2021 July - August Hihgligts Shabdam Magazine കവര്‍സ്റ്റോറി രാഷ്ടീയം സമകാലികം

നടുവൊടിഞ്ഞ രാജ്യം

ഓരോ ആഗസ്റ്റ് പതിനഞ്ചും വലിയ ഓര്‍മ്മപ്പെടുത്തലുകളാണ്. പതിറ്റാണ്ടുകളോളം വൈദേശികാധിപത്യത്തിന്‍റെ കീഴില്‍ ഞെരിഞ്ഞമര്‍ന്ന ഒരു ജനതയുടെ സ്വപ്ന സാക്ഷാത്കാരവും അത് സാധ്യമാക്കാന്‍ സഹിക്കേണ്ടി വന്ന ത്യാഗങ്ങളും കഥന കഥകളും ആവോളം ചരിത്രത്തില്‍ നിന്നും വായിച്ചെടുക്കാനാവും. ഒരുപാട് കണ്ണുനീര്‍ നനവുപടര്‍ന്ന ജനങ്ങളേകിയതാണ് നമ്മുടെ ഈ സ്വാതന്ത്ര്യം. ഒരുപാട് ധീരകേസരികളുടെ, രാജ്യ സ്നേഹം എരിഞ്ഞ മാതൃഹൃദയങ്ങളുടെ, കുഞ്ഞുങ്ങളുടെ ത്യാഗ ഫലമായി കൈവരിച്ചത്. ജാതി-മത ഭേതമന്യേ വൈദേശികാധിപത്യത്തെ വെല്ലുവിളിച്ചും പോരാടിയും ജീവനേകിയും നേടിയെടുത്തത്. ഇത്തരത്തില്‍ പല വിധേനയും ഇന്ത്യന്‍ സ്വാതന്ത്ര്യത്തെ നമുക്ക് വിശേഷിപ്പിക്കാനാവും. എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ വാര്‍ഷികം നാം ആഘോഷിച്ചു കഴിഞ്ഞു. ഈ സവിശേഷ സാഹചര്യത്തില്‍ ഇന്ത്യ നേടിയെടുത്ത സ്വാതന്ത്ര്യം ഇന്നെവിടെ എത്തി നില്‍ക്കുന്നുവെന്നും രാജ്യത്തിന്‍റെ രാഷ്ട്രീയ- സാസ്കാരിക- സാമ്പത്തിക സ്ഥിതി വിശേഷണം നിലവിലെന്തന്നതുമുള്ള അന്വേഷണത്തിന് വലിയ പ്രസക്തിയുണ്ട്.
രാഷ്ട്രീയ സ്ഥിതി
ഇന്ത്യയെ ജനാധിപത്യത്തിന്‍റെ ഏറ്റവും മൂര്‍ത്തീ ഭാവമായിട്ടാണ് കണക്കാക്കുത്. ആദ്യ കാലങ്ങളിലെ ഭരണവും നേതാക്കളും അവരുടെ പ്രവര്‍ത്തനങ്ങളുമെല്ലാം ഇതിനോട് സമീകരിക്കുന്നതായിരുന്നു. രാജ്യത്തെ ഓരോ പൗരന്‍റെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മികവുറ്റ ഭരണ ഘടന തന്നെ ദീര്‍ഘ വീക്ഷണവും ആത്മസമര്‍പ്പണമുള്ള നമ്മുടെ നേതാക്കള്‍ നിര്‍മ്മിച്ചു. പല ഘടനകളില്‍ നിന്നും കടം കൊണ്ടും ചര്‍ച്ചകളിലേര്‍പ്പെട്ടും കരുത്തുറ്റ നിയമങ്ങളും ഭരണഘടനയുമാണ് അവര്‍ രൂപം നല്‍കിയത്. എന്നാല്‍ അവയെല്ലാം നിഷ്ഫലമാക്കുന്ന തരത്തിലാണ് ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയ അവസ്ഥ. സത്യസന്ധവും രാജ്യസ്നേഹവുമുള്ള സ്വാതന്ത്ര്യ സമരനേതാക്കളും അവരുടെ പിന്‍ന്തുടര്‍ച്ചക്കാരായ ചില നന്മ മനസ്സുകളുടെയും അസ്മയത്തോടെ ഇന്ത്യന്‍ രാഷ്ട്രീയ സ്ത്ഥിതി മലീമസ പാതയിലേക്ക് സഞ്ചരിച്ചിട്ടുണ്ട്. അഴിമതിയും അധികാരമോഹവും സ്വാര്‍ത്ഥതയും കൊടികുത്തി വാഴുന്നിടമായി ഇന്ത്യന്‍ രാഷ്ട്രീയം പരിണമിച്ചു. സ്വാതന്ത്ര്യസമര പൈതൃകമുള്ള കോഗ്രസ്സിന് പോലും അതിന്‍റെ തനിമ നഷ്ടപ്പെട്ടു. സംഘര്‍ഷവും രാഷ്ട്രീയ പകപോക്കലുകളും നിറഞ്ഞു. അധികാരത്തിന്‍റെ അപ്പക്കഷ്ണങ്ങള്‍ക്കായി അധികാരമോഹികള്‍ കൂട്ടം കൂടി.
