2018 July-August Hihgligts Shabdam Magazine കാലികം ലേഖനം

സ്വാതന്ത്ര്യ ഇന്ത്യയിലെ ഫാഷിസ്റ്റ് ഭീകരതകള്‍

രാജ്യസ്നേഹികളുടെ ശക്തമായ പോരാട്ടം കാരണം ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍ നിന്നും 1947ല്‍ ഇന്ത്യ സ്വാതന്ത്രം നേടി. മുസ്ലീം കള്‍ക്കും ഇതില്‍ നേതൃത്വപരമായ പങ്കുണ്ടായിരുന്നു. സ്വാതന്ത്രത്തിന്‍റെ ശുദ്ധവായു ശ്വസിച്ച് സുരക്ഷിതരായി ജീവിക്കാം എന്ന സ്വപ്നമാണവരെ ഈ പോരാട്ടത്തിന് സജ്ജമാക്കിയത്. പക്ഷേ, അവരുടെ സ്വപ്നങ്ങള്‍ക്ക് കരിനിഴലു വീഴാന്‍ താമസമുണ്ടായില്ല. 1948ല്‍ തന്നെ രാജ്യം മതത്തിന്‍റെ പേരില്‍ ഭിന്നിക്കപ്പെട്ടു. മുസ്ലിം ലീഗും ഹിന്ദു മഹാസഭയും പരസ്പരം തമ്മില്‍ തല്ലി. പിന്നീട് ഇന്ത്യയുടെ മതേതര ഭരണകൂടവും മുസ്ലിംങ്ങളുടെ അധപതനത്തിന് വേണ്ടി നിലകൊണ്ടു. മുസ്ലിങ്ങള്‍ ഏതെങ്കിലും പ്രദേശത്ത് സാമ്പത്തികമായും വൈജ്ഞാനികമായും അഭിവൃതിപ്പെടുമ്പോള്‍ അവരെ ദുര്‍ബലപ്പെടുത്താനും സ്വത്ത് കൊള്ളയടിക്കാനുമായി ഹൈന്ദവ ഫാഷിസ്റ്റുകള്‍ നിരന്തരമായി കലാപങ്ങള്‍ സൃഷ്ടിച്ചു. അനേകം മുസ്ലിംങ്ങളെ കൂട്ടകൊലചെയ്തു. അഭയാര്‍ത്ഥികളാക്കിയും സ്ത്രീകളെ പീഡനത്തിനിരയാക്കിയും നൂറുകണക്കിന് കലാപങ്ങള്‍ രാജ്യത്ത് സൃഷ്ടിച്ചുകൊണ്ടിരുന്നു. ഇതോടെ ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ് തന്ത്രമാണ് രാജ്യത്ത് വിജയിച്ചത്. ഇന്ത്യയിലാകമാനം മതവിശ്വാസം മതവര്‍ഗ്ഗീയതക്ക് വഴിമാറി. നാനാത്വത്തില്‍ ഏകത്വവും രാഷ്ട്രീയ അഖണ്ഡതയും ഉയര്‍ത്തിപിടിക്കുന്ന നമ്മുടെ ഭാരതത്തിന്‍റെ അവസ്ഥയും അത്തരത്തിലായി. ബ്രിട്ടീഷുക്കാര്‍ രാജ്യം വിട്ടുപോകുമ്പോള്‍ ബാക്കിയാക്കിപ്പോയ ഹിന്ദു മുസ്ലിം സഘട്ടനം സ്വതന്ത്രനാന്തരം ആളിപടര്‍ന്നു. പിന്നീടത് വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് ഹേതുവായി.
