ഖുര്‍ആനിക അധ്യായങ്ങള്‍ക്ക് സമാനമായ ഒരു അധ്യായം എങ്കിലും കൊണ്ടുവരാന്‍ ഖുര്‍ആന്‍ വെല്ലുവിളിച്ചല്ലോ. ഈ വെല്ലുവിളി തന്നെ ദൈവം ഇല്ല എന്നതിന് തെളിവല്ലേ? ഒരു മരത്തടി പൊക്കാന്‍ വേണ്ടി ആന ഉറുമ്പിനെ വെല്ലുവിളിക്കുന്നത് ആനക്ക് ഉറുമ്പിനെക്കുറിച്ച് തിരിച്ചറിവില്ല എന്നല്ലേ അര്‍ത്ഥം? നോബല്‍ പ്രൈസ് ജേതാവായ ഒരു സാഹിത്യകാരന്‍ ഒന്നാം ക്ലാസുകാരനെ വെല്ലുവിളിക്കുന്നത് പരിഹാസ്യമല്ലേ?
ഇങ്ങന പോകുന്നു ചില എമുക്കളുടേയും യുക്തന്മാരുടെയും സംശയം. രണ്ടും ഈശ്വരവിശ്വാസികളല്ലല്ലോ.
ഈ പ്രശ്നത്തെ വിശകലനം ചെയ്യുമ്പോള്‍ ആദ്യം ചര്‍ച്ച ചെയ്യേണ്ടത് ഇവിടെ വെല്ലുവിളിച്ചത് ആരാണ് എന്നാണ്.
ദൈവമോ അതോ മുഹമ്മദ് നബിയോ?
ദൈവമാണ് എന്നാണ് വാദമെങ്കില്‍ ചോദ്യം പ്രസക്തമാണ്; പക്ഷേ അതോടെ നിരീശ്വരവാദം തകരും. കാരണം ദൈവ നിഷേധികളാണല്ലോ ദൈവത്തെ ഇവിടെ സമ്മതിക്കുന്നത്. ഇനി മുഹമ്മദ് നബിയാണന്ന് പറയുകയാണെങ്കില്‍ ചോദ്യം പ്രസക്തവുമല്ല. മനുഷ്യന്‍ മനുഷ്യനെ വെല്ലുവിളിക്കുന്നതിലെന്ത്?
യഥാര്‍ത്ഥത്തില്‍ ‘മുഹമ്മദ് നബിയുടെ രചനയാണ് ഖുര്‍ആന്‍, അത് ദൈവികമല്ല’ എന്ന് വാദിക്കുന്ന നിഷേധികളെ ഇവിടെ വെല്ലുവിളിക്കുന്നത് ദൈവം നേരിട്ടല്ല, പ്രത്യുത മുഹമ്മദ് നബി തന്നെയാണ്.
ഇങ്ങനെ ഒരു വെല്ലുവിളിയില്‍ അസംഗതമായിട്ടൊന്നുമില്ല, ചോദ്യത്തില്‍ സൂചിപ്പിച്ച പ്രശസ്തനായ ആ സാഹിത്യകാരന്‍
ഒരു സ്കൂള്‍ അധ്യാപകനാണെന്ന് കരുതുക. അദ്ദേഹം തന്‍റെ ശിഷ്യരായ ഒന്നാം ക്ലാസുകാര്‍ക്ക് അവര്‍ക്കു മനസ്സിലാകുന്നതും എന്നാല്‍ അവര്‍ക്ക് ഒരിക്കലും അനുകരിക്കാനാവാത്ത വിധം വ്യത്യസ്തവും സുന്ദരവുമായ ശൈലിയില്‍ ലീഡര്‍ വശം ഒരു സന്ദേശം കൊടുത്തയച്ചുവെന്ന് സങ്കല്‍പ്പിക്കുക. തങ്ങളുടെ അധ്യാപകന്‍റെ സന്ദേശമാണിതെന്ന് കേട്ട ഉടനെ അവര്‍ തിരിച്ചറിഞ്ഞു. എന്നാല്‍ അദ്ധ്യാപകന്‍റെ സന്ദേശം സ്വീകരിക്കാന്‍ വൈമനസ്യമുള്ള വിദ്യാര്‍ത്ഥികള്‍, അതു ലീഡര്‍ വ്യാജമായി നിര്‍മിച്ചതാണെന്ന് വാദിച്ചു. ലീഡറുടെ പ്രയാസം മനസ്സിലാക്കിയ അധ്യാപകന്‍ ലീഡറോട് അവരെ വെല്ലുവിളിക്കാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ തന്‍റെ സത്യാവസ്ഥ തെളിയിക്കാന്‍ ലീഡര്‍ക്കു വെല്ലുവിളിച്ചുകൂടേ?