ഇതിനിടയിലും ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും വലിയ പൊള്ളലുകളൊന്നും സംഭവിച്ചിരുന്നില്ല. ചിലയിടങ്ങളിലെ വര്‍ഗ്ഗീയ വിഷം ചീറ്റലുകള്‍ ഇന്ത്യ കീഴടക്കുമെന്ന് ആരും അന്ന് സ്വപ്നേപി വിചാരിച്ചിരുന്നില്ല. എന്നാല്‍ 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ജനാധിപത്യത്തിന്‍റെ കടയ്ക്കല്‍ കഠാര കുത്തിയിറക്കുന്നതിന്‍റെ ആദ്യ കാല്‍വപ്പെന്ന് ബുദ്ധി ജീവികള്‍ പ്രവചിച്ചപ്പോഴും നാമത് കാര്യമാക്കിയില്ല. പക്ഷെ, നവ സാഹചര്യത്തില്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരോരുത്തരും അത് അനുഭവിച്ചറിയുകയാണ്. അത്കൊണ്ട് രാഷ്ട്രീയ പരമായി തകര്‍ച്ചയിലേക്കാണ് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നത്. പല സ്വാതന്ത്ര്യങ്ങളും ഹനിക്കപ്പെടുന്നു. വിമര്‍ഷിക്കുന്നവരെയെല്ലാം അധികാരം കാണിച്ചു ഭയപ്പെടുത്തുന്നു, മൗനികളാക്കുന്നു. ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണവും സിദ്ധീഖ് കാപ്പന്‍ തുടങ്ങി നിരവധിയാളുകളുടെ ദുരിത പൂര്‍ണമായ ജയില്‍ വാസവും ഇതിനുദാഹരണമാണ്. വംശീയപരമായും വര്‍ഗ്ഗീയപരമായും തങ്ങളെന്ത് വിമര്‍ശനവുമുയര്‍ത്തും അശാസ്ത്രീയ നടപടികള്‍ കൊണ്ട് വരും ജനം ദുരിതമനുഭവിച്ചാലും തങ്ങളുടെ നിലപാടില്‍ അടിയുറക്കും. അതിനെയാരും ചോദ്യം ചെയ്യരുതെന്ന ദുശാഠ്യമാണ് കേന്ദ്രസര്‍ക്കാറില്‍ നിന്നുണ്ടാകുന്നത്.
എന്നാല്‍ കേന്ദ്ര സര്‍ക്കാറിനെയോ പ്രധാനമന്ത്രിയെയോ വിമര്‍ശിച്ചാല്‍ യു എ പി എ പോലോത്ത രാജ്യദ്രോഹ നിയമങ്ങള്‍ ചുമത്തുന്നു. ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണത്തെ തുടര്‍ന്ന് യു എന്‍ മനുഷ്യാവകാശ പ്രതിനിധി മേരി ലാവ്ലകറിന്‍റെ പ്രസ്താവന ഈ വസ്തുതയെ ചൂണ്ടികാണിക്കുന്നതാണ്. മനുഷ്യാവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവരെ ജയിലിലടക്കുതിന് യാതൊരു ന്യായീകരണവും ഇന്ത്യക്കില്ലായെന്നായിരുന്നു മേരി ലാവ്ലെറ്ററിന്‍റെ പ്രതികരണം. ഇതുതന്നെയാണ് ഇന്ന് ഇന്ത്യയില്‍ സംഭവിക്കുന്നത്. ലക്ഷ്യദ്വീപ് വിഷയത്തില്‍ ആയിശ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതും മറ്റൊരു പതിപ്പ്. ഇത്തരത്തില്‍ അവരുടെ ഫാസിസ്റ്റ് കുടിലതകള്‍ നടപ്പിലാക്കാനുള്ള കുതന്ത്രങ്ങളിലേര്‍പ്പെട്ടിരിക്കുകയാണ് ബി ജെ പി. അതിന് നേരും നെറിയുമൊന്നും അവര്‍ മുഖവിലക്കെടുക്കുന്നില്ല. കര്‍ണാടക നിയമസഭ തിരെഞ്ഞെടുപ്പ് പോലോത്ത ഇന്ത്യയിലെ സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ ഇതിന്‍റെ തെളിവായി ചൂണ്ടിക്കാണിക്കാനാവും. പണമെറിഞ്ഞും പ്രലോഭിപ്പിച്ചും ഭയപ്പെടുത്തിയും