ഇസ്ലാം വിമര്‍ശനങ്ങള്‍ക്കും ആശയവക്രീകരണത്തിനുമുള്ള ശ്രമങ്ങള്‍ക്ക് നൂറ്റാണ്ടുകളോളം പഴക്കമുണ്ട്. പ്രവാചകര്‍(സ്വ) പരസ്യ പ്രബോധനം തുടങ്ങിയതു മുതല്‍ തന്നെ ഈ ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നതായി കാണാം. മക്കാ മുശ്രിക്കുകള്‍, ജൂതന്മാര് തുടങ്ങിയവരായിരുന്നു ആദ്യ കാലങ്ങളില്‍ അപഹാസ്യങ്ങളും നുണപ്രചരണങ്ങളും ആക്രമങ്ങളുമായി ഇസ്ലാമിനെതിരെ രംഗത്ത് വന്നത്. പര്‍വ്വതത്തിന്റെ ഉച്ചിയില്‍ നിന്ന് അല്ലാഹുവില്‍ നിന്നും ഉത്ഭുതമായ ആശയസംഹിതയെ പരിചയപ്പെടുത്തി കൊടുത്തപ്പോള്‍ പ്രവാചകര്‍ക്കെതിരെ ആദ്യമായി വാളോങ്ങിയത് പിതൃവ്യന് അബൂലഹബായിരുന്നു. ‘ഇതിനാണോ നീ എല്ലാവരേയും വിളിച്ചു ചേര്‍ത്തത്, നിനക്ക് നാശം’ എന്ന് വിളിച്ച് പറഞ്ഞ് പരിഹസിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന് അല്‍ അമീനെന്ന് വിളിച്ചിരുന്ന പല നാവുകളും പ്രവാചകര്‍ക്കെതിരെ തിരിഞ്ഞു. ഭ്രാന്തന്മാരെയും കുട്ടികളെയും ഇളക്കി വിട്ടും മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് പ്രയാസം സൃഷ്ടിച്ചും ക്രൂര പീഢനങ്ങളും ബഹിഷ്ക്കരണങ്ങളുമായി ഇസ്ലാമിന്റെ നാശത്തിന് കോപ്പ് കൂട്ടി. പ്രവാചകരെ വധിക്കാന്‍ പോലും ശ്രമിച്ചു. കായികമായ എല്ലാ വഴികളിലൂടെയും ലക്ഷ്യം നിറവേറ്റാന്‍ ശ്രമിച്ചു. എങ്കിലും ഇസ്ലാം മക്കയില്‍ പടര്‍ന്നു. അനേകം സത്യാന്വേഷികള്‍ മതത്തില്‍ വന്നുചേര്‍ന്നു. പല ദിക്കുകളിലേക്കും ഇസ്ലാമിന്റെ ശോഭ വ്യാപിച്ചു. എന്നാല്‍, ശത്രുകളുടെ എതിര്ശരങ്ങള്ക്ക് അപ്പോഴും ശമനവുമുണ്ടായിരുന്നില്ല. കുപ്രചാരണങ്ങളും അക്രമങ്ങളുമായി അവര്‍ വിടാതെ പിന്തുടര്ന്നു. പ്രവാചകര്‍ക്ക് ശേഷം ഖലീഫമാരുടെ ഭരണ കാലത്തും ഈ വികൃത മനസ്സുകള്‍ മതത്തിന്റെ കെട്ടുറപ്പിനെ തകര്‍ക്കാന്‍ ഏതു വിധേനയും ശ്രമിച്ചു കൊണ്ടിരുന്നു. ചുരുക്കത്തില്‍ ഇസ്ലാമിന്റെ ആദ്യകാലങ്ങളില്‍ തന്നെ സത്യമതത്തിനെതിരെയുള്ള പോരാട്ടങ്ങള്‍ തകൃതിയായി നടന്നുവന്നുവെന്നര്ത്ഥം. കായികമായി ആക്രമണങ്ങള്‍ കൊണ്ട് മാത്രം ഇസ്ലാമിനെ തളക്കാന്‍ സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞ ശത്രുക്കള്‍ അതിനായി ഇതര മാര്‍ഗങ്ങളും സ്വീകരിക്കാന്‍ തുടങ്ങി. അവാന്തര വിഭാഗത്തെ സ്രിഷ്ടിച്ചും ഉമ്മത്തിനിടയില്‍ ഭിന്നിപ്പുകളുണ്ടാക്കിയും ശത്രുക്കള്‍ ഇസ്ലാമിനെ തകര്‍ക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. ഭരണ സിരാ കേന്ദ്രങ്ങളില്‍ വരെ നുഴഞ്ഞു കയറിയും പണ്ഡിതന്മാരെ വക വരുത്തിയും ഇസ്ലാമിന്റെ വൈജ്ഞാനിക മുന്നേറ്റത്തില്‍ അസൂയ പൂണ്ട് ഗ്രന്ഥശാലകള്‍ നശിപ്പിച്ചു കളഞ്ഞും ശത്രുക്കള്‍ അരിശു തീര്‍ത്തു. കുരിശുയുദ്ധ കാലങ്ങളിലൊക്കെ ആയിരക്കണക്കിന് ഗ്രന്ഥശേഖരങ്ങളാണ് ശത്രുക്കള്‍ ചുട്ടുകരിച്ചത്. ഇസ്ലാമികാശയങ്ങളുടെ പ്രചരണ സ്രോതസ്സുകളെ വേരോടെ പിഴുതെറിയുകയെതായിരുന്നു പ്രസ്തുത ഉദ്യമങ്ങള്‍ക്കു പിന്നിലെ അടിസ്ഥാന ലക്ഷ്യം. തുടര്‍ന്നും ഇത്തരം പ്രവര്‍ത്തനങ്ങളുമായി ഇസ്ലാം വിരുദ്ധര്‍ കടന്നുവന്നു. ലഭ്യമായ സകല മാധ്യമങ്ങളും ഇതിനായി അവര്‍ ഉപയോഗിച്ചു. പില് കാലത്ത് പ്രവാചകരെ മോശമായി ചിത്രീകരിക്കുന്ന കാര്‍ട്ടൂണുകളും പെയ്ന്റിംങ്ങും രചനകളുമായി അവര്‍ കളംവാണു. ലോകത്ത് വന്‍തോതില്‍ വിവാദം സൃഷ്ടിച്ചിരുന്ന ഡെന്മാര്ക്കിലെ നബി (സ്വ)യെ അവഹേളിച്ച് വരച്ച കാര്‍ട്ടൂണും സോങ്ങ് ഓഫ് റൊണാള്‍ഡും നബിയെ നരകത്തിന്റെ ഒമ്പതാം നിലയില്‍ ചിത്രീകരിക്കുന്ന ഡിവൈന്‍ കോമഡിയുമെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്. കാലാന്തരങ്ങളില്‍ വികസിച്ചു വന്ന നൂതന മാധ്യമ മേഖലയിലെല്ലാം അവര്‍ ഇതിനായി പിടുത്തമിട്ടു എന്ന് സാരം. കുറച്ച് കാലങ്ങളായി ജനസമൂഹത്തില്‍ വലിയ സ്വാധീനം നേടിക്കൊണ്ടിരിക്കുന്ന സമൂഹമാധ്യമങ്ങളുടെ വിവിധങ്ങളായ പ്രതലങ്ങളും ചലച്ചിത്ര മേഖലകളും ഇസ്ലാം വിമര്‍ശനങ്ങള്‍ക്ക് കൂടുതല്‍ ഉപയോഗിച്ച് വരികയാണ്.
സിനിമ : വിമര്ശനായുധം
ആധുനിക കാലത്ത് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തിയിരിക്കുന്ന ഒന്നാണ് സിനിമ. ഇതു മുതലെടുത്താണ് ഇസ്ലാം വിരുദ്ധര്‍ സിനിമയെ മതത്തിനെതിരെയുള്ള വിമര്ശനായുധമായി സ്വീകരിച്ചിരിക്കുന്നത്. പാശ്ചാത്യന്‍ നാടുകളില്‍ ആഴത്തില്‍ വേരോടിയ ഇസ്ലാം ഭീതിയെ പടച്ചുവിടാന്‍ സിനിമ വന്‍തോതില്‍ തന്നെ ഉപയോഗിച്ചിട്ടുണ്ട്. ഇസ്ലാമോഫോബിയ പരത്താന്‍ മത്സരിക്കുന്ന നിരവധി ഹോളിവുഡ് സിനിമകള്‍ ലോകത്താകമാനമുണ്ട്. കൊളോണിയല്‍ വ്യവഹാരങ്ങളെ തൊടുത്തുവിട്ട് ഇസ്ലാം ഭീതിയുടെ വാര്‍പ്പുമാതൃകകളെ സൃഷ്ടിക്കുന്നതാണ് ഇവ്വിധ സിനിമകളെല്ലാം. അതില്‍ പ്രധാനപ്പെട്ടവയാണ് ഇന്നസെന്റ്സ് ഓഫ് മുസ്ലിംസും ‘ബ്ലാക്ക് പാന്തറും. ഇസ്രയേല്‍ വംശജനായ അമേരിക്കക്കാരന് സാം ബസില്‍ നിര്‍മ്മിച്ച സിനിമയാണ് ഇസെന്റസ് ഓഫ് മുസ്ലിംസ്. അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ്വ)യെ നിശിതമായി വിമര്‍ശിക്കുന്നതും ഇകഴ്ത്തി കാണിക്കുന്നതുമാണ് ഈ സിനിമയുടെ പ്രമേയം. ചുരുങ്ങിയ സ്റ്റുഡിയോ വര്‍ക്കുകളും ലൊക്കേഷനുകളും ഉപയോഗിച്ച് നിര്‍മ്മിച്ച ഈ ചിത്രത്തിനു പിറകിലെ ഗൂഢതന്ത്രം അതില്‍ അഭിനയിച്ച നടി സിന്ഡലീ ഗാര്‍ഷ്യയുടെ വാക്കുകളിലൂടെ തന്നെ വെളിപ്പെടുന്നുണ്ട് :’2000 വര്‍ഷം പഴക്കമുള്ള ‘ഡെസേര്‍ട്ട് വാരിയര്‍’ എന്ന അറബിക്കഥ ചിത്രീകരിക്കാനാണ് തന്നെ ക്ഷണിച്ചത്. അതിലെ മുഹമ്മദെന്ന് അഭിസംബോധനം ചെയ്യുന്ന ഭാഗങ്ങളെല്ലാം താന്‍ ജോര്‍ജ്ജ് എന്ന് മാറ്റി ഉച്ചരിച്ചതാണ്’. നബി(സ്വ)യെ കഴിയാവുന്ന രിതിയില്‍ ഇകഴ്ത്തുക, ലോക മുസ്ലിം വികാരത്തെ വ്രണപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഈ സിനിമ മുന്നില്‍ കണ്ടതെന്ന് ചുരുക്കം. റിയാന്‍ കൂഗ്ലര്‍ സംവിധാനം ചെയ്ത ‘ബ്ലാക് പാന്തറും’ ഇതേ ചിന്തയുടെ മറ്റൊരു വകഭേദമാണ്. മുസ്ലിംകളെ ആക്രമണകാരികളും മനുഷ്യത്വ വിരുദ്ധരും തീവ്രവാദികളുമായി ചിത്രീകരിക്കുകയാണ് ഈ സിനിമ ചെയ്യുന്നത്. അതിലെ ഓരോ രംഗവും ഇസ്ലാം വിദ്വേഷം ഇളക്കി വിടാന്‍ പാകത്തിലാവാന്‍ നിര്‍മ്മാതാക്കള്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. വെസ്ലിയന്‍ സര്‍വ്വകലാശാലയിലെ സാമീ അസീസ് നിരീക്ഷിക്കുന്നു : മുസ്ലിംകളെ ദുഷ്ടരും രക്തദാഹികളും ലൈംഗികാസക്തരുമായി മുദ്രകുത്തുന്ന നൂറുകണക്കിന് ചിത്രങ്ങളുടെ ട്രെന്റിനെ ‘ബ്ലാക്ക് പാന്തറും’ പിന്തുടരുന്നതായി കാണാം. ഈ സിനിമയുടെ അവസാന രംഗം പോലും ഇസ്ലാമോഫോബിയയെ വളര്‍ത്താനുള്ള ശ്രമമാണെന്ന് പറയാതെ വയ്യ. ബന്ധികളാക്കപ്പെട്ട ഒരു കൂട്ടം പെണ്‍കുട്ടികളെ തട്ടിക്കൊണ്ട്പോവുന്നു. അകമ്പടി വാഹനങ്ങള്‍ ആക്രമിച്ച് ചിലര്‍ അവരെ രക്ഷിക്കുന്നു. മോചിതരായ പെണ്‍കുട്ടികള്‍ തങ്ങള്‍ ധരിച്ച ശിരോ വസ്ത്രം സ്വയം വലിച്ചെറിയുന്നു. ശിരോവസ്ത്രം നിര്‍ബന്ധപൂര്‍വ്വം അവരെ ധരിപ്പിച്ചതാണെന്നും ഇസ്ലാമിക പ്രചാരണത്തിന് ഇത്തരം കാടത്തരങ്ങള്‍ പ്രയോഗിക്കുന്നുണ്ടെന്നുമുള്ള പ്രതീതി സൃഷ്ടിക്കാനാണ് സംവിധായകന് ഇതിലൂടെ ശ്രമിച്ചത്. മുസ്ലിംകളെ വില്ലന്മാരായി ചിത്രീകരിക്കുന്നതില്‍ ഹോളീവുഡ് സിനിമ കാട്ടാറുള്ള പ്രത്യേക ഔത്സുക്യത്തിന്റെ പാരമ്യത ഈ സിനിമയില്‍ കാണാനാകും. ‘ബ്ലാക്ക് പാന്തറി’ല്‍ മൂന്ന് മതങ്ങളാണ് പരിഷ്കൃത സമൂഹത്തിന്റെ ശത്രുക്കളായി അവതരിപ്പിച്ചിരിക്കുന്നത്. അതില്‍ രണ്ടെണ്ണവും സാങ്കല്പിക മതങ്ങളാണ്. എന്നാല്‍ മൂന്നാമതായി പ്രതിഷ്ഠിച്ചത് ഇസ്ലാമിനേയും. ഇത്തരം പ്രതിനായകനാക്കപ്പെടുന്ന മുസ്ലിമിനേയും ഇസ്ലാമിനേയും കാണാനാവുന്നത് ഹോളീവുഡ് സിനിമകളുടെ ഫ്രെയിമുകളില്‍ മാത്രമല്ല. അന്തരാഷ്ട്ര സിനിമകളില്‍ പലപ്പോഴും ഈ ബാധ സന്നിവേഷിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമകളിലും അടുത്തകാലത്തായി ഇത് ഭീതിപ്പെടുത്തും വിധം വര്‍ദ്ധിച്ചിരിക്കുന്നതായി നിരീക്ഷിക്കാനാവും. ഇന്ത്യയില്‍ വലിയ വിവാദം സൃഷ്ടിച്ച ബോളീവുഡ് സിനിമയാണ് ‘പത്മാവതി’. റിലീസ് സമയത്ത് തങ്ങളുടെ വീര വനിതയായ രാജ്ഞിയെ അപമാനിക്കുന്ന രംഗങ്ങളാണ് സിനിമയിലുള്ളതെന്ന് ആരോപിച്ച് കര്‍ണസേന ആക്രമണം അഴിച്ചിവിട്ടിരുന്നു. ഗാന രംഗങ്ങളില്‍ മുസ്ലിം രാജാവായ അലാവുദ്ധീന്‍ ഖില്‍ജിയുടെ മുമ്പില്‍ രാജ്ഞി നൃത്തം ചെയ്യുന്ന ഭാഗമുണ്ടെന്നും ഇത് തങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നുമുള്ള വാദങ്ങളാണ് അവര്‍ ഇതിനായി മുന്നോട്ട് വെച്ചത്. എന്നാല്‍ ഇസ്ലാം വിരുദ്ധതയുടെ ചില ക്യാന്‍വാസുകള്‍ ഈ സിനിമയിലും ഉള്‍പ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ ചരിത്രത്തിലും സംസ്കാരത്തിലും വലിയ സംഭാവനകള്‍ നല്കിയ അലാവുദ്ധിന്‍ ഖില്‍ജി ലൈംഗികാസക്തനും സ്വന്തം സുഖം മാത്രം തേടി പോകുന്ന ആഭാസനുമായും ഇതില്‍ ചിത്രീകരിക്കപ്പെടുന്നുണ്ട്. അതേസമയം