ഇത് ഞാന്‍ സ്വന്തമായി എഴുതിയതാണന്ന് വാദിക്കുന്നവരേ, എന്നെപ്പോലെ തന്നെയാണല്ലോ നിങ്ങളും. ഇതു പോലോത്ത ഒരു രചന നിങ്ങള്‍ കൊണ്ടുവരിന്‍! നിങ്ങളെല്ലാവരും കൂടി വിചാരിച്ചാലും അതിന് കഴിയില്ല.
അധ്യാപകന്‍റെ മികവും തങ്ങളുടെ നിസ്സഹായതയും ബോധ്യമുള്ള കുട്ടികള്‍ അങ്ങനെ ഒരു ശ്രമം നടത്തില്ല. ഇനി ഏതെങ്കിലുമൊരു മണ്ടന്‍ വല്ല കുറിപ്പുമായി വന്നുവെന്നിരിക്കട്ടെ, ആര്‍ക്കും മൂല്യനിര്‍ണയം നടത്താവുന്ന വിധം വളരെ താഴ്ന്ന നിലവാരത്തിലായിരിക്കുമല്ലോ അത്.
ഖുര്‍ആനിനു സമാനമായതെന്നും പറഞ്ഞു ആരെങ്കിലും വല്ല വാറോലയുമായി വന്നാലും ഇതായിരിക്കും സ്ഥിതി.
ഇതിലെന്താണ് അയുക്തി?
ഖുര്‍ആന്‍ ദൈവികമാണ് എന്ന് സമ്മതിക്കാന്‍ ചിലര്‍ വിസമ്മതിച്ചു. അത് മുഹമ്മദ് എന്ന മനുഷ്യന്‍ സ്വയം നിര്‍മ്മിച്ചതാണ് എന്ന് വാദിച്ചു. മനുഷ്യ നിര്‍മ്മിതമെങ്കില്‍ സമാനമായത് ആര്‍ക്കും കൊണ്ട് വരാമല്ലോ. അപ്പോള്‍ അദ്ദേഹം വെല്ലുവിളിച്ചു.
(ദൈവമാണ് വെല്ലുവിളിക്കുന്നത് എന്ന് ചോദ്യ കര്‍ത്താവ് വിശ്വസിക്കുന്നുണ്ടെങ്കില്‍ പിന്നെ മുഹമ്മദ് നബിയുടെ രചനയാണ് എന്ന് വാദിക്കേണ്ടതില്ലല്ലോ.)
ജഡ്ജ് ആര്?
ഖുര്‍ആന്‍റെ വെല്ലുവിളി ഏറ്റടുത്ത് ഒരാള്‍ ഒരു കൃതി കൊണ്ടുവന്നു എന്ന് സങ്കല്പിക്കുക. അതാര് ജഡ്ജ് ചെയ്യും? മത്സരാര്‍ത്ഥികളെക്കാള്‍ കഴിവുള്ളവരായിരിക്കണമല്ലോ വിധികര്‍ത്താക്കള്‍? ഈ മത്സരം ജഡ്ജ് ചെയ്യാന്‍ ദൈവത്തേക്കാള്‍ കഴിവുള്ളവര്‍ വേണ്ടി വരില്ലേ? അങ്ങനെ വല്ലവരും ഉണ്ടോ? ഇതൊക്കെയാണ് മറ്റൊരു മഹാ പ്രശ്നം.
