കുടുംബ ബന്ധങ്ങളുടെ ദൃഢത അറ്റുപോകുന്ന പരസ്പര അവിശ്വാസത്തിന്‍റെയും പഴിചാരലുകളുടെയും ഇടമായി ഭാര്യ-ഭര്‍തൃ ബന്ധങ്ങള്‍ രൂപാന്തരപ്പെടുകയും ലോകം വെട്ടിപ്പിടിക്കാനുള്ള തത്രപ്പാടില്‍ ജീവിത വ്യവസ്ഥയില്‍ വെച്ചുപുലര്‍ത്തേണ്ട അടിസ്ഥാന കാര്യങ്ങളില്‍ നിന്ന് തെന്നിമാറി പാശ്ചാത്യവ്യവസ്ഥിതിയുടെ ഫെമിനിസ ചിന്തകളും ഉപഭോഗ സംസ്ക്കാരവും ജനസംഖ്യാ ‘ഫോബിയ’യും വാരിപ്പുണര്‍ന്ന് കുടുംബ പരിസ്ഥിതിയില്‍ കൃത്യതയോടെ ചെയ്തു തീര്‍ക്കേണ്ട റോളുകള്‍ പൂര്‍ത്തീകരിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ കുടുംബ ശൈഥല്യങ്ങളുടെ കദന കഥകള്‍ പെരുകുകയും കെട്ടുറപ്പുള്ള വൈവാഹിക ബന്ധങ്ങള്‍ക്ക് ഇരുള്‍വീണ് വിവാഹമോചനങ്ങളിലേക്ക് നടക്കുകയും സന്താനങ്ങളുടെ ഭാവി ആശങ്കയിലകപ്പെടുകയും ചെയ്യുന്നു. സാക്ഷരത വേണ്ടുവോളം ആവാഹിച്ചെടുത്ത ഭാര്യ-ഭര്‍ത്താക്കന്‍മാര്‍ വരെ അതിരുകള്‍ ഭേദിച്ച് ദിശതെറ്റി അപക്വമായി സഞ്ചരിക്കുന്ന പുതുകാലത്ത് പ്രവാചക ജീവിതം മനുഷ്യകുലത്തിന് അനുകരണമാകും വിധം സല്‍സ്വഭാവ പൂര്‍ണ്ണമായ മാതൃകകള്‍ വരച്ചുകാണിക്കുന്നുണ്ട്. ധൈഷണിക ചിന്തകള്‍ കൊണ്ട് സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ ചരിത്രം കുറിച്ചവരൊക്കെ വൈവാഹിക ജീവിതത്തില്‍ നല്ലൊരു കുടുംബനാഥനായി ഭര്‍ത്താവിന്‍റെ റോള്‍ ചെയ്തു തീര്‍ക്കുന്നതില്‍ പരാജിതരായിരുന്നു. എന്നാല്‍ നബി(സ്വ)ഭാര്യമാര്‍ക്കിടയില്‍ നീതിമാനായ ഭര്‍ത്താവായും സന്താനങ്ങള്‍ക്കിടയില്‍ കാരുണ്യവാനായ പിതാവായും ജീവിച്ചുകാണിച്ചു. കുടുംബ സ്നേഹ സംഗമത്തിന്‍റെ ഉദാത്തമാതൃകകള്‍ നബിജീവിതം സമൂഹത്തിന് നല്‍കിയിട്ടുണ്ട്.
അനൈക്യവും സ്വരച്ചേര്‍ച്ചയില്ലായ്മയും കുടുംബഛിദ്രതകള്‍ക്ക് വഴിവെക്കുമ്പോള്‍ സ്ത്രീകളില്‍ പ്രകൃതിപരമായി ഉടലെടുക്കുന്ന കുശുമ്പിനെയും അസൂയയെയും സംശയ ഉള്‍പ്പോരുകളെയും മാനുഷിക ചാപല്യമെന്ന രീതിയില്‍ ഉള്‍വഹിച്ച് ഇവയുടെ നേരിയ അംശമുണ്ടാകുമ്പോഴേക്ക് നബി(സ്വ) ആത്മീയ ബോധനം സന്നിവേശിപ്പിച്ച് നേര്‍മാര്‍ഗത്തിലൂടെ വഴിനടത്തുമായിരുന്നു. സ്നേഹ ലാളനകളുടെ സാഹചര്യങ്ങളിലും കോപിതനാകേണ്ട സാഹചര്യങ്ങളിലെല്ലാം സന്ദര്‍ഭോചിതമായ നിലപാടുകള്‍ റസൂല്‍ സ്വീകരിച്ചു. സ്വന്തം ശരീരത്തെക്കാള്‍ ഭാര്യമാരോടും കുടുംബത്തോടും കടപ്പാട് വെച്ചുപുലര്‍ത്തേണ്ടവരാണ് ഭര്‍ത്താവ് എന്ന അധ്യാപനമായിരുന്നു പ്രവാചകര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നത്.