പത്മാവതിയെ സാങ്കല്‍പ്പിക കഥാപാത്രത്തെ വാനോളം മഹത്വവത്കരിക്കുകയും ചെയ്തിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ചരിത്രത്തിന്റെ യാതൊരു പിന്‍ബലവും ഈ സാങ്കല്പിക കഥയ്ക്കില്ലായെന്നതാണ് വസ്തുത. അലാവുദ്ധീന്‍ ഖില്‍ജിയുടെ ചരിത്രത്തിലൊന്നും ഇത്തരം സംഭവം പ്രതിപാദിക്കുന്നില്ല. റൊമില ഥാപ്പറിനെ പോലുള്ള പ്രമുഖ ചരിത്രകാരന്മാര് ഇത് ചൂണ്ടിക്കാണിച്ചതാണ്. അധാര്മ്മികതയെങ്ങനെ നാശം വരുത്തും, ഒരു രാജാവ് എങ്ങനെ അധാര്മ്മികനാകും എന്ന് കാണിക്കാന്‍ മാലിക് മുഹമ്മദ് ജെയ്സി എന്ന കവി രചിച്ച ഗുണപാഠ കഥയാണ് സാങ്കല്പ്പികതക്കപ്പുറം യാഥാര്‍ത്ഥത്തിന്റെ കാല്വാമ്പില് തുന്നിച്ചേര്‍ത്ത് മുസ്ലിം രാജാക്കന്മാരെ തേജോവധം ചെയ്യുന്നതിന്റെ ഭാഗമായി ഉപയോഗിച്ചിരിക്കുന്നത്. ഇത്തരത്തില്‍ മുസ്ലിംകളെ പ്രതിനായക സ്ഥാനത്ത് നിര്‍ത്തുന്ന, പ്രേക്ഷകരില്‍ അറുപ്പും വെറുപ്പുമുളവാക്കുന്ന കഥാപാത്രങ്ങളിലേക്കും കഥാ പശ്ചാത്തലങ്ങളിലേക്കും ഒരു മുസ്ലിം നാമത്തേയോ ഇസ്ലാമിക പ്രതീകങ്ങളേയോ വിശ്വാസ വീക്ഷണങ്ങളേയോ ഒരുക്കി നിര്‍ത്തുന്ന പ്രവണതയും സമീപകാലത്ത് ഇന്ത്യന്‍ സിനിമികളില്‍ നിറയുന്നുണ്ട്. മലയാള ചലച്ചിത്ര ലോകത്തെ ചില സ്ഥിതിവശേഷങ്ങളും ഇതില്‍ നിന്നും വിഭിന്നമല്ല. പെണ്ണു ബ്രോക്കറും, പെണ്ണുപിടിയനും ഒറ്റുകാരനും പലിശക്കാരനും തുടങ്ങി ആഭാസത്തിന്റെയും തിന്മയുടെയും പ്രതിനിധാനങ്ങളായി മുസ്ലിം കഥാപാത്രങ്ങളായിട്ടാണ് പല സിനിമകളും പരിചയപ്പെടുത്താനാഗ്രഹിക്കുന്നത്. അടുത്ത കാലത്തായി ഇത് സാര്‍വത്രികമായിട്ടുണ്ട് താനും. കമലിന്റെ ജനശ്രദ്ധയാകര്‍ഷിച്ച സിനിമയാണ് ഗദ്ദാമ. ജോലിക്കാരിയായി അറബി നാട്ടിലെത്തുന്ന ഒരു സ്ത്രീ അനുഭവിക്കുന്ന യാതനകളും വേദനകളുമാണ് ഇതില്‍ ഇതിവൃത്തമാകുന്നത്. എന്നാല്‍ അതിഭാവുകത്വം നിറച്ച് നിറം പിടിപ്പിച്ച ചേരുവകള്‍ ചേര്‍ത്തി അറബികളെ മുഴുവന്‍ പ്രതിസ്ഥാനത്തു നിര്‍ത്താനുള്ള ശ്രമങ്ങള്‍ ഇതില്‍ കാണാനാകും. സൗദി അറേബ്യയിലെ മതാത്മക പരിസരത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയെന്ന തന്ത്രമാണ് ഇതിലൂടെ പ്രാവര്‍ത്തികമാക്കിയത്. പാലേരി