ഒന്നാമത്തെ ചോദ്യത്തിന്‍റെ മറുപടിയോടെ ഈ ചോദ്യത്തിന്‍റെ മുനയൊടിഞ്ഞു. പിന്നെ മത്സരാര്‍ത്ഥികളേക്കാള്‍ പ്രതിഭകളായിരിക്കണം വിധികര്‍ത്താക്കള്‍ എന്നത് ശരിയല്ല. ഓട്ടമത്സത്തിനും പാട്ട് മത്സരത്തിനുമൊക്കെ വിധി നിര്‍ണ്ണയിക്കുന്നവര്‍ പാട്ടുകാരും ഓട്ടക്കാരും ആകണമെന്നുണ്ടോ?
ആരെങ്കിലും കൃതി കൊണ്ടു വന്നാല്‍ അറബി ഭാഷയില്‍ (വ്യുല്‍പ്പത്തിയുള്ള) ആര്‍ക്കും അതിന്‍റെ പോരായ്മ മനസ്സിലാക്കാവുന്നതേയുള്ളൂ.
ചരിത്രത്തില്‍ പലരും അതിന് ശ്രമിച്ച് പരിഹാസ്യരായിട്ടുണ്ട്.
ഖുര്‍ആന്‍റ വെല്ലുവിളി ഏറ്റടുത്ത് കൊണ്ട് ധാരാളം സുറത്തുക്കള്‍ പലരും രചിച്ചിട്ടുണ്ടല്ലോ. അതേക്കുറിച്ച് എന്ത് പറയുന്നു?
കാലങ്ങളെ അതിജീവിച്ച ആ വെല്ലുവിളി ഏറ്റെടുക്കാന്‍ ആധുനിക ഭൗതികവാദികളും ഒരു കൈ ശ്രമിച്ചു നോക്കിയിട്ടുണ്ട് എന്നത് ശരിയാണ്. അറബി സാഹിത്യത്തിന്‍റെ നെറുകെയില്‍ വിരാജിച്ച ശുദ്ധ അറബികള്‍ക്ക് കഴിയാത്തതുണ്ടോ സാഹിത്യത്തിന്‍റെ നാലയലത്ത് പോലും എത്താത്തവര്‍ക്ക് കഴിയുന്നു?! വെല്ലുവിളി ഏറ്റെടുത്ത പലരും ഖുര്‍ആനിലെ ചില പദങ്ങളും പ്രയോഗങ്ങളും കട്ടെടുത്ത് സ്വന്തം വക ചില പദങ്ങളും ചേര്‍ത്ത് ചില ഒപ്പിക്കല്‍ സൂറ:കള്‍ ഉണ്ടാക്കിയിട്ടുണ്ട് എന്ന് പറയുന്നതാകും കൂടുതല്‍ ശരി. അവയൊന്നും നിലനിന്നില്ല എന്ന് മാത്രമല്ല;
അറബി പ്രബന്ധ മത്സരത്തിന് പങ്കെടുപ്പിക്കാന്‍ പോലും നിലവാരമില്ലാത്ത തരം താണ ലേഖനങ്ങളായിരുന്നു അവ. ഖുര്‍ആന്‍ ഇറങ്ങിയതിന് ശേഷം ഇനി ഒരു അമുസ്ലിമും അറബിയില്‍ ലേഖനം എഴുതില്ല എന്നൊന്നും ഇവിടെ ആരും വാദിച്ചിട്ടില്ലല്ലോ.
ഖുര്‍ആന്‍റെ വ്യതിരക്തത
സമാനമായത് കൊണ്ട് വരാന്‍ പറ്റാത്ത വിധം എന്താണ് ഖുര്‍ആന്‍ സാഹിത്യത്തെ ഇതര ഗ്രന്ഥങ്ങളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്?
ഖുര്‍ആന്‍റെ വെല്ലുവിളിക്ക് പല മാനങ്ങളുമുണ്ട്.
