2017 May-June Hihgligts Shabdam Magazine കാലികം പരിചയം വായന സമകാലികം സംസ്കാരം സാമൂഹികം

വിദ്യാർത്ഥിയെ മറക്കുന്ന വിദ്യാഭ്യാസ വിപണനങ്ങള്‍

വീണ്ടുമൊരു അദ്ധ്യായന വര്‍ഷം കൂടി നമ്മിലേക്ക് ആഗതമാവുകയാണ്. വിദ്യാമുറ്റത്ത് ആദ്യമായെത്തുന്ന കുസുമങ്ങളുടെ ഉത്കണ്ഠകളും മുഖഭാവവും അവരെ സമാശ്വസിപ്പിക്കുന്ന രക്ഷിതാക്കളുടെ ഓര്‍മകളും ചിത്രങ്ങളുമാണ് ഓരോ അദ്ധ്യായന വര്‍ഷവും സമ്മാനിക്കുന്നത്.
ജ്ഞാന സമ്പാദനം എന്നത് സമൂഹത്തിലെ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. വിജ്ഞാനമാണ് ഒരാളുടെ വ്യക്തിത്വ വികസനത്തിനും സാമൂഹിക ഉയര്‍ച്ചക്കും നിതാനമായ അറിവുകളും കഴിവുകളും മൂല്ല്യങ്ങളും നല്‍കുന്നത്. അതിനാല്‍ വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭിച്ചേ തീരൂ.
സാമൂഹിക നീതിക്കായുള്ള നിരന്തരമായ പോരാട്ടങ്ങളിലൂടെയും ഇടപെടലുകളിലൂടെയുമാണ് കേരളത്തിലെ വിദ്യാഭ്യാസം ഇത്രയേറെ പടര്‍ന്നു പന്തലിച്ചത്. ഇതിന്‍റെ അനന്തരഫലമെന്നോണം സമൂഹത്തിലെ എല്ലാ കുട്ടികള്‍ക്കും സ്കൂള്‍ പ്രവേശനം സാധ്യമായി. പഠനത്തിലൂടെ മുന്നേറുന്നവര്‍ക്ക് കൂടുതല്‍ വിദ്യാഭ്യാസാവസരങ്ങള്‍ നല്‍കി മുന്നേറാനുള്ള പ്രോത്സാഹന പരിപാടികള്‍ പലതും നടക്കുകയുമുണ്ടായി.
എന്നാല്‍ ഉയര്‍ന്ന ക്ലാസുകളിലേക്ക് ചെന്നെത്തുമ്പോഴേക്കും സമൂഹത്തിലെ താഴേക്കിടയിലുള്ള ബഹുഭൂരിപക്ഷവും യോഗ്യതയില്‍ നിന്ന് പുറന്തള്ളപ്പെടുകയും തോറ്റ് പടിയിറങ്ങുകയും ചെയ്യുന്ന അവസ്ഥാ വിശേഷമാണ് നാമിന്ന് കണ്ട്കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ രംഗത്തെ കച്ചവടവല്‍കരണം ഈ പ്രക്രിയ കൂടുതല്‍ എളുപ്പവും സുതാര്യവുമാക്കിത്തീര്‍ത്തത്. ഇതുവഴി വിദ്യാഭ്യാസ മേഘലയിലെ സാമൂഹ്യ നീതിയാണ് ഇല്ലാതാവുന്നത്.
