സ്വാതന്ത്യ സമരത്തിന്‍റെ തീച്ചൂളയില്‍ പിറന്ന കലാലയമാണ് ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ. ഒരുപാട് സമരപോരാട്ടങ്ങള്‍ക്ക് ജാമിഅ സാക്ഷിയായിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയ സംഭവവികാസങ്ങള്‍ ഞങ്ങളുടെ മനസ്സിലെ ഉണങ്ങാത്ത മുറിവുകളായി അവശേഷിക്കുന്നുണ്ട്. വിഭജനകാലത്ത് നടന്ന സംഭവങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ബട്ലാഹൗസിലെ വെടിവെപ്പിന് ശേഷം നടന്ന വിദ്യാര്‍ത്ഥി വേട്ടയില്‍ മാത്രമാണ് ജാമിഅ വിദ്യാര്‍ത്ഥികള്‍ ഇത്രത്തോളം വേട്ടയാടപ്പെട്ടിട്ടുള്ളത്. ഒരു രാജ്യത്തെ ഒന്നടങ്കം, രാജ്യദ്രോഹികളായ ഫാഷിസ്റ്റുകള്‍ കൈപിടിയിലൊതുക്കാന്‍ ഒരുമ്പെട്ടിറങ്ങുമ്പോള്‍ ദേശക്കൂറിന്‍റെ പേരില്‍ പിറവിയെടുത്ത ഒരു കലാലയത്തിനു എത്രകാലമാണ് ഭീകരമായ മൗനത്തില്‍ തലതാഴ്ത്തി ഇരിക്കാനാവുക. ഞങ്ങള്‍ ശബ്ദിച്ചില്ലെങ്കില്‍ പിന്നെ ആരാണ് ഈ ഫാഷിസ്റ്റുകള്‍ക്കെതിരെ ശബ്ദിക്കുക ?
കഴിഞ്ഞ ഒക്ടോബറിലാണ് വിദ്യാര്‍ത്ഥികള്‍ ജാമിഅയുടെ പുതിയ വൈസ് ചാന്‍സിലറുടെ ഇസ്രായേല്‍ സൗഹൃദത്തെ ചോദ്യം ചെയ്തത്. മോദിയുടെ ഇസ്രായേല്‍ കൂട്ടുകെട്ട് ജാമിഅക്ക് ആവശ്യമില്ലെന്നും അത് ഗാന്ധിയും നെഹ്റുവും ജാമിഅയുടെ സ്ഥാപകന്‍ മൗലാനാ മുഹമ്മദലി ജൗഹറും കണ്ട കിനാവല്ലെന്നും വിദ്യാര്‍ത്ഥികള്‍ അധികൃതരെ തിരുത്തി. രാജ്യത്തിന്‍റെ പല ഭാഗത്ത് നിന്നും ലഭിച്ച വലിയ പിന്തുണയില്‍ ജാമിഅ വിദ്യാര്‍ത്ഥികള്‍ സമരം വിജയിച്ചു. ജാമിഅ ഇങ്ങനെയൊക്കെയാണ്. ചരിത്രപരമായ ചില കാരണങ്ങള്‍ കൊണ്ട് പ്രത്യക്ഷമായി വിദ്യാര്‍ത്ഥി രാഷ്ട്രീയം അനുവദിക്കുന്നില്ലെങ്കിലും തികഞ്ഞ രാഷ്ട്രീയബോധം കലാലയം കാത്തുസൂക്ഷിക്കുന്നുണ്ട്. അത് തീര്‍ത്തും ജാമിഅയുടെ സ്ഥാപകരായ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കള്‍ കിനാവ് കണ്ടതില്‍ നിന്നും ഒരിഞ്ച് പോലും തെന്നിമാറിയിട്ടില്ല എന്നതാണ് നേര്. എണ്‍പതു ശതമാനം മുസ്ലിം പ്രാതിനിധ്യം ഉള്ള ഒരു കലാലമായിട്ടും രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മതരാഷ്ട്രവാദ ശക്തികള്‍ക്ക് കാമ്പസില്‍ ഇടം ലഭിക്കാതെ പോകുന്നത് ഇതൊക്കെ കൊണ്ട് തന്നെയാണ്.