1.എല്ലാവര്‍ക്കും മനസ്സിലാകുന്ന അമാനുഷികത
2.പഠനങ്ങള്‍ക്ക് തയ്യാറുള്ള എല്ലാവര്‍ക്കും മനസ്സിലാകുന്നത്.
3.സാഹിത്യാഭി
രുചിയുള്ളവര്‍ക്ക് മാത്രം മനസ്സിലാകുന്നത്.
പ്രേക്ഷകരുടെ നിലവാര മനുസരിച്ച് വെല്ലുവിളിയുടെ മാനദണ്ഡങ്ങള്‍ വ്യത്യാസപ്പെടും. കൊച്ചു കുഞ്ഞുങ്ങളോട് രതിമൂര്‍ച്ചയുടെ ആനന്ദത്തെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ലാത്ത പോലെ, വായിലെ രസമുകുളങ്ങള്‍ നശിച്ചവനോട് മധുവിന്‍റെ മധുരത്തെക്കുറിച്ച് പറഞ്ഞാല്‍ തിരിയാത്ത പോലെ, ഖുര്‍ആനിക സാഹിത്യ സൗന്ദര്യത്തിന്‍റെ അദ്വിതീയതയെക്കുറിച്ച് ഭാഷയും സാഹിത്യവും അറിയാത്തവര്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കുക എന്നത് ഏറെ പ്രയാസകരമാണ്. തേനും കഷായവും എന്ത് വ്യത്യാസം എന്നവന്‍ ചോദിച്ച് കൊണ്ടിരിക്കും. രുചി ഭേദങ്ങളറിയാത്തവന് എന്ത് മധുരം? എന്ത് കയ്പ്പ്?
അക്ഷരഭ്യാസം നടത്തിയിട്ടില്ലാത്ത ആളാണ് ഖുര്‍ആന്‍ കൊണ്ട് വന്നത് എന്നത് പരക്കെ അറിയപ്പെട്ടതാണ്, ചരിത്ര പ്രസിദ്ധമാണ്. ഖുര്‍ആനിന്‍റെ അമാനുഷികത ഏത് പൊട്ടനും ബോധ്യപ്പെടുത്താവുന്ന ഒരു മാനദണ്ഡവുമാണത്. അക്ഷരം പഠിച്ചിട്ടില്ലാത്ത ഒരു വ്യക്തി എങ്ങനെ ഇത്തരം ഒരു ഗ്രന്ഥവുമായി വരും. 114 അധ്യയങ്ങള്‍, 6000 ത്തിലേറെ സൂക്തങ്ങള്‍. അതില്‍ തന്നെ ആല്‍ഫബറ്റുകള്‍ മാത്രമുള്ള സൂക്തങ്ങള്‍! അവ കൊണ്ട് പുതിയ പാരായണ ശൈലി. അക്ഷരങ്ങളുടെ ലോകം അജ്ഞാതമായിരുന്ന ഒരാള്‍ ഇത്തരം ഒരു കൃതിയുമായി വരുന്നു എന്നതിനര്‍ത്ഥം, അത് അമാനുഷിക സ്രോതസ്സില്‍ നിന്ന് വന്നതാണ് എന്ന് തന്നെയാണ്. കണ്ടന്‍റ് നോക്കാതെ തന്നെ ഇങ്ങനെ കണ്‍ക്ലൂഷനിലെത്താന്‍ ബുദ്ധിയുള്ളവര്‍ക്ക് കഴിയും. അപ്പോള്‍ അതിനോട് തുല്യമായ ഗ്രന്ഥം കൊണ്ടു വരൂ എന്നതിനര്‍ത്ഥം അതുപോലോത്ത ആളില്‍ നിന്ന് കൊണ്ട് വരൂ എന്നാണ്. വെല്ലുവിളി എറ്റെടുക്കേണ്ടവര്‍ക്ക് ഇങ്ങനെ ചെയ്യാം. ഒരാളെ അക്ഷരം പഠിപ്പിക്കാതെ വളര്‍ത്തുക. എന്നിട്ട് അയാള്‍ ഒരു പുസ്തകവുമായി വരട്ടേ!