വിദ്യാഭ്യാസം ഇന്ന് തൊഴിലിനു വേണ്ടി മാത്രമുള്ളൊരു പ്രക്രിയയായി പരിണമിച്ചിരിക്കുകയാണ്. എന്നാല്‍ ഇതിനെതിരെ ശബ്ദിക്കാനോ ആക്ഷേപസ്വരമുയര്‍ത്താനോ ഒരു വിദ്യാഭ്യാസയോഗ്യരും മുന്നോട്ടു വരുന്നില്ല. ഇത്തരമൊരു സാഹചര്യത്തെയാണ് വിദ്യാഭ്യാസ കച്ചവടക്കാര്‍ മുതലെടുക്കുന്നത്. കോളേജ് വിദ്യാഭ്യാസമുള്‍പ്പെടെയുള്ള ഉന്നത മേഘലകളുടെ ഈ പരിണിതിക്ക് നാം കൂടി കാരണക്കാരാണ്. സ്വന്തം കാര്യങ്ങളുടെ ഓളങ്ങളില്‍ തങ്ങിനിന്ന് വിദ്യാഭ്യാസ മേഘലയെ നയിക്കുന്നവരാണിന്നതിക പേരും. വിദ്യാര്‍ത്ഥികളാണ് നാളെയുടെ വാഗ്ദാനങ്ങളെന്ന് ഭരണാധികാരികള്‍ ചിന്തിക്കുന്നില്ല. ഇന്നത്തെ വിദ്യാര്‍ത്ഥി സമൂഹവും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ ഒരു തരം സ്വാര്‍ത്ഥതാ ബോധത്തിലേക്ക് ചെന്നെത്തിയിരിക്കുകയാണ്. അതു കൊണ്ട് തന്നെ വളര്‍ന്ന് വരുന്ന ഈ തലമുറക്ക് സമൂഹത്തോട് കൂറും പ്രതിബദ്ധതയും നഷ്ടപ്പെട്ടിരിക്കുകയാണ്.
പൊതു വിദ്യഭ്യാസ മേഘലയെ ഏറെ തരംതാഴ്ത്തി കാണുന്ന രക്ഷിതാക്കളും ഇന്ന് ഏറെയാണ്. എലിമെന്‍ററി സ്ക്കൂള്‍ അഡ്മിഷന് വന്‍ തുക ഡൊണേറ്റ് ചെയ്തതിന്‍റെ മേനി പറയുന്ന രക്ഷിതാക്കളും ഇന്ന് നിരവധിയാണ്. ഇത്തരം സ്ക്കൂളുകളുടെ പിന്നാമ്പുറങ്ങളില്‍ നടക്കുന്ന കാണാക്കാഴ്ച്ചകളും പീഢനങ്ങളും ഈ രക്ഷിതാക്കളറിയാതെ പോവുകയാണ്. ഇത്തരം വിദ്യാലയങ്ങളില്‍ അഡ്മിഷന്‍ എടുക്കുന്നവര്‍ ലക്ഷ്യമിടുന്നത് കുട്ടികളുടെ വിദ്യാഭ്യാസ നിലവാരത്തിലുപരി രക്ഷിതാക്കളുടെ ജീവിത നിലവാരം സമൂഹ മധ്യത്തില്‍ കാണിക്കുക എന്നതാണ്. ഉപഭോഗ സംസ്കാരത്തിന്‍റെ ഈ വേരൂന്നലില്‍ നിന്ന് രക്ഷപ്രാപിക്കാന്‍ നവസമൂഹം ഏറെ പാട് പെടേണ്ടി വരുമെന്നാണ് പുതിയ സാഹചര്യങ്ങള്‍ വിളിച്ചു പറയുന്നത്.
വിദ്യാഭ്യാസ മേഘലയിലെ സുപ്രധാനഘട്ടമായ സെക്കണ്ടറി, ഹയര്‍ സെക്കണ്ടറി മേഘലയിലെ ഇന്നത്തെ ഉഡായിപ്പുകള്‍ ചിരിക്കാന്‍ വകയുള്ളതാണ്. രക്ഷിതാക്കളുടെ നിര്‍ബന്ധ ബുദ്ധി കണ്ടാല്‍ തോന്നും അവരുടെ കുട്ടികള്‍ രണ്ട് തൊഴില്‍ മാത്രമേ ചെയ്യാവൂ എന്ന്. ഒന്നുകില്‍ ഡോക്ടര്‍ അല്ലെങ്കില്‍ എഞ്ചിനീയര്‍ അത് രണ്ടും ശരിപ്പെട്ടില്ലെങ്കില്‍ ബിസിനസ്സ് അഡ്മിനിസ്ട്രേറ്ററെങ്കിലും ആവണമെന്നേടത്താണ് രക്ഷിതാക്കളുള്ളത്. തന്‍റെ മക്കളുടെ അഭിരുചി തിരിച്ചറിയാതെ അവരവരുടെ ഇഷ്ടങ്ങള്‍ മക്കളില്‍ നടപ്പാക്കാന്‍ വേണ്ടി ഇല്ലാത്ത പണമുണ്ടാക്കാന്‍ നെട്ടോട്ടമോടുന്ന രക്ഷിതാക്കളാണ് വിദ്യാഭ്യാസക്കച്ചവടത്തിലെ മുഖ്യ ഇരകള്‍.