1990കളിലെ ബാബരി മസ്ജിദിന്‍റെ തകര്‍ച്ച മുതല്‍ തുടങ്ങിയതല്ല ഇന്ത്യയില്‍ ഹിന്ദുത്വ ഫാസിസ്റ്റ് വിളയാട്ടം. രാജ്യ സ്വാതന്ത്രത്തിന് വേണ്ടി ചോര നീരാക്കി പോരാടിയ രാഷ്ട്രപിതാവ് മാഹാത്മഗാന്ധിയെ വധിച്ചത് മുതല്‍ രാജ്യത്ത് ആമഹാത്മാവിന്‍റെ ശാപം ഒളിഞ്ഞിരിപ്പുണ്ട്. ഹിന്ദുത്വ രാഷ്ട്രത്തിന് വേണ്ടി പോരാടിയ നാഥുറാം ഗോഡ്സയും നാരയണന്‍ ആപ്തയും ചേര്‍ന്നാണ് ഇന്ത്യയുടെ രാഷ്ട്രപിതാവിനെ ബിര്‍ളാ ഹൗസിലെ പ്രാര്‍ത്ഥന വേളയില്‍ അരുംകൊല ചെയ്തത്. അന്ന് മുതല്‍ മതേതരത്വത്തിനും ബഹുസ്വരതക്കും വേണ്ടി അചഞ്ചലം നില കൊള്ളുന്ന ഓരോരുത്തരുടെയും ഭിന്ന നിലകളില്‍ ദുര്‍ബലപ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ സംഘ്പരിവാര്‍ തുടര്‍ന്ന് കൊണ്ടേയിരുന്നു. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത സമൂഹത്തെ ശത്രുതയോടെ മാത്രം സമീപിക്കുകയും അവര്‍ക്കെതിരെ നിരന്തരം അക്രമണങ്ങളഴിച്ചുവിട്ട് ഉന്മൂലനം ചെയ്യുക വഴി ഇസ്റാഈല്‍ ഫലസ്തീനിന്‍റെ മേല്‍ നടത്തികൊണ്ടിരിക്കുന്ന സയണിസ്റ്റ് തന്ത്രമാണ് നാളിതുവരെ സംഘ ്പരിവാര്‍ രാജ്യത്ത് നടത്തികൊണ്ടിരിക്കുന്നത്. ഇതുവഴി ഇന്ത്യയെ രാമരാജ്യമാക്കി മാറ്റി നിര്‍ത്താനാണവര്‍ ശ്രമിക്കുന്നത്.
ആര്‍ എസ് എസിന്‍റെ പ്രത്യയ ശാസ്ത്ര സംഹിതയായ വിചാരധാര ഹിന്ദു രാഷ്ട്ര സ്ഥാപനത്തിന് വിഘാതമായി എന്നുപറഞ്ഞ് പട്ടികയില്‍ ഉള്‍പെടുത്തി ഉന്മൂലനത്തിനായി കാത്തിരിക്കുന്ന വിഭാഗങ്ങളുണ്ട് മൂന്ന് രാജ്യത്ത്. മുസ്ലിം, കൃസ്ത്യന്‍, കമ്മ്യൂണിസ്റ്റ് എന്നിവരാണവര്‍.
രാജ്യം സ്വതന്ത്ര്യമാകുമ്പോള്‍ മുപ്പത് കോടി ജനങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. എന്നാല്‍, സ്വാതന്ത്ര്യം കിട്ടിയതിനു പിറ്റേ ദിവസം തന്നെ രാജ്യത്ത് വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് തുടക്കം കുറിച്ചു. പത്ത് വര്‍ഷത്തിനുള്ളില്‍ നൂറ് കണക്കിന് കലാപങ്ങള്‍ രാജ്യത്ത് അരങ്ങേറി. എന്നാല്‍ അന്വേഷണ വിധേയമാക്കിയ ആദ്യ കലാപം 1961ലെ ജബല്‍പൂര്‍ കലാപമായിരുന്നു. ജസ്റ്റിസ് ശിവദെയാലിനിയെ ആയിരുന്നു നെഹ്റു സര്‍ക്കാര്‍ അന്വേഷണ കമ്മീഷണറായി നിയമിച്ചത്. ഒരു സമൂഹത്തിന്‍റെ സകല സമ്പാദ്യവും തകര്‍ത്തു കളഞ്ഞ ഈ കലാപത്തിനു പിന്നില്‍ ഹിന്ദു മഹാസഭയായിരുന്നു. ശേഷം, 1964ല്‍ കൊല്‍ക്കത്ത, ജംഷഡ്പൂര്‍, 1967 പട്യാലയിലുമായി നടന്ന കലാപങ്ങളില്‍ പതിനായിരങ്ങളാണ് അരുംകൊല ചെയ്യപ്പെട്ടത്. എന്നാല്‍ 1968-69കളില്‍ ഗോമാതാവിന്‍റെ പേരില്‍ ഉണ്ടായ കലാപങ്ങളില്‍ മുവ്വായിരത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്. 