ഈഉലമാക്കളുടെ കാല്പാദങ്ങളില് പറ്റിപ്പിടിച്ച മണ്തരികള് എന്റെ കണ്ണിലെ കൃഷ്ണമണി പോലെയാണ്.. ഉലമാക്കളുടെ കാല്പാദങ്ങളില് ചുംബിക്കുന്നതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു”
ജംഇയ്യത്തുല്‍ ഉലമാ ഹിന്ദിന്റെ ജനറല്‍ സെക്രട്ടറിയായി നിയോഗിതനായ ഹുസൈന് അഹ്മദ് മദനിയെ ആശംസിച്ച് കൊണ്ട് അന്നത്തെ പ്രധാനമന്ത്രിയും സ്വാതന്ത്ര്യ സമരത്തിലെ മുന്നണിപ്പോരാളിയുമായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു ഡല്‍ഹിയില്‍ നടത്തിയ പ്രസംഗത്തിലെ വാക്കുകളാണിത്. മുസ്ലിം പണ്ഡിതരും അനുയായി വൃന്ദവും സ്വാതന്ത്ര്യസമരത്തിനര്പ്പിച്ച ത്യാഗത്തിനുള്ള അംഗീകാരപത്രവും കാലാന്തരത്തില്‍ മുസ്ലിം പ്രതിനിധാനങ്ങളെ തമസ്ക്കരിക്കുന്നവര്ക്കുള്ള ചുട്ട മറുപടിയുമാണ് മേലുദ്ദരിച്ച അദ്ദേഹത്തിന്റെ പ്രസിദ്ധമായ പ്രസംഗ ശകലം.
പ്രകൃതി വിഭവങ്ങളുളള ഇന്ത്യയില്‍ ഒട്ടനവധി ജനപഥങ്ങള്‍ അധിനിവേശം നടത്തിയിട്ടുണ്ട്. പക്ഷേ കാലക്രമേണ ഇന്ത്യന്‍ സംസ്ക്കാരത്തില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത വിധം അലിഞ്ഞ് ചേര്‍ന്ന് രാജ്യ പുരോഗതിക്ക് നിസ്തുല സംഭാവനകളര്പ്പിക്കലാണ് പലരുടെയും പതിവ്. ഈ നടപ്പു രീതിയില്‍ നിന്നും തീര്‍ത്തും ഭിന്നമായിരുന്നു ബ്രിട്ടീഷ് കൊളോണിയല്‍ ശക്തികളുടെ നിലപാട്. ആഥിത്യ മര്യാദ കാണിച്ച് സത്ക്കരിച്ച ഇന്ത്യയോട് വഞ്ചനാത്മകമായി മാത്രമാണ് ബ്രിട്ടണ് പ്രതികരിച്ചത്. ഭാരതത്തിന്റെ വിഭവങ്ങള്‍ നിരന്തരം കൊള്ള ചെയ്ത് പതിനായിരം കാതങ്ങളെലെയുള്ള ബ്രിട്ടന് സാമ്രാജ്യത്തിന്റെ സുഖ സുഷുപ്തിക്ക് നിര്‍ലോഭം ഉപയോഗിച്ചു. തത്ഫലമായി രാജ്യത്ത് വിഭവ ദൗര്‍ലഭ്യവും പട്ടിണി മരണങ്ങളും ക്രമാതീതമായി വര്‍ധിച്ചു. ഇന്ത്യന്‍ പൗരന്മാരെ രണ്ടാം കിടക്കാരായി ഗണിച്ച് മൃഗതുല്യമായിക്കണ്ട് പൗരന്റെ സ്വത്വ ബോധത്തെ നിരാകരിച്ചു. നിത്യോപയോഗ സാധനങ്ങള്‍ക്കും തങ്ങളുടെ ഭൂമിക്ക് വരേയും ഭീമമായ നികുതി ചുമത്തി.