മാണിക്യവും മഹാത്മയും ആറാം തമ്പുരാനുമെല്ലാം ഈ വികല ശ്രമങ്ങള്‍ക്ക് കളമൊരുങ്ങിയ സിനിമകളാണ്. ആര്യന് എന്ന സിനിമയിലെ സംഭാഷണ ശകലം വീക്ഷിച്ചാല്‍ തന്നെ ഈ കുത്സിത പ്രവര്‍ത്തനത്തിന്റെ ആഴം സമൂഹത്തിന് മനസ്സിലാക്കാനാവും. ‘ഭൂരിപക്ഷ സമുദായത്തില്‍ പെട്ട ഒരു സ്ത്രീയെ ന്യൂനപക്ഷക്കാരന് വിവാഹം ചെയ്താല്‍ അത് ദേശീയോദ്ഗ്രന്ഥനവും മതസൗഹാര്‍ദ്ദവും മറിച്ചായാല്‍ ഇവിടെ വര്‍ഗ്ഗീയ ലഹളയുമെന്ന ഈ സംഭാഷണ ശകലം എത്രത്തോളം വിഷലിപ്തമായ കാഴ്ച്ചപ്പാടില്‍ നിന്നും വന്നതാണെന്ന വസ്തുത ഊഹിക്കാവുന്നതേയുള്ളൂ. അടുത്തിടെയായി പുറത്തുവന്ന ‘സൂഫിയും സുജാതയും’, ‘ഹലാല്‍ ലൗ സ്റ്റോറിയും, ‘വാങ്കുമെല്ലാം ഈ ഗണത്തില്‍ പെടുന്നതാണ്. ഇസ്ലാമികാശയങ്ങളുടെ അടിസ്ഥാന തത്വത്തില്‍ കത്തിവെക്കാനുള്ള ശ്രമങ്ങളാണ് ഇത്തരം സിനിമകള്‍ ചെയ്യുന്നത്. ഇസ്ലാമികാധ്യാപനങ്ങളെ വികൃതമായി അവതരിപ്പിക്കുകയും സമൂഹത്തിനിടയില്‍ സംശയത്തിന്റെ നാമ്പുകളും നിരാസത്തിന്റെ പിടിവാശിയും ജനിപ്പിക്കുകയാണ് ഇവ ചെയ്യുന്നത്. സൂഫിയും സുജാതയും മുന്നോട്ടുവെക്കുന്ന പ്രമേയം തന്നെ നോക്കാം. ഇസ്ലാമിക പ്രത്യയശാസ്ത്രം മഹത്തായി കാണുന്ന സൂഫിസത്തെ അവഹേളിക്കുന്ന തരത്തിലാണ് ഈ ചിത്രത്തിന്റെ കഥാ സഞ്ചാരം. സ്വന്തം ഗുരുനാഥനെ സന്ദര്‍ശിക്കാന്‍ പോകുന്ന സൂഫിയായ വ്യക്തി ഒരു അന്യമതസ്ഥക്ക് സഹായം ചെയ്തു കൊടുക്കുകയും തുടര്‍ന്ന് പ്രണയം മൊട്ടിടുകയും അതിന്റെ വികാസവും എതിര്‍പ്പുകളുമാണ് ഈ സിനിമയുടെ കഥാതന്തു. തികച്ചും അബദ്ധവും അവഹേളനവും നിറഞ്ഞ പ്രമേയമാണിതെന്നര്ത്ഥം. അന്യമത വിവാഹങ്ങളെയും പ്രേമത്തിന്റെ പേരിലുള്ള ആഭാസങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍. ഹലാല്‍ ലൗ സ്റ്റോറിയും ഈ വിധത്തിലുള്ള ശ്രമങ്ങള്‍ക്ക് പാത്രീഭവിച്ചതാണ്. ഇസ്ലാം നിഷിദ്ധമായി കാണുന്ന മേഖലയെ ഹലാല്‍ പുതപ്പിച്ച് അനുവദനീയവും മഹത്വകരവുമാക്കാനുള്ള വ്യഗ്രതയാണ് ഈ സിനിമയില്‍ കാണുന്നത്. പുരോഗമനവാദികളെന്ന് സ്വയം പരിചയപ്പെടുത്തുന്ന ചില മുസ്ലിം നാമധാര സംഘടനകളുടെ പിന്തുണയും ഇത്തരം ശ്രമങ്ങളിലുണ്ടെന്നത് വിസ്മരിക്കാവുന്നതല്ല.
ഹലാല്‍ വാദികളോട്;