കമ്പോളത്തില്‍ നമുക്ക് ലഭിക്കുന്ന വസ്തുക്കളും സേവനങ്ങളും പോലെ കാശു കൊടുത്ത് വാങ്ങുന്നതും, കാശുള്ളവര്‍ക്ക് മാത്രം ലഭ്യമാകുന്ന പരുവത്തിലേക്ക് ഇന്നത്തെ വിദ്യാഭ്യാസ മേഘല മാറിയിരിക്കുകയാണ്. ലാഭമോഹം ലക്ഷ്യം വെച്ച് കൊണ്ട് വിദ്യാലയങ്ങള്‍ നടത്തുന്നു എന്നതാണ് ഈ പ്രശ്നത്തിന്‍റെ കാതലായ ഭാഗം. ഈ പ്രവണതയുടെ പരിണിതിയാണ് കൂടുതല്‍ മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന് കൂടുതല്‍ ഫീസ്, കാശില്ലാത്തവര്‍ക്ക് സാധാരണ വിദ്യാഭ്യാസം, കാശു കൂടുതല്‍ കൊടുത്താല്‍ യോഗ്യത കുറവുള്ളവര്‍ക്കും പ്രവേശനം എന്ന് തുടങ്ങിയ കിട മത്സരങ്ങള്‍. ഇത്തരമൊരു സമ്പ്രദായം നിലവില്‍ വരുന്നതോട് കൂടി അവ പല കുഴപ്പങ്ങള്‍ക്കും വിനയാകുന്നു. ജീവിതം മുഴുവന്‍ കമ്പോളവല്‍കരിച്ചിട്ടുള്ള മുതലാളിത്ത രാജ്യങ്ങളില്‍ പോലും തിരസ്കരിക്കപ്പെട്ടിട്ടുള്ള ഒരു സങ്കല്‍പ്പമാണിത്. എല്ലാ പരിഷ്കൃത സമൂഹങ്ങളുടെയും അടിസ്ഥാന തത്വം നീതിയും സമത്വവുമാണ്. വിദ്യാഭ്യാസത്തിലൂടെയാണ് ഒരാളുടെ വ്യക്തിത്വ വികസനത്തിനും സാമൂഹിക ഉയര്‍ച്ചക്കും നിധാനമായ അറിവുകളും കഴിവുകളും ലഭിക്കുന്നത് എന്നത്കൊണ്ട് തന്നെ അത് എല്ലാവര്‍ക്കും തുല്ല്യമായി നല്‍കേണ്ടതും അനിവാര്യമാണ്.
സമൂഹത്തില്‍ എല്ലാവര്‍ക്കും ഒരു പോലെ വിദ്യാഭ്യാസം ലഭിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മത്സരങ്ങള്‍ വിദ്യാര്‍ത്ഥികളുടെ അഭിരുചികള്‍ വളര്‍ത്തിക്കൊണ്ടുവരുന്നതിലായിരിക്കണം. ഒരിക്കലും വിദ്യാഭ്യാസം പണക്കൊഴുപ്പിന്‍റെയും സ്വാധീനത്തിന്‍റെയും അടിസ്ഥാനത്തില്‍ ആയിക്കൂടാ. അത് ഉന്നത വിദ്യാഭ്യാസം നേടാനുള്ള സമര്‍ത്ഥരായ പല വിദ്യാര്‍ത്ഥികളുടെയും സ്വപ്നങ്ങള്‍ക്കുമേലുള്ള കത്തി വെക്കലാണ്.
