം വായിച്ചപ്പോള്‍ നയനങ്ങള്‍ അറിയാതെ ഈറനണിഞ്ഞു പോയി. ലേഖകന്‍റെ വന്ദ്യഗുരു അബ്ദുല്‍ ഹമീദ് അന്‍വരി ഉസ്താദിന്‍റെ ഗ്രന്ഥ ശേഖരങ്ങളില്‍ നിന്ന് ചിതലരിച്ചു നുരുമ്പിയ പഴയൊരു ഗ്രന്ഥം കിട്ടി. അതു വായിച്ചു തീര്‍ത്തപ്പോള്‍ ബോധ്യമായി; മുത്ത് നബി(സ്വ)യുടെ വഫാത്തിന്‍റെ വാര്‍ത്ത കേട്ട് മനുഷ്യ ജീവികള്‍ മാത്രമല്ല, മദീനയാകെ കണ്ണീരില്‍ കുതിര്‍ന്നിരുന്നുവെന്ന്..! പേരറിയപ്പെടാന്‍ ഒരു തരിമ്പു പോലും ആഗ്രഹിച്ചിട്ടില്ലാത്ത ഏതോ ഒരു മഹാ പണ്ഡിതന്‍റെ തൂലികയില്‍ നിന്നാണ് ‘ഖിസ്സതു വഫാത്തുന്നബി’ എന്ന ചെറുഗ്രന്ഥം വിരചിതമായതെന്ന് തോന്നുന്നു. ഹിജ്റ 1327ലാണ് ഇതിന്‍റെ രചന പൂര്‍ത്തിയായതെന്ന് അവസാന പേജുകളില്‍ കാണുന്നുണ്ട്. കണ്ണീരൊലിപ്പിക്കുന്ന ചരിത്ര ശകലങ്ങള്‍ ഈ ചെറു ഗ്രന്ഥത്തില്‍ കാണാം.
ഗ്രന്ഥകാരന്‍ തുടങ്ങുന്നതിങ്ങനെയാണ്; മുത്ത് നബി(സ്വ)യുടെ വഫാത്തിന്‍റെ രണ്ടുമൂന്നു ദിവസങ്ങള്‍ക്കു മുമ്പ് വാനലോകത്തു നിന്നും ജിബ്രീല്‍(അ) ഇറങ്ങി വന്നുവത്രെ.. കൂടെ ‘മലക്കുല്‍ മൗത്’ അസ്റാഈല്‍(അ)മും.. പരിചയമില്ലാത്ത വേഷത്തില്‍ മലകുല്‍ മൗതിനെ കണ്ടപ്പോള്‍ മുത്ത് നബി ജിബ്രീലിനോട് ചോദിച്ചു;
‘ഇതാരാ നിങ്ങളുടെ കൂടെ..?!’
‘ഇതോ?’
‘മലകുല്‍ മൗത് അസ്റാഈല്‍..’ ജിബ്രീല്‍(അ) പ്രതിവചിച്ചു.
‘മൂപ്പരെന്തിനാ വന്നത്..?
‘വല്ല ആവശ്യവും..?’
‘അതോ റൂഹ് പിടിക്കാനോ..?’ തിരുനബി വീണ്ടും ചോദിച്ചു.
‘വായിക്കൂ നബിയേ..’ എന്നു മാത്രമായിരുന്നു ജിബ്രീലിന്‍റെ മറുപടി.
‘ഞാനെന്ത് വായിക്കണമെന്നാ സുഹൃത്തേ താങ്കള്‍ പറയുന്നത്..?’ തിരുനബി തിരിച്ചു ചോദിച്ചു..