മോദിസര്‍ക്കാറിന്‍റെ പുതിയ പൗരത്വഭേദഗതി ബില്ലിനെതിരെ കാമ്പസ് സര്‍ഗാത്മകമായി ഇടപെടാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ അവരുടേതായ നൈസര്‍ഗികമായ സംവാദങ്ങള്‍ കൊണ്ട് ഈ ചര്‍ച്ചകള്‍ ഗംഭീരമാക്കി.
ഡിസംബര്‍ 13 വെള്ളിയാഴ്ച്ചയാണ് കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞത്. പാര്‍ലമെന്‍റില്‍ രണ്ട് സഭകളിലും പുഷ്പം പോലെ പൗരത്വഭേദഗതി നിയമം ഭൂരിപക്ഷം നേടുന്നു. റബ്ബര്‍ സ്റ്റാമ്പ് ആയ പ്രസിഡന്‍റ് അര്‍ദ്ധരാത്രിയോടെ ബില്‍ ഒപ്പ് വെക്കുന്നു. നാം ഭാരതീയര്‍ നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന ഭരണഘടനാമൂല്യങ്ങള്‍ സര്‍വ്വതും നമുക്ക് അന്യമാകാന്‍ പോകുന്ന ഭീകരമായ നിമിഷങ്ങളിലൂടെ രാജ്യം കടന്നുപോകുന്നു. സ്വാഭാവികമായും രാഷ്ട്രനിര്‍മ്മിതിയില്‍ നാഴികക്കല്ലായി നില കൊണ്ട രാജ്യത്തെ ഒരു പരമോന്നത കലാലയം എന്ന നിലയില്‍ രാജ്യത്തെ ആദ്യ പ്രതിഷേധാഗ്നി ഞങ്ങളില്‍ നിന്ന് തന്നെ പിറവി കൊണ്ടു. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളോട് ഐക്യദാര്‍ഢ്യപ്പെട്ട് ജാമിഅയിലും പ്രകടനങ്ങളും വിദ്യാര്‍ത്ഥിമുന്നേറ്റങ്ങളും നടന്നിരുന്നു. വെള്ളിയാഴ്ച്ച ജുമുഅ നിസ്കാരത്തിന് ശേഷം പാര്‍ലമെന്‍റിലേക്ക് സമാധാനപരമായ ഒരു മാര്‍ച്ച് നടത്താന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനമെടുത്തു. ഈ മാര്‍ച്ചിനെ യൂണിവേഴ്സിറ്റിയുടെ ഒന്നാം കവാടത്തിനടുത്ത് വെച്ചാണ് പൊലീസ് തടഞ്ഞത്. ഇരുപത് മിനുട്ട് വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം വിളിച്ചു. പിന്നീട് സംഭവിച്ചത് അതിഭീകരമായ കാര്യങ്ങളായിരുന്നു.പൊലീസ് ലാത്തിച്ചാര്‍ജ് തുടങ്ങി. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരു പോലെ തല്ലിച്ചതച്ചു. നൂറോളം വിദ്യാര്‍ത്ഥികള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായി. വിദ്യാര്‍ത്ഥികളുടെ കയ്യും കാലും കണ്ണും അടിച്ചുതകര്‍ത്തിട്ടും അവരുടെ അരിശം തീര്‍ന്നില്ല. ഒരു കിലോമീറ്ററോളം വിദ്യാര്‍ത്ഥികളെ തല്ലിയോടിച്ചു. പിന്നെ കണ്ണീര്‍ വാതക പ്രയോഗമായി. കാമ്പസിനകത്തും പുറത്തുമായി നൂറുകണക്കിന് ഉഗ്രശേഷിയുള്ള ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ വന്നുപതിക്കാന്‍ തുടങ്ങി. പ്രതികരിക്കാന്‍ ഇറങ്ങിയവരെയെല്ലാം അവര്‍ ക്രൂരമായി ആക്രമിച്ചു. രാത്രിയോടെ യൂണിവേഴ്സിറ്റിയും പരിസരപ്രദേശങ്ങളും പൊലീസ് നിയന്ത്രണത്തിലായി. ജാമിഅയില്‍ ഇത് പരീക്ഷക്കാലമാണ്. വെള്ളിയാഴ്ച്ച രാവിലെ പരീക്ഷാഹാളില്‍ നിന്നും ഇറങ്ങി വന്നവരാണ് നേരെ സമരമുഖത്തേക്കിറങ്ങിയത്. ഉച്ചക്ക് ശേഷം പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്ന പല വിദ്യാര്‍ത്ഥികളും പോലീസ് വേട്ടയും ടിയര്‍ ഗ്യാസ് പ്രയോഗവും മൂലം വളരെ കഷ്ടപ്പെട്ടാണ് പരീക്ഷ എഴുതിത്തീര്‍ത്തത്. വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ ആശുപത്രികളിലായതുകാരണം ശനിയാഴ്ച്ച നടക്കേണ്ട പരീക്ഷകള്‍ മാറ്റി വെക്കണം എന്ന ആവശ്യം വിദ്യാര്‍ത്ഥി സംഘടനകള്‍ ജാമിഅ അധികൃതര്‍ക്ക് മുമ്പില്‍ വെച്ചു. പക്ഷേ, രാത്രിയോടെ ആരും പ്രതീക്ഷിക്കാത്ത വിധം തീരുമാനങ്ങള്‍ വന്നു. ഡിസംബര്‍ 16 മുതല്‍ ജനുവരി 6 വരെ യൂണിവേഴിസിറ്റി ശൈത്യകാല വെക്കേഷന്‍ ആയി പ്രഖ്യാപിക്കുന്നു. കേന്ദ്രസര്‍ക്കാറിന്‍റെ ശക്തമായ നിര്‍ദ്ദേശപ്രകാരം മോദിയുടെ വാലാട്ടിയായ ജാമിഅ വൈസ് ചാന്‍സിലര്‍ എടുത്ത തീരുമാനമായിരുന്നു ഇതെന്നാണ് പിന്നീട് അറിയാന്‍ കഴിഞ്ഞത്. പെട്ടെന്ന് പരീക്ഷകള്‍ മാറ്റിവെച്ചുവെന്നറിഞ്ഞപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ആകെ വിഷമത്തിലായി. പലരും ഡിസംബര്‍ അവസാനവാരം തുടങ്ങാനിരിക്കുന്ന ശൈത്യകാല അവധി കണക്കാക്കി വീട്ടില്‍ പോകാന്‍ തയ്യാറായി ഇരിക്കുന്നവരായിരുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്സിറ്റിയുടെ തീരുമാനം അംഗീകരിച്ചു.
ശനിയാഴ്ച്ച രാവിലെ മുതല്‍ തലേ ദിവസത്തെ പോലീസ് അക്രമത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്സിറ്റിയുടെ പ്രധാനകവാടത്തില്‍ ഒരുമിച്ചുകൂടി പ്രതിഷേധിക്കാന്‍ തുടങ്ങി. വളരെ സമാധാനപരമായ ഒരു പ്രതിഷേധത്തിനാണ് അന്നേ ദിവസം ജാമിഅ സാക്ഷിയായത്. വൈകുന്നേരം എല്ലാ വിദ്യാര്‍ത്ഥിസംഘടനാ നേതാക്കളും ഒരുമിച്ച് കൂടി ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്തു. അതിനിടെ ജാമിഅയുടെ പരിസരപ്രദേശങ്ങളില്‍ എല്ലാം വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഉണ്ടായ പോലീസ് നടപടിക്ക് എതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഡിസംബര്‍ 15 ജാമിഅ മില്ലിയയുടെ ചരിത്രത്തിലെ ഒരു കറുത്ത ദിനമായിരുന്നു. തണുപ്പ് കാലത്തിന്‍റെ പൂര്‍ണ്ണതയിലേക്ക് ദില്ലി കടക്കുകയായിരുന്നു. മൂടിപ്പിടിച്ച അന്തരീക്ഷം