സത്യ വിശ്വാസികളെ സംബന്ധിച്ചിടത്തോളും ഈ അടിമത്വം അസഹ്യമായിരുന്നു. കാരണം ജന്മ നാടിനെ കട്ടുമുടിക്കുന്ന ദു:ശക്തിക്കെതിരെ സമര മുഖം തീര്‍ക്കാന്‍ ആജ്ഞാപിക്കുന്നതായിരുന്നു ഇസ്ലാമിന്റെ പ്രമാണങ്ങള്‍. അത് കൊണ്ട് തന്നെയാണ് സ്വാതന്ത്ര സമരത്തിന്റെ തീച്ചൂളയില്‍ ആത്മാര്‍പ്പണം നടത്തിയ പണ്ഡിത വരേണ്യരുടെയും മുസ്ലിം ജനസാമാന്യത്തിന്റെയും നീണ്ട നിര നമുക്ക് വായിക്കാനാവുന്നതും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി മുസ്ലിം സംഭാവനകളെ മുക്തകണ്ഡം പ്രശംസിക്കുന്നതും. സ്വാതന്ത്ര സമരത്തില്‍ മാത്രമല്ല ഇന്ത്യയെ അംഗഛേദം സംഭവിക്കാതെ സംരക്ഷിക്കുന്നതിലും മുസ്ലിം പണ്ഡിത നേതൃത്വം അതീവ ശ്രദ്ധാലുക്കളായിരുന്നു. വിഭജന വിഭാഗീയ ശബ്ദങ്ങളോട് സന്ധിയില്ലാത്ത നിലപാടാണ് പണ്ഡിത നേതൃത്വം കൈ കൊണ്ടത്. തത്ഫലമായി ജിന്നയുടെ നേതൃത്വത്തിലുള്ള ലീഗ് അണികളില്‍ നിന്നും വിമര്ശനക്കൂരമ്പുകളാണ് ഇന്ത്യന്‍ ഉലമമാക്കള് ഏല്‍ക്കേണ്ടി വന്നത്. അവകളെ ധീരമായി നേരടാനും മത പ്രമാണങ്ങള്‍ നിരത്തി എതിര് ശബ്ദങ്ങളുടെ മുനയൊടിക്കാനും പണ്ഡിതര്‍ കാണിച്ച ധൈര്യം രാജ്യത്തിന്റെ ഐക്യബോധത്തെ പ്രോജ്വലിപ്പിച്ച് നിര്‍ത്തുന്നതായിരുന്നു.
മൗലവി ശരീഅത്തുള്ള, മകന് മൗലവി മുഹ്സിന് നാസര്‍ തുടങ്ങിയ പണ്ഡിതരുടെ നേതൃത്വത്തില്‍ ബംഗാളില്‍ നടന്ന വൈദേശിക വിരുദ്ധ മുന്നേറ്റങ്ങള്‍ തുല്യതയില്ലാത്തതായിരുന്നു. ജനങ്ങളില്‍ വലിയ സ്വാധീനം ചെലുത്തിയ നേതാവായിരുന്നു ശരീഅത്തുള്ള. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളില്‍ ആകൃഷ്ടരായ ആള്‍ക്കൂട്ടം ബ്രിട്ടീഷ് അധികാരികളുടെ സ്വാസ്ഥ്യം കെടുത്തിക്കൊണ്ടേയിരുന്നു.
19ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ സയ്യിദ് അഹ്മദിന്റെ നേതൃത്വത്തില്‍ റായ്ബറേലി ആസ്ഥാനമായി കോളനി വിരുദ്ധ സംഘടനകള്‍ സ്ഥാപിക്കപ്പെട്ടു. അരികുവല്‍ക്കരിക്കപ്പെട്ട കാര്‍ഷിക തൊഴിലാളി സംഘടനകളുടെ സ്നേഹം സമ്പാദിക്കാനും അവരെക്കൂടി സമര രംഗത്തേക്കെത്തിക്കാനും സയ്യിദ് അഹ്മദിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു. ബ്രിട്ടീഷ് ആധിപത്യത്തെ തൂത്തെറിയലായിരുന്നു സയ്യിദിന്റെ സംഘടനകളുടെ ആത്യന്തിക ലക്ഷ്യം.