വൈവാഹിക ജീവിതം സന്തുഷ്ടമാക്കാനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ പ്രവാചക ജീവിതത്തിലുടനീളം കാഴ്ച വെച്ചിരുന്നു. ഭാര്യമാരുടെ ഇഷ്ടങ്ങളും ആവശ്യങ്ങളും അവകാശങ്ങളും കൃത്യമായി പുലര്‍ത്തിയിരുന്നു. റസൂല്‍(സ്വ) ഒരിക്കല്‍ പോലും ഭാര്യമാരെ വേദനിപ്പിച്ചിട്ടില്ല. വീട്ടുജോലികളിലും കളിതമാശകളിലും ഭാര്യയോട് കൂടെ റസൂല്‍(സ്വ) ഏര്‍പ്പെട്ടിരുന്നുവെന്ന് ചരിത്രം അടയാളപ്പെടുത്തുന്നു. സദാചാര ചിന്തകള്‍ക്കതീതമായി കേവലം വികാരമെന്നതിലേക്ക് ഒതുങ്ങുന്ന വൈവാഹിക ബന്ധങ്ങള്‍ പെരുകുന്ന മോഡേണ്‍ യുഗത്തില്‍ കന്യകയായി ജീവിതത്തിലേക്ക് കടന്നുവന്ന ആഇശ ബീവിയുടെ നിര്‍മലമായ കൗമാരത്തെ പരിഗണിച്ച്, കഴിവിനെയും വിദ്യയെയും പ്രോത്സാഹിപ്പിച്ച,് കളിയും ചിരിയും സമ്മാനിച്ച,് നബി (സ്വ) അവരോട് പെരുമാറിയിരുന്നു.
ബഹുഭാര്യത്വം വിമര്‍ശിച്ച് പ്രവാചകനെ ലൈംഗിക ദാഹിയെന്ന് മുദ്രകുത്തുന്നവര്‍ പ്രവാചകന്‍ പങ്കാളികളോട് അനുവര്‍ത്തിച്ച മാതൃകാപരമായ നയങ്ങള്‍ക്കെതിരെ ബോധപൂര്‍വ്വം കണ്ണടക്കുകയാണ്. നബിയുടെ വൈവാഹിക ജീവിതത്തില്‍ ഒരിക്കല്‍ പോലും ഭാര്യമാര്‍ക്കിടയില്‍ അതൃപ്തി തോന്നും വിധമുള്ള ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് ചരിത്രങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഹിറ ഗുഹയില്‍ നിന്നു സഹിച്ച വിഹ്വലതയില്‍ കുളിര് നില്‍കി സമാശ്വസിപ്പിച്ച ഖദീജ ബിവി(റ) യുടെ പക്വതയാര്‍ന്ന സാന്ത്വന വാക്കുകള്‍ പുരുഷ്യന്മാരോട് വിമുഖത കാണിച്ച് പുഛിക്കുന്ന ഭാര്യമാര്‍ പകര്‍ത്തേണ്ട പാഠമാണ്.
നബി(സ്വ)യെ ഇണയാക്കാന്‍ കഴിഞ്ഞതില്‍ നിര്‍വൃതി പൂണ്ടു എന്നതിനപ്പുറമായി മറ്റൊരു ഭാര്യയെ വിവാഹം ചെയ്തത് എന്നെ വിട്ടുപോയി എന്നുള്ള ചിന്തപോലും നബി പത്മിനിമാരില്‍ ഒരാള്‍ക്കും ഉണ്ടായിട്ടില്ല. ആര്‍ത്തവ വേളയില്‍ ഇണയെ മാറ്റി നിര്‍ത്തുന്ന രീതി റസൂല്‍ (സ്വ) പാലിച്ചില്ല. മറിച്ച് മുട്ടുപൊക്കിളിനിടയിലുള്ള സ്ഥലമല്ലാത്ത മറ്റുസ്ഥലങ്ങളിലെല്ലാം ലൈംഗിക സുഖമെടുക്കാനുള്ള അനുവാദം നല്‍കി.
അപക്വമായ പ്രായം കാരണമായി കുരുന്നുകള്‍ ചെയ്യുന്ന തെറ്റുകളില്‍ അരിശം കൈകൊണ്ട് ദേഹോപദ്രവങ്ങള്‍ ചെയ്യുന്ന മാതാപിതാക്കളുടെ മ്ലേഛമായ ദുഷ്ചെയ്തികള്‍ വ്യാപകമാകുന്ന കാലത്ത് പ്രവാചകന്‍ കുരുന്നുകളോട് പുലര്‍ത്തിയ സമീപനങ്ങള്‍ക്കും പ്രസക്തിയുണ്ട്. പ്രവാചകന്‍ നബി(സ്വ) കുടുംബജീവിതത്തിലെ സാര്‍വ്വത്രിക തലങ്ങളിലും സ്വീകരിച്ച നിലപാടുകള്‍ സര്‍വ്വരാലും അനുധാവനം ചെയ്യപ്പെടേണ്ട സാര്‍ത്ഥക മാതൃകകളാണ്. മുഹമ്മദ് നബി (സ്വ)യുടെ ഉദാത്ത കുടുംബസ്നേഹ സംഗമങ്ങള്‍ കലാന്തരങ്ങളത്ര ഗമിച്ചാലും പുതുമണമാണ് നല്‍കുന്നത്.
സുഹൈല്‍ മണ്ണാര്‍ക്കാട്