സിനിമയിലൂടെയുള്ള ഇസ്ലാം വിമര്‍ശനം പോലെത്തന്നെ സിനിമയെ ഹലാലാക്കാനുള്ള മുറവിളിയും ഇന്ന് വ്യാപകമായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഇസ്ലാം വിമര്‍ശനങ്ങള്‍ക്ക് ബദലായി പ്രബോധന മാര്‍ഗമായി സിനിമയെ ഉപയോഗിക്കാം എന്നാണ് ഇത്തരം ഹലാല്‍ വാദികള്‍ ഉയര്ത്തിക്കാട്ടുത്. സക്കരിയ സംവിദാനം ചെയ്ത ഹലാല്‍ ലൗ സ്റ്റോറിയുടെ പശ്ചാതലത്തില്‍ ഈ വാദം ശക്തിപ്പെട്ടിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് സിനിമയോടുള്ള ഇസ്ലാമിക നിലപാട് ചര്‍ച്ചയാവുന്നതും. വാസ്തവത്തില്‍ ഹലാല്‍ വാദികള്‍ ഉയര്‍ത്തുന്ന വാദങ്ങള്‍ എല്ലാം അബദ്ധജഡിലവും അപ്രയോഗികവുമാണെന്ന് ആമുഖമായി പറയാം. ബ്രദര്‍ഹുഡിനെ പോലുള്ള ത്രീവ്രസംഘടനകളുടെ ഈ മുറവിളി ഒരിക്കലും അംഗീകരിച്ചുകൊടുക്കാവുന്നതല്ല. വിശുദ്ധ ഖുര്‍ആനില്‍ ഒരിടത്തും സിനിമ ഹറാമാണ്െ പറയുന്നില്ല. അതേസമയം ഇസ്ലാം അനുവദനീയമാക്കിയ വഴികളിലൂടെ തന്നെ നല്ല സിനിമകളെ സൃഷ്ടിച്ചെടുക്കാമെന്ന അവരുടെ വാദങ്ങള്‍ തികച്ചും വസ്തുതാ വിരുദ്ധമാണ്. ഭാര്യാ ഭര്ത്താക്കന്മാര് ഒരുമിച്ച് അഭിനയിച്ചാല്‍ അന്യസ്ത്രീ പുരുഷസംഗമമെന്ന പ്രശ്നം പരിഹരിക്കാമെന്ന അവരുടെ കണ്ടെത്തലും അത്ഭുതത്തോടെ വീക്ഷിക്കാനേ വിവേകികള്‍ക്ക് സാധിക്കുകയുള്ളൂ. യഥാര്‍ത്ഥത്തില്‍ സിനിമ ഹറാമായി മുസ്ലിം പണ്ഡിതന്മാര് വ്യാഖ്യാനിക്കാനുള്ള പ്രേരണയെന്താണ്?. തികച്ചും സമൂഹത്തില്‍ വിപത്ത് സൃഷ്ടിക്കുന്നതാണ് സിനിമയെന്നത് തന്നെയാണ് ഇതിന്റെ അടിസ്ഥാന കാരണം. ഇസ്ലാമില്‍ സ്വീകരണവും നിരാസവും നിര്‍ണയിക്കുന്നത് മതധാര്‍മ്മിക മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ്. ഗുണത്തിനേക്കാളുപരി തിന്മയാണ് സിനിമ സമൂഹത്തില്‍ നല്‍കുന്നത്. പല ദുശ്ശീലങ്ങളും നവ തലമുറയില്‍ സൃഷ്ടിക്കാന്‍ സിനിമ ഹേതുവായിട്ടുണ്ട്. സമൂഹത്തിന്റെ മനസ്സുകളെ കീഴടക്കുന്നതിനാല്‍ അതിലെ ഓരോ രംഗവും അനുകരിക്കാനുള്ള വ്യഗ്രത ഓരോരുത്തരിലുമുണ്ടാകും. അതാണ് പലരേയും സിനിമ അനുകരിക്കാനും അതുവഴി നാശത്തിലേക്ക് എത്തിച്ചേരാനും പ്രേരകമാവുന്നത്. ‘ധൂം’ സിനിമയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുള്ള