ഒന്നാം സ്വാതന്ത്ര സമരത്തില്‍ ബ്രിട്ടനെതിരായ വികാരം വളര്‍ത്തിയെടുക്കുന്നതില്‍ ഷാ വലിയുള്ളാഹിദ്ദഹ്ലവിയുടെ ചിന്താ സരണി നിര്‍ണ്ണായക പങ്ക് വഹിച്ചു. ഇന്ത്യന്‍ മുസ്ലിംകള്ക്കിടയില് ദൃശ്യമായ വിദ്യാഭ്യാസ സാംസ്കാരിക രാഷ്ട്രീയ ഉത്ഥാനങ്ങള്ക്കെന്ന പോലെ ഇന്ത്യന്‍ മുസ്ലിംകളുടെ ബ്രിട്ടീഷ് വിരുദ്ധ നിലപാടുകള്‍ക്ക് മുഖ്യ പ്രചോദനം ഷാ വലിയുള്ളാഹിയുടെ ധൈഷണിക വ്യവഹാരങ്ങളായിരുന്നു. ബ്രിട്ടീഷ് വിരുദ്ധ സമരത്തിന് ഇന്ധനം പകരലായിരുന്നു അദ്ദേഹത്തിന്റെ അനുയായി വൃന്ദത്തിന്റെ പ്രധാന ലക്ഷ്യം. നിരവധി ശിഷ്യന്മാരെ വധശിക്ഷക്ക് വിധേയമാക്കിയും ശേഷിക്കുന്നവരെ മാള്‍ട്ട, ആന്തമാന്‍ ദ്വീപുകളിലേക്ക് നാടു കടത്തിയുമാണ് അധിനിവേശ ശക്തികള്‍ അദ്ദേഹത്തോടുള്ള അരിശം തീര്‍ത്തത്. ഷാ വലിയുള്ളാഹിയുടെ വിയോഗാനന്തരം മൂത്ത പുത്രന് ഷാ അബ്ദുല്‍ അസീസ് ദഹ്ലവി സമര നേതൃത്വമേറ്റെടുത്തു. ബ്രിട്ടീഷ് ഭരണത്തിനു കീഴിലുള്ള ഇന്ത്യ, ദാറുല്‍ ഹര്‍ബ്(യുദ്ധഭൂമി)ആണെന്നായിരുന്നു അദ്ദേഹത്തിന്റെ ഫത്വ. ഷാ അബ്ദുല്‍ അസീസിന്റെ ശിഷ്യന് സയ്യിദ് അഹ്മദ് സ്ഥാപിച്ച മുജാഹിദീന്‍, സ്വാതന്ത്രത്തിനായുള്ള മുസ്ലിംകളുടെ ആദ്യ ബഹുജന പ്രസ്ഥാനമാണ്. ബീഹാറിലെ സാദിഖ് പൂര് കുടുംബാംഗങ്ങളായ മൗലാനാ ഇനായത്ത് അലി, വിലായത്ത് അലി എന്നിവര്‍ മുജാഹിദീന്‍ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്ക് കടന്നു വന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ ശക്തമായ സമരം ചെയ്യല്‍ മുസല്‍മാന്റെ ബാധ്യതയാണെന്നും കഴിയാത്തവര്‍ പലായനം നടത്തേണ്ടതാണെന്നും ഇരുവരും പ്രഖ്യാപിച്ചു.
ബ്രിട്ടീഷുകാരെ രാജ്യത്ത് നിന്ന് തൂത്തെറിയേണ്ടത് മതപരമായ ബാധ്യതയാണെന്നും അതിനായി ഹിന്ദു സമുദായവുമായുള്ള യോജിപ്പ് അനിവാര്യമാണെന്നായിരുന്നു 1920 ല്‍ ജംഇയ്യത്തുല്‍ ഉലമ സമ്മേളനത്തില്‍ മൗലാനാ മുഹമ്മദ് ഹസന്റെ ആഹ്വാനം. പ്രസ്തുത പ്രസംഗത്തില്‍ സമ്മിശ്ര ദേശീയതയുടെ അനിവാര്യതയും അതിനുള്ള മത പ്രമാണങ്ങളും അദ്ദേഹം ഉദ്ധരിച്ചു.
ദക്ഷിണേന്ത്യയില്‍ ബ്രിട്ടീഷ് താല്പര്യങ്ങളെ ചവിട്ടിമെതിച്ചതും മുസ്ലിംകളായിരുന്നു. 18ാം നൂറ്റാണ്ടില്‍ ഹൈദര്‍ അലിയുടേയും ടിപ്പു സുല്‍ത്താന്റെയും നേതൃത്വത്തിലുള്ളവര്‍ മൈസൂര്‍ പിന്നീട് മലബാറിലെ മുസ്ലിം മാപ്പിളമാരും ബ്രട്ടന്റെ കോളനി വല്‍ക്കരണത്തിനെതിരെ നിതാന്ത ജാഗ്രതയും നിരന്തര സമരങ്ങളും തീര്‍ത്തു കൊണ്ടേയിരുന്നു. 1767-1799 വര്‍ഷത്തിനിടയില്‍ മൈസൂരിന്റെ സമീപ പ്രദേശങ്ങളിലായിലു യുദ്ധങ്ങള്‍ ബ്രിട്ടന് നടത്തേണ്ടി വന്നു.