വിദ്യാഭ്യാസത്തിലെ ഗുണമേന്മ സാമൂഹികമായ സവിശേഷതയാണ്. വ്യക്തിഗത താല്‍പ്പര്യമുള്ളിടത്ത് സാമൂഹ്യമായ കാഴ്ച്ചപ്പാട് ഉണ്ടാവുകയില്ല. വിദ്യാഭ്യാസ രംഗത്തെ കൂട്ടായ്മ കൊണ്ട് ഒരുപാട് നേട്ടങ്ങള്‍ കൈവരിക്കാനാകും. ഗുരുവില്‍ നിന്ന് ലഭിക്കുന്നതു പോലെതന്നെ പ്രധാനമായ പഠനാനുഭവങ്ങള്‍ ചുറ്റുപാടില്‍ നിന്നും കൂട്ടുകാരില്‍ നിന്നും ഒരു വിദ്യാര്‍ത്ഥിക്ക് കിട്ടുന്നുണ്ട്. വിദ്യയുടെ കാല്‍ഭാഗം ഗുരുമുഖത്ത് നിന്നും കാല്‍ഭാഗം സ്വയം നിര്‍മിച്ചും കാല്‍ഭാഗം സഹപാഠികളില്‍ നിന്നും ബാക്കിയുള്ളത് ജീവിതാനുഭവങ്ങളില്‍ നിന്നുമാണ് ഒരു വിദ്യാര്‍ത്ഥി സ്വായത്തമാക്കുന്നത്. മറിച്ച് പരസ്പരം ശത്രുതയും പോരും നിറച്ച് റാങ്കു നേടലാണ് ജീവിത വിജയമെന്ന തെറ്റായ കാഴ്ചപ്പാട് എടുത്തുമാറ്റപ്പെടേണ്ടതാണ്. വിദ്യാഭാസത്തിന്‍റെ യഥാര്‍ത്ഥ ലക്ഷ്യം കൈവരിക്കാന്‍ സാധിച്ചാല്‍ കനപ്പെട്ട ഒരുപാട് നേട്ടങ്ങള്‍ നമുക്ക് കൊയ്യാനാകും. വിദ്യാഭ്യാസത്തെ മനുഷ്യന്‍റെ പ്രഥമവും പ്രധാനവുമായ ഒരാവശ്യമായി അംഗീകരിക്കണം. വ്യക്തിയുടെയും അതുവഴി സമൂഹത്തിന്‍റെയും പൊതുവില്‍ ലോകത്തിന്‍റെ ഉന്നമനവും ഉയര്‍ച്ചയും നന്മയും അതിലൂടെ ലക്ഷ്യമായി കാണണം. സഹകരണവും സമാധാനവും ലക്ഷ്യമാക്കി സാമൂഹ്യ നന്മയുടെ പ്രകാശം പരത്തുവാനും വിദ്യാഭ്യാസം ലക്ഷ്യമിടണം. എന്നാല്‍ മാത്രമേ നമുക്ക് നഷ്ടപ്പെട്ട് പോയ വിജ്ഞാനത്തിന്‍റെ നിറകുടങ്ങളായി അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും സമൂഹം കാണക്കാക്കൂ. കാശുള്ളവര്‍ക്ക് മാത്രം വാങ്ങാവുന്ന ഒരു ചരക്കായി നമുക്കിനിയും വിദ്യാഭ്യാസത്തെ കണ്ടുകൂടാ.. കച്ചവടവല്‍കരിക്കപ്പെടാത്ത മൂല്ല്യാധിഷ്ഠിതമായ വിദ്യാഭ്യാസം സ്വായത്തമാക്കാന്‍ നാമോരോരുത്തരുടെയും കൂട്ടമായ പരിശ്രമം അത്യാവശ്യമാണ്

സ്വലാഹുദ്ദീന്‍ പി.കെ കാവനൂര്‍

Leave a Reply

Your email address will not be published. Required fields are marked *