രണ്ട് ഖുര്‍ആനിക വചനങ്ങള്‍ ജിബ്രീല്‍(അ) ഓതിക്കേള്‍പിച്ചു: “താങ്കള്‍ക്കു മുമ്പ് നാം ഒരു മനുഷ്യരെയും ഐഹിക ജീവിതത്തില്‍ ശാശ്വതരാക്കിയിട്ടില്ല. മരിച്ചു കഴിഞ്ഞാല്‍ പിന്നെ പരലോകത്ത് ശാശ്വതരുമായിരിക്കും. എല്ലാ ജീവനുള്ള ശരീരങ്ങളും മരണത്തെ രുചി നോക്കേണ്ടി വരും. അവരുടെ ചെയ്തികള്‍ക്കുള്ള പ്രതിഫലങ്ങള്‍ അന്ത്യനാളില്‍ നല്‍കപ്പെടുകയും ചെയ്യും ആരെങ്കിലും ഭയാനകരമായ നരകത്തില്‍ നിന്ന് രക്ഷപ്പെടുകയും സ്വര്‍ഗ്ഗ പ്രവേശം നല്‍കപ്പെടുകയും ചെയ്താല്‍ അവന്‍ വിജയം വരിച്ചവനാണ്”എന്ന സൂക്തവും “ഐഹികമായ ഈ ജീവിതം വഞ്ചിക്കുന്ന ചരക്കുകള്‍ മാത്രമാണ്” എന്ന സൂക്തവുമായിരുന്നു അവകള്‍. ഹൃദയം പിടിച്ചുലയ്ക്കുന്ന ഈ രണ്ട് വചനങ്ങള്‍ കേട്ടപ്പോള്‍ തിരുനബിക്ക് മനസ്സിലായി, തന്‍റെ വഫാത്ത് അടുത്തിട്ടുണ്ടെന്ന്. പ്രപഞ്ചമകിലത്തിന്‍റെയും നേതാവ് വിതുമ്പിക്കരയാന്‍ തുടങ്ങി..
‘എന്തു പറ്റി നബിയേ?’
‘എന്തിനാണങ്ങ് കരയുന്നത്..?’
‘ഐഹിക ലോകത്തെ വല്ല പ്രയാസങ്ങളും ആലോചിച്ചാണോ..?’
‘അതോ ആഖിറത്തിലേതോ..?’ ജിബ്രീല്‍ വ്യസനത്തോടെ ചോദിച്ചു.
‘ഓ ജിബ്രീല്‍’
‘ഇതൊന്നുമാലോചിച്ചല്ല ഞാന്‍ തേങ്ങുന്നത്..’
‘സ്വര്‍ഗ്ഗമോ നരകമോ എന്‍റെ പ്രശ്നമേയല്ല..’
‘അല്ലാഹുവിന്‍റെ ഹബീബല്ലേ ഞാന്‍..?’
‘ഫാത്വിമയുടെയോ ആയിശയുടെയോ കാര്യമോര്‍ത്തിട്ടുമല്ല..’
‘അബൂബക്കറിന്‍റെയോ ഉമറിന്‍റെയോ ഉസ്മാന്‍റെയോ അലിയാരുടെയോ ഹസന്‍ ഹുസൈനിന്‍റെയോ കാര്യങ്ങളെക്കുറിച്ചുമല്ല..
‘അവരൊക്കെ നക്ഷത്രത്തുല്യരല്ലേ..?’
‘എന്‍റെ സമൂഹത്തിലെ പാപികളെന്തു ചെയ്യും..?’
‘ഇതാണെന്‍റെ പ്രശ്നം..’
നബിയുടെ സ്നേഹമനസ്സു കണ്ട് ജിബ്രീലു പോലും അമ്പരന്നു.. മൂപ്പര്‍ക്കും സങ്കടം വന്നു.. നബിയങ്ങനെ വിതുമ്പിക്കരയുന്നതിനിടയിലാണ് വാനലോകത്തു നിന്നും മീക്കാഈല്‍(അ) ഇങ്ങി വരുന്നത്.. കൂടെ എഴുപതിനായിരം മാലാഖമാരും.. അദ്ദേഹം തിരുനബിയുടെ സവിധത്തില്‍ വന്നു നിന്നു..
‘അസ്സലാമു അലൈക യാ റസൂലല്ലാഹ്..’ നബിയോട് ആഭിവാദനമരുളി.
‘വ അലൈക്കുമുസ്സലാം, യാ അഖീ മീകാഈല്‍..’ തിരുനബി പ്രതിവചനവും..
അല്ലാഹു അങ്ങയോട് ‘അസ്സലാമു അലൈയ്കുമെ’ന്ന് പറഞ്ഞയച്ചിട്ടുണ്ട്..
‘അതുമായി വന്നതാ, ഞങ്ങളെല്ലാവരും..’
‘നിങ്ങള്‍ വായിക്കൂ’ എന്നുമവന്‍ പറഞ്ഞിട്ടുണ്ട്.
‘എന്ത് വായിക്കാന്‍..?’