ഇത് ഒരു ഒളിച്ചോട്ടമാണെന്നോ അക്ഷരം പഠിച്ച ഞങ്ങളുടെ സഹിത്യസൃഷ്ടികളെ ഭയന്നിട്ടാണെന്നോ പറയരുത്. ആ നിബന്ധന മാറ്റിവെച്ചും വെല്ലുവിളി പ്രസക്തം തന്നെയാണ്. അഥവാ ഖുര്‍ആനിന് തുല്യമായ ഗ്രന്ഥം കൊണ്ട് വരാന്‍ ഒരു സാഹിത്യ സാമ്രാട്ടിനും കഴിയില്ല. പക്ഷേ, ഇതറിയാല്‍ ഖുര്‍ആന്‍റെ മറ്റു പ്രത്യേകതകളിലേക്ക് കടക്കേണ്ടിവരും. കുറച്ചൊക്കെ ചിന്തിക്കുന്നവര്‍ക്ക് ബോധ്യപ്പെടുന്ന ചില പ്രത്യേകതകള്‍ പറയാം. യുക്തിവാദി കൊണ്ടുവരുന്ന ലേഖനത്തിന് ഇത്തരം വല്ല സവിശേഷതയും ഉണ്ടോ?
1. ഇന്ന് വരേ കണ്ടെത്തിയ ഒരു ശസ്ത്രീയ സത്യവുമായും അത് ഏറ്റുമുട്ടുന്നില്ല. അന്നത്തെ അന്വേഷണങ്ങള്‍ കൊണ്ട് എത്തിപ്പിടിക്കാനാവാത്ത ശാസ്തീയ സത്യങ്ങള്‍ ഖുര്‍ആന്‍ പറയുന്നുണ്ട്.
2.. ഗതകാല സംഭവങ്ങള്‍ ഭൗതിക മാധ്യമങ്ങളില്ലാതെ അനാഛാദനം ചെയ്യുന്നു.
3. അദൃശ്യമായ സംഭവങ്ങള്‍ വിശദീകരിക്കുന്നു.
4. പ്രവചനങ്ങള്‍ നടത്തുന്നു:
5.. ഗണിത വിസ്മയങ്ങള്‍:
ഏറെ പണിപ്പെടാതെ തന്നെ മനസ്സിലാക്കാവുന്ന ചില പ്രത്യേകതകള്‍ കൂടി പറയാം.
1.കാലാതിവര്‍ത്തിയായി നിലനില്‍ക്കുന്നു.
2. ഏറ്റവും കൂടുതല്‍ പാരായണം ചെയ്യപ്പെടുന്നു.
3. ഏറ്റവും കൂടുതലായി മന: പാഠമാക്കപ്പെടുന്നു
4. എന്നും പുതുപുത്തനായി നിലനില്‍ക്കുന്നു
5..ഇങ്ങനൊക്കെ ആയിരിക്കെ ഒരു ജീവിത സംഹിതയായി മാറുന്നു.
ഭൗതികവാദി കൊണ്ടുവന്ന വാറോലകളില്‍ ഈ പ്രത്യേകതകള്‍ വല്ലതുമുണ്ടോ?
എന്നാല്‍ ഖുര്‍ആന്‍റെ ഏറ്റവും വലിയ അമാനുഷികത വിസ്മയിപ്പിക്കുന്ന സാഹിത്യ സൗന്ദര്യമാണ്. പക്ഷേ അറബി ഭാഷയില്‍ നല്ല കഴിവും സവിശേഷമായ സാഹിത്യ ഭിരുചിയും ഉള്ളവര്‍ക്ക് മാത്രമേ അത് മനസ്സിലാകൂ. അത്തരക്കാര്‍ക്ക് കേള്‍ക്കുന്ന മാത്രയില്‍ തന്നെ ഖുര്‍ആനിക സൗന്ദര്യവും അനുഭവവേദ്യമാകും. ഇക്കാര്യത്തില്‍ ശത്രുക്കളുടെ സാക്ഷ്യം തന്നെ ധാരാളമുണ്ട്. മുസൈലിമ കൊണ്ട് വന്ന സൂറ:കളെ ശത്രു സമൂഹം തന്നെ പുച്ഛിച്ച് തള്ളിയത് വെറുതെയല്ല.