വരാന്‍ പോകുന്ന ദുരന്തത്തെക്കുറിച്ച് ഞങ്ങളോട് മൗനമായി സംസാരിച്ചു. പുലര്‍ച്ചെ മുതല്‍ ജാമിഅയുടെ പരിസരപ്രദേശങ്ങളിലുള്ള ആളുകള്‍ യൂണിവേഴ്സിറ്റിയുടെ പ്രധാന കവാടത്തിലേക്ക് ഒഴുകിയെത്തി. വൈകുന്നേരം ആയപ്പോഴേക്കും അത് ആയിരങ്ങളുടെ ഒരു വന്‍ ജനക്കൂട്ടം ആയി മാറി. തുടര്‍ന്നും സമാധാനപരമായ സമരവുമായി മുന്നോട്ട് പോകാനാണ് വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി വന്ന നാട്ടുകാര്‍ നിയന്ത്രണാധീതമായിരുന്നു. അവര്‍ കാമ്പസിനു ചുറ്റും ഒരുമിച്ച് കൂടി. ജനക്കൂട്ടം കൂട്ടം കൂട്ടമായി ഒഴുകുകയായിരുന്നു. ജാമിഅയും കടന്ന് തൊട്ടടുത്ത പ്രദേശമായ ന്യൂഫ്രണ്ട്സ് കോളനിയിലേക്കും സമരക്കാര്‍ എത്തിയിരുന്നു. തണുപ്പ് കാലത്ത് ദില്ലിയില്‍ വേഗം ഇരുട്ട് പടരും. അന്നത്തെ ഇരുട്ട് കയറിവന്നത് ചില ദുരന്തവാര്‍ത്തകളുമായിട്ടായിരുന്നു. സമരക്കാര്‍ അക്രമാസക്തരായിരിക്കുന്നു. പൊതുമുതല്‍ വ്യാപകമായി നശിപ്പിക്കുന്നു,തുടങ്ങി സത്യമോ അസത്യമോ എന്ന് തിരിച്ചറിയാനാവാത്ത വിധം സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പടര്‍ന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ സമരക്കാര്‍ ബസുകള്‍ അഗ്നിക്കിരയാക്കി എന്നുള്ള വാര്‍ത്തയും വന്നു. ബസുകള്‍ കത്തുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. മനസ്സില്‍ ഭയം ഇരുണ്ട് കയറാന്‍ തുടങ്ങി. വെള്ളിയാഴ്ച്ച വളരെ സമാധാനത്തോടെ ഞങ്ങള്‍ നടത്തിയ മാര്‍ച്ചിനുനേരെ ടിയര്‍ ഗ്യാസും ലാത്തിച്ചാര്‍ജും നടത്തിയ ഡല്‍ഹി പോലീസ് ഈ ആള്‍ക്കുട്ടത്തിന് നേരെ എന്ത് ചെയ്യും എന്നായിരുന്നു ഭയം. അല്‍പ്പസമയത്തിനകം പ്രതിഷേധക്കാര്‍ കൂട്ടമായി തിരിഞ്ഞോടുന്നതായിരുന്നു കാണാനായത്. വ്യാജ ഏറ്റുമുട്ടലുകളിലും മൃഗീയ അക്രമങ്ങള്‍ നടത്തിയും കുപ്രസിദ്ധി നേടിയ ഡല്‍ഹി പോലീസ് ആ കൂട്ടത്തിന് നേരെ മൃഗീയമായ അക്രമങ്ങള്‍ അഴിച്ചുവിടാന്‍ തുടങ്ങി. മധുര റോഡ് മുതല്‍ ബട്ലഹൗസ് വരെ ആള്‍ക്കൂട്ടത്തെ അവര്‍ അടിച്ചോടിച്ചു. ടിയര്‍ ഗ്യാസ് കൂടാതെ റബ്ബര്‍ ബുള്ളറ്റും വ്യാപകമായി ഉപയോഗിക്കുന്നതായി വാര്‍ത്തകള്‍ വന്നു. ഇരുട്ട് ആയി തുടങ്ങിയപ്പോഴേക്കും ബസ്സുകള്‍ കത്തിച്ചത് പോലീസ് തന്നെയാണെന്ന് സ്ഥിരപ്പെടുത്തുന്ന വീഡിയോദൃശ്യങ്ങള്‍ വന്നുതുടങ്ങി. സത്യത്തില്‍ പോലീസ് ഒരുക്കിയ ഒരു കെണിയായിരുന്നു അത്. ഒരേ സമയം ജാമിഅയും ചുറ്റുമുള്ള മുസ്ലിംകളെയും