തല്‍ക്ഷണം “നബിയേ അങ്ങു മരിക്കാനുള്ളവരാണ്. അങ്ങേയ്ക്കു മുമ്പുള്ളവരൊക്കെ മരിച്ചു പോയവരുമാണ്” എന്ന സൂക്തം അദ്ദേഹം ഓതിക്കൊടുത്തു. ഇതുകൂടി കേട്ടപ്പോള്‍ തനിക്ക് മരിക്കാനായിട്ടുണ്ടെന്ന് തിരുനബി നിശ്ചയിച്ചുറപ്പിച്ചു.. അവിടുന്ന് ഈ വാചകങ്ങള്‍ ഉച്ചത്തിലുരുവിട്ടു.. അപ്പോള്‍ തന്നെ പരസഹസ്രം അനുചരന്മാരെ മുത്ത്നബി വിളിച്ചുകൂട്ടി..
‘സ്വഹാബാ’
‘എല്ലാവര്‍ക്കും മംഗളങ്ങള്‍..’
‘നിങ്ങളൊടൊക്കെ അല്ലാഹു ആഭിവാദനമരുളിയിട്ടുണ്ട്..’
‘സ്വര്‍ഗ്ഗലോകം വാഗ്ദാനം ചെയ്തിട്ടുണ്ടവന്‍..’
‘അവനു വേണ്ടി ഭക്ത്യാദരവുകളോടെ നിങ്ങള്‍ ജീവിക്കണം..’
‘പരലോകത്തെ ശിക്ഷകളെക്കുറിച്ച് ഭയപ്പെടുത്തി അറിയിക്കാനാണ് ഞാന്‍ വന്നത്..’
‘വിനയാന്വിതരായി ജീവിച്ചവര്‍ക്കാണ് സര്‍വ്വലോക ഔന്നിത്യങ്ങളും’
‘അന്ത്യജയം ഭക്തിയുള്ളവര്‍ക്കാണ്..’
തടിച്ചു കൂടിയ ആബാലവൃന്ദം ജനത്തിനു മുന്നില്‍ നബി(സ്വ) വാചാലമായി..
‘നബിയേ, അങ്ങയുടെ സംസാരം കേട്ടിട്ടെന്തോ പന്തികേടുണ്ടല്ലോ..!?’
‘എന്തോ സംഭവിക്കാനുള്ളതു പോലെ..!?’
സ്വഹാബികള്‍ ചോദിച്ചു.
‘അതേ, സ്വഹാബാ..’
‘എന്‍റെ വഫാത്തടുത്തിരിക്കുന്നു..’ ഇതങ്ങ് പറഞ്ഞപ്പോഴേക്കും സ്വഹാബികള്‍ വിതുമ്പിക്കരയാന്‍ തുടങ്ങി.. അപ്പോഴൊക്കെ രംഗം വീക്ഷിച്ചു കൊണ്ട് ജിബ്രീലും മീകാഈലും അസ്റാഈലും(അലൈഹിമുസ്സലാം) സദസ്സില്‍ തന്നെയുണ്ട്.. പെട്ടെന്ന് നബിക്കൊരു സംശയം..!
‘ഹല്ല ജിബ്രീലേ..’
‘തൊണ്ണൂറ്റി മൂന്ന് വര്‍ഷമാണല്ലോ അല്ലാഹു എനിക്ക് കണക്കാക്കിയ വയസ്സ്..?!’
‘ഇപ്പോള്‍ അറുപത്തി മൂന്നല്ലേ ആയുള്ളൂ..?’
‘റൂഹ് പിടിക്കാന്‍ സമയമായില്ലല്ലോ..!’
നബി(സ്വ) അവകാശത്തോടെ ചോദിച്ചു..
‘അങ്ങ് പറഞ്ഞത് ശരി തന്നെ..’
പക്ഷെ,
‘അറുപത്തിമൂന്ന് അങ്ങ് ഭൂമിയില്‍ തന്നെ ജീവിച്ചു..’
‘ബാക്കിയുള്ളത് മിഅ്റാജിന്‍റെ രാത്രിയില്‍ തീര്‍ന്നു പോയി..!’
