കോവിഡിന്റെ പ്രത്യാഘാതങ്ങള്‍ പ്രധാനമായും ബാധിച്ചത് കുടുംബങ്ങളെയാണെന്നതില്‍ സംശയമില്ല. ഗ്രാമീണ കുടുംബങ്ങളെ പ്രത്യേകിച്ചും. GDP യുടെ 57% വരുമെങ്കിലും ഇന്ത്യയുടെ സ്വകാര്യ ഗാര്‍ഹിക ഉപഭോഗമിപ്പോഴും തളര്‍ച്ചയിലാണ്. സ്വകാര്യ ഗാർഹിക ഉപഭോഗ ചെലവിന്റെ വളർച്ചാ തോത് 2009-14 കാലയളവില്‍ 15.7% ആയിരുന്നെങ്കില്‍ 2019-20 ലെ ആദ്യ അര്‍ധ വര്‍ഷത്തില്‍ 4.1% ആയി കുറഞ്ഞ പശ്ചാത്തലത്തിലാണ് കൊറോണയുടെ വരവ്. കോവിഡ് സൃഷ്ടിച്ച തൊഴില്‍ നഷ്ടവും വരുമാന നഷ്ടവും ഗാര്‍ഹിക ഉപഭോഗത്തെ പ്രതികൂലമായി ബാധിച്ചതും ഉപഭോഗത്തെ വീണ്ടും കുറയ്ക്കുമെന്നത് സ്വാഭാവികമാണ്. ഇത് ശരിവെക്കുന്നതാണ് 27 സ്റ്റേറ്റുകളില്‍ നിന്നുള്ള 5800ല്‍ പരം വീടുകളില്‍ നടന്ന CMIE (Center for Monitoring the Indian Economy)യുടെ ഔദ്യോഗിക സര്‍വ്വേ റിപ്പോര്‍ട്ടുകള്‍. 84% ഇന്ത്യന്‍ കുടുംബങ്ങളിലും വരുമാന ഇടിവ് സംഭവിച്ചെന്നും, അതിലുപരി എല്ലാ വീടുകളിലും 1/3 പേര്‍ക്കും ഇതര സഹായമില്ലാതെ 1-2 ആഴ്ചക്കകം അതിജീവിക്കാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊറോണക്കു മുമ്പുതന്നെ സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലായിരുന്ന രാജ്യത്തിന്റെ തൊഴിലില്ലായ്മ നിരക്കിന്റെ ഭീകരാവസ്ഥ തന്നെയാണിത് സൂചിപ്പിക്കുന്നത്. ജനുവരി – ഫെബ്രുവരി മാസങ്ങളില്‍ നിന്നും കഴിഞ്ഞ മെയ് തുടക്കത്തിലെത്തിയപ്പോള്‍ മാത്രം തൊഴിലില്ലായ്മ നിരക്കിന്റെ തോത്, നാലിരട്ടി വര്‍ധനവുണ്ടായതായി CMIE ഡാറ്റ വെളിപ്പെടുത്തുന്നുണ്ട്. അതിനാല്‍ തന്നെ സമകാലിക സാഹചര്യത്തിലും തുടര്‍ന്നും ഇത് എവിടെയെത്തിയിരിക്കാമെന്നത് ഊഹിക്കാവുന്നതേയുള്ളൂ.
ദൈവത്തിന്റെ സ്വന്തം നാട്ടിലെ അവസ്ഥ ഇതിലും ഭീതിതമാണ് എന്നത് പറയാതെ വയ്യ. കൂടുതല്‍ മരണവും, രോഗികളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന തലസ്ഥാന നഗരിയിലെ മുന്നൂറോളം വീടുകളില്‍ നടത്തിയ ഒരു ലോക്ഡൗണ്‍ സര്‍വ്വേ ഫലം 92% ത്തോളം കുടുംബങ്ങളുടെ ഗാര്‍ഹിക വ്യവസ്ഥയിലിന്നും പ്രത്യാഘാതങ്ങള്‍ നേരിടുന്നതായി ചൂണ്ടിക്കാണിക്കുന്നുണ്ട്. സര്‍വ്വേയില്‍ പങ്കെടുത്ത 94% തൊഴിലാളികള്‍ ഒന്നുകില്‍ കുറഞ്ഞ വേതനം ലഭിക്കുകയോ വരുമാന നഷ്ടം സംഭവിക്കുകയോ ചെയതവരാണ്. എന്നെന്നേക്കുമായി തൊഴില്‍ നഷ്ടം സംഭവിച്ചവര്‍ വേറെയും.