1969ല്‍ സെപ്തംബറില്‍ അഹമ്മദബാദിലെ കലാപത്തെക്കുറിച്ച് ജസ്റ്റിസ് ജഗന്‍മോഹന്‍ റെഡ്ഡി കമ്മീഷന്‍ കണ്ടെത്താനായത് കലാപത്തിന്‍റെ ഉറവിടം ആര്‍.എസ്എസും ജനസംഘവുമാണെന്നാണ്. തുണിവ്യവസായ മേഖലയില്‍ തൊഴിലെടുത്തിരുന്ന മദ്ധ്യവര്‍ഗ്ഗ ഹിന്ദുക്കളും മുസ്ലിംകളും സൗഹാര്‍ദപരമായി ജീവിതം നയിച്ചു കൊണ്ടിരിക്കുന്ന അവിടെ ആര്‍.എസ്.എസിന്‍റെ പ്രേരണയാലാണ് ഹിന്ദു ധര്‍മ്മ രക്ഷക സമിതി രൂപികരിച്ചത്. അതുവഴി ഹിന്ദു, മുസ്ലിം വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കുകയും ചെയ്തു. കോണ്‍ഗ്രസ് ചെറുതല്ലാത്ത സഹായമാണ് ആര്‍.എസ്.എസിനു ചെയ്തു കൊടുത്തത്. സ്വതന്ത്ര്യാനന്തര ഭാരതത്തിലുണ്ടായ വര്‍ഗ്ഗീയവും വംശീയവുമായ കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്ക് നിയമ സംവിധാനങ്ങളില്‍ രക്ഷാകവചം ഒരുക്കുകയാണ് നാളിതു വരെ ഭരണകക്ഷിയായ കോണ്‍ഗ്രസ്സ് ചെയ്തത്. മതന്യൂനപക്ഷങ്ങളുടെ വോട്ടു വാങ്ങി സവര്‍ണ്ണ ഫാഷിസ്റ്റുകളുടെ കലാപങ്ങള്‍ക്ക് രഹസ്യ പിന്തുണ നല്‍കുന്നതില്‍ കോണ്‍ഗ്രസ്സ് വിജയം കണ്ടു. കോണ്‍ഗ്രസ്സ് ഭരണാധികാരികള്‍ക്ക് കലാപങ്ങളോടുള്ള കൂറും കലാപികള്‍ക്ക് യുപിഎ ഭരണത്തില്‍് സംരക്ഷണം ഒരുക്കുന്നതിലുള്ള താല്‍പര്യവും തുറന്നുകാട്ടുന്നതായിരുന്നു 1990കളില്‍ ബാബരി മസ്ജിദ് തകര്‍ച്ചയിലേക്ക് നയിച്ചത്. രാജ്യം ആര് ഭരിച്ചപ്പോഴും പിന്നോക്കം നിന്നത് മുസ്ലിം ന്യൂനപക്ഷമാണ്. 1947 മുതല്‍ 92 വരെ ഇന്ത്യന്‍ മുസ്ലിംകള്‍ കോണ്‍ഗ്രസിനോടൊപ്പമായിരുന്നു. നിര്‍ബാധം വോട്ട് ചെയ്ത് അവര്‍ കോണ്‍ഗ്രസ്സിനെ അധികരത്തിലേറ്റി. പക്ഷെ, മുസ്ലിംകളോട് നീതി കാണിച്ചില്ല. പ്രീണനമോ വേറിട്ട പരിഗണനയോ മുസ്ലിം സമുദായത്തിന് ആവശ്യമില്ല. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന സാമൂഹ്യ നീതിയും അവസര സമത്വം മുസ്ലിംകള്‍ക്ക് വക വെച്ചു കൊടുക്കാന്‍ പോലും പാര്‍ട്ടിക്കായില്ല. മുസ്ലിം സമൂഹത്തിന്‍റെ നിലവിലെ സ്ഥിതി നിലവാരമറിയാന്‍ ഏറ്റവും ഉപകരിക്കുന്നത് സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടാണ്. 2006ല്‍ യുപിഎ സര്‍ക്കാറില്‍ സമര്‍പ്പിക്കപ്പെട്ട ഈ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ഏറ്റവും വലിയ ദരിദ്ര വിഭാഗം മുസ്ലിംകളാണ്. രാജ്യത്തെ മുസ്ലിംകള്‍ക്കായി നാളിതുവരെ കോണ്‍ഗ്രസ്സിന് ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല എന്നാണ് സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പറയുന്നത്.