വേട്ടയാടാനും പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള സമരങ്ങളെ എന്നന്നേക്കുമായി അവസാനിപ്പിക്കാനും പോലീസ് ജനക്കൂട്ടത്തെ മൃഗീയമായി കടന്നാക്രമിച്ചു. പോലീസിന് കൂട്ടായി ഡല്‍ഹിയിലെ ആര്‍. എസ്. എസ് ഗുണ്ടകളും കൂടെ ചേര്‍ന്നു. കണ്ണില്‍ കണ്ടതെല്ലാം അവര്‍ നശിപ്പിച്ചു. വാഹനങ്ങള്‍ക്ക് തീയിട്ടു. എല്ലാം സമരക്കാരുടെ തലയില്‍ കെട്ടിവെക്കാനുള്ള കറുത്ത ബുദ്ധിയായിരുന്നു അതിനു പിന്നില്‍. ഒടുക്കം അതും സംഭവിച്ചു. ജാമിഅ മില്ലിയയുടെ അകത്തേക്ക് പോലീസും ആര്‍. എസ്. എസ് ഗുണ്ടകളും പ്രവേശിച്ചു. തടുക്കാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരെ അവര്‍ ആദ്യം തല്ലിച്ചതച്ചു. സി. സി ടി വി കള്‍ അടിച്ച് തകര്‍ത്തു. വൈദ്യുതി വിച്ഛദിച്ചു. പരിഭ്രാന്തരായി ഓടിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അവര്‍ കണ്ണീര്‍ വാതക പ്രയോഗം നടത്തി. ഫയറിംഗ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പരീക്ഷക്കാലം ആയതുകൊണ്ട് തന്നെ വിദ്യാര്‍ത്ഥികള്‍ അധികവും ലൈബ്രറിയിലും വായനാമുറികളിലും ഒതുങ്ങിക്കൂടും. അന്നും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ലൈബ്രറിയിലായിരുന്നു. പോലീസുകാര്‍ ചെന്നായ്ക്കളെപ്പോലെ അവിടേക്ക് പാഞ്ഞടുത്തു. ചില്ലുജനാലകള്‍ തകര്‍ത്തു ലൈബ്രറിക്കകത്തേക്ക് ടിയര്‍ ഗ്യാസുകള്‍ പായിച്ചു. ചിതറിയോടിയ വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചു. ലൈബ്രറിക്കകത്ത് കയറി ക്രൂരമായ അക്രമങ്ങള്‍ അഴിച്ചുവിട്ടു. പുസ്തകങ്ങളും കംപ്യൂട്ടറുകളും മറ്റു ഫര്‍ണിച്ചറുകളും നശിപ്പിച്ചു. ലൈബ്രറി, വായനാമുറി, ക്ലാസ് മുറികള്‍, ഡിപ്പാര്‍ട്മെന്‍റുകള്‍, ടോയ്ലറ്റുകള്‍ എല്ലാം അരിച്ചു പൊറുക്കി. വിദ്യാര്‍ത്ഥികളെ അവര്‍ തെരഞ്ഞുപിടിച്ചു ആക്രമിച്ചു. ഒടുവില്‍ ജാമിഅ യൂണിവേഴ്സിറ്റിയുടെ കാമ്പസ് മസ്ജിദിന്‍റ അകത്തേക്കും അവര്‍ പ്രവേശിച്ചു. മഗ്രിബ് നിസ്കാരത്തിനായി ഒരുമിച്ചുകൂടിയ എല്ലാ വിശ്വാസികളെയും അവര്‍ ആക്രമിച്ചു. “ഇത് പള്ളിയാണ് ഇവിടെ പ്രാര്‍ത്ഥനക്ക് വരുന്നവര്‍ മാത്രമേയുള്ളൂ” എന്ന് വീണ്ടും വീണ്ടും പറഞ്ഞ ഇമാം സാബിനെ പോലും അവര്‍ വെറുതെ വിട്ടില്ല. അല്‍പ്പസമയത്തിനകം കാമ്പസും പരിസരപ്രദേശങ്ങളും പോലീസ് നിയന്ത്രണത്തിലായി. ലൈബ്രറിക്കകത്തുണ്ടായിരുന്നവരെ യുദ്ധകുറ്റവാളികളെ കൊണ്ട് പോകുന്നത് പോലെ തലക്കു പിന്നിലേക്ക് കൈ ചേര്‍ത്ത്പിടിച്ചു പുറത്തേക്ക് ഇറക്കിവിട്ടു. കാമ്പസിനകത്തെ കെട്ടിടങ്ങളില്‍ ഒറ്റപ്പെട്ടു പോയവരെയും കൂട്ടം തെറ്റിപ്പോയവരെയും പുറത്തിറങ്ങാന്‍ പോലീസ് അനുവദിച്ചില്ല. ഹോസ്റ്റലുകളിലേക്കും വീടുകളിലേക്കും ടിയര്‍ ഗ്യാസ് എറിയാന്‍ തുടങ്ങി. ഞാനും കുടുംബും താമസിക്കുന്ന വീടിനുമുകളില്‍ ടിയര്‍ ഗ്യാസ് വന്നു പതിച്ചു. ഉമ്മയും എന്‍റെ നാല് മാസം മാത്രം പ്രായമുള്ള മകന്‍ റാസിയും ഫയറിംഗ് ശബ്ദം കേട്ട് നിലവിളിക്കാന്‍ തുടങ്ങി. വീടിനകത്തേക്ക് കണ്ണെരിക്കുന്ന, ശ്വാസം മുട്ടിക്കുന്ന ടിയര്‍ ഗ്യാസ് പുക കടന്നുവരാന്‍ തുടങ്ങി. ജാമിഅയോട് ചേര്‍ന്ന് കിടക്കുന്ന ബട്ലഹൗസ്, ഓഖ്ല, ഓഖ്ലവിഹാര്‍, ഗഫാര്‍ നഗര്‍, നൂര്‍ നഗര്‍ എന്നിവിടങ്ങളിലെല്ലാം പോലീസ് നരനായാട്ടു നടത്തി. ഉമ്മമാരുടേയും പിഞ്ചുകുഞ്ഞുങ്ങളുടേയും കൂട്ടക്കരച്ചിലുകള്‍ ഫയറിംഗ് ശബ്ദത്തോടൊപ്പം അന്തരീക്ഷത്തില്‍ ഉയര്‍ന്നുപൊങ്ങിക്കൊണ്ടിരുന്നു. അര്‍ദ്ധരാത്രിയോളം പോലീസ് ഓരോ ഗല്ലികളിലും ക്രൂരമായ അക്രമണങ്ങള്‍ അഴിച്ചുവിട്ടു.
ഇപ്പോള്‍ ഒരു മാസം കഴിഞ്ഞു, അന്ന് വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ ഫാഷിസ്റ്റ് വിരുദ്ധപ്രക്ഷോഭം രാജ്യമാകെ പടര്‍ന്നു പന്തലിച്ചിരിക്കുകയാണ്. ഞങ്ങള്‍ അനുഭവിച്ച ശാരീരിക മാനസിക സംഘര്‍ഷങ്ങളും പീഢനങ്ങളും വിവരണാധീതമാണ്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നുമായി പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഒരു വലിയ കാമ്പസില്‍ ഓരോരുത്തര്‍ക്കും നൂറുപീഢനകഥകള്‍ പറയാനുണ്ടാകും. ഓരോരുത്തരും അനുഭവിച്ച പ്രതിസന്ധികള്‍ അത്രക്കും ഭീകരമായിരുന്നു. എന്നിരുന്നാലും രാജ്യത്താകമാനം പടര്‍ന്നുപന്തലിച്ച ഒരു വലിയ സമരത്തിന്‍റെ കാരണക്കാരാകാന്‍ കഴിഞ്ഞു എന്ന നിലക്ക് ഞങ്ങള്‍ അഭിമാനം കൊള്ളുന്നു. ഫാഷിസ്റ്റുകാലത്തെ മൗനം ഭീകരമാണ് എന്ന് പറയേണ്ടതില്ലല്ലോ. ഫാഷിസത്തിന് എതിരെയുള്ള ഈ സമരത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതോടൊപ്പം, സ്ഥാപിതതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ചില മതരാഷ്ട്രവാദികള്‍ ഈ സമരത്തെ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അത്തരക്കാരെ ഒറ്റപ്പെടുത്തി ഈ മഹാപ്രയാണത്തോടൊപ്പം എല്ലാവരും കൈകോര്‍ക്കണമെന്ന് ഓര്‍മപ്പെടുത്തുകയാണ്.
ഇബ്റാഹീം സിദ്ദീഖി ചെമ്മലശ്ശേരി