ബാങ്ക് റോബറിയും ‘ദൃശ്യം’ സിനിമയെ അനുകരിച്ചുള്ള കൊലപാതകവുമെല്ലാം ഇതിനെ അടിവരയിടുന്നതാണ്. കച്ചവട കണ്ണുകള്‍ കടഞ്ഞെടുത്ത വയലന്‍സ് അശ്ലീല രംഗങ്ങളാണ് ഇന്ന് അധിക സിനിമയിലും ഇടംപിടിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ സിനിമയെ ഹലാല്‍ പട്ടികയിലേക്ക് ചേര്‍ത്തു നിര്‍ത്തിയാല്‍ ഇത്തരം ദുഷിച്ച സിനിമകളിലേക്കും സമൂഹം എത്തിച്ചേരാന്‍ അത് സാഹചര്യമൊരുക്കും. പൊതുവെ ദൗര്‍ബല്യത്തിലേക്ക് ചാഞ്ചാടുന്ന മനസ്സുകളുടെ ഉടമകളാണ് മനുഷ്യര്‍ എന്നതിനാല്‍ ഈ പ്രക്രിയ ഹലാലില്‍ നിന്നും ചുറ്റിത്തിരിഞ്ഞ് അധര്‍മ്മ മിത്രത്തിലേക്ക് എത്താന്‍ വലിയ ദൂരമുണ്ടാകില്ല എന്നര്‍ത്ഥം. ദമ്പതികള്‍ പരസ്പരം അഭിനയിച്ചാല്‍ പ്രശ്നത്തിനറുതി വരുമെന്ന വാദവും വിഷയത്തെ ശരിയായ രീതിയില്‍ ഗ്രഹിക്കാത്തതുകൊണ്ടാണ്. ഇതര മനുഷ്യര്‍ ഇവരെ കാണില്ലേയെന്ന ചോദ്യം ഇവിടെ ഉയര്‍ന്നു വരുന്നുണ്ട്. പ്രതിബിംബം ഹറാമല്ലായെന്ന വാദമാണ് ഇതിനു വിപരീതമായി ഉന്നയിക്കുന്നതെങ്കില്‍ അവയുടെ നിജസ്ഥിതിയിലേക്കുമൊന്നു കണ്ണോടിക്കേണ്ടി വരും. സിനിമയിലെ നായികാ നായകന്മാര് അഭിനയ സമയത്ത് വാരിത്തേക്കുന്ന മേക്കപ്പുകളുടെയും അണയുന്ന മോഡല്‍ വസ്ത്രധാരണയുടേയും ഉദ്ദേശ ശുദ്ധി ആകര്‍ഷണമല്ലാതെ മറ്റെന്താണ്. സ്ത്രീയുടെ പ്രതിബിംബമാണെങ്കിലും ആകര്‍ഷണത്തോടെയും ആസ്വാദനത്തോടെയും കാണുന്നത് ഹറാമിന്റെ പരിധിയില്‍ പെടുന്നതാണെന്ന് വിസ്മരിക്കരുത്. പരിധി വിട്ട തമാശകള്‍ക്കും പരിഹാസ്യങ്ങളും ഇസ്ലാം വിലക്കുന്നുണ്ട്. എന്നാല്‍ ഇത് സിനിമകളില്‍ സാര്‍വത്രികമായി കാണാനാകും. അതിരുവിട്ട ഇത്തരം തമാശകള്‍ അല്ലാഹുവിന്റെ സ്മരണയെ തൊട്ടും മതകാര്യങ്ങളെ കുറിച്ചും അലസരാകാന്‍ സാഹചര്യമൊരുക്കുമെന്ന ഇബ്നു ഹജര്‍(റ) വിന്റെ വിശദീകരണമിരിക്കെ സിനിമകളിലെ ഈ പ്രവര്‍ത്തിയെ അനുവദനീയതയുടെ പട്ടും പുതപ്പിക്കാനാകില്ല. പൈശാചികതയുടെ കുഴലൂത്തുകളായ സംഗീതവും അനുബന്ധ പ്രവര്‍ത്തനങ്ങളും സിനിമയുടെ അവിഭാജ്യ ഘടകമാണെന്നതിനാല്‍ ഹലാലിന്റെ പട്ടികയിലേക്ക് ഇതിനെ ചേര്ത്തിവെക്കാനാകില്ല എന്ന് ഉറപ്പിച്ച് പറയാം.
ഹാരിസ് കിഴിശ്ശേരി