ഇന്ന് 125 കോടി കഴിഞ്ഞ ഇന്ത്യന്‍ ജനതയെ രാഷ്ട്രീയപരമായി ഒതുക്കിനിര്‍ത്താനുള്ള കഴിവും അധികാരവും ലഭിച്ച രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ഭരണകുടം പൂര്‍ണ്ണമായും വംശീയവും ദേശീയവുമായ ഏകത്വതത്തിലേക്ക് പ്രവേശിക്കുകയാണ്. ഈ ഏകത്വം എന്നത് ഹൈന്ദവതയാണെന്നും അത് കൊണ്ട് ഇന്ത്യ എന്നത് ഹിന്ദു രാഷ്ട്രമാണെന്നും അവര്‍ വാദിക്കുന്നു. ഇത് ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യ അധികാരത്തിന്‍റെ ലംഘനമാണെന്നറിഞ്ഞിട്ടും അവര്‍ എല്ലാ മൂല്യങ്ങളെയും കത്തിച്ച് ഹിന്ദുത്വ സാക്ഷാത്കാരത്തിന്‍റെ പണി തുടങ്ങി. ഇതിന് ചരിത്രത്തില്‍ കണ്ടത് പോലെ സാംസ്കാരിക ഇടങ്ങളില്‍ തങ്ങളുടെ വിചാരങ്ങളെ സ്ഥാപിച്ചെടുക്കുകയാണവര്‍. അതിനെതിരെയുള്ള ഏതൊരു ശബ്ദങ്ങളെയും നിഷ്കരണം നിശബ്ദമാക്കുന്നു. ഹിന്ദുത്വ അധികാര സ്ഥാനരോഹണത്തിനു ശേഷം യു.ആര്‍ അനന്തമൂര്‍ത്തിക്കു നേരെ ഉയര്‍ന്ന എതിര്‍ ശബ്ദത്തെ തിരിച്ചറിയേണ്ടത് ഈ അര്‍ത്ഥത്തിലാണ്. ഒരു ഹിന്ദുവായിട്ടു പോലും അദ്ദേഹത്തിന് ഒരു പരിഗണന പോലും ലഭിച്ചില്ല. തന്‍റെ എഴുത്തിന്‍റെ സര്‍വ്വമേഖലകളിലും അദ്ദേഹം സ്വീകരിച്ച നിലപാട് സവര്‍ണ്ണ ഹിന്ദുത്വ അജണ്ടകള്‍ക്ക് എതിരായിരുന്നു. ശേഷം, തമിഴ് എഴുത്തുകാരനായ പെരുമാള്‍ മുരുകന്‍റെ ‘അര്‍ത്ഥനാരീശ്വരന്‍’ എന്ന നോവലിനെതിരെയും ഫാഷിസ്റ്റ് ഭീഷണി ഉണ്ടായപ്പോള്‍ തന്‍റെ എഴുത്തുപണി മരിച്ചുപോയന്ന് അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി. എഴുത്തുകാരനും കന്നട സര്‍വ്വകലാശാല വൈസ് ചാന്‍സലറുമായ കല്‍ബുര്‍ഗി ആഗസ്റ്റ് മുപ്പതിനാണ് സ്വന്തം വീട്ടില്‍ സംഘ്പരിവാറിന്‍റെ വെടിയുണ്ടകള്‍ക്ക് ഇരയായത്. ഹിന്ദു മതത്തിലെ അനാചാരങ്ങള്‍ക്കെതിരെ ശബ്ദിച്ചതിനാലാണത്രെ അദ്ദേഹത്തെ വെടി വെച്ച് കൊലപ്പെടുത്തിയത്. സി.പി.