എതിര്‍കക്ഷിയിലെ നോതാക്കളെ വരുതിയിലാക്കുന്ന ഹീനമായ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ അന്തസ്സ് തൊട്ടുതീണ്ടാത്ത നീക്കങ്ങളാണ് ഓപ്പറേഷന്‍ താമരിയിലൂടെ ഭാരതീയര്‍ കണ്ടത്. അതിനുവേണ്ടി ഇസ്രയേല്‍ കമ്പനിയായ എന്‍ എസ് ഒ രൂപം കൊടുത്ത ചാര സോഫ്റ്റ് വെയര്‍ പെഗാസസ് ഉപയോഗിച്ചുവെന്ന ആരോപണവും കേന്ദ്രം കയ്യാളുന്നവരുടെ രാഷ്ട്രീയ അന്തസില്ലായ്മയെ തുറന്നുകാണിക്കുന്നു. തങ്ങളുടെ ലക്ഷ്യം ഏതുവിധേനയും നടപ്പിലാക്കുകയെന്നതേ മുമ്പിലുള്ളൂ, അതിനായി ഏതുമാര്‍ഗ്ഗവും സ്വീകരിക്കുമെന്നാണ് അവരുടെ ഓരോ നടപടികളും പറഞ്ഞുവെക്കുന്നത്. മുസ്ലിം വിരോധം ആത്മാവില്‍ സിവിശേഷിപ്പിച്ച് ഫാസിസ്റ്റ് ഭരണകൂടം അതിന്‍റെ രൗദ്രതയില്‍ എത്രയോ മുന്നോട്ട് ഗമിച്ചിരുന്നു. ഭരണഘടന ഉറപ്പുനല്‍കിയിരുന്ന കാശ്മീരിന്‍റെ സവിശേഷ അധികാരത്തെ എടുത്തുകളഞ്ഞ അവര്‍ താഴ്വരയെ ഒരു സൈനിക രാഷ്ട്രത്തിന്‍റെ സ്വഭാവത്തിലേക്ക് മാറ്റിയെന്നു പറയാം. കേന്ദ്രഭരണ പ്രദേശമാക്കി സൈന്യത്തെ വിന്യസിപ്പിച്ച് അത്രമേല്‍ ദുരിതം സമ്മാനിച്ചിരിക്കുന്നു. അടിമ തുല്യമായ ജീവിതമാണിതെന്ന് ചിന്തിക്കാവുന്ന അന്തരീക്ഷം സൃഷ്ടിച്ചു. ഇന്ത്യയിലെ മുസ്ലിംകളുടെ ജീവിതം ചോദ്യ ചിഹ്നമായി മാറുന്നുവെന്ന് സാരം. പൗരത്വ ഭേദഗതി ഓര്‍മ്മയില്ലേ? പല മുസ്ലിംകളെയും നാടുകടത്താന്‍ അറുകുഴമ്പന്‍ ന്യായങ്ങളും നിയമങ്ങളുമായി വന്നത്. അതില്‍ നിന്ന് അവരിപ്പോഴും പിന്മാറിയിട്ടില്ല. അഖ്ലാഖ്, ജുനൈദ്, പെഹ്ലുഖാന്‍ തുടങ്ങിയുള്ള അവരുടെ നരബലികളൊന്നും ഇപ്പോഴും അവസാനിച്ചിട്ടില്ല. വര്‍ഗ്ഗീയ വിഷത്താല്‍ അസാരമായ ഫാഷിസ്റ്റ് അനുയായികള്‍ ഇപ്പോഴും വേട്ട തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ദലിതുകളെയും മുസ്ലിംകളെയും നിരന്തരം വേട്ടയാടുന്നു. ജാതീയത ഫണം വിടര്‍ത്തി നില്‍ക്കുന്നു. അതിന്‍റെ അന്ധമായ ഉന്മാദത്തില്‍ ദലിത മുസ്ലിം സ്ത്രീകളെ പിച്ചിച്ചീന്തുന്നു. ഉത്തര്‍പ്രദേശിലെ ആളൊഴിഞ്ഞ പാടങ്ങളില്‍ നിന്നും പറമ്പുകളില്‍ നിന്നും കണ്ടെടുക്കുന്ന ദലിത് ബാലികമാരുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ ഇതിന്‍റെ നേര്‍ചിത്രങ്ങളാണ്. ഉത്തര്‍ പ്രദേശിലെ മൊറദാബാദില്‍ ഇറച്ചി വിറ്റതിന് ആള്‍ക്കൂട്ടം ഷാക്കിറെന്ന യുവാവിനെ ആക്രമിച്ചത് അടുത്തിടെയാണ്. നാട്ടുകൂട്ടങ്ങള്‍ പോലെ നിയമ സംവിധാനത്തെ വെല്ലുവിളിക്കു തരത്തില്‍ മോബോക്രസിയും ഉത്തരേന്ത്യന്‍ ഭാഗത്ത് നിറയുന്നുവെന്നതിന്‍റെ സുചനയാണിത്. എന്നാല്‍ ഇതിനെല്ലാം ഒത്താശ പാടുകയും തിരശ്ശീലക്കു പിന്നില്‍ നിന്ന് പ്രോത്സാഹിപ്പിക്കുകയുമാണ് ഭരണകൂടം ചെയ്യുന്നത്. അതിനായി ഭരണഘടനാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ത്ഥരായ ഭരണഘടനാസ്ഥാപനങ്ങളെയും കൂട്ടുപിടിക്കുന്നുവെന്നതാണ് പുതിയ സംഭവ വികാസം. ഭരണകൂടങ്ങള്‍ ഏകാധിപത്യ സ്വഭാവം കൈകൊണ്ടിരുന്ന പലസമയങ്ങളിലും ഭരണഘടനാവകാശങ്ങള്‍ ഉറപ്പുനല്‍കാന്‍ മുന്‍പന്തിയില്‍ നിന്നിരുന്നത് കോടതികളായിരുന്നു. ഉയര്‍ന്ന നീതിബോധമുള്ള ന്യായധിപന്മാരുടെ ധീരമായ ഇടപെടലുകള്‍ ചരിത്രത്തിലുണ്ട്. ഇന്ദിരഗാന്ധി അടിയന്തരാവസ്ഥയില്‍ അവര്‍ക്കനൂകൂലമാകാന്‍ കോടതിയില്‍ പിടിമുറുക്കുകയും സീനിയോറിറ്റി സിസ്റ്റം മറികട് ന്യയാധിപനെ നിയോഗിക്കുകയും ചെയ്തു. അതിനി ആവര്‍ത്തിക്കാതിരിക്കാനാണ് കൊളീജിയം ശുപാര്‍ശ സിസ്റ്റം രൂപം നല്‍കിയത്. ഭരണകൂടത്തിന്‍റെ കൈകടത്തലുകളില്ലാത്ത സ്വതന്ത്ര്യ നീതിന്യായ വ്യവസ്ഥ ഒരു ജനാധിപത്യ രാജ്യത്തിന് അത്യന്ത്യാപേക്ഷിതമാണ.് എന്നാല്‍ മോദി സര്‍ക്കാറിന്‍റെ കീഴില്‍ അത് മറികടന്നിരിക്കുന്നു. ത്രിപുര ചീഫ് ജസ്റ്റിസായ ആഖില്‍ ഖുറൈശിയെ സുപ്രീം കോടതി ന്യായധിപ ഒഴിവിലേക്ക് ശിപാര്‍ശ ചെയ്യുന്ന പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. കേന്ദ്ര സര്‍ക്കാറിന്‍റെ കണ്ണിലെ കരടായ ആഖില്‍ ഖുറൈശിയെ ചീഫ് ജസ്റ്റിസ് എന്‍ വി രമണയടങ്ങിയ കൊളീജിയം ബെഞ്ച് മനപ്പൂര്‍വ്വം മാറ്റി നിര്‍ത്തുകയായിരുന്നു. മോദി സര്‍ക്കാറിനനുകൂലമായ നയം സ്വീകരിക്കുന്ന ആദ്യത്തെ ആളൊന്നുമല്ല എന്‍ വി രമണ. ചീഫ് ജസ്റ്റിസായിരുന്ന അരുണ്‍ മിശ്രയും രഞ്ജന്‍ ഗെഗേയുമെല്ലാം ഈ പട്ടികയില്‍ പെടുന്നവരാണ്. ന്യായാധിപനായ ലോഹ്യയുടെ ദുരൂഹ മരണക്കേസിലെല്ലാം സ്വന്തം തീരുമാനമാണ് അരുണ്‍ മിശ്ര കൈകൊള്ളുതെന്നും കേസ് ഭാഗം വെക്കുന്നതില്‍ ജനാധിപത്യ സ്വഭാവമില്ലായെന്നും പറഞ്ഞ് മിശ്രക്കെതിരെ ഒരു കൂട്ടം സുപ്രീം കോടതി ന്യായാധിപന്മാര്‍ വാര്‍ത്താ സമ്മേളനം നടത്തിയ സംഭവം വരെയുണ്ടായി. കേന്ദ്ര സര്‍ക്കാറിനെ സംരക്ഷിക്കാന്‍ ആവശ്യമായ കേസുകള്‍ അദ്ദേഹത്തേിന്‍റെ ബെഞ്ചിലേക്ക് മാറുന്നുവെതായിരുന്നു അരുണ്‍ മിശ്രക്കെതിരെയുള്ള പ്രധാന ആരോപണം. ഇത്തരത്തില്‍ വാര്‍ത്താ സമ്മേളനം നടത്തിയ ന്യായാധിപക്കൂട്ടത്തിലെ രജ്ഞന്‍ ഗെഗോയി ചീഫ് ജസ്റ്റിസായ സമയത്താണ് മോദി സര്‍ക്കാര്‍ തങ്ങള്‍ക്കാവശ്യമായ നിയമങ്ങള്‍ ചുട്ടെടുത്തതെതന്ന് മറ്റൊരു വിരോധാഭാസം. ബാബരി മസ്ജിദ് കേസിലും തികച്ചും പ്രഹസനമായ വിധി പ്രഖ്യാപിച്ച് മതേതര ഇന്ത്യക്ക് മുറിവേല്‍പ്പിക്കുകയായിരുന്നു ഗെഗോയി ചെയ്തത്. പോലിസിനെയും ഇതര സംവിധാനങ്ങളെയും ഇന്ന് ബി ജെ പി കാവി വല്‍കരണത്തിന് ഉപയോഗിക്കുന്നത് ഡല്‍ഹി കലാപത്തിലും ജെ എന്‍ യു സമരത്തിലും നാം കണ്ടതാണ്. വര്‍ഗീയവാദികള്‍ക്ക് സംരക്ഷണമേകി