എന്നാല്‍ സാഹിത്യവുമായി ബന്ധപ്പെട്ട ഖുര്‍ആനിക സൗന്ദര്യങ്ങളുടെ ചില പ്രത്യേകതകള്‍ കൂടി പറയാം. ഇതില്‍ ഏതെങ്കിലും ഒന്ന് പോലും മറ്റെവിടെയും കാണാന്‍ കഴിയില്ല എന്ന് വാദിക്കുന്നില്ല. എന്നാല്‍ താഴെ പറയുന്ന സവിശേഷതകളെല്ലാം അടങ്ങിയ സാഹിത്യകൃതി മനുഷ്യന്‍ കൊണ്ട് വരിക എന്നത് അസാധ്യമാണ്. നടേ പറഞ്ഞ പത്ത് പ്രത്യേകതകള്‍ക്ക് പുറമെയാണിത്.
1. പാരായണഭേദങ്ങള്‍
2. അനനുകരണീയമായ ഗദ്യവും പദ്യവുമല്ലാത്ത ശൈലി.
3. കൃത്യമായ പദപ്രയോഗങ്ങള്‍
4. അല്‍ഭുതകരമായ പാരസ്പര്യം
5. ശബ്ദ സംവേദനം
6. നസ്ഖ്
7. ലിപി പരമായ സവിശേഷതകള്‍
8. ശാസ്ത്ര സാഹിത്യം
9. ആശയ ബഹുലത
10. വൈരുധ്യങ്ങളുടെ അഭാവം
11. തെറ്റുകളില്‍ നിന്ന് മുക്തം
12. സംഗീതാത്മകത
13. ഔഷധ മൂല്യം
14. വിഷയവൈവിധ്യം
15. പുത്തന്‍ ആവിഷ്കാരങ്ങള്‍
16. ഉപാലങ്കാരങ്ങളുടെ വശ്യത
17. ആവര്‍ത്തനകളുടെ സൗന്ദര്യം
18. മൗനഭാഷണം
19. വശ്യത
20. അതീന്ദ്രിയ വിഷയങ്ങള്‍
ഈ ലിസ്റ്റ് നീളും. ഇതൊന്നും യുക്തിവാദി കൊണ്ട് വന്ന ഈ സൂറ:കളില്‍ ഇല്ല. ഖുര്‍ആനിലെ ഏറെക്കുറെ എല്ലാ സൂറയിലും മേല്‍പറഞ്ഞ എല്ലാം ഉണ്ട്. വല്ലതും ഉണ്ടെങ്കില്‍ അത് ഖുര്‍ആനില്‍ നിന്ന് അപ്പടി കോപ്പിയടിച്ചത് മാത്രം.
ആ വെല്ലുവിളി ഇപ്പോഴും അജയ്യമായി നില നില്‍ക്കുന്നു.
നാം നമ്മുടെ അടിമയുടെ മേല്‍ ഇറക്കിയ ഗ്രന്ഥത്തില്‍ നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ അതിനോട് തത്തുല്യമായ ഒരു അധ്യായമെങ്കിലും കൊണ്ടു വരൂ. അല്ലാഹുവിന് പുറമെയുള്ള നിങ്ങളുടെ സഹായികളേയും വിളിച്ചേക്ക്; നിങ്ങള്‍ സത്യവാന്മാരെങ്കില്‍!
നിങ്ങള്‍ക്ക് സാധിച്ചിട്ടില്ലെങ്കില്‍ ഇനി സാധിക്കുകയുമില്ല. ജനങ്ങളും കല്ലുകളും കത്തിക്കപ്പെടുന്ന നരകാഗ്നിയെ നിങ്ങള്‍ ഭയന്ന് കൊള്ളൂ.അത് സത്യനിഷേധികള്‍ക്കായി തയ്യാറാക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു. (അല്‍ബഖറ:23,24)
ഫൈസല്‍ അഹ്സനി രണ്ടത്താണി