ഇതെങ്ങനെയെന്ന് നബി(സ്വ)ക്ക് ചിന്തിക്കേണ്ടി വന്നില്ല. പ്രാപഞ്ചിക സത്യങ്ങളെല്ലാം അവിടുത്തേക്ക് അറിയാമല്ലോ.. ഭൗമ ലോകത്തെ സമയക്രമവും കാലക്രമവുമല്ലല്ലോ ആകാശത്തിനുമപ്പുറത്തുള്ളത്..! ഇന്നിപ്പോള്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനിന്‍റെ ആപേക്ഷിക സിദ്ധാന്തം പഠിച്ച ആധുനികതയ്ക്ക് ഈ വസ്തുത ഉള്‍ക്കൊള്ളാന്‍ പ്രയാസമില്ല.. ആകാശ ലോകവും കടന്ന് മറ്റേതോ പ്രപഞ്ചത്തിലൂടെ അല്ലാഹുവിന്‍റെ പ്രത്യേക ക്ഷണമുള്ളിടത്തേക്ക് റസൂല്‍ യാത്ര ചെയത നേരത്ത് ആയുസ്സ് പെട്ടെന്ന് കടന്നു കാണണം..
*** *** *** ***
ഈ സംഭവങ്ങളൊക്കെ നടക്കുന്നതിന്‍റെ നാലഞ്ചു ദിവസങ്ങള്‍ക്കു മുമ്പേ ആഇശ(റ)യും ഫാത്വിമ(റ)യും ഏതാനും സ്വഹാബീ പ്രമുഖന്മാരും ചില സ്വപ്നങ്ങള്‍ ദര്‍ശിച്ചിരുന്നു.. താന്‍ കണ്ട സ്വപ്നം നബിയോടു പറയാനായി അബൂബക്കര്‍ സിദ്ദീഖ്(റ) നബിയുടെ ചാരത്തേക്ക് വന്നു.
‘നബിയേ..’
‘ഇന്നലെ രാത്രി ഞാനൊരു സ്വപ്നം കണ്ടു;
‘അങ്ങയുടെ തലപ്പാവ് നിലത്തു വീണുകിടക്കുന്നതായി!’
‘എനിക്ക് സഹിക്കാനായില്ല..’
‘ഞാനത് കുനിഞ്ഞെടുത്തു..’
‘ചുംബിച്ചു..’
‘ഈ സ്വപ്നത്തിന്‍റെ പൊരുളെന്താ നബിയേ..?’ നബിയുടെ കൂട്ടുകാരന്‍ സിദ്ദീഖ്(റ) ആകാംശയോടെ ചോദിച്ചു..
‘അബൂബക്കറേ..’
‘ഞാനീ ഭൗതിക ലോകത്തു നിന്നും വിടപറയാന്‍ പോവുന്നതിന്‍റെ സൂചനയാണ്; തലപ്പാവ് നിലത്തു കിടക്കുന്നതായി നീ കണ്ടത്..!’
‘നീയത് കുനിഞ്ഞെടുത്തില്ലേ..?’
‘അതിനര്‍ത്ഥം എന്‍റെ ശേഷം നീ ഖലീഫയാകുമെന്നും..’ നബി(സ്വ) സ്വിദ്ദീഖിന്‍റെ സ്വപ്നത്തിന് വ്യാഖ്യാനം പറഞ്ഞു. അല്‍പം കഴിഞ്ഞ് ഉമറുബ്നുല്‍ ഖത്താബ്(റ) കയറി വരുന്നുണ്ട്..
‘പുന്നാര നബിയേ..’
‘ഇന്നലെ രാത്രി ഞാനും കണ്ടു ഒരു സ്വപ്നം..!’
‘എന്‍റെ മോതിരക്കല്ല് വീണു പോകുന്നത്..!’
‘ഉമറേ..’
‘അമ്പിയാക്കന്മാരെല്ലാം കൂടി ഒരു മോതിരം പോലെയാണ്..’
‘ഞാനാകട്ടെ മോതിരക്കല്ലും..’
‘കല്ലാണല്ലോ മോതിരത്തിന് മാറ്റുകൂട്ടുന്നത്..’
‘എനിക്ക് നാഥനിലേക്കു തിരിച്ചു പോകാനുള്ള സമയമായിട്ടുണ്ടെന്നാണ് നിന്‍റെ സ്വപ്നം സൂചിപ്പിക്കുന്നത്..’