ഐ മഹാരാഷ്ട്ര ഘടകം സെക്രട്ടറി ആയിരുന്ന ഗോവിന്ദ് പാന്‍സാരയെ പ്രഭാത സവാരിക്കിടെയാണ് ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ വെടിവെച്ച് കൊന്നത്. കര്‍ണ്ണാടകയിലെ സംഘ്പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന തെമ്മാടിത്തത്തിന്‍റെ അവസാന ഇരയാണ് മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷ്. കഴിഞ്ഞ സെപ്തംബര്‍ അഞ്ചിന് രാത്രി എട്ടരയോടെ ബൈക്കിലെത്തിയ അക്രമിസംഘം ബാഗ്ലൂരിലെ ആര്‍.എസ്.എസ് നഗറിലെ വീട്ടില്‍ അതിക്രമിച്ചു കയറി ഗൗരി ലങ്കേഷിനെ വെടിവെച്ച് കൊല്ലുകയായിരുന്നു. ആര്‍ആര്‍ സംഘ്പരിവാര്‍ നയങ്ങളുടെ രൂക്ഷ വിമര്‍ഷകയായിരുന്ന ഗൗരിലങ്കേഷ് ഹിന്ദുത്വ മതമൗലിക വാദികളുടെ എക്കാലത്തേേയും നോട്ടപ്പുള്ളികളില്‍ ഒരാളായിരുന്നു. പ്രൊഫസര്‍ കെ.എസ് ഭഗവാന്‍, സുരഭി ലക്ഷ്മി, എം.ടി വാസുദേവന്‍ നായര്‍, ഗിരീഷ് കര്‍ണ്ണാട്, ഷാറൂക് ഖാന്‍, ദിവ്യാഭാരതി, അമീര്‍ ഖാന്‍, കമല്‍ ഗുലാം തുടങ്ങിയവരെല്ലാം വിവിധ നിലകളില്‍ ഭീഷണികളെ അധിജയിച്ച് വര്‍ഗ്ഗീയ ഫാഷിസത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചവരാണ്.
ഭ്രാന്തമായ വര്‍ഗ്ഗീയ കലാപത്തിന്‍രെ പേരില്‍ ഈയടുത്ത് പശ്ചിമബംഗാളില്‍ രണ്ട് ജീവനുകളാണ് പൊലിഞ്ഞത്. പശ്ചിമ ബംഗാള്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് വഴിമാറിയെത്തും. ഹിന്ദുക്കള്‍ കടുത്ത ഭീഷണിയിലാണെന്നും അവരുടെ അവസ്ഥ കാശ്മീരിലെ പണ്ഡിറ്റുകള്‍ക്ക് സമാനമാണെന്നുമുള്ള 17 വയസ്സുകാരന്‍റെ ഫേസ്ബുക്ക് പോസ്റ്റാണെതിന് കാരണം. മുഖ്യമന്ത്രി മമതാ ബാനര്‍ജി മുസ്ലിംകളെ പ്രീണിപ്പിക്കുകയാണെന്നും സര്‍ക്കാരിന്‍റെ പിന്തുണയോടെ ഇസ്ലാമിക മതമൗലിക വാദികള്‍ വളരുകയാണെന്നുമുള്ള ഹിന്ദുത്വ ചാനല്‍ വാര്‍ത്ത ഈ കലാപത്തിന് ഊര്‍ജ്ജം പകര്‍ന്നു. ഈ പോസ്റ്റിട്ട വിദ്യാര്‍ത്ഥിക്ക് സംഘ്പരിവാര്‍ പിന്തുണ നല്‍ക്കിക്കൊണ്ട് മുന്നോട്ട് വന്നതോടെ അവിടെ മുഖ്യമന്ത്രി-ഗവര്‍ണര്‍ പോരിന് ശക്തി കൂട്ടി. പക്ഷെ, സംസ്ഥാന സര്‍ക്കാരിന്‍റെ ശക്തമായ ഇടപെടല്‍ മൂലം ഒരാഴ്ച്ചക്കുള്ളില്‍ തന്നെ അവിടെ ക്രമസമാധാനം കൊണ്ടുവരാന്‍ സാധിച്ചു. ബംഗാളിലെ സ്ഥിതിഗതികള്‍ ഇപ്പോഴും സങ്കീര്‍ണ്ണമാണ്. കലാപങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോഴും ഒരു വിഭാഗം ആളുകള്‍. അതുവഴി സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം കൊണ്ടുവരാനും അവര്‍ ശ്രമിക്കുന്നു. ബിജെപിയുടെ സാമുദായിക ദ്രുവീകരണം ഭീഷണിപ്പെടുത്തുന്ന വേഗത്തിലാണ്. വാളുകള്‍ വീശി ഭീഷണിപ്പെടുത്തി കൊണ്ടുള്ള നവമി ആഘോഷത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി നിരോധനം ഏര്‍പ്പെടുത്തിയെങ്കിലും ചില ഹിന്ദുത്വ മേഖലകളില്‍ അത് സംഭവിക്കുകയുണ്ടായി. രാജ്യത്തെ ഓരോ അടുക്കളയിലും കയറിയിറങ്ങി ബീഫ് അന്വേഷിക്കുന്ന തിരക്കിലാണ് ഇന്ന് സംഘ്പരിവാര്‍. ഇന്ത്യയിലിപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ചെറുതും വലുതുമായ മുഴുവന്‍ കലാപങ്ങളും ഗോമാതാവിന്‍റെ പേരിലാണെന്ന് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും. അഖ്ലാഖും ജുനൈദും തുടങ്ങീ അറുപതിലേറെ പേരാണ് ഗോമാതാവിന്‍റെ മൃഗീയമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്ക് മുമ്പ് കാശ്മീരിലെ കത്വയിലും ഉന്നാവോയിലുമുണ്ടായ പിഢനങ്ങള്‍ക്ക് പിന്നിലും ഹിന്ദുത്വ വര്‍ഗ്ഗീയ ശക്തികളായിരുന്നു. രാജ്യമെമ്പാടും ഒമ്പത് വയസ്സുകാരിയായ ആസിഫയെ ഹീനമായി പീഢിപ്പിച്ച് കൊലപ്പെടുത്തിയതിനെതിരെയുള്ള പ്രതിഷേധമിരമ്പുകയായിരുന്നു. സംഭവം നടന്ന ജമ്മുവും രോഷാഭരിതമാണ്. പക്ഷെ, ജമ്മുവിലെ രോഷപ്രകടനങ്ങളൊന്നും ഇരക്കു വേണ്ടിയായിരുന്നില്ല. ഇവിടെ ആക്രോഷങ്ങള്‍ മുഴുവന്‍ ബലാത്സംഗ കേസിലെ പ്രതികളെ വിട്ടയക്കണമെന്നും കുറ്റം റദ്ദു ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. ഹിന്ദു ഏകതാ ബെഞ്ച് ആയിരുന്നു പ്രതികളെ വിട്ടുകിട്ടാന്‍ ശക്തമായി പ്രതിഷേധം സംഘടിപ്പിച്ചത്. ഉന്നാവോയിലേയും സംഭവം ഇതിനു സമാനമായിരുന്നു. ആഖജ ഇതര സംസ്ഥാനങ്ങളില്‍ കലാപങ്ങള്‍ സൃഷ്ടിച്ച് കൊണ്ട് രാഷ്ട്രപതി ഭരണം കൊണ്ട് വരാനുള്ള ശ്രമമാണ് സംഘ്പരിവാര്‍ നടത്തുന്നത്. മെഹബൂബാ മുഫ്തി സര്‍ക്കാറുമായുള്ള സഖ്യം പിന്‍വലിച്ചതിലൂടെയും ബംഗാളില്‍ കലാപം സൃഷ്ടിച്ചതിലൂടെയും രാഷ്ട്രപതി