അമിത നികുതി, നിത്യോപയോഗ വസ്തുക്കളുടെ വിലവര്‍ദ്ധനവ്, കുടിയൊഴിപ്പിക്കല്‍ തുടങ്ങിയുള്ള അധീശത്വ നിലപാടുകള്‍ക്കെതിരെയുള്ള ശക്തമായ നിലപാടുകളായിരുന്നു ഖുതുബുസ്സമാന്‍ മമ്പുറം തങ്ങളുടേത്. വൈദേശിക ശക്തികളോടുള്ള തുറന്ന പോരാട്ടത്തിന് അദ്ദേഹം അനുയായികളെ തയ്യാറാക്കി .തങ്ങളുടെ സൈഫുല്‍ ബത്താറെന്ന കൃതി ജനങ്ങള്‍ക്കിടയില്‍ സമരാവേശം വ്യാപിപ്പിക്കാന്‍ പോന്നതായിരുന്നു. അങ്ങാടികളും വീടുകളും റൈഡ് നടത്തി സൈഫുല്‍ ബത്താറിന്റെ കോപ്പികള്‍ കണ്ട് കെട്ടാനും നശിപ്പിച്ചായിരുന്നു ബ്രിട്ടീഷ് തിട്ടൂരം. മമ്പുറം തങ്ങള്‍ നേരിട്ട് പങ്കെടുത്ത ചേറൂര് പോരാട്ടത്തില്‍ തങ്ങളുടെ കാലിന് വെട്ടേല്‍ക്കുകയും ഏഴ് പേര് രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. യുദ്ധത്തില്‍ കാലിനേറ്റ ക്ഷതം മരണം വരെ തങ്ങളെ വേദനിപ്പിച്ചുകൊണ്ടിരുന്നു. ബ്രിട്ടീഷ് അധികാരികള്‍ക്ക് അന്നത്തെ ഗവര്‍ണര്‍ എഴുതിയ കത്തില്‍ മമ്പുറം തങ്ങളെ വിശേഷിപ്പിച്ചത് വര്‍ധിത ജനസ്വാധീനമുള്ള ആത്മീയ നായകനായാണ്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്ന പക്ഷം മലബാറില്‍ ബ്രിട്ടീഷ് വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെടുമെന്ന മുന്നറിയിപ്പും ഗവര്‍ണറുടെ കത്തിലുണ്ട്.
1815-19 കാലഘട്ടത്തിലാണ് ഉമര്‍ ഖാളിയുടെ നികുതി നിഷേധ നിസ്സഹകരണ പ്രസ്ഥാനം ശക്തി പ്രാപിച്ചത്. അല്ലാഹുവിന്റെ ഭൂമിക്ക് നികുതി ഈടാക്കാന്‍ ബ്രിട്ടനുകാര്ക്ക് അധികാരമില്ലെന്ന സമര കാഹളമുയത്തിയാണ് അദ്ദേഹം സമരം നയിച്ചത്.
ചുരുക്കത്തില്‍ സ്വാതന്ത്ര സമര ചരിത്രത്തില്‍ അനല്‍പ്പമായ ഭാഗധേയം മുസ്ലിംകളുടേതായുണ്ട്. ദേശ വിരുദ്ധ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തിന് സര്‍വ്വാത്മനാ നേതൃത്വം വഹിക്കുകയും ജീവാര്‍പ്പണം നടത്തുകയും ചെയ്ത മുസ്ലിം നേതൃത്വത്തെ മാറ്റി നിര്‍ത്തിയുള്ള അഭിനവചരിത്ര രചനകള്‍ ചരിത്രത്തോടുള്ള കൊടും വഞ്ചനയാണ്. മുസ്ലിംകളുടെ രാജ്യസ്നേഹം ഉരച്ച് നോക്കാന്‍ വരുന്ന ഫാസിസ്റ്റ് ദുര്ഭൂതങ്ങള് ബ്രിട്ടീഷ് വിരുദ്ധ യുദ്ധത്തില്‍ തങ്ങളുടെ സംഭാവന മുസ്ലിം സംഭാവനയോട് ആധികാരിക ചരിത്രം മാനദണ്ഡമാക്കി താരതമ്യം ചെയ്യാന്‍ തയ്യാറാകുകയാണ് ആദ്യം ചെയ്യേണ്ടത്.
അബൂബക്കര്‍ ഒതങ്ങാട്ടില്‍