ആക്രമങ്ങളില്‍ അവരും പങ്കാളികളായി. ഉത്തര്‍ പ്രദേശിലെ അമേഠിലെ ബാധല്‍ ഗഢില്‍ മാര്‍ച്ച് 16 ാം തിയ്യതി ഗുല്‍സാര്‍ അഹമ്മദിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചത് അവിടുത്തെ പോലീസധികാരികള്‍ തന്നെയായിരുന്നു. തോക്ക് അനധികൃതമായി കൈവശം വെച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ തോക്ക് പോലീസുകാര്‍ കൊണ്ടുവെച്ചതാണെന്ന് കടയിലെ സി സി ടി വി ദൃശ്യങ്ങളിലൂടെ തെളിയുകയുണ്ടായി. ഉത്തര്‍ പ്രദേശിലെ ഉന്നാവോയില്‍ ഫൈസല്‍ എന്ന ചെറുപ്പക്കാരനും പോലീസ് അതിക്രമത്തിലാണ് കൊല്ലപ്പെട്ടത്. ലോക്ഡൗണ്‍ സമയത്ത് പച്ചക്കറി വിറ്റു എന്നാരോപിച്ച് സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോവുകയും അതിക്രമത്തിനിരയാക്കുകയുമായിരുന്നു. ചുരുക്കത്തില്‍ ഇന്ത്യയിലെ വിദ്യാഭ്യാസം, രാഷ്ട്രീയം തുടങ്ങീ സമസ്ത മേഖലകളിലും കാവി വല്‍കരണത്തിന് ശ്രമിക്കുകയാണ് സംഘ പരിവാര്‍. അവരെ പ്രതിരോധിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പരാജയപ്പെട്ടുവെന്നതാണ് വാസ്തവം. കോണ്‍ഗ്രസ്സിന്‍റെ സംഘടനാ സംവിധാനം ക്ഷയിച്ചു കൊണ്ടിരിക്കുന്നു. വേണ്ടത്ര ഇടപെടലുകള്‍ നടത്താന്‍ അവര്‍ക്കാവുന്നില്ല. നേതൃ മാറ്റവുമായി ബന്ധപ്പെട്ട് ഭിന്നിപ്പ് പാര്‍ട്ടിക്കുള്ളില്‍ ശക്തമായിട്ടുണ്ട്. ബംഗാളിലെ തൃണമൂല്‍ കോഗ്രസിന്‍റെയും കേരളത്തിലെ സി പി ഐ എം ന്‍റെയും വിജയങ്ങളാണ് നേരിയ പ്രതീക്ഷ നല്‍കുന്നത്. മമതയുടെ നേതൃത്വത്തില്‍ പ്രതിപക്ഷക്കൂട്ടായ്മക്കുള്ള ഇടപെടലുകളുണ്ടെങ്കിലും അതൊന്നും വിജയം കാണുന്നില്ല. ശക്തമായ പ്രതിപക്ഷക്കൂട്ടായ്മയുണ്ടെങ്കിലെ ഫാസിസ്റ്റുകളുടെ തേര്‍വാഴച്ചയെ തടയാനാകൂ. പാര്‍ലമെന്‍റിലെ വര്‍ഷകാല സമ്മേളനമൊന്ന് ശ്രദ്ധിക്കൂ.. എത്ര ആഭാസമാണ് അവരവിടെ പ്രവര്‍ത്തിച്ചത് ലോക സഭയില്‍ നടത്തേണ്ടിയിരു സമയത്തിന്‍റെ 21% വും രാജ്യ സഭയിലെ സമയത്തിന്‍റെ 28% പുറമേ വര്‍ഷക്കാല സമ്മേളനം നടന്നിട്ടുള്ളൂ. സമ്മേളന തുടക്കത്തില്‍ മാധ്യമങ്ങളിലൂടെ പെഗാസസ് വിഷയം പുറത്തുവരികയും അതില്‍ നിന്നും രക്ഷപ്പെടാനുള്ള തത്രപാടുമാണീ പെട്ടെന്നുള്ള അവസാനിപ്പിക്കല്‍. വര്‍ഷക്കാല സമ്മേളനം തുടങ്ങിയത് മുതല്‍ 17 ദിവസം പെഗാസസ് ചര്‍ച്ചക്കിടണമെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ചെങ്കിലും ഭരണകൂടം ചെവികൊണ്ടില്ല. പ്രതിക്ഷേധിച്ചവര്‍ക്കെതിരെ ഗാര്‍ഡുകളെ കൊണ്ട് അക്രമം അഴിച്ചുവിടുകയുമുണ്ടായി. മുമ്പ് പ്രസ്താവിച്ചത് പോലെ ഇന്ത്യയെ ജനാധിപത്യത്തിന്‍റെ മൂര്‍ത്തീഭാവമായി കണക്കാക്കുന്നത് ഇന്നനുയോജ്യമാണോയെന്ന ചോദ്യവും ഇവിടെ ഉയരുന്നുണ്ട്.