ഭരണമാവര്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ വര്‍ഗീയ കലാപങ്ങളെ കുറിച്ച് പഠനം നടത്തിയ പോള്‍ ബ്രോസ് അഭിപ്രായപ്പെടുന്നത് ഇവിടെയൊരു സുസ്ഥാപിതമായ കലാപ പ്രവര്‍ത്തന രീതി നടക്കുന്നുണ്ടെന്നാണ് യാലെ സര്‍വ്വകലാശാല മറ്റൊരു ശ്രദ്ധേയമായ പഠനം വ്യക്തമാക്കുന്നത്. വര്‍ഗീയ കലാപങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ അടുത്തു തന്നെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയായിരിക്കുമെന്നും ഇതില്‍ ആഖജ യായിരിക്കും നേട്ടം കൊയ്യുകയെന്നുമാണ്.
125 കോടി ജനങ്ങളില്‍ വലിയൊരു വിഭാഗം ജനങ്ങളും ഭയത്തിന്‍റേയും ആശങ്കകളുടേയും ദിനരാത്രങ്ങളിലൂടെയാണ് കഴിഞ്ഞു പോകുന്നത് എന്ന യാഥാര്‍ത്ഥ്യം നിഷേധിക്കാനാവില്ല. ആഷു സര്‍ക്കാര്‍ അധികാരത്തിലേറിയ നാള്‍ മുതല്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നടന്നതും ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നതുമായ ന്യൂനപക്ഷ, ദളിത് പീഢനങ്ങള്‍ നമ്മുടെ സ്വാതന്ത്രത്തിന്‍റെ നിറം കെടുത്തിയിരിക്കുന്നു. മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് ഹിന്ദുത്വ ഫാഷിസക്കരങ്ങളാല്‍ കൊല്ലപ്പെട്ടത് നൂറിലേറെ പേരാണ് (ഔദ്യോഗിക കണക്കു പ്രകാരം). ഈയിടെ ഗോവയില്‍ നടന്ന ഹിന്ദു സംഘടനകളുടെ സമ്മേളനം 2023ല്‍ രാജ്യത്തെ ഹിന്ദുത്വ രാഷ്ട്രമാക്കി പ്രഖ്യാപിക്കുമെന്നുള്ള കാര്യവും നാം അറിഞ്ഞിരിക്കണം. സ്വന്തന്ത്ര്യത്തിന്‍റെ എഴുപതാണ്ട് പിന്നിട്ടുവെങ്കിലും ഭരണഘടനയിലും നീതി പീഢത്തിലുമള്ള ന്യൂനപക്ഷ വിശ്വാസത്തിന് മങ്ങലേറ്റിട്ടൊന്നുമില്ല.വേരുണങ്ങി പോയ കോണ്‍ഗ്രസ്സും ഇതര മതേതര പാര്‍ട്ടികളും ഒന്നായി നിന്ന് ഫാഷിസത്തെയും സവര്‍ണ്ണ മേധവിതത്തേയും നാടുകടത്തട്ടെ. രാഹുലും മമതയും മായാവധിയും അഖിലേയും തുടങ്ങിയ എല്ലാ വന്‍ശക്തികളും ഒന്നായി നിന്നാല്‍ രക്ഷപ്പെടും തീര്‍ച്ച. ഇതില്‍ തന്നെയാണ് ഇനി ന്യൂനപക്ഷ പ്രതീക്ഷ.
നൗഷാദ് തിരൂരങ്ങാടി

Leave a Reply

Your email address will not be published. Required fields are marked *