നബി(സ്വ) ഉമറിന്‍റെ സ്വപ്നത്തിനും വിശദീകരണം കൊടുത്തു. അപ്പോഴുണ്ട് ഉസ്മാന്‍(റ) ഓടിക്കിതച്ചു വരുന്നു. അദ്ദേഹവും സ്വപ്നം കണ്ടിരുന്നുവത്രെ! തന്‍റെ മുന്നിലൊരു മുസ്ഹഫ് നിവര്‍ത്തി വെച്ചതായി.. പെട്ടെന്നൊരു കാറ്റു വീശി.. മുസ്ഹഫിന്‍റെ പേജുകള്‍ അങ്ങുമിങ്ങും പാറി മറിഞ്ഞു.. തന്‍റെ വഫാത്തിനു ശേഷം നാഥനില്‍ നിന്നുള്ള വഹ്യ് നിലച്ചു പോകുമെന്നാണ് അതിനര്‍ത്ഥമെന്ന് നബി(സ്വ) പ്രഖ്യാപിച്ചു.. ഈ സംഭാഷണങ്ങളൊക്കെ കേട്ട് അലിയാരും ആഇശാ ബീവിയും ഫാത്വിമാ ബീവിയും നബിയുടെ ചാരത്തേക്കു വന്നു.. അവരും ചില സ്വപ്നങ്ങള്‍ കണ്ടിട്ടുണ്ടായിരുന്നു..! സര്‍വ്വായുധ വിഭൂഷിതനായി താന്‍ നില്‍കുന്നതായാണ് അലി(റ) കണ്ടത്.. അദ്ദേഹം ധരിച്ചിരിക്കുന്ന പടയങ്കി പെട്ടെന്ന് അഴിഞ്ഞു വീഴുന്നു! എന്നാല്‍ മൂര്‍ദ്ധാവു മുതല്‍ കാല്‍പാദം വരെ മൂടുന്ന കറുത്തൊരു വസ്ത്രം താന്‍ ധരിച്ചിരിക്കുന്നതായാണ് ആഇശ(റ) കണ്ടത്.. അലീ.. നിങ്ങള്‍ക്കു നേരെ ശത്രുക്കുള്‍ മെനയുന്ന കുതന്ത്രങ്ങള്‍ക്ക് പ്രതിരോധമാണ് ഞാനെന്നും എന്‍റെ വഫാത്തോടെ ആ സംരക്ഷണം പ്രത്യക്ഷത്തിലുണ്ടാകില്ലെന്നതിനും സൂചനയാണ് താങ്കളുടെ സ്വപ്നം.. റസൂല്‍(സ്വ) അലിയാരോടു പറഞ്ഞു.. എന്‍റെ വഫാത്തോടെ നീ വിധവയാകുമെന്നാണ് കറുത്ത വസ്ത്രം ധരിച്ചതായി നീ കണ്ടസ്വപ്നത്തിന്‍റെ ഉദ്ദേശ്യമെന്ന് നബി(സ്വ) ആഇശാ ബീവിക്കും വിശദീകരണം നല്‍കി.. ഇതെല്ലാം കേട്ടപ്പോള്‍ ആരംബ റസൂലിന്‍റെ പുന്നാരമോള്‍ ഫാത്വിമാ ബീവി ഇടപെട്ടു.. ഇതൊക്കെ കേള്‍ക്കുമ്പോള്‍ അവര്‍ക്ക് സഹിക്കാന്‍ കഴിയുമായിരുന്നില്ല.. ഫാത്വിമ കണ്ണീരൊഴുക്കി.. അവരുടെ കരച്ചിലിന് ശക്തി കൂടാനൊരു കാരണവുമുണ്ടായിരുന്നു..
‘പുന്നാര ഉപ്പാ..’
‘ഞാനും ഇന്നലെയൊരു സ്വപ്നം കണ്ടു!’
‘അങ്ങയുടെ പുണ്യ ശിരസ്സും നെഞ്ചും എന്‍റെ ഖമീസില്‍ കിടക്കുന്നത്..!’
‘ഫാത്വിമ വിതുമ്പിപ്പറഞ്ഞു..’
ഫാത്വിമയും സ്വപ്നം കണ്ടിരിക്കുന്നു.. അമ്പരപ്പിക്കുന്ന സ്വപ്നം! ഇതുകൂടി കേട്ടതോടെ മുത്ത് റസൂലും വിതുമ്പിക്കരയാന്‍ തുടങ്ങി.. ഇതെല്ലാം കേട്ട സ്വഹാബികള്‍ മുഴുവന്‍ കണ്ണീര്‍ വാര്‍ത്തു.. പലരുടെയും കണ്ഠങ്ങളിടറി.. എല്ലായിടത്തും ഏങ്ങലടിച്ചുള്ള കരച്ചിലിന്‍റെ അലയൊലികളാണ്.

ഇസ്സുദ്ദീന്‍ പൂക്കോട്ടുചോല

Leave a Reply

Your email address will not be published. Required fields are marked *