സാമ്പത്തികം
ഒരു രാജ്യത്തിന് ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ഭരണം സുഗമമായി നിര്‍വഹിക്കാനും ഭദ്രമായി സാമ്പത്തിക ശേഷിയുണ്ടാക്കണം. വിശിഷ്യാ കൊളോണിയല്‍ ആധിപത്യത്തില്‍ കൊള്ളയടിക്കപെട്ട ഒരു രാജ്യം പ്രത്യേകിച്ചും ആ യാഥാര്‍ത്യത്തെ യഥാവിധം ഉള്‍കൊള്ളിക്കണം വികസ്വര രാജ്യമായ ഇന്ത്യയിലെ ഓരോ ഭരണകൂടവും പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. അതിന് ക്രിയാത്മകവും ദീര്‍ഘവീക്ഷണവുമുള്ള മികവുറ്റ സാമ്പത്തിക പദ്ധതികളും പരിശ്കരണങ്ങളും വേണം. എന്നാല്‍ മോധി സര്‍ക്കാറിന്‍റെ കീഴില്‍ സാമ്പത്തിക മേഖല തികച്ചും പരാജയമായി മാറിയിരിക്കുകയാണ്. അശാസ്ത്രിയമായ പദ്ധതികളാല്‍ ഇന്ത്യന്‍ സാമ്പത്തികമേഖലയുടെ നെട്ടല്ലുതന്നെ തകര്‍ന്നിരിക്കുന്നുവെന്ന് സാരം. കള്ളപ്പണം പിടിച്ചെടുക്കാനെന്ന പേരില്‍ ഒരര്‍ധരാത്രി പ്രത്യക്ഷപെട്ട് പ്രഖ്യാപിച്ച നോട്ട് നിരോധനവും ജി.എസ്.ടിയും ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്കേല്‍പ്പിച്ച ആഘാതം ചെറുതല്ല. ഇതിനകം തന്നെ അതുസംബന്ധിയായ ധാരാളം ചര്‍ച്ചകള്‍ നാം നടത്തുകയുണ്ടായി. റിയല്‍ എസ്റ്റേറ്റ് റഘുലേഷന്‍ നിയമം, ആര്‍ബിഎയുടെ മോണിറ്ററി പോളിസി കമ്മിറ്റി ജനാര്‍ധന് യോജന, ഉജ്ജ്യല്‍ യോജന തുടങ്ങിയ പദ്ധതികളുമായി കേന്ദ്രം മേനി നടിച്ചിരുന്നു. വലിയ സാമ്പത്തിക പദ്ധതികളും പരിഷ്കാരങ്ങളുമായി കൊട്ടിഘോഷിച്ചിരുന്നു. പക്ഷേ അതോടൊപ്പം തന്നെ അതിലെ അനര്‍ത്ഥങ്ങളും അപാകതകളും ചൂണ്ടി കാണിക്കപെടുകയുണ്ടായി. സാമ്പത്തിക വളര്‍ച്ച താഴേക്ക് കൂപ്പുകുത്തുകയാണിപ്പോള്‍. കോവിഡ് പ്രതിസന്ധിയെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഉയര്‍ത്തിക്കാട്ടി രക്ഷപ്പെടുകയാണ് കേന്ദം ചെയ്യുന്നത്. എന്നിട്ടും തങ്ങളുടെ അശാസ്ത്രീയവും അബദ്ധവുമായ പദ്ധതികള്‍ക്ക് വിരാമമിട്ടിട്ടില്ല മോദി സര്‍ക്കാര്‍. കോര്‍പ്പറേറ്റുകളുമായി കൈകോര്‍ത്ത് കാര്‍ഷിക മേഖലയേയും പൊതുമേഖലയേയും തകര്‍ച്ചയിലേക്ക് നീക്കുകയാണ് ചെയ്യുന്നത്. ഏതുപ്രതിസന്ധിയിലും ഇന്ത്യന്‍ സാമ്പത്തിക മേഖലയെ താങ്ങിനിര്‍ത്തുന്ന മേഖലയാണ് കാര്‍ഷിക രംഗവും പൊതുമേഖലാ സ്ഥാപനങ്ങളും. ഇതു ഉള്‍കൊണ്ടാണ് പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നഹ്റു പഞ്ചവത്സര പരിപാടി നടപ്പിലാക്കിയത്. ക്രിയാത്മകവും ആസൂത്രിതമായ പദ്ധതികളാല്‍ മൂന്ന് ഘട്ടങ്ങളിലായാണ് ഇത് നടപ്പില്‍ വരുത്തിയത്. ഇന്ത്യ കൃഷിയിലും വ്യവസായങ്ങളിലും സ്വയം പര്യപ്തത കൈവരിക്കണമെന്ന യഥാര്‍ത്ഥ്യ ബോധമാണ് ഇതിനു പ്രേരിപ്പിച്ചത്. ഇന്ത്യ ഇതുവരെ കൈവരിച്ച സാമ്പത്തിക