ഇതെല്ലാം നിലവില്‍ കോവിഡ് അത്രമേല്‍ ബാധിച്ച ഒരു ജില്ലയില്‍ നിന്ന് മാത്രമുള്ള സ്ഥിതി വിവരക്കണക്കുകളാണ്. മറ്റു ജില്ലകളെല്ലാം വരും നാളുകളില്‍ ഈയൊരു രോഗവ്യാപന സ്ഥിതി വിശേഷങ്ങളിലെത്താനും, മറികടന്ന് പോകാനുമുള്ള സാധ്യതകള്‍ ഒരിക്കലും വിദൂരമല്ലെന്നതാണ് സത്യം. അതിനാല്‍ തന്നെ വരും നാളുകളില്‍ ജീവന് കൂടുതല്‍ ഭീഷണിയുണ്ടാക്കുമെന്നതിനോടൊപ്പം ജീവിതമാര്‍ഗങ്ങള്‍ക്ക് അതിലേറെ ഭീഷണി വരാനിരിക്കുന്നതേയുള്ളൂവെന്ന് സമൂഹം മുന്‍കൂട്ടി തിരിച്ചറിയണം. അല്ലെങ്കില്‍ അനുഭവങ്ങള്‍ പുതിയ തിരിച്ചറിവുകളിനിയും നല്‍കും. ജീവന് രക്ഷിക്കുന്നതോടൊപ്പം ജീവിതോപാധികളും രക്ഷിക്കുക എങ്ങനെയാണെന്ന് ചിന്തിക്കുന്നതിന് വലിയ പ്രസക്തിയുള്ള ദിവസങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. അത്കൊണ്ട് തന്നെ കുടുംബത്തിന് അടിത്തറ പാകുന്ന വരുമാന മാര്‍ഗങ്ങളിലും അവയുടെ വിനിയോഗത്തിലും കൃത്യമായ കുടുംബാസൂത്രണങ്ങള് നടക്കേണ്ടതുണ്ട്.
കുടുംബ ബജറ്റിംഗ്; ഇനിയെന്ത്? എങ്ങനെ?
വരുമാനത്തിലെ ഇടിവും പുതിയ സാമ്പത്തിക പ്രത്യാഘാതങ്ങളും ഇനിയുമുണ്ടാകുമെന്ന് തിരിച്ചറിവില്‍ നിന്ന് തന്നെ പുതിയ ആസൂത്രണങ്ങള്‍ മെനഞ്ഞുതുടങ്ങാം. കുറുക്കുവഴികളെ കുറിച്ചുള്ള ആലോചനകള്‍ അവസാനിപ്പിക്കാം. വ്യക്തിഗത ധനകാര്യ മാനേജ്മെന്റില്‍ ഊന്നിയുള്ള കുടുംബാസൂത്രണങ്ങള്ക്കായിരിക്കണം ഇനി പ്രഥമ പരിഗണന. പല സാമ്പത്തിക ഗവേഷകരും നിര്‍ദ്ദേശിച്ചിട്ടുള്ള ഒന്നാണിത്. എന്താണ് വ്യക്തിഗത ധനകാര്യ മാനേജ്മെന്റ്? വരുമാന തോത് കൃത്യമായി മനസ്സിലാക്കി അച്ചടക്കത്തോടെ ക്രമീകരിക്കുന്ന ബജറ്റിംഗ് രീതിയാണിത്. എത്ര നാളെന്ന് നിശ്ചയമില്ലെങ്കിലും വരുമാനത്തിന്റെ ഇടിവ് തിരിച്ചറിഞ്ഞ് സ്വന്തം ചെലവുകളെ തന്നെയാണ് ആദ്യം ക്രമപ്പെടുത്തേണ്ടത്. നാം പോലുമറിയാതെയുള്ള നമ്മുടെ അനാവശ്യ ചെലവുകള്‍ കണ്ടെത്തി പാടെ ഒഴിവാക്കുന്നതില്‍ അതീവ ജാഗ്രത പുലര്‍ത്തണം. ആര്‍ഭാടങ്ങള്‍ പരിപൂര്‍ണമായി ഒഴിവാക്കുക തന്നെ വേണം.