ഭദ്രതക്ക് അടിസ്ഥാനമേകിയത് ഈ പദ്ധതിയാണെന്ന് പറയാം. തുടര്‍ന്ന് കാര്‍ഷിക മേഖലയിലും പൊതുമേഖല സ്ഥാപനങ്ങളുടെ വളര്‍ച്ചയിലും വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ ഇന്ത്യക്കായി. എന്നാല്‍ എല്ലാം വിറ്റു തുലക്കുകയാണ് നരേന്ദ്ര മോഡിയും ബി ജെ പിയും. ഭാരത് പെട്രോളിയം ലിമിറ്റഡ് അടക്കം അഞ്ച് പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 2019ല്‍ അനുമതി നല്‍കിയിരുന്നു. അടുത്ത നാലുവര്‍ഷം കൊണ്ട് സര്‍ക്കാര്‍ ആറ് ലക്ഷം കോടിയുടെ ആസ്തികള്‍ വിറ്റൊഴിയിക്കുമെന്നാണ് കേന്ദ്ര ധന മന്ത്രിയുടെ പുതിയ പ്രഖ്യാപനം. 400 റെയില്‍വേ സ്റ്റേഷനുകള്‍ 90 യന്ത്ര വണ്ടികള്‍ കൊങ്കണ്‍ റെയില്‍വേയുടെ 741 കിലോമീറ്റര്‍ 25 വിമാനത്താവളങ്ങള്‍ തുടങ്ങി 12 മന്ത്രായലങ്ങള്‍ക്കു കീഴിലെ 20 ലധികം ആസ്തികളാണ് വിറ്റൊഴിക്കുന്നത്. യഥാര്‍ത്ഥത്തില്‍ പൊതുമേഖലയെ ഇത്തരത്തില്‍ കോര്‍പറേറ്റുകള്‍ക്ക് വിറ്റുതുലക്കുന്നത് വലിയ പ്രത്യഘാതങ്ങള്‍ക്കിടയാക്കും. അനേകം തൊഴിലവസരങ്ങളാണ് ഇതിലൂടെ നഷ്ടമാകുക. ഇന്ത്യയിലെ അനേകം ജനങ്ങള്‍ തൊഴില്‍ രഹിതരായിരിക്കുകയാണ്. കോവിഡ് ഈ പ്രതിസന്ധിയുടെ ആഴം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഒരോ വര്‍ഷവും ഏകദേശൃം 12 ദശലക്ഷം പേര്‍ ജോലി തേടി പുതുതായി തൊഴില്‍ രംഗത്തേക്കെത്തുന്നുണ്ടെന്നാണ് കണക്കുകള്‍. ഇത്തരം വിറ്റഴിക്കലിലൂടെ നിലവിലെ ആളുകള്‍ക്ക് തന്നെ തൊഴില്‍ നഷ്ടപ്പെടുമ്പോള്‍ പുതുതായി രംഗത്തേക്ക് വരുന്നവരുടെ അവസ്ഥയെന്താകും. സമസ്ത മേഖലയിലും സ്വയം പര്യപ്തതയെ അവകാശ വാദത്തില്‍ സര്‍ക്കാര്‍ കൊണ്ട് വന്ന ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗര്‍ പദ്ധതിയെ തകിടം മറിക്കുന്നതാണ് ഈ വിറ്റഴിക്കലെന്നത് പരിഹാസമുണര്‍ത്തുന്നുണ്ട്. കാര്‍ഷിക മേഖലയുടെ അവസ്ഥയും സമാനമാണ്. കര്‍ഷക ദ്രോഹപരമായ നിയമങ്ങള്‍ ചുട്ടെടുത്ത് കോര്‍പറേറ്റുകള്‍ക്ക് വളം ഒരുക്കുകയാണ് സര്‍ക്കാര്‍. അതിനെ ചോദ്യം ചെയ്ത് രാജ്യ തലസ്ഥാനത്ത് കൊടും തണുപ്പില്‍ പ്രതിഷേധത്തിലേര്‍പ്പെട്ട കര്‍ഷക കൂട്ടായ്മയെ തീവ്രവാദികളെന്ന മുദ്രകുത്താനാണ് അവര്‍ ശ്രമിച്ചത്. പ്രതിസന്ധിയില്‍ അകപ്പെട്ട ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട്.
കൃഷിയാവശ്യങ്ങള്‍ക്കായി എടുത്ത വായ്പ തിരച്ചടക്കാനാവാതെ ഭൂമി നഷ്ടപ്പെടുമെന്ന അവസ്ഥയിലെത്തുമ്പോളാണ് കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം കണ്ടെത്തുന്നത്. ഇതിനിടയിലാണ് രാജ്യത്തെ അന്നമൂട്ടുന്ന കര്‍ഷകരുടെ മേലില്‍ കോര്‍പറേറ്റുകള്‍ക്ക് സൗകര്യമാകുന്ന ബില്ലുകള്‍ അടിച്ചേല്‍പ്പിക്കുന്നത്.
ആഗോള പട്ടിണി സൂചിക പ്രകാരം ഇന്ത്യയുടെ സ്ഥാനം 102 ആണ്. അയല്‍രാജ്യങ്ങളായ പാക്കിസ്ഥാനും ബഗ്ലാദേശിനും പിന്നിലാണ് ഇന്ത്യ. ഇത്തരം കണക്കുകള്‍ മുന്നിലുണ്ടാവുമ്പോള്‍ തന്നെ കേന്ദ്ര സര്‍ക്കാറിന്‍റെ നിരുത്തരവാദിത്തപരമായ പ്രവര്‍ത്തനങ്ങള്‍ ആശങ്കാജനമാണ്.

ആരോഗ്യം
ആരോഗ്യ മേഖലയും തികച്ചും പ്രതിസന്ധിയിലാണെന്ന് പറയാം. കേരളം പോലോത്ത ചിലയിടങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല. ഈ സര്‍ക്കാറിന്‍റെ കീഴില്‍ ദുരന്തത്തിന്‍റെ ആഴം വര്‍ദ്ധിച്ചുവെന്നല്ലാതെ മാറ്റങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ല. ഉത്തര്‍ പ്രദേശില്‍ മസ്തിഷ്ക ജ്വരം വ്യാപകമായ സമയത്ത് ആവശ്യത്തിന് ഓക്സിജന്‍ ലഭിക്കാതെ പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ളവരുടെ കൂട്ട മരണവും പ്രസവിച്ച കുട്ടിയെ തെരുവ് നായ്ക്കള്‍ ആശുപത്രിയില്‍ നിന്ന് കൊണ്ട്പോയതുമെല്ലാം അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിന് പകരം പരാതികളെയും എതിര്‍ ശബ്ദങ്ങളെയും അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഗംഗയിലൂടെ ഒഴുകി നടന്ന മൃതദേഹങ്ങള്‍ രാജ്യത്തിന്‍റെ അധപതനത്തെയാണ് വിളിച്ചോതുന്നത്. ആരോഗ്യ രംഗത്തെ നിസംഗത മനോഭാവവും അശാസ്ത്രീയ നടപടിയുമാണ് ഇത്തരം ദുരന്തങ്ങള്‍ക്ക് ഹേതുവെന്ന് വ്യക്തമാണ്. മറ്റു രാജ്യങ്ങള്‍ ജനങ്ങള്‍ക്ക് വാക്സിനേഷന്‍ നല്‍കുകയും ആവശ്യമായ ഓക്സിജന്‍ ശേഖരിക്കുകയും ചെയതപ്പോള്‍ വീരവാദം മുഴക്കുകയായിരുന്നു കേന്ദ്രം ചെയ്തത്. കോവിഡിനെതിരെ ബാബ രാംദേവിന്‍റെ വ്യാജ മരുന്നിന് അനുമതി നല്‍കുന്നതും കേന്ദ്ര മന്ത്രി പപ്പടം ഇറക്കുന്നതുമൊക്കെയാണ് നാം കണ്ടത്. മതിയായ ഓക്സിജന്‍ പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ആവശ്യമായ വാക്സില്‍ പൗരന്മാര്‍ക്ക് നല്‍കാനായിരുന്നില്ല. അമേരിക്ക പോലും സൗജന്യമായി പൗരന്മാര്‍ക്ക് വാകസിന്‍ നല്‍കുമ്പോഴും ഇന്ത്യയില്‍ നല്ല ഒരു തുക അടക്കേണ്ട അവസ്ഥയാണ് ഉണ്ടായത്. അതോടൊപ്പം വാക്സിന്‍ നല്‍കുതിന്‍റെ ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ ചുമലിലിട്ട് അവര്‍ കയ്യൊഴിയുകയും ചെയ്തു. കേന്ദ്രീകൃത നികുതി കൊണ്ട് വന്ന് സംസ്ഥാന സര്‍ക്കാറിന് കിട്ടേണ്ട സാമ്പത്തിക സ്രോതസ്സുകള്‍ കേന്ദ്രം കുറച്ചു. ആരോഗ്യ മേഖലയില്‍ പിന്നില്‍ നില്‍ക്കു സംസ്ഥാനങ്ങളെ ഇതുകൂടുതല്‍ ബാധിക്കുന്നു. ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതില്‍ അവര്‍ പരാജയപ്പെടും. ഇതൊന്നും തങ്ങളുടെ പ്രശ്നമല്ലായെന്ന രീതിയിലാണ് മോദി സര്‍ക്കാറിന്‍റെ പെരുമാറ്റ രീതി. അശാസ്ത്രീയ നടപടികളും അലംഭാവവുമായി ആരോഗ്യ രംഗത്ത് സ്വകാര്യ കമ്പനികള്‍ക്ക് സൗകര്യമൊരുക്കുകയും പൊതു ആരോഗ്യ മേഖലയെ നാശത്തിലേക്ക് തള്ളിയിടുകയുമാണ് സര്‍ക്കാറിന്‍റെ ഈ സമീപനം എന്ന് ചുരുക്കം.

ഹാരിസ് മുഷ്താഖ്

Leave a Reply

Your email address will not be published. Required fields are marked *