വ്യക്തിയെന്ന നിലയില്‍ നിന്ന് കുടുംബമെന്ന നിലയിലേക്ക് ചിന്തിക്കുകയാണ് തുടര്‍നടപടി. ഉയര്‍ന്ന സാമ്പത്തിക വിദഗ്ദനും കൊച്ചിന് യൂണിവേഴ്സിറ്റിയുടെ ബജറ്റ് സ്റ്റഡി സെന്റര്‍ ഹോണറിയുമായ ഡോ.മാര്ട്ടിന് പാട്രികിന്റെ ഇവ്വിഷയ സംബന്ധിയായ ഒരു പഠനം വായിച്ചതോര്‍ക്കുന്നു. അദ്ദേഹം പറയുന്നത് വ്യക്തിഗത ധനകാര്യങ്ങളില്‍ നിന്ന് കുടുംബ ബജറ്റിലേക്കുള്ള ദൂരം വളരെ കുറവാണെന്നാണ്. കാരണങ്ങളും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഒരു വ്യക്തിയുമായി ബന്ധപ്പെട്ടതാണ് ധനകാര്യമെങ്കില്‍ ഒന്നിലധികം വ്യക്തികളുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് കുടുംബ ബജറ്റ്. ഒന്നിലധികം അംഗങ്ങള്‍ക്ക് വരുമാനമുള്ളതും ഇല്ലാത്തതുമായ സാഹചര്യം വീടുകളിലുണ്ട്. എങ്കില്‍ പോലും ഒന്നിലധികം ആളുകളുടെ കാര്യങ്ങള്‍ ഗൃഹനാഥന് നോക്കേണ്ടി വരുന്നുണ്ട് എന്നാണ് സത്യം. അങ്ങനെ ഇതില്‍ നിന്നും മൊത്തം കുടുംബ വരുമാനം നിര്ണ്ണയിക്കുന്നതിനോടൊപ്പം നിലവിലുള്ള ആസ്തികളുടെ കണക്കിനെ കുറിച്ചുള്ള ബോധ്യവും ഉണ്ടാക്കണം. തുടര്‍ന്ന് നമ്മുടെ അത്യാവശ്യങ്ങളുടെ ഒരു ക്രമീകരണം നടത്തി കുടുംബ വരുമാനം ചിട്ടയോടു കൂടി മാത്രം അതിനെല്ലാം വിനിയോഗിക്കുകയാണ് ചെയ്യേണ്ടത്.
എന്നാല്‍ ഇത്തരം മാനേജ്മെന്റ് വ്യവസ്ഥകള്‍ കൊണ്ടോ ബജറ്റ് കൊണ്ടോ പരിഹാരമാവുന്നതല്ല സാധാരണക്കാരുടെ പ്രശ്നങ്ങള്‍. അവരുടെ കാര്യത്തിലിതെല്ലാം അപ്രസക്തമാണെന്നത് തീര്‍ച്ചയാണ്. സര്‍ക്കാരിന്റെ അകമഴിഞ്ഞ നഷ്ടപരിഹാര പാക്കേജുകള്‍ കൊണ്ടേ ഇവരുടെ പ്രതിസന്ധികള്‍ ഒരു പരിധി വരെ പരിഹരിക്കാനാകൂ. സൗജന്യ റേഷന്‍, ക്ഷേമ നിധി തുടങ്ങിയ പദ്ധതികള്‍ കൃത്യമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. കുറഞ്ഞ പക്ഷം താഴെകിടയിലുള്ള അസംഘടിത തൊഴിലാളികള്‍ക്കെങ്കിലും ധനസഹായ പാക്കേജുകള്‍ എത്തിക്കാനായാല്‍ ആശ്വാസത്തിന് വക നല്‍കും.
കുടുംബ വരുമാനം വര്‍ധിപ്പിക്കുന്നതിനായും സ്വയം തൊഴിലുകള്‍ കണ്ടെത്തുന്നതിനാലും കൂടിയാലോചനകള്‍ നടത്തുക. സ്വന്തം സ്രോതസ്സുകളെ പരമാവധി ഉപയുക്തമാക്കുക. എന്റെ വീട്ടിലെ പറമ്പിലും വിത്ത് മുളയുക്കുമെന്ന് മനുഷ്യന് തിരിച്ചറിവ് തന്ന കോവിഡ്കാല അനുഭവപാഠങ്ങള്‍ പുതിയ ജീവിതോപാധികള്‍ കണ്ടെത്താന്‍ ഒരവസരമൊരുക്കുകയും ചെയ്യുന്നുണ്ട്. ഒന്നിനും സമയമില്ലെന്ന പരാതിപ്പെടലുകള് തീര്‍ത്തുതന്ന ലോക്ഡൗണ്‍ സമയങ്ങളെ ക്രിയാത്മകമാക്കേണ്ടതുണ്ട് . ആശങ്കകളും ചോദ്യങ്ങളും ഇപ്പോഴും ബാക്കിയാണ്. പല ഉത്തരങ്ങള്ക്കുമിനിയും കാത്തിരിക്കണം. കാലമാണിതിന് ഉത്തരം പറയുക. നല്ല നാളെ വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അതിനു വേണ്ടി പ്രാര്‍ത്ഥിക്കാം.
ജവാദ് വിളയൂര്‍